1993ലെ വിഷുക്കാലത്ത് റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രമായ വാത്സല്യം (ലോഹിതദാസ്/കൊച്ചിന് ഹനീഫ്) എന്ന ബ്ളോക്ക് ബസ്ററിലെ ഒരു പാസിങ് വിഷ്വലിനെക്കുറിച്ച് ഒന്നോ രണ്ടോ ലേഖനങ്ങളിലും ഏതാനും പ്രസംഗങ്ങളിലും ഞാന്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന്, ഇത്തരത്തില്‍ സിനിമയിലെ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് തീര്‍ത്തും തെറ്റാണന്നും ഇത് ദോഷൈകദൃഷ്ടി മാത്രമാണെന്നുമുള്ള ആരോപണം സുഹൃത്തുക്കളും അല്ലാത്തവരുമായ നിരവധി പേര് ഉന്നയിക്കുകയുണ്ടായി. മമ്മൂട്ടി അവതരിപ്പിക്കുന്ന, കര്‍ഷകനും നാട്ടിന് പുറത്തുകാരനും നായര്‍ സമുദായക്കാരനുമായ മേലേടത്ത് രാഘവന് നായര്‍ എന്ന നായകന്റെ വീടിന്റെ ചുമരില്‍ കേസരി കലണ്ടറാണ് തൂങ്ങുന്നത് എന്ന അസ്വസ്ഥകരമായ അസ്വാഭാവികതയാണ് പാസിങ് വിഷ്വല്‍ എന്ന നിലയില്‍ ചൂണ്ടിക്കാട്ടിയത്. അന്ന് ഇത്തരം പരാമര്‍ശങ്ങളെ അപാകം എന്നോ അപക്വം എന്നോ വിലയിരുത്തി, ചലച്ചിത്ര/സാംസ്ക്കാരിക/രാഷ്ട്രീയ രംഗങ്ങളിലടക്കമുള്ളവര്‍ തള്ളിക്കളഞ്ഞു. ഈ തള്ളിക്കളയല്‍ അത്തരത്തിലുള്ള നൂറായിരം പാസിങ് വിഷ്വലുകള്‍ക്കും ആധിപത്യപരമായ വിഷ്വലുകള്‍ക്കും സംഭാഷണങ്ങള്‍ക്കും മലയാള സിനിമയില്‍ നിറഞ്ഞാടാനുള്ള ലൈസന്‍സായിരുന്നു എന്ന് കുറെയധികം ആളുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
അതിന്റെ തെളിവാണ്; ഏതാണ്ട് പത്തൊമ്പത് കൊല്ലത്തിന് ശേഷം, പാസിങ് വിഷ്വലുകള്‍ അത്ര പാസീവല്ല എന്ന തികഞ്ഞ സൂക്ഷ്മതയോടെയുള്ള ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 മാര്‍ച്ച് 11-17 ലക്കത്തിന്റെ അവസാന പേജിലുള്ള ട്രൂ കോപ്പി എന്ന കോളത്തില്‍ ആഴ്ചപ്പതിപ്പിന്റെ കോപ്പി എഡിറ്ററായ പി കെ ശ്രീകുമാര്‍ തന്നെ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. (മാതൃഭൂമിയുടെ അവസാനത്തെ പേജിനു തൊട്ടുമുമ്പുള്ള പുറങ്ങളിലായി പ്രസിദ്ധീകരിക്കാറുള്ള ചരിത്രപഥം എന്ന കോളത്തില്‍, കോളമിസ്റായ എം ജയരാജ് 2011 ഒക്ടോബര്‍ 2-8 ലക്കത്തില്‍ എഴുതിയത് ഇപ്രകാരമായിരുന്നു: ഇന്ന് കുറ്റിയറ്റു പോയ മേഖലയാണ് മലയാള സിനിമാനിരൂപണ ശാഖ. സിനിമകളുടെ എണ്ണം കുറഞ്ഞതുകൊണ്ടോ നിരൂപണയോഗ്യമായ ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതുകൊണ്ടോ പ്രാപ്തരായ നിരൂപകര്‍ ഇല്ലാത്തതുകൊണ്ടോ ഉണ്ടായതല്ല ഈ ശൂന്യത. ഈ കുറിപ്പിനെക്കുറിച്ച് തലക്കെട്ടിനും മുകളില്‍ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: മലയാള സിനിമാനിരൂപണത്തിന്റെ വികാസഘട്ടങ്ങള്‍ പരിശോധിക്കുന്നു. ജനപ്രിയസിനിമകളെപ്പോലും ഇഴപിരിച്ച് രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു രീതി മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നു എന്നു കാണാം. മലയാളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര നിരൂപണം ഇല്ല എന്ന് യാതൊരു ജാള്യതയുമില്ലാതെ രേഖപ്പെടുത്തിയതു വായിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് അല്പം മോചനം ലഭിച്ചത് അതേ ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ തൊട്ടടുത്ത പേജിലുള്ള ട്രൂ കോപ്പി വായിച്ചപ്പോഴാണ്!)
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്ന സിനിമയെ ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ട് ഈ ലേഖനം മാത്രമല്ല പുറത്തു വന്നിട്ടുള്ളത്. സൈബര്‍ ലോകത്ത് വളരെ സജീവമായിക്കഴിഞ്ഞ മലയാള സിനിമാ നിരൂപണമേഖലയിലും ഈ ചിത്രത്തെ സംബന്ധിച്ച വളരെ വിശദമായ കുറിപ്പുകള്‍ വന്നു കഴിഞ്ഞു. പതിവുപോലെ, മലയാള് ഡോട്ട് എഎമ്മില്‍ ബി അബൂബക്കര്‍ എഴുതിയ ഈ അടുത്ത കാലത്ത് - ബുദ്ധിജീവികളേ അതിലേ ഇതിലേ എന്ന ലേഖനം തന്നെയാണ് ഏറ്റവും വിശദവും സൂക്ഷ്മവുമായിട്ടുള്ളത്. ഇതേ പോര്‍ട്ടലില്‍ വന്ന വി സി സാജന്റെ ഈ അടുത്ത കാലത്ത് - മറവികളുണ്ടായിരിക്കണം എന്ന ലേഖനവും ശ്രദ്ധേയമാണ്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും നിരവധി സമാനമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. മാതൃഭൂമിയിലെയും മലയാള് ഡോട്ട് എ എമ്മിലെയും ലേഖനങ്ങളില്‍ ഏറ്റവും കൃത്യമായി പരാമര്‍ശിക്കുന്നത് ഈ അടുത്ത കാലത്ത്; ആര് എസ് എസ് എന്ന സംഘടന കേരള സമൂഹത്തിന്റെ പൊതു പശ്ചാത്തലത്തില്‍ സാധൂകരിക്കപ്പെടുകയും രക്ഷാകര്‍തൃസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിനെ സംബന്ധിച്ചാണ്. ഡൂള്‍ ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ തിരക്കഥാകൃത്ത് മുരളീ ഗോപി ഈ ആരോപണം നിഷേധിക്കുന്നതില്‍ വരെ ചെന്നെത്തി വിമര്‍ശനം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആര് എസ് എസിന്റെ എക്സര്‍സൈസും പരേഡുമൊക്കെ നഗരങ്ങള്‍ക്കുള്ളിലെ കാഴ്ചയാണ്. എന്നാല്‍ മിക്ക സിനിമകളിലും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ട് പാസിങ് വിഷ്വല്‍ എന്ന രീതിയില്‍ ഉപയോഗിച്ചെന്നേയുള്ളൂ എന്നാണ് മുരളീ ഗോപി സ്വയം ന്യായീകരിക്കുന്നത്. ഈ രംഗം കണ്ടപ്പോള്‍, തിരക്കഥാകൃത്തിന്റെ പിതാവായ ഭരത് ഗോപി ജീവിത സായാഹ്നത്തില്‍ ഹിന്ദുത്വ വാദികളുടെ പാളയത്തില്‍ ചേക്കേറിയത്, ചിത്രത്തെ ഏതാണ്ട് പിന്തുണച്ച് എഴുതിയ എന്‍ പി സജീഷ് (മാധ്യമം ഡോട്ട് കോം) പോലും ഓര്‍ത്തുപോയി. പി കെ ശ്രീകുമാര്‍ അടയാളപ്പെടുത്തുന്നതുപോലെ, ആര് എസ് എസ് ദൃശ്യങ്ങള്‍ അത്ര നിഷ്കളങ്കമോ സ്വാഭാവികമോ രാഷ്ട്രീയമാനങ്ങളില്ലാത്തതോ അല്ലെന്നതും പ്രസ്താവ്യമാണ്.
വിഷ്ണു(ഇന്ദ്രജിത്ത്)വിന് പണം കടം കൊടുത്തത് തിരിച്ചു ചോദിക്കുന്ന മമ്മൂട്ടി (കലാഭവന്‍ ഹനീഫ്) എന്ന പാല്ക്കാരന് അയാളെ പിന്തുടരുമ്പോള്, വിഷ്ണു ആര് എസ് എസ് പ്രാക്ടീസിനകത്തേക്ക് കയറി രക്ഷപ്പെടുകയും മമ്മൂട്ടി അവിടെ പതറി വീണ് പാലെല്ലാം തൂവിപ്പോകുകയുമാണ്. പിന്നീട് മറ്റൊരു രംഗത്തില്‍ ക്വട്ടേഷന്‍ ഗുണ്ടകള്‍ വിഷ്ണുവിനെ പിന്തുടരുമ്പോഴും ഇതു പോലെ അയാള്‍ ആര് എസ് എസ് ശാഖക്കകത്തേക്ക് കയറി രക്ഷപ്പെടുകയും ഇക്കുറി ശാഖയുടെ സംഘചാലക്, ക്വട്ടേഷന്‍കാരെ വിരട്ടിയോടിക്കുകയും ചെയ്യുകയാണ്. മൂന്നാമത്തെ രംഗത്തില്‍, ആര് എസ് എസുകാര്‍ യൂണിഫോമണിഞ്ഞ് സൈക്കിളില്‍ വരുമ്പോള്‍ മമ്മൂട്ടി പേടിച്ച് ഒളിക്കുന്നതായുമുണ്ട്. ഏറ്റവും അസ്വസ്ഥകരമായ പ്രവണത, ഈ രംഗങ്ങള്‍ തിയറ്ററില്‍ അതിസ്വാഭാവികമായിട്ടാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത് എന്നതാണ്. ഒന്നുകില്‍, കൈയടിച്ചുകൊണ്ടോ, അല്ലെങ്കില്‍ മൌനം പാലിച്ചുകൊണ്ടോ ആണ് ഈ രംഗങ്ങളില്‍ പ്രേക്ഷകര്‍ പെരുമാറുന്നത്. ഇന്ത്യയിലെ മുസ്ളീം തീവ്രവാദി മറ്റു രാജ്യങ്ങളിലേക്കോ അല്ലെങ്കില്‍ കാടിനകത്തേക്കോ ആണ് ഒളിക്കുന്നതെങ്കില്‍, ഹിന്ദു തീവ്രവാദി പൊതുസമൂഹത്തിനകത്തേക്കാണ് ഒളിക്കുക എന്നുള്ള കെ ഇ എന്നിന്റെ നിരീക്ഷണം ഈ ഘട്ടത്തില്‍ ഓര്‍മിക്കാവുന്നതാണ്.
പലിശക്കാരനെന്നതുപോലെ മുംബൈയിലിരുന്ന് രതിചിത്രവാണിഭം നിര്‍വഹിക്കുന്ന അധോലോകക്കാരനും മുസ്ളിം തന്നെ. അയാളുടെ പേര് സുലൈമാന്‍ എന്നാണ്. മുസ്ളിങ്ങളെ പോലെ, സംശയാസ്പദരും അപകടകാരികളുമായി വരുന്ന മറ്റൊരു വിഭാഗം കേരളീയരല്ലാത്ത മറ്റിന്ത്യക്കാരാണ്. രുസ്തം(നിഷാന്‍) എന്ന വടക്കെ ഇന്ത്യക്കാരനാണ് മാധുരി(തനുശ്രീ ഘോഷ്) എന്ന നായികയെ വളച്ചെടുത്ത് അവിഹിത ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നതും അത് ക്യാമറയില്‍ രഹസ്യമായി ചിത്രീകരിക്കാനൊരുമ്പെടുന്നതും. ഇയാളുടെ വികലമായ മലയാളം പറച്ചില് ചിത്രത്തില്‍ ധാരാളം സമയം എടുത്തുകൊണ്ട് രേഖപ്പെടുത്തുന്നുണ്ട്. മലയാളം നന്നായി പറയാനറിയാത്തവരും അല്ലെങ്കില്‍ ഇംഗ്ളീഷോ ഹിന്ദിയോ തമിഴോ കലര്‍ത്തി പറയുന്നവരും വെറുക്കപ്പെടേണ്ടവരും ചവിട്ടിമെതിക്കപ്പെടേണ്ടവരുമാണെന്ന മനോഭാവം കേരളത്തില്‍ വ്യാപകമാകുകയും അത്തരക്കാര്‍ക്കു നേരെ, വംശഹത്യ പോലും പ്രയോഗിക്കുന്നതിലേക്ക് ശുദ്ധ മലയാളികള്‍ ഭ്രാന്തരാകുകയും ചെയ്യുന്ന അവസ്ഥ സംജാതമായിക്കൂടായ്കയില്ല. രഞ്ജിനി ഹരിദാസിനെതിരായ ആക്ഷേപങ്ങളും മറ്റും ഈ പശ്ചാത്തലത്തിലാണ് നിര്‍ധാരണം ചെയ്യേണ്ടത്. മുരളി ഗോപി അവതരിപ്പിക്കുന്ന അജയ് കുര്യന് വടക്കെ ഇന്ത്യക്കാരോടും ഹിന്ദി ഭാഷയോടും കാണിക്കുന്ന അവജ്ഞയും വിദ്വേഷവും ഈ ശുദ്ധമലയാളത്തെയും അതിന്റെ സഖ്യകക്ഷിയായ കോണ്‍വെന്റ് ഇംഗ്ളീഷിന്റെയും ആധിപത്യത്തെ സാധൂകരിക്കാനുദ്ദേശിച്ചിട്ടുള്ളതാണ്. കേരളീയരല്ലാത്ത ലക്ഷക്കണക്കിനാളുകളാണ് കേരളത്തില്‍ പല തൊഴിലിലേര്‍പ്പെട്ട് ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നത്. കോടിക്കണക്കിന് കേരളീയരാകട്ടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജീവിക്കുകയും ചെയ്യുന്നു. ഈ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ ജനാധിപത്യപരവും സഹിഷ്ണുതയോടു കൂടിയതും ദുരഭിമാനങ്ങള്‍ക്ക് വഴങ്ങാത്തതുമായ അവബോധങ്ങള്‍ വികസിപ്പിച്ചെടുക്കാത്തിടത്തോളം കാലം, ഇത്തരം സങ്കുചിത വാദക്കാരുടെ ആധിപത്യം പൊതുബോധത്തെ മലീമസമാക്കിക്കൊണ്ടിരിക്കുമെന്നതുറപ്പാണ്.
ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളുടെയും സൂക്ഷ്മ പ്രതിനിധാനങ്ങളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിക്കേണ്ടത് പൊതുബോധരൂപീകരണത്തിന്റെ യുക്തികളെ അനാവരണം ചെയ്യുന്നതിനുപകരിക്കും. മാധുരി എന്ന കഥാപാത്രത്തിന്റെ സ്ത്രൈണപ്രതിനിധാനം; പാതിവ്രത്യം, സദാചാരം, ഭര്‍ത്താവിനോടുള്ള വിധേയത്വം, തുടങ്ങിയ ബാധ്യതകളുടെ അടിസ്ഥാനത്തിലാണ് നിര്‍മിക്കപ്പെടുന്നത്. എന്നാല്‍, അതേ മാധുരി ധനികവര്‍ഗ പ്രതിനിധാനത്തില്‍ പരിചരിക്കപ്പെടുമ്പോള്‍, ബിപിഎല്‍ കാരനായ വിഷ്ണുവിനെ അവന്റെ ജീവിതത്തിലാദ്യമായി പണം കൊടുത്ത് സഹായിക്കുന്ന ഉദാരമതിയാകുന്നു. ദരിദ്രരെ പണവും വസ്തുവും കൊടുത്തും വിവാഹം ചെയ്തും സഹായിക്കുന്ന ധനിക കഥാപാത്രം എന്നത്, ഇന്ത്യന്‍ സിനിമയുടെ സ്റീരിയോ ടൈപ്പാകുന്നത്; ജന്മിത്തത്തിലും മുതലാളിത്തത്തിലും ഒരു പോലെ ധനിക വര്‍ഗത്തിന് കീഴ്പെട്ട് അവരുടെ ഉദാരതക്ക് കാത്തുനില്ക്കുന്ന വിനീതവിധേയരായ ദരിദ്രരുടെ നന്മ എന്ന മഹാഖ്യാനത്തെ ഉറപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ്. വിഷ്ണുവിന്റെ മോഷണശ്രമം പരാജയപ്പെട്ട് അവനിലെ കാത്തിരിപ്പുകാരനെ പുറത്തെടുത്ത് ധനികനന്മയുടെ ഉദാരതക്കു മുന്നില്‍ കാവല്ക്കാരനാക്കി മാറ്റുന്നത് ഇതേ പ്രതിനിധാനവൈശിഷ്ട്യത്തിന്റെ തെളിവാണ്.
