ഇതുപോലൊന്ന് മറ്റൊരു രാഷ്ട്രീയപാര്‍ടിക്ക് ചിന്തിക്കാനാകാത്തതാണ്. ജനങ്ങള്‍ മഹാനദികളായാണ് കോഴിക്കോട്ടേക്ക് ഒഴുകിയത്. അറബിക്കടലിന്റെ തീരത്ത് ആ നദികള്‍ മനുഷ്യമഹാസാഗരമാണ് തീര്‍ത്തത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യതയാണ് ആ സാഗരഗര്‍ജനത്തിലൂടെ ഉയര്‍ന്നുകേട്ടത്. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ടിയുടെ സമ്മേളനം എന്നതിലുപരി, ഒരു ജനതയുടെയാകെ മുന്നേറ്റമായി മാറി. എതിരാളികള്‍ പ്രചരിപ്പിച്ചതൊന്നുമല്ല പാര്‍ടി കോണ്‍ഗ്രസില്‍ സംഭവിച്ചത്. ഏഴു പ്രധാന കാര്യങ്ങളാണ് തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയുടെ ആറുദിന സമ്മേളനത്തില്‍ പൂര്‍ത്തിയാക്കിയത്. ചില പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റിയുള്ള പ്രമേയം, രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് എന്നിവ അംഗീകരിക്കലായിരുന്നു ആദ്യത്തെ മൂന്നു കടമകള്‍. അവ പൂര്‍ത്തിയാക്കിയശേഷം ഭരണഘടനാഭേദഗതി അംഗീകരിച്ചു. അതില്‍പ്പിന്നെ പുതിയ കേന്ദ്ര കമ്മിറ്റിയുടെയും കണ്‍ട്രോള്‍ കമീഷന്റെയും തെരഞ്ഞെടുപ്പ്. കേന്ദ്ര കമ്മിറ്റി ചേര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെയും പൊളിറ്റ്ബ്യൂറോയുടെയും തെരഞ്ഞെടുപ്പ്. എല്ലാ സുപ്രധാന അജന്‍ഡകളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിനിധിസമ്മേളന ഹാളില്‍ ഇന്റര്‍നാഷണല്‍ ഗാനം ഉയര്‍ന്നത്. ഇന്ത്യയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിനുള്ള മുന്നുപാധി എന്ന നിലയില്‍ ജനകീയ ജനാധിപത്യവിപ്ലവം വിജയിപ്പിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം നേടിയെടുക്കുന്നതിന് ആവശ്യമായ ശരിയായ അടവുനയത്തിന് രൂപംനല്‍കി എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയ കടമയുടെ സാരാംശം. ഇടതുപക്ഷ- ജനാധിപത്യ പരിപാടിക്കുചുറ്റും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിനായി മാര്‍ക്സിസം- ലെനിനിസത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അനവരതം പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
സമ്മേളനത്തിന്റെ രാഷ്ട്രീയപ്രാധാന്യം കുറച്ചുകാണാനും പരദൂഷണശൈലിയിലുള്ള വാര്‍ത്തകളിലൂടെ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും തുടര്‍ച്ചയായ ശ്രമങ്ങള്‍ വലതുപക്ഷമാധ്യമങ്ങളില്‍നിന്നുണ്ടായി. ഏതെങ്കിലും നേതാവിന്റെ സമ്മേളനത്തിലെ അസാന്നിധ്യവും കമ്മിറ്റികളിലെ അംഗത്വവും സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡയാണെന്ന് വരുത്താന്‍ തുടരെ വാര്‍ത്തകള്‍ വന്നു. അതിന് സാധൂകരണം നല്‍കാന്‍ മാര്‍ക്സിസ്റ്റ് ചിന്തകരെന്ന ഭാവേന പാര്‍ടിവിരുദ്ധരെ ചര്‍ച്ചയ്ക്കായി അണിനിരത്തി. സമ്മേളനസമാപനത്തോടെ അത്തരക്കാരുടെ വ്യാമോഹങ്ങളെല്ലാം അസ്തമിച്ചിരിക്കുന്നു. മാധ്യമങ്ങളുടെയും ചര്‍ച്ചാവിദഗ്ധരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല; ഇന്നാട്ടിലെ ജനകോടികളുടെ മോചനം എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനങ്ങളെടുക്കുക എന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്, അധികാരത്തിലേക്ക് നടന്നുകയറാന്‍ തെരഞ്ഞെടുപ്പുമുന്നണി തട്ടിക്കൂട്ടുന്നത് പാര്‍ടിയുടെ അജന്‍ഡയല്ല എന്ന് സുവ്യക്തമായി പാര്‍ടി കോണ്‍ഗ്രസിന് പ്രഖ്യാപിക്കാനായത്. രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വെള്ളിത്തളികയിലാക്കി വച്ചുനീട്ടിയിട്ടും വേണ്ടെന്നുപറയാനുള്ള ആര്‍ജവം ഈ പാര്‍ടിക്കാണുണ്ടായത്. അതേ ആര്‍ജവംതന്നെയാണ്, അധികാരത്തെ നോക്കിയുള്ള തട്ടിക്കൂട്ടുസഖ്യത്തിന് ഞങ്ങളില്ലെന്ന പ്രഖ്യാപനത്തിലും വായിച്ചെടുക്കാനാകുന്നത്.
സമ്മേളനം ആരംഭിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വാര്‍ത്തകളിലൊന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായതായിരുന്നു. ആണവ കരാറുണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടിയെ ചൂണ്ടിയാണ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയുടെ അടിസ്ഥാന സംഘടനാതത്വങ്ങള്‍പോലും മറച്ചുവച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. രാജ്യവിരുദ്ധമായ ആണവകരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നടപടി വിജയവാഡയില്‍ ചേര്‍ന്ന വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചതാണ്. പാര്‍ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലും ഇത് ആവര്‍ത്തിക്കുന്നു. പാര്‍ടിക്കകത്ത് ഒട്ടും ആശയക്കുഴപ്പം ഇക്കാര്യത്തിലില്ല എന്നിരിക്കെയാണ് ജനറല്‍സെക്രട്ടറിയെ ഒറ്റതിരിച്ചുനിര്‍ത്തി ആക്രമിക്കാന്‍ വലതുപക്ഷമാധ്യമലോകം ഇറങ്ങിയത്. പിന്തുണ ഇതിലും നേരത്തെ പിന്‍വലിക്കണമെന്ന അഭിപ്രായമാണ് പാര്‍ടിയിലുയര്‍ന്നത്. പാര്‍ടി ഐക്യത്തോടെ അംഗീകരിച്ച ആ തീരുമാനത്തെ, എത്രതന്നെ വിശദീകരിച്ചിട്ടും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. പരക്കെ ഉയര്‍ന്ന ഊഹാപോഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടിയായി പ്രകാശ് കാരാട്ട് പാര്‍ടി കോണ്‍ഗ്രസിന്റെ ആദ്യദിവസം പ്രതികരിച്ചത്, ""കാത്തിരിക്കൂ"" എന്നാണ്. ആ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു.
