Saturday, March 17, 2012

പൊതുബജറ്റ്: ദുരിതം ദുരിതം

സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ച് ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന പൊതുബജറ്റ് കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതെ വന്‍കിടക്കാരെ സംരക്ഷിക്കുന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന വിധത്തില്‍ പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചു. നികുതിവര്‍ധനയിലൂടെ 45,940 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

സമ്പന്നര്‍ക്ക് നല്‍കിയ 5,29,432 കോടിയുടെ നികുതിയിളവ് തുടരും. ആദായനികുതി പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററിസമിതിയുടെ നിര്‍ദേശം അംഗീകരിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 30,000 കോടി രൂപകൂടി സമാഹരിക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ഭൂരിഭാഗം സേവനങ്ങള്‍ക്കും നികുതി പത്ത് ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. അഞ്ചു കാര്യങ്ങള്‍ ലക്ഷ്യമിടുന്നതാണ് ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വളര്‍ച്ച തിരിച്ചുപിടിക്കല്‍ , സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കല്‍ , വിതരണസംവിധാനത്തിലെ തടസ്സം നീക്കല്‍ , പോഷകാഹാരക്കുറവ് പരിഹരിക്കല്‍ , കള്ളപ്പണവും അഴിമതിയും തടയുന്നതടക്കമുള്ള മെച്ചപ്പെട്ട ഭരണം എന്നിവയാണ് ലക്ഷ്യങ്ങള്‍ .

12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 50 ലക്ഷം കോടി രൂപ പശ്ചാത്തലസൗകര്യ വികസനമേഖലയില്‍ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. ഇതില്‍ പകുതി സ്വകാര്യമേഖലയുടെ പങ്കായിരിക്കുമെന്നും വ്യക്തമാക്കുന്നു. ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം വേണമെന്നും ബജറ്റ് അഭിപ്രായപ്പെടുന്നു. സബ്സിഡികള്‍ വളരെ കുറച്ച് പേര്‍ക്കുമാത്രം ലഭ്യമാക്കുകയും അവ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. ഉപയോക്താക്കള്‍ സബ്സിഡിയില്ലാതെ പൊതുവിപണിയിലെ വിലയ്ക്ക് പാചകവാതകം വാങ്ങണം. സബ്സിഡി തുക പിന്നീട് തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കും. മൈസൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കും. മണ്ണെണ്ണ സബ്സിഡി ഈ മാതൃകയില്‍ നല്‍കുന്ന പദ്ധതി രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പരീക്ഷിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നു പറയുന്ന ബജറ്റില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് സഹായകമായ പദ്ധതികളൊന്നുമില്ല. കാര്‍ഷികവായ്പ 5.75 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിക്കുന്നു. ഓഹരിവിപണിയിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പ്രോത്സാഹനം നല്‍കുകയാണ്. ചെറുകിടനിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന 50,000 രൂപയുടെ നിക്ഷേപത്തിന് ആദായനികുതിയിളവ് നല്‍കും. ബജറ്റ് എസ്റ്റിമേറ്റ് 14,90,925 കോടി രൂപയുടേതാണ്. 5,21,025 കോടി രൂപയാണ് പദ്ധതിച്ചെലവ്. 9,69,900 കോടി രൂപ പദ്ധതിയിതരചെലവാണ്. ആകെ 10,77,612 കോടി നികുതിവരുമാനവും 1,64,614 കോടി നികുതിയിതര വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി 5,13,590 കോടിയാകുമെന്നാണ് കണക്ക്.
(വി ജയിന്‍)