വിഷ്ണുവിന്റെ പ്രതിനിധാനവും ഇതുപോലെ അപനിര്‍മിക്കാം. അയാളിലെ മലയാളി, ഹിന്ദു, പുരുഷന് എന്നീ പ്രതിനിധാനങ്ങള്‍ നന്മയുടെയും വിജയത്തിന്റെയും പ്രകടനങ്ങളാകുമ്പോള്‍; ദരിദ്രന് എന്ന പ്രതിനിധാനം അവഹേളനത്തിന്റെ പര്യായമാകുന്നു. മോഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് അലസിപ്പോകുകയും അതിനു പകരം സദാചാരസംരക്ഷണത്തില്‍ ചെന്നവസാനിക്കുകയും ചെയ്യുന്നതിലൂടെ, നായകത്വത്തിന്റെ പാര്‍ശ്വ ധര്മങ്ങളാണയാള് നിര്‍വഹിക്കുന്നത്. ദരിദ്രരും നിസ്സഹായരുമായ ജനത അവഹേളിക്കപ്പെടേണ്ടവരും അപഹസിക്കപ്പെടേണ്ടവരുമാണെന്ന ധനിക ധാരണയെ ഈ അടുത്ത കാലത്ത് ഊട്ടിയുറപ്പിക്കുന്നുണ്ട്. തോപ്പില്‍ശാല എന്നു പേരു മാറ്റി, വിളപ്പില്‍ ശാലയടക്കം കേരളത്തിലെ വിവിധ നഗരപ്രാന്തങ്ങളില്‍ നടക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരായ ജനകീയ സമരങ്ങളെ കണക്കറ്റ് പരിഹസിക്കുകയാണ് ചിത്രം ചെയ്യുന്നത്. നിരാഹാരമിരിക്കുന്നവര്‍, ചായക്കും പഴം പൊരിക്കും വേണ്ടി ആര്‍ത്തി കാട്ടുന്നതും; പ്ളാസ്റിക് കൂടും മറ്റും അവിടെ തന്നെ കളയുന്നതും; വഴിയോരത്ത് മൂത്രമൊഴിക്കുന്നതും വിശദമായ ക്ളോസപ്പില്‍ കാണിച്ചത് ഈ ജനകീയ സമരങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും അവ കേവലം മുതലെടുപ്പ് മാത്രമാണെന്നുമുള്ള ഭരണവര്‍ഗ/വരേണ്യവാദങ്ങളെ പിന്തുണക്കുന്നതിനും സ്ഥാപിച്ചെടുക്കുന്നതിനുമാണ്.
ഹൈദരാബാദിലെ പബ്ബില്‍ വെച്ച് സഹനര്‍ത്തകിയോട് അപമര്യാദയായി പെരുമാറിയതിന് അവളുടെ കാമുകനായ സിക്കുകാരന്, അജയ് കുര്യനെ ചവിട്ടിയൊതുക്കുന്നതോടെയാണ് അയാള്‍ക്ക് വടക്കേ ഇന്ത്യക്കാരോടും ഗോസായി ഭാഷയെന്ന് അപഹസിക്കുന്ന ഹിന്ദിയോടും കടുത്ത വിരോധം തുടങ്ങുന്നത്. മലയാളിയുടെ ഹിന്ദി വിരോധത്തോട് താദാത്മ്യപ്പെട്ടുകൊണ്ട് ഈ പ്രതിനിധാനം ജനപ്രിയമാകുമ്പോള്‍, ഗണപതി വിഗ്രഹത്തിന്റെ ദൃശ്യപ്രതിനിധാനം എന്ന ഉത്തരേന്ത്യന്‍ ചിഹ്നം ടൈറ്റില്‍ മുതല്‍ പലപ്പോഴായി ആഘോഷിക്കപ്പെടുന്നതും മഹത്വവത്ക്കരിക്കപ്പെടുന്നതിന്റെ വൈരുദ്ധ്യം ശ്രദ്ധിക്കേണ്ടതാണ്. മോഹന്‍ലാലിന്റെ ആര്യന്(1988/പ്രിയദര്ശന്) എന്ന സൂപ്പര്‍ഹിറ്റ് സിനിമ ദ്രാവിഡന്(1989/ആര് കൃഷ്ണമൂര്‍ത്തി) എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തതു പോലുള്ള തമാശകള്‍ ആരും ശ്രദ്ധിക്കാതെ പോകുമ്പോള്‍, ഈ ഹിന്ദി/മലയാളം, ഉത്തരേന്ത്യന്‍/ദ്രവീഡിയന്‍ എന്നീ വൈജാത്യങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍ ആര്‍ക്കും അങ്കലാപ്പുണ്ടാക്കുന്നില്ല. അജയ് കുര്യനും ഭാര്യ മാധുരിയും അവരുടെ മകന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനോട് വിരോധം പ്രകടിപ്പിക്കുന്നതിലെ ആശയക്കുഴപ്പവും വെളിപ്പെടാതെ പോകുന്നു. തങ്ങളുടെ സദാചാര കാപട്യങ്ങള്‍ പുറത്താകുമോ എന്ന് പേടിച്ചാണ് മാതാപിതാക്കളടക്കമുള്ള രക്ഷാകര്‍തൃസമൂഹം കുട്ടികളെ നിയന്ത്രിച്ചു നിര്‍ത്തുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ഈ നിരോധനത്തിലൂടെ പുറത്തു വരേണ്ടിയിരുന്നതെങ്കിലും അതപ്രകാരമാക്കി വികസിപ്പിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും അനുവദിക്കുന്നില്ല.
വീട്ടു വേലക്കാരികളുടെ ഹോം നഴ്സുമാരുടെയും (രമണി/മൈഥിലി, ബിന്ദു/കൃഷ്ണപ്രഭ) അധമ പ്രതിനിധാനങ്ങളും പൂജാരിയും വീട്ടുടമയുമായ സുന്ദരം സ്വാമി(മണികണ്ഠന്)യുടെ ദ്വിമുഖ പ്രതിനിധാനവും ഇതു പോലെ സംഘര്‍ഷാത്മകമാണ്. രമണിയെ തടഞ്ഞു നിര്‍ത്തി വാടക ഈടാക്കുന്നതിനിടെ സുന്ദരം സ്വാമി പറയുന്നത്, ഇന്ത കാലത്ത് തറ തുടച്ചാല്‍ കിട്ടുന്നതിനേക്കാള്‍ കുറവേ ഒരു പൂജാരിക്ക് ലഭിക്കുന്നുള്ളൂ എന്നാണ്. ഇതേ ഉത്ക്കണ്ഠ തന്നെയാണ് നിര്‍മാല്യ(എം ടി വാസുദേവന്‍ നായര്‍)ത്തിലെ പൂജാരിയും വെളിച്ചപ്പാടും പുലര്‍ത്തിയിരുന്നത്. ഈ ഘട്ടത്തിലും ഉനക്ക് ഒരു നിധി കെടക്കപ്പോറേന് (നിനക്ക് ഒരു നിധി കിട്ടാന്‍ പോകുന്നു), ബ്രാഹ്മണനാണ് പറയുന്നത് എന്ന് പറഞ്ഞ് പൂണുനൂല്‍ എടുത്തു കാണിക്കുന്നതും പിന്നീട് ധനികയുടെ ഉദാരതയിലൂടെ ഇത് സാധ്യമാകുമ്പോഴും എല്ലാം ബ്രാഹ്മണന്റെ മേന്മ സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാല്‍, പൂജയല്ലാതെ കാര്യമായ തൊഴിലില്ലാത്തയാളും കുറച്ച് മതിഭ്രമം ബാധിച്ച ആളുമെന്ന നിലക്ക് സുന്ദരം സ്വാമി, പൊലീസിന്റെ പീഡനത്തിനും കാണികളുടെ സഹതാപത്തിനും പരിഹാസത്തിനും പാത്രീഭൂതമാകുന്നുമുണ്ട്. ഹോം നഴ്സ് ബിന്ദുവിന്റെ മൊബൈല്‍ സംസാരം കാണികളില്‍ പരിഹാസവും അവമതിപ്പും ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലൂടെ അവളെ ജോലിക്കു നിര്‍ത്തിയിരിക്കുന്ന, മാധുരിക്ക് അവളെ ശകാരിക്കാന്‍ അനവധി അവസരങ്ങളൊരുക്കുകയും അത് സാധൂകരിപ്പിച്ചെടുക്കുകയും ചെയ്യുന്നു.
