സുര്‍ജിത്-ജ്യോതിബസു നഗര്‍ (കോഴിക്കോട്): ചൂഷണത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള ഏകമാര്‍ഗം സോഷ്യലിസമാണെന്ന് പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്ര പ്രമേയം സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു.
ആഗോള സോഷ്യലിസത്തിന് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഗസമരം തീവ്രമാക്കാനുള്ള ശ്രമവുമായി സിപിഐ എം മുന്നോട്ടുപോകുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മിക്കവാറും ഏകകണ്ഠമായാണ് പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയം അംഗീകരിച്ചതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേയം വോട്ടിനിട്ടപ്പോള്‍ മൂന്നുപേര്‍ വിട്ടുനിന്നു. ഒരാള്‍ എതിര്‍ത്ത് വോട്ടുചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്തുണ്ടായ സംഭവവികാസങ്ങള്‍ അപഗ്രഥിച്ചാണ് പ്രത്യയശാസ്ത്ര ധാരണകള്‍ പുതുക്കാന്‍ സിപിഐ എം തീരുമാനിച്ചത്. മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ലവ ഉള്ളടക്കത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ പാര്‍ടി ജാഗ്രത പുലര്‍ത്തും. പ്രത്യയശാസ്ത്ര പ്രമേയത്തിന് ലഭിച്ച ഭേദഗതികളില്‍ 38 എണ്ണം സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രമേയത്തിന്റെ അടിസ്ഥാനസ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് എസ് ആര്‍ പി വ്യക്തമാക്കി.
1992ല്‍ ചെന്നൈ പാര്‍ടി കോണ്‍ഗ്രസിലാണ് ഇതിനുമുമ്പ് സിപിഐ എം പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ പരിഗണിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ എന്താണ് സോഷ്യലിസമെന്ന ചോദ്യത്തിന് പ്രത്യയശാസ്ത്രരേഖ വിശദീകരണം നല്‍കുന്നു. സിപിഐ എം പരിപാടി വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യവിപ്ലവം പൂര്‍ത്തിയാകാതെ സോഷ്യലിസത്തിന്റെ രൂപരേഖയുണ്ടാക്കാനാകില്ല. എന്നാല്‍, നേരത്തെ അംഗീകരിച്ച പ്രത്യയശാസ്ത്രരേഖകളുടെ അടിസ്ഥാനത്തില്‍ പാര്‍ടി എത്തിയ ധാരണകള്‍ പ്രമേയം വിശദീകരിക്കുന്നു:
$ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ, തൊഴില്‍, സാര്‍വജനീന വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവ ഉറപ്പുനല്‍കുന്നതാകണം സോഷ്യലിസം.
$ സോഷ്യലിസത്തില്‍ ജനകീയ അധികാരമായിരിക്കും പരമോന്നതം. ജനാധിപത്യവും എല്ലാതരം ജനാധിപത്യ- പൗരാവകാശങ്ങളും സോഷ്യലിസത്തിന്റെ അഭേദ്യഭാഗമാണ്.
$ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തിക ശാക്തീകരണം ലക്ഷ്യം.
$ വിയോജിക്കാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും.
$ എല്ലാതരത്തിലുള്ള ജാതീയമായ അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കും. എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്കും ശരിയായ തുല്യത.
$ കേന്ദ്രീകൃത ആസൂത്രണത്തിന്റെയും സാമൂഹ്യവല്‍ക്കരിക്കപ്പെട്ട ഉല്‍പ്പാദനോപാധികളുടെയും അടിസ്ഥാനത്തിലായിരിക്കും സോഷ്യലിസ്റ്റ് സമ്പദ്ഘടന കെട്ടിപ്പടുക്കുക. കേന്ദ്രീകൃത ആസൂത്രണത്തിന്റെ വരുതിയിലായിരിക്കും വിപണിശക്തികള്‍.
$ പലതരത്തിലുള്ള സ്വത്ത് ഉടമസ്ഥത നിലനില്‍ക്കും. എന്നാല്‍ ഉല്‍പ്പാദനോപാധികളുടെ സാമൂഹിക ഉടമസ്ഥതയായിരിക്കും നിര്‍ണായകം.
