Tuesday, April 3, 2012

പൊങ്കാലയുടെ രാഷ്ട്രീയം

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു. ഇത്തവണ അത് സാര്‍വദേശീയ വനിതാദിനത്തിന്റെ തലേന്നായിരുന്നു. ലക്ഷക്കണക്കിനു സ്ത്രീകള്‍, വളരെ അകലെനിന്നു വന്ന് വെയിലത്തും പുകയത്തും നിന്ന് പായസമുണ്ടാക്കി വീട്ടില്‍ കൊണ്ടുപോകുന്നത് ഭക്തി എന്ന ഒറ്റക്കാര്യത്തിനുവേണ്ടി മാത്രമാണോ? വീട്ടില്‍നിന്ന് ഒരു ദിവസത്തേക്ക് പുറത്തിറങ്ങിപ്പോരാന്‍ ഒരവസരം. സംഘം ചേരാന്‍ ഒരവസരം. അതിന് എല്ലാവരും അംഗീകരിക്കുന്ന ഒരു ലക്ഷ്യം. പ്രായഭേദം നോക്കാതെ സ്ത്രീകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് കാരണമതാവാം. പണ്ടൊക്കെ താഴ്ന്ന വരുമാനക്കാരോ ഇടത്തരക്കാരോ മാത്രം പങ്കെടുത്തിരുന്ന ഈ ആഘോഷത്തിന് ഇപ്പോള്‍ താരപരിവേഷവും കൈവന്നിരിക്കുന്നു!

തലേന്നു രാത്രി തിരുവനന്തപുരം നഗരത്തിലൂടെ ഒന്നു നടന്നുനോക്കണം. എങ്ങും സ്ത്രീകളാണ്. അവര്‍ക്ക് ഈ ദിവസം രാത്രിയെ പേടിയില്ല. യാത്രയേയും പേടിയില്ല. എവിടെയും പോകാം, പുറത്ത് കടത്തിണ്ണയിലും അമ്പലമുറ്റത്തും നിലാവത്തും കിടന്നുറങ്ങാം. അന്യവീട്ടില്‍ പാര്‍ക്കാം. ബസ്സിലും ട്രെയിനിലും ലോറിയിലും പിക്ക് അപ്പ് ഓട്ടോയിലും വരെ യാത്ര ചെയ്യാം. കൂട്ടുകാരികള്‍ക്കു കൂടി തമാശ പറഞ്ഞു ചിരിക്കാം. തിരക്കോടു തിരക്ക്. ആരും അവരെ ശല്യപ്പെടുത്തുന്നില്ല. ആര്‍ക്കും വിലക്കുകളില്ല. വീട്ടിലെ പല നൂലാമാലകളും മാറ്റിവച്ച് അവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി പറമ്പിലും മുറ്റത്തും കടത്തിണ്ണയിലും ഒക്കെ ഒത്തുകൂടുന്നു. വഴിയരികിലും മുറ്റത്തും എല്ലാം അടുപ്പുകൂട്ടി പാചകം ചെയ്യുന്നു.

തീര്‍ഥാടനവും ഒരുതരം യാത്രയും കൂട്ടായ്മയുമാണ്. അതിന്റെ ആനന്ദം സ്ത്രീകള്‍ക്കു നിഷേധിക്കുന്നതെങ്ങനെ? ഇവിടെ പുരുഷന്മാര്‍ക്കാണ് വിലക്ക്. ബസ്സും തീവണ്ടിയും എല്ലാം ""ലേഡീസ് ഒണ്‍ലി"" യാണ്. രണ്ടുകിലോമീറ്റര്‍ ചുറ്റളവുള്ള സ്ഥലത്ത് പൊങ്കാല തീരുംവരെ പാസ്സുള്ള പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനമു ള്ളൂ. അതുകൊണ്ട് സ്ത്രീകള്‍ രണ്ടും മൂന്നും ദിവസം മുമ്പ് എത്തി ഇവിടെ തമ്പടിക്കുകയാണ്. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല താനും. ചെറിയ കുഞ്ഞുങ്ങളുമായി ഒരാള്‍. വിവാഹപ്രായമായ പെണ്‍മക്കളുമായി മറ്റൊരാള്‍. എഴുപതുകഴിഞ്ഞ മുത്തശ്ശിമാര്‍. ചെറുപ്പക്കാരികള്‍. എല്ലാവരും നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവയ്ക്കുകയാണ്്. പാചകം തന്നെയാണ് പരിപാടി.

പാചകത്തിനായല്ലെങ്കില്‍ സ്ത്രീകളുടെ കൂട്ടായ്മ ശരിയാവില്ലായിരിക്കും. ജാതിമത ചിന്തകള്‍ ഇല്ലാത്ത ദേവിയാണല്ലോ. അതും സ്വന്തം വീട്ടുപാത്രങ്ങളില്‍ ആണല്ലോ ദേവിക്കുള്ള നിവേദ്യം. ഗള്‍ഫിലുള്ള ഭര്‍ത്താവിനെ പറഞ്ഞു സമമതിപ്പിക്കാന്‍ ഒത്തിരി പണിപ്പെട്ടെന്ന് ഒരു സ്ത്രീ. എന്നാലും ഈ കാര്യത്തിനാവുമ്പോ വീട്ടില്‍ വലിയ തടസ്സമില്ലത്രേ. സുഖമില്ലെങ്കിലും ഇതു മുടക്കാന്‍ മനസ്സുവരുന്നില്ലെന്ന് വേറൊരാള്‍. അകലെനിന്ന് ഒരു ടെമ്പോയിലാണ് എട്ടോളം സ്ത്രീകള്‍ വന്നെത്തിയിരിക്കുന്നത്. ഒറ്റ ദിവസത്തേക്കാണെങ്കിലും യാത്ര എന്നതിന്റെ സ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുന്നുണ്ടെന്നു തോന്നി. വീട്ടിലെ കാര്യങ്ങളെല്ലാം ആരെയെങ്കിലും ഏല്‍പ്പിച്ചിട്ടു വന്നിരിക്കയാണ്. ഒരു വര്‍ഷം വന്നാല്‍ വീണ്ടും വരാന്‍ തോന്നുമത്രേ. ഈ സന്തോഷം അനുഭവിച്ചാല്‍ അതുമറക്കാന്‍ പറ്റില്ല. എപ്പോഴും കിട്ടുന്ന ഒന്നല്ലല്ലോ ആഹ്ലാദം. പായസമുണ്ടാക്കല്‍ ആകെ അരമണിക്കൂര്‍ പരിപാടിയേ ഉണ്ടാവൂ. ചെറിയ മണ്‍കലത്തില്‍ പച്ചരി വേവാന്‍ എത്രനേരം വേണം? അതില്‍ അല്‍പം തേങ്ങയും ശര്‍ക്കരയും പഴവും ചേര്‍ത്താല്‍ പായസമായി. ബാക്കിയുള്ള സമയം മുഴുവനും സ്വന്തമാണ്.

സ്ത്രീകളുടെ വെടിവട്ടം, തമാശകള്‍, ബന്ധുക്കളുടെ ഒത്തുകൂടല്‍, സ്നേഹം പങ്കുവയ്ക്കലുകള്‍. അപ്പൊ അതാണ് കാര്യം. ഭക്തി എന്ന "നിര്‍ദോഷമായ" ലക്ഷ്യത്തിനു സ്ത്രീകള്‍ കൂട്ടുകൂടുന്നത് പൊതു സമൂഹത്തിനും സന്തോഷമാണ്. അതില്‍ മറ്റൊരാവശ്യവും അവര്‍ ഉന്നയിക്കുന്നില്ലല്ലോ. മാത്രമല്ല, അതില്‍നിന്നു കിട്ടുന്ന ഫലം കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണല്ലോ എന്നാണ് വയ്പ്പ്. കല്യാണസ്ഥലത്തും മറ്റും രാത്രി ഒത്തുകൂടുമ്പോഴുള്ള ഒരു കൂട്ടായ്മ. പരസ്പര സഹായം. നാട്ടില്‍നിന്നു വന്ന ഒരമ്മായിക്ക് സഹായിയായി ആദ്യമായി ഇത്തവണ കൂടിയപ്പോഴാണ്, ഈ ബൃഹത്തായ സ്ത്രീകൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യം വ്യക്തമായത്. ഞങ്ങള്‍ ഒത്തുചേര്‍ന്ന വീട്ടിലെ പുരുഷന്മാര്‍ തന്നെ എല്ലാവര്‍ക്കും രാവിലെ ചായയും പലഹാരവും വിളമ്പിത്തന്നു. ഉച്ചക്ക് ചോറും കറികളും തന്നു. കൈ കഴുകിയ ഞങ്ങളുടെ എച്ചിലിലകള്‍ അവര്‍ എടുത്തുമാറ്റി. ആദരവോടെ.

സ്ത്രീകള്‍ക്ക് ആദരവു ലഭിക്കുന്ന ഈ ദിവസത്തെ ഏതെങ്കിലും സ്ത്രീ വേണ്ടെന്നു വയ്ക്കുമോ? സ്ത്രീക്കു നിഷിദ്ധമായ പൊതു ഇടം, രാത്രി യാത്ര, തനിച്ചുള്ള സഞ്ചാരം, ഒത്തുചേരല്‍ എല്ലാം ആസ്വദിക്കയാണിവര്‍. ഭക്തി അതിന് ഒരു സാമൂഹ്യമായ അംഗീകാരവും നല്‍കുന്നു. മറ്റുള്ള നഗരങ്ങളിലേക്കാള്‍ യാത്ര ചെയ്യാന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മടിയാണ്. സുരക്ഷിതത്വമില്ലായ്മയും പുറത്ത് സന്ധ്യകഴിഞ്ഞാല്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറയുന്നതുമാണ് കാരണം. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ കൂടുതലാണെങ്കിലും ഇവിടെ ഇരുട്ടിയാല്‍ സ്ത്രീകള്‍ ആരും ഒറ്റക്ക് സഞ്ചരിക്കാറില്ല. മെട്രോ നഗരങ്ങളില്‍ രാത്രി പത്തുമണിവരെ ധാരാളം സ്ത്രീകള്‍ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്നതായി കാണാം. അടുത്തകാലത്ത് മുംബൈയില്‍ സ്ത്രീസുരക്ഷക്കു നേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എങ്കിലും സ്ത്രീകളുടെ സഞ്ചാരം സ്വാഭാവികമായതുകൊണ്ട് അവിടെ ആരും ഒറ്റപ്പെട്ടു പോകുന്നില്ല. മാത്രമല്ല, ജോലി കഴിഞ്ഞും പഠിത്തം കഴിഞ്ഞും വളരെ ദൂരം സഞ്ചരിച്ചുവേണം അവര്‍ക്കു വീടെത്താന്‍. അതുകൊണ്ട് വീട്ടിലുള്ളവര്‍ക്കും അതില്‍ എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ അതല്ല.

തിരുവനന്തപുരത്തേക്കാള്‍ രാത്രി സ്ത്രീ സഞ്ചാരം കുറഞ്ഞ നഗരങ്ങളായാണ് കൊച്ചിയും കോഴിക്കോടും തോന്നിയിട്ടുള്ളത്. സഹപ്രവര്‍ത്തകനോടൊപ്പം രാത്രി സഞ്ചരിച്ചതിന് ഐടി ജീവനക്കാരി ആക്രമിക്കപ്പെട്ടത് കൊച്ചിയിലാണല്ലോ. ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ എണ്ണം കൂടുതലായത് തിരുവനന്തപുരത്ത് സഹായമായി. എങ്കിലും ഈ പൊങ്കാല ദിവസങ്ങള്‍ കണ്ടപ്പോള്‍ സ്ത്രീകളെക്കൊണ്ട് വാഹനങ്ങളും വഴിയും നിറയുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷാബോധം കൂടും എന്ന് തോന്നി. സ്ത്രീകള്‍ കൂടുതലായി പുറത്തിറങ്ങി നടക്കുകയും സംഘം ചേര്‍ന്നിരിക്കയും ചെയ്യുന്നത് സ്ത്രീകളുടെ സുഗമമായ സഞ്ചാരത്തിനു ഗുണം ചെയ്യുക തന്നെ ചെയ്യും.

*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു. ഇത്തവണ അത് സാര്‍വദേശീയ വനിതാദിനത്തിന്റെ തലേന്നായിരുന്നു. ലക്ഷക്കണക്കിനു സ്ത്രീകള്‍, വളരെ അകലെനിന്നു വന്ന് വെയിലത്തും പുകയത്തും നിന്ന് പായസമുണ്ടാക്കി വീട്ടില്‍ കൊണ്ടുപോകുന്നത് ഭക്തി എന്ന ഒറ്റക്കാര്യത്തിനുവേണ്ടി മാത്രമാണോ? വീട്ടില്‍നിന്ന് ഒരു ദിവസത്തേക്ക് പുറത്തിറങ്ങിപ്പോരാന്‍ ഒരവസരം. സംഘം ചേരാന്‍ ഒരവസരം. അതിന് എല്ലാവരും അംഗീകരിക്കുന്ന ഒരു ലക്ഷ്യം. പ്രായഭേദം നോക്കാതെ സ്ത്രീകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് കാരണമതാവാം. പണ്ടൊക്കെ താഴ്ന്ന വരുമാനക്കാരോ ഇടത്തരക്കാരോ മാത്രം പങ്കെടുത്തിരുന്ന ഈ ആഘോഷത്തിന് ഇപ്പോള്‍ താരപരിവേഷവും കൈവന്നിരിക്കുന്നു!