Thursday, March 29, 2012

അഴിമതിയില്‍ മുങ്ങുന്ന ആദര്‍ശ പരിവേഷം

എ കെ ആന്റണിക്ക് യുപിഎ സര്‍ക്കാരിലും യുപിഎക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലുമുള്ള നിര്‍ണായകസ്ഥാനം സംബന്ധിച്ച് ആര്‍ക്കും സംശയമില്ല. കേന്ദ്ര മന്ത്രിസഭയില്‍ പരമപ്രധാന വകുപ്പായി പരിഗണിക്കപ്പെടുന്ന പ്രതിരോധം, അദ്ദേഹം കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയ ഗാന്ധി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ പാര്‍ടിയുടെ കൈകാര്യകര്‍തൃത്വം പ്രണബ് മുഖര്‍ജിയെ അല്ല ഏല്‍പ്പിച്ചത്. ആന്റണിയും രാഹുല്‍ ഗാന്ധിയും അടങ്ങുന്ന ചെറുടീമിനെയാണ്. അങ്ങനെയുള്ള എ കെ ആന്റണി ചൊവ്വാഴ്ച രാജ്യസഭയില്‍ പരിക്ഷീണനായി നടത്തിയ പ്രസംഗത്തില്‍ ഒരു മാപ്പുസാക്ഷിയെയാണ് ദൃശ്യമായതെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്. പ്രതിരോധവകുപ്പിന്റെ ചുമതല ഏറ്റെടുക്കാന്‍ തനിക്ക് അശേഷം താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും നേതാക്കളുടെയും അടുപ്പക്കാരുടെയും നിര്‍ബന്ധംകൊണ്ടാണ് ആ ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കരാറുകളില്‍ അഴിമതി തെളിഞ്ഞാല്‍ അത് റദ്ദാക്കുമെന്നും തെറ്റുകാരെന്നു കണ്ടാല്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്നും പറഞ്ഞ ആന്റണി, തന്റെ ആദര്‍ശധീരതയുടെ ഫ്ളാഷ്ബാക്ക് അവതരിപ്പിക്കാനും മറന്നില്ല.

ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ പഞ്ചസാര ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നപ്പോള്‍ രാജിവച്ചുവെന്നതാണ് അദ്ദേഹം എടുത്തുപറഞ്ഞത്. പതിവുപോലെ ഭരണപക്ഷമാധ്യമങ്ങള്‍ ആന്റണിയെ വെള്ളപൂശാന്‍ ദുര്‍ബലശ്രമം നടത്തി. പിറവം തെരഞ്ഞെടുപ്പുപ്രചാരണത്തിന് ആന്റണി നടത്തിയ പ്രസംഗങ്ങള്‍ സംബന്ധിച്ച് ഞാന്‍ അഭിപ്രായപ്രകടനം നടത്തി. അഴിമതി കാണുമ്പോള്‍ മൗനിബാബയായി നില്‍ക്കുന്നതാണ് ആന്റണിയുടെ അടവെന്നാണ് ഞാന്‍ പറഞ്ഞത്. നിര്‍ണായകമായ ഒരു ഘട്ടത്തിലും ആദര്‍ശമോ ധീരതയോ പ്രകടിപ്പിക്കാഞ്ഞിട്ടും വലതുപക്ഷമാധ്യമങ്ങള്‍ കല്‍പ്പിച്ചുനല്‍കിയ ആദര്‍ശധീരപദവിയില്‍ എന്നും അഭിരമിച്ചുപോന്ന നേതാവാണ് ആന്റണി. കരസേനാ മേധാവി ജനറല്‍ വി കെ സിങ് പറഞ്ഞത്, സൈന്യത്തിനുവേണ്ടി നിലവാരം കുറഞ്ഞ 600 വാഹനം വാങ്ങാന്‍ കൂട്ടുനിന്നാല്‍ 14 കോടി രൂപ കോഴ നല്‍കാമെന്ന് വാഗ്ദാനമുണ്ടായി എന്നാണ്. കോഴ വാഗ്ദാനംചെയ്ത കാര്യം താന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ അറിയിച്ചെന്നും ജനറല്‍ സിങ് വെളിപ്പെടുത്തി. ചൊവ്വാഴ്ച രാജ്യസഭയില്‍ സ്വമേധയാ പ്രസ്താവന നടത്തിയ ആന്റണി, ഇക്കാര്യം സ്ഥിരീകരിച്ചു. വി കെ സിങ് ഔദ്യോഗികവസതിയിലെത്തി തന്നെ കാണുകയുണ്ടായി. നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ വാഗ്ദാനംചെയ്ത കാര്യം പറഞ്ഞു. അതുകേട്ട് താന്‍ തലയില്‍ കൈവച്ച് പകച്ചിരുന്നുപോയി. ഒരു വര്‍ഷംമുമ്പായിരുന്നു ആ സംഭവം. എന്നാല്‍, തുടര്‍നടപടികള്‍ക്ക് ജനറല്‍ സിങ് താല്‍പ്പര്യമെടുക്കാത്തതിനാല്‍ അന്വേഷണം നടത്താന്‍ താന്‍ മെനക്കെട്ടില്ല. ജനറല്‍ സിങ് ഇക്കാര്യം പരസ്യപ്പെടുത്തിയതിനെതുടര്‍ന്ന് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതൊക്കെയാണ് ആന്റണി പറഞ്ഞ കാര്യങ്ങള്‍.

