Saturday, March 24, 2012

വികസനത്തിന്റെ കര്‍മ്മമണ്ഡലത്തിലും തിളങ്ങിയ ജനകീയന്‍

സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശൂരില്‍ നിന്ന് ലോകസഭയിലേക്ക് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചശേഷം ഒരുദിവസം രാത്രി വളരെ വൈകിയാണ് സി കെ ചന്ദ്രപ്പന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്നത്. നേരം വളരെ വൈകിയതിനാല്‍ ആരെയും സഹായത്തിന് വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. കയ്യില്‍ ബാഗും പിടിച്ച് സ്റ്റേഷനു പുറത്തേക്ക് വന്ന സി കെ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു. എവിടെ പോകണമെന്ന ചോദ്യത്തില്‍ രാമനിലയം വരെ എന്നത് കേട്ടതോടെ ഓട്ടോക്കാരന്‍ വണ്ടിയെടുത്ത് പോയി. സി കെ രണ്ട് ഓട്ടോക്കാരെ കൂടി സമീപിച്ചെങ്കിലും അവരുടെയും നിലപാട് അത് തന്നെയായിരുന്നു. സി കെ ചന്ദ്രപ്പനെ തിരിച്ചറഞ്ഞ റെയില്‍വെ പൊലിസുകാരന്‍ സഹായത്തിനെത്തി ഓട്ടോ വിളിച്ചു നല്‍കി. വളരെ സാധാരണക്കാരനായി അര്‍ധരാത്രി ആരുടെയും അകമ്പടിയില്ലാതെ വന്നിറങ്ങി ഓട്ടോയ്ക്ക് കൈകാണിക്കുന്ന എം പി അതുവരെ തൃശൂരിലെ ഓട്ടോക്കാര്‍ക്കും പരിചതമായ ചിത്രമായിരുന്നില്ല. താന്‍ സി കെ ചന്ദ്രപ്പനാണെന്ന് പറയാന്‍ അദ്ദേഹവും തയ്യാറായില്ല. ഓട്ടോക്കാരോട് നീരസം പ്രകടിപ്പിക്കാതെ രാമനിലയത്തിലേക്ക് പോയ സി കെ യുടെ ചിന്ത രാത്രി വന്നിറങ്ങുന്ന യാത്രക്കാരുടെ ക്ലേശമായിരുന്നു. പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്റ് എന്ന ആശയം നടപ്പിലാക്കി കൊണ്ടാണ് സി കെ യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരംകണ്ടത്.

അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് പതിറ്റാണ്ടിന്റെ വികസനലക്ഷ്യത്തിലേക്കുളള തൃശൂരിന്റെ കുതിപ്പായിരുന്നു പിന്നീട്. മികച്ച പാര്‍ലമെന്റേറിയനായി തിളങ്ങിയ സി കെ ചന്ദ്രപ്പന്‍ തൃശൂരുകാര്‍ക്ക് വികസനനായകനായിരുന്നു. ദേശീയ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ മികവ് കാണിച്ച സി കെ മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തില്‍ ഊന്നിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. തൃശൂര്‍ കര്‍മ്മ മണ്ഡലമായി തിരഞ്ഞെടുത്ത 2004 മുതല്‍ 2009 വരെയുളള അഞ്ച് വര്‍ഷം വികസനത്തിന്റെ തേരോട്ടത്തിന്റെ കാലമായിരുന്നു. എം പി ഫണ്ടായി ലഭിച്ച 10കോടി രൂപയും ചെലവഴിക്കാന്‍ കഴിഞ്ഞത് മറ്റുളള എം പിമാരില്‍ നിന്ന് സി കെ യെ വ്യത്യസ്തമാക്കി. തൃശൂരിന്റെ അടിസ്ഥാന സൗകര്യവികസനത്തിലായിരുന്നു സി കെ യുടെ ശ്രദ്ധ. റോഡ് ,കുടിവെളളം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഫണ്ട് ചെലവഴിച്ച അദ്ദേഹം 30ശതമാനം തുക പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി നീക്കിവയ്ക്കാന്‍ താല്‍പര്യംകാണിച്ചു.

