Friday, April 20, 2012

ഏപ്രില്‍ 20ന്റെ ഓര്‍മ

കേരളത്തില്‍ പുരോഗമനസാഹിത്യപ്രസ്ഥാനം സംഘടനാരൂപം കൈക്കൊണ്ടിട്ട് ഇന്നേക്ക് മുക്കാല്‍ നൂറ്റാണ്ടാകുന്നു. 1937 ഏപ്രില്‍ 20ന് തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ജീവല്‍സാഹിത്യസംഘടന പിറക്കുന്നത്. വന്‍ ജനക്കൂട്ടം വന്നുചേര്‍ന്നതും ആഘോഷമായിത്തീര്‍ന്നതുമായ സമ്മേളനമായിരുന്നില്ല തൃശൂരിലേത്. എന്നാല്‍, കേരളീയാധുനികതയുടെ ചരിത്രത്തെ കാര്യമായി സ്വാധീനിക്കാന്‍ സമ്മേളനത്തിനും അവിടെയുണ്ടായ തീരുമാനങ്ങള്‍ക്കും കഴിഞ്ഞു. സാഹിത്യം വിപുലമായ അര്‍ഥത്തിലും തോതിലും സമകാലികവും സാമൂഹ്യപ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നതുമായി തീരേണ്ടതുണ്ട് എന്ന നിത്യപ്രസക്തമായ നിലപാടിന്റെ വിളംബരമായാണ് ആ ചെറിയ സമ്മേളനം പരിണമിച്ചത്. സംഘടന എന്ന നിലയില്‍ ജീവല്‍സാഹിത്യസംഘടനയ്ക്കും അതിന്റെ തുടര്‍രൂപമായ പുരോഗമനസാഹിത്യസംഘടനയ്ക്കും എപ്പോഴും സജീവമായി നിലനില്‍ക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ, ഈ കാഴ്ചപ്പാട് സാഹിത്യനിര്‍മാണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനഗതിയെത്തന്നെ സ്വാധീനിക്കുന്നതും അങ്ങനെ കാലത്തോടൊപ്പം സ്വയം വികസിക്കുന്നതുമായ ഒന്നായിത്തീര്‍ന്നു. വിനോദവ്യവസായത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്റെ പ്രസക്തി കൂടിവരികയാണ്.

ഇ എം എസ്, കെ ദാമോദരന്‍, പി കേശവദേവ്, സി അച്യുതക്കുറുപ്പ്, കെ കെ വാര്യര്‍, ഇടപ്പള്ളി സി നാരായണപിള്ള, കെ എ ദാമോദരമേനോന്‍, എ മാധവമേനോന്‍ തുടങ്ങിയവരുടെ മുന്‍കൈയിലാണ് തൃശൂര്‍ സമ്മേളനം നടന്നത്. ഇവരില്‍ കെ ദാമോദരന്‍ 1936ലെ ലഖ്നൗ സമ്മേളനത്തില്‍ പങ്കെടുത്ത ആളായിരുന്നു. ലഖ്നൗവില്‍ മുന്‍ഷി പ്രേംചന്ദ് നടത്തിയ അധ്യക്ഷപ്രസംഗത്തിലെ ആശയങ്ങള്‍- എഴുത്തുകാര്‍ ദന്തഗോപുരം വിടുക, അവര്‍ സമൂഹത്തെ കൂടുതലായും സൂക്ഷ്മമായും അറിയുക, ദേശീയ രാഷ്ട്രീയത്തെ സ്വാതന്ത്ര്യബോധത്തോടെ നോക്കിക്കാണുക, ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും പേരിലുള്ള അസമത്വങ്ങളില്‍ പ്രതിഷേധിക്കുക- തൃശൂര്‍ സമ്മേളനത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു. വ്യക്തികളെയും അവരുടെ രചനകളെയും കേന്ദ്രീകരിച്ച് ഏതെങ്കിലും മട്ടിലുള്ള സ്തുതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കരുതിക്കൂട്ടി ശ്രമിക്കുന്ന പരമ്പരാഗത സാഹിത്യസംഗമങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു സമ്മേളന നടപടികള്‍.

