മരണമൊഴി എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയും കോടതിക്കുമുമ്പില്‍ ഒരുപോലെ സ്വീകാര്യമാണോ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. യഥാര്‍ഥത്തില്‍ മരണമൊഴി (dying declaration) എന്ന വാക്ക് നിയമത്തിലില്ല. എന്നാല്‍ തന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി മരണത്തിനു മുമ്പ് ഒരാള്‍ നല്‍കുന്ന മൊഴിയെ ഇത്തരത്തില്‍ എടുക്കാം. മരണത്തിന് ഇടയാക്കിയ സംഭവത്തിന് ദൃക്സാക്ഷി മരിച്ച വ്യക്തി മാത്രമാകുമ്പോള്‍ ഈ മൊഴി അവഗണിക്കാനേ കഴിയില്ല. മാത്രമല്ല, മരണം കാത്തുകഴിയുന്ന വ്യക്തി നല്‍കുന്ന മൊഴിക്ക് സത്യപ്രസ്താവനയുടെ മഹത്വമുണ്ടെന്നും കോടതി കരുതുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് അങ്ങേയറ്റം എത്തിനില്‍ക്കുന്നയാളാണ് മൊഴി നല്‍കുന്നത്. കള്ളംപറയാനുള്ള ഉദ്ദേശ്യമൊന്നും അപ്പോള്‍ നിലനില്‍ക്കില്ല. സത്യം പറയണമെന്ന ഉല്‍ക്കടമായ ആഗ്രഹമാകും അപ്പോള്‍ ശക്തം. "സ്രഷ്ടാവിന്റെ അരികിലേക്കു പോകാനൊരുങ്ങുന്ന ഒരാള്‍ നുണയുമായി അവിടേക്കു പോകില്ലെ"ന്ന് നിയമം കരുതുന്നു.
എങ്കിലും മരണമൊഴി ആധാരമാക്കി വിധിക്കുന്ന ശിക്ഷ ചോദ്യംചെയ്യുന്ന കേസുകള്‍ ഇടയ്ക്കിടെ സുപ്രീം കോടതിയിലുമെത്തും. മരണമൊഴി പൂര്‍ണമായും വിശ്വസിച്ച് കീഴ്ക്കോടതികള്‍ വിധിച്ച ശിക്ഷ ശരിവയ്ക്കുന്ന കേസാണ് ഏറെയും. എന്നാല്‍ മരണമൊഴി വിശ്വസനീയമല്ലെന്ന് അപൂര്‍വമായെങ്കിലും സുപ്രീം കോടതി ചൂണ്ടിക്കാട്ടാറുണ്ട്.
എപ്പോഴൊക്കെ മരണമൊഴി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ വിധികളിലൊന്നാണ് 2007 ജൂലൈ 27ലെ കേസി (Smt. Shakunthala Vs. State of Haryana)ലേത്. മരണമൊഴി അംഗീകരിച്ച് ശിക്ഷ ശരിവച്ച ഹൈക്കോടതിവിധി ഈ കേസില്‍ സുപ്രീം കോടതിയും അംഗീകരിച്ചു.
ഹരിയാനയില്‍നിന്നുള്ള സ്ത്രീധന പീഡനക്കേസായിരുന്നു അത്. അമ്മായിയമ്മയാണ് അപ്പീലുമായെത്തിയത്. അമ്മായിയമ്മ മരുമകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുക പതിവായിരുന്നു. വഴക്കും ഉണ്ടാകും. ഒരുദിവസം പീഡനം സഹിക്കാനാകാതെ മരുമകള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. ഭയപ്പെടുത്തി അമ്മായിയമ്മയുടെ ഉപദ്രവം നിര്‍ത്തിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ അമ്മായിയമ്മ മണ്ണെണ്ണയില്‍ മുങ്ങിനിന്ന മരുമകളുടെ ദേഹത്തേക്ക് തീപ്പെട്ടിക്കൊള്ളി കത്തിച്ചെറിഞ്ഞു. 100 ശതമാനം പൊള്ളലുമായി മരുമകള്‍ ആശുപത്രിയിലായി. ആശുപത്രിക്കിടക്കയില്‍നിന്നു മജിട്രേട്ടിനു നല്‍കിയ മൊഴിയില്‍ അവര്‍ സംഭവം വിവരിച്ചു. ഈമൊഴി അടിസ്ഥാനമാക്കി അമ്മായിയമ്മയ്ക്ക് ശിക്ഷയും കിട്ടി. ഈ വിധിക്കെതിരെയായിരുന്നു അപ്പീല്‍.
