Saturday, April 21, 2012

തൊഴിലിനിടയിലെ അപകടവും നഷ്ടപരിഹാരവും

ജോലിക്കിടയില്‍ തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഒഴികഴിവു പറയാനാകില്ല. തൊഴിലാളിയുടെ അശ്രദ്ധകൊണ്ടാണ് മരണമെങ്കില്‍പ്പോലും നഷ്ടപരിഹാരനിയമപ്രകാരം ) നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

""തൊഴിലാളി അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഉടമയ്ക്ക് ഒഴിവാകാവുന്ന ചില സാഹചര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, തൊഴിലാളി മരിച്ചാല്‍ ഈ വ്യവസ്ഥകള്‍ ബാധകമാകില്ലെ""ന്ന് ജ. ജെ ബി കോശി, ജ. കെ ആര്‍ ഉദയഭാനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2005 ജൂലൈ ഏഴിലെ വിധിയില്‍ ചൂണ്ടിക്കാട്ടി.

തലയില്‍ ചുമടുമായി പോകുന്നതിനിടയില്‍ തൊഴിലാളി പെട്ടെന്ന് തളര്‍ന്നുവീണു മരിച്ചതാണ് കോടതിയുടെ പരിഗണനയില്‍വന്നത്. അശ്രദ്ധമായി ചുമട് കൊണ്ടുപോകുമ്പോഴാണ് തൊഴിലാളി മരിച്ചതെന്നായിരുന്നു തൊഴിലുടമയുടെ ഒരു വാദം. ട്രിബ്യൂണലില്‍ കേസ് വന്നു.

തൊഴിലിനിടയിലുണ്ടായ അപകടമരണമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയിലെത്തിയത്. തൊഴിലാളിക്ക് തൊഴിലിനിടയില്‍ അപകടംപറ്റിയാല്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, തൊഴിലാളി മദ്യപിച്ചിരുന്നെന്നോ, തൊഴില്‍സുരക്ഷ ലിഖിത വ്യവസ്ഥകള്‍ മനഃപൂര്‍വം ലംഘിച്ചാണ് ജോലിചെയ്തതെന്നോ വന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. ഈ വ്യവസ്ഥകളും പക്ഷേ, തൊഴിലാളിക്ക് പരിക്കേല്‍ക്കുമ്പോള്‍മാത്രം ബാധകമാവുന്നവയാണ്. തൊഴിലാളി മരിച്ചാല്‍ നഷ്ടപരിഹാരത്തിന് ഈ വ്യവസ്ഥകള്‍പോലും തടസ്സമല്ല.

തൊഴിലാളി മരിച്ചാല്‍ അശ്രദ്ധയോടെയാണ് ജോലിചെയ്തതെന്നത് നഷ്ടപരിഹാരം നല്‍കാന്‍ തടസ്സമാകില്ല. തൊഴിലാളി ഹൃദയാഘാതംമൂലമാണ് മരിച്ചതെന്നും അതിനാല്‍ സ്വാഭാവികംമാത്രമായ മരണമാണുണ്ടായതെന്നുമായിരുന്നു തൊഴിലുടമയുടെ മറ്റൊരു വാദം. അപകടമരണമായി ഇതിനെ കണക്കാക്കാനാകില്ലെന്നും വാദമുണ്ടായി. അസുഖംമൂലമുള്ള മരണം അപകടമരണമല്ലെന്ന വാദം കോടതി ശരിവച്ചു. എന്നാല്‍, ഇവിടെ ചുമടുമായിപ്പോയ തൊഴിലാളി തളര്‍ന്നുവീഴുകയും ഹൃദയാഘാതം വന്ന് മരിക്കുകയുമായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെതന്നെ മുന്‍കാല വിധികളുണ്ട്.

തൊഴിലാളി ചുമടുമായി പോകുമ്പോഴാണു വീണത്. ഈ വീഴ്ച നിയമത്തില്‍ നിര്‍വചിക്കുന്ന തരത്തിലുള്ള അപകടംതന്നെയാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കുകയായിരുന്നു. അതിനാല്‍ നിയമത്തില്‍ പറയുംപോലെ "ജോലിക്കിടയിലും ജോലിമൂലവും ഉണ്ടായ അപകടത്തില്‍ പരിക്കേറ്റാണ്" തൊഴിലാളി മരിച്ചത് എന്നുതന്നെ കണക്കാക്കണം. തൊഴിലാളി താല്‍ക്കാലികക്കാരനാണ് എന്ന (ഇമൌമഹ ഘമയീൗൃലൃ) വാദവും തൊഴിലുടമ ഉയര്‍ത്തി. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കേണ്ടെന്നായിരുന്നു വാദം. എന്നാല്‍, താല്‍ക്കാലികമായുണ്ടായ എന്തെങ്കിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിയെ മാത്രമേ നിയമത്തില്‍ താല്‍ക്കാലികക്കാരനായി കാണുന്നുള്ളു. തൊഴിലുടമയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് നിയമവ്യവസ്ഥയില്‍നിന്നു വ്യക്തമാണ്- വിധിയില്‍ പറഞ്ഞു.

*
അഡ്വ. കെ ആര്‍ ദീപ email: advocatekrdeepa@gmail.കോം

ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...