ഇന്നത്തെ കാലത്ത് മുഖ്യവൈരുധ്യം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മില്‍തന്നെയായി തുടരുമെന്ന് പ്രമേയം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനം അംഗീകരിക്കുന്ന നാല് വൈരുധ്യങ്ങളില്‍ തൊഴിലാളികളും മൂലധനവും തമ്മില്‍ മുതലാളിത്തത്തില്‍ നിലനില്‍ക്കുന്ന വൈരുധ്യം തീവ്രമായി മൂര്‍ച്ഛിക്കുകയാണ്. വര്‍ഗശക്തികളുടെ ബലാബലത്തില്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി വന്ന മാറ്റം, ആഗോള ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടിയിരിക്കയാണ്. അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ തകര്‍ക്കുകയാണ് അമേരിക്കയുടെ ആദ്യ ലക്ഷ്യം. മൂന്നാംലോക ദേശീയതകളെ തകര്‍ക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. ലോകത്തിനുമേല്‍ സൈനികവും സാമ്പത്തികവുമായ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് മൂന്നാമത്തേത്. ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാമ്രാജ്യത്വം നടത്തുന്ന പ്രത്യയശാസ്ത്ര ആക്രമണം പ്രതിരോധിച്ചെങ്കിലേ മനുഷ്യസമുദായത്തിന്റെ വിപ്ലവമുന്നേറ്റം സാധ്യമാകൂ എന്ന് പ്രത്യയശാസ്ത്രരേഖ പറയുന്നു. കേന്ദ്ര കമ്മിറ്റി, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ തെരഞ്ഞെടുപ്പുകളോടെ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിനിധി സമ്മേളനം പൂര്‍ത്തിയാകും. കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പി ബിയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
(പി പി അബൂബക്കര്‍)
റിവിഷനിസത്തിനും അതിസാഹസികതയ്ക്കുമെതിരെ ജാഗ്രത
ശിഥിലീകരണപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ടും മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ലവകരമായ ഉള്ളടക്കത്തില്‍നിന്നുള്ള വ്യതിയാനങ്ങള്‍ക്കിരയാകുന്നതിനെതിരെ ജാഗ്രത പാലിച്ചും വര്‍ഗസമരം ശക്തമാക്കാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. വര്‍ഗസമരത്തിന് മൂര്‍ച്ച കൂട്ടാന്‍ ശക്തമായ ബഹുജനസമരങ്ങളും ജനകീയ പോരാട്ടങ്ങളും കെട്ടഴിച്ചുവിടണം. ശാക്തിക ബലാബലം പങ്കിടല്‍ സാമ്രാജ്യത്വത്തിനുകൂലമായി തിരിഞ്ഞിരിക്കെ വര്‍ഗശക്തികളുടെ ബലാബലത്തില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വിപ്ലവമുന്നേറ്റം ശക്തിപ്പെടുത്താനുള്ള കടമയെന്ന് പ്രത്യയശാസ്ത്രപ്രമേയം വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ലമെന്ററി- പാര്‍ലമെന്റേതര പ്രവര്‍ത്തനം കൂട്ടിയോജിപ്പിക്കുന്നത് പാര്‍ടിക്കുമുന്നിലുള്ള പ്രധാന കടമയാണ്. എന്നാല്‍ വന്‍കിട മൂലധനത്തിന്റെ വര്‍ധിച്ചുവരുന്ന കരുത്തും രാഷ്ട്രീയത്തിലേക്കുള്ള വന്‍ പണക്കാരുടെ കടന്നുവരവും രാഷ്ട്രീയത്തിന്റെ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണവും ജനാധിപത്യപ്രക്രിയയെ വക്രീകരിക്കുകയും തകര്‍ക്കുകയുമാണെന്ന് കാണണം. പാര്‍ലമെന്ററി ജനാധിപത്യംതന്നെ, നവലിബറലിസവും ആഗോള ധനമൂലധനവും മൂലം നശിപ്പിക്കപ്പെടുകയാണ്. പണവും രാഷ്ട്രീയത്തിലെ കുറ്റകൃത്യങ്ങളുംകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെ പിന്തുടര്‍ന്ന് ജനാധിപത്യാവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങളും വര്‍ധിക്കുന്നു.
ജനാധിപത്യ വ്യവസ്ഥയും പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം ബൂര്‍ഷ്വാ- ഭൂപ്രഭു ഭരണകൂടത്തിനെതിരായ അധ്വാനിക്കുന്ന ജനതയുടെ സമരത്തിന്റെ ഭാഗമാണ്. ബഹുജനപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ പാര്‍ലമെന്ററി വേദികളിലെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തണം. പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ പാര്‍ലമെന്ററി ഇതര പ്രവര്‍ത്തനങ്ങളുമായും നിലവിലുള്ള ബൂര്‍ഷ്വാ- ഭൂപ്രഭു വ്യവസ്ഥിതിക്ക് ബദല്‍ കെട്ടിപ്പടുക്കുന്നതിന് ശക്തമായ പ്രസ്ഥാനം വികസിപ്പിക്കുന്നതിനുള്ള സമരങ്ങളുമായും കൂട്ടിയോജിപ്പിക്കണം. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യം ജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ വ്യാമോഹങ്ങള്‍ സൃഷ്ടിക്കുന്നു. അത് വര്‍ഗസമരങ്ങളെയും ബഹുജന സമരങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതേസമയം സമാധാനപരമായ പരിവര്‍ത്തനത്തെക്കുറിച്ചുള്ള വ്യാമോഹങ്ങളും ശക്തിപ്പെടും. ഇത്തരം വ്യാമോഹങ്ങളെ ചെറുക്കുകയും തങ്ങളുടെ വര്‍ഗവാഴ്ചയ്ക്ക് ജനങ്ങളെ വിധേയരാക്കാന്‍ ഇത്തരം വ്യാമോഹങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഭരണവര്‍ഗഗൂഢതന്ത്രങ്ങളെ ഫലപ്രദമായി തുറന്നുകാണിക്കുകയും വേണം.
പാര്‍ടിയില്‍ സ്ഥിരമായി ഏറ്റെടുക്കുന്ന തെറ്റുതിരുത്തല്‍ ക്യാമ്പയിന്‍ പാര്‍ലമെന്ററി അവസരവാദത്തിനെതിരായ നിരന്തര പോരാട്ടത്തിന് ഊന്നല്‍ നല്‍കുന്നു. മാവോയിസം ഇന്ത്യന്‍ ജനതയുടെ വിപ്ലവകരമായ വര്‍ഗസമരങ്ങളുടെ മുന്നേറ്റത്തിന് പ്രത്യയശാസ്ത്രപരമായ വെല്ലുവിളി ഉയര്‍ത്തുകയാണ്. അത് സിപിഐ എമ്മിനെ പ്രത്യേകമായി ലക്ഷ്യംവയ്ക്കുന്നു. സിപിഐ എമ്മിനെ ആക്രമിക്കുന്നതിന് മാവോയിസം ബൂര്‍ഷ്വാ പിന്തിരിപ്പന്‍ രാഷ്ട്രീയപാര്‍ടികളുമായും ശക്തികളുമായും കൂട്ടുകൂടുന്നു. ഇത്തരം ഇടത് അതിസാഹസിക പ്രവണതയ്ക്കെതിരായ പ്രത്യയശാസ്ത്ര സമരം ശക്തിപ്പെടുത്തേണ്ടതും അതിനെ രാഷ്ട്രീയമായും സംഘടനാപരമായും ചെറുക്കേണ്ടതും ആവശ്യമാണ്. പാര്‍ലമെന്ററി വ്യതിയാനത്തിന് ഇരയാകുന്നതിലൂടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ മാത്രം ആശ്രയിക്കുകയും അങ്ങനെ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വര്‍ഗസമരത്തെ നിഷേധിക്കുകയും ചെയ്യുക എന്ന റിവിഷനിസ്റ്റ് വ്യതിയാനത്തിന്റെ കെണിയില്‍പെടും. ഇടത് അതിസാഹസികതയാകട്ടെ പാര്‍ലമെന്ററി ജനാധിപത്യത്തെതന്നെ നിഷേധിക്കുന്ന വ്യതിയാനത്തില്‍ തള്ളിവീഴ്ത്തും.
"എല്ലാം അടവുകള്‍, തന്ത്രമേ വേണ്ട" എന്ന റിവിഷനിസ്റ്റ് വ്യതിയാനത്തിനും "എല്ലാം തന്ത്രം, അടവുകള്‍ ആവശ്യമില്ല" എന്ന അതിസാഹസികതക്കുമെതിരെ ജാഗ്രത പാലിക്കാന്‍ പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ഈ രണ്ട് വ്യതിയാനങ്ങള്‍ക്കുമെതിരായ പോരാട്ടം ഇന്ത്യന്‍ വിപ്ലവത്തിന്റെ വിജയത്തിനുശേഷവും അവസാനിക്കുകയില്ലെന്ന് പ്രത്യയശാസ്ത്രപ്രമേയം ചൂണ്ടിക്കാട്ടി. മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ലവപരമായ ഉള്ളടക്കത്തില്‍നിന്നുള്ള ഏത് വ്യതിയാനത്തിനും ഇരയായി മാറുന്നതിനെതിരെ ജാഗ്രതയും കരുതലും പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് സോവിയറ്റ് യൂണിയന്റെയും പൂര്‍വ യൂറോപ്പിന്റെയും അനുഭവം വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തിലുണ്ടായ വീഴ്ചയാണ് 21-ാം നൂറ്റാണ്ടില്‍ അതിന്റെ രൂപവും ഭാവവും ആവര്‍ത്തിക്കപ്പെടാനാവാത്തവിധം സോവിയറ്റ് യൂണിയനില്‍ സോഷ്യലിസത്തെ ക്ഷയിപ്പിച്ചതെന്ന് പ്രത്യയശാസ്ത്രപ്രമേയം വ്യക്തമാക്കി.
ചൈനയുടേത് നിര്‍ണായക മുന്നേറ്റം
ചൈന സോഷ്യലിസ്റ്റ് പാതയിലൂടെ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും വമ്പിച്ച മുന്നേറ്റം നടത്തിയതായി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയം വിലയിരുത്തി. ശരാശരി 10 ശതമാനത്തിലധികം വളര്‍ച്ചനിരക്ക് സ്ഥിരമായി കൈവരിക്കാന്‍ കഴിഞ്ഞു. ഒരു മുതലാളിത്ത രാജ്യത്തിനും കൈവരിക്കാന്‍ കഴിയാത്ത അഭൂതപൂര്‍വ സംഭവമാണിത്. പക്ഷേ, ഇതേ പ്രക്രിയതന്നെ ചൈനയില്‍ ഉല്‍പ്പാദനബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലും പ്രതികൂലമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വൈരുധ്യങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നതായിരിക്കും ചൈനയുടെ ഭാവി നിര്‍ണയിക്കുകയെന്നും പ്രത്യയശാസ്ത്ര പ്രമേയം പറയുന്നു.
ഉല്‍പ്പാദനോപാധികളുടെ പൊതുഉടമസ്ഥത പ്രധാന അവലംബമായി നിലനിര്‍ത്തുന്ന സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ചൈനയില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു ചരക്ക് വിപണി സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തലാണ്; ഇതിലൂടെ സാമ്പത്തിക ധ്രുവീകരണവും സ്വകാര്യ വിപണി സമ്പദ്വ്യവസ്ഥയില്‍ വര്‍ധിക്കുന്ന അസമത്വങ്ങളും തടയാനാവുമെന്നും അധ്വാനിക്കുന്ന ജനങ്ങളുടെ പൊതുവായ ഐശ്വര്യം ഉറപ്പുവരുത്താനാവുമെന്നുമാണ് അവര്‍ കരുതുന്നത്. ഈ പരിഷ്കാരങ്ങള്‍ ഗുണഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ചൈനീസ് സമ്പദ്വ്യവസ്ഥ 10 ശതമാനം വളര്‍ച്ചയുണ്ടാക്കുകയും ദാരിദ്ര്യം 1981 നും 2005 നും ഇടയില്‍ 80 ശതമാനത്തിലേറെ താഴുകയുംചെയ്തു. പരിഷ്കാരങ്ങള്‍ക്ക് തുടക്കംകുറിച്ച് ചൈന 1980ലെ ജിഎന്‍പി ഇരട്ടിയാക്കാനും ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ ഉറപ്പുവരുത്താനുമുള്ള ആസൂത്രണമാണ് നടത്തിയത്. രണ്ടാമത്തെ ചുവടുവെപ്പ് 1980ലെ ഉല്‍പ്പാദനം ഇരട്ടിയുടെ ഇരട്ടിയാക്കലും 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രാഥമിക സമൃദ്ധി നേടിയെടുക്കലുമായിരുന്നു. ഈ രണ്ട് ഘട്ടത്തിലെയും ലക്ഷ്യം നേടിയെടുക്കാന്‍ കഴിഞ്ഞു. ഈ നേട്ടങ്ങളെല്ലാം ചൈനയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞത് മാവോയിസ്റ്റ് കാലഘട്ടത്തിലെ നിലപാടില്‍നിന്ന് വ്യതിചലിച്ചതുകൊണ്ടായിരുന്നില്ല. മറിച്ച് ചൈനീസ് ജനകീയ റിപ്പബ്ലിക് അതിന്റെ ആദ്യ മൂന്ന് ദശകങ്ങളില്‍ കേന്ദ്രീകൃത ആസൂത്രണത്തിലൂടെ നേടിയ ശക്തമായ അടിത്തറ വികസിപ്പിച്ചുകൊണ്ടായിരുന്നു.
