എന്താണ് ഭരണകൂടം എന്ന ചോദ്യത്തിന് ഏറ്റവും നല്ല ഉത്തരം നല്‍കിയത് ലെനിനാണ്. ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനെ അടിച്ചമര്‍ത്താനുപയോഗിക്കുന്ന മര്‍ദ്ദനോപകരണമാണ് ഭരണകൂടം എന്ന ഉത്തരം ലെനിേന്‍റതാണ്. ആധുനിക ജനാധിപത്യവ്യവസ്ഥയില്‍ അത് അങ്ങനെതന്നെയോ എന്ന് സംശയിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അത്തരക്കാരുടെ സംശയങ്ങള്‍ക്ക് നിവൃത്തിവരുത്തിക്കൊണ്ടുള്ള ഉത്തരങ്ങളാണ് അനുദിനം കോടതിയില്‍നിന്നും പാര്‍ലമെന്‍റില്‍നിന്നും എക്സിക്യൂട്ടീവില്‍നിന്നും ഒക്കെ വന്നുകൊണ്ടിരിക്കുന്നത്. അപ്പോഴും കോടതി നിഷ്പക്ഷമായല്ലേ പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. ആ ചോദിക്കുന്നവര്‍തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായി എഴുതിവെച്ചിട്ടുള്ള സോഷ്യലിസത്തിന്റെ നീതിയാണോ ഇന്ത്യയില്‍ പ്രയോഗിക്കപ്പെടുന്നത് എന്നും ചോദിച്ചാല്‍ അല്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്യും.
സുപ്രീംകോടതിയേയും ഹൈക്കോടതികളേയുമൊക്കെ നവലിബറല്‍ നയങ്ങള്‍ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കനുകൂലമായി ഉണ്ടായവിധികള്‍തൊട്ട് അവസാനം വൊഡാഫോണ്‍ കേസിലെ വിധിവരെ നവലിബറല്‍ നയങ്ങള്‍ നമ്മുടെ കോടതികളെ എന്തുമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്നതിന് തെളിവായി നമ്മുടെ മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നു. 1985ല്‍ മാക്ഡവല്‍ ആന്‍ഡ് കമ്പനി ലിമിറ്റഡും കൊമേഴ്സ്യല്‍ ടാക്സ് ഓഫീസറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ഒ ചിന്നപ്പറെഡ്ഡി തന്റെ വിധിന്യായത്തില്‍ പറഞ്ഞതിന്റെ സാരാംശം ഇതാണ്: ""നാമിന്ന് ജീവിക്കുന്നത് ഒരു ക്ഷേമരാഷ്ട്രത്തിലാണ്. അതിന്റെ ധനപരമായ ആവശ്യങ്ങള്‍ നിയമപരമായ പിന്തുണയോടെതന്നെ പരിഗണിക്കപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. ഏതൊരു ക്ഷേമനിയമത്തിന്റെയും ധാര്‍മ്മികമായ പിന്‍ബലം നികുതി നിയമത്തിനുമുണ്ടെന്ന് നാം തിരിച്ചറിയണം. നികുതിയില്‍നിന്ന് ഒഴിവാകുന്നത് അധാര്‍മ്മികമാണ്. നിയമനിര്‍മ്മാണസഭ നികുതിയില്‍നിന്ന് ഒഴിവാക്കുന്നത് തടയുന്നതിനുവേണ്ടി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കരുതരുത്. നിയമത്തിന്റെ സ്വഭാവം കണക്കിലെടുത്തുകൊണ്ട് നികുതിയില്‍നിന്ന് ഒഴിവാകുന്നത് തടയാന്‍ കോടതി ശ്രദ്ധിക്കണം"". ഈ വിധി വന്നത് നവലിബറല്‍ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിനും ആറുവര്‍ഷം മുമ്പാണെന്ന് കാണണം. എന്നാല്‍ കുപ്രസിദ്ധമായ വോഡാഫോണ്‍ കേസില്‍ വിധിവരുന്നത് നവലിബറല്‍ നയങ്ങള്‍ ഭരണകൂട ഉപകരണങ്ങളുടെയും ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തിന്റെയും ഒക്കെ അംഗീകാരം നേടിയതിനുശേഷമാണ്.
