Monday, April 2, 2012

തൊണ്ണൂറിലെത്തിയ ഒരു കടല്‍ കടത്തല്‍

1921 ലായിരുന്നു കൊളോണിയല്‍ ഭരണകൂടത്തെ അടിമുടി പിടിച്ചുലച്ച ആ ഐതിഹാസിക മുന്നേറ്റം. ചരിത്രരചയിതാക്കള്‍ തങ്ങളുടെ മത-രാഷ്ട്രീയ വിശ്വാസസംഹിതകളെ തൃപ്തിപ്പെടുത്തുംവിധം പ്രസ്തുത സംഭവത്തെ മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും സ്വാതന്ത്ര്യസമരമെന്നും കാര്‍ഷിക വിപ്ലവമെന്നും ഹിന്ദു-മുസ്ലിം കലഹമെന്നും ഖിലാഫത്ത് പ്രക്ഷോഭമെന്നും മറ്റും പേരിട്ടു വിളിച്ചു. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും വിവാദകുതുകികള്‍ക്ക് ഇന്നും അതൊരു സങ്കീര്‍ണ വിഷയമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരുടെ നോക്കെത്തും ദൂരങ്ങള്‍ക്കപ്പുറത്തെ കൊടും തമസ്സില്‍ വലിയൊരു ജനസമൂഹം പിന്‍തള്ളപ്പെട്ടു കിടപ്പുണ്ടെന്ന ക്രൂരയാഥാര്‍ഥ്യം വിസ്മരിച്ചുകളഞ്ഞു. കലാപക്കേസ്സുകളില്‍ അറസ്റ്റ് ചെയ്ത് അന്തമാനെന്ന നരകത്തിലേക്ക് കാലിക്കൂട്ടങ്ങളെപ്പോലെ കടല്‍ കടത്തിക്കൊണ്ടുപോയ മാപ്പിളമാരായിരുന്നു അവര്‍. സാമ്രാജ്യത്വ-ദുഷ്പ്രഭുത്വശക്തികള്‍ നീട്ടിയ നിറതോക്കുകള്‍ക്ക് നേരെ, മരണം ഉറപ്പാണെന്നറിഞ്ഞിട്ടും ഒരാഹ്വാനം കേട്ടുണര്‍ന്ന് അവര്‍ ഭ്രാന്തമായി പാഞ്ഞടുത്തതാണ. അവരില്‍ 150 കലാപകാരികളടങ്ങുന്ന ആദ്യസംഘത്തെ ടി എസ് എസ് മഹാരാജ എന്ന കപ്പലില്‍ മദിരാശി തുറമുഖത്ത്നിന്ന് വംഗസമുദ്രം കടത്തി അന്തമാനില്‍ എത്തിച്ചത് 1922 ഏപ്രില്‍ 22നായിരുന്നു. ഇപ്പോള്‍ ആ നിര്‍ബന്ധിത പ്രവാസത്തിന് തൊണ്ണൂറ് വയസ്സ് തികയുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ അന്തമാന്‍ ദ്വീപിനെ ഒരു തടങ്കല്‍ പാളയമാക്കി അവിടേക്ക് ജീവപര്യന്തം തടവുപുള്ളികളെ നാടുകടത്തിത്തുടങ്ങിയത് 1858ലാണ്. ഇവരില്‍ ഭൂരിഭാഗവും 1857ലെ ആദ്യ സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കായവരോ സമരത്തിന് ഒത്താശ ചെയ്തുകൊടുത്തവരോ ആയി മുദ്രകുത്തപ്പെട്ടവരായിരുന്നു. തീവ്ര വിപ്ലവകാരികളായ "ശല്യ"ക്കാരെ തൂക്കിലേറ്റുകയോ അല്ലെങ്കില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കാന്‍ അന്തമാനിലേക്ക് കാലാപാനി കടത്തുകയോ ആയിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ രീതി. അതോടൊപ്പം സാമൂഹിക സമാധാനത്തിന് ഭംഗം വരുത്തുന്ന കൊടും കുറ്റവാളികളെയും യഥേഷ്ട ഭരണത്തിന് വിഘാതം സൃഷ്ടിക്കുന്ന ഉപദ്രവകാരികളെയും ദ്വീപിലെ തടങ്കല്‍ സങ്കേതത്തില്‍ എത്തിച്ചിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ക്കെതിരെ രൂക്ഷമായി ഉയരുന്ന ആഹ്വാനങ്ങളെയും പ്രഖ്യാപനങ്ങളെയും മുദ്രാവാക്യങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢലക്ഷ്യവുമായാണ് കലാപകാരികളെ ഭരണകര്‍ത്താക്കള്‍ അന്തമാനില്‍ കൊണ്ടുപോയി തടവിലിട്ടത്. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മേഖലയില്‍ അധികമാരാലും അറിയപ്പെടാതെ പ്രാക്തനകാല നിഗൂഢതകളുമായി ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു അക്കാലത്ത് അന്തമാന്‍ ദ്വീപുകള്‍. (ബ്രിട്ടീഷിന്ത്യയില്‍ നിന്നെന്നപോലെ ബര്‍മ, സിലോണ്‍, ചൈന, ബലൂചിസ്ഥാന്‍ മുതലായ കോളനി രാജ്യങ്ങളില്‍നിന്നുള്ള ജയില്‍പുള്ളികളെയും ഈ ദ്വീപില്‍ കൊണ്ടുപോയി തള്ളിയിരുന്നു.)

1921 ആഗസ്ത് 20ന് മൂര്‍ധന്യത്തിലെത്തിയ സായുധകലാപത്തിന് മുന്നോടിയായി 1836 മുതല്‍തന്നെ ഏറനാട്-വള്ളുവനാട് താലൂക്കുകളില്‍ ജന്മിത്വ-ബ്രിട്ടീഷ് വിരുദ്ധ സംഘര്‍ഷങ്ങള്‍ പലപ്പോഴായി അരങ്ങേറിയതാണ്. പ്രസ്തുത കലഹങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിലും പ്രതികളായവരില്‍ പലരെയും ദീര്‍ഘകാലതടവ് വിധിച്ച് അന്തമാനിലേക്ക് നാടു കടത്തുകയുണ്ടായി. 1881, 1891, 1901, 1911 എന്നീ വര്‍ഷങ്ങളില്‍ തടങ്കല്‍ പാളയത്തില്‍ നടത്തിയ ജനസംഖ്യാ കണക്കെടുപ്പില്‍ സ്ത്രീകളടക്കം യഥാക്രമം 62 ഉം, 311 ഉം, 36 ഉം, 16 ഉം മലയാളി തടവുകാര്‍ ഉണ്ടായിരുന്നുവെന്ന് തത്സംബന്ധ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 1894ല്‍ മണ്ണാര്‍ക്കാട്ട് നടന്ന ഇംഗ്ലീഷ് വിരുദ്ധകലാപത്തില്‍ പങ്കെടുത്ത കുറ്റത്തിന് പയ്യനാട് അംശം നെല്ലിക്കുത്ത് ദേശത്തെ വാരിയംകുന്നന്‍ മൊയ്തീന്‍ കുട്ടിഹാജി, അദ്ദേഹത്തിന്റെ സ്യാലന്‍ പുന്നക്കാടന്‍ ചേക്കുഹാജി എന്നീ പ്രമുഖരും ആ കാലങ്ങളില്‍ അന്തമാന്‍ വനഭൂമിയുടെ പ്രാചീനതയില്‍ ജീവിതങ്ങള്‍ നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടവരായിരുന്നു. (മലബാര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവാണ് മൊയ്തീന്‍കുട്ടി ഹാജി). ഇവരില്‍ മൊയ്തീന്‍കുട്ടി ഹാജി 1912-ലും ചേക്കുഹാജി അതിനടുത്ത വര്‍ഷവും രോഗപീഡിതരായി ദ്വീപില്‍ വെച്ചുതന്നെ ഇഹലോകവാസം വെടിഞ്ഞു.

1921-ലെ കണക്കെടുപ്പുവേളയില്‍ അന്തമാനില്‍ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, അധികം താമസിയാതെ വിവിധ ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് പൊന്നാനി കാഞ്ഞൂര്‍ സ്വദേശി പുറത്താട്ട് മൊയ്തുണ്ണി, പയ്യനാട് ഉണ്ണിമുഹമ്മദ്, വെള്ളാല മൊയ്തീന്‍കുട്ടി, വളാഞ്ചേരി ആതവനാട് വെട്ടിക്കാട്ടിരി ഖാദര്‍, മഞ്ചേരി കരിക്കാടുകാരായ ഉണ്ണിയാര്‍പ്പന്‍ നായര്‍, കൃഷ്ണന്‍നായര്‍, ഫറോക്ക് സ്വദേശി മാളിയേക്കല്‍ ഇമ്പിച്ചഹമ്മദ്, പാണംപുറ മൊയ്തീന്‍, ചിപ്പിക്കാടന്‍ അലവി, ചങ്ങരംകുളം മുത്തുണ്ണി, കാസര്‍ക്കോടന്‍ മുഹമ്മദ്കുഞ്ഞി മുസല്യാര്‍, കുപ്പോട്ടില്‍ മമ്മദ് എന്നിവരും വിവിധ വേളകളില്‍ ദ്വീപില്‍ എത്തപ്പെടുകയുണ്ടായി. 1922 ഏപ്രില്‍ മുതല്‍ സംഘം സംഘമായി നാട് കടത്തപ്പെട്ടവരില്‍ കലാപത്തിന് അനിഷേധ്യ നേതൃത്വം നല്‍കിയിരുന്ന ആലി മുസല്യാരുടെ ശിഷ്യന്മാരും ഉള്‍പ്പെട്ടിരുന്നു. ആലി മുസല്യാര്‍ ഒന്നാം പ്രതിയായും ഏറ്റവും അടുത്ത 37 അനുയായികള്‍ സഹപ്രതികളായും ചാര്‍ജ് ചെയ്യപ്പെട്ട കേസിന്റെ വിചാരണ 1921 നവംബര്‍ 2ന് കോഴിക്കോട്ട് ചേര്‍ന്ന പ്രത്യേക കോടതിയിലാണ് നടന്നത്. ആലിമുസല്യാര്‍ ഉള്‍പ്പെടെ 13 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കാനും മറ്റു പ്രതികളെ ജീവപര്യന്തം തടവറയിലിടാനോ നാട് കടത്താനോ ആയിരുന്നു കോടതി വിധി. ഇവരില്‍ 4-ാം പ്രതി മഞ്ചേരി എളങ്കൂര്‍ സ്വദേശി കുട്ടശ്ശേരി അഹമ്മദ്, 6-ാം പ്രതി മറ്റത്ത് സെയ്തലവി, 19-ാം പ്രതി നെച്ചിമണ്ണില്‍ കുഞ്ഞഹമ്മദ്, സഹോദരന്‍ 36-ാം പ്രതി നെച്ചിമണ്ണില്‍ കുഞ്ഞീന്‍, 37-ാം പ്രതി മുനിയൂര്‍ ചെമ്പന്‍ ആലിക്കുട്ടി എന്നീ സാഹസികരെ സെല്ലുലാര്‍ ജയിലിന്റെ വീര്‍പ്പുമുട്ടിക്കുന്ന അറകളില്‍ തളച്ചിടാനാണ് അധികൃതരുടെ കൊളോണിയല്‍ മനസ്സ് താല്പര്യപ്പെട്ടത്. കാപ്പ് കുളപ്പറമ്പ് അമ്പാട്ട് പറമ്പന്‍ സെയ്ദാലിപ്പ, പൂഴിക്കുന്നന്‍ മരക്കാര്‍, കാളികാവ് മഞ്ഞപ്പെട്ടി നെച്ചിയില്‍ കുഞ്ഞീതു, ഇരുമ്പുഴി നെല്ലിക്കണ്ടന്‍ ഇത്ത്യേലു, തൂത നാലകത്ത് കുഞ്ഞാലി, പൊന്നാനി ചാലിശ്ശേരി വലിയകത്ത് കുഞ്ഞയമു, കോട്ടക്കല്‍ കൂരിയാട് കടക്കാടന്‍ മൂസ്സക്കുട്ടി, കരിങ്കല്ലത്താണി ചേളപ്പറമ്പില്‍ സെയ്താലി, കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി മാട്ടുമ്മല്‍ മരക്കാര്‍, സഹോദരന്മാര്‍ അലവി, അഹമ്മദ്കുട്ടി, പട്ടാമ്പി പുതുതല വേളക്കാടന്‍ മമ്മി, ആമക്കുണ്ടന്‍ കോയാജി, ചേലക്കാടന്‍ അഹമ്മദ്, മച്ചിങ്കല്‍ രായിന്‍, കുളമ്പന്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ 1922-ല്‍ കാലാപാനി കടത്തപ്പെട്ട നൂറുകണക്കിന് ഏറനാടന്‍ മക്കളില്‍ ചിലര്‍ മാത്രം.

"സെല്ലുലാറിന്റെ നാട്ടില്‍" തടവുകാര്‍ക്ക് മാനസികമായും ശാരീരികമായും നേരിടേണ്ടിവന്ന പീഡനങ്ങള്‍ വിവരണാതീതമാണ്. ഒരാള്‍ക്ക്കിടക്കാന്‍ മാത്രം പാകത്തില്‍ പണിത ചുടുകട്ടത്തുറുങ്കറയിലെ ഏകാന്തവാസവും വെളിയില്‍ മാംസമുരുക്കുന്ന കഠിനവേലകളും ജയില്‍ മേധാവികളുടെ ദയാദാക്ഷിണ്യമില്ലാത്ത ശിക്ഷാരീതികളും മാപ്പിളമാരുടെ സഹനത്തിനും അപ്പുറമായിരുന്നു. നിബിഡ വനാന്തരങ്ങളില്‍ ആര്‍ത്ത് വളര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്താനും കരിങ്കല്‍ ക്വാറികളില്‍ പാറയുടച്ചു ചെറുതുണ്ടങ്ങളാക്കാനും കുന്നിടിച്ച് ഓരങ്ങളില്‍ റോഡ് പണിയാനും കുന്നിടിച്ച മണ്ണ് ചുമന്നുകൊണ്ടുപോയി ചതുപ്പുകള്‍ തൂര്‍ക്കാനും കടല്‍ത്തീരങ്ങള്‍ ബലപ്പെടുത്താന്‍ കരിങ്കല്‍ഭിത്തി കെട്ടാനും ചില്ലറ ഊര്‍ജമല്ല ഇവര്‍ക്ക് കത്തിച്ചുകളയേണ്ടി വന്നത്. പൊരിവെയിലായാലും പെരുമഴയായാലും പ്രഭാതം മുതല്‍ പ്രദോഷം വരെ വിശ്രമലേശമെന്യേ കൈമെയ് മറന്ന് മാപ്പിളമാര്‍ക്ക് അത്യധ്വാനം ചെയ്യേണ്ടിവന്നു. വിദേശാധിപത്യം അവസാനിപ്പിച്ച് ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ ആയുധമെടുത്ത് പോരാടിയ ആപത്കാരികളെന്ന് മുദ്ര കുത്തപ്പെട്ടിരുന്ന മാപ്പിളമാരെ പണിയിടങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ചിരുന്നത് ബലിഷ്ഠകായരും സീനിയര്‍ കുറ്റവാളികളുമായ പഠാന്‍കാരെയും സര്‍ദാര്‍ജിമാരെയും ആയിരുന്നു. ജോലിയില്‍ അമാന്തമോ വിയോജിപ്പോ പ്രകടിപ്പിക്കുന്നവരെ മേല്‍നോട്ടക്കാരുടെയും ജയിലധികൃതരുടെയും നിശിത ഭര്‍ത്സനങ്ങളും മൃഗീയ മര്‍ദനങ്ങളുമാണ് കാത്തിരുന്നത്.

അവിശ്രമ വേലയ്ക്കിടയില്‍ ഉച്ചനേരത്ത് കിട്ടിയ ചോറ് കല്ലും നെല്ലും പുഴുക്കളും നിറഞ്ഞതായിരുന്നു. നിന്നനില്പില്‍ ഇരുകൈപ്പത്തികളും ചേര്‍ത്ത് പിടിച്ച കുമ്പിളില്‍ വേണമായിരുന്നു ചോറ് വാങ്ങാന്‍. അതിന് മുകളില്‍ പരിപ്പ് കറിയെന്ന പേരില്‍ ഒരു കലക്കവെള്ളം ഒഴിച്ചുകൊടുക്കുമായിരുന്നു. അരോചകഗന്ധം വമിക്കുന്നതും ഓക്കാനം വരുത്തുന്നതുമായിരുന്നെങ്കിലും വയറ്റില്‍ ആളുന്ന തീ അണയ്ക്കാന്‍ മറ്റൊരു പോംവഴി ഇല്ലായിരുന്നു. അതിനാല്‍ മനമില്ലാമനസ്സോടെ, കിട്ടിയത് വായിലാക്കി വിഴുങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അതേ നില്പില്‍ വിശപ്പടക്കിയശേഷം ചെയ്തുകൊണ്ടിരുന്ന ജോലി തുടരണമായിരുന്നു. ഇവയ്ക്കെല്ലാം പുറമെ ആയിരുന്നു ഇടയ്ക്കിടെ മാരകമായി ആക്രമിച്ചുകൊണ്ടിരുന്ന മലമ്പനിയുമായുള്ളമല്‍പ്പിടുത്തം. ആദ്യമാദ്യം എല്ലാവിധ പീഡനങ്ങളും മാപ്പിളമാര്‍ സഹിച്ചു. എന്നാല്‍, പീഡനങ്ങള്‍ ഈ മുറയ്ക്ക് തുടര്‍ന്നാല്‍ തങ്ങള്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. ഇനിയും അടിമകളെപ്പോലെ ജീവിക്കാനാവില്ലെന്നും മരണം വരിക്കേണ്ടി വന്നാലും പീഡനങ്ങള്‍ക്ക് കീഴ്പ്പെടേണ്ടതില്ലെന്നും അവരുറപ്പിച്ചു. അവര്‍ അധികൃതരുടെ ആജ്ഞകള്‍ നിരസിക്കാനും ദേഹോപദ്രവങ്ങളെ ചെറുക്കാനും തുടങ്ങി. ഒരുനാള്‍ ഏതോ പ്രകോപനം കാരണം കലുഷിതമായ അവര്‍ സംഘം ചേര്‍ന്ന് ജയില്‍വളപ്പിലെ മരത്തുണ്ടുകളും ഇരുമ്പു ദണ്ഡുകളും കൈക്കലാക്കി ജയിലുദ്യോഗസ്ഥരെ കണക്കിന് പ്രഹരിച്ചു. ഒരു ജീവന്മരണ പോരാട്ടത്തിന് തയാറായി നില്‍ക്കുന്ന മാപ്പിളമാരെ അനുനയിപ്പിച്ചുകൊണ്ട് ഭരണത്തലവന്‍ അവരുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. അന്തമാന്‍ സ്കീം ഭരണാധികാരികള്‍ അസാധാരണമാംവിധം പത്തി താഴ്ത്തി നില്‍ക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മാപ്പിളത്തടവുകാരുടെ കുടുംബങ്ങളെയും കടല്‍കടത്തി കൊണ്ടുപോയി അന്തമാന്‍ മണ്ണില്‍ കുടിയിരുത്താനുള്ള ഒരു പദ്ധതിക്ക് അവര്‍ രൂപം നല്‍കുന്ന അവസരമായിരുന്നു അത്. കോളനി വിപുലപ്പെടുത്താനുള്ള ലാക്കായിരുന്നു ഇതിന് പിന്നിലെ പ്രേരണ. 1924 സെപ്തംബര്‍ 6ന് മലബാര്‍ കലക്ടര്‍ തോറന്‍ "അന്തമാന്‍ സ്കീം" സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. തങ്ങളെ ജീവപര്യന്തം ശിക്ഷ വിധിച്ച് വിദൂരസ്ഥമായ അന്തമാനില്‍ കൊണ്ടിട്ടതോടെ ഇനിയൊരിക്കലും ഭാര്യാസന്താനങ്ങളെ കാണാനാവില്ലെന്ന മാപ്പിളമാരുടെ വ്യഥചിന്തകള്‍ക്കറുതി വരുത്തി അന്തമാന്‍ സ്കീം.

