Sunday, April 15, 2012

മാര്‍ക്സിസവും ക്രിസ്തുമതവും: സഹകരണത്തിന്റെ വഴികള്‍

മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ധാരണയുമായി ബന്ധപ്പെട്ട് എക്കാലത്തും വളരെയേറെ വിവാദങ്ങള്‍ നിലനിന്നിരുന്നു എന്നത് വിചിത്രമായി തോന്നാം. ""മതം മനുഷ്യന്റെ (മയക്കുന്ന) കറുപ്പാണ്"" എന്ന, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണിയാണ് പൊതുധാരണയില്‍ നില്‍ക്കുന്നത്. ഈ പ്രസ്താവന ഉള്‍പ്പെടുന്ന ഖണ്ഡിക ഒരിക്കലും പൂര്‍ണ രൂപത്തില്‍ ഉദ്ധരിക്കാറുമില്ല. മാര്‍ക്സ് പ്രസ്താവിച്ചത് ഇങ്ങനെ - ""മതപരമായ കഷ്ടപ്പാട് ഒരേ സമയം യഥാര്‍ത്ഥ കഷ്ടപ്പാടിന്റെ ബഹിര്‍സ്ഫുരണവും യഥാര്‍ത്ഥ കഷ്ടപ്പാടിനെതിരായ പ്രതിഷേധവുമാണ്.

മതം മര്‍ദ്ദിതെന്‍റ നെടുവീര്‍പ്പാണ്; ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്; ചൈതന്യമില്ലാത്ത അവസ്ഥയിലെ ചൈതന്യവുമാണത്. അത് മനുഷ്യന്റെ കറുപ്പുമാണ്"". (ഹെഗലിന്റെ നീതിയുടെ തത്വശാസ്ത്രത്തിന്റെ വിമര്‍ശനത്തിന് ഒരാമുഖം, 1844) യഥാര്‍ത്ഥ ലോകത്തില്‍ ആശ്വാസം ലഭിക്കാതിരിക്കുമ്പോള്‍, ആശ്വാസം ലഭിക്കുമെന്ന വ്യാമോഹം സൃഷ്ടിക്കുന്നതാണ് കറുപ്പ് എന്ന അര്‍ത്ഥത്തിലാണ് മതം കറുപ്പാണ് എന്ന് പറഞ്ഞിരിക്കുന്നത്.

മര്‍ദ്ദിതനായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മതം ""ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്; ചൈതന്യമില്ലാത്ത അവസ്ഥയിലെ ചൈതന്യവുമാണ്"". എന്നാല്‍, ഇതേ ലോകത്തുതന്നെ മനുഷ്യാസ്തിത്വത്തിന് ഇത്തരം ആശ്വാസങ്ങള്‍ സാക്ഷാല്‍ക്കരിക്കത്തക്കവിധം ഈ യഥാര്‍ത്ഥ ലോകത്തെ മാറ്റുക എന്നതാണ് പ്രധാന കാര്യം. മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ധാരണ അതിന്റെ മൊത്തം ദാര്‍ശനിക അടിത്തറയുമായി അനുപേക്ഷണീയമായും സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യവും അതേ തുടര്‍ന്നുള്ള അവെന്‍റ വിമോചനവും എന്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന ലഘുവായ ചോദ്യത്തെ പിന്‍തുടര്‍ന്ന്, മാര്‍ക്സ് തെന്‍റ കാലത്ത് ഫൊയര്‍ബാഹ് പ്രതിനിധാനം ചെയ്ത മാനസിക വിപ്ലവം (Revolution of the Mind) എന്ന ഹെഗലിയന്‍ ആശയത്തെ തിരസ്കരിക്കുകയാണുണ്ടായത്; മൗലിക പ്രാധാന്യമുള്ള ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിനായിരുന്നു അത്.

സാമൂഹ്യ സാഹചര്യങ്ങളാണ് മനുഷ്യന്റെ ബോധത്തെ നിര്‍ണയിക്കുന്നത്; മറിച്ചല്ല എന്നതായിരുന്നു ആ നിഗമനം. ""മനുഷ്യരുടെ ബോധമല്ല അവരുടെ അസ്തിത്വത്തെ നിര്‍ണയിക്കുന്നത്; മറിച്ച് അവരുടെ സാമൂഹ്യ അസ്തിത്വമാണ് ബോധത്തെ നിര്‍ണയിക്കുന്നത്"". (അര്‍ഥശാസ്ത്ര നിരൂപണത്തിന് ഒരാമുഖം). ഇത്തരം ഒരു ധാരണപ്രകാരം, ചരിത്രത്തില്‍ സമൂഹത്തിന്റെ ചാലകശക്തിയില്‍നിന്ന് സ്വതന്ത്രമായി സ്വയം നിലനില്‍ക്കുന്ന ഒന്നായിട്ടല്ല മതത്തെ കാണുന്നത്. വാസ്തവത്തില്‍, കൃത്യമായും ഇതേ കാരണത്താല്‍ തന്നെയാണ്, കോപ്പര്‍നിക്കസിനെ പീഡിപ്പിച്ചതിനോ ഏകലവ്യനെ പീഡിപ്പിച്ചതിനോ ഒന്നും മാര്‍ക്സിസം മതത്തെ മാത്രം കുറ്റപ്പെടുത്താതിരിക്കുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഉടനീളം മേധാവിത്വം പുലര്‍ത്തിയിരുന്ന പ്രത്യയശാസ്ത്രരൂപം മതമായിരുന്നതിനാല്‍ മതപരമായ പദപ്രയോഗങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന സാമൂഹ്യശക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സ്വാഭാവികമായ പ്രതികരണങ്ങള്‍ എന്ന നിലയിലാണ് എല്ലാ കാര്യങ്ങളെയും മാര്‍ക്സിസം നിരീക്ഷിക്കുന്നത്.

മേധാവിത്വം പുലര്‍ത്തുന്ന പ്രത്യയശാസ്ത്ര രൂപമായി മതം നിലനില്‍ക്കുന്നിടത്തോളം കാലം, മനുഷ്യരുടെ മനസ്സില്‍ മതത്തിന്റെ രൂപത്തിലായിരിക്കും പുരോഗമനപരമായ ആശയങ്ങളും പിന്തിരിപ്പന്‍ ആശയങ്ങളും ഭരണവര്‍ഗത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളും ചൂഷിതവര്‍ഗങ്ങളുടെ ആവശ്യങ്ങളുമെല്ലാം അവതരിപ്പിക്കപ്പെടുന്നത്. അതിനാലാണ്, മതപരമായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ - ഉദാഹരണം ഇന്ത്യയിലെ സൂഫികള്‍, ഭക്തിപ്രസ്ഥാനം എന്നിവ - സൃഷ്ടിപരവും പുരോഗമനപരവുമായ ഉള്ളടക്കത്തെ അംഗീകരിക്കാന്‍ മാര്‍ക്സിസത്തിന് കഴിയുന്നത്. എന്നാല്‍ അതേസമയം തന്നെ മതത്തിന്റെ പരിധിക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് സമൂഹത്തില്‍ നിശ്ചിത മാറ്റം വരുത്താന്‍ അവര്‍ക്കാവില്ല എന്ന അവരുടെ പരിമിതി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

സവിശേഷമായ ഒരു മതരൂപത്തിന്റെ ആധിപത്യം ഏത് സാമൂഹ്യസാഹചര്യങ്ങളിലാണോ ആശയപ്രകാശനം നടത്തുന്നത്, ആ സാമൂഹ്യ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നതിന് അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍, പ്രത്യേകമായ ആ രൂപത്തെയും അതുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകളെയും ഇല്ലാതാക്കാന്‍ കഴിയില്ല. അങ്ങനെ, മതപരമായ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സൃഷ്ടിപരമായ ഉള്ളടക്കത്തോടൊപ്പം അവയുടെ പരിമിതികളും അംഗീകരിക്കുമ്പോള്‍ തന്നെ, മാനവചരിത്രത്തിന്റെയും അതുമായി ബന്ധപ്പെട്ട് മനുഷ്യന്റെ ബോധനിലവാരത്തിന്റെയും പരിണാമത്തിന്റെ മണ്ഡലത്തിനുള്ളില്‍ മതത്തിന്റെ ചരിത്രത്തിന് ഇടം നല്‍കാന്‍ മാര്‍ക്സിസത്തിന് കഴിയുന്നു. അങ്ങനെ ഒരു വിമോചന തത്വശാസ്ത്രമെന്ന നിലയില്‍, മാനവരാശിയുടെ യഥാര്‍ത്ഥ മോചനം കൈവരിക്കുന്നതിനായി, നിലനില്‍ക്കുന്ന യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ മാറ്റുന്നതിനാണ് മാര്‍ക്സിസം ശ്രമിക്കുന്നത്. ഇത്തരം ഒരു വിമോചന തത്വശാസ്ത്രത്തിന് ദൈവശാസ്ത്രത്തിലും അതിന്റെ പ്രതിധാനി കണ്ടെത്താനാകും.

ലൂക്കിെന്‍റ സുവിശേഷത്തില്‍, യേശുക്രിസ്തു പറയുന്നത്, (അധ്യായം 4:18) ""പീഡിതന്മാരുടെ മോചനത്തിനായി എന്നെ അയച്ചിരിക്കുന്നു"" എന്നാണ്. വീണ്ടും, അധ്യായം 6:20 - ""ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു"". അധ്യായം 6:21 - ""ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ക്ക് തൃപ്തി വരും; ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ചിരിക്കും"". വീണ്ടും അധ്യായം 6:24 - ""എന്നാല്‍ സമ്പന്നരായ നിങ്ങള്‍ക്ക് അയ്യോ, കഷ്ടം! നിങ്ങളുടെ ആശ്വാസം ലഭിച്ചുകഴിഞ്ഞുവല്ലോ. ഇപ്പോള്‍ തൃപ്തരായ നിങ്ങള്‍ക്ക് അയ്യോ, കഷ്ടം! നിങ്ങള്‍ക്ക് വിശക്കും!"".

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദയനീയമായ ജീവിത സാഹചര്യങ്ങളും അവരുടെ പരിതാപകരമായ അസ്തിത്വവും ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളും, 20-ാം നൂറ്റാണ്ടിലെ 60കളുടെ അവസാനവും 70കളിലുമായി വിമോചന ദൈവശാസ്ത്രത്തിന്റെ ഉയര്‍ന്നുവരവോടെ റോമന്‍ കത്തോലിക്കാ സഭയ്ക്കുള്ളിലും പ്രതിഫലിച്ചു തുടങ്ങി. 1968ല്‍ കൊളമ്പിയയിലെ മെഡലിനില്‍ ചേര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ രണ്ടാമത് സമ്മേളനം ഇത്തരം ഒരു ദൈവശാസ്ത്രത്തിന്റെ മൂര്‍ത്തമായ ആശയം അവതരിപ്പിക്കുകയുണ്ടായി.

1971ല്‍ ഗുസ്താവോ ഗുറ്ററസ് എന്ന പെറുവിയന്‍ പുരോഹിതന്‍ ""വിമോചന ദൈവശാസ്ത്രം"" എന്ന മൂല കൃതി ലോകത്തിന് നല്‍കുകയുണ്ടായി. മഹാഭൂരിപക്ഷം ആളുകള്‍ അനുഭവിക്കുന്ന മാനവികവും സാമൂഹികവുമായ നരകയാതനയില്‍ ധാര്‍മികരോഷം കൊള്ളുകയാണ് ""വിമോചന ദൈവശാസ്ത്രം"". അതില്‍നിന്ന് എനിക്ക് മനസ്സിലായത്, ഇത്തരം സാഹചര്യങ്ങള്‍ക്കെതിരായ ഊര്‍ജസ്വലമായ പ്രതിഷേധമാണ് അത് നിര്‍ദ്ദേശിക്കുന്നതെന്നാണ്. അതിന്റെ അര്‍ത്ഥം ഇങ്ങനെ -

* സാമൂഹികതലത്തില്‍: കൂട്ടായ അടിച്ചമര്‍ത്തല്‍, ഒഴിവാക്കല്‍, പാര്‍ശ്വവല്‍ക്കരണം.

* വ്യക്തിതലത്തില്‍: അനീതിയും മനുഷ്യാവകാശങ്ങളുടെ നിഷേധവും.

* മതപരമായ തലത്തില്‍: സാമൂഹ്യമായ പാപം, ""സ്രഷ്ടാവിെന്‍റ പദ്ധതികള്‍ക്കും അദ്ദേഹത്തിന് അര്‍ഹമായ ആദരവിനും വിരുദ്ധമായി"" (പ്യൂബ്ല, 28).

""വിമോചന ദൈവശാസ്ത്രത്തിന്റെ ചില വശങ്ങള്‍"" എന്ന 1984 ആഗസ്ത് 6െന്‍റ വത്തിക്കാന്‍ നിര്‍ദ്ദേശത്തില്‍ സംക്ഷിപ്തമായി ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു- ദൈവശാസ്ത്രജ്ഞന്മാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി - യഥാര്‍ത്ഥ വിമോചന ദൈവശാസ്ത്രത്തിന് രൂപം കൊടുക്കുക എന്ന വെല്ലുവിളി"" രൂക്ഷമായ ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍നിന്നുയര്‍ന്നുവരുന്നതാണെന്ന് ഒരു കാരണവശാലും വിസ്മരിക്കാനാവില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍, തങ്ങളുടെ വരുമാനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താനാഗ്രഹിക്കുന്നവരും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിമാനത്തിലേക്കും നീങ്ങാന്‍ ശ്രമിക്കുന്നവരുമായ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളെ ഇന്ന് വര്‍ഗീയ ലഹളകളിലേക്കും സംഘട്ടനങ്ങളിലേക്കും വഴിതിരിച്ചുവിടുകയും ശിഥിലമാക്കുകയുമാണ്. ഈ പോരാട്ടങ്ങളെ ശക്തിപ്പെടുത്തിയില്ലെങ്കില്‍, മാനവവിമോചനത്തിലേക്കുള്ള മുന്നേറ്റം തന്നെ അപകടത്തിലാകും. ഈ പശ്ചാത്തലത്തില്‍, ഈ ദുരിതങ്ങള്‍ ശാശ്വതമായി നിലനില്‍ക്കില്ല എന്ന് ഉറപ്പാക്കുന്നതിന് സജീവമായി ഇടപെടേണ്ടത് നമ്മുടെയെല്ലാം കടമയാണ്. സ്വബോധമുള്ള ഒരാള്‍ക്കും ഈ പോരാട്ടത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആവില്ല. ""തിന്മയ്ക്ക് വിജയിക്കാന്‍, നന്മ നിശ്ശബ്ദമായിരുന്നാല്‍ മാത്രം മതി"" എന്നതാണല്ലോ നൂറ്റാണ്ടുകളിലൂടെ നമുക്ക് കൈമാറിക്കിട്ടിയ ആപ്തവാക്യം.

II

""നന്മ നിശ്ശബ്ദത പാലിക്കാന്‍ പാടില്ല"" എന്ന് നാം നിശ്ചയിക്കേണ്ട ചില വിഷയങ്ങള്‍ ഇവിടെ അവതരിപ്പിക്കാനാണ് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ശ്രമിക്കുന്നത്.

ആഗോളതലത്തില്‍, ""പതിതരുടെ ഇത്തരം ദുരിതങ്ങള്‍"" വര്‍ധിതമാക്കപ്പെട്ടിരിക്കുകയാണ്. ഹ്യൂമന്‍ ഡവലപ്മെന്‍റ് റിപ്പോര്‍ട്ട് 2010 ഇങ്ങനെ പ്രസ്താവിക്കുന്നു -

""ഒരു പഠനം അനുസരിച്ച്, 1988നുശേഷം ലോക ഗിനികോയെഫിഷ്യന്‍റ് (വരുമാന അസമത്വം അളക്കുന്നതിന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടത്) വഷളായി വരുകയാണ്; ഇപ്പോള്‍ അത് അമ്പരപ്പിക്കുംവിധം 0.71ല്‍ എത്തിനില്‍ക്കുകയാണ്. (പൂജ്യം സമ്പൂര്‍ണ സമത്വത്തെ പ്രതിനിധാനം ചെയ്യുന്നു; "ഒന്ന്" ചിത്രത്തിന്റെ മറുവശത്തെയും - മഹാഭൂരിപക്ഷം ജനങ്ങളുടെയും സമ്പൂര്‍ണമായ സാമ്പത്തിക അധഃപതനം). രാജ്യങ്ങള്‍ക്കുള്ളില്‍ വരുമാന അസമത്വം വര്‍ദ്ധിക്കുന്നതാണ് അളവുകോല്‍. 1980കളിലേതിനേക്കാള്‍ കൂടുതല്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ഉയര്‍ന്ന ഗിനികോയെഫിഷ്യന്‍റ് ഉണ്ട്. പൂര്‍വ ഏഷ്യയിലും പെസഫിക്കിലും ഉള്ള മിക്കവാറും രാജ്യങ്ങളില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക അസമത്വം ഇന്നുണ്ട്. നഗരപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്നതില്‍ ഭാഗികമായി ഇതിന്റെ വിശദീകരണം ലഭിക്കുന്നു. ദരിദ്രരായ ആളുകള്‍ മറ്റുപല രീതികളിലുമുള്ള ബുദ്ധിമുട്ടുകളും ഇല്ലായ്മകളും ഉടന്‍ തന്നെ അനുഭവിക്കേണ്ടതായി വരുന്നു. ഇവയില്‍ ലിംഗവ്യത്യാസമാണ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. ""ചുരുക്കത്തില്‍, 104 രാജ്യങ്ങളിലെ ജനങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം, അഥവാ ഏറെക്കുറെ 175 കോടി ആളുകള്‍, ബഹുമുഖമായ ദാരിദ്ര്യം അനുഭവിക്കുന്നതായാണ് ഞങ്ങള്‍ കണക്കാക്കുന്നത്"".

അതേസമയം, ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ സംഖ്യ 300 എണ്ണം കൂടി വര്‍ദ്ധിച്ച് മൊത്തം 1210 ആയി; അവരുടെ എല്ലാം കൂടി അറ്റാദായം 4.5 ലക്ഷം കോടി ഡോളറാണ്. 2008-2011 കാലഘട്ടത്തിലെ ശതകോടീശ്വരന്മാരുടെ വര്‍ഷാവര്‍ഷമുള്ള താരതമ്യം വ്യക്തമാക്കുന്നത് ഏഷ്യാ - പെസഫിക്കിലെ സ്വത്ത് ധനപ്രതിസന്ധിക്ക് മുന്‍പുള്ള കാലത്തേതിനേക്കാള്‍ ഏകദേശം 24 ശതമാനം ഇപ്പോള്‍ അധികമാണെന്നാണ്; ഇതേ കാലഘട്ടത്തില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ സ്വത്ത് 41 ശതമാനം അധികമാണ്. ലോക ജനസംഖ്യയിലെ അതിസമ്പന്നരായ 2 ശതമാനം പേരാണ് ലോകത്താകെയുള്ള സ്വത്തിന്റെ പകുതിയും കൈയടക്കിയിരിക്കുന്നത്.48 പരമദരിദ്രരാജ്യങ്ങളുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പാദനം - മൊത്തം ആളുകളുടെയും വരുമാനത്തിന്റെ ആകെത്തുക) ലോകത്തെ മൂന്ന് അതിസമ്പന്നരായ ആളുകളുടെ മൊത്തം സ്വത്തിനേക്കാള്‍ കുറവാണ്. ലോക ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 40 ശതമാനം ആളുകള്‍ക്ക് ആഗോള വരുമാനത്തിന്റെ 5 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ലോക ജനസംഖ്യയിലെ അതിസമ്പന്നരായ 20 ശതമാനത്തിന് ലോകവരുമാനത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ലഭിക്കുന്നു. ലോകത്തെ അതിസമ്പന്നരായ 20 ശതമാനം ആളുകളുടെ ശരാശരി വാര്‍ഷിക വരുമാനം ഏറ്റവും ദരിദ്രരായ 20 ശതമാനം ആളുകളുടെ ശരാശരി വാര്‍ഷിക വരുമാനത്തെക്കാള്‍ ഏകദേശം 50 ഇരട്ടി അധികമാണ്.

ആ റിപ്പോര്‍ട്ട് വീണ്ടും വ്യക്തമാക്കുന്നു - ""110 രാജ്യങ്ങളില്‍ 65 എണ്ണത്തിലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ മൊത്തം വരുമാനത്തില്‍ തൊഴിലെടുക്കുന്നവരുടെ വിഹിതം കുറയുന്നത്, കാലാകാലങ്ങളില്‍ വരുമാനത്തില്‍ തൊഴിലെടുക്കുന്നവരുടെ വിഹിതം സ്ഥിരമായി നില്‍ക്കുമെന്ന മുന്‍ അനുമാനത്തിന് വിരുദ്ധമാണ്. ചില വലിയ രാജ്യങ്ങളില്‍ - പ്രത്യേകിച്ചും ഇന്ത്യയിലും അമേരിക്കയിലും - ഗണ്യമായ കുറവ് കണ്ടു; 1990നും 2008നും ഇടയ്ക്ക് 5 ശതമാനം വരെ കുറവ്; ഇത് ലോകത്താകെയുള്ള അധ്വാനിക്കുന്നവരുടെ വിഹിതത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവിന് കാരണമായി"". ലോകത്തെല്ലാമുള്ള ഗവണ്‍മെന്‍റുകള്‍, ദാരിദ്ര്യത്തിനെതിരെ പടവാളുയര്‍ത്തി യുദ്ധപ്രഖ്യാപനം നടത്തുകയും ""അതിനെ ചരിത്രമാക്കുക""യും ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യം ഇതാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ, 191 രാജ്യങ്ങള്‍ അംഗീകരിച്ചതും 2000 സെപ്തംബറിലെ യുഎന്‍ സഹസ്രാബ്ദ ഉച്ചകോടിയില്‍ 147 ഭരണത്തലവന്മാരും രാഷ്ട്രത്തലവന്മാരും ഒപ്പുവെച്ചതുമായ സഹസ്രാബ്ദ പ്രഖ്യാപനത്തില്‍ ചേര്‍ത്തിട്ടുള്ള ലക്ഷ്യങ്ങളില്‍നിന്നും നടപടികളില്‍നിന്നുമാണ് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ രൂപപ്പെട്ടത്. ""കൊടുംദാരിദ്ര്യത്തിന്റെ നിന്ദ്യവും മനുഷ്യത്വരഹിതവുമായ അവസ്ഥയില്‍നിന്ന് നമ്മുടെ സഹജീവികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുക്തരാക്കാനുള്ള ഒരവസരവും നാം പാഴാക്കില്ല. നൂറ് കോടിയിലേറെ ആളുകളാണ് ഇന്ന് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നത്"". സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഗവണ്‍മെന്‍റുകള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഉറപ്പാക്കാന്‍ കാലാകാലങ്ങളില്‍ അവലോകനങ്ങള്‍ നടത്തേണ്ടതാണെന്നും തീരുമാനിക്കപ്പെട്ടു - അത് നടത്തുന്നുണ്ടെന്നതും വസ്തുതയാണ്. ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക നടപടി എന്ന നിലയില്‍ ഇതിനെ ശരിയായി തന്നെ വാഴ്ത്തിയിരുന്നു. ഐക്യരാഷ്ട്രസഭ തന്നെ പ്രസ്താവിക്കുന്നതുപോലെ, ""ചില നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ലക്ഷ്യങ്ങള്‍ എല്ലാം കൈവരിക്കുന്നതിന് ലോകത്തിലെ ഒരു പ്രദേശവും കൃത്യമായ മാര്‍ഗം അവലംബിച്ചില്ല. ചില പ്രദേശങ്ങളാകട്ടെ അവയില്‍ പലതിന്റെ കാര്യത്തിലും അവതാളത്തിലുമാണ്"".

III

ഇന്ത്യയിലെ സ്ഥിതിയും ഇതിനേക്കാള്‍ അധികമല്ലെങ്കിലും ഇതേപോലെ ദയനീയമാണ്. സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളില്‍ കൈവരിച്ച പുരോഗതിയെ സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു വിശകലനം നടത്തിയിട്ടുണ്ട്; ""സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ ഇന്ത്യാ രാജ്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് - 2009"" എന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ രാജ്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് 12 ലക്ഷ്യങ്ങളെ 5 ഗ്രൂപ്പുകളായി വേര്‍തിരിച്ചിരിക്കുന്നു; ഇപ്പോഴത്തെ അതിന്റെ അവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും അതിന്റെ സാക്ഷാത്ക്കാരം എന്ന് പ്രവചിക്കുകയും ചെയ്തിരിക്കുന്നു. (i) ദേശീയ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കല്‍. (ii) പ്രാഥമിക വിദ്യാഭ്യാസത്തിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലുമുള്ള ലിംഗാസമത്വം നിര്‍മാര്‍ജ്ജനം ചെയ്യല്‍. (iii) എച്ച്ഐവി/എയ്ഡ്സ് വ്യാപിക്കുന്നത് തടയുകയും പിന്നോട്ടടിപ്പിക്കുകയും ചെയ്യല്‍ എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ""എല്ലാ സൂചകങ്ങളുടെയും കാര്യത്തില്‍ പരിമിതമായോ ഏറെക്കുറെയോ ശരിയായ പാതയില്‍ തന്നെയാണ്"" ഇന്ത്യ എന്നാണ് ആ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷ്യങ്ങളുടെ കാര്യത്തില്‍ കൂടി ""ശരിയായ വഴിയിലോ എല്ലാ സൂചകങ്ങളും അതിവേഗത്തിലുള്ള പരിഗണനയിലോ ആണ്"". ആ ലക്ഷ്യങ്ങള്‍ ഇവയാണ്: (i) എല്ലാ കുട്ടികളും (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണമായും പൂര്‍ത്തിയാക്കും എന്ന് ഉറപ്പാക്കല്‍. (ii) സുസ്ഥിര വികസനയങ്ങളും പരിസ്ഥിതി നാശം പരിഹരിക്കുന്നതും തമ്മില്‍ സംയോജിപ്പിക്കല്‍ (iii) സ്വകാര്യമേഖലയുമായി സഹകരിച്ച് പുതിയ സാങ്കേതിക വിദ്യകളുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കല്‍. രാജ്യം ""മൂന്ന് ലക്ഷ്യങ്ങളുടെ കാര്യത്തിലുള്ള ചില സൂചകങ്ങള്‍ മന്ദഗതിയിലോ പാളം തെറ്റിയോ ആണ് നിയന്ത്രിക്കുന്നത്; എന്നാല്‍ മറ്റു ചില സൂചകങ്ങള്‍ ദ്രുതഗതിയിലുമാണ്"" - (i) 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണനിരക്ക് മൂന്നില്‍ രണ്ടായി കുറയ്ക്കല്‍. (ii) പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണനിരക്ക് നാലില്‍ മൂന്ന് കുറയ്ക്കല്‍. (iii) മലമ്പനിയും മറ്റു മുഖ്യരോഗങ്ങളും പടരുന്നത് തടയുകയും നേര്‍വിപരീതമാക്കുകയും ചെയ്യുക. കുടിക്കാനുള്ള ശുദ്ധജലത്തിന്റെയും അടിസ്ഥാന ശുചിത്വ നിലവാരത്തിന്റെയും സുസ്ഥിരമായ ലഭ്യതയില്ലാത്ത ആളുകളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നത് സംബന്ധിച്ച ""ഒരു പ്രധാന സൂചകം നേര്‍വഴിയിലൂടെ നീങ്ങുകയോ അതിവേഗം അതിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയോ ആണ്; പക്ഷേ, മറ്റു മുഖ്യ സൂചകങ്ങള്‍ എല്ലാം മന്ദഗതിയിലുമാണ്"" എന്നും ഇന്ത്യയെ സംബന്ധിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പട്ടിണിയില്‍ കഴിയുന്ന ആളുകളുടെ അനുപാതം പകുതിയാക്കുന്നതു സംബന്ധിച്ച രാജ്യത്തെ ""എല്ലാ സൂചകങ്ങളും മന്ദഗതിയിലോ ഏറെക്കുറെ പാളത്തിനു പുറത്തോ ആണ് നീങ്ങുന്നത്"" എന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നു. ഏറ്റവും കുറഞ്ഞത് 10 കോടി ചേരിനിവാസികളുടെ ജീവിതത്തില്‍ ഗണ്യമായ അഭിവൃദ്ധി കൈവരിക്കുന്നത് സംബന്ധിച്ച് ""വേണ്ടത്ര അടിസ്ഥാന വിവരങ്ങളുടെ (റമമേ) അഭാവംമൂലം മാറ്റത്തിന്റെ രീതി വ്യക്തമല്ലെ""ന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് എത്തിച്ചേരുന്ന നിഗമനങ്ങള്‍ നന്നായി മനസ്സിലാക്കുന്നതിന്, ചില സ്ഥിതിവിവര കണക്കുകളിലേക്ക് നമുക്കൊന്ന് നോക്കാം:

1990ല്‍ ദാരിദ്ര്യരേഖയിയ്ക്കു താഴെ കഴിഞ്ഞിരുന്ന ആളുകളുടെ സംഖ്യ 37.2 ശതമാനമായിരുന്നു. 2015 ആകുമ്പോള്‍ ഇത് 18.5 ശതമാനമായി കുറയ്ക്കണമെന്നായിരുന്നു സങ്കല്‍പിക്കപ്പെട്ടിരുന്നത്. എന്നാല്‍ 22 ശതമാനത്തിലേ എത്തുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സര്‍ക്കാര്‍ നിയോഗിച്ച പല കമ്മിറ്റികളുടെയും റിപ്പോര്‍ട്ടുപ്രകാരം ഇപ്പോള്‍ ദരിദ്രരുടെ എണ്ണം 27 ശതമാനം മുതല്‍ 37 ശതമാനം വരെയാണ്. മറ്റൊരു കണക്കുപ്രകാരം ഏകദേശം 77 ശതമാനം ആളുകളുടെയും പ്രതിദിന വരുമാനം രണ്ട് ഡോളറില്‍ കുറവാണ്. ഹ 1990ല്‍ രാജ്യത്ത് 3 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ 53.5 ശതമാനം ഭാരക്കുറവുള്ളവരായിരുന്നു; 2015 ആകുമ്പോള്‍ 26.8 ശതമാനമായി ഇത് കുറയ്ക്കണമെന്നാണ് ലക്ഷ്യം. ഇത് 40 ശതമാനത്തില്‍ എത്തുകയേ ഉള്ളൂ എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഹ 1990ല്‍ 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ആയിരത്തിന് 125 ആയിരുന്നു. 2015 ആകുമ്പോള്‍ ഇത് ആയിരത്തിന് 42 ആയി കുറയ്ക്കേണ്ടതാണ്. എന്നാല്‍ 2015ല്‍ അത് 70ല്‍ എത്തുകയേ ഉള്ളൂ എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഹ 1990ല്‍ ശിശുമരണനിരക്ക് ആയിരം ജനത്തിന് 80 എന്ന നിരക്കിലായിരുന്നു. 2015 ആകുമ്പോള്‍ ഇത് ആയിരത്തിന് 26.7 ആയി കുറയ്ക്കണമെന്നായിരുന്നു ലക്ഷ്യം. ഇതിപ്പോള്‍ 46ല്‍ എത്തുകയേ ഉള്ളൂ. ഹ 1990ല്‍ മാതൃമരണനിരക്ക് ഒരു ലക്ഷം പ്രസവത്തില്‍ 437 ആയിരുന്നു. 2015 ആകുമ്പോള്‍ ഒരു ലക്ഷം പ്രസവത്തില്‍ ഇത് 109 ആയി കുറയ്ക്കണമെന്നാണ് ലക്ഷ്യം. പക്ഷേ, 2015ല്‍ ഒരു ലക്ഷം പ്രസവത്തില്‍ 135 മാത്രമേ ആവുകയുള്ളൂ എന്ന് കരുതപ്പെടുന്നു. ഹ ഇപ്പോള്‍ രാജ്യത്തെ 38 ശതമാനം ആളുകള്‍ക്ക് മാത്രമേ ശുചീകരണസൗകര്യം ലഭിക്കുന്നുള്ളൂ. ഇത് 51 ശതമാനമാക്കേണ്ടതാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാര്‍ പ്രസ്താവിക്കുന്നത്.

റിപ്പോര്‍ട്ടിലെ ചില വിശകലനങ്ങളെ ഈ വസ്തുതകള്‍ ചോദ്യം ചെയ്യുന്നു. നാം നേരത്തെ കണ്ടതുപോലെ, 2015ല്‍ ദാരിദ്ര്യം കുറയ്ക്കല്‍ എന്ന ലക്ഷ്യം നേടും എന്നാണ് റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നത്; എന്നാല്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യം നേടാനാവില്ലത്രെ. ദാരിദ്ര്യവുമായി വേര്‍പെടുത്താനാവാത്തവിധം സഹജമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പട്ടിണി എന്ന വസ്തുത സ്ഥാപിക്കുന്ന നിരവധി പഠനങ്ങള്‍ ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും നടന്നിട്ടുണ്ട്. ഈ അടിസ്ഥാന വസ്തുത, ദാരിദ്ര്യം കുറയ്ക്കുമെന്ന അവകാശവാദത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്- ദരിദ്രരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കുറയ്ക്കപ്പെടുമോ അതോ സ്ഥിതിവിവര കണക്കുകള്‍ കൊണ്ടുള്ള ജാലവിദ്യാ പ്രകടനം മാത്രമായിരിക്കുമോ അത്? "വളര്‍ച്ച"യുടെ നേട്ടം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന ചോദ്യത്തിലേക്ക് സ്വഭാവികമായും ഇത് നമ്മെ എത്തിക്കുന്നു. ചുവടെ ചേര്‍ക്കുന്ന സ്ഥിതിവിവരങ്ങളില്‍നിന്ന് ഇതിനുള്ള ഉത്തരം അനായാസം കണ്ടെത്താം. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഡോളര്‍ അടിസ്ഥാനത്തിലുള്ള ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയായി, 69ല്‍ എത്തി; ഇവരുടെ എല്ലാ പേരുടെയും കൂടിയുള്ള മൊത്തം ആസ്തി ഇന്ത്യന്‍ ജിഡിപിയുടെ മൂന്നിലൊന്നിന് തുല്യമാണ്. ധനസേവന സ്ഥാപനങ്ങളായ കാപ്ജെമിനിയും മെറില്‍ ലിഞ്ച് വെല്‍ത്ത് മാനേജ്മെന്‍റും പ്രസിദ്ധീകരിച്ച 2010ലെ ലോക സ്വത്ത് റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന അറ്റാദായമുള്ള 1,26,700 ആളുകള്‍ ഉണ്ട്. ഇത് 2008ലെ സംഖ്യയുടെ 50 ശതമാനത്തിലും അധികമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഇവര്‍ക്കാര്‍ക്കും ഒരു നഷ്ടവും സംഭവിച്ചില്ല എന്നു മാത്രമല്ല, നേട്ടം ഉണ്ടായിട്ടുമുണ്ട്. അതേസമയം, 2010ലെ സഹസ്രാബ്ദ വികസന ലക്ഷ്യ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നു - "

"ലോക ബാങ്കിെന്‍റ കാലോചിതമാക്കപ്പെട്ട പുതിയ മതിപ്പ് കണക്ക് പറയുന്നത്, ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം 2009ല്‍ 5 കോടി ആളുകള്‍കൂടി കൊടിയ ദാരിദ്ര്യത്തില്‍ അകപ്പെടും എന്നാണ്; താരതമ്യേന പ്രതിസന്ധി ഇല്ലയെന്ന് പറയാവുന്ന 2010 അവസാനമാകുമ്പോള്‍ ഏകദേശം 6.4 കോടി ആളുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടും. ഇത് പ്രധാനമായും സബ്സഹാറന്‍ ആഫ്രിക്കയിലെയും പൂര്‍വ ഏഷ്യയിലെയും ദക്ഷിണപൂര്‍വ ഏഷ്യയിലെയും ജനങ്ങളായിരിക്കും. അതിനു പുറമെ, പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ 2015ലും അതും കടന്ന് 2020വരെയും നീണ്ടുനില്‍ക്കാനാണ് സാധ്യത; പ്രതിസന്ധിക്ക് മുന്‍പുള്ള വേഗതയില്‍ ലോക സമ്പദ്ഘടന ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുമായിരുന്നെങ്കില്‍ ഉണ്ടാകുന്ന ദാരിദ്ര്യനിരക്കിനെക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇപ്പോള്‍ദാരിദ്ര്യനിരക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടുരിക്കുകയാണ്. വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നത്, ഇന്ത്യയിലും ഇതേ സ്ഥിതി തന്നെയാണെന്നാണ്. 2004-07 കാലഘട്ടത്തിലെ, പ്രതിസന്ധിക്കു മുന്‍പുള്ള, വളര്‍ച്ചാനിരക്ക് നിലനിര്‍ത്തിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ 336 ലക്ഷം ആളുകള്‍ ഇന്ത്യയില്‍ 2008ലും 2009ലുമായി ദാരിദ്ര്യത്തില്‍ അകപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. 2009ല്‍ മാത്രം 136 ലക്ഷം ആളുകള്‍ കൂടുതലായി ഇന്ത്യയില്‍ ദരിദ്രരായി. അഥവാ 2008ലെ വളര്‍ച്ചാനിരക്ക് തുടര്‍ന്നിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നതിനെക്കാള്‍ അധികം ആളുകള്‍ ദരിദ്രരായി എന്നാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക - സാമൂഹിക കാര്യ വിഭാഗം പറയുന്നത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനത്തോളം ആളുകള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ തുകകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ലഘുവായ ചില കണക്കുകള്‍ പ്രകാരം നഗരപ്രദേശത്ത് ജീവിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരന്, 2007-08ലെ പ്രതിമാസ പ്രതിശീര്‍ഷ മതിപ്പ് ചെലവ് അടിസ്ഥാനപ്പെടുത്തി, ശരാശരി ഉന്നത അറ്റാദായമുള്ള വ്യക്തികളുടേതിന് തുല്യമായ അറ്റാദായം നേടാന്‍ 2238 വര്‍ഷം വേണ്ടിവരും. അതുതന്നെ നഗരവാസിയായ ഈ ശരാശരി ഇന്ത്യക്കാരന്‍ തെന്‍റ വരുമാനത്തില്‍നിന്ന് നിത്യച്ചെലവുകള്‍ക്കുവേണ്ടി അല്‍പംപോലും ഉപയോഗിക്കാതെ സമാഹരിച്ചാല്‍ മാത്രമേ ഇത്രയും കാലം കൊണ്ടെങ്കിലും ഈ സ്ഥിതിയില്‍ എത്തുകയുള്ളൂ. ഇതേപോലെയുള്ള ഒരു കണക്കുകൂട്ടല്‍ പ്രകാരം ശരാശരി ഗ്രാമീണ ഇന്ത്യക്കാരന് ഇതിനേക്കാള്‍ വളരെ ഏറെക്കാലം കാത്തിരിക്കേണ്ടതായി വരും - 3814 വര്‍ഷം! ഇത്ര കടുത്ത അസമത്വത്തിന്റെ നടുവിലാണ് ഇന്ന് നാം ഇന്ത്യയില്‍ ജീവിക്കുന്നത്. ഇന്ന് വ്യക്തമായും രണ്ട് ഇന്ത്യകളാണ് രൂപപ്പെട്ടുവരുന്നത്. ചുരുക്കം ചില ആളുകള്‍ക്ക് തിളങ്ങുന്ന ഇന്ത്യയും മഹാഭൂരിപക്ഷം പേര്‍ക്കും ദുരിതങ്ങളുടേതായ ഇന്ത്യയും.

വിമോചത്തിന്റെ തത്വശാസ്ത്രവും വിമോചത്തിന്റെ ദൈവശാസ്ത്രവും

സാമ്പത്തിക - സാമൂഹിക കാര്യങ്ങള്‍ക്കായുള്ള യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഷാ സുകാങ് പ്രസ്താവിക്കുന്നു:

""ധനികരും ദരിദ്രരും തമ്മിലും ഗ്രാമപ്രദേശങ്ങളിലോ ഉള്‍പ്രദേശങ്ങളിലോ ചേരികളിലോ ജീവിക്കുന്നവരും നഗരങ്ങളില്‍ നല്ല നിലയില്‍ ജീവിക്കുന്നവരും തമ്മിലും ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെയോ ലിംഗവ്യത്യാസത്തിന്റെയോ പ്രായവ്യത്യാസത്തിന്റെയോ അംഗവൈകല്യത്തിന്റെയോ വംശീയതയുടെയോ പേരിലുള്ള പ്രതികൂല സ്ഥിതിയിലുള്ളവരും അല്ലാത്തവരും തമ്മിലുമുള്ള മാറ്റമില്ലാതെ തുടരുന്നതോ വര്‍ദ്ധിച്ചുവരുന്നതുപോലുമോ ആയ അസമത്വങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് നയങ്ങളും നടപടികളും ആവശ്യമാണ്"".

ഇന്ന് ഗവണ്‍മെന്‍റുകളെ നയിക്കുന്ന പാര്‍ടികള്‍ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമ്പോള്‍ പോലും ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം നിറവേറ്റേണ്ടതുണ്ടോ എന്ന് നിശ്ചയിക്കുന്നത് ഗവണ്‍മെന്‍റിന്റെ നയങ്ങളാണ് എന്നത് ഒരു അംഗീകൃത വസ്തുതയാണ്. സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത ആ അര്‍ത്ഥത്തില്‍ നയങ്ങളില്‍ പുനഃക്രമീകരണം വരുത്തുന്നതിനുള്ള പ്രതിബദ്ധതയായി മാറുന്നു. നേരെമറിച്ച്, നാം ഇന്ന് സാക്ഷ്യംവഹിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അസമത്വങ്ങള്‍ കുത്തനെ കൂടുന്നതായി വ്യക്തമാക്കുന്നവയാണ്. മാറി മാറി വന്ന സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന നയങ്ങളെ സംബന്ധിച്ച് അവര്‍ ഗൗരവതരമായ ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണ് ഇപ്പോള്‍ സമാഗതമായിരിക്കുന്നത് - ദാരിദ്ര്യനിര്‍മാര്‍ജ്ജനവും സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കലും സംബന്ധിച്ച അവരുടെ പ്രതിബദ്ധതയുടെ കാര്യത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്. ഞങ്ങള്‍ ഇക്കാര്യങ്ങളാണ് കൃത്യമായും വാദിച്ചുകൊണ്ടിരിക്കുന്നത്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്ന ഇപ്പോഴത്തെ നയങ്ങളില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ ഈ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനാവില്ല. എന്നാല്‍, നയപരമായ ദിശാബോധത്തില്‍ മൗലികമായ മാറ്റം വരുത്തുകയാണെങ്കില്‍ ഇവ സാക്ഷാല്‍ക്കരിക്കാനുമാകും.

ഉദാഹരണത്തിന്, ഗവണ്‍മെന്‍റ് നല്‍കുന്ന നികുതി ഇളവുകളുടെ കാര്യം തന്നെ നോക്കാം. പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഉപേക്ഷിക്കപ്പെട്ട നികുതി സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് (Tax Forgone statistics) പ്രകാരം, കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ (2009-2010) സര്‍ക്കാര്‍ മൊത്തം 5,02,299 കോടി രൂപയുടെ നികുതി ഇളവുകള്‍ നല്‍കിയിരുന്നു. ഈ നികുതി ഇളവുകള്‍ ഉത്തേജകപദ്ധതിയായി നല്‍കിയതാണെന്ന സര്‍ക്കാരിെന്‍റ വാദം അംഗീകരിച്ചാല്‍പോലും കോര്‍പറേറ്റ് മേഖലയ്ക്കും ഉയര്‍ന്ന ആദായനികുതി നല്‍കുന്ന വിഭാഗങ്ങള്‍ക്കുമുള്ള പ്രത്യക്ഷനികുതി ഇളവുകള്‍ എന്ന നിലയില്‍ ഈ ധനകാര്യവര്‍ഷം 1,20,483 കോടി രൂപയും 2008-09ല്‍ 1,04,471 കോടി രൂപയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ 2,24,954 കോടി രൂപയ്ക്കു തുല്യമായ ഈ തുക സര്‍ക്കാര്‍ ന്യായമായും പിരിച്ചെടുക്കുകയും പൊതുക്ഷേമപദ്ധതികളില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നെങ്കില്‍, അത് ഗണ്യമായ നിലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. അത് ആഭ്യന്തര വിപണിയെ വിപുലീകരിക്കുകയും അത് സാമ്പത്തിക വളര്‍ച്ചാചക്രത്തെ സുസ്ഥിരമാക്കുകയും ചെയ്യുമായിരുന്നു. അത് കൈയോടെ കൊള്ളലാഭം പ്രദാനം ചെയ്യാന്‍ ഇടയില്ല; പക്ഷേ, വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ ഇന്നത്തേതിനെക്കാള്‍ കൂടുതല്‍ തുല്യമായ നിലയില്‍ വീതിക്കപ്പെടുമായിരുന്നു. അതുമൂലം ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിെന്‍റയും കാര്യത്തില്‍ കുത്തനെ കുറവ് ഉണ്ടാകുമായിരുന്നു. അവസാന വിശകലനത്തില്‍, ദാനധര്‍മ്മാദികള്‍ കൊണ്ടോ സര്‍ക്കാരിെന്‍റ പാരിതോഷികങ്ങള്‍ കൊണ്ടോ ദാരിദ്ര്യം കുറയ്ക്കാനാവില്ല - ഉചിതമായ നയനടപടികളിലൂടെയും രാഷ്ട്രത്തിന്റെ കാര്യങ്ങളില്‍ ജനങ്ങളുടെ സജീവമായ ഇടപെടലുകളിലൂടെയും മാത്രമേ സുസ്ഥിരമായി ദാരിദ്ര്യം കുറയ്ക്കാനാകൂ.

രണ്ടാമതായി, ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും അവധി വ്യാപാരം നിരോധിക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളണം. ഭക്ഷണസാധനങ്ങളിലും മറ്റ് അവശ്യവസ്തുക്കളിലും ഊഹക്കച്ചവടത്തിന് ആഗോളവല്‍ക്കരണം കാരണമായിട്ടുണ്ട്; ഇത് ആഗോളമായി തന്നെ ഈ സാധനങ്ങളുടെ വിലകള്‍ പലമടങ്ങ് വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഐക്യരാഷ്ട്രസഭയുടെ ഭക്ഷണത്തിനുള്ള അവകാശം സംബന്ധിച്ച പ്രത്യേക പ്രതിനിധി അടുത്ത കാലത്ത് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: ""അവശ്യ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിന്റെയും വില സ്ഥിരത ഇല്ലായ്മയുടെയും പ്രധാന കാരണം ഊഹക്കുമിളകള്‍ ഉയര്‍ന്നുവന്നത് മാത്രമാണ്. വിശിഷ്യാ ഭക്ഷ്യസാധനങ്ങളെ ആധാരമാക്കിയുള്ള ഡെറിവേറ്റീവ് വിപണിയിലേക്ക് കാര്‍ഷിക വിപണിയുടെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് പൊതുവെ തരിമ്പും ഗൗനിക്കാത്ത ഹെഡ്ജ്ഫണ്ടുകളെയും പെന്‍ഷന്‍ ഫണ്ടുകളെയും നിക്ഷേപക ബാങ്കുകളെയുംപോലുള്ള അതിശക്തരായ വന്‍കിട സ്ഥാപന നിക്ഷേപകര്‍ കടന്നുവന്നത് ഈ വിലക്കയറ്റത്തില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. ആയതിനാല്‍, മറ്റൊരു ഭക്ഷ്യവില പ്രതിസന്ധി ഒഴിവാക്കുന്നതിന് വിശാലമായ ആഗോളധനമേഖലയില്‍ മൗലികമായ പരിഷ്കരണം വരുത്തേണ്ടത് അടിയന്തിരമായ ആവശ്യമായിരിക്കുന്നു"".

ഒരുവശത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുകയും മറുവശത്ത് ജീവിക്കാന്‍ വേണ്ട കൂലി കുറഞ്ഞുവരികയും ചെയ്യുന്നത് അധികമധികം ആളുകളെ ദാരിദ്ര്യത്തിലേക്കും ദൈന്യതയിലേക്കും തള്ളിനീക്കുകയാണ്. ലോകത്തിലെ പല രാജ്യങ്ങളും ഭക്ഷ്യകലാപങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരിക്കുന്നു. അതുകൊണ്ട്, ഭൂമുഖത്തുനിന്ന് ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഭക്ഷ്യവസ്തുക്കള്‍ക്കും അവശ്യസാധനങ്ങള്‍ക്കും മേലുള്ള അവധിവ്യാപാരം നിരോധിക്കേണ്ടതും ആഗോളധനമേഖലയെ പരിഷ്കരിക്കേണ്ടതും അടിയന്തിരമായ ആവശ്യമായിരിക്കുന്നു. ""ചൂതാട്ടക്കാര്‍ക്കു""മേല്‍, അഥവാ ആധുനികകാലത്തെ ഊഹക്കച്ചവടക്കാര്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് കൗടില്യന്‍ തന്റെ ""അര്‍ഥശാസ്ത്ര""ത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്; തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ താക്കീത് നല്‍കുന്നു - ""ഒരു രാജാവും തന്റെ പ്രജകള്‍ക്കിടയില്‍ നിര്‍ദ്ധനത്വത്തിനോ ദുരാഗ്രഹത്തിനോ അപ്രീതിക്കോ ഇടയാക്കുന്ന അത്തരം കാരണങ്ങള്‍ക്കൊന്നും ഇടം കൊടുക്കാന്‍ പാടില്ല. എന്നാല്‍, അവ പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അവയ്ക്കെതിരെ അദ്ദേഹം പരിഹാര നടപടികള്‍ കൈക്കൊള്ളണം"". സര്‍ക്കാര്‍ ഇത് കണക്കിലെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം!

മൂന്നാമതായി, വികസിത രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങള്‍ ഇപ്പോഴത്തെ ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് ശ്രമിക്കുന്നത്, തങ്ങളുടെ രാജ്യത്തെ തൊഴിലാളിവര്‍ഗത്തിനുമേല്‍ മാത്രമല്ല, മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളുടെയാകെ മേല്‍ക്കൂടി കനത്ത ബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ടാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടിയാലോചനകളെയും ലോകവ്യാപാര സംഘടനയുടെ ദോഹാവട്ട ചര്‍ച്ചകളെയും തങ്ങളുടെ ചൂഷണത്തിനായി വികസ്വര രാജ്യങ്ങളുടെ വിപണികളിലേക്ക് കടന്നുകയറാന്‍ അനുവദിക്കുന്നതിന് ആ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കുന്നതിനായി ഉപയോഗിക്കുകയാണ്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുമേല്‍ അസമമായ സാമ്പത്തിക കരാറുകള്‍, വിശിഷ്യാ കാര്‍ഷിക ഗുണനിലവാരവുമായും കാര്‍ഷികേതര വിപണിലഭ്യതയുമായും ബന്ധപ്പെട്ട കരാറുകള്‍, അടിച്ചേല്‍പ്പിക്കാനാണ് വികസിത രാജ്യങ്ങള്‍ ശ്രമിക്കുന്നത്. വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ അംഗീകരിക്കുന്നതിനുപകരം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തോടുള്ള വേറിട്ട പ്രതികരണങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്കുമേലുളള ഈ അധികബാധ്യതകള്‍ അവയെ സാമ്പത്തികമായി ക്ഷയിപ്പിക്കുകയും സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അവയുടെ കരുത്ത് ഇല്ലാതാക്കുകയും ചെയ്യും.
മാനവരാശിയെ സംബന്ധിച്ച് പ്രത്യേകിച്ചും, ജീവനെ സംബന്ധിച്ച് പൊതുവിലും, ഇതേവരെ അജ്ഞാതമായിരുന്ന ഒട്ടേറെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന വര്‍ഷമാണ് 2011. ബഹിരാകാശത്ത് തങ്ങളുടെ സഹജീവികളെ കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണത്തിലാണ് മനുഷ്യര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമിയോട് വളരെ അടുത്ത
സാമ്യമുള്ള മറ്റൊരു ഗ്രഹം ഉണ്ടെന്ന വസ്തുത ഈ പര്യവേഷണങ്ങളിലൂടെ വെളിച്ചത്തു വന്നിരിക്കുന്നു - ഭൂമി 2 നിശ്ചയമായും നമ്മുടെ അയല്‍വാസിയായ ചൊവ്വാഗ്രഹത്തില്‍ ജീവനുവേണ്ടിയുള്ള, അഥവാ അതിന്റെ അംശങ്ങള്‍ക്കുവേണ്ടിയുള്ള, അന്വേഷണം ഇപ്പോഴും തുടരുകയാണ്. കൃത്യമായ തെളിവ് ലഭിക്കുന്നതുവരെ ഈ പ്രപഞ്ചത്തിലാകെ ജീവന് നിലനില്‍ക്കാന്‍ കഴിയുന്ന ഒരേയൊരു ഗ്രഹത്തില്‍ അധിവസിക്കുന്നവരാണ് നമ്മള്‍ എന്നതില്‍ നമുക്ക് കണക്കറ്റ് അഭിമാനിക്കാം. നമ്മുടെ ഈ ഭൂഗോളത്തെയും ഈ ഗ്രഹത്തിലെ നമ്മുടെ മറ്റു സഹജീവികളെയും എങ്ങനെ നമ്മള്‍ കൈകാര്യം ചെയ്യുന്നുവെന്നതിനോടുള്ള, നമ്മുടെ പ്രതികരണശേഷിയെയാണ് ഈ അറിവ് ഇരട്ടിയാക്കിക്കുന്നത്.

നാലാമതായി, തങ്ങളുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 0.7 ശതമാനമെങ്കിലും സഹായധനമായി അനുവദിക്കാമെന്ന തങ്ങളുടെ തന്നെ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്ന് വികസിത രാജ്യങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ അതിനുപകരം പല വികസിത രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിക്ക് ഒന്നാമതായും ഉത്തരവാദികളായ പൊളിഞ്ഞ ധനകാര്യസ്ഥാപനങ്ങളെ രക്ഷിക്കുന്നതിനായി ശതകോടിക്കണക്കിന് ഡോളറുകള്‍ ഉദാരമായി ഒഴുക്കിക്കൊണ്ടിരിക്കുകയും അതേസമയം സാമൂഹ്യക്ഷേമ പരിപാടികളുടെ ചെലവുകള്‍ക്കുള്ള തുക വെട്ടിക്കുറയ്ക്കുകയുമാണ്. ഇതിന്റെ സ്വാഭാവികമായ അനുബന്ധമെന്ന നിലയില്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയെ അവസരമാക്കിയെടുത്തുകൊണ്ട്, സഹസ്രാബ്ദ വികസന ലക്ഷ്യം കൈവരിക്കുന്നതിന് വികസിത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായധനത്തിലും കടുത്ത വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. നിര്‍ണായകമായ സഹസ്രാബ്ദ വികസന ലക്ഷ്യമേഖലകളിലേക്ക് - പട്ടിണി, അടിസ്ഥാന ആരോഗ്യവും വിദ്യാഭ്യാസവും, പരിസ്ഥിതിയും ലിംഗതുല്യതയും - ധനസഹായത്തിനുള്ള തുക വകയിരുത്തല്‍ 2005 മുതല്‍ 2008 വരെ കുത്തനെ കുറയുകയായിരുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വികസ്വര രാജ്യങ്ങള്‍, തങ്ങള്‍ക്കുമേല്‍ വികസിത രാജ്യങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളെ ചെറുത്തുനില്‍ക്കേണ്ടതുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകണമെന്നുണ്ടെങ്കില്‍, വികസ്വര രാജ്യങ്ങള്‍ തമ്മിലും നീതിയും ന്യായവും പുലരുന്ന ഒരു ലോകം നിലവില്‍ വരുന്നതിനായി ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും തമ്മിലുമുള്ള സൗഹൃദം സുദൃഢമാക്കേണ്ടതാണ്. ഈ ഐക്യത്തിന്റെ ബന്ധനത്തിന് എത്രത്തോളം ഹൃദയസ്പൃക്കായിരിക്കാന്‍ കഴിയുമെന്ന് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടിയാലോചനകളുടെ ഘട്ടത്തില്‍ വ്യക്തമായതാണ്. അവിടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികളുടെ നീക്കങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത് കൂടുതല്‍ അവ ഗാഢമാക്കേണ്ടതും സുദൃഢമാക്കേണ്ടതുമുണ്ട്.

അവസാന വിശകലനത്തില്‍, ദാരിദ്ര്യം കുറയ്ക്കല്‍ ദാനധര്‍മ്മങ്ങള്‍കൊണ്ടോ സര്‍ക്കാരിെന്‍റ സൗജന്യങ്ങള്‍കൊണ്ടോ നടപ്പാക്കാനാവില്ല - അനുയോജ്യമായ നയനടപടികളിലൂടെയും രാജ്യകാര്യങ്ങളില്‍ ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയും മാത്രമേ സുസ്ഥിരമായി ദാരിദ്ര്യം കുറയ്ക്കാനാവൂ.

മാനവരാശിയുടെ യഥാര്‍ത്ഥത്തിലുള്ളതും സമ്പൂര്‍ണവുമായ മോചനം കൈവരിക്കുന്നതിന്, പ്രത്യേകിച്ച് ഇന്ത്യയില്‍, നയപരമായ ദിശാമാറ്റത്തിനായി ഇത്തരം ജനകീയ സമ്മര്‍ദ്ദങ്ങള്‍ ആവശ്യമാണ്. ഇത്തരമൊരു വിമോചനം സാക്ഷാല്‍ക്കരിക്കാന്‍ വിമോചനത്തിന്റെ തത്വശാസ്ത്രവും വിമോചനത്തിന്റെ ദൈവശാസ്ത്രവും ഒന്നിക്കേണ്ടത് ആവശ്യമാണ്. ഇത് ജീവെന്‍റ മോചനത്തെ സംരക്ഷിക്കുന്നതിനൊപ്പം, വര്‍ഗീയ സംഘര്‍ഷങ്ങളുടെ നിലനില്‍പ് ഇല്ലാതാക്കുന്ന നമ്മുടെ സാമൂഹ്യ അസ്തിത്വവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യങ്ങളെയും ഒരേ സമയം സംരക്ഷിക്കുന്നു.

*
സീതാറാം യെച്ചൂരി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ധാരണയുമായി ബന്ധപ്പെട്ട് എക്കാലത്തും വളരെയേറെ വിവാദങ്ങള്‍ നിലനിന്നിരുന്നു എന്നത് വിചിത്രമായി തോന്നാം. ""മതം മനുഷ്യന്റെ (മയക്കുന്ന) കറുപ്പാണ്"" എന്ന, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണിയാണ് പൊതുധാരണയില്‍ നില്‍ക്കുന്നത്. ഈ പ്രസ്താവന ഉള്‍പ്പെടുന്ന ഖണ്ഡിക ഒരിക്കലും പൂര്‍ണ രൂപത്തില്‍ ഉദ്ധരിക്കാറുമില്ല. മാര്‍ക്സ് പ്രസ്താവിച്ചത് ഇങ്ങനെ - ""മതപരമായ കഷ്ടപ്പാട് ഒരേ സമയം യഥാര്‍ത്ഥ കഷ്ടപ്പാടിന്റെ ബഹിര്‍സ്ഫുരണവും യഥാര്‍ത്ഥ കഷ്ടപ്പാടിനെതിരായ പ്രതിഷേധവുമാണ്.