ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ നിരത്തുകള്‍ പൊതു ചര്‍ച്ചാവിഷയമാണ്. ഒരു നൂറ്റാണ്ടുമുമ്പ് നാടുവാഴികളും സവര്‍ണരും സഞ്ചരിക്കുന്ന നിരത്തുകളിലും ക്ഷേത്രങ്ങള്‍ക്കും കോവിലകങ്ങള്‍ക്കും സമീപമുള്ള തെരുവുകളിലും അവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സുദീര്‍ഘമായ സമരങ്ങളിലൂടെയാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചത്. അതിനുശേഷവും സവര്‍ണര്‍ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളില്‍ ദളിതര്‍ക്ക് കടന്നുചെല്ലാന്‍ പാടില്ലായിരുന്നു. പാലക്കാട്ടെ കല്‍പാത്തിയില്‍ അന്യമതക്കാര്‍ക്കുപോലും കടന്നുചെല്ലാവുന്ന നിരത്തുകളിലാണ് ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇത്തരം വിലക്കുകള്‍ക്കെതിരായ സമരങ്ങള്‍ കേരള ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായങ്ങളാണ്.
സ്വാതന്ത്ര്യസമരകാലത്താണ് കേരളത്തിലെ നിരത്തുകള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. എണ്ണമറ്റ പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നടന്നു. കോഴിക്കോട്ടെ മാനാഞ്ചിറ, കല്ലായി റോഡ്, പാറന്‍സ്ക്വയര്‍, കടപ്പുറം മുതലായവ അന്നും ഇന്നും പ്രകടനങ്ങളുടെ കേന്ദ്രങ്ങളാണ്. ഇതുപോലെ മറ്റെല്ലാ നഗരങ്ങളിലും ജനങ്ങള്‍ കൂടുന്ന ഇടങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിന്റെയും സമ്മേളനങ്ങളുടെയും കേന്ദ്രങ്ങളാണ്. തൃശൂര്‍ തേക്കിന്‍കാട്, എറണാകുളം രാജേന്ദ്രമൈതാനം, ആലുവ റെയില്‍വെസ്റ്റേഷന്‍ മൈതാനം, കോട്ടയം തിരുനക്കര മൈതാനം, തിരുവനന്തപുരം പുത്തരിക്കണ്ടം, കൊല്ലത്തെ ചിന്നക്കട, പാലക്കാട്ടെ കോട്ടമൈതാനം, ആലപ്പുഴ ബോട്ട്ജെട്ടി തുടങ്ങിയവയും ഉദാഹരണങ്ങളാണ്. ഇവിടെ യോഗങ്ങളും പ്രകടനങ്ങളും നടക്കുമ്പോള്‍ തൊട്ടടുത്തുള്ള നിരത്തുകളിലെ ഗതാഗതത്തെ ബാധിക്കുക സ്വാഭാവികമാണ്. അപ്പോഴൊക്കെ ഗതാഗതത്തെ തടസ്സപ്പെടുത്താതെ സ്വയം നിയന്ത്രിക്കാന്‍ സമ്മേളനത്തിലെത്തുന്നവരും സംഘാടകരും ശ്രദ്ധിക്കാറുണ്ട്. സമ്മേളനങ്ങള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും രാഷ്ട്രീയപ്രവര്‍ത്തകര്‍തന്നെ അണിനിരന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും വഴിപോക്കര്‍ക്ക് തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നത് സാധാരണമാണ്. പ്രകടനങ്ങള്‍ നടക്കുമ്പോള്‍പോലും റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമുണ്ടാക്കാനും ശ്രദ്ധിക്കാറുണ്ട്. ഇതെല്ലാം കേരളത്തിലെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന കീഴ്വഴക്കങ്ങളാണ്. തിരക്കുള്ള വഴികളിലൂടെ നടത്തുന്ന പ്രകടനങ്ങള്‍ റോഡിെന്‍റ ഒരു ഭാഗത്തേക്ക് ഒതുങ്ങിപ്പോകാനും മറുഭാഗത്തുകൂടെ ഗതാഗതം അനുവദിക്കാനും ശ്രദ്ധിക്കുന്നതും ഇതേ കീഴ്വഴക്കമാണ്. ഇത്തരം കീഴ്വഴക്കങ്ങളാണ് കേരളീയരുടെ ജനാധിപത്യബോധത്തിന്റെയും മര്യാദകളുടെയും നിദര്‍ശനങ്ങളായി നിലനില്‍ക്കുന്നതും.
നഗരങ്ങളിലെ നിരത്തുകളില്‍ പൊതുയോഗങ്ങള്‍ താരതമ്യേന കുറവാണ്. പൊതുയോഗങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ പാതയോരങ്ങളില്‍ ഒഴിഞ്ഞ പറമ്പുകളിലാണ് പതിവ്. ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതി അല്‍പം വ്യത്യസ്തമാണ്. അവിടെ തെരുവുകളിലാണ് ജനങ്ങള്‍ വന്നുകൂടുക. തൊടികളും പറമ്പുകളും നിറഞ്ഞ നമ്മുടെ ഭൂപ്രകൃതിയില്‍ വേറെയെവിടെയും അത്തരം ആള്‍ക്കൂട്ടമുണ്ടാകില്ല. ഒരു പീടികത്തിണ്ണയില്‍ മൈക്ക്സെറ്റ് കെട്ടി ചുറ്റുപാടും ജനങ്ങളുമായി നടത്തുന്ന പ്രസംഗങ്ങളാണ് ഗ്രാമപ്രദേശങ്ങളിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. വായനശാലകളും പഞ്ചായത്ത് ഹാളുകളുമുള്ള ഇടങ്ങളില്‍ അവയും ഉപയോഗിക്കപ്പെടും. ഗ്രാമങ്ങളിലെ രാഷ്ട്രീയബോധത്തിന്റെ വികാസത്തില്‍ ഇത്തരം തെരുവുകൂട്ടങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. ഇന്ന് നമ്മുടെ നിരത്തുകളെക്കുറിച്ചുള്ള സങ്കല്‍പം മാറിയിട്ടുണ്ട്. ഇന്ന് നിരത്തുകളല്ല നമ്മുടെ ലക്ഷ്യം. നാലുവരി, ആറുവരിപ്പാതകളും ഹൈവേകളുമാണ്. ഇടതടവില്ലാതെ ചീറിപ്പായുന്ന വാഹനങ്ങള്‍ എല്ലാ നിരത്തുകളിലും ഇന്ന് സാധാരണമാണ്.
കൃത്യമായ തൊഴിലുകളും സ്ഥിരം വരുമാനമാര്‍ഗ്ഗങ്ങളും വളരാത്ത സാഹചര്യങ്ങളില്‍ എല്ലാവരും സ്വന്തം നിലനില്‍പിെന്‍റ ""തിരക്കിലാണ്"". ഈ തിരക്ക് നിരന്തരമായ വാഹനാപകടങ്ങളിലേക്കും സര്‍വ്വസാധാരണമായ ട്രാഫിക് ജാമുകളിലേക്കും നയിക്കുന്നു. നമ്മുടെ സാധാരണ റോഡുകളുടെ ശോചനീയാവസ്ഥ വാഹനമോടിക്കുന്നവരുടെ പ്രശ്നങ്ങളെ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രധാന നഗരങ്ങളിലെല്ലാം ഒന്നോ രണ്ടോ മെയിന്‍ റോഡുകളേ ഉള്ളൂ. മറ്റുള്ളവയെല്ലാം ലിങ്ക് റോഡുകളും ഇടവഴികളുമാണ്. ഒരു റോഡില്‍ വാഹനാപകടമോ ട്രാഫിക് ബ്ലോക്കോ ഉണ്ടാവുകയാണെങ്കില്‍ മൂന്നോ നാലോ കിലോമീറ്റര്‍വരെ വഴിവളച്ചു പോകേണ്ടിവരും. ഇത്തരം പ്രശ്നങ്ങളില്‍ ചെന്നുപെടാത്ത ഒരു വഴിയാത്രക്കാരനും കേരളത്തിലുണ്ടാവുകയില്ല.