മൂന്നാം ഘട്ടത്തില്‍ അവര്‍ ലക്ഷ്യമിടുന്നത് ""പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ശതാബ്ദി വാര്‍ഷികത്തില്‍ അതായത് 2049 ല്‍ ആളോഹരി ജിഎന്‍പി ഇടത്തരം വികസിത രാജ്യങ്ങളിലേതിനോട് തുല്യമായ നിലവാരത്തിലേക്ക് എത്തിക്കുക"" എന്നതാണ്. 33 വര്‍ഷത്തെ പരിഷ്കാരങ്ങള്‍ക്കുശേഷം 2010 ല്‍ ചൈനയുടെ മൊത്തം സാമ്പത്തിക ഉല്‍പ്പാദനം 5.88 ലക്ഷംകോടി ഡോളറിലേക്കെത്തി. അത് 1978ലേതിന്റെ പതിനാറിരട്ടിയാണ്. അതേപോലെ ലോകശരാശരിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ചൈനയുടെ ആളോഹരി വരുമാനം 2005ലെ 24.9 ശതമാനത്തില്‍നിന്ന് 2010ല്‍ 46.8 ശതമാനമായി ഉയര്‍ന്നു. രാജ്യത്തിന്റെ മൊത്തം കയറ്റിറക്കുമതി 1978ല്‍ 2060 കോടി ഡോളറായിരുന്നത് 2010 ല്‍ 2.974 ലക്ഷംകോടി ഡോളറായി വര്‍ധിച്ചു. 1979 മുതല്‍ 2010 വരെ വിദേശപ്രത്യക്ഷ നിക്ഷേപം മൊത്തം 1.048 ലക്ഷംകോടി ഡോളറാണ്. വിവിധ മേഖലകളില്‍ സ്വകാര്യമേഖല വികസിക്കുകയും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസേവന മേഖലകളില്‍ പൊതുവകയിരുത്തല്‍ ദുര്‍ബലപ്പെടുകയും ചെയ്തത് തൊണ്ണൂറുകളിലാണ്.
2005 ഓടെ വ്യവസായമേഖലയില്‍ മൂല്യവര്‍ധിത പ്രവര്‍ത്തനം സ്വകാര്യമേഖലയുടേത് 50 ശതമാനമാവുകയും പൊതു - കൂട്ടുസംരംഭ മേഖലകളില്‍ ജോലി ചെയ്യിക്കുന്നതിന്റെ ഇരട്ടി തൊഴിലാളികള്‍ പണിയെടുക്കുന്നത് സ്വകാര്യമേഖലയിലാവുകയുംചെയ്തു. എന്നാലും സര്‍ക്കാര്‍ ഉടമയിലുള്ള സംരംഭങ്ങളുടെ ആസ്തി 2003 മധ്യത്തില്‍ ജിഡിപിയുടെ 60 ശതമാനമായിരുന്നത് 2010 മധ്യത്തോടെ 62 ശതമാനമായി വളര്‍ന്നു. അതേപോലെ സ്വകാര്യ ആഭ്യന്തര സ്ഥാപനങ്ങളില്‍ നികുതി വരുമാനം മൊത്തവരുമാനത്തിന്റെ 15 ശതമാനത്തില്‍ താഴെയാണ്. 1999ല്‍ സര്‍ക്കാര്‍ ഉടമയിലുള്ള വ്യവസായ സംരംഭങ്ങളുടെ ശരാശരി ആസ്തി വലുപ്പം 13.4 കോടി റെന്‍മിന്‍ ബിയില്‍ നിന്ന് 2008ല്‍ 92.3 കോടിയായി വര്‍ധിച്ചു. ഒമ്പത് വര്‍ഷത്തിനകം 589 ശതമാനത്തിന്റെ വളര്‍ച്ച. ഇതിനിടയില്‍ സര്‍ക്കാരിതര സംരംഭങ്ങളുടെ ശരാശരി ആസ്തി 3.6 കോടിയില്‍നിന്ന് 6 കോടിയിലേക്ക് മിതമായ വളര്‍ച്ചമാത്രമാണ് നേടിയത്- 67 ശതമാനം വളര്‍ച്ച. സേവനങ്ങളിലും വ്യവസായങ്ങളിലും സ്വകാര്യ മേഖലാ സംരംഭങ്ങള്‍ വര്‍ധിക്കുമ്പോള്‍തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളാണ് തന്ത്രപ്രധാന മേഖലകളെ നിയന്ത്രിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ ഉടമയിലുള്ള ഏറ്റവും ഉയര്‍ന്ന 50 സംരംഭങ്ങള്‍ ദൃഢീകരിക്കപ്പെടുകയും അവ സമ്പദ്വ്യവസ്ഥയില്‍ ഖനി, എണ്ണ, ഉരുക്ക്, ടെലികോം, ബാങ്കിങ്, ഊര്‍ജം, റെയില്‍വേ, തുറമുഖങ്ങള്‍ മുതലായവയില്‍ ഉന്നത ശൃംഗങ്ങള്‍ അലങ്കരിക്കുകയും ചെയ്യുന്നു.