സ്ത്രീക്കു മേല്‍ പുരുഷന്; ഉത്തരേന്ത്യക്കാരനു മേല്‍ മലയാളി; ഹിന്ദി എന്ന ഗോസായി ഭാഷക്കു മേല്‍ മലയാളം അഥവാ കോണ്‍വെന്റ് ഇംഗ്ളീഷ്; വേലക്കാരിക്കും ഹോം നഴ്സിനും മേല്‍ വീട്ടുടമസ്ഥ, ദരിദ്രര്‍ക്കു മേല്‍ ധനികര്‍; സമരക്കാര്‍ക്കു മേല്‍ ഭരണാധികാരികള്‍, താഴ്ന്ന ജാതിക്കാര്‍ക്കു മേല്‍ ബ്രാഹ്മണന്; മുസ്ളിമിനും കൃസ്ത്യാനിക്കും മേല്‍ ഹിന്ദു; കുട്ടിക്കു മേല്‍ രക്ഷാകര്‍തൃത്വം എന്നിങ്ങനെ വിധേയത്വവും അധീശത്വവും കൃത്യമായി രേഖപ്പെടുത്തുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സങ്കീര്‍ണവും വിരുദ്ധവുമായ പ്രതിനിധാനങ്ങളുടെ കൂട്ടായ്മയിലൂടെ പൊതുബോധത്തെ പുനര്‍ നിര്‍മിച്ചുകൊണ്ടുള്ള സൂക്ഷ്മമായ വിജയത്തിലൂടെയാണ്, ഈ അടുത്ത കാലത്ത് മള്‍ട്ടിപ്ളെക്സ് കാലത്തെ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കുന്നത്.
*
ജി പി രാമചന്ദ്രന്
Subscribe to:
Post Comments (Atom)
1 comment:
1993ലെ വിഷുക്കാലത്ത് റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രമായ വാത്സല്യം (ലോഹിതദാസ്/കൊച്ചിന് ഹനീഫ്) എന്ന ബ്ളോക്ക് ബസ്ററിലെ ഒരു പാസിങ് വിഷ്വലിനെക്കുറിച്ച് ഒന്നോ രണ്ടോ ലേഖനങ്ങളിലും ഏതാനും പ്രസംഗങ്ങളിലും ഞാന്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന്, ഇത്തരത്തില്‍ സിനിമയിലെ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് തീര്‍ത്തും തെറ്റാണന്നും ഇത് ദോഷൈകദൃഷ്ടി മാത്രമാണെന്നുമുള്ള ആരോപണം സുഹൃത്തുക്കളും അല്ലാത്തവരുമായ നിരവധി പേര് ഉന്നയിക്കുകയുണ്ടായി. മമ്മൂട്ടി അവതരിപ്പിക്കുന്ന, കര്‍ഷകനും നാട്ടിന് പുറത്തുകാരനും നായര്‍ സമുദായക്കാരനുമായ മേലേടത്ത് രാഘവന് നായര്‍ എന്ന നായകന്റെ വീടിന്റെ ചുമരില്‍ കേസരി കലണ്ടറാണ് തൂങ്ങുന്നത് എന്ന അസ്വസ്ഥകരമായ അസ്വാഭാവികതയാണ് പാസിങ് വിഷ്വല്‍ എന്ന നിലയില്‍ ചൂണ്ടിക്കാട്ടിയത്. അന്ന് ഇത്തരം പരാമര്‍ശങ്ങളെ അപാകം എന്നോ അപക്വം എന്നോ വിലയിരുത്തി, ചലച്ചിത്ര/സാംസ്ക്കാരിക/രാഷ്ട്രീയ രംഗങ്ങളിലടക്കമുള്ളവര്‍ തള്ളിക്കളഞ്ഞു. ഈ തള്ളിക്കളയല്‍ അത്തരത്തിലുള്ള നൂറായിരം പാസിങ് വിഷ്വലുകള്‍ക്കും ആധിപത്യപരമായ വിഷ്വലുകള്‍ക്കും സംഭാഷണങ്ങള്‍ക്കും മലയാള സിനിമയില്‍ നിറഞ്ഞാടാനുള്ള ലൈസന്‍സായിരുന്നു എന്ന് കുറെയധികം ആളുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
Post a Comment