സ്പെയിനില്‍ മാര്‍ച്ച് 29ന് നടന്ന പൊതുപണിമുടക്കില്‍ 80 ശതമാനത്തിലേറെ തൊഴിലാളികള്‍ പങ്കെടുത്തതായാണ് ഏറെക്കുറെ ഒരേപോലെ വാര്‍ത്താമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടുചെയ്യുന്നത്. തൊഴിലില്ലാത്ത യുവാക്കളും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പെന്‍ഷന്‍കാരുമെല്ലാം സര്‍ക്കാരിെന്‍റ ചെലവ് ചുരുക്കല്‍ നയത്തോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി ഈ പൊതു പണിമുടക്കിനെ പരിഗണിച്ചതായാണ് റിപ്പോര്‍ട്ട്. തൊഴിലാളികളോടൊപ്പം ഈ വിഭാഗങ്ങളെല്ലാം തെരുവിലിറങ്ങിയത് അതാണ് സൂചിപ്പിക്കുന്നത്. മൂന്നുമാസത്തിനുമുമ്പ് സ്പെയിനില്‍ അധികാരത്തിലെത്തിയ മറിയാനോ റജോയിയുടെ വലതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിലും ചെലവുചുരുക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പൊതുപണിമുടക്ക് നടന്നത്.
ഫെബ്രുവരി അവസാനം നിലവില്‍വന്ന നിയമപ്രകാരം, ഉല്‍പാദനം കുറയ്ക്കുന്നതിന്റെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ അവര്‍ ജോലിചെയ്ത ഓരോ വര്‍ഷത്തിനും 33 ദിവസത്തെ കൂലി എന്ന നിലയില്‍ പരമാവധി 24 മാസത്തെ കൂലിക്കുമാത്രമേ അര്‍ഹതയുണ്ടാവു. അത് സമ്മതിച്ച് തൊഴിലാളികളും ജീവനക്കാരും കരാര്‍ ഒപ്പിടണം. നിലവില്‍ ജോലിചെയ്ത ഓരോ വര്‍ഷത്തിനും 45 ദിവസത്തെ വേതനം ലഭിക്കും; പരമാവധി 42 മാസത്തെയും. ""ധനപരമായ ബുദ്ധിമുട്ടുകള്‍"" കാരണം ലേ ഓഫ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ 20 ദിവസത്തെ കൂലികൊടുത്ത് തൊഴിലാളികളെ പിരിച്ചുവിടാന്‍ മാനേജ്മെന്റിന് കഴിയും. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ പേരില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും പിരിച്ചുവിടാനും പുതിയ നിയമം തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. ഒരു നിയന്ത്രണവുമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനും അവരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനും തൊഴിലുടമകളെ അനുവദിക്കുന്നതാണ് യാഥാസ്ഥിതിക സര്‍ക്കാരിെന്‍റ പുതിയ തൊഴില്‍ നിയമം. ഇതിനുപുറമെയാണ്, വിവിധ മന്ത്രാലയങ്ങളുടെ ചെലവുകളില്‍ 17 ശതമാനം വെട്ടിക്കുറയ്ക്കാനും അധിക നികുതികള്‍ സാധാരണക്കാരുടെമേല്‍ അടിച്ചേല്‍പിക്കാനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടത്.
2700 കോടി യൂറോയുടെ വെട്ടിക്കുറവാണ് അടുത്തവര്‍ഷത്തെ ചെലവില്‍ വരുത്തിയത്. ഇത് ജീവനക്കാരുടെ ശമ്പളത്തെയായിരിക്കും പ്രധാനമായും ബാധിക്കുന്നത്. തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യും. ബജറ്റ് കമ്മി ജിഡിപിയുടെ 5.3 ശതമാനമാക്കി നിര്‍ത്താനാണ് ഈ നടപടികള്‍. ഇപ്പോള്‍ ഇത് 8.5 ശതമാനമാണ്. 2013 ആകുമ്പോള്‍ കമ്മി ജിഡിപിയുടെ 3 ശതമാനത്തില്‍ എത്തിക്കണമെന്നാണ് ഐഎംഎഫ്-യൂറോപ്യന്‍ യൂണിയന്‍ കൂട്ടുകെട്ടിെന്‍റ അന്ത്യശാസനം. നികുതി വര്‍ദ്ധനവിലൂടെയും ചെലവ് ചുരുക്കലിലൂടെയും പ്രതിവര്‍ഷം 3500 കോടി യൂറോയെങ്കിലും അധികം സമാഹരിച്ചാലേ ഈ ലക്ഷ്യം കൈവരിക്കാനാകു. ഇതിനര്‍ത്ഥം, സ്പാനിഷ് ജനതയ്ക്കുമേല്‍ ഇനിയും കടുത്ത കടന്നാക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ്. സ്പെയിനിലെ തൊഴിലില്ലായ്മ നിരക്ക് ഔദ്യോഗിക കണക്കുപ്രകാരം 22.85 ശതമാനമാണ്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാകട്ടെ 50 ശതമാനത്തിനടുത്ത് എത്തിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ നിരക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനം 23 ശതമാനത്തില്‍നിന്ന് 27 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.
