Monday, March 26, 2012

കടലോളം കണ്ണീര്‍

"കടല്‍ എനക്ക് തായ് മാതിരി, ആനാ ഇനി നാന്‍ കടലില്‍ പോകമാട്ടേന്‍ സാര്‍" ശ്രീലങ്കന്‍ പട്ടാളത്തോടെ താക്കുതല്‍ താങ്കമുടിയാത്, അതിനാലെ ഇനി മുത്തുമാല വിത്താവത് നാന്‍ പൊഴച്ചിക്കിറേന്‍"...

രാമേശ്വരം ക്ഷേത്രത്തിന് സമീപം മുത്തുമാലയും ചിപ്പിയും വില്‍ക്കുന്ന കാളിദാസന് കടല്‍ പോറ്റമ്മയാണ്. എന്നാല്‍ , ഇനി മത്സ്യബന്ധനത്തിന് കടലില്‍ പോകില്ലെന്ന് അയാള്‍ ഉറപ്പിച്ചു പറയുന്നു. ഒരിക്കല്‍ ശ്രീലങ്കന്‍ നാവികസേനയുടെ വെടിവയ്പില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കാളിദാസന് ഇപ്പോള്‍ കടല്‍ ഭയപ്പെടുത്തുന്ന ഓര്‍മയാണ്. കിഴക്കന്‍ തമിഴ്നാട്ടിലെ രാമേശ്വരം കടലില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്നൊരു സംഭവം. പതിവുപോലെ നൂറിലേറെ ബോട്ടുകളില്‍ തൊഴിലാളികള്‍ ഇന്ത്യ-ശ്രീലങ്ക അതിര്‍ത്തിയായ പാക് കടലിടുക്കില്‍ മത്സ്യബന്ധനത്തിനുപോയി. എല്ലാവര്‍ക്കും വലനിറയെ മീന്‍ . കടലോളം വരുന്ന സന്തോഷത്തോടെ കരയടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാറ്റ് ഉഗ്രകോപത്തോടെ വീശിയടിച്ചു. നിയന്ത്രണംവിട്ട ഒരു ബോട്ട് ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി തൊട്ടു. തിരമാലകളേക്കാള്‍ വേഗത്തില്‍ പാഞ്ഞെത്തിയ ശ്രീലങ്കന്‍ നാവികസേന ബോട്ട് പിടിച്ചെടുത്തു. മണിക്കൂറുകളുടെ അധ്വാനത്താല്‍ തൊഴിലാളികള്‍ വാരിയെടുത്ത മത്സ്യസമ്പത്ത് അവര്‍ നിമിഷനേരംകൊണ്ട് കടലിലേക്കെറിഞ്ഞു. പത്തോളം തൊഴിലാളികളെ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞശേഷം ബോട്ട് തകര്‍ത്തു. കലിയടങ്ങാത്ത കാറ്റിനൊപ്പം പകയടങ്ങാത്ത ശ്രീലങ്കന്‍ സൈന്യവും ചക്രവാളത്തില്‍ മറഞ്ഞു. മറ്റ് തൊഴിലാളികളുടെ സഹായത്തോടെയാണ് കടലില്‍ തള്ളപ്പെട്ടവര്‍രക്ഷപ്പെട്ടത്.

മാര്‍ച്ച് 19ന് പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യമലയാളിയായ എസ് പി മുരളീധരന്റെ നേട്ടം ചിത്രീകരിക്കാന്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലെത്തിയ ഇന്ത്യന്‍ മാധ്യമ സംഘത്തിന്റെ അനുഭവം ഇങ്ങനെ. രണ്ട് സര്‍ക്കാരിന്റെയും അനുമതിയോടെ അതിര്‍ത്തി കടന്ന മാധ്യമപ്രവര്‍ത്തകരെ ശ്രീലങ്കന്‍ നാവികസേന വട്ടമിട്ടു. മാധ്യമപ്രവര്‍ത്തകര്‍ സമ്മാനിച്ച സൗഹൃദത്തിന്റെ പുഞ്ചിരിയും സമാധാനത്തിന്റെ കൈവീശലുകളും അവരെ തണുപ്പിച്ചില്ല. തീപാറുന്ന നോട്ടങ്ങള്‍ തിരികെ സമ്മാനിച്ച് അവര്‍ മടങ്ങി. ഇരപിടിക്കാനാകാത്ത ക്രോധത്തില്‍ മടങ്ങുന്ന സിംഹങ്ങളെപ്പോലെ. രാമായണത്തിലെ ലങ്ക, രാക്ഷസ വീര്യത്തിന്റെ പറുദീസയായിരുന്നെങ്കില്‍ 20-ാം നൂറ്റാണ്ടിലെ സിലോണ്‍ ഇന്ത്യക്കാരുടെ സ്വപ്നഭൂമിയായിരുന്നു. 21-ാം നൂറ്റാണ്ടില്‍ ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ളത് സൗഹൃദപരമായ നയതന്ത്രബന്ധം. എന്നാല്‍ , ഈ ബന്ധത്തെ തകര്‍ക്കുന്ന നിലപാടാണ് ശ്രീലങ്കന്‍ നാവികസേനയും തീരദേശസേനയും കൈക്കൊള്ളുന്നത്. ശ്രീരാമന്‍ സീതയെ വീണ്ടെടുക്കാന്‍ "രാമസേതു" നിര്‍മിച്ച് വാനര സൈന്യവുമായി ലങ്കയിലേക്ക് കടന്നു എന്ന് ഐതിഹ്യങ്ങളില്‍ പറയുന്ന സ്ഥലമാണ് രാമേശ്വരം. ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപില്‍നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയാണ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ല. ക്ഷേത്രനഗരമായ രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിലാണ് രാമനാഥപുരം. രാമേശ്വരം ദ്വീപിലുള്ള "ധനുഷ്കോടി" എന്ന മത്സ്യബന്ധന തുറമുഖമാണ് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജന്മദേശം. ഈ പ്രദേശങ്ങളില്‍നിന്നു ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉപജീവനം കണ്ടെത്തുന്നത് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാക് കടലിടുക്കില്‍ നിന്നാണ്.

