ഈ മാസം ഏഴിന് തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത ആയിരം സ്ത്രീകള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത സംഭവം അനുചിതവും സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് വിരുദ്ധവുമാണ്. പൊതുനിരത്തില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉറപ്പുനല്‍കിയതാണ്. എന്നിട്ടും വിധി ലംഘിച്ചു എന്ന് കാണിച്ച് ഫോര്‍ട്ട് പൊലീസ് സ്ത്രീകള്‍ക്കെതിരെ സ്വമേധയാ കേസ്സെടുക്കുകയും മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു.
ആരാധനാസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഒരുപോലെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം നടപ്പിലാക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നത് ലോകത്തെവിടെയും നടക്കുന്ന സംഭവമാണ്. പ്രതേ്യകിച്ചും നാനാജാതിമതസ്ഥര്‍ തിങ്ങിവാഴുന്ന, വിഭിന്നങ്ങളായ ആരാധനാരീതികള്‍ സ്വീകരിക്കുന്ന കോടിക്കണക്കിന് ജനങ്ങളുളള ഇന്ത്യയില്‍ ഇതൊരൊറ്റപ്പെട്ട സംഭവമല്ല. നഗരങ്ങളില്‍ ഇത്തരം മഹോത്സവങ്ങളും ആരാധനാഘോഷയാത്രകളും നടക്കുമ്പോള്‍ സ്വാഭാവികമായും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നേരിടും. അതൊഴിവാക്കാന്‍ ഉത്തരവാദിത്വമുളള ഭരണകൂടം ഇത്തരം ആഘോഷങ്ങള്‍ക്ക് ഒത്തുകൂടാന്‍ പാകത്തിന് ബദല്‍ സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കുകയാണ് വേണ്ടത്. അല്ലാതെ അതിനവസരം ലഭിക്കാത്തതുകൊണ്ട് മാത്രം ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ നിഷ്‌കളങ്കരായ സ്ത്രീകള്‍ക്കെതിരെ കേസ്സെടുക്കുകയല്ല ചെയ്യേണ്ടത്. കംബോഡിയയുടെ തലസ്ഥാനനഗരിയായ നോംപെങ്ങില്‍ സ്വതന്ത്രമായ സഞ്ചാരത്തിന് തടസ്സം നേരിടുന്നത് പതിവായപ്പോള്‍ നഗരത്തിന് മാത്രമായൊരു ബദല്‍ സംവിധാനം ഒരുക്കാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചു. അവിടെ പതിവായി നടക്കാറുള്ള 3 ദിവസം നീണ്ടുനില്‍ക്കുന്ന ജലോത്സവത്തില്‍ പങ്കെടുക്കാന്‍ 5 ലക്ഷം പേരാണ് നഗരത്തില്‍ ഒത്തുകൂടുക. ഈ സമയത്തെ തിരക്ക് നേരിടാന്‍ പാകത്തില്‍ ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അവിടെ പൊതുയാത്രാ സംവിധാനം ഒരുക്കി ജനങ്ങള്‍ക്ക് ഉത്സവാഘോഷങ്ങള്‍ തടസ്സം കൂടാതെ നടത്താനുളള ക്രമീകരണങ്ങള്‍ നടത്തുകയാണ്. ലോകത്ത് പലയിടത്തും ഇത്തരത്തില്‍ ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാരിന്റെ മുന്‍കയ്യില്‍ നടക്കുന്നുണ്ട്.
എല്ലാ പ്രശ്‌നത്തിനും കോടതി ഉത്തരവ് പരിഹാരമാണെന്ന നിലപാട് ജനാധിപത്യരാഷ്ട്രങ്ങള്‍ക്ക് ഭൂഷണമല്ല. കോടതിവിധിയെ മാനിച്ചു എന്ന് വരുത്തിതീര്‍ക്കാനുളള രണ്ടാമത്തെ നാടകമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത്. വിളപ്പില്‍ശാല മാലിന്യപ്രശ്‌നത്തില്‍ സ്വീകരിച്ച അതേ നാടകമാണ് ആറ്റുകാല്‍ പൊങ്കാലയുടെ പ്രശ്‌നത്തിലും ഉണ്ടായിരിക്കുന്നത്. കേസെടുത്ത് 24 മണിക്കൂര്‍ തികയും മുന്‍പ് അത് പിന്‍വലിക്കുന്നത് നല്‍കുന്ന സൂചനയും ഇതാണ്.
സഞ്ചാരസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും പ്രതിഷേധപ്രക്ഷോഭസ്വാതന്ത്ര്യവും എല്ലാം കൈകാര്യം ചെയ്യുന്നതില്‍ ജനകീയതയും വൈഭവവും ദീര്‍ഘവീക്ഷണ പിടിപ്പുമൊക്കെ ജനാധിപത്യ സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു നയചാതുര്യം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം അനൗചിത്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
പൊങ്കാലയിടാന്‍ വന്ന സ്ത്രീകള്‍ നിയമനിഷേധികളോ അക്രമണകാരികളോ അല്ലല്ലോ-സംഘം ചേരാനും വിശ്വാസം പ്രകടിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംരക്ഷണം മറ്റൊരാളിന്റെ സ്വാതന്ത്ര്യ നിഷേധമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചുമതല ഭരണനേതൃത്വത്തിനാണ്.അത് അതിന്റെ വഴിപോലെ പ്രകടിപ്പിച്ചാല്‍ പ്രശ്‌നമവിടെ തീരും.
നമ്മുടെ നഗരങ്ങളെ ശാസ്ത്രീയമായും സാങ്കേതികമായും സൃഷ്ടിച്ചെടുക്കേണ്ട ഭരണപരമായ ഇച്ഛാശക്തിയില്ലായ്മ പരാജയപ്പെടുത്തുന്നത് നിഷ്‌കളങ്കരായ സ്ത്രീകളെയാണെന്ന് ആറ്റുകാല്‍ പൊങ്കാല വിഷയം തെളിയിച്ചിരിക്കുന്നു.
അതേസമയം പ്രതിഷേധിക്കാനും സംഘം ചേരാനും സംഘടിക്കാനുമൊക്കെയുള്ള ജനങ്ങളുടെസ്വാതന്ത്യത്തേയും ഇതേരീതിയില്‍ കൈകാര്യം ചെയ്യുന്നതിലും ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ആരാധനാ സ്വാതന്ത്ര്യം പോലെ തന്നെ പ്രാധാന്യമുളളതാണ് ജനകീയ പ്രതിഷേധങ്ങള്‍ നടത്താനുളള സ്വാത്രന്ത്യവും. അതിനെതിരെയാണ് ആദ്യം ഫാസിസ്റ്റ് ഖഡ്ഗം ഉയര്‍ന്നത്. അന്ന് അതിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യദാഹികളും ശബ്ദമുയര്‍ത്തി. ഇന്ന് അതേ വാള്‍കൊണ്ട് നിഷ്‌കളങ്കരായ സ്ത്രീകളെ നിശബ്ദരാക്കാന്‍ നടത്തിയ നീക്കം അപലപനീയമാണ്.
ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഇത്തരം ഫാസിസ്റ്റ് പ്രവണതകള്‍ ആറ്റുകാല്‍ പൊങ്കാല വിഷയത്തോടെ അവസാനിപ്പിക്കേണ്ടതുണ്ട്। ഇതിനായി ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തുകതന്നെ ചെയ്യും.
*
ജനയുഗം മുഖപ്രസംഗം १३ മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
ആരാധനാസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഒരുപോലെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം നടപ്പിലാക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നത് ലോകത്തെവിടെയും നടക്കുന്ന സംഭവമാണ്. പ്രതേ്യകിച്ചും നാനാജാതിമതസ്ഥര്‍ തിങ്ങിവാഴുന്ന, വിഭിന്നങ്ങളായ ആരാധനാരീതികള്‍ സ്വീകരിക്കുന്ന കോടിക്കണക്കിന് ജനങ്ങളുളള ഇന്ത്യയില്‍ ഇതൊരൊറ്റപ്പെട്ട സംഭവമല്ല. നഗരങ്ങളില്‍ ഇത്തരം മഹോത്സവങ്ങളും ആരാധനാഘോഷയാത്രകളും നടക്കുമ്പോള്‍ സ്വാഭാവികമായും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സം നേരിടും. അതൊഴിവാക്കാന്‍ ഉത്തരവാദിത്വമുളള ഭരണകൂടം ഇത്തരം ആഘോഷങ്ങള്‍ക്ക് ഒത്തുകൂടാന്‍ പാകത്തിന് ബദല്‍ സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കുകയാണ് വേണ്ടത്. അല്ലാതെ അതിനവസരം ലഭിക്കാത്തതുകൊണ്ട് മാത്രം ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ നിഷ്‌കളങ്കരായ സ്ത്രീകള്‍ക്കെതിരെ കേസ്സെടുക്കുകയല്ല ചെയ്യേണ്ടത്.
Post a Comment