തൊഴിലാളിവര്‍ഗ ഐക്യവും തൊഴിലാളി- കര്‍ഷക സഖ്യവും ശക്തിപ്പെടുത്തും
തൊഴിലാളിവര്‍ഗ ഐക്യവും തൊഴിലാളി- കര്‍ഷക സഖ്യവും ശക്തിപ്പെടുത്താന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. വര്‍ഗസമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് തൊഴിലാളി- കര്‍ഷക സഖ്യം സാധ്യമാക്കുന്നതിലെ ദൗര്‍ബല്യങ്ങളെ അതിജീവിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയത്തില്‍ ഓര്‍മിപ്പിച്ചു. ഏറ്റവുമധികം ചൂഷണത്തിനിരയാകുന്ന കര്‍ഷകത്തൊഴിലാളികളുടെയും ദരിദ്രകര്‍ഷകരുടെയും ഐക്യം ഊട്ടിയുറപ്പിക്കലാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ ഈ കടമ കൂടുതല്‍ സങ്കീര്‍ണമായി. നവ ഉദാരവല്‍ക്കരണം സ്ഥിരം തൊഴിലുകളെ താല്‍ക്കാലികവും കരാര്‍ അടിസ്ഥാനത്തിലുള്ളതുമായ തൊഴിലുകളാക്കി മാറ്റുന്നു. വലിയ വിഭാഗം തൊഴിലാളികള്‍ താല്‍ക്കാലിക തൊഴിലാളികളുടെ നിരയിലേക്ക് തള്ളിനീക്കപ്പെടുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാനും വിപ്ലവകരമായ പ്രവര്‍ത്തനങ്ങളില്‍ അസംഘടിതതൊഴിലാളികളുടെ വിപുലമായ വിഭാഗങ്ങളെ അണിനിരത്തി തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും പാര്‍ടി നേതൃത്വം നല്‍കും.
മുതലാളിത്തം വര്‍ഗവാഴ്ചയെ താങ്ങിനിര്‍ത്താന്‍ വംശീയത അടക്കമുള്ള സ്വത്വങ്ങളെ പ്രയോജനപ്പെടുത്തുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവേളയില്‍ പല മുന്‍ റിപ്പബ്ലിക്കുകളിലും തങ്ങളുടെ ഭരണം അരക്കിട്ടുറപ്പിക്കുന്നതിന് പിന്തിരിപ്പന്‍ ശക്തികള്‍ സ്വത്വത്തെയാണ് ഉപയോഗപ്പെടുത്തിയത്. മതപരവും ജാതീയവുമായ അണിനിരത്തലുകള്‍ ചൂഷിത ജനവിഭാഗങ്ങള്‍ക്കിടയിലെ വര്‍ഗപരമായ ഐക്യദാര്‍ഢ്യം ശിഥിലമാക്കുന്നത് തുടരുകയാണ്. സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനും മുതലാളിത്തം സര്‍ക്കാരിതര സന്നദ്ധസംഘടനകളെയും ഉപയോഗിക്കുന്നു. മാര്‍ക്സിസ്റ്റുവിരുദ്ധ പ്രത്യയശാസ്ത്ര നിര്‍മിതിയായ ഉത്തരാധുനികത സ്വത്വരാഷ്ട്രീയത്തിന് പുതിയ അടിത്തറ പ്രദാനം ചെയ്യുകയാണ.് സ്വത്വത്തിന്റെ ഒരു അംശംമാത്രമായാണ് വര്‍ഗം പരിഗണിക്കപ്പെടുന്നത്. സ്വത്വരാഷ്ട്രീയം തൊഴിലാളിവര്‍ഗം എന്ന സങ്കല്‍പ്പത്തെതന്നെ നിഷേധിക്കുന്നു. സന്നദ്ധസംഘടനകളിലൂടെയും മറ്റുമാണ് സ്വത്വരാഷ്ട്രീയം നടപ്പാക്കപ്പെടുന്നത്. വര്‍ഗചൂഷണത്തിനും ജാതിയെയും വംശത്തെയും ലിംഗഭേദത്തെയും ആധാരമാക്കിയ സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്കും എതിരായി പാര്‍ടി ഒരേസമയം പോരാട്ടം സംഘടിപ്പിക്കും. ലിംഗഭേദപരമായ അടിച്ചമര്‍ത്തലുകള്‍ക്കും അസമത്വങ്ങള്‍ക്കും എതിരായ പോരാട്ടവും ശക്തമാക്കും. തൊഴിലാളിവര്‍ഗ പാര്‍ടി എന്ന നിലയില്‍ വര്‍ഗസമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ അവിഭാജ്യ ഭാഗമായി ലിംഗഭേദപരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വേണ്ടത്ര സാമൂഹ്യ അവബോധം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കും.