ഏറെ പിന്നാക്കം നില്‍ക്കുന്ന ഹരിജന്‍ കോളനികളില്‍ കുടിവെളളപദ്ധതി, അങ്കണവാടി കെട്ടിടങ്ങള്‍ റോഡുകള്‍ വൈദ്യുതികരണം എന്നിവയിലായിരുന്നു സി കെ പ്രധാന്യം നല്‍കിയത്.
പൂവ്വന്‍ച്ചിറ ഹരിജന്‍ കോളനിയില്‍ വൈദ്യുതി എത്തിക്കാന്‍ കേന്ദ്ര വനനിയമം തടസമായപ്പോള്‍ കേന്ദ്രത്തിലെ വിവിധ വകുപ്പ് മന്ത്രിമാരെ കണ്ട് കേബിള്‍ വഴി വൈദ്യുതി എത്തിക്കാന്‍ പ്രത്യേക ഫണ്ട് അനുവദിപ്പിക്കാന്‍ നടപടി സ്വീകരിച്ചത് കോളനി നിവാസികള്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നു. ദരിദ്രരും അവശരുമായ രോഗികള്‍ക്ക് ചികില്‍സാ സഹായം എത്തിക്കുന്നതിലും സി കെ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ, കിഡ്‌നി മാറ്റിവയ്ക്കല്‍ തുടങ്ങിയവ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സി കെ ആശ്വാസമായി മാറി. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്ലൊരു തുക ചികില്‍സാ സഹായമായി നേടിക്കൊടുക്കാന്‍ സി കെ ക്ക് കഴിഞ്ഞെന്ന് എം പിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഷേക്ക് മുഹമ്മദ് ഓര്‍മ്മിക്കുന്നു.

എന്‍ എച്ച് -17, എന്‍ എച്ച് -47 എന്നീ റോഡുകളുടെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും കോട്ടപ്പുറം ദേശീയ ജലപാതയ്ക്ക് സമാരംഭം കുറിച്ചതും സി കെ യുടെ കാലയളവിലാണ്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം ഉള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ സഫലമാക്കിയ സി കെ റെയില്‍ വികസനത്തിന്റെ കാര്യത്തിലും ജനപക്ഷത്തായിരുന്നു. ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റാക്കി മാറ്റിയ റെയില്‍വെയുടെ നടപടിക്കെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ അതിന് മുന്നില്‍ നില്‍ക്കാനും തിരുമാനം പിന്‍വലിപ്പിക്കാനും സി കെ ഉണ്ടായിരുന്നു. റെയില്‍വെ ചരിത്രത്തില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഒരു ട്രെയിന്‍ ഒഴിവാക്കിയത് ആദ്യസംഭവമായിരുന്നെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ പി കൃഷ്ണകുമാര്‍ ഓര്‍ക്കുന്നത്. തൃശൂര്‍-ഗുരുവായുര്‍ റെയില്‍വെ ഇലക്ട്രിഫിക്കേഷന്‍, എല്‍ ഐ സി തൃശൂര്‍ ഡിവിഷന്‍, അളഗപ്പ ടെക്‌സ്റ്റയില്‍സ് നവീകരിച്ച് എന്‍ ടി സി യുടെ മികച്ച യൂണിറ്റാക്കി തുടങ്ങി എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന വികസനമായിരുന്നു നടപ്പാക്കിയത്.

ജലീല്‍ അരൂക്കുറ്റി

'എന്റെ ഇന്നലെകള്‍' സത്യത്തിന്റെ ഓജസ്സും തേജസ്സുമുള്ള വാക്കുകള്‍

'പുന്നപ്ര വയലാര്‍ ആക്ഷനില്‍ എത്രപേര്‍ മരിച്ചു, എത്രപേര്‍ക്ക് പരിക്കേറ്റു എന്നൊന്നും പാര്‍ട്ടിക്ക് രേഖയില്ല. അതുകൊണ്ടുതന്നെ വയലാര്‍ പ്രക്ഷോഭം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സി പി ഐ ജനറല്‍ സെക്രട്ടറി ഇന്ദ്രജിത്ത് ഗുപ്ത തീരുമാനിച്ചപ്പോള്‍, അര്‍ഹതപ്പെട്ടതാര് എന്ന ചോദ്യവും ഉയര്‍ന്നു. കമ്മ്യൂണിസ്റ്റുകാരെ പോലീസിനു പിടിച്ചുകൊടുക്കുവാന്‍ നടന്നവര്‍ക്കുവരെ പെന്‍ഷന്‍ കിട്ടിയെന്ന് ചിലര്‍ കളിയാക്കി'. സത്യത്തിന്റെ ഓജസ്സും തേജസ്സുമുള്ള വാക്കുകളില്‍ സി കെ ചന്ദ്രപ്പന്‍ തന്റെ ആത്മകഥയില്‍ കുറിച്ചിട്ടു. സമര തീഷ്ണമായ കനല്‍ വഴികളിലൂടെയുള്ള തന്റെ ജീവിതയാത്ര വെളിവാക്കുന്ന 'എന്റെ ഇന്നലെകള്‍' എന്ന ആത്മകഥ പ്രകാശനം ചെയ്യുക എന്ന ആഗ്രഹം ബാക്കിയാക്കിയാണ് ചന്ദ്രപ്പന്‍ യാത്രയായത്. ഒരു വ്യക്തിയുടെ ആത്മകഥയെന്നതിലുപരി ഒരു കാലത്തിന്റെ കഥകൂടിയാണ് 'എന്റെ ഇന്നലെകള്‍'.

വയലാര്‍ രവിയുടെ കൈയും പിടിച്ച് സ്‌കൂളിലേക്കുള്ള യാത്ര തുടങ്ങിയ സി കെയുടെ ജീവിതത്തിലെ ഓരോ അവിസ്മരണീയ നിമിഷങ്ങളും ആത്മകഥയില്‍ കുറിച്ചുവെച്ചിരിക്കുന്നു. ചന്ദ്രപ്പന്‍ ചേര്‍ത്തല സ്‌കൂളില്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോഴായിരുന്നു പുന്നപ്രവയലാര്‍ സമരം നടന്നത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന് തൊട്ടടുത്തായിരുന്നു വയലാര്‍ രവിയുടെ വീട്. രവിയുടെ കൈപിടിച്ച് സ്‌കൂളില്‍ പോയിരുന്നതും രവിയുടെ വീടുമായുണ്ടായിരുന്ന ബന്ധവും സ്‌കൂളില്‍വെച്ച് എ കെ ആന്റണിയെ പരിചയപ്പെട്ടതുമെല്ലാം ആത്മകഥയുടെ ആദ്യ ഭാഗത്തുണ്ട്.

വലിയ പടിപ്പുരയും മുറ്റവുമുള്ള നാലുകെട്ടിലായിരുന്നു ചന്ദ്രപ്പന്റെ ജനനം. വൈക്കം സത്യാഗ്രഹത്തിന് ശേഷവും സാമൂഹിക അസമത്വം വിളയാടിയിരുന്ന കാലത്ത് പാണാവള്ളി സി ജി സദാശിവന്‍ തന്റെ അച്ഛനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നതും അങ്ങനെ അച്ഛന്‍ തൊഴിലാളികളുടെ നേതാവായി വളര്‍ന്നതും 'ജന്‍മി കമ്മ്യൂണിസ്റ്റാവുന്നു' എന്ന ഭാഗത്തിലുണ്ട്. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റായ 'ജന്‍മി' കുമാരപ്പണിക്കര്‍ വയലാര്‍ പോരാട്ടം നയിച്ച വയലാര്‍ സ്റ്റാലിനായതും ചരിത്രം.