ഉത്സാഹഭരിതരായ അവരില്‍ നല്ലൊരു പങ്ക് അധികൃതസമക്ഷം അപേക്ഷ സമര്‍പ്പിച്ചു. പലതിനും അനുകൂലമായ തീര്‍പ്പുകള്‍ ഉണ്ടായി. കലാപകാരികളുടെ കുടുംബങ്ങളെ തേടി അന്തമാന്‍ പൊലീസ് മലബാറിലെത്തി. കുടുംബനായകരെ നാടുകടത്തിയതോടെ അനാഥത്വത്തിന്റെയും പട്ടിണിയുടെയും മറ്റനേകം ദുരിതങ്ങളുടെയും നിലകിട്ടാക്കയത്തിലേക്ക് ആണ്ടുപോയിരുന്ന കുടുംബങ്ങള്‍ക്കും പുതിയ സ്കീം പ്രതീക്ഷകളുടെ പിടിവള്ളിയായി. വിജ്ഞാപനം പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അന്തമാനില്‍ അപ്പോഴുണ്ടായിരുന്ന 1133 മാപ്പിളക്കൈദികളില്‍ 258 പേരുടെ കുടുംബാംഗങ്ങളെ ദ്വീപിലെത്തിച്ചുകഴിഞ്ഞിരുന്നു. മറ്റുള്ള അപേക്ഷകള്‍ ഗവണ്‍മെന്റിന്റെ സജീവ പരിഗണനയിലുമായിരുന്നു. മേല്‍പറഞ്ഞ കുടുംബങ്ങളെ വിവിധ സംഘങ്ങളായി വിഭജിച്ച് പോര്‍ട്ട് ബ്ലയറിന്റെ പ്രാന്തപ്രദേശ ങ്ങളില്‍ കുടിയിരുത്തി. അവര്‍ക്ക് സൗജന്യമായി കൃഷിഭൂമിയും പുരയിടവും അനുവദിച്ചു. അവര്‍ അധിവാസം തുടങ്ങിയ സ്ഥലങ്ങള്‍ക്ക് മലബാറിലെ സ്ഥലനാമങ്ങള്‍ തന്നെ ചാര്‍ത്തി. കാലിക്കറ്റും മഞ്ചേരിയും മലപ്പുറവും മണ്ണാര്‍ക്കാടും തിരൂരും വണ്ടൂരും അങ്ങനെ അന്തമാന്‍ വനഭൂമിയിലും ജന്മം കൊണ്ടു. കൂടാതെ, മുസ്ലിം ബസതി, നയാപുരം, കന്യാപുരം തുടങ്ങി മറ്റേതാനും ഗ്രാമങ്ങളും ഏറനാടന്‍ കുടുംബങ്ങളുടെ അധിവാസ കേന്ദ്രങ്ങളായി. എന്നാല്‍, അന്തമാന്‍ സ്കീമിന്റെ മറപിടിച്ച് മലബാറില്‍നിന്നും മാപ്പിളമാരെ കൂട്ടത്തോടെ തുടച്ചുനീക്കാനുള്ള ഗൂഢലക്ഷ്യം സര്‍ക്കാന്‍ നടപ്പിലാക്കുന്നുവെന്നാണ് കേരളത്തില്‍ ഉയര്‍ന്നുകേട്ട ആക്ഷേപം. സ്കീമിനെ ചൊല്ലിയുള്ള പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബായിരുന്നു ഏറ്റവും രൂക്ഷമായി പ്രതികരിച്ചത്. പ്രതിഷേധത്തിന്റെയും വിമര്‍ശനത്തിന്റെയും അലയിളക്കങ്ങള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും എത്തിച്ചേര്‍ന്നു. തുടര്‍ന്ന്, അന്തമാനിലെ മാപ്പിളമാരുടെ ജീവിതാവസ്ഥ നേരിട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. സര്‍ക്കാര്‍ പക്ഷപാതിയായ ചെയര്‍മാന്‍ സ്കീമിനെ അനുകൂലിച്ചുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മറ്റു രണ്ട് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ സമുദ്രം താണ്ടേണ്ടിവന്ന ദുരിതകുടുംബങ്ങളുടെ സ്ഥിതി മനസ്സിലാക്കാന്‍ തികച്ചും പര്യാപ്തമായിരുന്നു. ഈ (മാപ്പിള) വില്ലേജുകളുടെ സ്ഥലമോ പരിസരമോ തങ്ങള്‍ക്ക് ബോധിച്ചതേ ഇല്ലെന്നും അങ്ങുമിങ്ങുമായി ആശുപത്രികളില്‍നിന്നും പ്രധാന കച്ചവട സ്ഥലത്തുനിന്നും വളരെ ദൂരെ, തിങ്ങിയ കാടുകള്‍ക്ക് സമീപം മലഞ്ചെരിവുകളിലാണ് വില്ലേജുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലൂടെ അവര്‍ പുറംലോകത്തെ അറിയിച്ചു.

ജനങ്ങള്‍ക്ക് താമസിക്കാന്‍ ശോച്യങ്ങളായ ചെറ്റച്ചാളകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അവര്‍ രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും പുരുഷന്മാരും വിളര്‍ത്ത് മെലിഞ്ഞ്, അഗതികളെപ്പോലെ കാണപ്പെട്ടുവെന്നും തങ്ങള്‍ സന്ദര്‍ശിച്ച മാപ്പിള വില്ലേജുകളില്‍ കിണറോ കക്കൂസോ ഇല്ലെന്നും കുടിക്കാന്‍ വേണ്ട വെള്ളം അശുദ്ധിയായ കാട്ടരുവിയില്‍നിന്ന് കൊണ്ടുവരികയാണെന്നും അവര്‍ വ്യക്തമാക്കി. ദ്വീപിലെ വഷളായ സദാചാര നിലയെപ്പറ്റിയും ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രകൃതിവിരുദ്ധ കൃത്യങ്ങളെപ്പറ്റിയും വളരെ വളരെ ദുഷിച്ചു മലീമസമായ സാന്മാര്‍ഗികാന്തരീക്ഷത്തെപ്പറ്റിയും കമ്മിറ്റി അംഗങ്ങള്‍ വിശദീകരിച്ചു. ഈ കാരണങ്ങള്‍കൊണ്ട് തന്നെ അന്തമാന്‍ സ്കീം നിര്‍ത്തലാക്കണമെന്നും പുരുഷത്തടവുകാരെ ഇന്ത്യയിലെ മറ്റേതെങ്കിലും ജയിലുകളിലേക്ക് മാറ്റണമെന്നും സ്ത്രീകളെയും കുട്ടികളെയും ജന്മനാട്ടിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ അതിശക്തം ശുപാര്‍ശ ചെയ്തു. എന്നാല്‍, ചില ഭേദഗതികളോടെ സ്കീം തുടര്‍ന്നും നടപ്പാക്കാന്‍തന്നെയായിരുന്നു സര്‍ക്കാര്‍ തീരുമാനം. തടവുകാര്‍ ആവശ്യപ്പെടുന്നപക്ഷം കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കാനും അവര്‍ മറ്റേതെങ്കിലും കാരാഗൃഹത്തിലേക്ക് മാറാന്‍ ഔത്സുക്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ അതിനു വഴിയൊരുക്കണമെന്നും ആയിരുന്നു പുതിയൊരു നിബന്ധന. ഇവയ്ക്ക് തുലോം പരിമിതമായ പ്രതികരണങ്ങളേ മാപ്പിളമാരില്‍നിന്ന് ഉണ്ടായുള്ളൂ. നേരെമറിച്ച്, മറ്റേതെങ്കിലും തടവറകളില്‍ ദീര്‍ഘകാലശിക്ഷ അനുഭവിക്കുന്ന കലാപികള്‍ അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം അവര്‍ക്ക് കുടുംബത്തോടൊപ്പം അന്തമാനില്‍ കുടിയേറ്റത്തടവുകാരായി ജീവിക്കാന്‍ സൗകാര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് മറ്റൊരു ഭേദഗതി കൂടി ഉണ്ടായി. ഇതാണ് പ്രായേണ ഗുണകരമായി മാപ്പിളമാര്‍ക്ക് തോന്നിയത്. അനാഥരും നിരാശ്രയരുമായിത്തീര്‍ന്ന തങ്ങളുടെ വീട്ടുകാരില്‍നിന്നും വേര്‍പെട്ട് കല്‍ത്തുറുങ്കില്‍ വര്‍ഷങ്ങളോളം നരകിച്ച് കഴിയുന്നതിലും ഭേദം സമുദ്രത്തിനക്കരെയാണെങ്കിലും ഒരേ കൂരയ്ക്ക് കീഴെ എല്ലാവരും ഒന്നിച്ച് ജീവിക്കുന്നതാണെന്ന് മാപ്പിളമാര്‍ നിരൂപിച്ചു. മാത്രമല്ല, ഒരേ കുടുംബത്തില്‍നിന്ന്തന്നെ രണ്ടുംമൂന്നും സഹോദരങ്ങള്‍ ബന്ദീഗൃഹത്തില്‍ അടയ്ക്കപ്പെട്ടതോടെ ആണ്‍തുണ പാടേ ഇല്ലാതായ അവരുടെ ഭാര്യാസന്താനങ്ങളും അത്യന്തം പരിതാപകരമായ അവസ്ഥയിലായിരുന്നു. ഈദൃശ കാരണങ്ങളാല്‍ സ്കീമിലെ പുതിയ പരിവര്‍ത്തനത്തിന് അനുകൂലമായി മനസ്സ് തിരിക്കാന്‍ മാപ്പിളമാര്‍ വിമുഖത കാണിച്ചില്ല. ബെല്ലാരി ജയിലില്‍ കഴിയുകയായിരുന്ന മണ്ണാര്‍ക്കാട് കുമരം പുത്തൂര്‍ പൂവ്വക്കുണ്ടില്‍ മായിന്‍, തൂത സ്വദേശികളായ മഹാളി മമ്മദ്, അനുജന്‍ മൂസ്സ, പാറക്കളത്തില്‍ മൊയ്തീന്‍, സഹോദരങ്ങളായ കുഞ്ഞയമ്മദ്, മമ്മദ്, ചക്കുപുരക്കല്‍ കുട്ടി ഹസ്സന്‍, ചോലക്കല്‍ മൊയ്തീന്‍, കുത്തുകല്ലന്‍ കുഞ്ഞാറന്‍, അലനല്ലൂര്‍ പാലപ്പുറ കുഞ്ഞയമു, നെന്മിനി അരിപ്ര പോക്കുഹാജി, ചെര്‍പ്പുളശ്ശേരി ആനമങ്ങാട് നടുക്കാടന്‍ കുഞ്ഞയമ്മദ്, മേലാറ്റൂര്‍ വെട്ടത്തൂര്‍ കാക്കപ്പാറ അബ്ദുള്ള തുടങ്ങി അനേകം തടവുകാര്‍ അങ്ങനെ ഉറ്റവരെയുംകൂട്ടി അന്തമാനിലെത്തി. ഇവരില്‍ 50 കുടുംബങ്ങളെ കുടിയിരുത്തിയത് നയാപുരം ഗ്രാമത്തിലാണ്. 1936-37 ഓടെ അന്തമാന്‍ പാളയത്തില്‍ തടവുജീവിതം നയിക്കുകയായിരുന്ന, സ്വാതന്ത്ര്യസമര ഭടന്മാരും മലബാര്‍ കലാപികളും ഉള്‍പ്പെടെ, എല്ലാവരെയും ശിക്ഷാവിമുക്തരാക്കിയിരുന്നു. 1931-ലെ കണക്കുപ്രകാരം 1885 കലാപികളെയാണ് അതിനകം ദ്വീപില്‍ എത്തിച്ചിരുന്നത്. അവരില്‍ ചിലര്‍ക്ക് ശിക്ഷാകാലയവളില്‍തന്നെ പലവിധ രോഗപീഡകള്‍ നിമിത്തം മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നിട്ടുണ്ട്.