വര്‍ഗീയത ആധുനിക ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറകളെ ശിഥിലമാക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും അപ്പുറം വര്‍ഗീയവികാരം ഇളക്കിവിട്ട് തൊഴിലാളിവര്‍ഗത്തിന്റെയും ചൂഷിതവിഭാഗങ്ങളുടെയും ഐക്യം തകര്‍ക്കുകയും ചെയ്യുന്നു. വര്‍ഗീയതയെ പരാജയപ്പെടുത്തുന്നതിനുള്ള ശക്തമായ പോരാട്ടംകൂടാതെ വിപ്ലവമുന്നേറ്റം അസാധ്യമാണെന്ന് പ്രത്യയശാസ്ത്രപ്രമേയം ചൂണ്ടിക്കാട്ടി. വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വംശീയ ദേശീയതയെ എതിര്‍ത്ത് തോല്‍പ്പിക്കണം. അതേസമയംതന്നെ, ദേശീയ പരമാധികാരത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ ദേശീയതയുടെയും സംരക്ഷണം ചൂഷിതവര്‍ഗങ്ങളുടെ ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കുന്നതിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരായ പോരാട്ടത്തില്‍ വര്‍ഗ ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാനമായ വശമാണ്. സമാനതകളില്ലാത്ത സാമൂഹ്യ- സാംസ്കാരിക വൈവിധ്യങ്ങളുള്ള ഇന്ത്യയില്‍ ഇത്തരം പ്രവണതകള്‍ക്കുള്ള സാധ്യത ഏറെയാണ്. അവ ചൂഷിതവര്‍ഗങ്ങളുടെ ഐക്യം തകര്‍ക്കുകയും പാര്‍ടിയുടെ തന്ത്രപ്രധാന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം ദുര്‍ബലപ്പെടുത്തുകയും ചെയ്യും. വര്‍ഗപരമായ വിഷയങ്ങളിന്മേല്‍ ശക്തമായ ജനകീയസമരങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെ ചൂഷിതവിഭാഗങ്ങളുടെ വര്‍ഗ ഐക്യം ശക്തിപ്പെടുത്തി ഇതിനെ നേരിടണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു.
മാര്‍ക്സിസ്റ്റുവിരുദ്ധ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്ര വെല്ലുവിളി ചെറുക്കും
വര്‍ഗ ഐക്യം തകര്‍ക്കുന്ന മാര്‍ക്സിസ്റ്റുവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ സൈദ്ധാന്തികമായും പ്രായോഗികമായും ചെറുത്തുപരാജയപ്പെടുത്താന്‍ പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. സാമ്രാജ്യത്വത്തിന് അനുകൂലമായി ശാക്തിക ബലാബലത്തിലുണ്ടായ ദിശാമാറ്റത്തെതുടര്‍ന്ന് മാര്‍ക്സിസത്തിനും കമ്യൂണിസത്തിനുമെതിരായി പ്രത്യയശാസ്ത്രപരമായിമാത്രമല്ല, എല്ലാ മേഖലയിലും ഭീകരമായ കടന്നാക്രമണമാണ് ഉണ്ടായതെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്രപ്രമേയത്തില്‍ പറഞ്ഞു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മാര്‍ക്സിസത്തെ മറികടക്കേണ്ടത് ആവശ്യമായി തീര്‍ന്നിരിക്കുന്നു എന്ന് വാദിക്കാനാണ് അവ ശ്രമിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്സിസത്തെ പുനര്‍വിലയിരുത്തുക, പുനര്‍നിര്‍മിക്കുക തുടങ്ങിയ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നതും പരിഷ്കാരികളുടെ ബുദ്ധിജീവിവൃത്തങ്ങളില്‍ പ്രചരിക്കുന്നതും.
ജനങ്ങളില്‍ ചില വിഭാഗങ്ങളെ അത് സ്വാധീനിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ആഗോളവല്‍ക്കരണം മാര്‍ക്സിസ്റ്റുവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു നീണ്ടനിരതന്നെ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. എല്ലാ പുരോഗമന സാര്‍വലൗകിക പ്രത്യയശാസ്ത്രങ്ങളുടെയും നിഷേധമാണ് ഇതിന്റെ അടിസ്ഥാനം. വര്‍ഗസമരം അപ്രത്യക്ഷമാകല്‍, തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവപരമായ പങ്കിന്റെ നിഷേധം തുടങ്ങിയ സിദ്ധാന്തങ്ങള്‍ ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ ആയുധപ്പുരയുടെ ഭാഗമായിരുന്നു. ഇതിലേക്ക് ഇപ്പോള്‍, ഉത്തരാധുനികതയുടെ വര്‍ത്തമാനകാല മാര്‍ക്സിസ്റ്റുവിരുദ്ധ സിദ്ധാന്തംകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനം മുതലാളിത്തത്തിനുണ്ടായ വിജയങ്ങളില്‍നിന്നും സോഷ്യലിസത്തിനേറ്റ തിരിച്ചടികളില്‍നിന്നുമാണ് ഉത്തരാധുനികത ഉയര്‍ന്നുവന്നത്.