വര്‍ഗാടിസ്ഥാനത്തിലുള്ള സംഘാടനമാണ് തൊഴിലാളിവര്‍ഗത്തിന്റെ വിമോചനം കൈവരിക്കുന്നതിലെ പ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപ്രശ്നങ്ങളെയും വിലയിരുത്തിയതെന്ന് രണ്ടു പ്രമേയങ്ങളും വ്യക്തമാക്കുന്നു. വിപ്ലവാത്മകവിഭാഗങ്ങളെയെല്ലാം ഒരു വര്‍ഗമെന്ന നിലയില്‍ സംഘടിപ്പിക്കുക എന്നതാണ് പാര്‍ടി കോണ്‍ഗ്രസ് തീരുമാനങ്ങളുടെ സത്ത. ജനവിരുദ്ധനയങ്ങള്‍ക്കെതിരായി സമരംചെയ്യുന്നതിനും ജനങ്ങളുടെ ജീവനോപാധിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനും തൊഴിലാളിവര്‍ഗത്തെയും കര്‍ഷക ജനസാമാന്യത്തെയും കര്‍ഷകത്തൊഴിലാളികളെയും കൈവേലക്കാരെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ഇടതുപക്ഷ ജനാധിപത്യപരിപാടിയുടെ അടിസ്ഥാനത്തില്‍ അണിനിരത്തുമെന്ന് പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. ബൂര്‍ഷ്വാപാര്‍ടികളുടെ സ്വാധീനത്തിലകപ്പെട്ട ബഹുജനങ്ങളെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംയുക്തസമരങ്ങളിലേക്ക് കൊണ്ടുവന്ന് പാര്‍ടിക്കൊപ്പം അണിനിരത്തുമെന്ന് പ്രഖ്യാപിക്കുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കടമകള്‍ ഏറ്റെടുത്ത്, പൂര്‍ത്തീകരിക്കുന്നതിനായി പ്രയത്നിക്കുന്നതിന് എല്ലാ പാര്‍ടി അണികളെയും സജ്ജമാക്കുന്നതാണ് ആ ആഹ്വാനം. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം, ഭൂമിക്കും ഭക്ഷണത്തിനും ജോലിക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള സമരം, വര്‍ഗീയശക്തികള്‍ക്കും വിഘടനശക്തികള്‍ക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത സമീപനം എന്നിങ്ങനെ ബഹുമുഖമായ സമരമുഖമാണ് തുറക്കപ്പെടുന്നത്. മതനിരപേക്ഷതയെ സംരക്ഷിക്കുക, എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വസമ്മര്‍ദങ്ങളെ ചെറുക്കുക എന്നിവയും പാര്‍ടി കോണ്‍ഗ്രസ് ഊന്നിപ്പറയുന്ന കടമകളാണ്. പാര്‍ടിക്കുനേരെയുള്ള ആക്രമണങ്ങളെയും പാര്‍ടിയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും ജനങ്ങളെ വിശ്വാസത്തിലെടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കുമെന്ന പ്രതിജ്ഞ പാര്‍ടി പുതുക്കുന്നുണ്ട്.
രാജ്യത്തെങ്ങും ശക്തിയുള്ളതും എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തുന്നതുമായ കമ്യൂണിസ്റ്റ് പാര്‍ടി നമുക്ക് കെട്ടിപ്പടുക്കാനുള്ള തീരുമാനങ്ങളോടെ പൂര്‍ത്തിയാക്കിയ 20-ാം കോണ്‍ഗ്രസ് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവയ്പായി ചരിത്രത്തില്‍ ഇടംനേടുമെന്ന് ഉറപ്പിക്കാം. കേരളത്തിലാകെയും കോഴിക്കോട് ജില്ലയില്‍ വിശേഷിച്ചും ഈ പാര്‍ടി കോണ്‍ഗ്രസിന്റെ ആവേശം പാര്‍ടിയുടെ സമര- സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് സംഗമിക്കും. ദൂരദേശങ്ങളില്‍നിന്ന് ക്ലേശംതാണ്ടി കൊടുംവെയില്‍ കൂസാതെ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍, ശത്രുവര്‍ഗത്തിന്റെ ആയുധമുനകള്‍ക്ക് കുത്തിമലര്‍ത്താനാകാത്തതാണ് സിപിഐ എമ്മിന്റെ കരുത്തെന്നാണ് തെളിയിച്ചത്. ഈ ആവേശമാണ്, വരുംനാളുകളില്‍ ജനദ്രോഹനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് വര്‍ധിച്ച ചൂടുപകരുക.
*
പി എം മനോജ് ദേശാഭിമാനി 10 ഏപ്രില്‍ 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment