പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടു വരെയുള്ള മധുരൈയുടെയും തെന്‍തമിഴക(തെക്കേ തമിഴകം)ത്തിന്റെയും ചരിത്രത്തെ ആസ്പദമാക്കി രചിച്ച ബൃഹദ് നോവലായ കാവല്‍കോട്ടത്തിലുള്‍പ്പെടുത്തിയിട്ടുള്ള നിരവധി കഥകളിലൊന്നാണ് വസന്തബാലന്റെ "അറവാന്‍" എന്ന പുതിയ സിനിമയുടെ ഇതിവൃത്തം. ജീവന്‍ ബലിയര്‍പ്പിക്കപ്പെടുന്ന നായകകഥാപാത്രത്തിന്റെ ഓര്‍മ സര്‍പ്പരൂപത്തില്‍ കല്ലില്‍ കൊത്തിവച്ചതിനെ സൂചിപ്പിക്കുന്നതാണ് അറവാന്‍ എന്ന ശീര്‍ഷകം. കുരുക്ഷേത്ര യുദ്ധകാലത്ത്, പാണ്ഡവരെ രക്ഷിക്കാനായി കാളിമാതാവിന്റെ മുമ്പില്‍ സ്വയം ജീവന്‍ ബലിയര്‍പ്പിക്കുന്ന അര്‍ജുനപുത്രനായിരുന്നു മഹാഭാരതത്തിലെ അറവാന്‍ . കാവല്‍കോട്ടം എന്ന തന്റെ ആദ്യ നോവലിന് രചയിതാവായ സു വെങ്കിടേശന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുര്‍പ്പോക്ക് എഴുത്താളര്‍ സംഘ (പുരോഗമന സാഹിത്യ സംഘടന)ത്തിന്റെ ജനറല്‍ സെക്രട്ടറിയും സിപിഐ എം മധുരൈ റൂറല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സു വെങ്കിടേശന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുപ്പുറങ്കുന്റ്രത്തു നിന്ന് മത്സരിച്ചു തോറ്റ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. അദ്ദേഹം തന്നെയാണ് അറവാന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. അധിക കഥയും തിരക്കഥയും തയ്യാറാക്കിയത് വസന്തബാലനും. വെയില്‍ , അങ്ങാടിതെരു എന്നീ ഓഫ്ബീറ്റ് സിനിമകള്‍ക്കു ശേഷം വസന്തബാലന്‍ സംവിധാനം ചെയ്ത അറവാന്‍ പഴയ കാലത്തെ മഹത്വവത്ക്കരിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.
അടുത്ത കാലത്തിറങ്ങിയ ഏഴാം അറിവ് (മുരുഗദാസ്), തമിഴ് പൈതൃകമെന്നും പാരമ്പര്യമെന്നും വിവരിക്കപ്പെടുന്ന ചില കാര്യങ്ങളെ മഹത്വവത്ക്കരിക്കുകയും ചൈനക്കെതിരായി വിദ്വേഷം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്ന സിനിമയായിരുന്നു. തമിഴ് ദേശീയതയും പാരമ്പര്യ പരിശുദ്ധിയും നന്മയുടെ പക്ഷത്തും ചൈനീസ് അധിനിവേശ ത്വരകള്‍ തിന്മയുടെ പക്ഷത്തും നിരത്തി നിര്‍ത്തിക്കൊണ്ട് നേര്‍ക്കുനേര്‍ പോരടിക്കുന്നതായിട്ടായിരുന്നു ഏഴാം അറിവിന്റെ ഇതിവൃത്ത കല്‍പന. മാത്രമല്ല, മത പരിവര്‍ത്തനം നടത്താത്ത തനിത്തമിഴനാണ് രക്ഷകന്‍ എന്ന ധ്വനിയും ഏഴാം അറിവ് മുന്നോട്ടു വച്ചിരുന്നു. സ്വാതന്ത്ര്യ സമരപ്പോരാളി മതപരിവര്‍ത്തനം നടത്തുന്നതു കൂടി കഥയിലുള്‍പ്പെടുത്തപ്പെട്ടതിന്റെ ഭാഗമായി വിഎച്ച്പിയുടെ എതിര്‍പ്പു നേരിടുകയും പിന്നീട് ചിത്രീകരണം അനിശ്ചിതത്വത്തിലാവുകയും ചെയ്ത കമല്‍ഹാസന്റെ മരുതനായകം പോലുള്ള പരാജിത അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഏഴാം അറിവിന്റെ വിജയത്തെ സങ്കീര്‍ണമായ സംഭ്രമത്തോടെ നിരീക്ഷകര്‍ നോക്കിക്കണ്ടത്. അതുകൊണ്ട്, പഴയ തമിഴകത്തെയും രാജാധിപത്യ കാലത്തെയും വിമര്‍ശനപരമായി പരിശോധിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അറവാന്‍ പോലുള്ള സിനിമകളുടെ പ്രസക്തി വര്‍ധിക്കുന്നുണ്ടെന്നും പ്രാഥമികമായി നിരീക്ഷിക്കാം.