സാര്‍വലൗകികമായ ഏതൊരു ദര്‍ശനത്തെയും രാഷ്ട്രീയത്തെയും മാര്‍ക്സിസത്തെ അടക്കം അത് നിരാകരിക്കുന്നു; മുതലാളിത്തത്തെയോ സോഷ്യലിസത്തെയോ ഒരു ഘടന എന്ന നിലയിലോ ഒരു വ്യവസ്ഥ എന്ന നിലയിലോ ഉത്തരാധുനികത അംഗീകരിക്കുന്നില്ല. വര്‍ഗത്തെയും വര്‍ഗസമരത്തെയും നിഷേധിക്കുന്ന ഉത്തരാധുനികത ആഗോള ധനമൂലധനത്തിന് അനുയോജ്യമായ തത്വശാസ്ത്രമാണ്. പരിഷ്കരണവാദ പ്രത്യയശാസ്ത്രമായിരുന്ന സോഷ്യല്‍ ഡെമോക്രസി മുതലാളിത്തവുമായി സമരസപ്പെട്ടുപോകാനും മുതലാളിത്തവ്യവസ്ഥയ്ക്കുള്ളില്‍ പരിഷ്കാരങ്ങള്‍ വരുത്താനുമാണ് വാദിച്ചിരുന്നത്. എന്നാല്‍, ഇന്ന് സോഷ്യല്‍ ഡെമോക്രസി ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കുള്ളിലേക്ക് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു. നവലിബറല്‍ നയങ്ങളെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ന്യായീകരിക്കുകയാണ്. സോഷ്യല്‍ ഡെമോക്രസിയുടെ ഇത്തരം സിദ്ധാന്തങ്ങളെ ചെറുക്കുകയും മൂലധനത്തിന്റെ വാഴ്ചയുടെ അനുബന്ധം എന്ന നിലയിലുള്ള അവരുടെ പങ്കിനെ തുറന്നുകാണിക്കുകയും വേണം. മാര്‍ക്സിസം രചനാത്മകമായ ശാസ്ത്രമാണ്. ""മൂര്‍ത്തമായ പരിതസ്ഥിതികളെക്കുറിച്ചുള്ള മൂര്‍ത്തമായ വിശകലനത്തെ""യാണ് മറ്റു പലതിന്റെയും കൂട്ടത്തില്‍ അത് അടിസ്ഥാനമാക്കിയിരിക്കുന്നത്. ചരിത്രത്തിന്റെ പൊതുവിലും, മുതലാളിത്തത്തിന്റെ പ്രത്യേകിച്ചും വിശകലനത്തിലേക്കുള്ള പ്രവേശനമാര്‍ഗമാണ് മാര്‍ക്സിസം. കൊട്ടിയടയ്ക്കപ്പെട്ട ഒരു സൈദ്ധാന്തികവ്യവസ്ഥയല്ല സൈദ്ധാന്തികമായി നിരന്തരം സമ്പുഷ്ടമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയെയാണ് മാര്‍ക്സിസം പ്രതിനിധാനംചെയ്യുന്നത്. സോഷ്യലിസ്റ്റ് നിര്‍മാണത്തിനും കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനുമുള്ള അടിസ്ഥാനവും ശാസ്ത്രീയവുമായ വഴികാട്ടിയുമായി മാര്‍ക്സിസ്റ്റ് ദര്‍ശനവും മാര്‍ക്സിസ്റ്റ് ലോകവീക്ഷണവും തുടരുകതന്നെ ചെയ്യുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
*
ദേശാഭിമാനി ൦൯ ഏപ്രില്‍ 2012
Subscribe to:
Post Comments (Atom)
1 comment:
ചൂഷണത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള ഏകമാര്‍ഗം സോഷ്യലിസമാണെന്ന് പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്ര പ്രമേയം സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു.
ആഗോള സോഷ്യലിസത്തിന് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഗസമരം തീവ്രമാക്കാനുള്ള ശ്രമവുമായി സിപിഐ എം മുന്നോട്ടുപോകുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മിക്കവാറും ഏകകണ്ഠമായാണ് പാര്‍ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രമേയം അംഗീകരിച്ചതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമേയം വോട്ടിനിട്ടപ്പോള്‍ മൂന്നുപേര്‍ വിട്ടുനിന്നു. ഒരാള്‍ എതിര്‍ത്ത് വോട്ടുചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്തുണ്ടായ സംഭവവികാസങ്ങള്‍ അപഗ്രഥിച്ചാണ് പ്രത്യയശാസ്ത്ര ധാരണകള്‍ പുതുക്കാന്‍ സിപിഐ എം തീരുമാനിച്ചത്. മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ലവ ഉള്ളടക്കത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കാന്‍ പാര്‍ടി ജാഗ്രത പുലര്‍ത്തും. പ്രത്യയശാസ്ത്ര പ്രമേയത്തിന് ലഭിച്ച ഭേദഗതികളില്‍ 38 എണ്ണം സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രമേയത്തിന്റെ അടിസ്ഥാനസ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് എസ് ആര്‍ പി വ്യക്തമാക്കി.
Post a Comment