സാഹിത്യത്തിന്റെ ഭൂതകാലചരിത്രത്തെ വിശകലനപരമായി സമീപിക്കണം എന്നും പ്രക്ഷുബ്ധമായ സമകാലികജീവിതത്തെ സ്ഥാനപ്പെടുത്താത്ത സാഹിത്യത്തിനും സൗന്ദര്യചിന്തയ്ക്കും മാറുന്ന ഇന്ത്യയിലും കേരളത്തിലും പ്രസക്തി കുറവാണ് എന്നുമുള്ള, അന്നത്തെ നിലയില്‍ സ്ഫോടനാത്മകമായ ആശയം സമ്മേളനത്തില്‍ പലരൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതേവരെ സാഹിത്യത്തിലേക്ക് കാര്യമായി സ്വീകരിക്കപ്പെടാത്ത നിസ്വവും അനാകര്‍ഷകവുമായ ജീവിതങ്ങള്‍ ആ സാഹചര്യങ്ങളുടെ ഏറ്റവും വലിയ സാംസ്കാരികസാക്ഷ്യമായ ഭാഷാസവിശേഷതകളോടെ എഴുതപ്പെടണം എന്നുള്ള ആവേശം സമ്മേളനത്തിന്റെ പൊതുഭാവമായി മാറി.

യഥാര്‍ഥ മനുഷ്യന്‍, സത്യസന്ധമായ ആവിഷ്കാരം എന്നത് ഒരു തത്വംപോലെ സമ്മേളനവേദിയില്‍ പല മട്ടില്‍ മുഴങ്ങിക്കേട്ടു. റിയലിസത്തിന്റെ ദര്‍ശനം വിപുലമായി തിരിച്ചറിയുന്ന ഒരു കൂട്ടായ്മയുടെ രൂപംകൊള്ളലായി സമ്മേളനം മാറി. തൃശൂര്‍ സമ്മേളനത്തില്‍വച്ച് കുഞ്ചന്‍നമ്പ്യാരെപ്പോലൊരു പ്രതിഭ പുതിയ വിലയിരുത്തലിന് വിധേയമായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കുഞ്ചന്റെ വ്യത്യസ്തതയ്ക്ക് നിദാനമായ രൂപപരവും കാലബന്ധിയുമായ വിശേഷങ്ങള്‍ പുരോഗമനസാഹിത്യചിന്തയ്ക്ക് സ്വീകാര്യമാണെന്ന കണ്ടെത്തല്‍ ആവേശകരമായിരുന്നു. ജീവിതത്തിന്റെ ഇടങ്ങള്‍ എന്ന നിലയില്‍ കുടുംബം, മതം, സമുദായം, ലൈംഗികത, യുദ്ധം തുടങ്ങിയവയെക്കുറിച്ചുള്ള പ്രതിലോമസ്വഭാവിയും മിതവാദപരവുമായ ആശയാവലികളെ പ്രതിരോധിക്കുക, സാധാരണക്കാരുടെ ഐക്യബോധം തകര്‍ക്കുന്ന വിദ്വേഷകേന്ദ്രിതമായ സാംസ്കാരികപ്രവര്‍ത്തനങ്ങളെ കണ്ടെത്തുക, ഇവയ്ക്ക് ബദലായി സമത്വവാദാധിഷ്ഠിതവും പല കാരണങ്ങള്‍കൊണ്ടും അധഃസ്ഥിതരാകേണ്ടിവന്നവര്‍ക്ക് ആത്മവിശ്വാസവും സാംസ്കാരികസ്ഥാനവും നല്‍കുന്ന തരത്തിലുള്ളതുമായ സാഹിത്യസമീപനങ്ങളും രചനകളും പ്രോത്സാഹിപ്പിക്കുക, മലയാള ഭാഷയുടെ വൈവിധ്യത്തെ തിരിച്ചറിയുക തുടങ്ങിയ ആലോചനകള്‍ തൃശൂര്‍ സമ്മേളനത്തില്‍ത്തന്നെ നടന്നിട്ടുണ്ട്. എ മാധവമേനോനാണ് ജീവല്‍സാഹിത്യസംഘടനയുടെ ഒന്നാമത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളസാഹിത്യനിര്‍മാണത്തിന്റെയും ആസ്വാദനത്തിന്റെയും മേഖലകളില്‍ പുരോഗമനസാഹിത്യപ്രമേയത്തോടുള്ള പലതരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊരു തര്‍ക്കവിഷയമല്ല. യാന്ത്രികവും വിഭാഗീയവുമായ ഒന്നാണ് പുരോഗമനസാഹിത്യത്തിന്റെ നിലപാട് എന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും കാണുമെങ്കിലും, പൊതുവെ സാഹിത്യത്തിന്റെ സമകാലികത, സാമൂഹികത, ചരിത്രപരത, അനുഭവകേന്ദ്രിതത്വം, സ്വാതന്ത്ര്യബോധം, കീഴാളാഭിമുഖ്യം എന്നിവ സ്വാഭാവികാശയങ്ങളായിത്തീര്‍ന്നിട്ടുണ്ട്. മത-ജാതിവാദം, വര്‍ഗീയവാദം എന്നിവയുടെ കടന്നാക്രമണം കലയിലും സമൂഹത്തിലും ഉണ്ടാവുമ്പോഴൊക്കെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പുരോഗമനസാഹിത്യചിന്തയാണ്. സമഗ്രത, സൂക്ഷ്മത, വൈവിധ്യം, വൈപുല്യം, സ്വീകരണശേഷി എന്നിവയില്‍ കാലോചിതമായി കൂടുതല്‍ ശ്രദ്ധിച്ചുസ്വയം വികസിക്കാനുള്ള ശേഷി പുരോഗമനസാഹിത്യദര്‍ശനം പ്രകടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി-ദളിത്-സ്ത്രീവാദങ്ങള്‍ എന്നിവയോടും ചലച്ചിത്രം, ചിത്രകല എന്നീ മാധ്യമങ്ങളോടും സൈബര്‍ സാങ്കേതികരംഗത്തോടും സ്വീകരിക്കുന്ന രചനാത്മകമായ സമീപനങ്ങളും ഇതിന്റെതന്നെ തെളിവുകളായിട്ടാണ് കാണേണ്ടത്.

പുരോഗമനകലാസാഹിത്യസംഘം ഒരു സംഘടന എന്ന നിലയില്‍ ഇന്ന് സജീവമാണെന്നുകൂടി സന്തോഷത്തോടെ പറയാം. സംസ്ഥാനത്തുടനീളം ഘടകങ്ങളും നല്ലൊരു പ്രവര്‍ത്തകവ്യൂഹവും. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടന്നുവരുന്നു. സ്വന്തമായി മാസികയും വെബ്മാഗസിനും ഉണ്ട്. വിവിധകലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉചിതസന്ദര്‍ഭങ്ങളില്‍ ഏകോപിപ്പിക്കുന്ന സംവിധാനംകൂടിയാണ് ഈ സംഘം. സംസ്ഥാനകമ്മിറ്റിക്ക് തിരുവനന്തപുരത്ത് കാര്യാലയമുണ്ട്. ആളുകളെ വെറും ഉപഭോക്താക്കളായും കുടുംബസ്ഥന്മാരായും ചുരുക്കിക്കാണുന്ന നവമുതലാളിത്തപ്രയോഗത്തിന് സാമൂഹികതയെ മുന്‍നിര്‍ത്തി കലയുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും പ്രതിരോധം തീര്‍ക്കുക എന്ന യത്നം ഒട്ടും അനായാസമല്ല. ഈ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കൂടുതല്‍ കണിശമായി തിരിച്ചറിയാന്‍ 1937ലെ തൃശൂര്‍സമ്മേളനത്തിന്റെ ഓര്‍മ സംഘംപ്രവര്‍ത്തകരെയും സര്‍ഗാത്മക സമൂഹത്തെയും പ്രേരിപ്പിക്കുന്നു.

*
ഇ പി രാജഗോപാലന്‍ (പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍)

ദേശാഭിമാനി 20 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...