ഇന്ത്യയുടെ പ്രതിരോധമന്ത്രി എത്രമാത്രം നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്. ജീവന്‍ പണയംവച്ച്, കഠിനയാതന അനുഭവിച്ച്, അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ ഏറ്റവും മുന്തിയതാകണമെന്ന് ഉറപ്പുവരുത്തേണ്ട പ്രതിരോധമന്ത്രി, കരസേനാ മേധാവി നേരിട്ട് പരാതി പറഞ്ഞിട്ടും അലംഭാവം കാട്ടി എന്നതാണ് പ്രശ്നം. തുടര്‍നടപടിക്ക് പരാതിക്കാരന്‍ താല്‍പ്പര്യപ്പെട്ടില്ലെന്നതിനാല്‍ അന്വേഷണം വേണ്ടെന്നുവച്ചു എന്നു പറയുന്നത് നിരുത്തരവാദിത്തം മാത്രമല്ല, രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യവുമാണ്. എ കെ ആന്റണി പ്രതിരോധവകുപ്പിന്റെ ചുമതലയിലുള്ളപ്പോഴാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണമുണ്ടായത്. കാര്‍ഗിലില്‍ ശത്രുസൈന്യത്തോട് പൊരുതുന്നതിനിടയില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ ഭടന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനെന്നു പറഞ്ഞ് നിര്‍മിച്ച ഫ്ളാറ്റുകളാണ് തട്ടിയെടുക്കപ്പെട്ടത്. ആന്റണി അതിനും മൂകസാക്ഷിയായി. കാര്‍ഗില്‍യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഭടന്മാരുടെ മൃതദേഹം അടക്കംചെയ്യാന്‍ അമേരിക്കയില്‍നിന്ന് ശവപ്പെട്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍, ഉത്തരവാദിയായ അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും ബഹിഷ്കരിച്ചു. ശവപ്പെട്ടി ഇടപാടില്‍ ഫെര്‍ണാണ്ടസ് കൈക്കൂലി വാങ്ങിയെന്നല്ല, ഫെര്‍ണാണ്ടസിന്റെ ഭരണകാലത്ത് അഴിമതി നടന്നുവെന്നാണ് സിഎജി റിപ്പോര്‍ട്ടുചെയ്തത്. അന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവുമെല്ലാം പ്രതിരോധമന്ത്രിയെ ബഹിഷ്കരിച്ചു. അന്നത്തേക്കാള്‍ വമ്പന്‍ കുംഭകോണങ്ങളാണ് ആന്റണിയുടെ ഭരണത്തില്‍ പ്രതിരോധവകുപ്പില്‍ നടമാടുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് കുംഭകോണം 64 കോടി രൂപയുടേതായിരുന്നു. ആ കുംഭകോണത്തിലെ മുഖ്യപ്രതി ക്വട്റോച്ചിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് വെറുതെ വിടാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപടികള്‍ നീക്കുമ്പോഴും ആന്റണി മൂകസാക്ഷിയായി നിന്നു. ഇസ്രയേലുമായി പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല- ആകാശ മിസൈല്‍ വാങ്ങുന്നതിന് ഇന്ത്യ ഒപ്പുവച്ച കരാറില്‍ 600 കോടി രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന് ഈയിടെ വാര്‍ത്ത വന്നു. ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും വന്‍ ക്രമക്കേടും അഴിമതിയും ആരോപിക്കപ്പെട്ടു. ഉല്‍പ്പന്നത്തിന് ആവശ്യക്കാരില്ലാത്തതിനാല്‍ അടച്ചുപൂട്ടാനിരുന്ന ഫ്രഞ്ച് കമ്പനിയില്‍നിന്നാണ് ആന്റണിയുടെ വകുപ്പ് അരലക്ഷത്തില്‍പ്പരം കോടി രൂപ കൊടുത്ത് യുദ്ധവിമാനങ്ങള്‍ കച്ചവടമാക്കിയത്. ഇതെല്ലാം തന്റെ വകുപ്പില്‍, താന്‍ മന്ത്രിയായിരിക്കെ നടന്നുകൊണ്ടിരിക്കുന്ന കുംഭകോണങ്ങളുടെ ഘോഷയാത്രയാണെന്ന് പരോക്ഷമായി സമ്മതിച്ച്, താന്‍ രാഷ്ട്രീയത്തില്‍ ജന്മനാ അഴിമതിവിരുദ്ധനും ആദര്‍ശവാനുമാണെന്ന് ആന്റണി അവകാശപ്പെടുന്നു- ഇതാണ് വിരോധാഭാസം.