രാമേശ്വരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ കടന്നാല്‍ ശ്രീലങ്കന്‍ അതിര്‍ത്തിയായ തലൈമന്നാര്‍ ദ്വീപില്‍ എത്തും. കടല്‍ കളിത്തൊട്ടിലാക്കി സന്തോഷം നിറഞ്ഞ ജീവിതം നയിച്ച നാളുകള്‍ ഇപ്പോള്‍ രാമനാഥപുരത്തെയും ധനുഷ്കോടിയിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് ഓര്‍മയില്ല. കുറച്ചുകാലം എല്‍ടിടിഇ പുലികള്‍ക്ക് അഭയം നല്‍കാന്‍ വിധിക്കപ്പെട്ടപ്പോള്‍ ഇവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. അതില്‍നിന്ന് മുക്തിനേടിയിട്ടും മത്സ്യത്തൊഴിലാളികളുടെ സമാധാനം കടല്‍കടന്നെത്തിയില്ല. കുടുംബത്തില്‍ നിന്ന് ആരെങ്കിലും കടലില്‍പോയാല്‍ തിരിച്ചെത്തുന്നതുവരെ ഈ പ്രദേശങ്ങളിലെ സ്ത്രീകളുടെ ഉള്ളില്‍ തീയാണ്. കടലമ്മ ചതിക്കില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. കടലിനുള്ളില്‍ മറഞ്ഞിരിക്കുന്നവരെയാണ് അവര്‍ ഭയക്കുന്നത്. ഒരു രാജ്യത്തെ ഭരണത്തെ അനുസരിക്കുകയും മറുരാജ്യത്തെ ഭരണത്തെ ഭയക്കുകയും ചെയ്യുന്ന രാമേശ്വരം നിവാസികള്‍ അതീജീവനം സ്വപ്നംകണ്ട് കഴിയുകയാണ്. പലപ്പോഴും ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ നമ്മുടെ മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത് ക്ഷോഭിക്കുന്ന കടല്‍മാത്രമല്ല. സിംഹള നാവികരുടെ തീ തുപ്പുന്ന തോക്കുകളെയും അവര്‍ക്ക് അതിജീവിക്കേണ്ടിവരും. അതിര്‍ത്തി ലംഘിച്ചെത്തുന്ന ശ്രീലങ്കന്‍ തീരസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്നത് പതിവാണെന്ന് പരാതിയുണ്ട്. ബോട്ടുകള്‍ പിടിച്ചെടുത്ത് തൊഴിലാളികളുടെ പണം അപഹരിക്കുന്നതും മത്സ്യം പിടിച്ചെടുക്കുന്നതും പതിവായി മാറുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനെതിരെ ഇന്ത്യന്‍ ഭരണാധികാരികള്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിലുള്ള അമര്‍ഷവും തൊഴിലാളികള്‍ മറച്ചുവയ്ക്കുന്നില്ല. ശ്രീലങ്കയില്‍ താമസിക്കാന്‍ ഭയക്കുന്ന തമിഴരെ കടല്‍കടത്തി രാമേശ്വരത്തും ധനുഷ്കോടിയിലും എത്തിക്കാന്‍ വന്‍ സംഘങ്ങള്‍തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചരക്ക് കപ്പലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘങ്ങള്‍ക്ക് ആവശ്യം ഇന്ത്യയിലെ സ്വര്‍ണമാണ്. ഒരു തമിഴനെ ഇന്ത്യയിലെത്തിക്കുന്നതിന് അഞ്ചു പവന്‍ മുതല്‍ മുകളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നല്‍കേണ്ടിവരും. അങ്ങനെ ഇക്കരെ എത്തിയവരില്‍ പലരും നിയമത്തിന്റെ സംരക്ഷണമില്ലാതെ ധനുഷ്കോടിയിലും രാമേശ്വരത്തും തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലുമായി ജീവിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യമായ ശ്രീലങ്കയുടെ ജനസംഖ്യയില്‍ 74 ശതമാനം സിംഹളരാണ്. ഇന്ത്യയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ആര്യന്മാരുടെ പിന്‍ഗാമികളാണ് ഇവരെന്ന് ചരിത്രവ്യാഖ്യാനമുണ്ട്. പില്‍ക്കാലത്ത് പാക് കടലിടുക്ക് കടന്നെത്തിയ തമിഴരുടെ ആക്രമണം സഹിക്കാനാകാതെ തങ്ങള്‍ ദ്വീപിന്റെ മധ്യഭാഗത്തേക്ക് പിന്മാറി താമസമുറപ്പിച്ചുവെന്നും സിംഹളര്‍ വാദിക്കുന്നു. ബിസി രണ്ടാം നൂറ്റാണ്ടുമുതല്‍ ഇവിടെ തമിഴര്‍ വസിക്കുന്നുണ്ട്. തമിഴരുടെ കടന്നുവരവ് തങ്ങളെ പലായനം ചെയ്യിച്ചുവെന്നാണ് സിംഹളര്‍ പറയുന്നത്. തുടര്‍ന്നാണ് തമിഴ്-സിംഹള യുദ്ധങ്ങള്‍ ശക്തമാകുന്നതും എല്‍ടിടിഇപോലുള്ള തമിഴ് ഈഴ വിടുതലൈ പുലികള്‍ പിറക്കുന്നതും. ഇപ്പോഴും തമിഴ്നാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ എല്‍ടിടിഇ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് ശ്രീലങ്കന്‍സേന കരുതുന്നത്. എല്‍ടിടിഇയുടെ പതനത്തിനുശേഷവും തമിഴ്വിരോധം തീരാത്ത സിംഹള സൈന്യം കൈവയ്ക്കുന്നത് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിലാണ്.

*
വി എസ് വിഷ്ണുപ്രസാദ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 25 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"കടല്‍ എനക്ക് തായ് മാതിരി, ആനാ ഇനി നാന്‍ കടലില്‍ പോകമാട്ടേന്‍ സാര്‍" ശ്രീലങ്കന്‍ പട്ടാളത്തോടെ താക്കുതല്‍ താങ്കമുടിയാത്, അതിനാലെ ഇനി മുത്തുമാല വിത്താവത് നാന്‍ പൊഴച്ചിക്കിറേന്‍"...

രാമേശ്വരം ക്ഷേത്രത്തിന് സമീപം മുത്തുമാലയും ചിപ്പിയും വില്‍ക്കുന്ന കാളിദാസന് കടല്‍ പോറ്റമ്മയാണ്. എന്നാല്‍ , ഇനി മത്സ്യബന്ധനത്തിന് കടലില്‍ പോകില്ലെന്ന് അയാള്‍ ഉറപ്പിച്ചു പറയുന്നു.