വെട്ടിക്കുറച്ചത് 31126 കോടി

ധനകമ്മിയും ചെലവുകളും കുറയ്ക്കാനെന്ന പേരില്‍ പെട്രോളിയം-രാസവളം സബ്സിഡിയില്‍ വെട്ടിക്കുറച്ചത് 31126 കോടി രൂപ. സബ്സിഡികള്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ(ജിഡിപി) രണ്ടു ശതമാനമായി പരിമിതപ്പെടുത്താനും മൂന്നു വര്‍ഷത്തിനുള്ളില്‍ 1.75 ശതമാനമാക്കി കുറയ്ക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡിയില്‍ 24,901 കോടി രൂപ വെട്ടിക്കുറച്ചു. കഴിഞ്ഞ ബജറ്റില്‍ 68,481 കോടി രൂപയായിരുന്നെങ്കില്‍ ഇക്കൊല്ലം വെറും 43,580 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാസവളം സബ്സിഡിയില്‍ 6225 കോടി രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 67,199 കോടി രൂപ നീക്കിവച്ചെങ്കില്‍ ഇക്കുറി 60,974 കോടി രൂപമാത്രം. സബ്സിഡി കുറച്ചത് രാസവളവിലയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തും.

ബജറ്റില്‍ ഭക്ഷ്യസബ്സിഡിയില്‍ നാമമാത്ര വര്‍ധനമാത്രമേ വരുത്തിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം 72,823 കോടി രൂപ നല്‍കിയപ്പോള്‍ ഇക്കുറി 75,000 കോടി രൂപ അനുവദിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ യാഥാര്‍ഥ്യമായാല്‍ ഈ സബ്സിഡികൊണ്ട് പദ്ധതി നടപ്പാക്കാനാകില്ല. റവന്യൂ ചെലവ് കുത്തനെ കൂടാനും അതിലൂടെ ധനകമ്മി വര്‍ധിക്കാനും കാരണം സബ്സിഡിയാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഭാവിയില്‍ വളരെക്കുറച്ച് ജനങ്ങള്‍ക്കുമാത്രം സബ്സിഡി നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ധന സെക്രട്ടറി ആര്‍ എസ് ഗുജ്റാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൃഷിക്ക് പേരിനുമാത്രം

രാജ്യത്ത് പകുതിയിലധികം പേരുടെ ജീവിതമാര്‍ഗമായ കാര്‍ഷികമേഖലയ്ക്ക് ഇത്തവണയും ബജറ്റില്‍ വകയിരുത്തിയത് നാമമാത്ര തുക. കൃഷി-സഹകരണ മന്ത്രാലയത്തിനായി അനുവദിച്ചത് 20,208 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷവും കുറഞ്ഞ തുക മാത്രമായിരുന്നു-17123 കോടി. അതില്‍നിന്ന് 18 ശതമാനം വര്‍ധിച്ചുവെന്നാണ് അവകാശവാദം. കാര്‍ഷികമേഖലയിലെ മൊത്തം പശ്ചാത്തലസൗകര്യ വികസനം, കുറഞ്ഞ വിലയ്ക്ക് രാസവളവും വിത്തും, കാര്‍ഷികോല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് സംഭരിക്കുന്നതിന് സാമ്പത്തികസഹായം, നാല് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാലാണ് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുക. ഇതൊന്നും ബജറ്റില്‍ പരാമര്‍ശിക്കുന്നേയില്ല.

കാര്‍ഷികമേഖലയിലെ പൊതുനിക്ഷേപം കുറവാണെന്ന് സാമ്പത്തിക സര്‍വേയില്‍ത്തന്നെ പറയുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ല. കൃഷിച്ചെലവ് കുറയ്ക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന പദ്ധതികളൊന്നുമില്ല. ഒറ്റപ്പെട്ട ചില മേഖലകള്‍ക്കായി പദ്ധതികള്‍ പ്രഖ്യാപിച്ച് കൈയടി നേടാനാണ് ശ്രമിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍ , പയറുവര്‍ഗങ്ങളുടെ വികസനത്തിനായുള്ള ഗ്രാമങ്ങള്‍ , കാലിത്തീറ്റ വികസന പദ്ധതി തുടങ്ങിയവക്കൊന്നും ആവശ്യത്തിന് ഫണ്ടില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയാത്തത് വലിയ കുറവാണെന്ന് സാമ്പത്തിക സര്‍വേയില്‍ പറയുന്നു. എന്നാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് നല്‍കേണ്ട സഹായങ്ങളെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.

കാര്‍ഷികാവശ്യത്തിന് പുതിയ സാമ്പത്തികവര്‍ഷം 5.75 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ലക്ഷം കോടി കൂടുതലാണിത്. എന്നാല്‍ , ഈ സംവിധാനത്തിലൂടെ വായ്പ ലഭിക്കുന്നത് വന്‍കിട കര്‍ഷകര്‍ക്കാണ്. ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് കാര്‍ഷികവായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കാനുള്ള വകയിരുത്തലില്ല. ഗ്രാമീണ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകുന്ന സഹകരണ ബാങ്ക് വായ്പകള്‍ക്കായി നബാര്‍ഡ് വഴി അനുവദിക്കുന്നത് 10,000 കോടി രൂപ മാത്രം.

കാര്‍ഷികമേഖലയെ സ്വകാര്യമേഖലയുടെ ചൂഷണത്തിന് വിട്ടുകൊടുക്കാനുള്ള പദ്ധതികളാണ് ബജറ്റിലുള്ളത്. കാര്‍ഷിക ഗവേഷണ മേഖലയ്ക്കുള്ള അവഗണന തുടരുകയാണ്. 200 കോടി മാത്രമാണ് വകയിരുത്തല്‍ . ജലസേചനസൗകര്യം മെച്ചപ്പെടുത്താന്‍ 14,242 കോടി രൂപ. ജലസേചനസൗകര്യം മെച്ചപ്പെടുത്താനുള്ള ഡാമുകള്‍ നിര്‍മിക്കാന്‍ ഫണ്ട് ലഭ്യമാക്കാനായി ജലസേചന-ജലവിഭവ ധനകാര്യ കമ്പനി രൂപീകരിക്കും. സര്‍ക്കാര്‍ ഈ മേഖലയില്‍നിന്ന് പിന്‍മാറുന്നുവെന്നാണ് ഇതിനര്‍ഥം. കാര്‍ഷികോല്‍പ്പന്ന സംഭരണശാലകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യമേഖലയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജനയ്ക്ക് 9217 കോടി വകയിരുത്തി. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഹരിതവിപ്ലവ പദ്ധതിക്ക് 1000 കോടി രൂപയും നീക്കിവച്ചു.

കോര്‍പറേറ്റുകളെയും ധനികരെയും തൊട്ടില്ല

കോര്‍പറേറ്റ് മേഖലയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കിയ കേന്ദ്രബജറ്റ്, യുപിഎ സര്‍ക്കാരിന്റെ സമ്പന്നാനുകൂലനയം തുറന്നുകാട്ടി. കോര്‍പറേറ്റ് നികുതി വര്‍ധിപ്പിച്ചാല്‍ ധനകമ്മി കുറയ്ക്കാനും സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കാനും കഴിയുമായിരുന്നു. എന്നാല്‍ , ഭാരമെല്ലാം സാധാരണജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് കോര്‍പറേറ്റ് മേഖലയെയും ധനികരെയും രക്ഷിക്കുകയാണ് ചെയ്തത്. നിരവധി മേഖലകളില്‍ സ്വകാര്യനിക്ഷേപം പരിപോഷിപ്പിക്കുന്നതിന് കുറഞ്ഞ ചെലവുള്ള ഫണ്ട് കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാക്കാനുള്ള സഹായവും നല്‍കുന്നു. തെരഞ്ഞെടുത്ത മേഖലകളില്‍ നിക്ഷേപം നടത്താനായി വിദേശത്തുനിന്ന് സ്വീകരിക്കുന്ന വായ്പകള്‍ക്ക് നല്‍കേണ്ട പലിശ 20 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചുകൊടുത്തു. ഊര്‍ജം, വ്യോമയാനം, റോഡും പാലവും, തുറമുഖവും കപ്പല്‍ശാലയും, കുറഞ്ഞ നിരക്കിലുള്ള ഭവനനിര്‍മാണം, രാസവളം, അണക്കെട്ടുകള്‍ എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപത്തിനാണ് കോര്‍പറേറ്റുകള്‍ക്ക് സൗജന്യം. നടപ്പ് സാമ്പത്തികവര്‍ഷം കോര്‍പറേറ്റ് മേഖലയ്ക്ക് ലഭിച്ച നികുതിയിളവ് അഞ്ചുലക്ഷം കോടിയിലധികമാണ്. ആകെയുള്ള 5,29,432 കോടി നികുതിയിളവില്‍ കോര്‍പറേറ്റ് നികുതിമാത്രമായി 51,292 കോടി. മറ്റു നികുതിയിളവുകളില്‍ നാലരലക്ഷം കോടിയുടെ പ്രയോജനം ലഭിച്ചതും കോര്‍പറേറ്റുകള്‍ക്കാണ്. സിനിമയ്ക്ക് സേവനനികുതി ഒഴിവാക്കിയത് കോടികള്‍ മുടക്കി സിനിമ നിര്‍മിക്കുന്ന വന്‍കിടക്കാരെ സഹായിക്കാനാണ്. സേവനനികുതി ഒഴിവാക്കിയ മേഖലകളില്‍ പലതും വന്‍കിടക്കാര്‍ വിഹരിക്കുന്നവയാണ്.

2 ലക്ഷം വരെ വരുമാനമുള്ളവര്‍ ആദായനികുതി നല്‍കേണ്ട

ഇടത്തരക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ആദായനികുതി പരിധി ഉയര്‍ത്താന്‍ ധനമന്ത്രി തയ്യാറായില്ല. സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ രണ്ടുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശം. പുരുഷന്മാര്‍ക്ക് 1.80 ലക്ഷവും സ്ത്രീകള്‍ക്ക് 1.90 ലക്ഷവുമാണ് നിലവിലുള്ള പരിധി. 60 വയസ്സിനു മുകളിലുള്ളവരുടെ നികുതിരഹിത വരുമാനപരിധി രണ്ടര ലക്ഷം രൂപയെന്നതില്‍ മാറ്റം വരുത്തിയിട്ടില്ല. 80 വയസ്സ് പിന്നിട്ടവര്‍ അഞ്ചുലക്ഷത്തിനുവരെ നികുതി നല്‍കേണ്ടതില്ലെന്ന വ്യവസ്ഥയിലും മാറ്റമില്ല. മൂന്നുലക്ഷംവരെ വാര്‍ഷികവരുമാനമുള്ളവരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ധനമന്ത്രി പരിഗണിച്ചില്ല.

നികുതിരഹിത വരുമാനപരിധി രണ്ടുലക്ഷമാക്കിയതിനു പുറമെ നികുതി സ്ലാബില്‍ സമ്പന്നര്‍ക്ക് അനുകൂലമായ മാറ്റവും പ്രണബ് മുഖര്‍ജി കൊണ്ടുവന്നു. എട്ടു ലക്ഷത്തിനു മുകളില്‍ വരുമാനക്കാര്‍ക്ക് നേരത്തെ 30 ശതമാനമായിരുന്നു ആദായനികുതി. എന്നാല്‍ ,എട്ടുമുതല്‍ പത്തുലക്ഷംവരെ വരുമാനക്കാര്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.10 ലക്ഷത്തിനു മുകളില്‍ വരുമാനക്കാര്‍ 30 ശതമാനം നല്‍കിയാല്‍ മതിയാകും. സമ്പാദ്യനിക്ഷേപത്തില്‍നിന്നുള്ള പലിശവരുമാനത്തില്‍ 10,000 രൂപയുടെ ഇളവ് വ്യക്തിഗത നികുതിദായകര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ലാത്തതിനാല്‍ അഞ്ചുലക്ഷംവരെ ശമ്പളവരുമാനക്കാര്‍ക്കും 10,000 രൂപവരെ സമ്പാദ്യനിക്ഷേപ പലിശ ലഭിക്കുന്നവര്‍ക്കും ഇത് സഹായകമാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിന് നിലവിലുള്ള ഇളവിനു പുറമെ രോഗപ്രതിരോധ പരിശോധനകള്‍ക്ക് 5000 രൂപവരെ ഇളവ് അനുവദിക്കും. കച്ചവടങ്ങളില്‍നിന്ന് വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാരെ മുന്‍കൂര്‍ നികുതിയില്‍നിന്ന് ഒഴിവാക്കി.

വിലക്കയറ്റം രൂക്ഷമാകും

സേവന-എക്സൈസ് തീരുവകളടക്കം പരോക്ഷ നികുതി വര്‍ധിപ്പിച്ച് സര്‍വ മേഖലയിലും കുത്തനെയുള്ള വിലവര്‍ധനയ്ക്ക് സര്‍ക്കാര്‍ വഴിയൊരുക്കി. നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാ സേവനങ്ങളുടെയും നികുതി 10 ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ ചരക്കുകളുടെയും എക്സൈസ് തീരുവയും 10 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ചരക്കുകളുടെ എക്സൈസ് തീരുവയും വര്‍ധിപ്പിച്ചു. നേരത്തെ അഞ്ച് ശതമാനം എക്സൈസ് തീരുവ ചുമത്തിയിരുന്ന ഉല്‍പ്പന്നങ്ങളുടേത് ആറുശതമാനമായും ഒരു ശതമാനം ചുമത്തിയിരുന്ന ഉല്‍പ്പന്നങ്ങളുടേത് രണ്ടുശതമാനമായും കൂട്ടി. കല്‍ക്കരി, വളം എന്നിവയുടെ എക്സൈസ് തീരുവ ഒരു ശതമാനമായി തുടരാന്‍ തീരുമാനിച്ചതിനൊപ്പം മൊബൈല്‍ ഫോണുകള്‍ , വിലകൂടിയ ലോഹാഭരണങ്ങള്‍ എന്നിവയുടെ തീരുവയും ഒരു ശതമാനമായി നിലനിര്‍ത്തും.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയ്ക്കുമേല്‍ ചുമത്തുന്ന പ്രത്യേക സെസ് ടണ്ണിന് 2500 രൂപയെന്നത് 4500 രൂപയാക്കി. പാചകവാതകവും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയ്ക്ക് ഇത് വഴിയൊരുക്കും. സിമന്റിന്റെയും സൈക്കിളിന്റെയും വിലകൂട്ടുന്ന നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. ചെറുകിട സിമന്റ് പ്ലാന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സിമന്റിന് ആറ് ശതമാനവും വലിയ സിമന്റ്പ്ലാന്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സിമന്റിന് 12 ശതമാനവുമാണ് എക്സൈസ് തീരുവ. ഇതൊടൊപ്പം ടണ്ണിന് 120 രൂപയും നല്‍കണം. നേരത്തെ റെയില്‍വേ ചരക്കുകൂലി കൂട്ടിയതും സിമന്റ് വില വര്‍ധിപ്പിക്കുന്നതാണ്. സൈക്കിളുകളുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി. സൈക്കിള്‍ പാര്‍ട്ടുകളുടെ തീരുവ പത്തില്‍നിന്ന് 20 ശതമാനമായും ഉയര്‍ത്തി. സേവനനികുതിയിലെ വര്‍ധനയും എക്സൈസ് തീരുവയിലെ വര്‍ധനയുംകൂടി ചേരുമ്പോള്‍ ഇറക്കുമതി ചെയ്യുന്നതും അല്ലാത്തതുമായ എല്ലാ സൈക്കിളുകളുടെയും വില ഗണ്യമായി വര്‍ധിക്കും.

തകര്‍ച്ച നേരിടുന്ന കിങ്ഫിഷര്‍പോലുള്ള സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കുന്നതിന് വിമാനഭാഗങ്ങളെ ഇറക്കുമതി തീരുവയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കി. വിമാന ടയറുകളെ കസ്റ്റംസ് തീരുവയില്‍നിന്നും എക്സൈസ് തീരുവയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കി. സ്പെയര്‍പാര്‍ട്ടുകള്‍ വാങ്ങാന്‍ ശേഷിയില്ലാതെ ഒട്ടേറെ വിമാനങ്ങള്‍ കട്ടപ്പുറത്തായ കിങ്ഫിഷറിനാകും തീരുമാനം ഏറ്റവും സഹായകമാവുക. ആഡംബര കാറുകളുടെ നികുതി 22 ശതമാനത്തില്‍നിന്ന് 24 ശതമാനമാക്കി. പ്രത്യക്ഷനികുതി ഇനത്തില്‍ 4500 കോടി രൂപ കുറച്ച സര്‍ക്കാര്‍ പരോക്ഷനികുതി 45,940 കോടിയുടെ വര്‍ധനയാണ് വരുത്തിയത്.
(എം പ്രശാന്ത്)

സുസ്ഥിര വളര്‍ച്ച നേടുക വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

നാണയപ്പെരുപ്പം കുറയ്ക്കുക, വളര്‍ച്ചാനിരക്ക് വേഗത്തിലാക്കുക എന്നീ ഇരട്ടദൗത്യമാണ് ധനമന്ത്രിയുടേതെന്ന് ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ താഴെയായി സബ്സിഡി പരിമിതപ്പെടുത്താനുള്ള നിര്‍ദേശത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. എട്ടുശതമാനം വളര്‍ച്ച കൈവരിക്കാന്‍ സര്‍ക്കാരിന് ചില കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരും. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്ഥിരമായ വളര്‍ച്ച നിലനിര്‍ത്തുക പ്രധാനവെല്ലുവിളിയാണ്. മൂന്ന് വര്‍ഷം വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനനേട്ടം. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

ജനപ്രിയമല്ലാത്ത നടപടികളും വേണ്ടിവരും: ധനസെക്രട്ടറി

ധനകമ്മി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന കടമയെന്നും അതിനായി ജനപ്രിയമല്ലാത്ത നടപടികളും സ്വീകരിക്കേണ്ടിവരുമെന്നും ധനസെക്രട്ടറി ആര്‍ എസ് ഗുജ്റാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു। കഴിഞ്ഞ സാമ്പത്തികവര്‍ഷം ധനകമ്മി 4.6 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ , അത് 5.9 ശതമാനമായി. രാജ്യത്തിനകത്തും പുറത്തുമുള്ള ഘടകങ്ങള്‍ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. പെട്രോളിയം വില ബാരലിന് 90 ഡോളറില്‍നിന്ന് 125 ഡോളറായി ഉയര്‍ന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം രാജ്യത്തെ ബാധിക്കാതിരിക്കാന്‍ നല്‍കിയ ഉത്തേജക പാക്കേജിന്റെ ഭാഗമായ ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കണം. റവന്യൂ വരുമാനം കൂട്ടുകയും റവന്യൂ ചെലവ് കുറയ്ക്കുകയും വേണം. അതിനായി സ്വീകരിക്കുന്ന നടപടികള്‍ വിഷമം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഗുണകരമാകും. സബ്സിഡികള്‍ അധികവും രാഷ്ട്രീയ കടമകള്‍ തീര്‍ക്കാന്‍വേണ്ടിയുള്ളതാണ്. കേന്ദ്രനികുതിവരുമാനത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ പങ്ക് നല്‍കി. പ്രത്യക്ഷനികുതിയില്‍ വരുത്തിയ വര്‍ധനയും സബ്സിഡി വെട്ടിക്കുറയ്ക്കലുംമൂലം പണപ്പെരുപ്പത്തില്‍ ഒരു ശതമാനത്തോളം വര്‍ധനയേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ഗുജ്റാള്‍ മറുപടി നല്‍കി.

*
ദേശാഭിമാനി १७ മാര്‍ച്ച് २०१२

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ച് ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന പൊതുബജറ്റ് കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതെ വന്‍കിടക്കാരെ സംരക്ഷിക്കുന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന വിധത്തില്‍ പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചു. നികുതിവര്‍ധനയിലൂടെ 45,940 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.