Wednesday, April 4, 2012

ആഗോളവല്‍ക്കരണ കാലത്തെ ഇടതുപക്ഷം

സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ലോകമെമ്പാടും വിവിധ രീതികളില്‍ പുതിയ സമരങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. ഈ ജനമുന്നേറ്റങ്ങളുടെയെല്ലാം പ്രധാന സവിശേഷത അവയിലെല്ലാം പ്രകടമാകുന്ന ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ്. മുന്‍കാല സമരങ്ങളെ ബോധപൂര്‍വമായ വിപ്ലവസമരങ്ങളെന്നും നൈസര്‍ഗികമായ കലാപങ്ങളെന്നും രണ്ടായി നമ്മള്‍ വേര്‍തിരിച്ചു കണ്ടിരുന്നല്ലൊ. ജനാധിപത്യ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഇന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ പൂര്‍ണമായും അങ്ങനെ വേര്‍തിരിക്കാനാവില്ല. അവയിലെല്ലാം പ്രകടമാകുന്ന അടിച്ചമര്‍ത്താനാവാത്ത ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉയര്‍ന്ന തോതാണ് അതിനു കാരണം.
കഴിഞ്ഞ ഏതാനും ദശകങ്ങളായി ആഗോള സാമ്രാജ്യ വ്യവസ്ഥക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ ജനമുന്നേറ്റങ്ങളൊന്നും ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന സമരങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്നവയുമല്ല. അവ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വളരെ വേഗത്തില്‍ സംക്രമിക്കുന്ന തരംഗങ്ങളായാണ് വ്യാപിക്കുന്നത്. അമേരിക്കന്‍ മുതലാളിത്തം അതിന്റെ അടുക്കളമുറ്റമായിക്കണ്ട് അടിപ്പെടുത്തി നിര്‍ത്തിയിരുന്ന ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അത്തരമൊരു തരംഗമായാണ് വ്യാപിച്ചത്. അതിനുശേഷം ഉത്തരാഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങള്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ച മറ്റൊരു ജനകീയ രാഷ്ട്രീയ തരംഗമാണ്. ഇതിനു സമാന്തരമായാണ് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ മൂലധനാധിപത്യത്തിന്റെ തനിരൂപം തുറന്നുകാട്ടിക്കൊണ്ട് ഗ്രീസിലും സ്പെയിനിലും ന്യൂയോര്‍ക്കിലും ലണ്ടനിലും വിവിധ ചൂഷിത വിഭാഗങ്ങള്‍ അണിനിരന്ന ഒരു പ്രക്ഷോഭ തരംഗം രൂപപ്പെട്ടത്. ഇത്തരം മുന്നേറ്റങ്ങളെയൊന്നും പഴയ രീതിയില്‍ വര്‍ഗപരമായ ആത്മബോധത്തിലേക്കുയരാത്ത ആള്‍ക്കൂട്ടങ്ങളുടെ നൈസര്‍ഗിക വികാരവിക്ഷോഭം മാത്രമായി ഇന്നു നമുക്കു തള്ളിക്കളയാനാവില്ല. അങ്ങനെ ചെയ്താല്‍ ഈ പ്രക്ഷോഭങ്ങളിലൊക്കെ ജീവന്‍ സമര്‍പ്പിച്ചു തെരുവിലിറങ്ങുന്ന ചൂഷിതരുടെയും പീഡിതരുടെയും സ്വാതന്ത്ര്യ വാഞ്ഛയെ, മുതലാളിത്തം ഒരു ശാശ്വത വ്യവസ്ഥയുണ്ടെന്നു വാദിക്കുന്ന ലിബറല്‍ ജനാധിപത്യവാദികള്‍ക്കും മതരാഷ്ട്രീയ ശക്തികള്‍ക്കും വെറുതെ വിട്ടുകൊടുക്കുകയാവും ഫലത്തില്‍ സംഭവിക്കുക. അതിനാല്‍ ആഗോള സാമ്രാജ്യവ്യവസ്ഥക്കെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഈ ബദല്‍ ആഗോള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ളത്.

ആഗോള സാമ്രാജ്യവിരുദ്ധ വിപ്ലവത്തിന്റെ "ആത്മനിഷ്ഠ ശക്തി"കളെക്കുറിച്ച് ഗൗരവപൂര്‍വം വിലയിരുത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ ഉത്തരവാദിത്തം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈ പുതിയ മുന്നേറ്റങ്ങളിലെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ആഗോള സാമ്രാജ്യ വിരുദ്ധതയെ വെളിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് അവയെ പിന്തുണയ്ക്കുന്നത്. ഇന്ന് രാഷ്ട്രീയമായ അടിച്ചമര്‍ത്തലിനും സാമ്പത്തികമായ ചൂഷണത്തിനുമെതിരെ സ്ത്രീകളും കുട്ടികളും വൃദ്ധരും തൊഴിലാളികളും ദരിദ്രരും തൊഴില്‍രഹിതരും ഒക്കെ അടങ്ങുന്ന വിവിധ ജനവിഭാഗങ്ങള്‍ നേരിട്ടു തെരുവിലിറങ്ങുമ്പോള്‍ അവയില്‍ അവരെ ഒരുമിപ്പിക്കുന്ന ഒരു നൂതനശക്തിയുടെ പ്രവര്‍ത്തനം ദൃശ്യമാണ്. ഈ നൂതന ശക്തിയെയാണ് രാഷ്ട്രീയ ഇച്ഛാശക്തി എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചത്. അത് അതില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയേയും വ്യക്തിപരവും സാമൂഹികവുമായ നിലനില്‍പ്പിന്റെ പുതിയ തലത്തിലേക്കാണുയര്‍ത്തുന്നത്. നൂതനമായ ശക്തിയുടെയും സഹകരണത്തിന്റേതുമായ ഈ തലം ഒരു സാര്‍വജനീന (common) യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് അവര്‍ കലാപം ചെയ്യുന്ന ഒറ്റപ്പെട്ട വ്യക്തികള്‍ കൂടിച്ചേര്‍ന്ന ഒരാള്‍ക്കൂട്ടമല്ല എന്നുപറഞ്ഞത്. മറിച്ച് അവര്‍, സമരം ചെയ്യുന്ന ഒരു സാര്‍വജനീന യാഥാര്‍ഥ്യത്തിന്റെ പ്രകാശനമാണ്. അതില്‍ ഐക്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു സംഘകര്‍തൃത്വമാണ്. അതുകൊണ്ടുതന്നെ അത് അധീശവ്യവസ്ഥക്കെതിരെ സമരം ചെയ്യുന്ന ഒരു രാഷ്ട്രീയ കര്‍തൃത്വമാണ്.

ആഗോള മൂലധനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ക്കെതിരെ തിരിയുന്ന എല്ലാത്തരം ചൂഷിതരെയും കീഴാളരെയും ഐക്യപ്പെടുത്തുന്ന ഈ രാഷ്ട്രീയ കര്‍തൃത്വത്തെയാണ് നമ്മുടെ കാലത്തെ പ്രമുഖരായ ചില മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ "മള്‍ട്ടിറ്റ്യൂഡ്" എന്നു വിളിക്കുന്നത്. ഈ പുതിയ രാഷ്ട്രീയ പ്രതിഭാസം പലരും കുരുതുന്നതുപോലെ അരാജകമായ ആള്‍ക്കൂട്ടങ്ങളല്ല. അതുകൊണ്ടാണ് വിവിധതരം ചൂഷിതരുടെയും പീഡിതരുടെയും കീഴാളരുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെ സാര്‍വജനീന കര്‍തൃത്വം എന്ന അര്‍ഥത്തില്‍ "മള്‍ട്ടിറ്റ്യൂഡി"ന് ഒരു പുതിയ പരിഭാഷ നമുക്കാവശ്യമായിരിക്കുന്നത്. ഞാന്‍ തല്‍ക്കാലം "ജനസഞ്ചയം" എന്നൊരു പദമാണതിനുപയോഗിക്കുന്നത്.

ചൂഷണം ചെയ്യപ്പെടുന്ന ഒരു വര്‍ഗമെന്ന നിലയില്‍ സ്വയം കണ്ടെത്താന്‍ കഴിവുള്ള തൊഴിലാളി വര്‍ഗത്തെയാണ് മുതലാളിത്ത വ്യവസ്ഥക്കെതിരായ സമരം നയിക്കുന്ന കര്‍തൃത്വമായി മാര്‍ക്സ് കണ്ടത്. കാരണം ഇങ്ങനെ സ്വയം തിരിച്ചറിയുന്ന തൊഴിലാളി വര്‍ഗത്തിനു മാത്രമേ സ്വയം വിമോചിപ്പിക്കാനും അതിനുള്ള സമരത്തിലൂടെ മറ്റു വര്‍ഗങ്ങളേയും മോചിപ്പിക്കാന്‍ കഴിയൂ. മാര്‍ക്സിന്റെ കാലത്ത് മുതലാളിത്തം വികസിച്ച പടിഞ്ഞാറന്‍ യൂറോപ്പിലെ വ്യവസായ തൊഴിലാളി വര്‍ഗത്തെയാണ് മാര്‍ക്സ് ഈ വിമോചക വര്‍ഗത്തിന്റെ മാതൃകയായിക്കണ്ടത്. അമൂര്‍ത്തമായ അധ്വാനശക്തി കുറഞ്ഞ വിലയ്ക്കുവാങ്ങിക്കൊണ്ട് അതില്‍നിന്ന് മിച്ചമൂല്യം ഉല്‍പ്പാദിപ്പിക്കുക എന്ന മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാന തന്ത്രത്തെ സാങ്കേതികമായും ശാസ്ത്രീയമായും വിശദീകരിക്കുവാന്‍ മാര്‍ക്സിന്റെ മുന്നിലുണ്ടായിരുന്നത് ഈ പശ്ചിമ യൂറോപ്യന്‍ വ്യവസായ മുതലാളിത്ത മാതൃകയാണ്. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകളുടെ ശാസ്ത്രീയവും സാങ്കേതികവുമായ നിര്‍വചന മാതൃകകളെ മുതലാളിത്ത ജീവിതാവസ്ഥ സങ്കീര്‍ണ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മാര്‍ക്സ് നിര്‍ദേശിച്ചിട്ടുണ്ട്. അതായത് ശാസ്ത്രീയമായ കണ്ടെത്തലുകളുടെ രൂപപരമായ മാതൃകകളിലേക്ക് അവയുടെ യഥാര്‍ഥ സങ്കീര്‍ണതകളെയും വൈവിധ്യങ്ങളെയും വെട്ടിച്ചുരുക്കരുതെന്നാണ് മാര്‍ക്സ് പറയുന്നത്. അതോടൊപ്പംതന്നെ ശാസ്ത്രീയമായ കണ്ടെത്തലുകളുടെ രൂപപരമായ മാതൃകകളില്ലാതെ യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതകളും വൈവിധ്യങ്ങളും കണ്ടെത്താന്‍ കഴിയില്ലെന്നുകൂടി മാര്‍ക്സ് പറയുന്നു.

സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ഈ രണ്ടുതരം യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ഭിന്നതയും ബന്ധവും മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ലെനിനും മാവോയ്ക്കും ശാസ്ത്രീയ മാതൃകയുടെ രൂപപരതയില്‍ കുടുങ്ങാതെ യാഥാര്‍ഥ്യത്തിന്റെ സങ്കീര്‍ണതകളിലൂടെ ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. മുതലാളിത്ത ഉല്‍പാദനവ്യവസ്ഥ വളര്‍ച്ചയെത്തിയിട്ടില്ലാത്ത കര്‍ഷകരാജ്യങ്ങളിലും തൊഴിലാളിവര്‍ഗ വിപ്ലവം വിജയിപ്പിക്കാമെന്ന് അവര്‍ തെളിയിച്ചു. മുതലാളിത്തത്തിന്റെ ആഗോളതലത്തിലുള്ള "അസമമായ വികാസം" എന്ന യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവിനെ മുതലാളിത്തത്തിന്റെ അത്യുന്നത രൂപമായ സാമ്രാജ്യത്വം ആഗോളത്തെ ഒന്നാകെ ഒരു ചങ്ങലപോലെ ചുറ്റിവരിഞ്ഞിരിക്കുന്നു എന്ന സൈദ്ധാന്തിക നിഗമനത്തോടു ബന്ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മാര്‍ക്സിസം - ലെനിനിസത്തിന് പിന്നീടു നടന്ന വിപ്ലവങ്ങള്‍ക്കൊക്കെ വഴികാട്ടിയാവാന്‍ കഴിഞ്ഞത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ തന്റെ ഈ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമ്പോള്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെങ്ങും ചൂഷിത വിഭാഗങ്ങള്‍ക്കിടയില്‍ വ്യവസായ തൊഴിലാളിവര്‍ഗത്തിന് എണ്ണത്തിലുള്ള മേല്‍ക്കൈ ഉണ്ടായിരുന്നില്ല.

കോളനി വാഴ്ചയിലൂടെ ലോകമുതലാളിത്ത വ്യവസ്ഥയുമായി ആ ഭൂഖണ്ഡങ്ങളെ വിളക്കിച്ചേര്‍ക്കപ്പെടുക മാത്രമേ ചെയ്തിരുന്നുള്ളു. എന്നാല്‍ മുതലാളിത്തത്തിന്റെ ഉന്നത രൂപമായ സാമ്രാജ്യത്വം ലോകത്തെയൊന്നാകെ ഒരു ചങ്ങലയായി കെട്ടിവരിഞ്ഞിരുന്നതുകൊണ്ട് ലോകത്തെവിടെയും ഒരു മുതലാളിത്ത വിരുദ്ധവിപ്ലവത്തിന്റെ സാധ്യത സന്നിഹിതമായിരുന്നു. ഇതിലൂടെ വ്യക്തമാകുന്നത് സാമ്രാജ്യത്വത്തിന്റെ ചൂഷണത്തിനു വിധേയമാകുന്ന ഏതു ജനവിഭാഗത്തിലൂടെയും അവര്‍ കര്‍ഷകരോ കൈവേലക്കാരോ അടിമകളോ ആരുമായിക്കൊള്ളട്ടെ അവരിലൂടെയെല്ലാം മുതലാളിത്ത വിരുദ്ധ വിപ്ലവത്തിന്റെ കര്‍തൃത്വശക്തിയായ തൊഴിലാളിവര്‍ഗത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്. സാമ്രാജ്യത്വ ചങ്ങലയെക്കുറിച്ചുള്ള ഈ ലെനിനിസ്റ്റ് സിദ്ധാന്തവല്‍ക്കരണത്തിന്റെ യാഥാര്‍ഥ്യതലത്തിലുള്ള പ്രയോഗത്തിന്റെ വിജയങ്ങളായിരുന്നു. ചൈനീസ്, വിയറ്റ്നാം, ക്യൂബന്‍ വിപ്ലവങ്ങള്‍ ഇവിടെയൊക്കെ സംഭവിച്ചത് മാര്‍ക്സ് മുതലാളിത്ത വിരുദ്ധ വിപ്ലവത്തിന്റെ കര്‍തൃത്വ ശക്തിയായി സിദ്ധാന്തിച്ച തൊഴിലാളിവര്‍ഗത്തിന്റെ ആനുഭവിക (Empirical) മാതൃകയിലേക്ക്, അതായത് പടിഞ്ഞാറന്‍ യൂറോപ്പിലെ വ്യവസായ തൊഴിലാളിയുടെ മാതൃകയിലേക്ക് സങ്കോചിക്കുന്നതിനുപകരം ആ കര്‍തൃത്വ പരികല്‍പന യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതയുടെയും വൈവിധ്യത്തിന്റെയും പശ്ചാത്തലത്തില്‍ കൂടുതല്‍ അര്‍ഥസമ്പന്നമായി വികസിക്കുകയും പരിവര്‍ത്തിക്കുകയുമാണ്.

വിപ്ലവപ്രയോഗത്തെ ഈ വിധത്തില്‍ മനസ്സിലാക്കാനാണ് മാര്‍ക്സിനും ലെനിനും ശേഷം മാവോയും ഹോചിമിനും ഫിദല്‍ കാസ്ട്രോയും ചെ ഗുവേരയും ശ്രമിച്ചത്. എന്നാല്‍ വിപ്ലവ പ്രയോഗത്തെ ഈ വിധത്തില്‍ മനസിലാക്കുന്നതിലുള്ള സന്ദിഗ്ധത മൂലമാണ് ഇന്ത്യന്‍ വിപ്ലവത്തിന്റേത് റഷ്യന്‍ മാര്‍ഗമോ ചൈനീസ് മാര്‍ഗമോ എന്നു തീരുമാനിക്കാനാവാതെ നമ്മുടെ നേതാക്കള്‍ക്ക് സ്റ്റാലിന്റെ ഉപദേശം തേടിപ്പോകേണ്ടി വന്നത്. അതു നില്‍ക്കട്ടെ. ഞാന്‍ പറഞ്ഞുവരുന്നത് തൊഴിലാളിവര്‍ഗമെന്ന മുതലാളിത്ത വിരുദ്ധ വിപ്ലവകര്‍തൃത്വത്തിന് ചരിത്രഗതിയില്‍ സംഭവിക്കുന്ന വികാസത്തേയും പരിവര്‍ത്തനത്തേയും കുറിച്ചാണ്. അങ്ങനെ വികസിക്കുകയും പരിവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ കാലത്തെ വിപ്ലവ കര്‍തൃത്വത്തെയാണ് നാം തിരിച്ചറിയേണ്ടത്.

ഇന്ന് ആഗോള സാമ്രാജ്യ വ്യവസ്ഥയുടെ രാഷ്ട്രീയവും സാമൂഹികവുമായ വിവിധതരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പൊരുതുന്ന വിവിധ ജനവിഭാഗങ്ങളുടെ ഒട്ടേറെ സമാന്തര സമരധാരകള്‍ ലോകത്ത് ശക്തമായി മുന്നേറാന്‍ തുടങ്ങിയിട്ടുണ്ട്. ചൂഷിതരും പീഡിതരുമായ അത്തരം വിവിധ ജനവിഭാഗങ്ങളെ ഐക്യപ്പെടുത്തുന്ന ഒരു സാര്‍വജനീന രാഷ്ട്രീയ കര്‍തൃത്വത്തെയാണ് "മള്‍ട്ടിറ്റ്യൂഡ്" എന്ന പരികല്‍പനകൊണ്ട് പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് നിശ്ചയമായും അത് വര്‍ഗപരമായ ഒരു രാഷ്ട്രീയ പരികല്‍പനയാണ്.

മുതലാളിത്തത്തിന്റെ അത്യുന്നത രൂപമെന്ന് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ നിര്‍വചിച്ച സാമ്രാജ്യത്വം ഒരു പുതിയ ഘട്ടത്തിലേക്ക് ഇന്നു കടന്നുകഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞല്ലോ. സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ലെനിന്റെ നിര്‍വചനം ദീര്‍ഘവീക്ഷണമുള്ള ഒരു ശാസ്ത്രീയ നിര്‍വചനം ആയിരിക്കുമ്പോള്‍ത്തന്നെ ആ നിര്‍വചനത്തിനു പ്രേരകമായി വര്‍ത്തിച്ച ഭൗതിക സാഹചര്യങ്ങള്‍ ഇന്നു പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റത്തിനുസൃതമായാണ് സാമ്രാജ്യത്വം പുതിയൊരു ഘട്ടത്തിലേക്ക് കടന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഭൗതിക സാഹചര്യങ്ങളുടെ മാറ്റത്തില്‍ പ്രവര്‍ത്തിച്ച പ്രധാനശക്തി സാമ്രാജ്യത്വ ചൂഷണത്തിനിരയായ ലോകജനതയുടെ രാഷ്ട്രീയ മുന്നേറ്റമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന സോഷ്യലിസ്റ്റ് വിപ്ലവങ്ങളും കോളനിവാഴ്ചകള്‍ക്കെതിരായ ദേശീയ വിമോചന സമരങ്ങളുമെല്ലാം ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. അതിനാല്‍ ലോകജനതയുടെ രാഷ്ട്രീയമുന്നേറ്റമാണ് സാമ്രാജ്യത്വത്തെ ഇന്ന് മറ്റൊരു രൂപവും ഭാവവും കൈക്കൊള്ളാന്‍ പ്രേരകമാക്കിയത്.

അങ്ങനെ സാമ്രാജ്യത്വ മൂലധനം ലോകത്തെ കൊള്ളയടിക്കാന്‍വേണ്ടി പരസ്പരം മത്സരിക്കുകയും അതിന്റെ ഫലമായി ലോകത്തെ കോളനികളായി പങ്കിട്ടെടുക്കുകയും ചെയ്യുന്ന ഏതാനും മുതലാളിത്ത ദേശരാഷ്ട്രങ്ങളുടെ പിടിയിലൊതുങ്ങാത്ത ബഹുരൂപിയായ ഒരാഗോളവ്യവസ്ഥയായി ഇന്നു രൂപാന്തരപ്പെട്ടിരിക്കുന്നു. ദേശീയ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ മറികടന്നു പ്രവര്‍ത്തിക്കാന്‍ കരുത്തുള്ള ഈ ആഗോളവ്യവസ്ഥ അതിനാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ശക്തികള്‍ ഒത്തുചേരുന്ന ഒരാഗോള സമ്പദ്ഘടനയും രാഷ്ട്രീയശക്തിയുമാണ്.

എന്നാല്‍ ഈ ആഗോള രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥ പലരും കരുതുന്നതുപോലെ ലോകത്തെ അതിരുകളില്ലാത്തവിധം ഏകീകരണത്തിലേക്കോ സമീകരണത്തിലേക്കോ തുറക്കുകയല്ല ചെയ്യുന്നത്. മറിച്ച് അത് ലോകത്തെയും ജീവിതങ്ങളെയും കൂടുതല്‍ കൂടുതല്‍ വിഭജിക്കുകയും ഉച്ചനീച ശ്രേണികളില്‍ തളയ്ക്കുകയുമാണ് ചെയ്യുന്നത്. ഈ ആഗോളവ്യവസ്ഥ മൂലധനത്തിന്റെ ഇടതടവില്ലാത്ത ഒഴുക്കിനുവേണ്ടി മാത്രം ദേശാതിര്‍ത്തികളെ നിര്‍വീര്യമാക്കുകയും ദേശങ്ങള്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളേയും സംഘര്‍ഷങ്ങളേയും മൂര്‍ഛിപ്പിക്കാന്‍ പാകത്തില്‍ അതിരുകളെ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

പഴയ കൊളോണിയല്‍ അധീശ രാഷ്ട്രങ്ങള്‍ ഇന്ന് മത്സരിക്കുന്നത് അവയുടെ ദേശീയ മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കോളനികളായി ലോകത്തെ പങ്കിട്ടെടുക്കാന്‍ വേണ്ടിയല്ല, മറിച്ച് ഈ ആഗോളവ്യവസ്ഥയുടെ നേതൃത്വം ഏറ്റെടുക്കാന്‍ വേണ്ടിയാണ്. ഇന്ന് ആ നേതൃത്വം അമേരിക്കന്‍ മുതലാളിത്തത്തിനാണ്. നാളെ ആ നേതൃത്വം മറ്റൊരു മുതലാളിത്ത രാഷ്ട്രത്തിലേക്കോ മുതലാളിത്ത രാജ്യങ്ങളുടെ ഒരു കൂട്ടുകെട്ടിലേക്കോ മാറാം.

വിപ്ലവ സമരങ്ങളുടെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെയും മുന്നേറ്റം സാമ്രാജ്യത്വ മൂലധനത്തെ പ്രകൃതിയെയും ജീവിതത്തെയും ആക്രമിക്കുന്ന അതിന്റെ നഗ്നമായ വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ നിര്‍ബന്ധിതമാക്കി എന്നതാണ് മുതലാളിത്തത്തിന്റെ ആഗോളവല്‍ക്കരണത്തില്‍ നാം കാണുന്നത്. ഇടനിലകളോ ഇടതടവുകളോ ഇല്ലാതെ പ്രകൃതിയുടെയും ജീവിതത്തിന്റെയും എല്ലാ തലങ്ങളിലേക്കും ആഴത്തിലും പരപ്പിലും കടന്നുചെല്ലാനും അധ്വാനചൂഷണത്തിന്റെയും മൂലധന സഞ്ചയത്തിന്റെയും പുതിയ സാധ്യതകള്‍ കണ്ടെത്താനുമാണ് ഇന്നു നഗ്നമാക്കപ്പെട്ട മുതലാളിത്ത മൂലധനം പരിശ്രമിക്കുന്നത്. ഇന്ന് മൂലധനം മിച്ചമൂല്യം ഉല്‍പാദിപ്പിക്കുന്നത് ഫാക്ടറിയിലോ തൊഴിലിടത്തിലോ പണിയെടുക്കുന്ന തൊഴിലാളിയില്‍ നിന്നു മാത്രമല്ല. അധ്വാനം എവിടെയെല്ലാമുണ്ടോ അതുകൊണ്ടുതന്നെ ജീവിതം എവിടെയെല്ലാമുണ്ടോ അവിടേക്കെല്ലാം ആഗോള മുതലാളിത്ത മൂലധനം കടന്നുചെല്ലുന്നു.

ചുരുക്കത്തില്‍ ലോകമൊന്നാകെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നതുകൊണ്ട് പഴയ ഫാക്ടറിക്കുള്ളില്‍ അച്ചടക്കത്തോടെ പണിയെടുക്കുന്ന തൊഴിലാളിയെ ആ തൊഴിലാളിയെ അച്ചടക്കവും ആരോഗ്യവുമുള്ള പൗരനായി വളര്‍ത്തിയെടുക്കാനുതകുന്ന കുടുംബമോ സ്കൂളോ ജയിലോ ജനറല്‍ ആശുപത്രിയോ ഒന്നും ഇന്ന് ആഗോള മൂലധന വ്യവസ്ഥയ്ക്കു മുന്നില്‍ പ്രസക്തമല്ല. ഈ സ്ഥാപനങ്ങള്‍ക്കൊക്കെ ഇന്നു ലോകമെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തെക്കുറിച്ച് ഇവിടെ വിശദീകരിക്കേണ്ട കാര്യമില്ല. ഇത്തരം സാമൂഹ്യ സ്ഥാപനങ്ങളേക്കാള്‍ മൂലധനത്തിന് ഇടനിലകളില്ലാതെ നേരിട്ടു പിടികൂടാന്‍ പാകത്തില്‍ വ്യക്തി ശരീര വ്യാപാരങ്ങളെ ഒറ്റപ്പെടുത്തി നിയന്ത്രിക്കുന്ന സങ്കേതങ്ങളാണ് ഇന്നു രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ജീവിതത്തിന്മേല്‍ മൂലധനം നേരിട്ടു പ്രവര്‍ത്തിക്കുന്നതിന്റേതായ ഈ ജൈവാധികാരം (Bio power) മനുഷ്യനും പ്രകൃതിക്കുമിടയില്‍, വ്യക്തിക്കും സമൂഹത്തിനുമിടയില്‍, ആണിനും പെണ്ണിനുമിടയില്‍, മനുഷ്യനും യന്ത്രങ്ങള്‍ക്കുമിടയില്‍ പണ്ടെന്നത്തേക്കാളും ആഴമേറിയ പിളര്‍പ്പുകളാണ് നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇങ്ങനെ ഇടനിലക്കാരോ ഇടതടവോ ഇല്ലാതെ ജീവിതത്തെയും പ്രകൃതിയെയും പിടികൂടുന്ന ആഗോളമുതലാളിത്ത മൂലധനം പുതിയതരം ഉല്‍പന്നങ്ങളുടെ ഒരു ലോകം തുറക്കുകയും ചെയ്യുന്നു. അറിവുകള്‍, ആശയങ്ങള്‍, വിവരങ്ങള്‍, വിനിമയങ്ങള്‍, ബന്ധരൂപങ്ങള്‍, അനുഭൂതികള്‍, വിനോദങ്ങള്‍, പരിചരണങ്ങള്‍ ഡിസൈനുകള്‍ തുടങ്ങി പ്രത്യക്ഷ ഭൗതിക രൂപമില്ലാത്ത (Immaterial product) ഉല്‍പന്നങ്ങളുടെ ഒരു നീണ്ട നിരയാണ് അങ്ങനെ ആവിര്‍ഭവിക്കുന്നത്. മുതലാളിത്ത ആഗോളവല്‍ക്കരണത്തില്‍ പ്രത്യക്ഷരൂപമില്ലാത്ത ഈ ചരക്കുകളുടെ ഉല്‍പാദനം കൈവരിക്കുന്ന പ്രാമുഖ്യം പ്രത്യക്ഷ ഭൗതിക രൂപമുള്ള ചരക്കുകളുടെ ഉല്‍പാദനത്തെക്കൂടി അതിനു കീഴ്പ്പെടുത്താന്‍ പോന്നവിധം മേധാവിത്വമാര്‍ജിക്കുന്നു. (Hegemony) പ്രത്യക്ഷമല്ലാത്ത അഥവാ പരോക്ഷ ഭൗതിക യാഥാര്‍ഥ്യങ്ങളുടെ ഈ ഉല്‍പാദനം പാടത്തും ഫാക്ടറിയിലും അടുക്കളയിലുമെല്ലാം പണിയെടുക്കുന്നവരെയും അതിന്റെ മേധാവിത്വത്തിന് കീഴ്പ്പെടുത്തുന്നുണ്ട്.

കാലാവസ്ഥയെയും വിത്തിനെയും മണ്ണിനെയും കമ്പോളത്തെയും രുചികളെയും പോഷകങ്ങളെയും മറ്റും കുറിച്ചുള്ള അറിവുകളും ആശയങ്ങളുമെല്ലാം ഇന്ന് നൂതന വിവരസാങ്കേതിക വിദ്യകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നോര്‍ക്കുക.

ഈയിടെ നമ്മുടെ നാട്ടില്‍ ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക് വളരെ വേഗം പടര്‍ന്ന ഒന്നാണല്ലോ നേഴ്സുമാരുടെ സമരം. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളെന്ന നിലയില്‍ ഇന്നുവരെ നിഷേധിക്കപ്പെട്ടിരുന്ന തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടിയാണ് അവര്‍ സമരം ചെയ്തത്. ആരോഗ്യ വ്യവസായ മേഖലയില്‍ മൂലധന ചൂഷണത്തിനു വിധേയരാകുന്ന ഈ തൊഴിലാളികള്‍ എന്തു ചരക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അവര്‍ ഉല്‍പാദിപ്പിക്കുന്നത് ആരോഗ്യമാണ്. പ്രത്യക്ഷ ഭൗതിക വസ്തുവായി വേറിട്ടുനില്‍ക്കാത്ത ഈ ഉല്‍പ്പന്നം പ്രത്യക്ഷരൂപമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഒരു മാതൃകയാണ്. നേഴ്സിങ് പണ്ടേ ഒരു സേവനമായി നിലനിന്നിരുന്നെങ്കിലും പുതിയതരം ആരോഗ്യവ്യവസായത്തിന്റെ വളര്‍ച്ചയോടെയാണ് അത് ആരോഗ്യമെന്ന അദൃശ്യമായ ചരക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഒരു തൊഴില്‍മേഖലയായി മാറിയത്. പരോക്ഷ വസ്തുക്കളുടെ ഉല്‍പ്പാദനം പഴയ ഒരു സേവനമേഖലയെ അതിന്റെ സ്വാധീനത്തില്‍ പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.

വിവരങ്ങളുടേയും വിനിമയങ്ങളുടേയും അനുഭൂതികളുടെയും പരിചരണങ്ങളുടെയും ഡിസൈനുകളുടെയും ഒക്കെ ഉല്‍പാദന പ്രക്രിയ അതില്‍ പങ്കെടുക്കുന്നവരുടെ ശരീരത്തിന്റെയും ചിന്തയുടെയും ഭാവനയുടെയുമൊക്കെ ഇടനിലകളില്ലാത്ത നേരിട്ടുള്ളതും ഗാഢവുമായ ഇടപെടലുകളിലൂടെയാണ് നടക്കുന്നത്. മനുഷ്യാധ്വാനത്തിന്റെ ഏതു രൂപത്തിലും എക്കാലത്തും ഇടപെട്ടിട്ടുള്ള മനുഷ്യജീവിതത്തിന്റെ ഈ സവിശേഷ ജൈവഗുണങ്ങള്‍ ആഗോളവല്‍ക്കരണകാലത്തെ അദൃശ്യ യാഥാര്‍ഥ്യങ്ങളുടെ ഉല്‍പാദനത്തില്‍ നിര്‍ണായകമായിത്തീരുന്നു എന്നുമാത്രം. ഇങ്ങനെ മുതലാളിത്ത മൂലധനത്തിന് നേരിട്ടു ജീവിതങ്ങളെ പിടികൂടാന്‍ സഹായിക്കുന്ന ജൈവാധികാരവും ശരീരത്തിന്റെ ജൈവഗുണങ്ങള്‍ അധ്വാനത്തില്‍ നിര്‍ണായകമായിത്തീരുന്ന അദൃശ്യവസ്തുക്കളുടെ ഉല്‍പാദനവും അവയുടെ കമ്പോളവും ഒത്തുചേര്‍ന്നിരിക്കുന്നു.

ഒരിക്കല്‍ ഫാക്ടറിക്കുള്ളില്‍ പണിയെടുക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത തൊഴിലാളിവര്‍ഗമാണ് മുതലാളിത്ത വ്യവസ്ഥക്കെതിരെ പൊരുതുന്ന കര്‍തൃത്വമായി ഉയര്‍ന്നുവന്നതെങ്കില്‍, ലോകം മുഴുവന്‍ ഒരു ഫാക്ടറിയായി മാറിക്കഴിഞ്ഞ ഇക്കാലത്ത് വിവിധതരം അധ്വാനങ്ങളില്‍ വിവിധ രീതികളില്‍ ഏര്‍പ്പെടുകയും ചൂഷണത്തിനു വിധേയരാവുകയും ചെയ്യുന്ന നാനാ ജനവിഭാഗങ്ങളില്‍ നിന്നാണ്, ജനസഞ്ചയത്തില്‍ നിന്നാണ് വരാന്‍ പോകുന്ന പുതിയ ബദല്‍ ലോകത്തിന്റെ നിര്‍മാണ കര്‍തൃത്വം ഉയര്‍ന്നുവരാന്‍ തുടങ്ങുന്നത്. ജീവിതത്തിന്റെ ശക്തികളെ ആഗോള മൂലധനത്തിന് നേരിട്ടു പിടികൂടാന്‍ സഹായിക്കുന്ന ജൈവാധികാര (Bio Power) ത്തിന്റെയും ജീവിതത്തിന്റെ ശക്തികളുടെ ആവിഷ്കാരത്തോടു ഗാഢമായി ബന്ധപ്പെട്ട ജൈവോല്‍പാദനത്തിന്റേയും പ്രാമുഖ്യം സമസ്ത ജീവിതങ്ങളേയും ബാധിക്കുന്ന ഒരു ഘട്ടത്തില്‍ അനിവാര്യമായും ഉയര്‍ന്നുവരുന്ന ഒരു ജൈവ രാഷ്ട്രീയ കര്‍തൃത്വമാണത് (Bio political Subjectivity). ഈ കര്‍തൃത്വം എല്ലാത്തരം ബാഹ്യാധികാരങ്ങളേയും ചെറുത്തുകൊണ്ട് അവക്കു മുന്‍പേ നിലകൊള്ളുന്ന വിപ്ലവകരമായ സാര്‍വജനീന ജീവിതശക്തികളുടെ വാഹകരാണ്.

മാര്‍ക്സിന്റേത് ബദല്‍ആധുനികത

ഇപ്പറഞ്ഞ ആശയങ്ങളൊക്കെ പോസ്റ്റ് മോഡേണിസം, പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി തുടങ്ങിയവക്ക് മണ്ഡലങ്ങളോടു ബന്ധപ്പെട്ടവയാണെന്നു തോന്നാം. അതു തോന്നല്‍ മാത്രമാണ്. പാശ്ചാത്യ ആധുനികതയുടെ പ്രതിസന്ധിയോടും തകര്‍ച്ചയോടുമുള്ള പ്രതികരണമെന്ന നിലയില്‍ തത്വശാസ്ത്രം-സാമൂഹ്യശാസ്ത്ര രംഗങ്ങളില്‍ രൂപംകൊണ്ട ഉത്തരാധുനിക ചിന്തകള്‍ക്ക് ആധുനികതയുടെ പ്രതിസന്ധികളില്‍നിന്നും തകര്‍ച്ചയില്‍നിന്നും ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പാശ്ചാത്യ ആധുനികതയുടെ പ്രതിസന്ധിയേയും തകര്‍ച്ചയേയും തന്നെയാണ് ഉത്തരാധുനിക ചിന്ത പ്രകാശിപ്പിക്കുന്നത്. ഈ അര്‍ഥത്തില്‍ പില്‍ക്കാല മുതലാളിത്തത്തിന്റെ യുക്തി എന്ന് ഫ്രെഡറിക് ജെയിംസണ്‍ ഉത്തരാധുനികതയെ നിര്‍വചിച്ചത് ശരിയാണ്.

എന്നാല്‍ എന്റെ വാദമുഖങ്ങള്‍ ഉത്തരാധുനിക ചിന്തയുടെ നിലപാടിലുള്ളവയല്ല എന്നുപറയുമ്പോള്‍ അതേ ശക്തിയില്‍ത്തന്നെ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു കാര്യം എന്റെ വാദമുഖങ്ങള്‍ പാശ്ചാത്യ ആധുനികതയുടെ നിലപാടില്‍ ഉള്ളവയുമല്ല എന്നതാണ്. പാശ്ചാത്യ മുഖ്യധാരാ ആധുനികത പൊതുവെ പറഞ്ഞാല്‍ കൊളോണിയല്‍ ചൂഷണത്തിന്റെയും വംശീയ വിവേചനത്തിന്റെയും അടിമവ്യാപാരത്തിന്റെയും ഒക്കെ പിന്‍ബലത്തോടെ ശക്തിയാര്‍ജിച്ച 18-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ മുതലാളിത്ത മൂലധന സഞ്ചയത്തിന്റെ പ്രത്യയശാസ്ത്രമാണ്. ഇന്നും ആധുനികതയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പ്രത്യക്ഷ യാഥാര്‍ഥ്യത്തേയും പരോക്ഷ (virtual) യാഥാര്‍ഥ്യത്തേയും വേര്‍തിരിച്ച് അംഗീകരിക്കാന്‍ കഴിയാത്ത പഴയതരം ശാസ്ത്രവാദികള്‍, മാര്‍ക്സിസത്തെ "മനുഷ്യ"മുഖമുള്ളതാക്കാന്‍ ശ്രമിക്കുന്ന പലതരം റിവിഷനിസ്റ്റുകള്‍, നെഹ്രുവിയന്‍ സോഷ്യലിസ്റ്റുകള്‍, യുക്തിവാദികള്‍ വിവിധതരം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തുടങ്ങിയവരാണ്. ഇവരെല്ലാം ഒറ്റക്കെട്ടായി ഉത്തരാധുനികത അപകടകരമാണെന്ന് മുറവിളി കൂട്ടുന്നവരുമാണ്. എന്നാല്‍ ഞാന്‍ ഉത്തരാധുനികതയെ വിമര്‍ശിക്കുന്നത് ഇവരുടെ കൂട്ടത്തില്‍ ചേര്‍ന്നുകൊണ്ടല്ല. എന്റെ സമീപനം ആധുനികതയേയും അതിന്റെ പ്രതിസന്ധിരൂപമായ ഉത്തരാധുനികതയേയും ഒരേപോലെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ബദല്‍ ആധുനികത (Alter Modernity) യുടേതായ മറ്റൊന്നാണ്. മുതലാളിത്ത പ്രത്യയശാസ്ത്രമായ ആധുനികതയില്‍ നിന്നകന്നു നില്‍ക്കുന്ന ബദല്‍ ആധുനികതയുടെ ചിന്താധാരയിലാണ് മാര്‍ക്സിന്റെ സ്ഥാനം.

മുതലാളിത്ത പ്രത്യയശാസ്ത്രമായ പാശ്ചാത്യ ആധുനികത മാര്‍ക്സിസത്തെ നാനാ രീതികളില്‍ സ്വാംശീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നുണ്ട്. പാശ്ചാത്യ ആധുനികതയുടെ പ്രത്യയശാസ്ത്രത്തിനുള്ളില്‍ തളച്ചിടപ്പെട്ട മാര്‍ക്സിസത്തിന് ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ലോകത്തെ മുന്നോട്ടു നയിക്കാനുമാവില്ല. അതിനാല്‍ എന്റെ വാദമുഖങ്ങള്‍ പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ പിടിയില്‍നിന്നു മാര്‍ക്സിസത്തെ പുറത്തുകൊണ്ടുവരാനും അതിന്റെതന്നെ മറ്റൊരു മുഖമായ ഉത്തരാധുനികതയെ മാറ്റിനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഞാന്‍ ആശ്രയിക്കുന്ന നമ്മുടെ കാലത്തെ ഭൗതികവാദികളായ ലൂയി അല്‍ത്തൂസര്‍, എത്തിന്‍ ബാലിബര്‍, അന്റോണിയോ നെഗ്രി, മിഷേല്‍ ഫൂക്കോ, ഫെലിക്സ് ഗത്താരി, ഴീന്‍ ദെലേസ് തുടങ്ങിയവരാരും ഉത്തരാധുനിക ചിന്തകരല്ല. അവരൊക്കെയും ബദല്‍ ആധുനികതയുടെ വക്താക്കളാണ്.

സിവില്‍ സമൂഹവും ജനസഞ്ചയവും

ആഗോള മൂലധനം മനുഷ്യജീവിതങ്ങളെ നേരിട്ടു പിടികൂടുന്ന ഇക്കാലത്ത് അതിനെതിരെ ഉയരുന്ന ഏതു ബഹുജന പ്രക്ഷോഭത്തിലും "ജനസഞ്ചയം" എന്ന സാര്‍വജനീന കര്‍തൃത്വത്തിന്റെ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. എന്നാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെ കാര്യക്ഷമമാക്കിയും തിരുത്തിയും നവീകരിച്ചും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ഇതിനു സമാന്തരമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ജിഒകളും സിവില്‍ സമൂഹപ്രസ്ഥാനങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ ജൈവ രാഷ്ട്രീയ കര്‍തൃത്വമെന്ന നിലയിലുള്ള മള്‍ട്ടിറ്റ്യൂഡിന്റെ ശക്തികളെ നിലനില്‍ക്കുന്ന വ്യവസ്ഥക്ക് ഹാനികരമല്ലാത്തവിധം മാനേജ് ചെയ്യുകയോ കൈകാര്യം ചെയ്യുകയോ ആണ് ചെയ്യുന്നത്. അണ്ണാ ഹസാരെ പ്രസ്ഥാനവും അത്തരത്തിലുള്ള ഒന്നാണ്. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭദ്രതക്കപ്പുറം ഒരു കാഴ്ച ഹസാരെക്കില്ല. പക്ഷേ ജനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശക്തി അതിനപ്പുറത്തേക്ക് കുതിക്കാന്‍ വെമ്പുന്നതാണ്.

സിവില്‍ സമൂഹമെന്നത് സമൂഹജീവിതത്തിന്റെ ഭദ്രതക്കുവേണ്ടി തങ്ങളെ നിയന്ത്രിക്കുന്നതിനും ഭരിക്കുന്നതിനുമുള്ള അവകാശം ഭരണകൂടമെന്ന പരമാധികാരശക്തിക്ക് സമര്‍പ്പിച്ചശേഷം അതിനു കീഴടങ്ങി നില്‍ക്കുന്ന സമൂഹമാണ്. ഇവിടെ സമൂഹത്തിന്റെ ഭദ്രതയെന്നത് ആധുനിക മുതലാളിത്ത വ്യവസ്ഥയിലെ സ്വകാര്യ സ്വത്തുടമസ്ഥന്മാരുടെ ജീവിതവ്യാപാരങ്ങളുടെ ഭദ്രതയാണ്. അവരെ സംബന്ധിച്ചിടത്തോളം ഭരണകൂടമെന്നത് അവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന പൊതുശക്തിയാണ്. അതിനാല്‍ സിവില്‍ സമൂഹ പ്രക്ഷോഭങ്ങള്‍ക്ക് ഭരണകൂടത്തെ തിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സമരങ്ങള്‍ക്കപ്പുറത്തേക്ക് പോകാനാവില്ല.

എന്നാല്‍ "ജനസഞ്ചയ"മെന്നത് ചൂഷണം ചെയ്യപ്പെടുന്നവരുടെയും വിവിധ രീതികളിലുള്ള കീഴാളത്തങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിലൂടെ ജീവിതാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെയും അതിരുകളിലേക്ക് തള്ളിമാറ്റപ്പെട്ടവരുടേയും രാഷ്ട്രീയ ഇച്ഛാശക്തിക്കു രൂപം നല്‍കുന്ന ഒരു പൊതുമണ്ഡലത്തിന്റെ കര്‍തൃത്വമാണ്. അതിനെ സംബന്ധിച്ചിടത്തോളം ഭരണകൂടമെന്നത് മുതലാളിമാര്‍ക്കും മേലാളന്മാര്‍ക്കും തൊഴില്‍ ചെയ്യുന്നവരേയും കീഴാളരെയും അടിച്ചമര്‍ത്തുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള അവകാശം നല്‍കുന്ന അധികാരയന്ത്രമാണ്. അതുകൊണ്ടുതന്നെ ജനസഞ്ചയ പ്രക്ഷോഭങ്ങളെ മുതലാളിത്ത പൗരസമൂഹവും അതിന്റെ ഭരണകൂടവും ഭയപ്പെടുന്നു. ജനസഞ്ചയ പ്രക്ഷോഭങ്ങള്‍ അടിസ്ഥാനപരമായി ഭരണകൂടത്തെ തിരുത്തുന്നതിനോ പരിഷ്കരിക്കുന്നതിനോ വേണ്ടിയുള്ളതല്ല. മറിച്ച് അതിനെ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്.

ഇതില്‍ ഇടതുപക്ഷം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും ശീതയുദ്ധത്തിന്റെ അന്ത്യത്തിനും ശേഷം ഉയര്‍ന്നുവന്ന ഏകധ്രുവ നവലോകക്രമത്തിന്റെ ആഘോഷങ്ങള്‍ ഒടുങ്ങാന്‍ പോകുന്ന ഒരു സന്ദര്‍ഭത്തിലാണ് നാം ഇപ്പോള്‍. ലോകമെമ്പാടും മുതലാളിത്ത ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ സാമ്പത്തിക നടപടികളുടെയും കെടുതികള്‍ക്കെതിരായ മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു. കാലഹരണപ്പെട്ടു കഴിഞ്ഞു എന്നു പലരും വിധി പ്രസ്താവിച്ച മാര്‍ക്സിസത്തിലേക്ക് വീണ്ടും ലോകം പ്രത്യാശയോടെ നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ടതാണ്. വളരെ വലിയ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതുമാണ്.

ചരിത്രം ഇന്നാവശ്യപ്പെടുന്ന ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ സജ്ജമാകണമെങ്കില്‍ അവയുടെ ഭൂതകാലാനുഭവങ്ങളില്‍നിന്ന് ശരിക്കും പാഠങ്ങള്‍ പഠിക്കുകതന്നെ വേണം. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസത്തിനു തകര്‍ച്ച സംഭവിച്ചത് അവിടെ നടന്ന പ്രതിവിപ്ലവം കാരണമാണെന്നുപറഞ്ഞ് ഒഴിയുന്ന രീതി അതിനുതകുകയില്ല. അതുപോലെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുതലാളിമാരെക്കൂടി ചേര്‍ത്തു വികസിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞ ശ്രമങ്ങളെ ചൈനീസ് സോഷ്യലിസത്തിന്റെ കാലാനുസൃതമായ പരീക്ഷണമായി കണ്ടു സമാധാനിക്കുന്ന രീതിയും അതിനുതകുന്നതല്ല.

ഇടതുപക്ഷം ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ടവതന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പുതിയ പ്രസക്തിയെക്കുറിച്ചുള്ള അന്വേഷണവും.
കമ്യൂണിസ്റ്റ് പാര്‍ടി നയിക്കുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന് സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടം മുതല്‍ ഇന്നുവരെയും ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിര്‍ണായകമായ സ്ഥാനമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വിവിധ ജാതി-മത-ഗോത്ര-സമുദായങ്ങളായി നൂറ്റാണ്ടുകളിലൂടെ ജീവിതം തുടരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തൊഴില്‍കാരുമായ ജനത ഇടതുപക്ഷത്തിന്റെ പുരോഗമന വിപ്ലവാശയങ്ങളെ എന്തുകൊണ്ട് സ്വന്തം വിമോചനത്തിന്റെ ദര്‍ശനമായി ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാന്‍ തുനിയുന്നില്ല എന്ന ചോദ്യം ഏതെങ്കിലും കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേര്‍ക്ക് എയ്തുവിടേണ്ട ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇന്ത്യ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ കര്‍ഷകജനതക്ക് നിര്‍ണായകസ്ഥാനമുള്ള യുപിയും ബിഹാറും പോലുള്ള വിവിധ സംസ്ഥാനങ്ങളെ സംബന്ധിച്ചെങ്കിലും ഓരോ ഇടതുപക്ഷക്കാരനും ഈ ചോദ്യം സ്വയം ചോദിക്കേണ്ടതാണ്. സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യഘട്ടത്തില്‍ നടന്ന തെലുങ്കാന, തേഭാഗ, പുന്നപ്ര-വയലാര്‍ തുടങ്ങിയ ജനകീയ മുന്നേറ്റങ്ങളെയും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ തുടക്കത്തില്‍ മറ്റു പ്രതിപക്ഷ സോഷ്യലിസ്റ്റ് പാര്‍ടികളെ പിന്നിലാക്കിക്കൊണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടി പ്രധാന പ്രതീക്ഷയായി നിലകൊണ്ടതിനേയും വിസ്മരിച്ചുകൊണ്ടല്ല ഞാനിതു പറയുന്നത്. എന്നാല്‍ ഇന്നും ഇന്ത്യ ജനഭരണാധികാരം കൈയാളുന്ന ഭരണവര്‍ഗങ്ങളും അവരാല്‍ ഭരിക്കപ്പെടുന്ന ഗ്രാമീണജനതയും ചേരിനിവാസികളും അടങ്ങുന്ന ബഹുഭൂരിപക്ഷവും തമ്മില്‍ നിലനില്‍ക്കുന്ന അധികാരബന്ധത്തിന്റെ ബലാബലത്തെയാണ് നമുക്ക് പരിഗണിക്കേണ്ടത്.

സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുവന്ന ആദ്യ ദശകങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ ചോദ്യത്തിനു പ്രസക്തമായ ഒരുത്തരമുണ്ട്. ഒരേ സമയം ഇന്ത്യന്‍ കര്‍ഷകജനതയുടെയും ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും നേതാവായിരുന്ന മഹാത്മാഗാന്ധി നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഭാവം ഇന്ത്യന്‍ ജീവിതത്തിന്റെ താഴേത്തട്ടിലും മുകള്‍ത്തട്ടിലും മറ്റാര്‍ക്കും കടന്നുകയറാന്‍ കഴിയാത്തവിധം ശക്തമായിരുന്നു എന്നതാണ് ആ ഉത്തരം. എന്നാല്‍ അടിയന്തരാവസ്ഥയോടെ കോണ്‍ഗ്രസില്‍ നേരത്തേ തുടങ്ങിയ ശൈഥില്യം തകര്‍ച്ചയിലെത്തി. അടിയന്തരാവസ്ഥക്കുശേഷമുള്ള വര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം വഴിതിരിക്കുന്ന വര്‍ഷങ്ങളാണ്. കോണ്‍ഗ്രസിന്റെ പ്രഭാവലയത്തില്‍നിന്ന് വിവിധ ദളിത് വിഭാഗങ്ങളും പിന്നോക്കജാതികളും പുറത്തുകടക്കുന്ന കാലമാണത്.

മണ്ഡല്‍ കമീഷന്‍ രൂപപ്പെടുന്ന കാലം. ഇതിലൂടെ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ഇന്ത്യന്‍ ഭരണവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ മറ്റൊരു വിഭാഗം, ഹിന്ദുക്കളുടെ മതവികാരത്തെ വിവിധ രീതികളില്‍ പോഷിപ്പിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം കൊടുത്തത്. ആദ്യകാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ നാമമാത്രമായ സാന്നിധ്യത്തില്‍ ഒതുങ്ങിനിന്ന ഹിന്ദുരാഷ്ട്രീയവാദികള്‍ തുടര്‍ന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന നിലയിലേക്കെത്തി. ഇതിനവര്‍ക്ക് സാധിച്ചത് ഒരുവശത്ത് ഉയര്‍ന്ന ജാതി ഹിന്ദുക്കളെ രാമജന്മഭൂമിയുടെ പേരില്‍ മതവികാരം കൊള്ളിക്കാന്‍ കഴിഞ്ഞതുകൊണ്ടും മറുവശത്ത് രാഷ്ട്രീയ ജീവിതത്തിലേക്കു കടന്നുവരാന്‍ തുടങ്ങിയ ദളിത്, പിന്നോക്കജാതികളെയും സ്ത്രീകളെയും തങ്ങളിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാണ്. അതിനായി പതിറ്റാണ്ടുകളോളം ബ്രാഹ്മണര്‍ മാത്രം നേതൃത്വം കൊടുത്തിരുന്ന സംഘപരിവാരങ്ങളുടെ നേതൃത്വത്തിലേക്കും കീഴ്ജാതിക്കാരേയും സ്ത്രീകളെയും പ്രവേശിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ ചരിത്രം തിരുത്തി. ഈ അടവുകളില്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ വലതുപക്ഷം നേടിയ വിജയമായിരുന്നു അവര്‍ നേടിയ കേന്ദ്രഭരണം. എന്നാല്‍ അതാവര്‍ത്തിക്കാന്‍ ദളിതരും പിന്നോക്കക്കാരും സ്ത്രീകളുമടങ്ങുന്ന ഇന്ത്യന്‍ ഗ്രാമീണ ജനത അനുവദിച്ചിട്ടില്ല.

"തിളങ്ങുന്ന ഇന്ത്യ"യെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും നഗര ബുദ്ധിജീവികളും അനായാസം പ്രവചിച്ചു നോക്കിയിരിക്കെ ഗ്രാമീണജനത ആ പ്രവചനങ്ങളെയൊക്കെ തെറ്റിച്ചുകൊണ്ട് ബിജെപിയെ ഭരണത്തില്‍നിന്നു മാറ്റിയത് നാം കണ്ടു. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഈ വഴിത്തിരിവിന്റെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായ ഗ്രാമീണ ജനതയുടെ രാഷ്ട്രീയ ജീവിതത്തെ സ്വാധീനിക്കുന്നതിന് ഇടതുപക്ഷകക്ഷികള്‍ എന്തുചെയ്തു എന്നു നാം ചോദിക്കാതിരുന്നുകൂടാ. ഈ കാലഘട്ടത്തിലെ ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണ പരമ്പരകളും പ്രബന്ധമത്സരങ്ങളും മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. ഈ ചോദ്യത്തിനും നാം വളരെക്കാലമായി കേട്ടുവരുന്ന ഒരുത്തരമുണ്ട്. ഇന്ത്യന്‍ ഗ്രാമീണ കര്‍ഷകജനത ആധുനിക ജീവിതരീതികളെ പ്രതിരോധിച്ചുകൊണ്ട് പരമ്പരാഗതമായ ജാതി-മത-ഗോത്ര സമുദായ ബന്ധങ്ങളില്‍ വൈകാരികമായി തളര്‍ന്നു നില്‍ക്കുന്നവരാണ്. അവരെ പുരോഗമനാശയങ്ങള്‍ക്കു സ്വാധീനിക്കണമെങ്കില്‍ മുതലാളിത്ത ഉത്പാദന ബന്ധങ്ങള്‍ വികസിച്ച് അവരുടെ മനോഘടനയില്‍ മാറ്റം വരേണ്ടതുണ്ട്. തത്വത്തില്‍ ഇതു ശരിയാവാമെങ്കിലും യഥാര്‍ഥത്തില്‍ നാം കാണുന്നതെന്താണ്.

ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച ആഗോളവല്‍ക്കരണത്തിന്റെ കാലത്തെ നവഉദാരവല്‍ക്കരണത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ജാതി-മത-ഗോത്ര വികാരങ്ങള്‍ പിന്‍വലിക്കുകയല്ല മറിച്ച് അവ അവയിലുള്‍പ്പെടുന്നവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രകാശന രൂപങ്ങളായി മാറി മുന്നിലേക്ക് വരികയാണ് ചെയ്യുന്നത്. ഇന്ത്യയിലെ മുതലാളിത്ത വികസനത്തിന്റെ തകരാറുകളാണ് ഇതിനു കാരണമെന്നു വേണമെങ്കില്‍ വാദിക്കാം. അപ്പോഴും നാം എത്തിച്ചേരുക ഇന്നത്തെ ഇന്ത്യന്‍ ഗ്രാമീണ ജനത ആധുനിക ജീവിതത്തിന്റെ "പ്രബുദ്ധത"യിലേക്കുയരാന്‍ കഴിയാത്തവരും പ്രാകൃത സാമുദായിക ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്നവരുമാണ് എന്ന നിഗമനത്തിലാണ്. അതായത് അവര്‍ ബുദ്ധിപരമായ വളര്‍ച്ച മുരടിച്ചവരും അജ്ഞരും ആത്മബോധമില്ലാത്തവരുമാണെന്ന നിഗമനത്തിലാണ്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇക്കാലമത്രയും ഗ്രാമീണ ജനത പ്രതികരിച്ച രീതികള്‍ പരിശോധിച്ചാല്‍ ഈ നിഗമനം തെറ്റാണെന്നു മാത്രമല്ല ഈ നിഗമനത്തിലെത്തിച്ചേര്‍ന്നവര്‍ക്കാണ് തെറ്റുപറ്റിയതെന്നു വ്യക്തമാകും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധികാര കുത്തക അവസാനിപ്പിച്ചതും ആ സ്ഥാനത്ത് കയറിപ്പറ്റാന്‍ നോക്കിയ ബിജെപിയെ താഴെയിറക്കിയതും ഈ "ബുദ്ധിശൂന്യരായ" ഗ്രാമീണ ജനതയാണ്. ഈ അടുത്ത ദിവസങ്ങളില്‍ യുപിയില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നെഹ്റു കുടുംബത്തിന്റെ കുത്തകയായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചതും അവരാണ്. അതിന് അവര്‍ തന്നെയാണ് അവരുടെ നേതാവായ മായാവതിയെ താഴെയിറക്കിയതും. ആ നിലക്ക് പരമ്പരാഗത ഗ്രാമീണ ജീവിതരീതികളെ പ്രബുദ്ധതയുടെ പാശ്ചാത്യ മാനദണ്ഡങ്ങള്‍ കൊണ്ടളന്നവധി പറഞ്ഞു സമാധാനിക്കാന്‍ പുരോഗമനവാദികള്‍ക്കാവുമെന്നു തോന്നുന്നില്ല. ചുരുക്കത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെങ്കിലും അത്തരം വരേണ്യവാദപരമായ സമീപങ്ങളില്‍നിന്ന് മാറിനിന്ന് യാഥാര്‍ഥ്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കേണ്ടതാണ്. ഇത്തരത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ട സമകാലീന രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം പറയാം.

ഒന്നാമതായി, ജാതി-മത-ഗോത്ര സാമുദായിക ജീവിതത്തിന്റെ വൈകാരിക യാഥാര്‍ഥ്യങ്ങളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി അവസരത്തിനൊത്തു ഉത്തേജിപ്പിക്കുകയോ അകറ്റി നിര്‍ത്തുകയോ ചെയ്യുന്ന ഭരണകൂട മതനിരപേക്ഷതയെ; സാമുദായിക ജീവിത രൂപങ്ങളുടെ വൈകാരിക യാഥാര്‍ഥ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ജനാധിപത്യപരമായ സാര്‍വജനീന ശക്തികളെ അംഗീകരിക്കുന്ന ജനാധിപത്യ മതനിരപേക്ഷതയില്‍ നിന്നകറ്റിനിര്‍ത്തിക്കാണുക എന്നതാണ്. ഈ രണ്ടുതരം മതനിരപേക്ഷതകളുടെയും അടിസ്ഥാന വീക്ഷണങ്ങള്‍തന്നെ ഭിന്നങ്ങളാണ്. ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നങ്ങളില്‍ കടുത്ത മതനിരപേക്ഷവാദികളായ നെഹ്റു മുതല്‍ രാജീവ്ഗാന്ധി വരെയുള്ള ഭരണാധികാരികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ ജനാധിപത്യശക്തികളെ എത്ര ക്ഷീണപ്പെടുത്തി എന്നത് അവയുടെ മതനിരപേക്ഷ മുഖംമൂടികളുടെ പേരില്‍ ക്ഷമിച്ചുകൊടുക്കാന്‍ നാം തയ്യാറായിക്കൂട. കാരണം അങ്ങനെ നിരന്തരം ക്ഷീണിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യത്തിന് അത്തരം മുഖംമൂടികളില്ലാതെതന്നെ നേരിട്ടു വരാന്‍ ധൈര്യപ്പെടുന്ന വര്‍ഗീയഫാസിസത്തിന്റെ ജനാധിപത്യവിരുദ്ധതയെ ചെറുക്കാനായെന്നു വരില്ല.

രണ്ടാമതായി സൂചിപ്പിക്കാനുള്ളത് ജനാധിപത്യത്തെക്കുറിച്ചാണ്. ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവൂ. കാരണം ജനാധിപത്യം വ്യത്യസ്തതകളെ അടിയറ വയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു പൊതുധാരണയുടെ സൃഷ്ടിയല്ല. വിയോജിക്കുമ്പോള്‍ തകര്‍ന്നു പോകുന്നതല്ല മറിച്ച് വിയോജിക്കാനുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുമ്പോള്‍ ശക്തിപ്പെടുന്ന വികസ്വരമായ ഒന്നാണ് ഈ സാര്‍വജനീന ജീവിത മണ്ഡലം എന്നു തിരിച്ചറിയണം.

ലിബറല്‍ ജനാധിപത്യം സ്വത്തുടമസ്ഥന്മാരുടെ ജനാധിപത്യമാണ്. സ്വത്തുടമസ്ഥന്മാരുടെ സ്വാതന്ത്ര്യമാണ് ലിബറല്‍ ജനാധിപത്യം ഉറപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലിബറല്‍ ജനാധിപത്യം ജീവിത സമത്വത്തിനുള്ള അവകാശത്തെ തന്നെ ഒഴിവാക്കി നിര്‍ത്തുന്നു. സ്റ്റാലിനിസം സ്വത്തുടമസ്ഥന്മാരുടെ സമൂഹത്തെ റദ്ദാക്കുന്നതിനാല്‍ സമത്വത്തിനുള്ള അവകാശത്തെ ഉറപ്പാക്കുന്നു. എന്നാല്‍ അത് സ്വത്തുടമസ്ഥന്മാരുടെ സ്വാതന്ത്ര്യത്തോടൊപ്പം വിയോജിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കൂടി റദ്ദാക്കുന്നു. എന്നാല്‍ സമത്വവും സ്വാതന്ത്ര്യവും സമൂഹവും വ്യക്തിയും പരസ്പര വിരുദ്ധങ്ങളാവാത്ത ഒരു സാര്‍വജനീന പൊതുമണ്ഡലമാണ് ജനാധിപത്യമെന്ന അത്ഭുത സാമൂഹ്യശക്തി പ്രതിഭാസത്തില്‍ വികസിക്കാന്‍ ശ്രമിക്കുന്നത്. കാറ്റും വെളിച്ചവും വെള്ളവും ജീവിതത്തെ നിലനിര്‍ത്തുന്ന പ്രകൃതിദത്തമായ സാര്‍വജനീന യാഥാര്‍ഥ്യങ്ങളാണെങ്കില്‍ ജനാധിപത്യം ഭാഷപോലെ, കലകള്‍പോലെ മനുഷ്യന്‍ സൃഷ്ടിക്കുന്ന ഒരു സാര്‍വജനീന ജീവിത പ്രതിഭാസമാണ്. അപര്യാപ്തമായ ഈ സൂചനകളില്‍നിന്ന് ഇനിയും നമുക്ക് വളരെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

*
ബി രാജീവന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ലോകമെമ്പാടും വിവിധ രീതികളില്‍ പുതിയ സമരങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. ഈ ജനമുന്നേറ്റങ്ങളുടെയെല്ലാം പ്രധാന സവിശേഷത അവയിലെല്ലാം പ്രകടമാകുന്ന ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ്. മുന്‍കാല സമരങ്ങളെ ബോധപൂര്‍വമായ വിപ്ലവസമരങ്ങളെന്നും നൈസര്‍ഗികമായ കലാപങ്ങളെന്നും രണ്ടായി നമ്മള്‍ വേര്‍തിരിച്ചു കണ്ടിരുന്നല്ലൊ. ജനാധിപത്യ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഇന്ന് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ പൂര്‍ണമായും അങ്ങനെ വേര്‍തിരിക്കാനാവില്ല. അവയിലെല്ലാം പ്രകടമാകുന്ന അടിച്ചമര്‍ത്താനാവാത്ത ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഉയര്‍ന്ന തോതാണ് അതിനു കാരണം.