ജന്മനാട്ടില്‍ സ്വന്തമായി കൃഷിഭൂമിയും പാര്‍പ്പിടവും ഉണ്ടായിരുന്ന ചുരുക്കം ചിലരാവട്ടെ സ്വതന്ത്രരായശേഷം കുടുംബത്തോടൊപ്പം നാട്ടിലേക്കുതന്നെ തിരിച്ചുപോയി. എന്നാല്‍ തന്റേതെന്ന്പറയാന്‍ ഒരു കൂരയോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതിരുന്ന കേവലം കുടിയാന്മാരായിരുന്നു ഭൂരിപക്ഷം പേരും. ജന്മികളുടെ പാട്ടഭൂമികളില്‍ അവരുടെ ചൂഷണങ്ങള്‍ക്കും സര്‍ക്കാരുദ്യോഗസ്ഥരുടെ കര്‍ശന നിലപാടുകള്‍ക്കും വിധേയരായി ജീവിതം പുലര്‍ത്താന്‍ കാര്‍ഷികവൃത്തി നടത്തിയവരാണവര്‍. നാട്ടിലേക്ക് മടങ്ങിച്ചെന്നാല്‍ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാന്‍ ഭൂവുടമകള്‍ പാട്ടനിലം നല്‍കുമോയെന്ന കടുത്ത ആശങ്ക അവര്‍ക്കുണ്ടായി. സര്‍വോപരി ഒന്നരപ്പതിറ്റാണ്ട് നീണ്ട അവരുടെ അഭാവത്തില്‍ മലബാറില്‍ സംഭവിച്ചിരിക്കാനിടയുള്ള സാമൂഹിക മാറ്റങ്ങളെക്കുറിച്ചും അവര്‍ അജ്ഞരായിരുന്നു. തന്മൂലം അന്തമാനിന്റെ കന്നിമണ്ണില്‍തന്നെ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച "സ്വന്തം ഭൂമി"യില്‍ കൃഷിപ്പണി നടത്തി സൈ്വരജീവിതം നയിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ വെച്ചുപിടിപ്പിച്ച തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ്, മരച്ചീനി, വാഴ, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയ്ക്ക് ദ്വീപാന്തരങ്ങളിലെ വളക്കൂറുള്ള മണ്ണില്‍ വേരോട്ടം കിട്ടിയതിനോടൊപ്പം അവരുടെ ജീവിതങ്ങളിലും അപ്പോഴേക്ക് പച്ചപ്പ് വിരിയാന്‍ തുടങ്ങിയിരുന്നു. ഗൃഹാതുരതയോടെ ജന്മനാട്ടിലെത്തിയ പലര്‍ക്കും ചില ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. അന്തമാനിലേക്ക് കടല്‍ കടത്തികൊണ്ടുപോയവരെ മടങ്ങിവരാന്‍ നിയതി ഒരിക്കലും അനുവദിക്കില്ലെന്ന ദൃഢവിശ്വാസത്തില്‍ ചിലരുടെ വസ്തുവകകള്‍ കൈയേറി അടുത്ത ബന്ധുക്കള്‍ സ്വന്തമാക്കിവെച്ചിട്ടുണ്ടായിരുന്നു. സംവത്സരങ്ങള്‍ക്ക് ശേഷമുള്ള അവിചാരിത കൂടിക്കാഴ്ചയില്‍ ഉറ്റവരില്‍നിന്നും ഉടയവരില്‍നിന്നും സ്നേഹനിര്‍ഭരമായ സ്വീകരണവും പരിചരണവും പ്രതീക്ഷിച്ചുചെന്ന ആ മാപ്പിളമാര്‍ക്ക് "കൈയേറ്റക്കാരു"ടെ ദുര്‍മുഖങ്ങളാണ് കാണേണ്ടി വന്നത്. തങ്ങള്‍ യഥേഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു ദുര്‍മുഖങ്ങള്‍ക്ക് കാരണം.
പതിനഞ്ച് വര്‍ഷം വെള്ളക്കാരുടെ ചാട്ടവാറുകള്‍ക്ക് കീഴില്‍ അടിമകളെപ്പോലെ ജീവിക്കേണ്ടിവന്ന ദുര്യോഗത്തേക്കാളും കലാപികളുടെ കരള്‍കീറിയത് സ്വന്തപ്പെട്ടവരുടെ ഇത്തരം ദുഷ്ചെയ്തികളായിരുന്നു. അങ്ങനെയുള്ള അനഭികാമ്യ സാഹചര്യത്തില്‍ നാട്ടില്‍ പിടിച്ചുനില്‍ക്കുന്നത് ബദ്ധപ്പാടായിരിക്കുമെന്ന് തിരിച്ചറിഞ്ഞ പലരും വീട്ടുകാരെയും കൂട്ടി അന്തമാനിലേക്ക് തന്നെ മടക്കക്കപ്പല്‍ കയറി. ഒന്നര ദശാബ്ദം മുമ്പ് ബ്രിട്ടീഷ് പൊലീസിന്റെ തോക്കിനും ചങ്ങലപ്പൂട്ടിനും കീഴ്പ്പെട്ടാണ് ബംഗാള്‍ ഉള്‍ക്കടല്‍ താണ്ടാന്‍ അവര്‍ നിര്‍ബന്ധിതരായതെങ്കില്‍ തങ്ങളുടെ ബാക്കിജീവിതങ്ങള്‍ തേടിയുള്ള സമുദ്രാടനമാണ് ഇപ്പോള്‍ അവര്‍ക്ക് നടത്തേണ്ടി വന്നത്. ജപ്പാന്റെ കിരാത ഭരണം അന്തമാന്‍ ജനതയ്ക്ക് ബ്രിട്ടീഷധികൃതരില്‍നിന്ന് ഇത്രമേല്‍ ദുരിതാനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടും തമ്മില്‍ ഭേദം അവരായിരുന്നു എന്ന് തോന്നിപ്പിച്ച ദുഷ്കാലവും ജനങ്ങള്‍ക്കുണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാരെ തോല്പിച്ച് ജപ്പാന്‍ സൈന്യം അന്തമാന്‍-നിക്കോബാറിന്റെ ഭരണം കൈയാളിയ വേളയിലായിരുന്നു അത്. ദ്വീപുകള്‍ക്ക് മേലുള്ള അധികാരം വെച്ചൊഴിയേണ്ടിവന്നെങ്കിലും ദ്വീപുകളെ വലയം ചെയ്ത് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ഉപരോധം സൃഷ്ടിച്ചിരുന്നു. തന്നിമിത്തം ജപ്പാന്റെ ചരക്കുകപ്പലുകള്‍ക്ക് ദ്വീപുകളിലേക്ക് കടന്നുവരാന്‍ പറ്റാത്ത ദുരവസ്ഥ സംജാതമായി. അതോടെ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും മറ്റവശ്യ സാധനങ്ങള്‍ക്കും ക്ഷാമമായി. ജനങ്ങള്‍ കൊടും പട്ടിണിയാല്‍ വലഞ്ഞു. ഇതിനിടയിലും വിമാനത്താവളം, റോഡ്, പാലം, വെടിക്കോപ്പറ, പീരങ്കിത്തറ എന്നിവ നിര്‍മിക്കാന്‍ മെയ്ക്കരുത്തുള്ള യുവാക്കളെ സൈനികര്‍ വീടുകള്‍തോറും കയറിയിറങ്ങി പിടിച്ചുകൊണ്ടുപോയിരുന്നു. നാളുകള്‍ നീണ്ട ജോലിക്കിടയില്‍ തളര്‍ന്നൊന്ന് ഇരുന്നാല്‍ അഭിനയമാണെന്നാരോപിച്ച് സൈനികര്‍ അതിക്രൂരം മര്‍ദിക്കുമായിരുന്നു. തെങ്ങിനോട് ചേര്‍ത്ത് കെട്ടിയിട്ടായിരുന്നു മര്‍ദനമുറകള്‍. മര്‍ദനമേറ്റ് തല്‍ക്ഷണം അന്ത്യശ്വാസംവലിച്ചവരുണ്ട്. ജനസംഖ്യ കുറയ്ക്കാന്‍ രോഗികളെയും വൃദ്ധരെയും കായികശേഷി ഇല്ലാത്തവരെയും ബോട്ടുകളില്‍ കയറ്റി രാത്രികാലങ്ങളില്‍ പുറംകടലില്‍ കൊണ്ടുപോയി സൈനികര്‍ മൃഗീയമായി തള്ളിയിട്ടുകൊന്നിട്ടുണ്ട്. അല്പമെങ്കിലും ഇംഗ്ലീഷ് അറിയാവുന്നവരെ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ചാരപ്പണി ചെയ്യുന്നുവെന്ന് ആരോപിച്ച് കൂട്ടത്തോടെ വെടിയുണ്ടകള്‍ക്കിരയാക്കിയിട്ടുണ്ട്. നൂറുകണക്കിന് നിരപരാധികള്‍ക്കാണ് ജാപ് ഭരണകാലത്ത് ഈവിധ നിഷ്ഠുരതകളിലൂടെ അപമൃത്യു സംഭവിച്ചത്. നാലകത്ത് കുഞ്ഞാലിയുടെ യൂസഫ്, സുലൈമാന്‍ എന്നീ രണ്ടു സന്താനങ്ങള്‍, ഉണ്ണിയാര്‍പ്പന്‍ നായര്‍, ചക്കുങ്കല്‍ സെയ്ദാലിക്കുട്ടി തുടങ്ങി ഏതാനും മലയാളികള്‍ക്കും ജാപ് സൈനികരുടെ രാക്ഷസീയതക്ക് മുമ്പില്‍ പ്രാണന്‍ വെടിയേണ്ടിവന്നു.

മാനുഷികതയ്ക്ക് ഒരു മൂല്യവും കല്പിക്കാത്ത മട്ടിലായിരുന്നു അധികൃതരുടെ വ്യവഹാരങ്ങള്‍. സൈനികരുടെയും പൊലീസുകാരുടെയും ജാഗരൂകത ഇരവിലും പകലിലും മുക്കിലും മൂലയിലും കാട്ടിലും മേട്ടിലും ദ്വീപീയരെ സദാ പിന്തുടര്‍ന്നു. ഏത് നിമിഷവും ഏതെങ്കിലും കുറ്റത്തിന്റെ പേര് പറഞ്ഞ് തങ്ങളുടെ കൈകളില്‍ ആമം വീണേക്കാമെന്ന് ഓരോ ദ്വീപുവാസിയും ഭയന്നു. വല്ലാത്തൊരു അരക്ഷിതാവസ്ഥയിലും വീര്‍പ്പുമുട്ടലിലും ഞെരുങ്ങി, വാള്‍ത്തലപ്പുകളില്‍ നില്‍ക്കുംപോലെയായിരുന്നു അവരുടെ ഓരോ നിമിഷവും. ഒടുവില്‍ സഖ്യകക്ഷികളുമായുണ്ടായ പോരാട്ടത്തില്‍ പരാജയം അറിഞ്ഞുതുടങ്ങിയ ജപ്പാന് ഭരണഭാരം ബ്രിട്ടീഷുകാര്‍ക്ക് തന്നെ കൈമാറി ദ്വീപുകളെ ഉപേക്ഷിക്കേണ്ടിവന്നു. അപ്പോള്‍ മാത്രമാണ് ഭയവിഹ്വലരായിരുന്ന ജനങ്ങള്‍ സര്‍വവിധ സമ്മര്‍ദങ്ങളില്‍നിന്നും മുക്തരായി അല്പമൊന്നാശ്വസിച്ചത്.

സമകാലിക മാപ്പിള സമൂഹം നാടു കടത്തപ്പെട്ട മാപ്പിളമാരില്‍ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. ഏറ്റവും ഒടുവിലായി ജീവാന്ത്യം സംഭവിച്ച വ്യക്തിയാണ് കരുവാരക്കുണ്ട് സ്വദേശി ആമക്കുണ്ടന്‍ കോയാജി; 1993ല്‍. അതിന് മുമ്പ് കാലഗതി പ്രാപിച്ച രണ്ട് കലാപ ഭടന്മാര്‍ നെച്ചിയില്‍ കുഞ്ഞീതു (1992-ല്‍) വും മാട്ടുമ്മല്‍ മരക്കാ(1990ല്‍)റും ആയിരുന്നു. (മരക്കാറുടെ സഹോദരന്‍ അഹമ്മദ്കുട്ടി 1983-ലും അലവി ജാപ് അധിനിവേശ കാലത്തുമായിരുന്നു നിര്യാതരായത്). കോയാജിയുടെ ദേഹവിയോഗത്തോടെ വിദേശമേല്‍ക്കോയ്മക്കും ജന്മിത്വത്തിനും എതിരെ ആയുധമെടുത്തടരാടിയ കുറ്റത്തിന് ജന്മനാട്ടില്‍നിന്നും വേരോടെ പിഴുതെറിയപ്പെട്ട ഒരു തലമുറയുടെ അന്ത്യമായി. മലബാര്‍ കലാപവുമായോ സ്വാതന്ത്ര്യസമര പരമ്പരകളുമായോ ബന്ധപ്പെട്ട ചരിത്ര നിര്‍മിതികളില്‍നിന്നും ഈ ഏറനാടന്‍ സന്താനങ്ങളെ എന്തുകൊണ്ടോ അകറ്റി നിര്‍ത്തിയിരിക്കയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അങ്ങുമിങ്ങും ജന്മംകൊണ്ട കൊച്ചുകൊച്ചു സംഘര്‍ഷങ്ങള്‍ക്ക് വരെ അമിത പ്രാധാന്യം ലഭിച്ച് അവ സമരപുരാവൃത്തങ്ങളില്‍ ഇടംനേടിയപ്പോള്‍ അന്തമാനിലേക്ക് കാലാപാനി കടത്തപ്പെട്ട മലബാര്‍ കലാപികള്‍ക്ക് നേരെ നീതികേടും നെറികേടും. പിറന്നുവീണ മണ്ണില്‍നിന്നും നിഷ്കാസനം ചെയ്യപ്പെട്ട കണക്കെ ചരിത്ര കൃതികളില്‍നിന്നും പുറംതള്ളപ്പെട്ട ചരിത്രസ്രഷ്ടാക്കളായി അന്തമാനിലെ മാപ്പിളകലാപികള്‍. 1980 മുതല്‍ മലബാര്‍ കലാപത്തെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ച് അതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്രഗവണ്‍മെന്റ് ഉത്തരവിറക്കിയിരുന്നു. എങ്കിലും അന്തമാനിലെ മാപ്പിളമാര്‍ അതൊന്നും അറിഞ്ഞില്ല. അവരെ അറിയിക്കേണ്ട ഔദ്യോഗിക വക്താക്കള്‍ കുറ്റകരമായി നിശ്ശബ്ദത പാലിക്കുകയും ചെയ്തു. പ്രസ്തുത വിഷയത്തിലും ഈ ഹതഭാഗ്യരെ ഏതോ കുബുദ്ധികള്‍ കൗശലപൂര്‍വം കബളിപ്പിക്കുകയായിരുന്നു.

അന്തമാനിലെ വര്‍ത്തമാനകാല മാപ്പിള സമൂഹം സംതൃപ്തരും സുരക്ഷിതരുമാണ് (ഇപ്പോള്‍ അവര്‍ നാലാം തലമുറയില്‍ എത്തിനില്‍ക്കുന്നു). ആധുനിക ജീവിതക്രമങ്ങളുമായി യുവജനത താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു. ചില സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്മാരായി മാപ്പിള മക്കളുണ്ട്. അവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പൊലീസ് ഓഫീസര്‍മാരും റവന്യൂ അധികാരികളുമുണ്ട്. രാഷ്ട്രീയ നേതാക്കളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുംവരെ അവരായിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ചില ഉപദേശകസമിതികളിലും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചിരുന്നു. മലബാറില്‍ അവശേഷിക്കുന്ന രക്തബന്ധങ്ങളെ അന്തമാനിലെ പുതുതലമുറകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ സന്താനങ്ങള്‍ കേരളത്തിലെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളായുണ്ട്. അവരുടെ പ്രാദേശിക രക്ഷാകര്‍ത്താക്കള്‍ മലബാറിലെ ബന്ധുജനങ്ങളാണ്. അന്തമാനിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് മാപ്പിളസമൂഹം നല്‍കിവരുന്ന ഉണ്‍മയും ഊര്‍ജവും അപ്രധാനമല്ല. ജന്മനാട്ടില്‍നിന്നും വേരറുക്കപ്പെട്ട ഒരു തലമുറയുടെ ആത്മനൊമ്പരം ഇന്നത്തെ സമൂഹത്തിന് അതേപടി പകര്‍ന്ന് കിട്ടിയില്ലായിരിക്കാം. എന്നാല്‍, അന്തമാനെന്ന കന്യാവനഭൂമിയുടെ ഇരുളിമയില്‍ സ്വന്തം രക്തവും വിയര്‍പ്പും മോഹങ്ങളുംകൊണ്ട് പൂര്‍വികര്‍ നനച്ച്പടര്‍ത്തിയ വേരുകളില്‍നിന്നാണ് പ്രകാശധവളിമയില്‍ കുളിച്ചുനില്‍ക്കുന്ന ആധുനിക തലമുറകള്‍ ഉരുവം കൊണ്ടതെന്ന് ഓര്‍ക്കേണ്ടതാണ്.

*
വിജയന്‍ മടപ്പള്ളി (അന്തമാന്‍-നിക്കോബര്‍ ഫിഷറീസ് വകുപ്പില്‍ ചീഫ് ഇന്‍സ്ട്രക്ടറായിരുന്നു ലേഖകന്‍)

ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

1921 ലായിരുന്നു കൊളോണിയല്‍ ഭരണകൂടത്തെ അടിമുടി പിടിച്ചുലച്ച ആ ഐതിഹാസിക മുന്നേറ്റം. ചരിത്രരചയിതാക്കള്‍ തങ്ങളുടെ മത-രാഷ്ട്രീയ വിശ്വാസസംഹിതകളെ തൃപ്തിപ്പെടുത്തുംവിധം പ്രസ്തുത സംഭവത്തെ മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും സ്വാതന്ത്ര്യസമരമെന്നും കാര്‍ഷിക വിപ്ലവമെന്നും ഹിന്ദു-മുസ്ലിം കലഹമെന്നും ഖിലാഫത്ത് പ്രക്ഷോഭമെന്നും മറ്റും പേരിട്ടു വിളിച്ചു. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും വിവാദകുതുകികള്‍ക്ക് ഇന്നും അതൊരു സങ്കീര്‍ണ വിഷയമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവരുടെ നോക്കെത്തും ദൂരങ്ങള്‍ക്കപ്പുറത്തെ കൊടും തമസ്സില്‍ വലിയൊരു ജനസമൂഹം പിന്‍തള്ളപ്പെട്ടു കിടപ്പുണ്ടെന്ന ക്രൂരയാഥാര്‍ഥ്യം വിസ്മരിച്ചുകളഞ്ഞു. കലാപക്കേസ്സുകളില്‍ അറസ്റ്റ് ചെയ്ത് അന്തമാനെന്ന നരകത്തിലേക്ക് കാലിക്കൂട്ടങ്ങളെപ്പോലെ കടല്‍ കടത്തിക്കൊണ്ടുപോയ മാപ്പിളമാരായിരുന്നു അവര്‍. സാമ്രാജ്യത്വ-ദുഷ്പ്രഭുത്വശക്തികള്‍ നീട്ടിയ നിറതോക്കുകള്‍ക്ക് നേരെ, മരണം ഉറപ്പാണെന്നറിഞ്ഞിട്ടും ഒരാഹ്വാനം കേട്ടുണര്‍ന്ന് അവര്‍ ഭ്രാന്തമായി പാഞ്ഞടുത്തതാണ. അവരില്‍ 150 കലാപകാരികളടങ്ങുന്ന ആദ്യസംഘത്തെ ടി എസ് എസ് മഹാരാജ എന്ന കപ്പലില്‍ മദിരാശി തുറമുഖത്ത്നിന്ന് വംഗസമുദ്രം കടത്തി അന്തമാനില്‍ എത്തിച്ചത് 1922 ഏപ്രില്‍ 22നായിരുന്നു. ഇപ്പോള്‍ ആ നിര്‍ബന്ധിത പ്രവാസത്തിന് തൊണ്ണൂറ് വയസ്സ് തികയുന്നു.

yoonas said...

ഇത്രയും ക്രൂരമായ പീഡനം സഹിച്ച് നിങ്ങൾ ഞങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തന്നു
നന്ദി എങ്ങനെ പറയും?

yoonas said...

ഉള്ളാട്ടുപറമ്പിൽ യൂനുസ്
മണ്ണാർക്കാട്
കേരള
9847 396665