Wednesday, April 25, 2012

ആണ്‍കോയ്മയുടെ നീതിവിചാരം

കേരളീയ ജീവിതത്തിന്റെ മികവുകളെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളുടെയും അടിയിളക്കാന്‍ പോന്നതാണ് നമ്മുടെ സ്ത്രീജീവിതത്തിന്റെ സ്ഥിതി. ആധുനിക സമൂഹരൂപീകരണത്തിന്റെ ഭാഗമായി സ്ത്രീയുടെ പദവിയിലുണ്ടായ മാറ്റം അവളെ പല നിലകളില്‍ അടിമപ്പെടുത്തുകയാണ് ചെയ്തതെന്ന കാര്യം സാമൂഹ്യശാസ്ത്ര ഗവേഷകരും സ്ത്രീപക്ഷ ചിന്തകരും വിശദീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഗാര്‍ഹികതയുടെ സ്വകാര്യലോകം എന്ന "വിശുദ്ധസ്ഥാ"ത്ത് സ്ത്രീയെ തളച്ചിട്ട വീട്ടമ്മവത്കരണമായിരുന്നു ആധുനികീകരണത്തിലെ സ്ത്രീ സമീപനത്തിന്റെ കാതല്‍. സമ്പത്തിലും സമൂഹജീവിതത്തിലും മുതല്‍ ശരീരത്തിലും ലൈംഗികതയിലുംവരെ സ്വാധികാരമില്ലാത്ത വിധേയകര്‍ത്തൃത്വമായി സ്ത്രീയെ നിര്‍വചിച്ചെടുക്കുന്നതില്‍ അത് വിജയിച്ചു. അവസാനമില്ലാത്ത, പലതരം വേട്ടകളുടെ ഇരയായി കേരളീയ സ്ത്രീയെയും ഇരയുടെ കാവലാളായി നടിക്കുന്ന പുരുഷലോകത്തെയും അത് പണിതീര്‍ത്തു. അന്തിമമായി ഈ കാവലാളുകള്‍ തന്നെയാണ് വേട്ടക്കാരായി രംഗത്തെത്തിയതും.

നിന്ദ്യമായ ഈ വേട്ടയുടെ ഇരയായിത്തീര്‍ന്ന സൂര്യനെല്ലിയിലെ പെണ്‍കുട്ടി നേരിടുന്ന പുതിയ സ്ഥിതിവിശേഷത്തെക്കുറിച്ചാണ് പത്രപ്രവര്‍ത്തകയും സ്ത്രീപക്ഷ പ്രവര്‍ത്തകയുമായ പാര്‍വതീദേവി "സംഘടിത"യുടെ അവസാന ലക്കത്തില്‍ എഴുതിയത്. മാസങ്ങള്‍ നീണ്ടുനിന്ന പീഡനങ്ങള്‍ക്ക് ഇരയായി, കോടതിയുടെ നീതിവിചാരത്തിന്റെയും ഇരയായിത്തീര്‍ന്ന ആ പെണ്‍കുട്ടിയെ വേട്ടയാടിപ്പിടിക്കാന്‍ ഭരണകൂടാധികാരം നേരിട്ട് രംഗത്തിറങ്ങിയതിന്റെ കഥയാണ് പാര്‍വതീദേവി വെളിപ്പെടുത്തുന്നത്. പണാപഹരണക്കേസില്‍ കുടുക്കി, ജോലിയില്‍നിന്ന് പുറത്താക്കി, ആ പെണ്‍കുട്ടിയെ ജയിലിലടക്കാന്‍ വേട്ടക്കാര്‍ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പീഡനക്കേസിലെ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരായ കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് പുതിയ കേസും അറസ്റ്റും എല്ലാം ഉണ്ടായത്.

വാര്‍ധക്യത്തിന്റെ അശരണതകളില്‍ ആണ്ടുപോയ മാതാപിതാക്കള്‍ മാത്രമുള്ള ഈ പെണ്‍കുട്ടി ഇങ്ങനെ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നത് കേരളത്തെ കാര്യമായി പ്രകോപിപ്പിച്ചിട്ടില്ല. ചെറിയ ചില എതിര്‍പ്പുകള്‍ അവിടവിടെ ഉയര്‍ന്നതിനപ്പുറം, നമ്മുടെ നീതിബോധത്തെയാകെ അപഹസിക്കുന്ന ഈ ഹീനതയോട് കേരളം എതിര്‍ത്തു നടന്നിട്ടില്ല. എത്ര നിന്ദ്യമായ ഒരു ആണ്‍ലോകമായി നമ്മുടെ നാട് മാറിപ്പോയിരിക്കുന്നു! നീതി ഒരു പുരുഷദേവനായി പ്രത്യക്ഷപ്പെടുന്ന ലോകം!!

*
നൃത്തപാഠങ്ങളിലെ സംസ്കാരചരിത്രം നൃത്താനുഭവത്തിന്റെ ബഹുസ്വരതയെക്കുറിച്ചാണ് രാജശ്രീ വാര്യര്‍ പച്ചക്കുതിരയുടെ മാര്‍ച്ച് ലക്കത്തില്‍ എഴുതിയിരുന്നത്; തന്റെ "നര്‍ത്തകി" എന്ന പരമ്പരയില്‍. നൃത്തം അനുഭവമാക്കുന്നതിന്റെ തരഭേദങ്ങളെക്കുറിച്ചും നര്‍ത്തകിയുടെ അനുഭവലോകത്തിന്റെ സവിശേഷതയെക്കുറിച്ചുമാണ് രാജശ്രീ വാര്യര്‍ എഴുതുന്നത്. നര്‍ത്തകിയുടെ ആത്മപ്രപഞ്ചവും അവരുടെ ജീവന് ആധാരമായ വിശ്വപ്രപഞ്ചവും തമ്മിലുള്ള തന്‍മയീഭാവത്തിന്റെ അനുഭൂതിരംഗങ്ങള്‍ ആസ്വാദകരെയും വലയംചെയ്ത് യോഗാനുഭവത്തിന്റെ അതീത ലോകത്തിന് ജന്മംനല്‍കുന്നതിന്റെ ആന്തരിക യുക്തികളിലേക്കാണ് ആ ലേഖനം വിരല്‍ചൂണ്ടുന്നത്.

പൊതുവെ പറഞ്ഞാല്‍ മലയാളത്തിലെ നൃത്ത-നാട്യ വിചാരങ്ങള്‍ രണ്ടു തരത്തിലുള്ളവയാണ്. ഒരു ഭാഗത്ത് അവ നൃത്തപ്രയോഗങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. അടവുകളും കരണങ്ങളും ഹസ്തമുദ്രകളും മറ്റും വിവരിക്കുന്ന, പലപ്പോഴും പാഠപുസ്തകസ്വഭാവത്തിലേക്ക് വഴുതിപ്പോവുന്ന സങ്കേത വിചാരങ്ങള്‍. മറുഭാഗത്തുള്ളത് നൃത്താനുഭവത്തെ അതീതവത്കരിക്കുന്ന, ഒട്ടൊക്കെ മതാത്മകമായ ലാവണ്യപാഠങ്ങളാണ്. നൃത്തമെന്ന കലയുടെ കേവലലോകത്തെയും അത് ജന്മം നല്‍കുന്ന സൗന്ദര്യാനുഭൂതിയെയും ധ്യാനാത്മകതയുടെയും അതിഭൗതികതയുടെയും പദാവലികള്‍കൊണ്ട് വിവരിക്കാനാണ് അവ ശ്രമിക്കുക. മറ്റൊരു നിലയില്‍ പറഞ്ഞാല്‍ നൃത്തത്തിന്റെ ആസ്വാദനാനുഭവത്തെ വാക്കുകളില്‍ പകരാനുള്ള ശ്രമം. പലപ്പോഴും അത് മതാത്മകതയുടെ താവഴിയിലേക്ക് ചാഞ്ഞുനില്‍ക്കുകയും ചെയ്യും. നിശ്ചയമായും ഈ രണ്ട് വ്യാഖ്യാനരീതികളും നമ്മുടെ നാട്യ വിജ്ഞാനത്തിന് ആവശ്യമാണ്. നൃത്തത്തിന്റെ പ്രായോഗിക പരിശീലനങ്ങള്‍ക്കും നൃത്തത്തെ മുന്‍നിര്‍ത്തിയുള്ള ഒരു വ്യവഹാരമണ്ഡലം ഭാഷയില്‍ നിലവില്‍വരുന്നതിനും അവ വലിയ സംഭാവനയാണ് നല്‍കുന്നത്. ഈ വ്യവഹാര മണ്ഡലത്തിനകത്തുവച്ചാണ് നമ്മുടെ ആസ്വാദനവും നടക്കുന്നത് എന്നതിനാല്‍ സജീവവും സര്‍ഗ്ഗാത്മകവുമായ സാങ്കേതിക-ആസ്വാദന പഠനങ്ങള്‍ ഏതൊരു സമൂഹത്തിന്റെയും നൃത്താനുഭവങ്ങളെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. നൃത്തത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് ഏതൊരു വിഷയമേഖലയെയും കലാമേഖലയെയും സംബന്ധിച്ചും ഇത് ശരിയാണ്.

പക്ഷേ, ഇതിനപ്പുറം നൃത്തവിജ്ഞാനം ആവശ്യപ്പെടുന്ന മറ്റൊരു വികശലന രീതി കൂടിയുണ്ട്. അത് നൃത്ത രൂപങ്ങളെയും അവയുടെ അനുഭവലോകങ്ങളെയും സംസ്കാരചരിത്രത്തിന്റെ ഭാഗമായി പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങളാണ്. സംസ്കാരചരിത്രം എന്നുപറയുന്നത് കലയെയും സാഹിത്യത്തെയും മറ്റും സംസ്കാരം എന്ന വിശേഷമേഖലയായി അതിന്റെ ചരിത്രം ചമയ്ക്കലല്ല, മറിച്ച് സംസ്കാരത്തെ സമഗ്ര ജീവിതരീതി എന്ന നിലയില്‍ തിരിച്ചറിഞ്ഞ് വിപുലമായ ഒരു ബന്ധ വ്യവസ്ഥക്കകത്തുവച്ച് ഓരോ കലാനിര്‍മിതിയെയും പരിശോധിക്കുകയാണ്. ഇതര ജീവിതാവസ്ഥകളോടും സന്ദര്‍ഭങ്ങളോടുമുള്ള ഇടപെടലുകള്‍ എന്ന നിലയില്‍ കലയും അതിന്റെ അനുഭവലോകവും രൂപപ്പെട്ടുവരുന്നതെങ്ങനെയെന്ന് വിശദീകരിക്കുമ്പോഴേ കലാപഠനം സംസ്കാര വിമര്‍ശനത്തിന്റെ താവഴിയിലെത്തൂ. അങ്ങനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോടെ ചിരന്തനമെന്നു നാം കരുതുന്ന അനുഭൂതിലോകങ്ങള്‍ തന്നെയും ചരിത്രപരമായി നിലവില്‍ വന്നതാണെന്ന് വ്യക്തമാവും.

1930-കളില്‍ ഭരതനാട്യവേദിയില്‍ അരങ്ങേറിയ പരിഷ്കരണങ്ങളുടെ ഫലമെന്ന നിലയിലാണ് പിന്നിട്ട ആറേഴു പതിറ്റാണ്ടുകളില്‍ ഭരതനാട്യവിജ്ഞാനവും ആസ്വാദനവും വികസിച്ചുവന്നത്. ലളിതമായി പറഞ്ഞാല്‍ പൗരസ്ത്യവാദവും ദേശീയതയും കൂടിക്കലര്‍ന്ന ഒരു വ്യവഹാരമണ്ഡലത്തിനുള്ളിലാണ് ഭരതനാട്യത്തിന്റെ "നവോത്ഥാനം" അരങ്ങേറിയത്. രുഗ്മിണീദേവി അരുണ്ഡേലും, വി രാഘവനും, ഇ കൃഷ്ണയ്യരും എല്ലാം ഉള്‍പ്പെട്ട വിപുലമായ ഒരു പ്രയോഗവൃന്ദം ഇതില്‍ പലനിലകളില്‍ പങ്കുചേര്‍ന്നിരുന്നു. ഈ "നവോത്ഥാ" പ്രയോഗമാണ് സദിരിന്റെ ഐന്ദ്രിയതയില്‍നിന്നും ശരീരപരതയില്‍നിന്നും മുക്തമായ ഭരതനാട്യത്തെയും അതിന്റെ ചരിത്രത്തെയും വാര്‍ത്തെടുക്കുന്നത്. അധ്യാത്മത്തിന്റെയും അതിഭൗതികത്തിന്റെയും പദാവലികള്‍കൊണ്ട് വിവരിക്കാനും ആ നിലയില്‍ അനുഭവിക്കാനും കഴിയുന്ന ഒന്നായി ഭരതനാട്യം മാറിത്തീര്‍ന്നതും ഇങ്ങനെയാണ്. പഴയ സദിരാട്ടത്തിന് ഭരതനാട്യം എന്ന മാന്ത്രികധ്വനികളുള്ള പുതിയ പേര് നല്‍കിക്കൊണ്ടും, പഴയ സാഹിത്യശേഖരത്തില്‍നിന്ന് ക്ഷേത്രജ്ഞന്റെ പദങ്ങള്‍ ഉള്‍പ്പെട്ട രതിപ്രഹര്‍ഷം നിറയുന്ന പദങ്ങളെ ഒഴിവാക്കി പകരം ഭക്തിപ്രധാനമായ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും, രതിമുദ്രകള്‍ ഉള്‍പ്പെടെയുള്ള "അശ്ലീല ചേഷ്ട"കളെ കൈയൊഴിഞ്ഞും പുതിയ ആഹാര്യക്രമവും അവതരണവേദിയും രൂപപ്പെടുത്തിക്കൊണ്ടും എല്ലാമാണ് ഭരതനാട്യം ജന്മമെടുത്തത്. ഈ നവീകരണ പ്രക്രിയയുടെ സാംസ്കാരിക രാഷ്ട്രീയവും അതിനുപിന്നിലെ പ്രേരണാമണ്ഡലവും വിശകലനം ചെയ്താല്‍, മുകളില്‍ സൂചിപ്പിച്ചതുപോലെ, അനുഭൂതികളുടെ ലോകം ആസ്വാദകരുടെ മനോവ്യാപാരങ്ങളുടേത് എന്നതിനപ്പുറം ചരിത്രബന്ധങ്ങളുടേതും അവയുടെ സംഘര്‍ഷഭരിതമായ വിനിമയങ്ങളുടേതുമാണ് എന്ന് വ്യക്തമാകും.

നിര്‍ഭാഗ്യവശാല്‍ മലയാളത്തിലെ നൃത്തവിജ്ഞാനം ഈ വഴിയിലൂടെ ഒട്ടുംതന്നെ സഞ്ചരിച്ചിട്ടില്ല. ആയിരക്കണക്കിന് നൃത്തവിദ്യാര്‍ഥികളും അധ്യാപകരും പഠനസ്ഥാപനങ്ങളും എല്ലാമുണ്ടെങ്കിലും കേരളത്തിലെ നാട്യപഠനത്തിന്റെ ലോകം ഇനിയും ഇത്തരം ചരിത്രവല്‍ക്കരണത്തിന് വിധേയമായിട്ടില്ല. നൃത്താനുഭവങ്ങളെ ചരിത്രവല്‍ക്കരിക്കാനും അതുവഴി നൃത്തപഠനത്തെ ആധുനികമായ മൂല്യവ്യവസ്ഥയുടെ ഭാഗമാക്കാനും നമുക്കിപ്പോഴും കഴിഞ്ഞിട്ടില്ല. സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നൃത്തപഠനത്തെ നിയന്ത്രിച്ചുപോരുന്നത് ഫ്യൂഡല്‍ മൂല്യങ്ങളും സവര്‍ണ മതാത്മകതയും ആണ്. ഹിന്ദുത്വവാദപരമായ ചരിത്രയുക്തികളെ (അവ തികഞ്ഞ അബദ്ധങ്ങളുമാണ്) വന്‍തോതില്‍ ആശ്രയിക്കുന്ന പത്മാ സുബ്രഹ്മണ്യത്തിന്റെ നാട്യചരിത്രഗ്രന്ഥം (Natyasastra and National Unity) സര്‍വകലാശാലകളിലും മറ്റും നൃത്തവിദ്യാര്‍ഥികള്‍ നിരന്തരം പിന്തുടരുന്നത് കണ്ടിട്ടുണ്ട്. അടിസ്ഥാനപരമായി നമ്മുടെ കലാപഠനത്തെതന്നെ ഒരുതരം സ്തംഭനത്തിലേക്ക് എത്തിക്കുന്നതും ഈ ഫ്യൂഡല്‍ - മതാത്മകതയുടെ പിടിമുറുക്കമാണ്. ഇതിനെ മറികടക്കുന്നതിന് ഏറ്റവും ഉപയോഗപ്രദമായ ഉപാധികളിലൊന്ന് കലാചരിത്രത്തെ സംസ്കാരചരിത്രം എന്ന നിലയില്‍ സമീപിക്കുന്നതാണ്. അന്യവും അതിഭൗതികവുമായ ആവിഷ്കാര പ്രകാരം എന്നതില്‍നിന്നും വ്യത്യസ്തമായി മനുഷ്യജീവിത വ്യാപാരങ്ങളുടെ വിപുലമായ ബന്ധവ്യവസ്ഥകള്‍ക്കുള്ളില്‍ അരങ്ങേറുന്ന ഒന്നായി കലയെ മനസ്സിലാക്കുക. യഥാര്‍ഥത്തില്‍ ഏതു കലയും ഇങ്ങനെയല്ലേ നിലകൊള്ളുന്നത്?


*
പുസ്തക വിപണിയിലെ "മാര്‍ക്സിസ്റ്റ് വിപ്ലവം" മുതലാളിത്ത പ്രതിസന്ധി ബലപ്പെടുന്നതിനോടൊപ്പം, ലോകമെമ്പാടും മാര്‍ക്സിസത്തോട് കൗതുകം വര്‍ധിച്ചുവരുന്നതിനെക്കുറിച്ചും അത് ലോക പുസ്തക വിപണിയില്‍ പ്രതിഫലിക്കുന്നതിനെക്കുറിച്ചും ഡോ. ബി ഇക്ബാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സരളമായി എഴുതിയിരുന്നു. (2012 മാര്‍ച്ച് 25). കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ മൂലധനം വരെയുള്ള മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുടെ പുതിയ പതിപ്പുകള്‍, മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതകഥകള്‍, മാര്‍ക്സിസത്തെ ലളിതമായി വിശദീകരിക്കുന്ന പരിചായക ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ പുസ്തകവിപണിയില്‍ മാര്‍ക്സിസ്റ്റ് രചനകള്‍ ധാരാളമായി വന്നുചേരുന്നുണ്ട്. അവയ്ക്കെല്ലാം തന്നെ വളരെയേറെ വായനക്കാരുമുണ്ട്. മൂലധനംപോലുള്ള തന്റെ രചനകള്‍ ഇങ്ങനെയൊരു ജനപ്രിയത കൈവരിക്കുമെന്ന് മാര്‍ക്സ് ജീവിതകാലത്തൊരിക്കലും പ്രതീക്ഷിച്ചു കാണില്ല.

1867ല്‍ പുറത്തുവന്ന മൂലധനം ഒന്നാംവാല്യത്തിന്റെ ആദ്യപതിപ്പ് പുസ്തക വിപണിയില്‍ ഒരു ചലനവുമുളവാക്കിയിരുന്നില്ല. അത് ശ്രദ്ധിക്കപ്പെടാന്‍വേണ്ടി എംഗല്‍സ് അനുകൂലവും പ്രതികൂലവുമായ വിമര്‍ശനങ്ങള്‍ സ്വയം എഴുതി പ്രസിദ്ധീകരിച്ചിട്ടും! ദുര്‍ഗ്രഹമായ സിദ്ധാന്തവിചാരത്തിന്റെ കാടും പടലവുമായാണ് അന്ന് മുഖ്യധാരാ വായനസമൂഹവും പുസ്തകവിപണിയും മൂലധനത്തെ വിലയിരുത്തിയത്. മുതലാളിത്തത്തിന്റെ ചരിത്രപരമായ വിശകലനം, ഇപ്പോള്‍ നമ്മുടെ ചില പണ്ഡിതന്മാര്‍ പറയുന്നതുപോലെ, ആര്‍ക്കും വായിച്ചാല്‍ തിരിയുന്ന ബാലസാഹിത്യപ്പരുവത്തിലാണ് എഴുതേണ്ടതെന്ന് മാര്‍ക്സ് കരുതിയതുമില്ല. എന്തായാലും വിപണിവ്യവസ്ഥയുടെ ഏറ്റവും വലിയ വിമര്‍ശകരായിരുന്നുവെങ്കിലും മാര്‍ക്സും എംഗല്‍സും ഇന്ന് വളരെയേറെ വിപണിമൂല്യം ഉള്ളവരായിത്തീര്‍ന്നിരിക്കുന്നു!

പുസ്തകവിപണിയിലെ ഈ പുതിയ കൗതുകങ്ങളെ മാര്‍ക്സിസത്തിന്റെ മടങ്ങിവരവും ഉയിര്‍ത്തെഴുന്നേല്‍പ്പും മറ്റുമായി പരിഗണിക്കണമോ എന്നത് മറ്റൊരു കാര്യമാണ്. പുതുതായി എത്തുന്ന പുസ്തകങ്ങളിലേറിയ പങ്കും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കുടുംബ/സ്വകാര്യ ചരിത്രത്തിലാണ് കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നത്. മാര്‍ക്സിന്റെ വ്യക്തിജീവിതത്തെ ഒരു ഗ്രീക്ക് ദുരന്തനാടകത്തിന്റെ ഗംഭീരതയോടെ അവതരിപ്പിക്കാനാണ് അവയില്‍ പലതും ശ്രമിക്കുന്നത്. (അതിനുതകുന്ന വലിപ്പം അദ്ദേഹത്തിന്റെ ജീവിതത്തിനുണ്ടായിരുന്നുതാനും). ഇത്തരം പഠനങ്ങള്‍/ജീവചരിത്രങ്ങള്‍ മാര്‍ക്സിസ്റ്റ് അവബോധത്തിന്റെ വ്യാപനത്തില്‍ വലിയ പങ്കൊന്നും വഹിക്കാനിടയില്ല. പ്രാഥമികമായ കൗതുകത്തിനും ആരാധനയ്ക്കും അപ്പുറംപോകുന്ന രാഷ്ട്രീയഫലങ്ങള്‍ അവ ഉളവാക്കാനിടയില്ല. ടീഷര്‍ട്ടിലും തൊപ്പിയിലും മുതല്‍ മദ്യക്കുപ്പികളില്‍വരെ മുദ്രണം ചെയ്യപ്പെട്ട ചെഗുവേരയുടെ ചിത്രം വിപ്ലവാവബോധത്തിന്റെ വ്യാപനത്തിന് കാര്യമായൊന്നും സംഭാവന ചെയ്തില്ലല്ലൊ. എന്നിരുന്നാലും ഈ പുതിയ ആവേശം ചില സൂചനകള്‍ നല്‍കുന്നുണ്ട് എന്നത് വാസ്തവമാണ്. അതിന്റെ പ്രാധാന്യം നാം കുറച്ചുകാണുന്നത് ശരിയല്ലതാനും; കൂടുതല്‍ കാണുന്നതും.

ഡോ. ഇക്ബാലിന്റെ ലേഖനം മൂലധനത്തിന്റെ സഹായഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ അള്‍ത്യൂസെറിന്റെ റീഡിങ് ക്യാപിറ്റലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വസ്തുതാപരമായി ശരിയാണെന്ന് തോന്നുന്നില്ല. ഫ്രാന്‍സിസ് വീനിന്റെയും മറ്റും കൃതികളെപ്പോലെ മൂലധനത്തിന്റെ സംഗ്രഹമോ, മൂലധന വായനയ്ക്കുള്ള സഹായഗ്രന്ഥമോ ആയി അള്‍ത്യൂസെറിന്റെ കൃതിയെ കാണാനാവില്ല. മാര്‍ക്സിസ്റ്റ് ചിന്തയിലെ മൗലിക സംഭാവനയായാണ് അള്‍ത്യൂസെറിന്റെ ഫോര്‍ മാക്സ്, റീഡിങ് ക്യാപിറ്റല്‍, ലെനിന്‍ ആന്‍ഡ് ഫിലോസഫി തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിഗണിക്കപ്പെട്ടുവരുന്നത്. ഹെഗേലിയന്‍ സ്വാധീനത്തില്‍നിന്ന് പുറത്തുകടക്കുന്ന പില്‍ക്കാല മാര്‍ക്സിന്റെ ചിന്തയില്‍ ജ്ഞാനസിദ്ധാന്തപരമായ വിഛേദം (epistemological break) അരങ്ങേറുന്നുണ്ടെന്നും മൂലധനം പോലുള്ള കൃതികള്‍ ഈ വിഛേദത്തിന്റെ ആവിഷ്കാരമാണെന്നും അള്‍ത്യൂസെര്‍ കരുതുന്നു. മൂലധനത്തിന്റെ ഭാഷയേക്കാള്‍ സങ്കീര്‍ണവും തത്വചിന്താപരമായി സാധുവുമാണ് അള്‍ത്യൂസെറിന്റെ ഭാഷ എന്ന കാര്യവും ഇവിടെ പരിഗണിക്കണം.

*
ഒരു വിമത സ്വരത്തിന്റെ ഓര്‍മ മലയാളത്തിന്റെ മാര്‍ക്സിസ്റ്റ് വിജ്ഞാനത്തിനും മാര്‍ക്സിസ്റ്റ് രാഷ്ട്രീയത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ഒരു മഹാമനീഷിയുടെ ജന്മശതാബ്ദി കടന്നുപോവുകയാണ്. കെ ദാമോദരന്റെ ജന്മശതാബ്ദി.

മലയാളം വാരികയില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ഓര്‍മക്കുറിപ്പ് വന്നിരുന്നു. (പി വി ഉണ്ണികൃഷ്ണന്‍). ഇതൊഴിച്ചാല്‍ കാര്യമായ പഠനങ്ങളോ വിലയിരുത്തലുകളോ പുനര്‍വിചാരങ്ങളോ ഒന്നും ദാമോദരന്റെ സംഭാവനകളെക്കുറിച്ചുണ്ടായില്ല. ഇടതുപക്ഷ രാഷ്ട്രീയവും സാംസ്കാരിക ജീവിതവും ഇത്രമേല്‍ സജീവമായിരിക്കുന്ന ഒരു സമൂഹത്തില്‍ കെ ദാമോദരനെപ്പോലൊരാള്‍ ഈ വിധത്തില്‍ മറക്കപ്പെട്ടുകൂടാത്തതാണ്. പല നിലകളില്‍ ചരിത്രത്തില്‍ ഇടംപിടിച്ച ജീവിതമാണ് കെ ദാമോദരന്റേത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകരിലൊരാള്‍. "പാട്ടബാക്കി" എന്ന നാടകത്തിലൂടെ മലയാളത്തിലെ രാഷ്ട്രീയ നാടകവേദിക്ക് ജന്മംനല്‍കിയ നാടകകൃത്ത്. ഉജ്വലനായ പ്രഭാഷകന്‍. മാര്‍ക്സിസ്റ്റ് ചിന്തയിലെ സങ്കീര്‍ണമായ ആശയങ്ങള്‍ കേരളീയര്‍ക്ക് പരിചയപ്പെടുത്തിയ പണ്ഡിതന്‍. കേരള ചരിത്രത്തെക്കുറിച്ച് മൗലികമായ അന്വേഷണങ്ങളിലേര്‍പ്പെട്ട ചരിത്രകാരന്‍. ഭാരതീയ ചിന്താപാരമ്പര്യത്തെ പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ച ഇന്ത്യയുടെ ആത്മാവ്. ഭാരതീയ ചിന്ത തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഏറ്റവുമൊടുവില്‍ മാര്‍ക്സിസത്തെക്കുറിച്ചുതന്നെയുള്ള പുനരാലോചനകളിലൂടെ കടന്നുപോയ മാര്‍ക്സിസ്റ്റ്. ഇങ്ങനെ എത്രയോ തലങ്ങളില്‍ അദ്ദേഹം മലയാളിയുടെ ധൈഷണിക ജീവിതത്തെ പുതുക്കിപ്പണിതു.

താരിഖ് അലിയുമായുള്ള കെ ദാമോദരന്റെ സംഭാഷണങ്ങള്‍ മാര്‍ക്സിസ്റ്റ് ചിന്താ മണ്ഡലത്തില്‍ കാര്യമായ ചലനങ്ങള്‍ക്ക് വഴിവച്ചിരുന്നുവല്ലൊ. ഒരര്‍ഥത്തില്‍ കെ ദാമോദരന്റേത് ഒരുതരം വിമതജീവിതമായിരുന്നു. പ്രൊഫ. കെ എന്‍ പണിക്കര്‍ പറയുന്നതുപോലെ ഒരു ക്രിട്ടിക്കല്‍ ഇന്‍സൈഡര്‍ എന്ന നിലയിലാണ് കെ ദാമോദരന്‍ പലപ്പോഴും പാര്‍ടിയില്‍ നിലകൊണ്ടത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അത്തരം ആന്തരിക വിമര്‍ശന സ്ഥാനങ്ങള്‍ക്ക് ഏറെയൊന്നും ഇടമില്ലാത്തതിനാല്‍ ചരിത്രത്തിന്റെ മങ്ങിയ താളുകളില്‍ രേഖപ്പെടുത്തപ്പെട്ട ഒരു പേരുമാത്രമായി അത്തരം സ്ഥാനങ്ങള്‍ വിസ്മൃതിയിലാണ്ടുപോയേക്കും. എങ്കിലും ഇതുപോലുള്ള എതിര്‍സ്വരങ്ങളിലൂടെയാണ് ഏത് ആശയവും അതിന്റെ തുടര്‍ജീവിതത്തെ സാക്ഷാത്കരിക്കുക എന്ന കാര്യം നാം മറന്നുകൂട. ആത്മവിമര്‍ശനത്തിന്റെയും പുനരാലോചനകളുടെയും പ്രഭവമായി പ്രവര്‍ത്തിച്ചുകൊണ്ടാവും അവ സ്വന്തം ചരിത്രദൗത്യം നിറവേറ്റുന്നത്.

 *
മൂലധനത്തിന്റെ ജീവചരിത്രം പുസ്തക വിപണിയിലെ മാര്‍ക്സിസ്റ്റ് വിപ്ലവത്തിനു തൊട്ടുമുമ്പെ പുറത്തുവന്നതാണെങ്കിലും (2006-ല്‍ ബ്രിട്ടനില്‍ നിന്ന് അറ്റ്ലാന്റിക് ബുക്സ് പ്രസിദ്ധീകരിച്ചത്), പുതിയ അന്തരീക്ഷത്തിന്റെ സ്വഭാവം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് ഫ്രാന്‍സിസ് വിന്‍  ന്റെ "മാര്‍ക്സിന്റെ മൂലധനം: ഒരു ജീവചരിത്രം" മൂലധനത്തിന്റെ രചനയും അതിനു പിന്നിലെ കഠിനാധ്വാനവും മാര്‍ക്സും കുടുംബവും സഹിച്ച യാതനകളും എല്ലാം വിവരിക്കുന്ന അത്യന്തം പാരായണക്ഷമമായ ഒരു ചെറിയ പുസ്തകമാണ് ഫ്രാന്‍സിസ് വിന്‍-ന്റേത്. മാര്‍ക്സിന്റെ കുടുംബചരിത്രത്തിനും വ്യക്തിഗതാനുഭവങ്ങള്‍ക്കും ഒപ്പം മൂലധനത്തില്‍ മാര്‍ക്സ് അവതരിപ്പിക്കുന്ന ആശയങ്ങളുടെ ഉള്ളടക്കം സംഗ്രഹരൂപത്തില്‍ നല്കാനും ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് മൂലധനത്തിലെ ആശയലോകവുമായി പരിചയപ്പെടുന്നതിന് വളരെയേറെ സഹായകമാണ് ഈ ഗ്രന്ഥം. ആമുഖ അധ്യായം കൂടാതെ ഗര്‍ഭധാരണം (Gestation) പിറവി (Birth) പില്‍ക്കാലജീവിതം (After life) എന്നിങ്ങനെ മൂന്ന് അധ്യായങ്ങളായാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ഈ മഹാഗ്രന്ഥത്തെക്കുറിച്ച് മാര്‍ക്സിനുണ്ടായിരുന്ന മതിപ്പും ആശങ്കയും പ്രത്യാശയുമെല്ലാം വിന്‍ മനോഹരമായി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.

1867 ഫെബ്രുവരിയില്‍ മൂലധനത്തിന്റെ കരട് പൂര്‍ത്തിയാക്കി പ്രസാധകര്‍ക്ക് കൈമാറുന്നതിനു മുമ്പേ എംഗല്‍സിന് എഴുതിയ ഒരു കത്തില്‍ ബല്‍സാക്കിന്റെ അറിയപ്പെടാത്ത മഹാസൃഷ്ടി (The unknown masterpiece) എന്ന രചന വായിക്കണമെന്ന് മാര്‍ക്സ് നിര്‍ദേശിക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കലാസൃഷ്ടിക്കായി പതിറ്റാണ്ടുകള്‍ പണിപ്പെട്ട ഒരു ചിത്രകാരന്റെ കഥയാണത്. അവസാനം അയാള്‍ തന്റെ സുഹൃത്തുക്കളെ ആ മഹാസൃഷ്ടി കാണിക്കുന്നു. വരച്ചതിനുമേല്‍ വീണ്ടും വീണ്ടും വരച്ച് വികൃതമായിത്തീര്‍ന്ന ഒരു ചിത്രം! മാര്‍ക്സിന് ഈ കഥ വളരെയേറെ ഹൃദ്യമായി അനുഭവപ്പെട്ടതായാണ് അദ്ദേഹത്തിന്റെ മരുമകന്‍ കൂടിയായ പോള്‍ ലാഫര്‍ഗ് പറയുന്നത്. ഏതോ നിലയില്‍ തന്റെ മഹാസൃഷ്ടിയുടെ പ്രകൃതത്തെക്കുറിച്ചും ആ ചിത്രം സൂചിപ്പിക്കുന്നുണ്ടെന്ന് മാര്‍ക്സ് കരുതിയിരുന്നിരിക്കണം. അങ്ങേയറ്റം ആഹ്ലാദകരമായ വിരുദ്ധോക്തിയെന്നാണ് (`full of most delightful irony") മാര്‍ക്സ് അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. മൂലധനത്തിന്റെ ഒന്നാം വാല്യത്തിന് മാര്‍ക്സിന്റെ ജീവിതകാലത്തു ലഭിച്ച പരിചരണം അദ്ദേഹത്തിന്റെ ഈ തോന്നലിനെ ശക്തിപ്പെടുത്താന്‍ പോന്നതായിരുന്നു.

പലതരം ആഖ്യാനരീതികള്‍ക്കുള്ളില്‍ ചരിത്രവും രാഷ്ട്രമീമാംസയും തത്വചിന്തയും സാമ്പത്തികശാസ്ത്രവും സങ്കീര്‍ണമായി കൂടിക്കലര്‍ന്നു കിടക്കുന്ന ആ മഹാഗ്രന്ഥം ഏതൊരാള്‍ക്കും ബല്‍സാക്കിന്റെ നായകന്റെ ഉല്‍കൃഷ്ട ചിത്രം പോലെ അനുഭവപ്പെടുക സ്വാഭാവികമാണെന്ന് മാര്‍ക്സും കരുതിക്കാണും. ഇതിനെല്ലാം ശേഷവും തന്റെ രചനയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹത്തിന് സംശയമൊന്നുമില്ലായിരുന്നുതാനും. അന്തിമമായി അതൊരു കലാസൃഷ്ടിയാണെന്നും മാര്‍ക്സ് കരുതിയിരുന്നു. 1865 ജൂലൈയില്‍ എംഗല്‍സിന് എഴുതിയ കത്തില്‍ മാര്‍ക്സ് പറഞ്ഞത് എന്തെല്ലാം കുറവുകളുണ്ടെങ്കിലും തന്റെ എഴുത്തിന് കലാപരമായ പൂര്‍ണത ഉണ്ടെന്നാണ് (`Whatever short comings they may have, the advantage of my writings is that they are artistic whole"). കലയെക്കുറിച്ചുള്ള നമ്മുടെ ഔപചാരിക ധാരണകളല്ല മാര്‍ക്സ് വച്ചു പുലര്‍ത്തിയിരുന്നത് എന്നുകൂടി ഇതിനര്‍ഥമുണ്ട്. ഫ്രാന്‍സിസ് വിന്‍- ന്റെ പുസ്തകം ഇത്തരത്തില്‍ കൗതുകകരമായ നിരവധി വിവരങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. മൂലധനം എന്ന ഗ്രന്ഥത്തിന്റെ സങ്കീര്‍ണതകള്‍ വിശദമാക്കുന്നില്ലെങ്കിലും അത് രചിച്ച മനുഷ്യന്റെ ജീവിതം ഈ പുസ്തകത്തില്‍ സമൃദ്ധമായുണ്ട്; മാര്‍ക്സ് മടങ്ങിവരേണ്ടത് ഇങ്ങനെയാണോ എന്ന് നമുക്ക് ന്യായമായി സംശയിക്കാമെങ്കിലും.

*
സുനില്‍ പി ഇളയിടം ദേശാഭിമനി 29 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളീയ ജീവിതത്തിന്റെ മികവുകളെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളുടെയും അടിയിളക്കാന്‍ പോന്നതാണ് നമ്മുടെ സ്ത്രീജീവിതത്തിന്റെ സ്ഥിതി. ആധുനിക സമൂഹരൂപീകരണത്തിന്റെ ഭാഗമായി സ്ത്രീയുടെ പദവിയിലുണ്ടായ മാറ്റം അവളെ പല നിലകളില്‍ അടിമപ്പെടുത്തുകയാണ് ചെയ്തതെന്ന കാര്യം സാമൂഹ്യശാസ്ത്ര ഗവേഷകരും സ്ത്രീപക്ഷ ചിന്തകരും വിശദീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഗാര്‍ഹികതയുടെ സ്വകാര്യലോകം എന്ന "വിശുദ്ധസ്ഥാ"ത്ത് സ്ത്രീയെ തളച്ചിട്ട വീട്ടമ്മവത്കരണമായിരുന്നു ആധുനികീകരണത്തിലെ സ്ത്രീ സമീപനത്തിന്റെ കാതല്‍. സമ്പത്തിലും സമൂഹജീവിതത്തിലും മുതല്‍ ശരീരത്തിലും ലൈംഗികതയിലുംവരെ സ്വാധികാരമില്ലാത്ത വിധേയകര്‍ത്തൃത്വമായി സ്ത്രീയെ നിര്‍വചിച്ചെടുക്കുന്നതില്‍ അത് വിജയിച്ചു. അവസാനമില്ലാത്ത, പലതരം വേട്ടകളുടെ ഇരയായി കേരളീയ സ്ത്രീയെയും ഇരയുടെ കാവലാളായി നടിക്കുന്ന പുരുഷലോകത്തെയും അത് പണിതീര്‍ത്തു. അന്തിമമായി ഈ കാവലാളുകള്‍ തന്നെയാണ് വേട്ടക്കാരായി രംഗത്തെത്തിയതും.