വഴിയാത്രക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ന്യായമാണ്. അവയ്ക്ക് പരിഹാരം കാണേണ്ടതുമാണ്. പരിഹാരം കാണേണ്ടത് വാഹനപ്പെരുപ്പം സൃഷ്ടിച്ച് കാശുവാരുന്ന വാഹനിര്‍മ്മാതാക്കളും വാഹനപ്പെരുപ്പം കണക്കിലെടുത്ത് റോഡുകളുടെ ഘടനയില്‍ മാറ്റം വരുത്തേണ്ട സര്‍ക്കാരും വാഹനിയന്ത്രണം ശാസ്ത്രീയമാക്കാന്‍ ബാദ്ധ്യതയുള്ള ട്രാഫിക് പൊലീസുമെല്ലാം ചേര്‍ന്നാണ്. ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുന്നത് നിരത്തുകളില്‍ സഞ്ചരിക്കുന്ന, തിരക്കുള്ള പാതകളില്‍ പാതമുറിച്ചു കടക്കാന്‍ കഷ്ടപ്പെടുന്ന വഴിപോക്കരല്ല, അവരുടെ കഷ്ടപ്പാടുകള്‍ വാഹനമോടിക്കുന്നവരോ പൊലീസോ ശ്രദ്ധിക്കാറുമില്ല. വഴിപോക്കരെയും പലപ്പോഴും സ്കൂള്‍ കുട്ടികളെയും ഇടിച്ച് തെറിപ്പിച്ചു ചീറിപ്പായുന്ന വാഹനങ്ങള്‍ സാധാരണമാണ്. നിരവധി തവണ സ്കൂള്‍ ബസുകള്‍ മറിഞ്ഞ് പിഞ്ചുകുട്ടികള്‍ മരിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇവയൊന്നും പ്രധാന വിഷയമായി ചര്‍ച്ചചെയ്യാറില്ല. ഇത്തരം തിരക്കുപിടിച്ച റോഡുകളില്‍ ആരും പൊതുയോഗങ്ങള്‍ നടത്താറില്ല. ജീവനില്‍ കൊതിയുള്ളവര്‍ ആരും നടത്തുകയുമില്ല. പ്രകടനങ്ങള്‍ നടക്കാറുണ്ടെന്നത് ശരിതന്നെ. അത്തരം പ്രകടനങ്ങളെല്ലാം മുന്‍കൂട്ടി ട്രാഫിക് പൊലീസിന്റെ അനുമതി വാങ്ങി നടത്തുന്നവയാണ്. വന്‍ പ്രകടനങ്ങളാണെങ്കില്‍ സുഗമമായ ഗതാഗതത്തിനാവശ്യമായ ബദല്‍ സംവിധാനങ്ങളേര്‍പ്പെടുത്താനും ട്രാഫിക് പൊലീസ് ബാധ്യസ്ഥമാണ്.
വന്‍ തിരക്കുള്ള സ്ഥലങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കാനും ട്രാഫിക് പൊലീസിനവകാശമുണ്ട്. ഈ പരിമിതികള്‍ക്കുള്ളിലാണ് എല്ലാവിധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്നത്. ഇതിന് വിധേയമായാണ് രാഷ്ട്രീയപാര്‍ടികള്‍ പ്രവര്‍ത്തിക്കുന്നതും. പലപ്പോഴും പൊതുയോഗങ്ങള്‍ നടത്താനുള്ള ഇടങ്ങള്‍ നഗരങ്ങളില്‍ വളര്‍ന്നുവരാറുമുണ്ട്. കോഴിക്കോട്ടെ കിഡ്സന്‍കോര്‍ണര്‍, തൃശൂരിലെ വിദ്യാര്‍ത്ഥി കോര്‍ണര്‍, കണ്ണൂരിലെ പഴയ ബസ്സ്റ്റാന്‍ഡ് പരിസരം തുടങ്ങിയവ ഇത്തരത്തില്‍ വളര്‍ന്നുവന്ന പൊതുയോഗ സ്ഥലങ്ങളാണ്. (ഇവയില്‍ പലതും ഇന്ന് നിലവിലില്ല). ഇവയിലൊന്നും നടന്ന പൊതുയോഗങ്ങള്‍ നഗരത്തിലെ ട്രാഫിക്കിനെ തടസ്സപ്പെടുത്തുന്നവയായിരുന്നില്ല. പിന്നെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്നത് തിരുവനന്തപുരം സെക്രട്ടേറിയറ്റിനുമുമ്പിലാണ്. സംസ്ഥാന ഭരണ ആസ്ഥാനമായ സെക്രട്ടറിയേറ്റിനുമുമ്പില്‍കൂടിത്തന്നെ നഗരത്തിന്റെ സിരാകേന്ദ്രമായ ഒരു റോഡ് പോകാനിടയായത് നമ്മുടെ നഗരാസൂത്രണത്തിന്റെ അപാകതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
വിശാലമായ ഒരു ലെജിസ്ലേറ്റീവ് കോംപ്ലക്സ് ഉണ്ടാക്കിയതുകൊണ്ടുമാത്രം ആ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുമില്ല. അതിലൂടെയുള്ള വാഹനങ്ങളുടെ ഒഴുക്ക് മറ്റു രീതികളില്‍ പുനഃസംവിധാനംചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുമില്ല. അതിനുപകരം അവിടത്തെ പ്രകടനങ്ങള്‍ നിരോധിക്കുക, പൊതുയോഗങ്ങള്‍ തടയുക, തൊട്ടടുത്തുള്ള പ്രമുഖ വിദ്യാലയത്തെ നഗരപ്രാന്തങ്ങളിലേക്ക് നാടുകടത്തുക തുടങ്ങിയ വിക്രിയകളൊഴികെ മറ്റൊരുവഴിയും ഭരണാധികാരികളുടെ ഭാവനയില്‍ ഉദിച്ചതുമില്ല. അത്തരം വിക്രിയകള്‍കൊണ്ട് ഒരു പ്രയോജനമുണ്ടായി. നഗരങ്ങളിലെ വാഹനക്കുരുക്കുകളും അപകടങ്ങളും സൃഷ്ടിക്കുന്നത് വഴിയോരത്തുനടക്കുന്ന പൊതുയോഗങ്ങളും പ്രകടനങ്ങളുമാണെന്ന ധാരണ പരന്നു. വാഹനപ്പെരുപ്പമോ, റോഡുകളുടെ സ്ഥിതിയോ, ട്രാഫിക് പൊലീസിന്റെയോ ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെയും പിടിപ്പുകേടോ ചര്‍ച്ചാ വിഷയമല്ലാതായി.
മലബാര്‍ മേഖലയില്‍ എല്ലാ ദിവസവും അരങ്ങേറുന്ന ബസുകളുടെ മത്സര ഓട്ടവും ബസുകള്‍ തമ്മിലുള്ള വഴക്കുകളും വാഹനങ്ങള്‍ നടത്തുന്ന ട്രാഫിക് നിയമങ്ങളുടെ പരസ്യമായ ലംഘനവും വിഷയമല്ലാതായി. ഇവയുടെയെല്ലാം ഭാരം മുഴുവനും പ്രകടനവും പൊതുയോഗങ്ങളും നടത്തുന്നവരുടെ തലയില്‍ വന്നു. രണ്ടുവര്‍ഷം മുമ്പുണ്ടായ കേരള ഹൈക്കോടതിവിധി ഈ വികാരത്തിന് നിയമസാധുത നല്‍കി. മറ്റെല്ലാവിധ ഗതാഗത പ്രശ്നങ്ങളെയുംകൂടി മറയ്ക്കാനും ഈ വിധി ഉപകരിച്ചു. വിധി സൃഷ്ടിച്ച കോലാഹലങ്ങളും വിധിയെ വിമര്‍ശിച്ചവര്‍ കോടതിയലക്ഷ്യക്കേസിന് ഇരയായതും നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് കേരളത്തിലെ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതായോ? വാഹനാപകടങ്ങള്‍ കുറഞ്ഞോ? ട്രാഫിക് പൊലീസ് മെച്ചപ്പെട്ട സേവനം കാഴ്ചവെയ്ക്കുന്നുണ്ടോ? റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടോ? വ്യക്തമായ ഗതാഗത നയമോ ശാസ്ത്രീയമായ നിയന്ത്രണ രൂപങ്ങളോ അധികൃതര്‍ക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞോ? വാഹനപ്പെരുപ്പത്തിനോ വാഹനങ്ങളുടെ മത്സരഓട്ടത്തിനോ ട്രാഫിക് നിയമലംഘനങ്ങള്‍ക്കോ പരിഹാരം കാണാന്‍ കഴിഞ്ഞോ? ഇവയ്ക്കൊന്നും പരിഹാരം കാണാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളില്ലെങ്കില്‍, പിന്നെയെന്തിനായിരുന്നു ആ കോടതിവിധി? വഴിയോരങ്ങളിലെ ആള്‍ക്കൂട്ടങ്ങളെങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അതുകൊണ്ട് പ്രയോജനമുണ്ടാകുമായിരുന്നു.