കഴിഞ്ഞ ജനുവരി 20നാണ് ഈ വിധി പ്രഖ്യാപിക്കപ്പെട്ടത്. ആദായ നികുതി വകുപ്പ് വൊഡാഫോണിനോട് 11,000 കോടി രൂപയുടെ നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഹച്ച് എന്ന സ്ഥാപനത്തിന്റെ ഓഹരികള്‍ ഒന്നായി വൊഡാഫോണ്‍ വാങ്ങുകയും ഹച്ച് തുടര്‍ന്ന് വൊഡാഫോണ്‍ ആയി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഓഹരി വാങ്ങിക്കൂട്ടിയതിന്റെ ഭാഗമായി വോഡാഫോണിനുണ്ടായ അധിക മൂലധന നേട്ടം കണക്കാക്കി അതിന്റെമേല്‍ വരുന്ന നികുതി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. സ്വാഭാവികമായും രണ്ടുതരം വ്യാഖ്യാനങ്ങള്‍ ഉയര്‍ത്താവുന്ന ഒരു കേസാണിത്. തങ്ങള്‍ ഓഹരി വാങ്ങല്‍ മാത്രമാണ് നടത്തിയത്. അതിനാല്‍ ആദായനികുതി നല്‍കേണ്ടതില്ല എന്നാണ് ഒരു വ്യാഖ്യാനം. ഹച്ച് എന്ന സ്ഥാപനം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതാണ്. അതിന്റെ ഓഹരികളല്ല ആസ്തി പണിയാകെ വൊഡഫോണ്‍വാങ്ങിക്കുകയും അതുവഴി മൂലധന നേട്ടമുണ്ടാക്കുകയുമാണ് ചെയ്തത്. അതിനാല്‍ നികുതി നല്‍കണം. ഇത് രണ്ടാം വ്യാഖ്യാനം. സൂക്ഷ്മതല വ്യാഖ്യാനത്തില്‍ ഓഹരി വാങ്ങിക്കലും സ്ഥൂലതല വ്യാഖ്യാനത്തില്‍ ആസ്തി വാങ്ങിക്കലും ആയി രണ്ടുതരം വ്യാഖ്യാനങ്ങളാണ് ഇതില്‍ വരിക. ഈ കേസ് ആദ്യം പരിഗണിച്ച ബോംബെ ഹൈക്കോടതി സ്ഥൂലതല വ്യാഖ്യാനം കണക്കിലെടുക്കുകയും ചിന്നപ്പറെഡ്ഡിയുടെ വിധിന്യായത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് നികുതിവെട്ടിപ്പ് തടയുന്നതിനുവേണ്ടിയുള്ള നിലപാടെടുക്കുകയും ചെയ്തു. അങ്ങനെയാണ് വൊഡഫോണിനോട് 1100 കോടി രൂപയുടെ നികുതി കുടിശിക അടയ്ക്കണമെന്ന് ഉത്തരവിട്ടത്.
എന്നാല്‍ 2011 ജനുവരി 20ന് സുപ്രീംകോടതി വിധിച്ചതാകട്ടെ ഇതൊരു ഓഹരി വില്‍പന മാത്രമാണ്, ഇന്ത്യയിലേക്ക് വിദേശ മൂലധനം കടന്നുവരേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കാവശ്യമാണ്, വരുന്ന വിദേശ മൂലധനത്തിനെ നികുതി നിരക്കു കാട്ടി ഭീഷണിപ്പെടുത്തി പുറത്തേക്കോടിക്കരുത്, അതിനാല്‍ ആദായനികുതി വകുപ്പിെന്‍റ ആവശ്യം തെറ്റാണ്; വൊഡഫോണ്‍ നികുതി കൊടുക്കേണ്ടതില്ല എന്നായിരുന്നു. വിദേശ നിക്ഷേപകര്‍ ഉണ്ടാക്കുന്ന മൂലധനനേട്ടങ്ങള്‍ക്ക് നികുതി പിരിക്കേണ്ടതില്ല എന്ന നയം നടപ്പിലാക്കിയത് ബിജെപിയുടെ ധനമന്ത്രിയായിരുന്ന യശ്വന്ത്സിന്‍ഹയും കോണ്‍ഗ്രസ് ധനമന്ത്രിയായിരുന്ന പി ചിദംബരവും ഒക്കെ ചേര്‍ന്നാണ്. അങ്ങനെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 2000ത്തിനുശേഷം വന്‍തോതില്‍ വിദേശ മൂലധനം വരാന്‍ തുടങ്ങിയത്. മൗറീഷ്യസുമായുണ്ടാക്കിയ ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിനെ മുതലെടുത്തുകൊണ്ടാണ് ഈ നികുതി വെട്ടിപ്പൊക്കെ നടക്കുന്നത്. മൗറീഷ്യസുമായി ഇന്ത്യ ഉണ്ടാക്കിയിട്ടുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ റദ്ദാക്കണമെന്ന് സിപിഐ (എം) നിരന്തരം ആവശ്യപ്പെട്ടുവരികയാണെങ്കിലും അതിന് ചെവികൊടുക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
1985-ലെ ചിന്നപ്പറെഡ്ഡിയുടെ കാലത്തെ സുപ്രീംകോടതിയില്‍നിന്ന് 2011ലെ സുപ്രീംകോടതി ഏറെ മാറിയിരിക്കുന്നു. അന്ന് നികുതി വെട്ടിപ്പ് തടഞ്ഞ് ക്ഷേമരാഷ്ട്ര സങ്കല്‍പത്തിനുസൃതമായി ഖജനാവിലേക്ക് നികുതിപ്പണം എത്തിക്കേണ്ടത് കോടതിയുടെ ചുമതലയാണെന്ന വിശ്വാസമാണ് ജഡ്ജിമാരെ നയിച്ചിരുന്നതെങ്കില്‍ ഇന്ന് വിദേശ മൂലധനശക്തികള്‍ക്ക് പരമാവധി നികുതി ഇളവുകള്‍ നല്‍കിയാലേ വിദേശ മൂലധനം ഇന്ത്യയിലേക്ക് കടന്നുവരൂ എന്നും അവരാണ് ഇന്ത്യയുടെ രക്ഷകര്‍ എന്നുമുള്ള സമീപനത്തിലേക്ക് സുപ്രീംകോടതി എത്തിച്ചേര്‍ന്നിരിക്കുന്നു. ഭരണകൂടം ഭരണവര്‍ഗ്ഗത്തിന്റെ മര്‍ദ്ദനോപകരണമാണെന്നും ഭരണവര്‍ഗ്ഗ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഒരു ഉപരണമായാണ് കോടതിയും പ്രവര്‍ത്തിക്കുക എന്ന മര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ ശരിവെയ്ക്കുന്നതാണ് മാക്ഡവല്‍ കേസിലേയും വൊഡഫോണ്‍ കേസിലേയും സുപ്രീംകോടതി വിധികള്‍.
*
കെ എ വേണുഗോപാലന്‍ ചിന്ത വാരിക
Subscribe to:
Post Comments (Atom)
No comments:
Post a Comment