തൊഴിലുള്ളവര്‍ക്കുപോലും കിട്ടുന്ന കൂലികൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. 60 ശതമാനത്തോളം തൊഴിലാളികള്‍ക്കും പ്രതിമാസം 1000 യൂറോയില്‍ കുറഞ്ഞകൂലിയാണ് ലഭിക്കുന്നത്. അതുപോലും വെട്ടിക്കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, മറ്റു ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ നിര്‍വഹിക്കുന്നത് പ്രാദേശിക, പ്രവിശ്യാ സര്‍ക്കാരുകളാണ്. അവയില്‍ വെട്ടിക്കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അവയ്ക്കുമേല്‍ സമ്മര്‍ദ്ദംചെലുത്തുന്നുണ്ട്. പല പ്രവിശ്യാ സര്‍ക്കാരുകളും വ്യത്യസ്തതോതില്‍ ഇതിനകം ആ വെട്ടിക്കുറവ് വരുത്തുകയും ചെയ്തിരിക്കുന്നു. ഇതുമൂലം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരടക്കം അല്‍പ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ അവരുടെ തുച്ഛവരുമാനം വെട്ടിക്കുറയ്ക്കപ്പെടുകയോ ആണ്. ഈ നടപടികള്‍ സ്പെയിനിെന്‍റ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ല എന്നു മാത്രമല്ല, മഹാഭൂരിപക്ഷം ജനങ്ങളുടെയും ക്രയശേഷി ഇടിയുന്നതുമൂലം ആഭ്യന്തരവിപണി പിന്നെയും തകരാനാണ് സാധ്യത. അത് യഥാര്‍ത്ഥത്തില്‍ സാമ്പത്തികനില അവതാളത്തിലാകുന്നതിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണ്. കമ്മി കുറയ്ക്കുന്നതിന്റെപേരില്‍ ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പിക്കുകയും ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ക്ഷേമപദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍തന്നെ, ശതകോടിക്കണക്കിന് യൂറോ തകരുന്ന ബാങ്കുകളുടെ രക്ഷാ പദ്ധതിക്കായി ഇപ്പോഴും സ്പെയിന്‍ സര്‍ക്കാര്‍ ചെലവിടുന്നുമുണ്ട്.
രണ്ടാഴ്ച മുമ്പാണ് യുണിക്കജ, കാജ എസ്പാന ഡ്യൂറേ എന്നീ ബാങ്കുകളുടെ ലയനത്തിന് വഴിയൊരുക്കാന്‍ 85 കോടി യൂറോ പൊതു ഖജനാവില്‍നിന്ന് സര്‍ക്കാര്‍ നല്‍കിയത്. മറ്റൊരു ബാങ്കിന് 52 കോടി യൂറോയും ഏതാനും ആഴ്ചകള്‍ക്കുമുമ്പ് നല്‍കിയിരുന്നു. സാധാരണ ജനങ്ങളെ കൊള്ളയടിച്ച് ശതകോടീശ്വരന്മാരുടെ കീശനിറയ്ക്കുന്ന നടപടിയാണ് ഐഎംഎഫിന്റെയും മറ്റും നിര്‍ദ്ദേശപ്രകാരം മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നപോലെ സ്പെയിനിലും നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണ നടപടി ഇതിനോടുകൂട്ടി വായിക്കാവുന്നതാണ്. 27 കമ്പനികളെ പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിക്കാനും 43 കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാനും പ്രധാനമന്ത്രി മറിയാനോ റജോയിയുടെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സ്പെയിനിെന്‍റ സാമ്പത്തിക സ്ഥിതി വഷളായി വരികയാണെന്നാണ് അടുത്തയിടെ ചില സ്പാനിഷ് മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ പങ്കെടുത്ത 89 ശതമാനം ആളുകളും വിശ്വസിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് 84 ശതമാനംപേരെയും ഉല്‍ക്കണ്ഠപ്പെടുത്തുന്നത്. 40 ശതമാനത്തോളം ആളുകള്‍ തങ്ങള്‍ക്കും കുടുംബത്തിനും നിത്യവൃത്തിക്കുള്ള പണംപോലും കിട്ടാത്ത അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതായി ഭയപ്പെടുന്നു.
കഴിഞ്ഞ 8 വര്‍ഷക്കാലമായി സ്പെയിനില്‍ അധികാരത്തിലിരുന്ന "സോഷ്യലിസ്റ്റ്" സര്‍ക്കാര്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ തീട്ടൂരപ്രകാരം നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിലുള്ള പ്രതിഷേധമായിരുന്നു 2011ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രകടിപ്പിച്ചത്. നിഷേധവോട്ടിലൂടെ അധികാരത്തിലെത്തിയ റജോയിയുടെ വലതുപക്ഷ സര്‍ക്കാര്‍ കൂടുതല്‍ രൂക്ഷമായി ചുരുങ്ങിയ നാളുകള്‍ക്കകം ജനങ്ങള്‍ക്കുമേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതിക്കെതിരായ പ്രതിഷേധമാണ് മാര്‍ച്ച് 29ലെ പൊതു പണിമുടക്കിലൂടെ ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്. വ്യവസായം, ഗതാഗതം, സേവന രംഗങ്ങള്‍, ധനകാര്യ സംവിധാനങ്ങള്‍ എന്നിവയെ എല്ലാം പണിമുടക്ക് ബാധിച്ചു. റയില്‍വെയും റോഡ് ഗതാഗതവും വ്യോമയാനമേഖലയും ഏറെക്കുറെ നിശ്ചലമായി. സ്വകാര്യമേഖലയിലേതടക്കം വ്യവസായ സ്ഥാപനങ്ങളാകെ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികളില്‍ അവശ്യസേവനം മാത്രമേ നടന്നുള്ളു. പ്രധാന നഗരങ്ങളിലെല്ലാം പണിമുടക്കിയ തൊഴിലാളികളും വിദ്യാര്‍ത്ഥികളടക്കം മറ്റു ജനവിഭാഗങ്ങളും രാജവീഥികളും തെരുവുകളുമെല്ലാം ഉപരോധിച്ചു. കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിലാണ് സ്പാനിഷ് തൊഴിലാളിവര്‍ഗ്ഗം.
*
ജി വിജയകുമാര്‍ ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
സ്പെയിനില്‍ മാര്‍ച്ച് 29ന് നടന്ന പൊതുപണിമുടക്കില്‍ 80 ശതമാനത്തിലേറെ തൊഴിലാളികള്‍ പങ്കെടുത്തതായാണ് ഏറെക്കുറെ ഒരേപോലെ വാര്‍ത്താമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടുചെയ്യുന്നത്. തൊഴിലില്ലാത്ത യുവാക്കളും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പെന്‍ഷന്‍കാരുമെല്ലാം സര്‍ക്കാരിെന്‍റ ചെലവ് ചുരുക്കല്‍ നയത്തോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി ഈ പൊതു പണിമുടക്കിനെ പരിഗണിച്ചതായാണ് റിപ്പോര്‍ട്ട്. തൊഴിലാളികളോടൊപ്പം ഈ വിഭാഗങ്ങളെല്ലാം തെരുവിലിറങ്ങിയത് അതാണ് സൂചിപ്പിക്കുന്നത്. മൂന്നുമാസത്തിനുമുമ്പ് സ്പെയിനില്‍ അധികാരത്തിലെത്തിയ മറിയാനോ റജോയിയുടെ വലതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിലും ചെലവുചുരുക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പൊതുപണിമുടക്ക് നടന്നത്.
Post a Comment