പുന്നപ്ര വയലാര്‍ ആക്ഷന്‍ എന്ന് ആരംഭിക്കണമെന്ന് ആലോചിക്കാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലേക്ക് കോണ്‍ഗ്രസുകാരായ സി കേശവനും കുമ്പളത്ത് ശങ്കുപ്പിള്ളയും കടന്നു വന്നതും കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ക്ക് എതിരായ മുന്നേറ്റമാണ് ആവശ്യമെന്ന് പ്രഖ്യാപിച്ചതും യോഗം ആ തീരുമാനം അംഗീകരിച്ചതും സി കെ ആത്മകഥയില്‍ പ്രതിപാദിക്കുന്നു. വയലാര്‍ സമരം ആരംഭിക്കാനുള്ള നീക്കം സി പി യുടെ ചാരപ്പോലീസ് മണത്തറിയുകയും വയലാറില്‍ പട്ടാള ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് വിമാനത്തിലൂടെ നോട്ടീസ് വിതരണം ചെയ്തതും പട്ടാള വണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞതുമെല്ലാം സ്‌കൂളിലേക്ക് പോകുന്ന ചന്ദ്രപ്പനെന്ന കുട്ടിയില്‍ ഉയര്‍ത്തിയ ആശങ്കകള്‍'വിമാനത്തില്‍ നിന്നു വീണ നോട്ടീസ്' എന്ന അധ്യായത്തിലുണ്ട്.

തൃപ്പൂണിത്തുറയിലുള്ള തറവാട്ട് വീട്ടിലേക്ക് ഒരു സന്ധ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി കൃഷ്ണപ്പിള്ള കയറിവന്നതും അത്താഴം കഴിഞ്ഞ് തിരിച്ചുപോയ അദ്ദേഹം പിറ്റേന്ന് പാമ്പുകടിയേറ്റ് മരിച്ചതും നീറുന്ന ഓര്‍മ്മയായി സി കെ കുറിച്ചിട്ടിരിക്കുന്നു. 'വയലാര്‍ ആക്ഷന്‍ കഴിഞ്ഞ് പട്ടാളത്തിന്റെ വലയത്തില്‍ നിന്നും രക്ഷപ്പെട്ട് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയ അച്ഛനെ ഒരു നിമിഷം മാത്രം കണ്ടു. വന്നപോലെത്തന്നെ ധൃതിയില്‍ അച്ഛന്‍ ഇരുളിലേക്ക് നടന്നകന്നു. കാല്‍പ്പെരുമാറ്റം അകലുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. പിന്നീട് ആറുവര്‍ഷം അച്ഛനെ കണ്ടിട്ടില്ല. കൊച്ചിയിലും മലബാറിലുമായി അദ്ദേഹം ഒളിവുജീവിതത്തിലായിരുന്നു.' അച്ഛനെക്കുറിച്ചുള്ള ബാലനായ ചന്ദ്രപ്പന്റെ ഓര്‍മ്മയില്‍ പട്ടാള ഭരണത്തിന്റെ ഭീകര നാളുകളും തെളിയുന്നു. അച്ഛനെ തേടിവന്ന പട്ടാളം തറവാട് അടിച്ചു നിരത്തിയതും കൊള്ളയടിച്ചതും പിന്നീട് നാട്ടുകാര്‍ കൊള്ളമുതല്‍ കണ്ടെടുത്ത് തിരികെത്തന്നതുമെല്ലാം അദ്ദേഹം തന്റെ കൊച്ചു കൊച്ചു വാക്കുകളില്‍ കുറിച്ചിട്ടിരിക്കുന്നു. അച്ഛന്റെ അറസ്റ്റും തുടര്‍ന്ന് ജയിലില്‍ നിന്നും മത്സരിച്ച് തിരു-കൊച്ചി നിയമസഭാംഗമായതും ആത്മകഥയെന്നതിലുപരി ചരിത്രത്തിന്റെ കൂടി ഭാഗമാണ്. അച്ഛന്റെ സമരപാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ ചന്ദ്രപ്പന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വീട്ടുകാരറിയാതെ ഗോവാ സമരത്തില്‍ പങ്കെടുത്തതും വിമോചനസമരത്തെത്തുടര്‍ന്ന് പഠനം മുടങ്ങിയതും ആത്മകഥയിലെ ആദ്യഭാഗത്തിലുണ്ട്.

