Wednesday, March 21, 2012

പ്ലാനിംഗ് കമ്മിഷന്‍ റിപ്പോര്‍ട്ട് പട്ടിണിപാവങ്ങളോടുള്ള വഞ്ചന

പ്ലാനിംഗ് കമ്മിഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദാരിദ്ര്യം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഭരണാധികാരി വര്‍ഗവും ഭരണസംവിധാനവും ജനങ്ങള്‍ക്കെതിരെ നടത്തിയ എക്കാലത്തെയും ഏറ്റവും വലിയ തട്ടിപ്പും രാജ്യത്തെ പട്ടിണിപാവങ്ങളോടുള്ള കടുത്ത വഞ്ചനയുമാണ്. കഴിഞ്ഞ അഞ്ച്‌വര്‍ഷങ്ങള്‍ക്കുള്ളില്‍ ദരിദ്രരുടെ എണ്ണം 7.3 ശതമാനം കുറഞ്ഞുവെന്നും ഇന്ത്യ ലോക സമ്പദ്ഘടനയെക്കാള്‍ വേഗത്തില്‍ വളരുകയാണെന്നുമാണ് പ്ലാനിംഗ് കമ്മിഷന്റെ അവകാശവാദം. 2004-05 ല്‍ ദരിദ്രര്‍ ജനസംഖ്യയുടെ 37.2 ശതമാനമായിരുന്നത് 2009-10 ല്‍ 29.8 ആയി കുറഞ്ഞുവെന്നാണ് കമ്മിഷന്റെ കണക്കുകള്‍. ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരു നിഷ്പക്ഷമതിയും ഈ കണക്കുകള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാരിനെയും നവ ഉദാര സാമ്പത്തിക നയങ്ങളെയും വെള്ളപൂശാനുള്ള അധികാരിവര്‍ഗത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും തിരിച്ചറിയും. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കടുത്തതൊഴില്‍ രാഹിത്യത്തിന്റെയും വികൃതമുഖം ലോകത്തിന്റെ മുന്നില്‍ മറച്ചുപിടിക്കാന്‍ ഭരണകൂടം നടത്തിവരുന്ന നിരന്തര ശ്രമങ്ങളില്‍ അവസാനത്തേതാണ് പ്ലാനിംഗ് കമ്മിഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പ്ലാനിംഗ് കമ്മിഷന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ ബി പി എല്‍ സംബന്ധിച്ച് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രതിദിനം 32-26 രൂപയില്‍ താഴെ ഉപഭോഗ ചിലവിനു ശേഷിയില്ലാത്തവരെയാണ് ദാരിദ്ര്യരേഖയ്ക്കു താഴെയായി കണക്കാക്കുന്നതെന്നു പറഞ്ഞിരുന്നു. രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കമ്മിഷനും കേന്ദ്രസര്‍ക്കാരും ആ വാദഗതികളില്‍ നിന്നു പിന്മാറുകയായിരുന്നു. അന്നത്തെ ദാരിദ്ര്യരേഖ മാനദണ്ഡം ഒന്നുകൂടി താഴ്ത്തിക്കൊണ്ടാണ് പ്ലാനിംഗ് കമ്മിഷന്റെ പുതിയ റിപ്പോര്‍ട്ട്. അതനുസരിച്ച് നഗരങ്ങളില്‍ 28.35 രൂപയ്ക്കും ഗ്രാമങ്ങളല്‍ 22.42 രൂപയ്ക്കും മുകളില്‍ ഉപഭോഗ ചിലവു ശേഷിയുള്ള എല്ലാവരും ദാരിദ്ര്യരേഖയ്ക്കു മുകളിലാണ്. ഇത് ജനങ്ങളുടെ സാമാന്യബോധത്തിനു നേരെയുള്ള വെല്ലുവിളിയാണ്. പ്ലാനിംഗ് കമ്മിഷന്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഒക്‌ടോബറില്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും കേന്ദ്രസര്‍ക്കാരും കമ്മിഷനും സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വരുകയും ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളിലാണ് ഇന്ത്യന്‍ രൂപ രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച നേരിട്ടത്. ഈ വസ്തുതകള്‍ അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ക്കു മുന്നിലാണ് ഒക്‌ടോബറിലെക്കാള്‍ താഴ്ന്ന മാനദണ്ഡവുമായി രാജ്യത്തിന്റെ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്ലാനിംഗ് കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നത്. അന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷും പ്ലാനിംഗ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയയും ടെണ്ടുല്‍ക്കര്‍ കമ്മറ്റി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ മാറ്റിവച്ച് പുതിയ കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു. പ്ലാനിംഗ് കമ്മിഷനും ഇന്ത്യന്‍ ജീവിത യാഥാര്‍ഥ്യങ്ങളുമായുള്ള വലിയ അന്തരമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് വെളിവാക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള പ്ലാനിംഗ് കമ്മിഷന്‍ പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് അപമാനകരമാണ്. ഇത്തരത്തില്‍ അരുണാഭമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ശ്രമിക്കുമ്പോഴും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളും ആ കണക്കുകള്‍ തന്നെ അനുസരിച്ച് സമ്പൂര്‍ണ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.

പ്ലാനിംഗ് കമ്മിഷന്റെ ഇപ്പോഴത്തെ റിപ്പോര്‍ട്ട്, മുമ്പെന്നത്തേതുമെന്നപോലെ വ്യക്തമായ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തയ്യാറാക്കിയിട്ടുള്ളത്. അനേക കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു ഉയര്‍ത്തിയെടുക്കാനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ഗവണ്‍മെന്റ് വിസമ്മതിക്കുന്നു. അതിനുവേണ്ടി ചിലവഴിക്കേണ്ട തുകകള്‍കൂടി കോര്‍പ്പറേറ്റ് ചൂഷണത്തിനു അനുകൂലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വകമാറ്റി ചിലവഴിക്കണം. അടിസ്ഥാന സൗകര്യ വിസനത്തിന്റെ പേരില്‍ ചിലവഴിക്കുന്ന ഭീമമായ സംഖ്യകളെല്ലാം ആ ലക്ഷ്യപ്രാപ്തിക്കാണ്. ചരക്കുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തിയാലെ കോര്‍പ്പറേറ്റ് നിക്ഷേപത്തിനും വളര്‍ച്ചയുടെ കുതിപ്പിനും വഴിയൊരുക്കാനാവൂ. നിക്ഷേപം, വളര്‍ച്ച, ചരക്കുകളുടെ സുഗമമായ നീക്കം ഇത് അന്തമില്ലാത്ത വളര്‍ച്ചാ ചക്രമാണ്. അതില്‍ പാവപ്പെട്ടവര്‍ ഒരു ഘടകമേയല്ല. അതാണ് പ്ലാനിംഗ് കമ്മിഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് അമ്പതുശതമാനത്തിലേറെ ഭവനങ്ങള്‍ക്ക് സ്വന്തമായി കക്കൂസുകളില്ല. ഏഴുസംസ്ഥാനങ്ങളിലെ ദാരിദ്ര്യം സബ്‌സഹാറന്‍ ആഫ്രിക്കയെപ്പോലും പിന്നിലാക്കിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം കുട്ടികള്‍ വളര്‍ച്ച മുരടിപ്പ് നേരിടുന്നത് ഇന്ത്യയിലാണ്. സ്ത്രീകളില്‍ നാല്‍പതു ശതമാനവും വിളര്‍ച്ച രോഗബാധിതരാണ്. ഈ വസ്തുതകള്‍ നമ്മെ തുറിച്ചു നോക്കുമ്പോഴാണ് മന്‍മോഹന്‍സിംഗും മൊണ്ടേക്‌സിംഗ് അലുവാലിയയും നേതൃത്വം നല്‍കുന്ന രാജ്യത്തിന്റെ പ്ലാനിംഗ് കമ്മിഷന്‍ നമ്മോടു പറയുന്നത് ഇന്ത്യ ലോക്‌സമ്പദ്ഘടനയെക്കാള്‍ വേഗത്തില്‍ വളരുന്നുവെന്ന്. ഇത് ഭരണകൂട കാപട്യത്തിന്റെ പാരമ്യമാണ്.

*
ജനയുഗം മുഖപ്രസംഗം 21 മാര്‍ച്ച് 2012

No comments: