പോരാട്ടവഴിയില്‍ കരുത്തുറ്റ നേതൃത്വം
സുര്‍ജിത്-ജ്യോതിബസുനഗര്‍ (കോഴിക്കോട്): സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. എം എ ബേബി, സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്, പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്, ബുദ്ധദേവ് ഭട്ടാചാര്യ, കെ വരദരാജന്, ബി വി രാഘവുലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, കോടിയേരി ബാലകൃഷ്ണന് എന്നിവരാണ് പിബി യിലെ മറ്റംഗങ്ങള്‍. കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായ മുഹമ്മദ് അമീന് പുതിയ പിബിയിലില്ല. 89 അംഗ കേന്ദ്രകമ്മിറ്റിയെയും കോഴിക്കോട്ട് സമാപിച്ച 20-ാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയില്‍ രണ്ടു പേരെ പിന്നീട് ഉള്‍പ്പെടുത്തും. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 87 അംഗങ്ങളാണുണ്ടായിരുന്നത്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കേരള സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉള്‍പ്പെടെ കേന്ദ്രകമ്മിറ്റിയില്‍ 13 പുതുമുഖങ്ങളുണ്ട്. ദീപക് ദാസ് ഗുപ്ത, രേഖ ഗോസ്വാമി, നൃപന് ചൗധരി (പശ്ചിമബംഗാള്‍), എ സൗന്ദരരാജന്, കെ ബാലകൃഷ്ണന്, പി സമ്പത്ത് (തമിഴ്നാട്), എസ് വീരയ്യ (ആന്ധ്രപ്രദേശ്), നരസയ്യ ആദം (മഹാരാഷ്ട്ര), ജി വി ശ്രീരാമറെഡ്ഡി (കര്‍ണാടക), ജി കെ ബക്ഷി (ജാര്‍ഖണ്ഡ്), ദേബന്‍ ഭട്ടാചാര്യ(അസം), രാജേന്ദ്രശര്‍മ (സെന്റര്‍) എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. കേന്ദ്രകമ്മിറ്റിയില്‍ 13 വനിതകളുണ്ട്. പുതുമുഖങ്ങളില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 11 വനിതകളാണുണ്ടായത്. വിജയ് റാവത്ത്, എം കെ നന്തി എന്നിവര്‍ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളും സമര് മുഖര്‍ജി, ആര് ഉമാനാഥ്, മുഹമ്മദ് അമീന്, മല്ലു സ്വരാജ്യം എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളുമാണ്. ആര് ഉമാനാഥ്, മുഹമ്മദ് അമീന്, എന്‍ വരദരാജന്, നൂറുല്‍ ഹുദ, ഹെമന്‍ ദാസ്,ബിനോയ് കോനാര്‍, കുമാര്‍ ഷിറാല്കര് (മഹാരാഷ്ട്ര), വി ജെ കെ നായര്‍ (കര്‍ണാടക) എന്നിവര്‍ പുതിയ കേന്ദ്രകമ്മിറ്റിയിലില്ല. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്ട്രോള് കമീഷനും രൂപീകരിച്ചു. പി രാജേന്ദ്രന്, ജി രാമലു, മിനോതി ഘോഷ്, ആര് ഗോവിന്ദരാജ് എന്നിവരാണ് കണ്ട്രോള് കമീഷന് അംഗങ്ങള്‍.
തിങ്കളാഴ്ച കാലത്ത് രാഷ്ട്രീയ-സംഘടനാറിപ്പോര്ട്ടിലുള്ള ചര്‍ച്ചക്ക് എസ് രാമചന്ദ്രന് പിള്ള മറുപടി പറഞ്ഞു. തുടര്‍ന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പാനല്‍ പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. എസ് രാമചന്ദ്രന് പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗമാണ് ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ് ബ്യൂറോയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്. 2005ല്‍ 18-ാം പാര്‍ടി കോണ്‍ഗ്രസാണ് കാരാട്ടിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ അദ്ദേഹം വീണ്ടും ജനറല്‍ സെക്രട്ടറിയായി. പ്രസീഡിയത്തിനുവേണ്ടി എസ് ആര് പിയും സ്വാഗതസംഘത്തിനുവേണ്ടി എളമരം കരീമും നന്ദി രേഖപ്പെടുത്തി.
മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഗസമരം തീവ്രമാക്കാന്‍ ആഹ്വാനംചെയ്ത പാര്‍ടി കോണ്‍ഗ്രസ് സോഷ്യലിസമാണ് രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഏക മാര്‍ഗമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും പാര്‍ടിയുടെ സ്വതന്ത്രമായ ശക്തി വിപുലപ്പെടുത്താനും പാര്‍ടി കോണ്‍ഗ്രസ് പരിപാടികള്‍ ആവിഷ്കരിച്ചു. ദേശീയ രാഷ്ട്രീയസ്ഥിതിഗതികള്‍ അവലോകനംചെയ്ത് പുതിയ രാഷ്ട്രീയകടമ ഏറ്റെടുക്കുന്ന രാഷ്ട്രീയപ്രമേയവും സോഷ്യലിസത്തിനേറ്റ തിരിച്ചടികളും സാമ്രാജ്യത്വ കടന്നാക്രമണങ്ങളും വിലയിരുത്തി പാര്‍ടിയുടെ നയം വ്യക്തമാക്കുന്ന പ്രത്യയശാസ്ത്ര പ്രമേയവും പാര്‍ടിയുടെ രാഷ്ട്രീയ അടിത്തറയും സ്വാധീനവും വിപുലപ്പെടുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയ രാഷ്ട്രീയസംഘടനാറിപ്പോര്ട്ടും കോണ്‍ഗ്രസ് അംഗീകരിച്ചു. ജനറല്‍ സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി പരമാവധി മൂന്ന് പൂര്ണതവണകളായി നിജപ്പെടുത്തുന്ന ഭരണഘടനാഭേദഗതിയും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു.
കെ എം മോഹന്‍ദാസ്
കരുത്തിന്റെ പ്രകാശം
കഴിഞ്ഞ നാലുവര്‍ഷം സമാനതകളില്ലാത്ത കടന്നാക്രമണങ്ങളാണ് സിപിഐ എമ്മിന് നേരിടേണ്ടിവന്നത്. പ്രത്യയശാസ്ത്രപരവും കായികവുമായ കടന്നാക്രമണങ്ങള്‍ ചെറുത്ത് പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച പ്രകാശ് കാരാട്ട് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ പാര്‍ടിക്ക് അചഞ്ചലമായ നേതൃത്വംനല്‍കുന്നു. നേര്‍ത്ത ചിരിനിറഞ്ഞ മുഖവുമായി ദേശീയ രാഷ്ട്രീയത്തില്‍ പ്രകാശം ചൊരിയുന്ന കാരാട്ട് ഇന്ന് രാജ്യത്തെ ഏറ്റവും കരുത്തരായ രാഷ്ട്രീയനേതാക്കളുടെ മുന്‍നിരക്കാരനാണ്. പോരാട്ടങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തെളിഞ്ഞ ഈ വിപ്ലവകാരി അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്താണ് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക തിരിച്ചടികള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ടിയുടെ ജനകീയാടിത്തറ നഷ്ടമായെന്ന് മാര്‍ക്സിസ്റ്റ് വിരുദ്ധകേന്ദ്രങ്ങള്‍ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടപ്പോഴും, സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തിരിച്ചടികള്‍ ചൂണ്ടിക്കാട്ടി മാര്‍ക്സിസത്തിന് ഭാവിയില്ലെന്ന് സാമ്രാജ്യത്വപ്രചാരകര് പെരുമ്പറയടിച്ചപ്പോഴും മാര്‍ക്സിസം അജയ്യമാണെന്ന് തെളിയിക്കാന്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നത് ഈ മലയാളിയാണ്. വര്‍ത്തമാനകാല ഇന്ത്യ നിര്‍ണായക ഘട്ടങ്ങളില്‍ ചെവിയോര്‍ക്കുന്നത് ഈ വാക്കുകള്‍ക്കാണ്, ഉറ്റുനോക്കുന്നത് സുവ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിലേക്കാണ്.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കാരാട്ട് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇ എം എസിന്റെയും എ കെ ജിയുടെയും ശിഷ്യനാണ് അറുപത്തിനാലുകാരനായ ഈ പാലക്കാട്ടുകാരന്. 1970ല്‍ പാര്‍ടി അംഗം. 1992ലെ ചെന്നൈ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി. 2005ല്‍ ഡല്‍ഹിയില്‍ നടന്ന 18-ാം പാര്‍ടി കോണ്‍ഗ്രസാണ് കാരാട്ടിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2008ല്‍ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സാമ്രാജ്യത്വത്തിന് കീഴടങ്ങി നവഉദാരവത്കരണനയങ്ങള് അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ദുരിതങ്ങളിലാഴ്ത്തുന്ന കോണ്‍ഗ്രസിനും വര്‍ഗീയത ആളിക്കത്തിക്കുന്ന ബിജെപിക്കുമെതിരെ ഇടതുപക്ഷ-ജനാധിപത്യ ശക്തികളുടെ ബദല്‍ കെട്ടിപ്പടുക്കാന്‍ പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ഘട്ടത്തിലാണ് കാരാട്ട് ഒരിക്കല്‍ക്കൂടി പാര്‍ടിയുടെ സാരഥ്യമേല്‍ക്കുന്നത്.
1972ല്‍ എസ്എഫ്ഐ അംഗമായ കാരാട്ട് 1974ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ എസ്എഫ്ഐയെ നയിച്ചു. അഞ്ചുവര്‍ഷം എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റായിരുന്നു. 1982 മുതല്‍ 1985വരെ പാര്‍ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്. പാര്‍ടി കേന്ദ്രസെക്രട്ടറിയറ്റ് അംഗവുമായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് ഭാര്യ. മക്കളില്ല.
പ്രകാശ് കാരാട്ട് വര്‍ത്തമാനകാല ഇന്ത്യയുടെ ശബ്ദമാണ്. സാമ്രാജ്യത്വത്തിനും നവഉദാരവത്കരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ ജനകീയ ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങള്‍ക്ക് കാരാട്ട് നായകത്വം വഹിക്കുന്നു. ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വര്‍ഗീയതയുടെ വെല്ലുവിളി നേരിടാനും മതനിരപേക്ഷതയും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കാനുമുള്ള പോരാട്ടങ്ങള്‍ക്ക് കാരാട്ട് നേതൃത്വംനല്‍കുന്നു. വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട് പാശ്ചാത്യശക്തികളെ മാത്രമല്ല രാജ്യത്തെ പ്രതിലോമശക്തികളെയും പ്രകോപിതരാക്കുന്നു. ഉന്നത ബിരുദങ്ങള്‍ നേടിയ പ്രകാശിനുമുമ്പില് ഉയര്‍ന്ന ജീവിതസാഹചര്യം ഉറപ്പുനല്‍കുന്ന എത്രയോ സാധ്യതകളുണ്ടായിരുന്നു. പക്ഷേ ഇന്ത്യയെ മാറ്റിത്തീര്‍ക്കാനുള്ള പോരാട്ടങ്ങളുടെ പ്രയാസം നിറഞ്ഞ വഴിയാണദ്ദേഹം തെരഞ്ഞെടുത്തത്. ഇ എം എസിന്റെ കൃതികളും എ കെ ജിയുടെ പോരാട്ടങ്ങളുമാണ് പ്രകാശിലെ വിപ്ലവകാരിയെ ഉണര്‍ത്തിയത്.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ പ്രകാശ് സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ഉയരുന്ന രണ്ടാമത്തെ മലയാളിയായി. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയാണ് പ്രകാശിന്റെ സ്വദേശം. ഒറ്റപ്പാലത്തെ ചുണ്ടുള്ളി പത്മനാഭന്‍നായരുടെയും എലപ്പുള്ളിയിലെ രാധാനായരുടെയും മകന്. ജനിച്ചത് ബര്‍മയില്‍. മദിരാശിയിലും ഡല്‍ഹിയിലും ബ്രിട്ടനിലുമായിരുന്നു പഠനം. അച്ഛന് സി പി നായര്‍ ബര്‍മയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പ്രകാശിന് ആറുമാസമായപ്പോള്‍ അമ്മ നാട്ടില്‍ കൊണ്ടുവന്നു. അഞ്ചുവയസ്സുവരെ പാലക്കാട്ട്. പിന്നീട് ബര്‍മയില്‍. ഒമ്പതാം വയസ്സില്‍ മദിരാശിയില്‍. മദ്രാസ് ക്രിസ്ത്യന്‍കോളേജ് സ്കൂളിലും ക്രിസ്ത്യന്‍ കോളേജിലും പഠനം. ക്രിസ്ത്യന്‍ കോളേജില്‍ ബിഎയ്ക്ക് ധനതത്വശാസ്ത്രം പാസായ ശേഷം ഇംഗ്ലണ്ടിലെ എഡിന്ബറോയില് സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിന് തിരിച്ചു. രാഷ്ട്രമീമാംസയായിരുന്നു വിഷയം.തീസിസ് "ഇന്ത്യന്‍ ഭാഷകളും രാഷ്ട്രീയവും". ഇംഗ്ലണ്ടില്‍ പഠിക്കുന്നകാലത്ത് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചതിന് നല്ലനടപ്പിന് ശിക്ഷിച്ചു.
പഠനംകഴിഞ്ഞ് മദിരാശിയില്‍ തിരിച്ചെത്തി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തമിഴ്നാട്ടില്‍ സിപിഐ എമ്മിന്റെ പ്രമുഖ നേതാവായിരുന്ന വി പി ചിണ്ടനാണ് ലോക്സഭയിലെ സിപിഐ എം നേതാവായ എ കെ ജിയെ സഹായിക്കാന്‍ ഡല്‍ഹിയിലേക്ക് നിയോഗിക്കുന്നത്. 1970 ഒക്ടോബറില്‍ ഡല്‍ഹിയിലെത്തി. ഇതിനിടെ ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നു. എ കെ ജിയെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ സഹായിക്കുന്ന ഘട്ടത്തില്‍ രാജ്യംമുഴുവന്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാന്‍ അവസരം ലഭിച്ചു. സംഘടനാകാര്യങ്ങളില്‍ സുര്‍ജിത്തിന്റെ സഹായിയായും പ്രവര്‍ത്തിച്ചു. ബംഗാളില്‍നിന്ന് പാര്ടിപ്രവര്ത്തനവുമായി ഡല്‍ഹിയിലെത്തിയ വൃന്ദ കാരാട്ടിനെ പ്രകാശ് വിവാഹം കഴിച്ചത് അടിയന്തരാവസ്ഥയിലാണ്. എ കെ ജിയും സുശീലാഗോപാലനും സുര്‍ജിത്തും അടങ്ങുന്ന ചെറിയ സദസ്സിനുമുന്നിലായിരുന്നു വിവാഹം. മാര്‍ക്സിസം-ലെനിനിസവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ പ്രകാശ് കാരാട്ട് രചിച്ചിട്ടുണ്ട്.
കെ കെ ശൈലജ കേന്ദ്രകമ്മിറ്റിയില്‍
വിദ്യാര്‍ഥി- യുവജന രംഗത്തുനിന്ന് മഹിളാ മുന്നണിയിലെത്തിയ കെ കെ ശൈലജ മികവുറ്റ പ്രവര്‍ത്തനപാരമ്പര്യവുമായാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗവുമായ ശൈലജയുടെ സംഘടനാപാടവത്തിനുള്ള അംഗീകാരമാണ് കേന്ദ്രകമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്. നിയമസഭാംഗമെന്ന നിലയിലും കഴിവുതെളിയിച്ച അവര്‍ അറിയപ്പെടുന്ന പ്രഭാഷകയുമാണ്. മട്ടന്നൂര്‍ പഴശ്ശി സ്വദേശിയായ ശൈലജ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സ്ത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സജീവശ്രദ്ധ പുലര്‍ത്തിയ ശൈലജ 2006ല്‍ പി കെ ശ്രീമതി മന്ത്രിയായതിനെ തുടര്‍ന്നാണ് മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറിയായത്. അതുവരെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും കെഎസ്കെടിയുവിലും പ്രവര്‍ത്തിച്ചു.
ശിവപുരം ഹൈസ്കൂള്‍ അധ്യാപികയായിരിക്കെ മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. 1996ല്‍ കൂത്തുപറമ്പില്‍നിന്നും 2006ല്‍ പേരാവൂരില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ ഏത് വിഷയവും ആധികാരികമായി പഠിച്ച് അവതരിപ്പിക്കുമായിരുന്ന ശൈലജ ടീച്ചര്‍, നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ ഉന്നയിച്ച് പരിഹാരം കാണുന്നതിലും ദത്തശ്രദ്ധയായി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി അംഗമായും സാമൂഹ്യ ക്ഷേമബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ- സാമൂഹ്യ- സ്ത്രീ പ്രശ്നങ്ങളെ അധികരിച്ച് ആനുകാലികങ്ങളില്‍ എഴുതാറുള്ള ശൈലജ "സ്ത്രീശബ്ദം" മാസികയുടെ പത്രാധിപകൂടിയാണ്. ഡിവൈഎഫ്ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഐ എം മട്ടന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ കെ ഭാസ്കരനാണ് ഭര്‍ത്താവ്. എന്‍ജിനിയര്‍മാരായ ശോഭിത്, ലസിത് എന്നിവര്‍ മക്കള്‍.
സമരപഥങ്ങളിലെ നിശ്ചയദാര്‍ഢ്യം
വിദ്യാര്‍ഥി- യുവജന പ്രക്ഷോഭങ്ങളുടെ നായകനായി പൊതുപ്രവര്‍ത്തനരംഗത്തെ മികവ് തെളിയിച്ചാണ് എം എ ബേബിയെന്ന പോരാളി സിപിഐ എം പൊളിറ്റ്ബ്യൂറോയില്‍ എത്തുന്നത്. മികച്ച പാര്ലമെന്റേറിയന്, മന്ത്രി, സാംസ്കാരിക നായകന് തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ബഹുമുഖപ്രതിഭ. ഇന്ത്യയിലെ കരുത്തുറ്റ വിപ്ലവപ്രസ്ഥാനമായ സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമാകുമ്പോഴും വിനയഭാവത്തോടെയുള്ള പുഞ്ചിരി. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും നിറഞ്ഞ പുഞ്ചിരിയോടെ അതേസമയം, തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്ന പൊതുപ്രവര്ത്തകന്.
കൊല്ലം തൃക്കരുവാ പ്രാക്കുളത്ത് പരേതനായ അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ട് മക്കളില്‍ ഇളയവനാണ് ഈ അമ്പത്തൊമ്പതുകാരന്. പ്രാക്കുളം എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ യൂണിറ്റ് സെക്രട്ടറിയായാണ്് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് നേതൃനിരയിലേക്കുള്ള വളര്‍ച്ച. വിദ്യാര്‍ഥിയായിരിക്കെ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം കലാ-കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം. കൊല്ലം എസ്എന്‍ കോളേജ് വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥികളുടെ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് പൊലീസ്- ഗുണ്ടാ മര്‍ദനത്തിനിരയായി. കോളേജ് യൂണിയന് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു.
സംസ്ഥാനതലത്തില്‍ പ്രസംഗ മത്സരങ്ങളില്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. കോഴവിരുദ്ധ സമരങ്ങളിലൂടെ ആദ്യമായി അറസ്റ്റ് വരിച്ച ബേബിയെ അടിയന്തരാവസ്ഥക്കാലത്ത് വീണ്ടും ജയിലിലടച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരത്ത് പ്രകടനം നടത്തിയതിന് അറസ്റ്റ്ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചത്. 1975മുതല്‍ 79വരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിച്ച ബേബി 79മുതല്‍ 84വരെ അഖിലേന്ത്യാ പ്രസിഡന്റായി. 1985ല്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1989ല്‍ കേന്ദ്രകമ്മിറ്റി അംഗമായി. 1995ല്‍ കേന്ദ്ര സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 1986മുതല്‍ 98വരെ രണ്ടുതവണ രാജ്യസഭാംഗമായിരുന്നു.
മികച്ച പാര്‍ലമെന്റേറിയനായ ബേബി സഭയുടെ സബോര്‍ഡിനേറ്റ് കമ്മിറ്റി ചെയര്‍മാനായി പാര്‍ലമെന്ററി സംഘത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. തടങ്കിലടക്കപ്പെട്ട വനിതാ പ്രവര്‍ത്തകരുടെ മോചനത്തിനായി തിഹാര്‍ ജയിലിന് മുന്നില്‍ നടത്തിയ പ്രതിഷേധം സമരമുഖങ്ങളിലെ മറക്കാത്ത അനുഭവം. പൊലീസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിച്ചതിനെതിരായ ചെറുത്തുനില്‍പ്പിനിടയില്‍ പൊലീസ് മര്‍ദനത്തിനിരയായി. ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയുടെ ആദ്യ കണ്‍വീനറും ലോക സമാധാനത്തിനായി രൂപീകരിച്ച അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യസമിതിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2006- 11 കാലയളവില്‍ സംസ്ഥാന വിദ്യാഭ്യാസ- സാംസ്കാരിക മന്ത്രി എന്ന നിലയില്‍ മികച്ച ഭരണാധികാരിയായി അറിയപ്പെട്ടു. നോം ചോസ്കി, നൂറ്റാണ്ടുകളിലെ ലോക യുവജന പ്രസ്ഥാനം എന്നീ രണ്ട് പുസ്തകങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും ഒട്ടേറെ ലേഖനങ്ങളും എഴുതി. ഭാര്യ ബെറ്റി ലൂയീസ് ബേബി. മകന് അശോക്.
എം രഘുനാഥ്
തൊഴിലാളി സംഘടനാ നേതൃത്വത്തില്‍നിന്ന് പിബിയിലേക്ക്
തൊഴിലാളി സംഘടനാരംഗത്ത് നാലരപ്പതിറ്റാണ്ടിലേറെ നീണ്ട പ്രവര്ത്തനാനുഭവങ്ങളുമായാണ് എ കെ പത്മനാഭന് സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമാകുന്നത്. മലയാളിയാണെങ്കിലും തമിഴ്നാടായിരുന്നു കര്‍മഭൂമി. സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായശേഷം ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര്യത്തോടും പ്രതികൂലസാഹചര്യങ്ങളോടും പൊരുതിയാണ് എ കെ പി തൊഴിലാളി സംഘടനാ നേതൃനിരയിലേക്കും ഇപ്പോള്‍ പൊളിറ്റ്ബ്യൂറോയിലേക്കുമെത്തുന്നത്.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ ചിറക്കല്‍ പുഴാതി എ വി കുഞ്ഞിരാമന്നമ്പ്യാരുടെ മകനാണ് എ കെ പത്മനാഭന്. അമ്മയുടെ വീടായ പാപ്പിനിശേരിയിലെ ആമന്ത്ര കേളോത്ത് വീട്ടിലായിരുന്നു കുട്ടിക്കാലം. പാപ്പിനിശേരി എല്‍പി സ്കൂള്‍, ആറോണ്‍ യുപി സ്കൂള്‍, കല്യാശേരി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു കുട്ടിക്കാലം. അച്ഛന് വീട്ടില്‍ത്തന്നെ നെയ്ത്ത്. പഠനത്തോടൊപ്പം അച്ഛനെ നെയ്ത്തില്‍ സഹായിക്കുമായിരുന്നു. അക്കാലത്ത് പാപ്പിനിശേരിയിലെ സാമൂഹ്യസാഹചര്യം ഏതൊരാളെയും ഇടതുപക്ഷക്കാരനാക്കുമായിരുന്നു. അച്ഛന്റെ ദേശാഭിമാനി വായനയും വീടിനടുത്തുള്ള നെയ്ത്തുകമ്പനിയിലെ തൊഴിലാളികളുമായുള്ള സൗഹൃദവുമൊക്കെ എ കെ പിയില്‍ ഇടതുപക്ഷമനസ്സ് രൂപപ്പെടുത്തി. ഹൈസ്കൂള്‍ പഠനത്തിനുശേഷം ജോലിതേടി മദിരാശിക്ക് പോയി. അവിടെ അശോക് ലെയ്ലന്‍ഡില്‍ ചേര്‍ന്നു. ഒപ്പം പ്രീ യൂണിവേഴ്സിറ്റി പഠനവും പൂര്‍ത്തിയാക്കി. 1962മുതല്‍ "72വരെ അശോക് ലെയ്ലന്‍ഡില്‍ പ്രവര്‍ത്തിച്ചു. ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന് നേതൃത്വംനല്കിയതിെന്റ പേരില്‍ പിരിച്ചുവിട്ടു. 1972ലെ പണിമുടക്കാണ് പുറത്താക്കലിന് വഴിവച്ചത്.
"72ല്‍ മുഴുവന്‍സമയ പാര്‍ടി പ്രവര്‍ത്തകനായി. 1970മുതല്‍ ഇ എം എസ്, എ കെ ജി, ബി ടി ആര് തുടങ്ങി പാര്‍ടിയുടെ സമുന്നതനേതാക്കള്‍ മദിരാശിയിലെത്തിയാല്‍ മലയാളത്തിലും ഇംഗ്ലീഷിലുമൊക്കെയുള്ള പ്രസംഗം പരിഭാഷപ്പെടുത്തുന്ന ചുമതല എ കെ പിക്കായിരുന്നു. 1980ല്‍ തമിഴ്നാട് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷത്തിനുശേഷം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. തമിഴ്നാട്ടില്‍ പാര്‍ടിയുടെ സ്ഥാപകനേതാക്കളിലൊരാളും പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന പി ആര് പരമേശ്വരന്റെ മകള്‍ ഉഷാദേവിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്. മകന് മനോജ്കുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. മകള്‍ സുനിത ചെന്നൈയില്‍ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്നു.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക്
സൂര്യകാന്ത മിശ്ര പശ്ചിമബംഗാള്‍ സര്‍ക്കാരില്‍ 1991 മുതല്‍ 2011 വരെ മന്ത്രിയായിരുന്നു. ഇപ്പോള്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവാണ്. ബംഗാള്‍- ഒഡിഷ അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ മേദിനിപുര്‍ ജില്ലക്കാരനായ അദ്ദേഹം കട്ടക്ക് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തിയത്. ഒഡിഷ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ എംഡിക്ക് ചേര്‍ന്നു. തുടര്‍ന്ന് പഠനത്തില്‍ കേന്ദ്രീകരിച്ചു. പിന്നീട് യുവജനപ്രസ്ഥാനത്തില്‍ സജീവമായ അദ്ദേഹം, 1978 മുതല്‍ "91 വരെ പശ്ചിമ മേദിനിപുര്‍ ജില്ലാ പരിഷത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. അഞ്ചുതവണ പശ്ചിമ മിഡ്നാപുരിലെ നാരായണ്‍ഗഢ് മണ്ഡലത്തില്‍നിന്ന് ജയിച്ച അദ്ദേഹത്തിന്, സര്‍ക്കാരില്‍ ഭൂപരിഷ്കരണ, ആരോഗ്യ, പഞ്ചായത്ത് വകുപ്പുകളുടെ ചുമതലയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തക ഉഷ മിശ്രയാണ് ഭാര്യ. റോഷ്നാര, തുലി എന്നിവര്‍ മക്കള്‍.
Subscribe to:
Post Comments (Atom)
1 comment:
സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. എം എ ബേബി, സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്, പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്, ബുദ്ധദേവ് ഭട്ടാചാര്യ, കെ വരദരാജന്, ബി വി രാഘവുലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, കോടിയേരി ബാലകൃഷ്ണന് എന്നിവരാണ് പിബി യിലെ മറ്റംഗങ്ങള്‍. കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായ മുഹമ്മദ് അമീന് പുതിയ പിബിയിലില്ല. 89 അംഗ കേന്ദ്രകമ്മിറ്റിയെയും കോഴിക്കോട്ട് സമാപിച്ച 20-ാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയില്‍ രണ്ടു പേരെ പിന്നീട് ഉള്‍പ്പെടുത്തും. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 87 അംഗങ്ങളാണുണ്ടായിരുന്നത്.
Post a Comment