വ്യക്തി/രാഷ്ട്രീയം എന്ന രണ്ടാം ഭാഗത്തില്‍ ഗൗരിയമ്മയുമായുള്ള പ്രേമം ടി വി തോമസിന്റെ മുഖ്യമന്ത്രി കസേര കളഞ്ഞതും ബുലുറോയ് ചൗധരിയുമായുണ്ടായിരുന്ന തന്റെ പ്രേമവും വിവാഹവും ചന്ദ്രപ്പന്‍ കുറിച്ചു വെച്ചിരിക്കുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പും അതിനാധാരമായ സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിലുള്ളത്. കോണ്‍ഗ്രസും ഇടതുപക്ഷവും, ഇടതുപക്ഷത്തിന്റെ മത സമീപനവും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. വയലാര്‍ സമരത്തിന്റെ വിശദാംശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രേഖപ്പെടുത്തി സൂക്ഷിക്കാതിരുന്നത് വലിയ നഷ്ടമായെന്ന വിലയിരുത്തലോടെയാണ് ചന്ദ്രപ്പന്‍ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്. തായാട്ട് പബ്ലിക്കേഷന്‍ സംരംഭമായ ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ഇന്നലെകള്‍' പ്രകാശനം ചെയ്യുന്നത് ചന്ദ്രപ്പന്റെ അസുഖം കാരണം നീണ്ടു പോവുകയായിരുന്നു.

*
ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശൂരില്‍ നിന്ന് ലോകസഭയിലേക്ക് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചശേഷം ഒരുദിവസം രാത്രി വളരെ വൈകിയാണ് സി കെ ചന്ദ്രപ്പന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്നത്. നേരം വളരെ വൈകിയതിനാല്‍ ആരെയും സഹായത്തിന് വിളിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. കയ്യില്‍ ബാഗും പിടിച്ച് സ്റ്റേഷനു പുറത്തേക്ക് വന്ന സി കെ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു. എവിടെ പോകണമെന്ന ചോദ്യത്തില്‍ രാമനിലയം വരെ എന്നത് കേട്ടതോടെ ഓട്ടോക്കാരന്‍ വണ്ടിയെടുത്ത് പോയി. സി കെ രണ്ട് ഓട്ടോക്കാരെ കൂടി സമീപിച്ചെങ്കിലും അവരുടെയും നിലപാട് അത് തന്നെയായിരുന്നു. സി കെ ചന്ദ്രപ്പനെ തിരിച്ചറഞ്ഞ റെയില്‍വെ പൊലിസുകാരന്‍ സഹായത്തിനെത്തി ഓട്ടോ വിളിച്ചു നല്‍കി. വളരെ സാധാരണക്കാരനായി അര്‍ധരാത്രി ആരുടെയും അകമ്പടിയില്ലാതെ വന്നിറങ്ങി ഓട്ടോയ്ക്ക് കൈകാണിക്കുന്ന എം പി അതുവരെ തൃശൂരിലെ ഓട്ടോക്കാര്‍ക്കും പരിചതമായ ചിത്രമായിരുന്നില്ല. താന്‍ സി കെ ചന്ദ്രപ്പനാണെന്ന് പറയാന്‍ അദ്ദേഹവും തയ്യാറായില്ല. ഓട്ടോക്കാരോട് നീരസം പ്രകടിപ്പിക്കാതെ രാമനിലയത്തിലേക്ക് പോയ സി കെ യുടെ ചിന്ത രാത്രി വന്നിറങ്ങുന്ന യാത്രക്കാരുടെ ക്ലേശമായിരുന്നു. പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്റ് എന്ന ആശയം നടപ്പിലാക്കി കൊണ്ടാണ് സി കെ യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരംകണ്ടത്.