Tuesday, March 20, 2012

മാന്ദ്യകാലത്ത് മാണിയുടെ സംഭാവന വിലക്കയറ്റം, തൊഴിലില്ലായ്മ

വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഉയരും. വാറ്റ് നികുതി നിരക്കില്‍ എട്ടുമുതല്‍ 25 ശതമാനംവരെയാണ് വര്‍ധന. ഇതിലൂടെ 1200 കോടി രൂപയുടെ അധികനികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചതിലൂടെ നല്‍കുന്ന ഇളവാകട്ടെ, 200 കോടി രൂപയുടേതുമാത്രവും. ഫലത്തില്‍ 1000 കോടിയുടെ അധികഭാരമാണ് ജനങ്ങളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ഇത് കേരളചരിത്രത്തിലെ ഏറ്റവും വലിയ നികുതി അടിച്ചേല്‍പ്പിക്കലാണ്. എക്സൈസ്, സേവന നികുതികള്‍ക്ക് കേന്ദ്രബജറ്റില്‍ വരുത്തിയ 20 ശതമാനത്തിലേറെ വര്‍ധനയുടെ മീതെയാണ് ഈ വര്‍ധന. വമ്പിച്ച വിലക്കയറ്റത്തിനും ദുരിതത്തിനും വഴിവയ്ക്കുന്ന ജനവിരുദ്ധബജറ്റാണിത്. ഇതോടൊപ്പം പെന്‍ഷന്‍പ്രായം ഉയര്‍ത്തുകവഴി ഒരുവര്‍ഷത്തേക്ക് സമ്പൂര്‍ണ നിയമനനിരോധനവും ബജറ്റ് സൃഷ്ടിക്കുന്നു.

പെന്‍ഷന്‍പ്രായം ഫലത്തില്‍ എല്‍ഡിഎഫാണ് ഉയര്‍ത്തിയതെന്നാണ് ധനമന്ത്രിയുടെ വാദം. അത് ശരിയാണെങ്കില്‍ വീണ്ടും പെന്‍ഷന്‍പ്രായം എന്തിനുയര്‍ത്തണം? സംസ്ഥാന ജീവനക്കാരുടെ പകുതിയിലധികമുള്ള അധ്യാപകരുടെ റിട്ടയര്‍മെന്റ് പ്രായത്തെക്കുറിച്ച് ധനമന്ത്രിക്ക് എന്ത് പറയാനുണ്ട്? ഇന്നലെയും ഇന്നും നാളെയും അവര്‍ ഏകീകരിച്ച തീയതിയില്‍തന്നെയാണ് വിരമിക്കാന്‍ പോകുന്നത്. അധ്യാപകരുടെ കാര്യത്തില്‍ പണ്ടുമുതലേ സ്വീകരിച്ച നയം ബാക്കിയുള്ള ജീവനക്കാരുടെ കാര്യത്തിലേക്ക് വ്യാപിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അപ്പോള്‍ത്തന്നെ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. വര്‍ഷാദ്യംതന്നെ ആ വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ക്ക് സൂപ്പര്‍ ന്യൂമെറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. എന്നാല്‍ , പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുന്നതോടെ ഇത്തരമൊരു നടപടി സാധ്യമല്ല. അങ്ങനെ തൊഴിലില്ലാത്തവര്‍ക്ക് ഒരുവര്‍ഷം നിയമന ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നു.

ഒരു സൂപ്പര്‍ ന്യൂമറി തസ്തികയും സൃഷ്ടിക്കാതെയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത്. സര്‍ക്കാര്‍മേഖലയില്‍ നഷ്ടപ്പെടുന്ന തൊഴില്‍ മറ്റ് തൊഴില്‍മേഖലയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയും ഈ ബജറ്റ് നല്‍കുന്നില്ല. പൊതു സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി മറ്റ് തൊഴില്‍മേഖലകളില്‍ അധികമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ തൊഴില്‍ദാനപദ്ധതികളുടെ വിജയം പൊതു സാമ്പത്തികസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്. പൊതു സാമ്പത്തികസ്ഥിതിയാകട്ടെ, ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെന്നപോലെ കേരളത്തിലും മോശമാകാന്‍ പോവുകയാണ്. 2008-09ല്‍ ആഗോളമാന്ദ്യ പശ്ചാത്തലത്തില്‍ 5000 കോടി രൂപയുടെ ഉത്തേജകപദ്ധതികളടക്കമുള്ള ശക്തമായ ഇടപെടലിന്റെ ഒരു നിഴല്‍പോലും പുതിയ ബജറ്റിലില്ല. 2011-12ല്‍ മൊത്തം സര്‍ക്കാര്‍ചെലവ് 38,790 കോടി രൂപയില്‍നിന്ന് 50,983 കോടി രൂപയായി 31 ശതമാനം ഉയര്‍ന്നെങ്കില്‍ , 2012-13ല്‍ അത് 58,976 കോടി രൂപയായി 15.6 ശതമാനംമാത്രമാണ് ഉയരുന്നത്. മാന്ദ്യകാലത്ത് ഇത്തരമൊരു സമീപനം വികസനവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 1.8 ശതമാനത്തില്‍നിന്ന് 1.88 ശതമാനം മാത്രമായിട്ടാണ് ഉയരുന്നത്. നിയമപ്രകാരം കേരളത്തിന് അനുവദനീയമായ 3.5 ശതമാനം വരുന്ന ധനകമ്മി ഉണ്ടായിരുന്നെങ്കില്‍ ഇത് 2.64 ശതമാനമായി ഉയര്‍ത്താമായിരുന്നു. എന്നുവച്ചാല്‍ ഇപ്പോള്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന 7369 കോടിക്കുപകരം 10,369 കോടി രൂപ ചെലവാക്കാമായിരുന്നു. കെ എം മാണിയുടെ യാഥാസ്ഥിതിക വീക്ഷണംമൂലം കേരളത്തിന്റെ വികസനത്തിലുണ്ടാക്കാമായിരുന്ന കുതിപ്പ് വേണ്ടെന്നുവച്ചിരിക്കുകയാണ്. വാറ്റ് നികുതി നാല് ശതമാനം നിരക്ക് അഞ്ചായും 12.5 ശതമാനം 13.5 ആയും ഉയര്‍ത്തിയതിന് ധനമന്ത്രി പറയുന്ന ന്യായീകരണം നിലനില്‍ക്കുന്നതല്ല.

വാറ്റ് നികുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന നിലപാട് അംഗീകരിക്കാന്‍ മൂന്നുവര്‍ഷമായി കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണ്. രണ്ടുവര്‍ഷംമുമ്പ് സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം ഇതിന് പച്ചക്കൊടി കാട്ടുകയും ഒട്ടെല്ലാ സംസ്ഥാനങ്ങളും നികുതിനിരക്ക് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികനികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ കെ എം മാണി പറയുന്നത്, വാറ്റ് നികുതിനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തില്‍ കുറവുവരുമെന്നാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കാരണം ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ നികുതിവരുമാനത്തില്‍ 1500 കോടി രൂപയെങ്കിലും ആദ്യവര്‍ഷംതന്നെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഗണ്യമായ ഒരു നഷ്ടപരിഹാരത്തിന്റെയും പ്രശ്നം കേരളത്തെ സംബന്ധിച്ച് ഇല്ല. നികുതിനിരക്കില്‍ 8-25 ശതമാനംവരെ വര്‍ധന വരുത്തിക്കൊണ്ടാണ് നികുതിവരുമാനത്തില്‍ 27 ശതമാനം വര്‍ധന നേടാന്‍ കഴിഞ്ഞത്. നികുതിനിരക്ക് വര്‍ധിപ്പിക്കാതെതന്നെ നികുതിവരുമാനം ശരാശരി 20 ശതമാനംവച്ച് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നു കാണാം. നികുതിപിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചാണ് ഇത് സാധിച്ചത്. എന്നാല്‍ , കെ എം മാണി കേരളജനതയെ പിഴിഞ്ഞുകൊണ്ടാണ് നികുതിവരുമാനം വര്‍ധിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് ധവളപത്രത്തിലും പുറത്തുമായി കെ എം മാണി പ്രചരിപ്പിച്ച എല്ലാ കള്ളങ്ങളും ഈ ബജറ്റ് തള്ളുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന ധനകാര്യ സുസ്ഥിരത തകര്‍ക്കാനോ ഒളിച്ചുവയ്ക്കാനോ യുഡിഎഫിന് കഴിയില്ല. ഒരു ദിവസംപോലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്കോ നിത്യനിദാനച്ചെലവ് കമ്മിയിലേക്കോ പോയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റിന്റെ ശോഭകെടുത്താന്‍ കെ എം മാണിയും യുഡിഎഫും എത്ര ശ്രമിച്ചാലും അവര്‍ക്കുതന്നെ മറിച്ച് പറയേണ്ടിവരും.

ഇസ്ലാമിക് ധനകാര്യസ്ഥാപനത്തിനുപകരം ട്രഷറിയില്‍ ഇസ്ലാമിക് കൗണ്ടര്‍ തുറക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രസ്താവിച്ചത്. തികച്ചും അപ്രായോഗികമായ ഈ നീക്കം പൊളിയുമെന്ന് ഞങ്ങള്‍ അന്നേപറഞ്ഞതാണ്. ഈ ബജറ്റില്‍ ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങളെക്കുറിച്ച് പരാമര്‍ശംപോലുമില്ല. കാര്‍ഷികപ്രതിസന്ധിക്ക് ഹൈടെക് പരിഹാരം നിര്‍ദേശിക്കുന്ന ധനമന്ത്രി, കര്‍ഷക ആത്മഹത്യകളെക്കുറിച്ച് മിണ്ടിയിട്ടില്ല. താങ്ങുവിലയെക്കുറിച്ച് പരാമര്‍ശമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് വിട്ടുകളഞ്ഞു. ഒരു മണ്ഡലത്തിന് അഞ്ചുകോടിവച്ച് 705 കോടി രൂപ നീക്കിവച്ചെന്ന് അദ്ദേഹം രണ്ടുതവണ ആവര്‍ത്തിക്കുകയുണ്ടായി. എല്‍ഡിഎഫ് ഭരണകാലത്ത്, ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 15 കോടി രൂപവീതം വകയിരുത്തിയ സ്ഥാനത്താണ് ഇതെന്നോര്‍ക്കണം. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലുണ്ടായ കുതിപ്പ് നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ധീരമായി ഇടപെട്ടേ തീരൂ. സാമ്പത്തികസര്‍വേയുടെ കണക്കുപ്രകാരം 2010-11ല്‍ കേരളം 9.13 എന്ന സര്‍വകാല റെക്കോഡ് വളര്‍ച്ചയാണ് കൈവരിച്ചത്. ഈ സാമ്പത്തികകുതിപ്പ് യുഡിഎഫ് ഭരണകാലത്ത് തകരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് 2012-13ലെ ബജറ്റ് നല്‍കുന്നത്.

*
ഡോ. തോമസ് ഐസക് ദേശാഭിമാനി 20 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഉയരും. വാറ്റ് നികുതി നിരക്കില്‍ എട്ടുമുതല്‍ 25 ശതമാനംവരെയാണ് വര്‍ധന. ഇതിലൂടെ 1200 കോടി രൂപയുടെ അധികനികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചതിലൂടെ നല്‍കുന്ന ഇളവാകട്ടെ, 200 കോടി രൂപയുടേതുമാത്രവും. ഫലത്തില്‍ 1000 കോടിയുടെ അധികഭാരമാണ് ജനങ്ങളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ഇത് കേരളചരിത്രത്തിലെ ഏറ്റവും വലിയ നികുതി അടിച്ചേല്‍പ്പിക്കലാണ്. എക്സൈസ്, സേവന നികുതികള്‍ക്ക് കേന്ദ്രബജറ്റില്‍ വരുത്തിയ 20 ശതമാനത്തിലേറെ വര്‍ധനയുടെ മീതെയാണ് ഈ വര്‍ധന. വമ്പിച്ച വിലക്കയറ്റത്തിനും ദുരിതത്തിനും വഴിവയ്ക്കുന്ന ജനവിരുദ്ധബജറ്റാണിത്. ഇതോടൊപ്പം പെന്‍ഷന്‍പ്രായം ഉയര്‍ത്തുകവഴി ഒരുവര്‍ഷത്തേക്ക് സമ്പൂര്‍ണ നിയമനനിരോധനവും ബജറ്റ് സൃഷ്ടിക്കുന്നു.