പശുപതി അവതരിപ്പിക്കുന്ന കൊമ്പൂതി എന്ന കഥാപാത്രം വേമ്പൂര്‍ എന്ന ഊരിലെ (ഗ്രാമത്തിലെ) അഭ്യാസികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള മോഷണ സംഘത്തെ- കൂത്തുകാര്‍ അഥവാ കളവാണികള്‍ -നയിക്കുന്നു. അവര്‍ കൊണ്ടുവരുന്ന മോഷണമുതലുകള്‍ വിറ്റിട്ടു വേണം ഗ്രാമവാസികളുടെ മുഴുവനും വിശപ്പടക്കാനും വസ്ത്രം ധരിക്കാനും മറ്റാവശ്യങ്ങള്‍ നിറവേറ്റാനും. രാത്രിയുടെ മൂന്നാം യാമത്തില്‍ നക്ഷത്രങ്ങളുടെ ഉദയങ്ങള്‍ക്കും അസ്തമയങ്ങള്‍ക്കുമിടയില്‍ കൃത്യസമയത്ത് അനുഷ്ഠാനപരതയോടെയും ആത്മവിശ്വാസത്തോടെയും കരുത്തോടെയും നടത്തപ്പെടുന്നതാണ് അവരുടെ കളവുകള്‍ . പതിനെട്ടാം നൂറ്റാണ്ടില്‍ , മധുരൈ പ്രദേശങ്ങളില്‍ ഒരേ ഗ്രാമത്തില്‍ തന്നെ കാവലര്‍ , കള്ളര്‍ എന്നീ വിപരീതങ്ങളായി കാവല്‍ക്കാരും കള്ളന്മാരും നിവസിച്ചിരുന്നതായി കാവല്‍കോട്ടം നോവലില്‍ വിശദീകരിക്കുന്നുണ്ട്. തങ്ങളുടെ ഗ്രാമത്തിലെ കാവലര്‍ സംരക്ഷിക്കുന്ന മേഖലകളിലേക്ക് അതേ ഗ്രാമത്തിലെ കള്ളര്‍ പ്രവേശിക്കുകയില്ല എന്നതാണ് ധാരണ. രാജാക്കന്മാരുടെയും നാടുവാഴികളുടെയും കൂറ്റന്‍ കോട്ടകളുടെ മതിലുകളിലെയും ചുമരുകളിലെയും കല്ല് ഇളക്കി മാറ്റി വീടിനുള്ളിലേക്ക് നുഴഞ്ഞും ഇഴഞ്ഞും കയറുക എന്നത് തികഞ്ഞ സൂക്ഷ്മതയോടെ നിര്‍വഹിക്കപ്പെടുന്ന പ്രവൃത്തിയാണ്. അറവാന്‍ സിനിമയുടെ തുടക്കത്തില്‍ ഇപ്രകാരം ഒരു കോട്ടയില്‍ കൊമ്പൂതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം നുഴഞ്ഞു കയറുന്നതിന്റെ വിസ്മയകരമായ ദൃശ്യങ്ങള്‍ കാണാം. കോട്ടക്കകത്തെ ഇടനാഴികളും പിരിവുകളും കോണികളും നടുത്തളങ്ങളും നാടുവാഴിയുടെയോ രാജാവിന്റെയോ കിടപ്പറയുടെ സ്ഥാനവും ഖജാനയുടെ സ്ഥലവും മറ്റു സുപ്രധാന വിവരങ്ങളും കളവ് നടക്കുന്ന രാത്രിക്കു തൊട്ടുമുമ്പുള്ള പകല്‍ , കുറി (ഭാവി) ചൊല്ലാനായി അവിടെ എത്തുന്ന ഗ്രാമത്തിലെ ചിമിട്ടി (അര്‍ച്ചനാ കവി ) നോക്കി