വ്യക്തിപരമായി പണം വാങ്ങിയോ എന്നതല്ല, രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും സൈന്യത്തിന്റെ ശക്തിക്കും പ്രതിച്ഛായയ്ക്കും ക്ഷതമുണ്ടാക്കുന്നതുമായ നടപടികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുനിന്നുവോ, കാരണക്കാരനായോ എന്നതാണ് പ്രശ്നം. സൈന്യം ദുര്‍ബലപ്പെടുന്നുവെന്നും രാജ്യരക്ഷ അപകടത്തിലാണെന്നും കാലാനുസൃതമായ ആയുധങ്ങളില്ലെന്നും കരസേനാ മേധാവി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നു. ആ കത്ത് ചോരുന്നു. സേനാതലപ്പത്ത് പരക്കെ അഴിമതിയാണെന്ന് വാര്‍ത്തകളുണ്ടാകുന്നു, സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരിലൊരാളും സേനയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ്ങാണ് സേനാനായകന് കോഴ വാഗ്ദാനം ചെയ്തതെന്നും സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം തേജീന്ദര്‍ ഇപ്പോള്‍ ആയുധം വില്‍ക്കുന്ന കമ്പനികളുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെയാണ് പുറത്തുവന്നത്. പ്രതിരോധമന്ത്രിയുടെ ഓഫീസില്‍നിന്ന് വാര്‍ത്ത ചോര്‍ത്താന്‍ ഇലക്ട്രോണിക് സംവിധാനം സ്ഥാപിച്ചത് കണ്ടുപിടിക്കപ്പെട്ടുവെന്ന് കഴിഞ്ഞദിവസം വാര്‍ത്ത വന്നു- ഇങ്ങനെ എല്ലാതരത്തിലും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.

ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം, എസ് ബാന്‍ഡ് കരാര്‍, പത്തുലക്ഷം കോടിയോളം രൂപ നഷ്ടമുണ്ടാക്കിയതായി സംശയിക്കുന്ന കല്‍ക്കരി ഖനന ഇടപാട് തുടങ്ങി യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച കുംഭകോണങ്ങളുടെ ഘോഷയാത്രയില്‍- അഴിമതിയുടെ റെക്കോഡില്‍, ആന്റണി നേതൃത്വം നല്‍കിയ വകുപ്പും വലിയ സംഭാവനചെയ്തു. പ്രതിരോധവകുപ്പിനെയും അഴിമതിയില്‍ കുളിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുക എന്ന ഗുരുതരമായ ആരോപണമാണ് യുപിഎ സര്‍ക്കാരും പ്രത്യേകിച്ച് എ കെ ആന്റണിയും നേരിടുന്നത്. മന്ത്രിയായിരിക്കെ പഞ്ചസാര ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം കേട്ടപ്പോള്‍ രാജിവച്ചു, ചിക്മംഗലൂരില്‍ ഇന്ദിരാഗാന്ധിയെ ബ്രഹ്മാനന്ദറെഡ്ഡി പ്രസിഡന്റായ ഔദ്യോഗിക കോണ്‍ഗ്രസ് പിന്താങ്ങിയെന്നറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു എന്നൊക്കെയുള്ള ഫ്ളാഷ്ബാക്ക് കാട്ടി ഇപ്പോഴത്തെ പ്രശ്നത്തില്‍നിന്ന് തലയൂരാനാകില്ല.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 29 മാര്‍ച്ച് 2012

No comments: