അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഏതറ്റംവരെയും പോകുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് പത്തുമാസംകൊണ്ട് വ്യക്തമായിക്കഴിഞ്ഞു. പാമൊലിന്‍ കേസ് മുതല്‍ മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് വരെ തേച്ചുമാച്ചുകളയാന്‍ പതിനെട്ടടവും പയറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍. 2005ല്‍ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുമുതല്‍ ഇക്കാര്യത്തില്‍ പ്രത്യേക വൈഭവംതന്നെ പ്രകടമായി.
1991ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടി ധനമന്ത്രിയുമായിരിക്കെ നടന്ന പാമൊലിന്‍ അഴിമതി സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചായിരുന്നു തുടക്കം. അന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും കേസ് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം അന്വേഷണം പുനരാരംഭിച്ചു. പുതുതായി ലഭിച്ച തെളിവുകളുടെയും പ്രതികളായ ടി എച്ച് മുസ്തഫ, സഖറിയാ മാത്യു തുടങ്ങിയവരുടെ സത്യവാങ്മൂലങ്ങളുടെയും വെളിച്ചത്തില്‍ ഇടപാടു കാലത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ആ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കോടതിയില്‍ സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാമെന്ന വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമോപദേശം മറികടന്ന് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയാകാന്‍ വഴി ശരിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് 13ന് തിരക്കിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്ന ഉടന്‍ പ്രസ്തുത അഡീഷണല്‍ ഡയറക്ടറെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച് പ്രത്യുപകാരം ചെയ്യുകയുംചെയ്തു. അതുംപോരാഞ്ഞ് ഡെസ്മണ്ട് നെറ്റോവിന് റിട്ടയര്‍മെന്റിന് ശേഷം പുനര്‍നിയമനം നല്‍കി. എന്നാല്‍, അത് വിവാദമായതിനെത്തുടര്‍ന്ന് നെറ്റോ ജോലിയില്‍ പ്രവേശിച്ചില്ല.
ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം നെറ്റോ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നിരാകരിക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയുംചെയ്തു. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച രേഖകളില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ജഡ്ജി തുടരന്വേഷണത്തിനുത്തരവിട്ടത്. വിധി പറഞ്ഞ ജഡ്ജിയെ ചീഫ് വിപ്പിനെയും മറ്റും ഉപയോഗിച്ച് ചീത്തവിളിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറ്റിച്ചു. മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകനായിരുന്ന കെ കെ രാമചന്ദ്രന്‍ ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പരസ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണ്. ഉമ്മന്‍ചാണ്ടിക്കുകൂടി പങ്കാളിത്തമുള്ള ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു. ആദ്യം പാമൊലിന്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് ഭീഷണിപ്പെടുത്തി പിന്മാറ്റിക്കുന്നതില്‍ വിജയിച്ച സര്‍ക്കാര്‍ പിന്നീട് ചെയ്തത്, പാമൊലിന്‍ കേസിലെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കുകയാണ്. വിജിലന്‍സ് ജഡ്ജിയെ തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റിയതിനു പിന്നിലും ചില പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നറിയില്ല.
പാമൊലിന്‍, ടൈറ്റാനിയം കേസുകള്‍ അട്ടിമറിക്കുന്നതിന് വിദഗ്ധമായി ചരടുവലിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ മലബാര്‍ സിമന്റ്സ് അഴിമതിക്കേസിലും വൈദഗ്ധ്യം തെളിയിക്കുകയാണ്. മലബാര്‍ സിമന്റ്സില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയത് സംബന്ധിച്ച കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതാണ്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മുന്‍ ചീഫ് സെക്രട്ടറികൂടിയായ ജോണ്‍ മത്തായി, ബോര്‍ഡ് അംഗങ്ങളായിരുന്ന കൃഷ്ണകുമാര്‍, പത്മനാഭന്‍നായര്‍ എന്നിവരെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ ആവശ്യപ്പെട്ടു, വ്യവസായ വകുപ്പ് ശുപാര്‍ശചെയ്തു, അതുകൊണ്ട് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഏതാനും പ്രതികളെ ഒഴിവാക്കുന്നത് കേസ് ദുര്‍ബലമാക്കും എന്ന് വിജിലന്‍സ് തന്നെ ചൂണ്ടിക്കാട്ടിയിട്ടും അത് അവഗണിച്ച് ഉത്തരവിറക്കുകയായിരുന്നു. വിജിലന്‍സിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ആരെയൊക്കെ പ്രതികളാക്കണമെന്നും ആരെയൊക്കെ ഒഴിവാക്കണമെന്നുമെല്ലാം സര്‍ക്കാര്‍ വിജിലന്‍സിന് രഹസ്യമായും പരസ്യമായും നിര്‍ദേശം നല്‍കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം മൂന്നുപേരെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് ആരായുകയും സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരിക്കുകയാണ് ഹൈക്കോടതി.
