Wednesday, April 11, 2012

തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

ഗ്രാമീണ ജനതയുടെ ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള പ്രധാന പദ്ധതിയെന്ന നിലയിലാണ് 2005-ല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. ഗ്രാമീണ ധനികരുടെ സമ്മര്‍ദ്ദത്തിനു വിധേയമായി ഈ പദ്ധതിയെ തകര്‍ക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അവസാന ബജറ്റില്‍ ഏഴായിരം കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും അതിനുള്ളില്‍ ജില്ലകള്‍ക്കും പ്രായോഗികമായി ഏറ്റെടുക്കുവാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടതിനു പകരം പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന ജോലികളുടെ നിബന്ധന കര്‍ശനമായി അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. തന്മൂലം ബജറ്റ് വിഹിതം പകുതിപോലും ചെലവഴിക്കപ്പെടുന്നില്ല. ഈ പേരിലാണ് ഓരോ വര്‍ഷവും ബജറ്റ് വിഹിതം വെട്ടി കുറയ്ക്കുന്നത്.

ഗ്രാമീണ ധനികരുടെ ശബ്ദമാണ് കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിലൂടെ പ്രതിഫലിച്ചത്. ദേശീയ തൊഴിലുറപ്പ് പദ്ധതി കാരണം കൃഷി ജോലിക്ക് ആളുകള്‍ കുറയുന്നുവെന്നാണ് അദ്ദേഹം വിലപിച്ചത്. പിന്നിട്ട സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പവാറിന്റെ വിലാപത്തിന് യാതൊരു കഥയുമില്ലെന്ന് തെളിയും. ദേശീയാടിസ്ഥാനത്തില്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബറാണ് കാര്‍ഷിക മാസങ്ങള്‍. ഈ മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ കുറവായിരുന്നു. തൊഴില്‍ ദിനങ്ങള്‍ കൂടിയത് കര്‍ഷക സീസണല്ലാത്ത മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു.

പദ്ധതി നടത്തിപ്പിലെ വീഴ്ച പ്രതിവര്‍ഷം നല്‍കുന്ന തൊഴില്‍ ദിനങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 2009-10 ല്‍ 40.1 ശതമാനം, 2010-11 ല്‍ 40.8 ശതമാനം, 2011-12ല്‍ 39.61 ശതമാനം എന്നിങ്ങനെ ദേശീയ ശരാശരി വര്‍ഷംതോറും കുറയുകയാണ്. കൂലിയെ സംബന്ധിച്ചും ഇതേ സമീപനം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂലി വര്‍ധനവ് സംബന്ധിച്ച കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കേന്ദ്രത്തിന് തിടുക്കമായിരുന്നു. കേരളത്തിന്റെ പ്രതേ്യക സാഹചര്യം പരിഗണിച്ച് വേതനം 300 രൂപയാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം നിരസിച്ച് കേവലം 14 രൂപയുടെ വര്‍ധനവ് വരുത്തി 164 രൂപയാക്കി നിജപ്പെടുത്തി. വര്‍ഷത്തില്‍ ശരാശരി 50 ദിവസം അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് തൊഴില്‍ ലഭിച്ചാല്‍ ഒരംഗത്തിന്റെ വരുമാനം 4 രൂപ 50 പൈസയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് എന്തിനുണ്ട്?

ഒരു ജോലി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂലി നിശ്ചയിക്കുന്നത്. അല്ലാതെ ജോലി ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലല്ല. കേന്ദ്ര സര്‍ക്കാര്‍ 2008-ല്‍ നിയമിച്ച കമ്മറ്റി ഇതു സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഷെഡ്യൂള്‍ ഓഫ് റേറ്റ് പ്രകാരം തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ലെന്ന് കമ്മറ്റി ചൂണ്ടിക്കാണിച്ചു. പ്രവൃത്തി കുറയുക, ഷെഡ്യൂള്‍ ഓഫ് റേറ്റ് ഏകീകരിക്കുക, സ്ത്രീകള്‍ ചെയ്യുന്ന ജോലിയുടെ ഭാരം കുറയ്ക്കുക, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ചെയ്യുന്ന ജോലിക്ക് പ്രതേ്യക ടാസ്‌ക് റേറ്റ് നല്‍കുക തുടങ്ങിയവ ഈ കമ്മറ്റിയുടെ ശുപാര്‍ശയാണ്. ഇവയൊന്നും കേന്ദ്രം പരിഗണിച്ചില്ല.

സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് കേരളത്തില്‍ വളരെ ശ്രദ്ധേയമായ പദ്ധതിയാണിത്. ഇവിടെ 90 ശതമാനമാണ് സ്ത്രീ പങ്കാളിത്തം. ദേശീയ നിലവാരത്തില്‍ ഇത് 48 ശതമാനമാണ്. കിട്ടുന്ന കൂലി കുടുംബ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. പക്ഷേ പദ്ധതി നടത്തിപ്പില്‍ വനിതാ സംവരണം 50 ശതമാനമുള്ള കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടമ നിര്‍വ്വഹിച്ചോ? 56 ശതമാനമാണ് കേരളം നല്‍കിയ ശരാശരി തൊഴില്‍ ദിനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പ്രകടമാണ്. പാലക്കാട്, കാസര്‍ഗോഡ്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളുടെ പങ്ക് 50 ശതമാനത്തില്‍ താഴെയാണ്. തിരുവനന്തപുരം, കോട്ടയം ജില്ലകള്‍ മാത്രമാണ് 75 ശതമാനത്തിനു മുകളിലെത്തിയത്.

ജോലി ചെയ്താല്‍ വേതനം 14 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്നതാണ് ആക്ടിലെ വ്യവസ്ഥ. 4 മാസം കഴിഞ്ഞിട്ടും വേതനം ലഭിക്കാത്ത തൊഴിലാളികളുണ്ട്. തൊഴില്‍ സ്ഥലത്ത് കുടിവെള്ളം, വിശ്രമ സൗകര്യം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവ ഇപ്പോഴും ലഭ്യമല്ലാത്ത കേന്ദ്രങ്ങളുണ്ട്. വൃത്തിഹീനമായ കേന്ദ്രങ്ങളില്‍ തൊഴില്‍ ചെയ്യുമ്പോള്‍ ബൂട്ടുകള്‍, കയ്യുറ എന്നിവ നല്‍കണമെന്ന നിര്‍ദ്ദേശം, പണി ആയുധങ്ങള്‍ക്കുള്ള വാടക വേതനത്തിനൊപ്പം നല്‍കണമെന്ന വ്യവസ്ഥ എന്നിവയെല്ലാം ലംഘിക്കപ്പെടുന്നു. തൊഴിലാളികള്‍ക്കുള്ള പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാന്‍ രൂപീകരിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല.

തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ ഐ ടി യു സി) ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 11 ന് സംസ്ഥാനത്തെ ബ്ലോക്ക് ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തുന്നു. നിലവിലുള്ള വേതനം 300 രൂപയായി വര്‍ധിപ്പിക്കുകയും തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുകയും വേണം. കേരളത്തിന്റെ പ്രതേ്യക സാഹചര്യം പരിഗണിച്ച് ഓണത്തിന് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കണം. സംസ്ഥാനങ്ങളില്‍ നിലവിലുള്ള എല്ലാ ക്ഷേമനിധികള്‍ക്കും പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലിന് പ്രായപരിധി ഇല്ലാത്തതിനാല്‍ ദേശീയാടിസ്ഥാനത്തിലുള്ള ക്ഷേമനിധിയാണ് ആവശ്യം.

മാരക രോഗങ്ങള്‍ മൂലവും അപകടം മൂലവും ഈ മേഖലയില്‍ മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇത് പരിഗണിച്ച് വിപുലമായ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കണം. അപകട മരണങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം കേവലം 25000 രൂപയാണ്. ഇത് ഒരു ലക്ഷമായെങ്കിലും വര്‍ധിപ്പിക്കണം. ഈ പദ്ധതിയിലെ മസ്റ്റര്‍റോള്‍ തയ്യാറാക്കുന്നതും പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും മേറ്റുമാരാണ്. ഇതോടൊപ്പം സാധാരണ തൊഴിലാളിയെപോലെ ഇവര്‍ ജോലിയും ചെയ്യണം. അധിക ജോലി കണക്കിലെടുത്ത് മേറ്റുമാരുടെ വേതനം വര്‍ധിപ്പിക്കണം. ഒരു കുടുംബത്തില്‍ നിന്നും എത്ര പേര്‍ രജിസ്റ്റര്‍ ചെയ്താലും ഒരു കുടുംബത്തിനാണ് ഇപ്പോള്‍ 100 ദിവസത്തെ തൊഴില്‍ നല്‍കുന്നത്. ഇതില്‍ മാറ്റം വരുത്തി കുടുംബത്തില്‍ നിന്നും പേര് രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടാക്കണം.

പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഗ്രാമീണ മേഖലയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നതിനും തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയുന്നതിനും ഒരു കമ്മിഷനെ നിയമിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതിക്ക് ബജറ്റില്‍ പ്രതേ്യക വിഹിതം ഉള്‍പ്പെടുത്തേണ്ടതുണ്ട്.

*
ടി ജെ ആഞ്ചലോസ് ജനയുഗം 10 ഏപ്രില്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗ്രാമീണ ജനതയുടെ ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള പ്രധാന പദ്ധതിയെന്ന നിലയിലാണ് 2005-ല്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. ഗ്രാമീണ ധനികരുടെ സമ്മര്‍ദ്ദത്തിനു വിധേയമായി ഈ പദ്ധതിയെ തകര്‍ക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അവസാന ബജറ്റില്‍ ഏഴായിരം കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും അതിനുള്ളില്‍ ജില്ലകള്‍ക്കും പ്രായോഗികമായി ഏറ്റെടുക്കുവാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടതിനു പകരം പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന ജോലികളുടെ നിബന്ധന കര്‍ശനമായി അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. തന്മൂലം ബജറ്റ് വിഹിതം പകുതിപോലും ചെലവഴിക്കപ്പെടുന്നില്ല. ഈ പേരിലാണ് ഓരോ വര്‍ഷവും ബജറ്റ് വിഹിതം വെട്ടി കുറയ്ക്കുന്നത്.

paarppidam said...

തൊഴിലുറപ്പു പദ്ധതിയെ ഇനിയും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് യാദാര്‍ഥ്യം. റോഡുമണ്ട വെട്ടിവെളുപ്പിച്ചും മറ്റും ചുമ്മാ സമയം കളഞ്ഞു കാശും കളഞ്ഞും കൊണ്ട് സമൂഹത്തിനു യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. കൃഷിയിലേക്കും, റോഡ്, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെ ഉള്ള ജോലികളിലേക്കും കൂലിയടക്കം ഉള്ള ആനുകൂല്യങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ഇവരെ ഇറക്കണം.

കൃത്യമായി നടപ്പിലാക്കുന്നതില്‍ പഞ്ചായത്തുമെമ്പര്‍മാര്‍, ഓവര്‍സീയര്‍മാര്‍, സെക്രട്ടറിമാര്‍, കണക്കപ്പിള്ളമാര്‍ തുടങ്ങിയ വിവിധ തലത്തില്‍ ഉള്ള ഉദ്യോഗസ്ഥരുടെ/ജനപ്രതിനിധികളുടെ അനാസ്ഥയുമുണ്ട്. ഭരണ കക്ഷിയുടെ സമഗ്രാധിപത്യമുള്ള സ്ഥലങ്ങളില്‍ പണിയെടുക്കാതെ പണം വാങ്ങുന്നവര്‍ ഉണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതിനായി പ്രത്യേകം സ്ക്വാഡുകള്‍ ഇറങ്ങേണ്ടിയിരിക്കുന്നു.