നൂറുശതമാനം പൊള്ളലേറ്റിരുന്നതിനാല്‍ മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി മരുമകള്‍ക്കില്ലായിരുന്നു എന്നായിരുന്നു മുഖ്യവാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഡോക്ടറുടെ മൊഴി കോടതി സ്വീകരിച്ചു. മൊഴി നല്‍കാവുന്ന ആരോഗ്യസ്ഥിതി ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
അമ്മായിയമ്മയ്ക്ക് ഹൈക്കോടതി നല്‍കിയ ശിക്ഷ ശരിവച്ച ശേഷം മരണമൊഴിയുടെ വിവിധ വശങ്ങളെപ്പറ്റി ജ. അരിജിത് പസായതും പി പി നവ്ലേക്കറും ഉള്‍പ്പെട്ട ബെഞ്ച് വിവരിക്കുന്നു.
മരണമൊഴിക്ക് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ടെങ്കിലും ക്രോസ്വിസ്താരത്തിന് അവസരം നല്‍കാത്ത മൊഴിയാണ് ഇതെന്ന ദൗര്‍ബല്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ മരണമൊഴി പരിഗണിക്കുമ്പോള്‍ മുഖ്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്:
1. മറ്റു തെളിവുകളുടെ പിന്‍ബലമില്ലെന്ന കാരണത്താല്‍ മരണമൊഴി തള്ളിക്കളയാനാകില്ല.
2. സ്വമേധയ നല്‍കിയതും സത്യസന്ധവുമാണ് മൊഴിയെന്ന് കോടതിക്ക് ബോധ്യംവന്നാല്‍ മറ്റു തെളിവുകളില്ലെങ്കിലും ഈ മൊഴി ആധാരമാക്കി ശിക്ഷവിധിക്കാം.
3. ആരെങ്കിലും പഠിപ്പിച്ച് പറയിച്ചതോ ഭാവനയോ അല്ല മൊഴിയില്‍ പറയുന്ന കാര്യങ്ങളെന്ന് മൊഴി സൂക്ഷ്മമായി പരിശോധിച്ച് കോടതി ഉറപ്പുവരുത്തണം. പ്രതിയെ കാണാനും തിരിച്ചറിയാനും കഴിയുന്ന നിലയിലായിരുന്നു മരിച്ചയാളെന്നും മരണമൊഴി നല്‍കുന്ന സമയത്ത് അത് നല്‍കാനുള്ള ശേഷി ഉണ്ടായിരുന്നുവെന്നും ബോധ്യപ്പെടണം.
4. മൊഴി സംശയാസ്പദമാണെങ്കില്‍ മറ്റു തെളിവുകളുടെ പിന്‍ബലമില്ലാതെ അംഗീകരിക്കരുത്.
5. പ്രതി മൊഴി നല്‍കാന്‍ കഴിയാത്തതുപോലെ അബോധാവസ്ഥയിലായിരുന്നുവെന്നു വന്നാലും മൊഴി അസാധുവാകും.
6. പരസ്പരബന്ധം ഇല്ലാത്തതാണ് മൊഴിയെങ്കില്‍ സ്വീകാര്യമല്ല.
7. സംഭവത്തിന്റെ വിശദാംശമില്ലെന്ന കാരണത്താല്‍ മൊഴി തള്ളരുത്.
8. മൊഴി ചുരുക്കം വാക്കുകളാണെന്ന കാരണത്താലും അവഗണിക്കരുത്. ചെറുതാണെങ്കില്‍ വിശ്വാസ്യത കൂടും.
9. മൊഴി നല്‍കാവുന്ന ശരീരസ്ഥിതി ഉണ്ടായിരുന്നുവോ എന്നുനിശ്ചയിക്കാന്‍ ഡോക്ടറുടെ മൊഴി ആശ്രയിക്കാം.
10. പ്രോസിക്യൂഷന്റെ വിവരണം മരണമൊഴിയുമായി പൊരുത്തപ്പെടുന്നതല്ലെങ്കില്‍ മൊഴി പരിഗണിക്കേണ്ടതില്ല.
