വിശാലമായ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂറ്റന്‍ മതില്‍കെട്ടിനുള്ളില്‍നിന്നും ഇങ്ക്വിലാബ് ഉയര്‍ന്നു. സിപിഐ എമ്മിനും റഷ്യന്‍ വിപ്ലവത്തിനും അനുകൂലമായ മുദ്രാവാക്യം. വാര്‍ഡന്മാര്‍ തലങ്ങും വിലങ്ങുമോടി. ജയിലിലെ വോളിബോള്‍ കോര്‍ട്ടിന്റെ പോസ്റ്റില്‍ എ കെ ജി ചെങ്കൊടി ഉയര്‍ത്തുന്നു. എം എം ലോറന്‍സ് ഉച്ചത്തില്‍ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ആവേശത്തില്‍ ഏറ്റുവിളിക്കുകയാണ് നേതാക്കള്‍ ....സിപിഐ എം ജനറല്‍ സെക്രട്ടറി പി സുന്ദരയ്യ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ കെ ജി, ഹര്‍കിഷന്‍സിങ് സുര്‍ജിത്, എം ബാസവ പുന്നയ്യ, പി രാമമൂര്‍ത്തി തുടങ്ങിയവര്‍ .
1965 നവംബര്‍ ഏഴിന് റഷ്യന്‍ വിപ്ലവ വാര്‍ഷികത്തിലായിരുന്നു ചരിത്രംകുറിച്ച ഈ ചെങ്കൊടി ഉയര്‍ത്തല്‍ . ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി നേതാക്കളെ കൂട്ടത്തോടെ ജയിലിലടയ്ക്കുകയായിരുന്നു. സിപിഐ എം രൂപീകൃതമായശേഷം ആദ്യ കേന്ദ്രകമ്മിറ്റിയോഗം 1965 ജനുവരി ആദ്യവാരം തൃശൂരില്‍ നിശ്ചയിച്ചു. ആ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍കൂടി കണക്കിലെടുത്തായിരുന്നു അത്. അതിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതേസമയം ഇന്ത്യയുടെ പല ഭാഗത്തും നേതാക്കളും പ്രധാന പ്രവര്‍ത്തകരും കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലില്‍ . സിപിഐ എമ്മിനെ ഇല്ലാതാക്കുകയെന്ന ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. തൃശൂരിലെ മുതിര്‍ന്ന സിപിഐ എം നേതാവ് കെ കെ മാമക്കുട്ടി ആ നാളുകള്‍ ഓര്‍ക്കുന്നു:
"അന്നത്തെ പാര്‍ടി ജില്ലാ സെക്രട്ടറി എ വി ആര്യന്റെ വീട്ടിലായിരുന്നു കേന്ദ്രകമ്മിറ്റി ചേരാന്‍ നിശ്ചയിച്ചത്. അറസ്റ്റുചെയ്യപ്പെട്ട അഖിലേന്ത്യാ നേതാക്കള്‍ക്കൊപ്പം കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ നേതാക്കളെയും വിയ്യൂര്‍ ജയിലിലാണ് അടച്ചത്. 17 മാസത്തിനുശേഷമാണ് ഇവര്‍ മോചിതരായത്. ഇതിനിടയില്‍ സുര്‍ജിത്തിനെ പഞ്ചാബിലേയും രാമമൂര്‍ത്തിയെ തമിഴ്നാട്ടിലേയും സുന്ദരയ്യയെയും ബാസവ പുന്നയ്യയെയും ആന്ധ്രയിലേയും ജയിലുകളിലേക്കു മാറ്റി".
അന്നത്തെ ജയില്‍ജീവിതം പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം എം ലോറന്‍സിന്റെ മനസ്സില്‍ ഇന്നും തെളിമയാര്‍ന്ന ഓര്‍മകള്‍ .
"കൂട്ട അറസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടിക്ക് എതിരല്ലെന്ന് പ്രചരിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി, ഇന്ത്യയില്‍ ഏറ്റവുമധികം അറിയപ്പെട്ട ഇ എം എസിനെയും ജ്യോതിബസുവിനെയും ഒഴിവാക്കി. മുമ്പ് സ്വാതന്ത്ര്യസമരസേനാനികളെ തടവില്‍ പാര്‍പ്പിച്ച വിയ്യൂര്‍ ജയിലിലെ അസോസിയേഷന്‍ ബ്ലോക്കിലായിരുന്നു സിപിഐ എം നേതാക്കളും. ഒളിവിലായിരുന്ന ടി കെ രാമകൃഷ്ണനെയും എം കെ കൃഷ്ണനെയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി വരണാധികാരിയുടെ മുന്നില്‍ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. അവരടക്കം പലരും ജയിലില്‍ കിടന്നാണ് മത്സരിച്ചത്".
ജയിലില്‍ വായിക്കാന്‍ പുസ്തകങ്ങള്‍ കിട്ടിയിരുന്നു. പാചകത്തിന് ഒരു തടവുകാരനെയും വിട്ടുനല്‍കി. പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ പാര്‍ടി ക്ലാസുകളെടുത്തു. എ കെ ജിയും താനും ദിവസവും ബാഡ്മിന്റണ്‍ കളിച്ചിരുന്നു. ജയിലില്‍ ചെങ്കൊടി ഉയര്‍ത്തുന്ന ദിവസം അഴീക്കോടന്‍ രാഘവനാണ് മുദ്രാവാക്യം എഴുതിത്തന്നത്. എഴുതിത്തന്നതു കൂടാതെ തന്റെ വകയായി "സോവിയറ്റ് യൂണിയന്‍ സിന്ദാബാദ്" എന്നു വിളിച്ചതിന് പാര്‍ടി കമ്മിറ്റി കൂടി തന്നെ താക്കീതുചെയ്തു. സോവിയറ്റ്് യൂണിയന്‍ അന്ന് ഇന്ത്യാ ഗവണ്‍മെന്റിനെ പിന്താങ്ങുന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്-ലോറന്‍സ് അനുസ്മരിച്ചു.
*
വി എം രാധാകൃഷ്ണന്‍ ദേശാഭിമാനി 17 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment