ബുദ്ധിജീവികളുടെ ബൗദ്ധിക വ്യായാമത്തിന്റെ മാധ്യമം മാത്രമായിരുന്ന തത്വചിന്തയെ, വിമോചക പ്രത്യയശാസ്ത്രത്തിന്റെ പദവിയിലേക്കുയര്‍ത്തുകയാണ്, തങ്ങളുടെ പുതിയ അന്വേഷണങ്ങള്‍ വഴി മാര്‍ക്സും എംഗല്‍സും ചെയ്തത്. മുതലാളിത്ത വ്യവസ്ഥ യൗവന ദീപ്തിയോടെ ഉച്ചസൂര്യനെപ്പോലെ പ്രശോഭിച്ചു നിന്ന കാലത്താണ് അതിന്റെ അനിവാര്യമായ അന്ത്യത്തെപ്പറ്റി മാര്‍ക്സ് സിദ്ധാന്തിച്ചത്. മാര്‍ക്സിസ്റ്റാചാര്യന്‍മാരുടെ കാലത്ത് തന്നെ പാരീസ് കമ്മ്യൂണിന്റെ വിജയ പരാജയങ്ങളുണ്ടായി. ജര്‍മ്മനിയിലും ഇതര വികസിത രാജ്യങ്ങളിലും തൊഴിലാളിവര്‍ഗ മുന്നേറ്റവും തിരിച്ചടികളുമുണ്ടായി. ലെനിന്റെ കാലമെത്തിയപ്പോള്‍ റഷ്യന്‍ വിപ്ലവ വിജയം പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്തു. അതിന്റെ തുടര്‍ച്ചയായി, ചൈനയുള്‍പ്പെടെ ഒരു സോഷ്യലിസ്റ്റ് ചേരിയുടെ ഉദയം സംഭവിക്കുകയും ചെയ്തു. ഈ പ്രക്രിയ ഋജുരേഖയില്‍ സംഭവിച്ച ഒന്നല്ല. വര്‍ഗ സമരത്തിന്റെ വളര്‍ച്ചയും സങ്കീര്‍ണ്ണതകളും ഇവയെ ബാധിച്ചിട്ടുണ്ട്.
മാര്‍ക്സിന്റെ കാലത്തേതില്‍ നിന്ന് ലെനിന്റെ കാലമായപ്പോഴേക്കും മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവം മാറി. സാമ്രാജ്യത്വമായി അത് വികസിച്ചു. അതിന്റെ ചൂഷണശേഷിക്ക് ആക്കം കൂടി. അതുകൂടി ഉപയോഗിച്ച്, വര്‍ഗ ശക്തികളുടെ ബലാബലത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ മുതലാളിത്തത്തിനായി. ലോകമാകെ ജനാധിപത്യ ബോധം വികസിച്ച കാലമായപ്പോഴേക്കും പ്രത്യക്ഷമായ അധിനിവേശവും കൊള്ളയും പലപ്പോഴും സാധ്യമാകാതെ വന്നു. ചൂഷണത്തിനുള്ള നൂതന വഴികള്‍ സ്വീകരിക്കപ്പെട്ടു. അതിനുസരിച്ച് മുതലാളിത്തം പുതിയ പ്രത്യയശാസ്ത്രം ചമച്ചു. ആഗോളവത്കരണമെന്ന പേരില്‍ ഉത്പ്പാദിപ്പിക്കപ്പെട്ട നയങ്ങളും ആശയങ്ങളും ആധുനിക മുതലാളിത്തത്തിന്റെ അതിജീവന മന്ത്രങ്ങളായിരുന്നു. വിപ്ലവവിരുദ്ധമായ നിരവധി ആശയങ്ങളുടെ പ്രചാരകരായി വലതുപക്ഷത്തു നിന്നും ഇടതുപക്ഷത്തുനിന്നും ബുദ്ധിജീവികള്‍ ഉയര്‍ന്നു വന്നു. ഇടതുപക്ഷത്തു നില്ക്കുകയോ, ഇടതുപക്ഷക്കാരായി അഭിനയിക്കുകയോ ചെയ്യുന്ന പലരും ഒളിയുദ്ധമുള്‍പ്പെടെയുള്ള പലവിധ യുദ്ധമുറകളാണ് മാര്‍ക്സിസത്തിനെതിരെ സ്വീകരിച്ചു വന്നത്. സി.പി.ഐ(എം) ഇരുപതാം കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രത്യയശാസ്ത്ര പ്രമേയത്തോട്, വിപ്ലവവിരുദ്ധരായ ഒരു കൂട്ടം മലയാളി ബുദ്ധിജീവികളുടെ പ്രതികരണം വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ആദ്യമേ പറയട്ടെ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പ്രത്യയശാസ്ത്രം പോരാട്ടത്തിനുള്ള ആയുധമാണ്. ലോകത്തെ മനസിലാക്കാനുള്ള ദാര്‍ശിനികോപകരണങ്ങളാണ്. ലോക രാഷ്ട്രീയത്തിന്റെ വര്‍ത്തമാനത്തെ തങ്ങള്‍ എങ്ങനെ കാണുന്നുവെന്നാണ് സി.പി.ഐ(എം) ന്റെ പ്രത്യയശാസ്ത്ര പ്രമേയം വിശദീകരിക്കുന്നത്. ലോക രാഷ്ട്രീയം നിരവധി സങ്കീര്‍ണതകളെ അഭിമുഖീകരിക്കുന്നുണ്ട്. അതിനെ മനസിലാക്കുകയും തുറന്നുപറയുകയും ചെയ്യുകയാണ് പാര്‍ട്ടി ചെയ്തിട്ടുള്ളത്. അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയെ അപഹസിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.
സോമശേഖരന്റെ കാഴ്ചപ്പാടില്‍ മുതലാളിത്തത്തിനെതിരായി എളുപ്പത്തില്‍ കയ്യടി നേടാവുന്ന തരത്തില്‍ ചമച്ചുണ്ടാക്കിയതാണീ രേഖയെന്നും അതിന് സൈദ്ധാന്തിക പിന്‍ബലമില്ലെന്നുമാണ് ആരോപണം. ഇഷ്ടമില്ലാത്തൊരച്ചി തൊട്ടതെല്ലാം കുറ്റം എന്ന ന്യായമല്ലാതെ മറ്റെന്താണ് ഈ കുറ്റപ്പെടുത്തലിലുള്ളത്. 1968 ല്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുണ്ടായ പിളര്‍പ്പും ഇടതുപക്ഷ തീവ്രവാദത്തിന്റെ വേലിയേറ്റത്തിന്റെയും കാലത്താണ് ആദ്യത്തെ പ്രത്യയശാസ്ത്ര രേഖ. ഈ രണ്ടു പ്രശ്നങ്ങളിലും സി.പി.ഐ(എം) നിലപാട് കാലം ശരി വച്ചു. 1992 ല്‍ മദിരാശി കോണ്‍ഗ്രസ്സിലാകട്ടെ സോഷ്യലിസത്തിനേറ്റ തിരിച്ചടിയെ അപഗ്രഥിക്കുകയാണ് ചെയ്തത്. ഈ രണ്ടു രേഖകളുടെ കാലത്തു നിന്നും ലോക രാഷ്ട്രീയത്തിനുണ്ടായ മാറ്റങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്തുന്നതില്‍ സി.പി.ഐ(എം) ന്റെ പ്രത്യയശാസ്ത്ര പ്രമേയം വളരെയേറെ വിജയിച്ചു. ഇന്നും തുടരുന്ന ആഗോള മാന്ദ്യം, ലോക സാമ്രാജ്യത്വത്തിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍, ആഗോളവത്കരണ നയങ്ങളുടെ തകര്‍ച്ച, ലോക രാഷ്ട്രീയത്തിലെ ബഹുധ്രുവത, സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ മുന്നേറ്റങ്ങളും ആശങ്കകളും, ലാറ്റിനമേരിക്കയുടെയും, ദക്ഷിണാഫ്രിക്കയുടെയും ബദലുകള്‍, ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസത്തിന്റെ ഭാവി, തുടങ്ങി സമഗ്രമായ വിശകലനമാണ് രേഖയിലുള്ളത്. അതിലെ നിഗമനങ്ങളെ വസ്തുനിഷ്ഠമെന്ന് സാക്ഷ്യപ്പെടുത്തുന്ന വിശദീകരണക്കുറിപ്പിലൂടെ, മാര്‍ക്സിസ്റ്റ് അപഗ്രഥനരീതികളുടെ സവിശേഷതകള്‍ക്ക് പ്രമേയം അടിവരയിടുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ അന്തസ്സാര ശൂന്യമായ ആക്ഷേപങ്ങളിലൂടെ പ്രമേയത്തെ നിരാകരിക്കാന്‍ സോമശേഖരന്‍ നടത്തുന്ന പാഴ്വേല ദയനീയമായിപ്പോയി.
മലയാളം വാരികയില്‍ തന്നെ സി.പി.ജോണ്‍ നടത്തുന്ന വിശകലനവും വസ്തുനിഷ്ഠമല്ല. മാര്‍ക്സിസത്തെപ്പറ്റിയും അതിന്റെ പ്രയോഗത്തെ സംബന്ധിച്ചും മുമ്പ് നന്നായി വിശദീകരിച്ചിരുന്ന സി.പി.ജോണിന്റെ ചിന്തയ്ക്ക് തുരുമ്പെടുത്തു പോയെന്ന് സംശയമുളവാക്കുന്ന അപഗ്രഥനമാണ് ലേഖനത്തിലുടനീളം. യുറോപ്യന്‍ കൊളോണിയല്‍ ആധിപത്യം വലിച്ചെറിഞ്ഞ ഏഷ്യന്‍ നവരാഷ്ട്രങ്ങള്‍ ആഗോളമുതലാളിത്ത പ്രതിസന്ധിയ്ക്ക് പുറത്താണെന്നും, അത് സി.പി.ഐ(എം) രേഖയില്‍ കാണുന്നില്ലെന്നുമാണ് ജോണിന്റെ കുറ്റപ്പെടുത്തല്‍. ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങളില്‍ ആഗോളവത്ക്കരണത്തിനെതിരായി നടന്ന ചെറുത്തുനില്‍പ്പും അതിന്റെ ഭാഗമായി ദേശീയ രാഷ്ട്ര പദവി സംരക്ഷിക്കാനായതുമാണ് ഭാരതത്തെ മാന്ദ്യത്തിന്റെ ഭാഗമായ സമ്പൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായതെന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന വസ്തുതയാണ്. അതിന് ഇന്ത്യന്‍ ഇടതുപക്ഷത്തോടാണ് ചരിത്രം നന്ദി പറയേണ്ടത്. ആഗോളവത്ക്കരണ നയങ്ങളെ അന്ധമായി പിന്തുടര്‍ന്ന ഏത് വികസിതരാജ്യമാണ് അതിജീവിച്ചത്.
ചരിത്രപരമായ കാരണങ്ങളാല്‍ ഏഷ്യാറ്റിക് സമൂഹങ്ങള്‍ക്കുള്ള പ്രത്യേകതകളെ മാര്‍ക്സ് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതിന്റെ പ്രഭാവങ്ങളെ മുതലാളിത്ത മേന്മയുടെ പൊളിറ്റിക്കല്‍ ഇക്കോണമിയായി തെറ്റിദ്ധരിക്കാന്‍ സി.പി.ഐ(എം)നെ കിട്ടില്ല. ഇന്ത്യയുടെ വികസനം ബൂര്‍ഷ്വസിയുടെ പങ്കാളിത്തത്തോടുകൂടി ചെയ്യാമെന്ന് ഉറക്കെപറയാന്‍ സി.പി.ഐ(എം) മടിക്കുന്നുവെന്ന് ആക്ഷേപിക്കുമ്പോഴാണ് സി.പി.ജോണിന്റെ രാഷ്ട്രീയാടിമത്വം തുറന്നുകാട്ടപ്പെടുന്നത്. ഇന്ത്യന്‍ ബൂര്‍ഷ്വാസി നേതൃത്വം കൊടുക്കുന്ന വികസന രീതിക്ക് സി.പി.ഐ(എം) കയ്യൊപ്പു വയ്ക്കണമെന്ന ആഗ്രഹം കുറെ കടന്ന കയ്യാണ്. വന്‍കിടയല്ലാത്ത ദേശീയ ബൂര്‍ഷ്വാസിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന വാദം പോലും മുന്‍പ് അങ്ങനെ വിലയിരുത്തിയവര്‍ ഉന്നയിക്കുന്നില്ല. ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലെ പെരുക്കലും, കോടികളെ നിസ്സാരമാക്കുന്ന മഹാകുംഭകോണങ്ങളും കോര്‍പ്പറേറ്റഴിമതികളും നടക്കുന്ന ഭാരതത്തില്‍ അത് നടത്തുന്നവര്‍ ഇന്ത്യയെ വികസിപ്പിക്കുമെന്ന് വിശ്വസിക്കാന്‍ തക്ക മൂഢത സി.പി.ഐ(എം) നില്ല. അതുള്ളവര്‍, പാര്‍ട്ടിയെ അതിലേക്ക് നയിക്കാന്‍ ശ്രമിക്കുകയും വേണ്ട.
മാധ്യമം ആഴ്ചപതിപ്പില്‍ ഡോ. ടി.ടി ശ്രീകുമാറിന്റെ നിരീക്ഷണങ്ങള്‍ അസംബന്ധം മാത്രമാണ്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ യാഥാസ്ഥിക പാര്‍ട്ടിയായി സി.പി.ഐ(എം) മാറിയെന്നാണ് ശ്രീകുമാറിന്റെ ഭര്‍സനം. നവ സാമൂഹിക പ്രസ്ഥാനങ്ങളെ സി.പി.ഐ(എം) അംഗീകരിക്കാത്തതാണ് ശ്രീകുമാറിന്റെ ദു:ഖം. പഴയ നക്സലൈറ്റുകള്‍, തങ്ങളുടെ രാഷ്ട്രീയവും സംഘടനയും പരാജയപ്പെട്ട് പലതായി ഛിന്നിച്ചിതറിയപ്പോള്‍ ഇരിക്കാന്‍ ചേക്ക തേടിയെത്തിയത് പ്രാദേശീകമോ, പ്രോതാധിഷ്ടതമോ, ഒക്കെയായ സ്വത്വപരമായ കൂട്ടായ്മകളിലാണ്. അതിനെ നില നിര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ വസ്തുതാപരമാകുന്നെങ്കിലും, സമൂഹത്തിലെ കേന്ദ്ര വൈരുദ്ധ്യം അതാണെന്ന കാഴ്ചപ്പാടില്‍ വര്‍ഗ്ഗസമരത്തിന്റെ മുഖ്യ കേന്ദ്രമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളെ കാണാന്‍ വര്‍ഗ പ്രസ്ഥാനങ്ങള്‍ക്കാവില്ല. എന്നാല്‍ അത്തരം പ്രത്യേക പ്രശ്നങ്ങളില്‍ ശ്രദ്ധിയൂന്നണമെന്നു തന്നെയാണ് സി.പി.ഐ(എം) നയം. ആദിവാസി, ദളിത്, സത്രീ പ്രശ്നങ്ങളില്‍ പാര്‍ട്ടിയുടെ കഴിഞ്ഞ ഒരു ദശകക്കാലമായുള്ള പ്രതികരണങ്ങള്‍ നോക്കിയാല്‍ അത് തിരിച്ചറിയാനാകും.കോര്‍പ്പറേറ്റുകളുമായി ചൂഷക ശക്തികള്‍ ഭീമാകാര രൂപം പൂണ്ട് വളരുമ്പോള്‍ വിഘടിതമായ സ്വത്വങ്ങളിലാണ് അവയെ അതിജീവിക്കാനുള്ള രാഷ്ട്രീയം കുടികൊള്ളുന്നതെന്ന് വിശ്വസിക്കുന്നവരെ പറ്റി സഹതാപം മാത്രമേയുണ്ടാകു.
ഡോ. ശ്രീകുമാര്‍ കൊട്ടിഘോഷിക്കുന്ന ഉത്തരാധുനികതയെ സി.പി.ഐ(എം) പ്രമേയം നിരാകരിക്കുന്നത് മുതലാളിത്തത്തിന്റെ അതിജീവന ശേഷിയെ തിരിച്ചറിഞ്ഞുകൊണ്ടാണ്. മാര്‍ക്സിസത്തിന്റെ വിമോചക പദവിയെ ഉദ്ഘോഷിക്കുന്ന ഫെഡറിക് ജയിംസണ്‍ ""യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്ന മാര്‍ക്സിസം"" എന്ന പ്രബന്ധത്തില്‍ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. അഖിലേന്ത്യാ തലത്തില്‍ രൂപീകരിക്കപ്പെടുന്ന മഹാ പ്രസ്ഥാനങ്ങളെ പിരിച്ചുവിട്ട് തുരുത്തുകളിലേക്ക് കമ്മ്യൂണിസ്റ്റുകാര്‍ ഒതുങ്ങണമെന്ന വാദം ഒരു ജനതയുടെ വിപ്ലവ കാമനയെ എങ്ങനെയാണ് മുന്നോട്ട് നയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനം സി.പി.ഐ(എം) ആണ്. ആഗോളവത്കരണ വിരുദ്ധ ദേശീയ സമരത്തിന്റെ കേന്ദ്രവും പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളാണ്. മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും ശരിയായ പ്രഘോഷകരും മറ്റാരുമല്ല. അതിന്റെ കൂട്ടായ്മയുടെ പ്രത്യയശാസ്ത്രക്കാഴ്ചയെ സൂക്ഷ്മമാക്കുകയാണ് പ്രമേയം ചെയ്യുന്നത്. അത് സംവാദങ്ങളിലൂടെ ഇനിയും വികസിക്കാനുണ്ടെങ്കിലും വിപ്ലവ വിരുദ്ധരായ ഒരു കൂട്ടം ലേഖകര്‍ വികൃതമായ തങ്ങളുടെ കാഴ്ചയെ മാര്‍ക്സിസമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് അടി മുടി നിരാകരിക്കാതെ വയ്യ.
*
അഡ്വ. കെ. അനില്‍കുമാര്‍ ചിന്ത വാരിക
Subscribe to:
Post Comments (Atom)
No comments:
Post a Comment