11. രണ്ട് മരണമൊഴി ഉണ്ടെങ്കില്‍ ആദ്യത്തേതാണ് പരിഗണിക്കേണ്ടത്. എന്നാല്‍ ഒന്നിലേറെ മൊഴി ഉണ്ടായിരിക്കുകയും അവ വിശ്വാസയോഗ്യമാകുകയും ചെയ്താല്‍ എല്ലാം പരിഗണിക്കാം- വിധിയില്‍ ചൂണ്ടിക്കാട്ടി.
മരണമൊഴി സ്വീകാര്യമല്ലെന്ന് സുപ്രീം കോടതി വിധിച്ച കേസുകളിലൊന്ന് 2011ല്‍ ഉണ്ടായി (Surinder Kumar Vs. State of Haryana). ഒക്ടോബര്‍ 21നായിരുന്നു ജ. പി സദാശിവവും ജ. ബി എസ് ചൗഹാനും ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി.
മരണമൊഴി മാത്രം ആധാരമാക്കി പ്രതിയെ ശിക്ഷിച്ചതാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൊഴി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൊഴികളില്‍ വൈരുധ്യവും ഏറെയായിരുന്നു. അതിലും പ്രധാനമായി സുപ്രീം കോടതി കണ്ടത് മറ്റൊന്നാണ്: മൊഴിയെടുക്കുന്ന സമയത്ത് സാക്ഷിക്ക് പെത്തിഡിന്‍ (Pethidine), ഫോര്‍ട്ട് വിന്‍ (Fortwin) എന്നീ മയക്കുമരുന്നുകള്‍ വേദനസംഹാരിയായി നല്‍കിയിരുന്നു. അവയുടെ സ്വാധീനത്തിലായിരിക്കുമ്പോഴാണ് മൊഴിയെടുത്തത്. അതുകൊണ്ട് സാക്ഷി മാനസിക സമനിലയോടെയല്ല ഈ മൊഴി നല്‍കിയത്. അതിനാല്‍ മൊഴി വിശ്വസിക്കാനാകുന്നില്ല. മരണമൊഴി മാത്രം ആധാരമാക്കി നിശ്ചയിച്ച ശിക്ഷ ഒഴിവാക്കുകയാണ്- കോടതി വ്യക്തമാക്കി
*
അഡ്വ. കെ ആര്‍ ദീപ
email: advocatekrdeepa@gmail.com
Subscribe to:
Post Comments (Atom)
1 comment:
മരണമൊഴി എത്രത്തോളം വിലപ്പെട്ടതാകാം, എല്ലാ മരണമൊഴിയും കോടതിക്കുമുമ്പില്‍ ഒരുപോലെ സ്വീകാര്യമാണോ തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. യഥാര്‍ഥത്തില്‍ മരണമൊഴി (dying declaration) എന്ന വാക്ക് നിയമത്തിലില്ല. എന്നാല്‍ തന്റെ മരണത്തിന്റെ കാരണത്തെപ്പറ്റി മരണത്തിനു മുമ്പ് ഒരാള്‍ നല്‍കുന്ന മൊഴിയെ ഇത്തരത്തില്‍ എടുക്കാം. മരണത്തിന് ഇടയാക്കിയ സംഭവത്തിന് ദൃക്സാക്ഷി മരിച്ച വ്യക്തി മാത്രമാകുമ്പോള്‍ ഈ മൊഴി അവഗണിക്കാനേ കഴിയില്ല. മാത്രമല്ല, മരണം കാത്തുകഴിയുന്ന വ്യക്തി നല്‍കുന്ന മൊഴിക്ക് സത്യപ്രസ്താവനയുടെ മഹത്വമുണ്ടെന്നും കോടതി കരുതുന്നു. എല്ലാ പ്രതീക്ഷയും അസ്തമിച്ച് അങ്ങേയറ്റം എത്തിനില്‍ക്കുന്നയാളാണ് മൊഴി നല്‍കുന്നത്. കള്ളംപറയാനുള്ള ഉദ്ദേശ്യമൊന്നും അപ്പോള്‍ നിലനില്‍ക്കില്ല. സത്യം പറയണമെന്ന ഉല്‍ക്കടമായ ആഗ്രഹമാകും അപ്പോള്‍ ശക്തം. "സ്രഷ്ടാവിന്റെ അരികിലേക്കു പോകാനൊരുങ്ങുന്ന ഒരാള്‍ നുണയുമായി അവിടേക്കു പോകില്ലെ"ന്ന് നിയമം കരുതുന്നു.
Post a Comment