വഴിയോരങ്ങളിലെ ആള്‍ക്കൂട്ടങ്ങളെല്ലാം രാഷ്ട്രീയ പൊതുയോഗങ്ങളിലെ കേള്‍വിക്കാരല്ല. നിര്‍ത്താതെ ഓടിച്ചുപോകുന്ന ബസ്സുകളുടെ പുറകെ പോകാന്‍ വിധിക്കപ്പെട്ട സ്കൂള്‍ കുട്ടികള്‍ മുതല്‍ ബിവറേജസ് കോര്‍പ്പറേഷെന്‍റ മുമ്പില്‍ ""നിയമാനുസൃതം"" ക്യൂ നില്‍ക്കുന്നവര്‍വരെ നിരവധി ആള്‍ക്കൂട്ടങ്ങളെ നമുക്ക് വഴിയോരങ്ങളില്‍ കാണാം. ഇവയ്ക്കൊന്നും ഒരു കുറവുമുണ്ടായിട്ടില്ല. അതേസമയം മറ്റൊരുവിധത്തിലുള്ള ട്രാഫിക് ബ്ലോക്ക് എല്ലാവര്‍ക്കും അനുഭവമാണ്. നാട്ടിലെ ഏതൊരുത്സവത്തിനും പാതകള്‍ ബ്ലോക്ക് ചെയ്യപ്പെടും. കാവുകളിലെ ഉത്സവങ്ങളുടെ ഭാഗമായുള്ള ശിങ്കാരിമേളവും ""വെറിയാടലും"" കുറച്ചു നേരത്തേക്കാണ് ട്രാഫിക്കിനെ തടസ്സപ്പെടുത്തുക. പക്ഷേ വന്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ പെരുനാളുകളും മണിക്കൂറുകളാണ് ട്രാഫിക് തടസ്സം സൃഷ്ടിക്കുക. അതുകൊണ്ട് നിരവധി കിലോമീറ്ററുകളോളം വഴി വളച്ചുപോകേണ്ടി വരും.
ഉത്സവകലണ്ടര്‍ അറിയാതെ ഒരു സ്ഥലത്ത് എത്തിപ്പെടുന്ന ആളിന്റെയും (വാഹനത്തിന്റെയും) ഗതികേട് പറയാനുമില്ല. പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്താതിരിക്കാന്‍ ഉത്സവക്കമ്മിറ്റികള്‍ ശ്രദ്ധിക്കാറുണ്ട്. എല്ലായ്പ്പോഴും അതുണ്ടാകണമെന്നില്ല. വമ്പിച്ച ജനക്കൂട്ടമുണ്ടാകുമ്പോള്‍ ഉത്സവക്കമ്മിറ്റികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാറില്ല. ഇത്തരമൊരവസ്ഥയാണ് ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് അരങ്ങേറിയത്. പൊങ്കാലയ്ക്കുവന്ന സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ പാത കയ്യേറി. ഗതാഗതം തടസ്സപ്പെട്ടു. അത് പുനഃസ്ഥാപിക്കാന്‍ പൊലീസ് കണ്ടെത്തിയ പോംവഴി സ്ത്രീകള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി സ്വതസിദ്ധമായ ശൈലിയില്‍ "താനൊന്നുമറിഞ്ഞില്ലെ"ന്ന് അഭിനയിച്ചുവെങ്കിലും കേസെടുത്തത് പ്രതിഷേധത്തിനിടയാക്കി. കൂട്ടത്തില്‍ കോടതിക്ക് പരാതിയും പോയി. ജോര്‍ജ് ഓര്‍വലിന്റെ ഭാഷയില്‍ ഇരട്ടപ്പേച്ചും (double speak) ഇരട്ടച്ചിന്തയും (double think) ആധുനിക ഭരണകൂടങ്ങളുടെ മുഖമുദ്രകളാണ്. രാഷ്ട്രീയ പൊതുയോഗങ്ങള്‍ വഴിയോര പ്രശ്നമാണ്. ആറ്റുകാല്‍ പൊങ്കാലയും വഴിയോര പ്രശ്നമാണ്. ആറ്റുകാല്‍ മാതൃകയില്‍ നാടെങ്ങും പൊങ്കാലകള്‍ ഉയര്‍ന്നുവരുമ്പോള്‍ പൊങ്കാലയെന്ന വഴിയോര പ്രശ്നം തിരുവനന്തപുരത്തുമാത്രം ഒതുങ്ങിനില്‍ക്കുകയില്ല. പൊങ്കാല വഴിയോരത്ത് അനുവദിക്കാമെങ്കില്‍ വല്ലപ്പോഴുമൊക്കെ പൊതുയോഗങ്ങളും വഴിയോരത്ത് അനുവദിച്ചുകൂടെ? പൊങ്കാലയ്ക്കു വരുന്ന ജനം, പ്രത്യേകിച്ച് സ്ത്രീകള്‍, അത്രയധികം പുത്തരിക്കണ്ടം മൈതാനത്തെ ഒരു പൊതുയോഗത്തിലും പ്രത്യക്ഷപ്പെട്ടു കാണില്ല. പൊങ്കാലയിടുന്നവരെ ""കാണാന്‍"" തടിച്ചുകൂടുന്നവര്‍ വേറെയുമുണ്ട്. എല്ലാ ഉത്സവങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. അപ്പോള്‍ പൊങ്കാലയെയും നമുക്ക് വഴിയോരങ്ങളില്‍നിന്ന് നിഷ്കാസനം ചെയ്യേണ്ടിവരും. ഇവിടെയാണ് ഇരട്ടച്ചിന്ത പ്രത്യക്ഷപ്പെടുന്നത്.
ഒരാളുടെ മതപരമായ വിശ്വാസം ഭരണഘടനാപരമായ അവകാശമാണ്. അതിനെ ചോദ്യംചെയ്യാന്‍ പാടില്ല. സ്ത്രീകളാണ് പൊങ്കാലയിടുന്നത് എന്നതുകൊണ്ട് അത് സ്ത്രീ പ്രശ്നവും കൂടിയാകുന്നു. സ്ത്രീകളുടെ മതവിശ്വാസ പ്രകടനത്തെ ചോദ്യംചെയ്യുന്നത് ഭരണഘടനാ ലംഘനമാകും. ഹിന്ദുമതവിശ്വാസികള്‍ ഇളകുകയും ചെയ്യും. അതുകൊണ്ട് പൊങ്കാല നിഷ്കാസനംചെയ്യാന്‍ കോടതിക്കാവുകയില്ല. പക്ഷേ, ഗതാഗതക്കുരുക്കൊഴിവാക്കുകയും വേണം. മറുവശത്ത് വഴിയോര രാഷ്ട്രീയ യോഗങ്ങളില്‍ ജനങ്ങളാണ് പങ്കെടുക്കുന്നത്. അതുകൊണ്ട്, രാഷ്ട്രീയ യോഗങ്ങള്‍ ഒഴിവാക്കുന്നതുകൊണ്ട് മേല്‍പറഞ്ഞ ഭരണഘടനാ ലംഘനം ഉണ്ടാവുകയില്ല. പിന്നെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമാണ്. അവ വഴിയോരത്തില്‍ത്തന്നെ വേണമെന്നുണ്ടോ? വീട്ടിനുള്ളിലും ആഡിറ്റോറിയത്തിലും വിശിഷ്യാ ചാനലിലും അതു ചെയ്യാമല്ലോ. അപ്പോള്‍ വിശ്വാസ സ്വാതന്ത്ര്യം വഴിവക്കിലാകാം, രാഷ്ട്രീയ സ്വാതന്ത്ര്യം വഴിവക്കില്‍ വേണ്ട. ഇവിടെയാണ് ഇരട്ടപ്പേച്ച് പ്രത്യക്ഷപ്പെടുന്നത്.
വഴിവക്കിലെ പ്രശ്നം ഗതാഗതക്കുരുക്കുകളാണ്. അതുകൊണ്ട് ""വാഹനങ്ങളില്‍ ചീറിപ്പായുന്"" പൊതുജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ്. പൊതുയോഗമായാലും പൊങ്കാലയായാലും ഇക്കൂട്ടര്‍ പ്രയാസമനുഭവിക്കും. അപ്പോഴെന്തുചെയ്യണം? പൊതുയോഗക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കുക, പൊങ്കാലക്കാരെ രണ്ടുവശത്ത് പൊങ്കാലയിടുന്നതിനുപകരം ഒരുവശത്തു പൊങ്കാലയിടാന്‍ അനുവദിക്കുക. അങ്ങനെയായാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. അപ്പോള്‍ തിരുവനന്തപുരത്തെ തെരുവുകള്‍ മുഴുവന്‍ പൊങ്കാലക്കാരുടെ കയ്യിലാവില്ലേ? പൊങ്കാല കാണാന്‍ വരുന്നവരും ""അസിസ്റ്റന്റുകളും"" ഒരു ഭാഗത്തുമാത്രമായാലും ഉണ്ടാകും. അവര്‍ക്കൊക്കെ സ്ഥലം വേണ്ടേ? വേണം. അപ്പോള്‍ ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല. എന്നാലും ഭരണഘടനയെ സംരക്ഷിക്കാന്‍ കുറച്ച് ഗതാഗതക്കുരുക്ക് നല്ലതാണെന്ന അഭിപ്രായവും കോടതിക്കുണ്ടാകാം. അപ്പോള്‍ പ്രശ്നം ഗതാഗതക്കുരുക്കല്ല, രാഷ്ട്രീയമാണ്. ഗതാഗതക്കുരുക്കാണ് പ്രശ്നമെങ്കില്‍ ഗതാഗതക്കുരുക്കില്ലാത്ത വിധത്തില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം ട്രാഫിക് പൊലീസിന് നല്‍കിയാല്‍ മതിയായിരുന്നു.
ഒരുവശത്തു മാത്രമുള്ള പൊങ്കാലപോലെ, നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍ എന്ന പ്രായോഗിക നിര്‍ദ്ദേശമാകാമായിരുന്നു. ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ ഉറപ്പുവരുത്തുന്നത് കോടതിക്കു പുറത്തുള്ള സമവായത്തിന് അംഗീകാരം നല്‍കാമായിരുന്നു. ഇതൊന്നും കോടതിയുടെ മുമ്പിലുള്ള സാധ്യതകളായി വന്നില്ലെന്നുമാത്രമല്ല, സ്വന്തം കല്‍പനകളെ നാട്ടില്‍ വളര്‍ന്നുവരുന്ന ജനാധിപത്യക്രമത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുകയാണ് ചെയ്തത്. ഇതേ ശുഷ്കാന്തി മറ്റുമേഖലകളില്‍ കാണിക്കാന്‍ കോടതി തയ്യാറാകുന്നുമില്ല. ഇന്ന് വളര്‍ന്നുവരുന്ന ജനാധിപത്യ വിരുദ്ധമായ നീതിന്യായ മുറകളുടെ മറ്റൊരുദാഹരണമാണിത്. ദല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെക്കാലമായി ഫലപ്രദമായി നടന്നുവന്ന ജനാധിപത്യപരമായ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളെ അട്ടിമറിച്ചത് കോടതി വിധിയിലൂടെയാണ്. ഈയിടെ കേരളത്തിലെ ഒരു സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ ഒരു കോടതിവിധിയുടെ പിന്‍ബലത്തോടെ ക്യാമ്പസിനകത്തെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിയന്ത്രിക്കുകയുണ്ടായി. സ്കൂളുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതും മറ്റൊരു കോടതിവിധിയിലൂടെയാണ്. ഒരു രാഷ്ട്രത്തിലെ സെക്കുലര്‍ ജനാധിപത്യക്രമത്തെ ശക്തിപ്പെടുത്താന്‍ നിയുക്തരായ കോടതികള്‍ അതിനെതിരായി നീങ്ങുന്ന കാഴ്ചയാണ് ഇവിടെയെല്ലാം കാണുന്നത്. ജനാധിപത്യക്രമത്തെ തകര്‍ക്കുന്നതിനോടൊപ്പം, വിശ്വാസ പ്രമാണങ്ങളെയും പിന്തുണയ്ക്കുന്നതിന്റെപേരില്‍, നാട്ടില്‍ നിലനില്‍ക്കേണ്ട മത നിരപേക്ഷ പൊതു ഇടങ്ങളെയും മത സമുദായങ്ങള്‍ക്ക് കയ്യേറാനുള്ള അവസരങ്ങളും കോടതികള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ്? ഒരുദാഹരണത്തിലൂടെ ഈ ചോദ്യത്തന് ഉത്തരം പറയാന്‍ കഴിയും.
തൃശൂരിലെ തേക്കിന്‍കാട് പരിസരത്ത് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള അവകാശം 65 ലക്ഷം രൂപയ്ക്ക് ഒരു ഏജന്‍സിക്ക് നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. ഈ ഏജന്‍സി മുഖാന്തിരമാണ് തേക്കിന്‍കാട് പരസ്യങ്ങള്‍ സ്ഥാപിക്കുക. രാഷ്ട്രീയ പാര്‍ടികളുടേതടക്കം മറ്റെല്ലാ പരസ്യങ്ങളും സ്ഥാപിച്ചുകഴിഞ്ഞ് രണ്ടുമണിക്കൂറിനകം നീക്കം ചെയ്യപ്പെടും. രാഷ്ട്രീയ ബോര്‍ഡുകള്‍ കാണാതെ തേക്കിന്‍കാട്ടിലൂടെ ജനങ്ങള്‍ക്ക് സ്വൈരമായി സഞ്ചരിക്കാം. അതിനുപകരം, മള്‍ട്ടിനാഷണലുകളുടേതടക്കം എല്ലാവിധ പരസ്യങ്ങളും യഥേഷ്ടം കാണുകയുമാവാം. തൃശൂര്‍പൂരംപോലെ തേക്കിന്‍കാട് മൈതാനം തിങ്ങി നിറയുന്ന അവസരങ്ങളില്‍ പരസ്യങ്ങള്‍വഴി കൊള്ളലാഭമുണ്ടാക്കുകയും ചെയ്യാം. പരസ്യങ്ങളില്‍വരുന്ന അല്‍പ വസ്ത്രധാരിണികളുടെയും "സിക്സ്പാക്ക്" പുരുഷന്മാരുടെയും ഭീമാകാരമായ മോഡലുകള്‍ കണ്ടു വാ പൊളിക്കുന്നവര്‍ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് വികസനത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുകയും ചെയ്യാം. മുമ്പ് ജനാധിപത്യത്തിന്റെ വികാസത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന ഇടങ്ങളെല്ലാം വാണിജ്യ ഏജന്‍സികള്‍ കയ്യടക്കുന്നതിന്റെ രൂപമാണിത്. വഴിയുടെ ഒരു ഭാഗത്ത് പൊങ്കാലകള്‍ അരങ്ങേറുമ്പോള്‍ മറുഭാഗത്ത് പരസ്യപലകകളും നിയോണ്‍ ലാമ്പുകളും വരുന്നു. ജനങ്ങളും ജനാധിപത്യവും പുറത്താവുകയും ചെയ്യുന്നു. ഇതിനുള്ള പാതയൊരുക്കുകയല്ലേ കോടതി ചെയ്യുന്നത്? നീതിയുടെ കണ്ണുകള്‍ എപ്പോഴും കെട്ടിമൂടപ്പെട്ടിരിക്കുകയാണെന്നാണ് പറയാറ്. അതുകൊണ്ട് അത് ജനങ്ങളെയും ജനാധിപത്യക്രമങ്ങളെയും കാണുന്നില്ല. സെക്കുലര്‍ ജനാധിപത്യ രൂപങ്ങളെയും പൊതു ഇടങ്ങളുടെ വ്യാപനത്തെയും അംഗീകരിക്കാത്ത കോടതിക്ക് നീതിയോ ന്യായമോ സംരക്ഷിക്കാനും കഴിയുകയില്ല.
*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക
Subscribe to:
Post Comments (Atom)
No comments:
Post a Comment