മനസ്സിലാക്കി കള്ളന്മാര്‍ക്ക് വിശദീകരിച്ചുകൊടുത്തിട്ടുമുണ്ട്. കൂറ്റന്‍ വാതിലുകളുടെ സാക്ഷകള്‍ ശബ്ദമില്ലാതെ തുറക്കുന്നതിന് എണ്ണ ഇടുന്നതും ഖജാന താക്കോല്‍ ഇട്ട് തുറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അത് സ്ഥാപിച്ചിരുന്നിടത്തു നിന്ന് പിഴുതു മാന്തി എടുക്കുന്നതിന്റെ മികവും മറ്റും കൗതുകകരമാണ്. അവിടെ ഒരു കുരുടിത്തള്ള(അന്ധ) ഉണ്ട്; എപ്പോള്‍ ഉറക്കമുണര്‍ന്നാലും കുഞ്ഞുരലില്‍ പാക്ക് ഇടിക്കുമെന്ന അറിവിനെ ഉപയോഗപ്പെടുത്തി, അവര്‍ പാക്ക് ഇടിക്കുന്ന ശബ്ദത്തിനു സമാന്തരമായി ഖജാനയുടെ അടിഭാഗം കുഴിക്കുകയാണ് കള്ളന്മാര്‍ ചെയ്യുന്നത്. ഖജാനയിലെ സ്വര്‍ണ ഉരുപ്പടികള്‍ , ചെമ്പാണെന്ന് പറഞ്ഞ് വ്യാപാരി അവരെ പറ്റിക്കുകയും ചെയ്യുന്നുണ്ടെന്നത് മറ്റൊരു വൈപരീത്യം.
കൊമ്പൂതി യാദൃഛികമായി പരിചയപ്പെടുന്ന, ഗ്രാമത്തിനു പുറത്തു നിന്നുള്ള വരിപുലി എന്ന യുവപോരാളി (ആദി) യും സംഘത്തില്‍ ചേരുന്നു. സത്യത്തില്‍ , ചിന്നവീരമ്പട്ടിക്കാരനായ അയാള്‍ ചിന്ന എന്നു പേരുള്ള കാവലനാണ്. അയാളുടെ ഗ്രാമമധ്യത്തില്‍ ഒരു രാത്രിയില്‍ പ്രത്യക്ഷപ്പെടുകയും അടുത്ത പുലരിയില്‍ കൊല്ലപ്പെട്ടതായി കാണപ്പെടുകയും ചെയ്ത തൊഗൈമായന്‍ എന്ന ഇതരഗ്രാമവാസിയായ യുവാവിന്റെ (പ്രമുഖ നടന്‍ ഭരതിന്റെ അതിഥി വേഷം) ജീവനു പകരമായി രാജാവ് നിര്‍ദേശിക്കുന്ന ബലിയാളായി നറുക്കില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ചിന്നയാണ്. തന്റെ ജീവന്റെ രക്ഷക്കായി ഈ ദുരൂഹമരണത്തിന്റെ കാരണം തേടിയുള്ള അന്വേഷണത്തിനിടെയാണ് അയാള്‍ തന്റെ ഗ്രാമം വിട്ട് കൊമ്പൂതിയുടെ ഗ്രാമത്തിലെത്തുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ കൊല്ലപ്പെടുന്ന മറ്റൊരാളുടെ ജീവനു പകരമായി തന്റെ ജീവന്‍ ബലി കൊടുക്കണമെന്ന വിചിത്രമായ രാജകല്‍പനയെ മറി കടക്കാനായിട്ടാണ് അയാള്‍ കുറ്റാന്വേഷകനായി മാറുന്നത്.
ആധുനികകാലത്തെ സിബിഐ അന്വേഷണങ്ങളെ പോലും കവച്ചുവയ്ക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലുകളും തെളിവുകളുടെ പുറകിലുള്ള സൂക്ഷ്മാന്വേഷണങ്ങളും സസ്പെന്‍സ് സൃഷ്ടിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുടെ കൈയിലുണ്ടായിരുന്ന വെള്ളിയരഞ്ഞാണം ആരുടേതെന്ന് തിരിച്ചറിയാനായി അയല്‍ഗ്രാമത്തിലെ ഗണികയുടെ (ശ്വേത മേനോന്‍) സഹായം തേടുന്ന ദൃശ്യം നൂതനത്വമുള്ളതാണ്. ചിന്നയുടെ അരയില്‍ ആ അരഞ്ഞാണം കെട്ടി, അതില്‍ തഴുകി അവള്‍ തന്റെ ഓരോ പുരുഷ സംഗമവും ഓര്‍മിച്ചെടുക്കുന്നു. അപ്രകാരം, കൊലയാളി മറ്റാരുമല്ല, ചിന്നയുടെ ബലി വിധിച്ച രാജാവ് തന്നെയാണെന്ന് തെളിയുന്നു. രാജാവിനെ ജീവനോടെ പൊതുജനമധ്യത്തിലെത്തിച്ച് സത്യം പുറത്തു കൊണ്ടുവരാനുള്ള ചിന്നയുടെ ശ്രമങ്ങള്‍ , രാജാവിന്റെ അപകട മരണത്തിലാണ് കലാശിക്കുന്നത്. അതിനെ തുടര്‍ന്ന് ഒളിവില്‍ പോകുന്ന ചിന്ന എന്ന വരിപുലിയാണ്, കൊമ്പൂതിയുടെ സംഘത്തില്‍ ചേരുന്നത്. എന്നാല്‍ , അയാളുടെ ഗ്രാമത്തില്‍ ഇതിനിടെ അയാള്‍ക്കു പകരം മറ്റൊരാളെ ബലി കൊടുത്തിരുന്നു. പത്തു വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നാലേ അയാള്‍ക്ക് ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നതായിരുന്നു അന്നത്തെ നിയമാചാരം. എന്നാല്‍ , ഒരു കൊല്ലം ശേഷിക്കുമ്പോള്‍ അയാള്‍ പിടി കൂടപ്പെടുന്നു. ജനമധ്യത്തില്‍ വച്ച് അയാള്‍ സ്വയം ഹത്യയേറ്റുവാങ്ങുന്ന ദാരുണമായ അന്ത്യമാണ് അറവാന്റേത്. മരണശിക്ഷ എന്ന പ്രാകൃതമായ ആചാരവും ആധുനികകാലത്തെ നിയമവിധിയും നിര്‍ത്തലാക്കാനുള്ള ഗുണപാഠാഹ്വാനത്തോടെയാണ് അറവാന്‍ സമാപിക്കുന്നത്. വധശിക്ഷക്കെതിരായ ഗുണപാഠത്തോടെത്തന്നെയായിരുന്നു കമല്‍ ഹാസന്റെ വിരുമാണ്ടി എന്ന സിനിമയും ഭാവന ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ , അസഹനീയമായ രീതിയിലുള്ളതും ചോരയില്‍ കുളിച്ചതുമായ അക്രമരംഗങ്ങളാണ് സമാധാനാഹ്വാനത്തോടെയുള്ളതെന്നു കരുതപ്പെടുന്ന വിരുമാണ്ടിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. തമിഴില്‍ അടുത്ത വര്‍ഷങ്ങളിലിറങ്ങിയ; നവഭാവുകത്വ സൃഷ്ടികളായി കൊണ്ടാടപ്പെട്ട പരുത്തിവീരന്‍ , സുബ്രഹ്മണ്യപുരം, നാടോടികള്‍ തുടങ്ങി അനവധി സിനിമകളിലും ഇത്തരത്തില്‍ തുറന്ന വയലന്‍സ് ധാരാളമുണ്ടായിരുന്നു. എന്നാല്‍ അതില്‍നിന്നു വ്യത്യസ്തമായി, വയലന്‍സിന് ഏറെ സാധ്യതകളുണ്ടായിട്ടും മിതത്വത്തോടെയും അറപ്പുളവാക്കാത്ത തരത്തിലും അവ ആവിഷ്ക്കരിക്കാനുള്ള വസന്തബാലന്റെ സംവിധാനമികവാണ് അറവാന്റെ പ്രത്യേകത.
ചിന്ന എന്ന വരിപുലിക്കു പകരം ബലി കൊടുക്കപ്പെടുന്ന യുവാവിനെ എതിര്‍ ഗ്രാമക്കാരനായ കാവലന്‍ വാള്‍ കൊണ്ട് വെട്ടി കൊല്ലുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നത്, മരണപ്പെടുന്നയാളെ തന്നെ അപ്രത്യക്ഷമാക്കിക്കൊണ്ടാണ്. അതായത്, കൊല്ലപ്പെടുന്നയാളുടെ ദൃഷ്ടിയില്‍ നിന്നു ചിത്രീകരിക്കുന്നുവെന്ന തരത്തില്‍ . വടിവാള്‍ , പ്രേക്ഷകര്‍ക്കു നേരെ ചീറ്റപ്പെടുന്നു. കൊലയാളിയുടെ മുമ്പില്‍ , തിരശ്ശീലയില്‍ മറ്റൊരു പ്രതലത്തില്‍ ചോര പതഞ്ഞു പടരുന്നു. ത്രീ ഡിയിലായിരുന്നുവെങ്കില്‍ , പ്രേക്ഷകരുടെ കഴുത്താണ് അരിയുന്നതെന്ന തോന്നലുണ്ടായേനെ. കാണികളില്‍ സംഭ്രമമുണ്ടാക്കുന്നുമുണ്ട്; എന്നാലറപ്പുണ്ടാക്കുന്നുമില്ല എന്ന തരത്തില്‍ ചലച്ചിത്രത്തെ ഉപയോഗിക്കാനുള്ള സംവിധായകന്റെ കഴിവ് എടുത്തു പറയേണ്ടതുതന്നെ. അന്ത്യരംഗത്തില്‍ , ചിന്ന എന്ന വരിപുലി ബലി നടപ്പാക്കുന്നതിന്റെ ഭാഗമായി നിവൃത്തിയില്ലാതെ സ്വയം കഴുത്തറുത്ത് കൊല്ലുന്ന രംഗവും മറ്റൊരു തരത്തില്‍ അപ്രത്യക്ഷത്തെ പ്രത്യക്ഷമാക്കിക്കൊണ്ടാണ് ചിത്രീകരിക്കപ്പെടുന്നത്. അയാള്‍ക്കു ചുറ്റും നിന്ന് ചിലര്‍ പകപ്പോടെയും ചിലര്‍ ആനന്ദത്തോടെയും വീക്ഷിക്കുന്ന സ്വയംഹത്യയെ അവരുടെ വികാരപ്രകടനങ്ങളിലൂടെയാണ് പ്രേക്ഷകനിലേക്ക് സംക്രമിക്കപ്പെടുന്നത്. ഇതുപ്രകാരം, രക്തരൂഷിതമായ കൊല എന്ന പ്രക്രിയയുടെ നേരനുഭവം അദൃശ്യമാകുകയും കഥയിലോരോ കഥാപാത്രത്തിനുമുള്ള സ്ഥാനം വീണ്ടും ഒറ്റ നിമിഷത്തിനുള്ളില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതിനു കൂടി ഉതകുന്ന തരത്തില്‍ അവരുടെ വികാരവിക്ഷോഭങ്ങളിലൂടെ കൊലയെ ദൃശ്യവത്ക്കരിക്കുകയും ചെയ്യുകയാണ് ചലച്ചിത്രകാരന്‍ . മോഷണം, പൊലീസിങ്, നീതിന്യായം, നിയമങ്ങള്‍ , ധനം, അധികാരം, രാജാവ് തുടങ്ങി പഴയ കാലത്തെ (പുതിയ കാലത്തെയും) ജീവിതത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള ധാരണകള്‍ തന്നെ ചോദ്യം ചെയ്യുന്നു എന്നതാണ് അറവാന്റെ ഏറ്റവും വലിയ പ്രസക്തി. രാജാവിന്റെയോ ധനവാന്റെയോ ജന്മിയുടെയോ നാടുവാഴിയുടെയോ സ്വത്ത്, താരതമ്യേന ദരിദ്രരായ ജനങ്ങള്‍ കായിക ശേഷിയും ബുദ്ധി കൗശലവും കൊണ്ട് തട്ടിയെടുക്കുന്ന കുലത്തൊഴിലായിരുന്നു മധുരൈ മേഖലയിലെ പല ഗ്രാമങ്ങളിലുമുള്ളവര്‍ക്കുണ്ടായിരുന്നത് എന്ന ചരിത്രയാഥാര്‍ത്ഥ്യത്തെയാണ് ഈ സിനിമ മൂലനോവലിലെന്നതു പോലെ തുറന്നു കാണിക്കുന്നത്.
പില്‍ക്കാലത്ത്, ബ്രിട്ടീഷ് ഭരണത്തിലൂടെ അവര്‍ നടപ്പാക്കിതുടങ്ങിയ നിയമ-നീതിന്യായ-ശിക്ഷാ വിധികളെ ഈ പോരാളികള്‍ക്കു നേരെ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ സാധ്യതയും സാന്ദര്‍ഭികതയുമാണ്, ചരിത്രാന്വേഷണത്തിലൂടെ സു വെങ്കിടേശനും വസന്തബാലനും തെളിയിക്കുന്നത്. മരണം വിധിക്കപ്പെട്ട ഒരാളുടെ ജീവിച്ചിരിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഇതിവൃത്തത്തിന്റെ ആകെത്തുക. സ്നേഹവും ആത്മാര്‍ഥതയും വീറും ധീരതയുമാണയാളുടെ കരുത്ത്. കാവലനായ അയാള്‍ എങ്ങനെ കള്ളനായി എന്നതും ഈ ജീവിതാസക്തിയുടെ മറ്റൊരു പൊരുളാണ്. എല്ലാ കള്ളന്മാര്‍ക്കു പിന്നിലും കള്ളന്മാരുടെ ഗോത്രത്തിനു പിന്നിലും അത്തരമൊരു ജീവിതാസക്തിയുടെ നിയോഗമുണ്ടെന്നതാണ് വാസ്തവം. അതിനെ പുതിയ പ്ലാസ്റ്റിക് നിയമങ്ങള്‍ വച്ച് നാം നേരിടുന്നതുകൊണ്ടെന്തു പ്രയോജനം?
*
ജി പി രാമചന്ദ്രന്‍ ദേശാഭിമാനി വാരിക
അധിക വായനയ്ക്ക്
കാവലാള്‍
Sunday, March 18, 2012
Subscribe to:
Post Comments (Atom)
1 comment:
പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടു വരെയുള്ള മധുരൈയുടെയും തെന്‍തമിഴക(തെക്കേ തമിഴകം)ത്തിന്റെയും ചരിത്രത്തെ ആസ്പദമാക്കി രചിച്ച ബൃഹദ് നോവലായ കാവല്‍കോട്ടത്തിലുള്‍പ്പെടുത്തിയിട്ടുള്ള നിരവധി കഥകളിലൊന്നാണ് വസന്തബാലന്റെ "അറവാന്‍" എന്ന പുതിയ സിനിമയുടെ ഇതിവൃത്തം. ജീവന്‍ ബലിയര്‍പ്പിക്കപ്പെടുന്ന നായകകഥാപാത്രത്തിന്റെ ഓര്‍മ സര്‍പ്പരൂപത്തില്‍ കല്ലില്‍ കൊത്തിവച്ചതിനെ സൂചിപ്പിക്കുന്നതാണ് അറവാന്‍ എന്ന ശീര്‍ഷകം. കുരുക്ഷേത്ര യുദ്ധകാലത്ത്, പാണ്ഡവരെ രക്ഷിക്കാനായി കാളിമാതാവിന്റെ മുമ്പില്‍ സ്വയം ജീവന്‍ ബലിയര്‍പ്പിക്കുന്ന അര്‍ജുനപുത്രനായിരുന്നു മഹാഭാരതത്തിലെ അറവാന്‍ . കാവല്‍കോട്ടം എന്ന തന്റെ ആദ്യ നോവലിന് രചയിതാവായ സു വെങ്കിടേശന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുര്‍പ്പോക്ക് എഴുത്താളര്‍ സംഘ (പുരോഗമന സാഹിത്യ സംഘടന)ത്തിന്റെ ജനറല്‍ സെക്രട്ടറിയും സിപിഐ എം മധുരൈ റൂറല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സു വെങ്കിടേശന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുപ്പുറങ്കുന്റ്രത്തു നിന്ന് മത്സരിച്ചു തോറ്റ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. അദ്ദേഹം തന്നെയാണ് അറവാന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. അധിക കഥയും തിരക്കഥയും തയ്യാറാക്കിയത് വസന്തബാലനും. വെയില്‍ , അങ്ങാടിതെരു എന്നീ ഓഫ്ബീറ്റ് സിനിമകള്‍ക്കു ശേഷം വസന്തബാലന്‍ സംവിധാനം ചെയ്ത അറവാന്‍ പഴയ കാലത്തെ മഹത്വവത്ക്കരിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.
Post a Comment