മലബാര്‍ സിമന്റ്സില്‍ തീവെട്ടിക്കൊള്ളയ്ക്ക് തുടക്കംകുറിച്ചത് 2001-2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആ കാലത്ത് 400 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് സിഎജി റിപ്പോര്‍ട്ട് ചെയ്തതാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊള്ള നടന്നത് 2005-2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. അന്നും ഇന്നും വ്യവസായമന്ത്രി ഒരേയാളാണ്. വ്യവസായമന്ത്രിയുടെ ബിനാമിയെന്ന് ആരോപിതനായ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സിമന്റ്സിലെ കുംഭകോണങ്ങളെന്ന് പരക്കെ ആക്ഷേപമുള്ളതാണ്. ഇതുസംബന്ധിച്ച് നടന്നുവരുന്ന വിജിലന്‍സ് കേസുകളില്‍ രാധാകൃഷ്ണന്‍ പ്രതിയാണ്. കമ്പനിയിലെ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ച സെക്രട്ടറിയും ആഭ്യന്തര ഓഡിറ്ററുമായിരുന്ന ശശീന്ദ്രനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും വിജിലന്‍സിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ മൂന്നാംനാള്‍ പൈശാചികമായി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിച്ചുവരികയാണ്. മരണത്തിനിടയാക്കിയ എല്ലാ സംഭവങ്ങളും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും മരണം സംബന്ധിച്ച അന്വേഷണംമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മലബാര്‍ സിമന്റ്സില്‍ ആവര്‍ത്തിക്കുന്ന അഴിമതികളും സിബിഐ അന്വേഷിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല. കാരണം, അഴിമതി അന്വേഷിച്ചാല്‍ സര്‍ക്കാര്‍ തന്നെ പ്രതിസ്ഥാനത്ത് വരും. മലബാര്‍ സിന്റ്സിലെ കൊലക്കേസിനോടൊപ്പം അഴിമതിവിഷയംകൂടി സിബിഐ അന്വേഷിക്കണമെന്ന വി എം സുധീരന്റെ കത്തുപോലും മുഖ്യമന്ത്രി ചവറ്റുകൊട്ടയിലാണ് തള്ളിയത്.
പാമൊലിന്റെയോ മലബാര്‍ സിമന്റ്സിന്റെയോ ടൈറ്റാനിയത്തിന്റെയോ കാര്യത്തില്‍ മാത്രമല്ല, മറ്റ് അഴിമതിക്കേസുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റിയും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍പോലും പുനരന്വേഷണത്തിന് നടപടി സ്വീകരിച്ചുമാണ് സര്‍ക്കാര്‍ ഈ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. ചില ജഡ്ജിമാര്‍ക്ക് പണംകൊടുത്ത് സ്വാധീനിച്ചാണ് ഐസ്ക്രീം കേസ് അട്ടിമറിച്ചത് എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പുനരന്വേഷണത്തിലും അട്ടിമറിയുണ്ടായി. ഇതുസംബന്ധിച്ച് ഞാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ദുരൂഹമായ വിദേശയാത്ര നടത്തുകയും തീവ്രവാദികളുമായി ബന്ധപ്പെട്ടു എന്ന് സംശയിക്കപ്പെടുകയുംചെയ്യുന്ന ടോമിന്‍ തച്ചങ്കരിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ഈ സര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത് എന്ന് ആദ്യം മറുപടി പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് തിരുത്തേണ്ടിവന്നു. എന്‍ഐഎയുടെ വിശദീകരണം പരസ്യമായപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി വീണ്ടും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചെടുക്കാന്‍ അണിയറനീക്കം നടക്കുന്നു.
വാളകത്ത് അധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ഒടുവില്‍ സിബിഐ അന്വേഷണവുമില്ല, കേരള പോലീസിന്റെ അന്വേഷണവുമില്ല എന്ന നിലയിലായി, കാര്യങ്ങള്‍. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനക്കേസില്‍ ലീഗുകാര്‍ കുടുങ്ങുമെന്ന് വന്നപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചു. അന്വേഷിച്ച എസ്പിയെ നിരന്തരം സ്ഥലംമാറ്റി പീഡിപ്പിക്കുന്നു. കാസര്‍കോട്ട് ലീഗുകാര്‍ നടത്തിയ വര്‍ഗീയ അക്രമം അന്വേഷിച്ച നിസാര്‍ കമീഷനെ പിരിച്ചുവിട്ടു. ഇങ്ങനെ എല്ലാ കേസുകളും അട്ടിമറിക്കുകയാണ്. അന്വേഷണങ്ങളെ ഇത്രയധികം ഭയപ്പെടുന്ന, ഇത്രയധികം അന്വേഷണങ്ങള്‍ അട്ടിമറിച്ച ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഓരോ അന്വേഷണവും ചെന്നെത്തുന്നത് യുഡിഎഫ് നേതാക്കളിലാണ് എന്നതുതന്നെയാണ് കാരണം.
*
വി എസ് അച്യുതാനന്ദന്‍
Subscribe to:
Post Comments (Atom)
1 comment:
അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ ഏതറ്റംവരെയും പോകുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് പത്തുമാസംകൊണ്ട് വ്യക്തമായിക്കഴിഞ്ഞു. പാമൊലിന്‍ കേസ് മുതല്‍ മലബാര്‍ സിമന്റ്സ് അഴിമതിക്കേസ് വരെ തേച്ചുമാച്ചുകളയാന്‍ പതിനെട്ടടവും പയറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍. 2005ല്‍ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുമുതല്‍ ഇക്കാര്യത്തില്‍ പ്രത്യേക വൈഭവംതന്നെ പ്രകടമായി.
Post a Comment