Saturday, April 28, 2012

കര്‍ഷകപോരാട്ടത്തിലെ പുതിയ അധ്യായം

കേരള കര്‍ഷകസംഘം നേതൃത്വംനല്‍കിയ പഞ്ചദിന സത്യഗ്രഹം, കേരളത്തിലെ കര്‍ഷകപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനംപിടിക്കുകയാണ്. അഞ്ചുദിവസം കേരളത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ സഹനസമരത്തിലാണ് ഏര്‍പ്പെട്ടത്. കൃഷിയെയും കൃഷിക്കാരെയും പാര്‍ശ്വവല്‍ക്കരിച്ച് വന്‍കിടകളെ ഊട്ടിവളര്‍ത്തുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ താക്കീതായി ഈ സമരം മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഈ സമരത്തിലൂടെ കര്‍ഷക കേരളം ആവശ്യപ്പെട്ടത്, കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തന്നെ തകര്‍ച്ചയാണെന്ന യാഥാര്‍ഥ്യമാണ് സമര വളന്റിയര്‍മാര്‍ വിളിച്ചോതിയത്.

"ജയ് കിസാന്‍" വിളികള്‍ ഭരണാധികാരികളില്‍ നിന്ന് കേള്‍ക്കാനില്ല. കൃഷിക്ക് നല്‍കിവന്ന പിന്തുണയും സഹായവും പിന്‍വലിച്ച് ചെറുകിട കര്‍ഷകരെ കൃഷിയില്‍ നിന്ന് ആട്ടിയോടിക്കുകയാണ്. ഭൂപരിഷ്കരണനിയമങ്ങളും ഭൂപരിധിനിയമങ്ങളും ലംഘിച്ച് കൃഷിഭൂമി വ്യാപാരാവശ്യങ്ങള്‍ക്ക് കൈമാറുന്നു. ബഹുരാഷ്ട്ര കോര്‍പറേറ്റുകളിലും വന്‍കിട കമ്പനികളിലും ഭൂവുടമസ്ഥത കേന്ദ്രീകരിക്കുന്നു. നാടനും മറുനാടനുമായ വന്‍കിട കോര്‍പറേറ്റുകള്‍ കാര്‍ഷികരംഗം കൈയടക്കുന്നു. രണ്ടു ദശാബ്ദമായി നടപ്പാക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണനയങ്ങളുടെ ദുരന്തഫലമാണ് പെരുകുന്ന കര്‍ഷക ആത്മഹത്യ. ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കാര്‍ഷിക ജനസാമാന്യത്തിന്റെ ജീവിത തകര്‍ച്ചയാണ് ആത്മഹത്യകളായി പരിണമിക്കുന്നത്. 1995നും 2012നും ഇടയില്‍ രാജ്യത്ത് ഏകദേശം 2,70,000 കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് കേരളവും കര്‍ഷക ആത്മഹത്യകളുടെ നാടായി. വയനാട്ടില്‍ മാത്രം മുന്നൂറിലേറെ കര്‍ഷകരാണ് കടംകയറി മരണം സ്വയംവരിച്ചത്.

ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടെ കാര്‍ഷികനയങ്ങളില്‍ അടിസ്ഥാനമാറ്റം വന്നു. കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്നതും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടക്കൃഷി വിപുലീകരിക്കുന്നതുമായ നവ ഉദാരവല്‍ക്കരണനയം കാര്‍ഷിക സമ്പദ്ഘടനയെ തകിടംമറിച്ചിരിക്കുന്നു. കാര്‍ഷികമേഖലയിലേക്കുള്ള നീക്കിയിരുപ്പ് 1980കളില്‍ ജിഡിപിയുടെ 14.5 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ 5.5 ശതമാനമായി ചുരുക്കി. കാര്‍ഷിക തൊഴില്‍ ലഭ്യത വന്‍തോതില്‍ ഇടിഞ്ഞു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍, സബ്സിഡി വെട്ടിക്കുറയ്ക്കല്‍, കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലത്തകര്‍ച്ച, ഉല്‍പ്പാദനച്ചെലവിലെ വന്‍ വര്‍ധന ഇവയെല്ലാം കാര്‍ഷികത്തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞത് ഉല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചു. നാണ്യവിളകളുടെ വിലസ്ഥിരത ഇല്ലായ്മ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് വന്‍ ഭീഷണിയായി. കാര്‍ഷികമേഖലയെ കുരുതി കൊടുത്താണ് കോര്‍പറേറ്റ് ലാഭക്കൊതിയന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന വാണിജ്യ കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളികളാകുന്നത്. ബഹുരാഷ്ട്ര ഭീമന്മാര്‍ വില നിശ്ചയിക്കുന്ന എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലയിടിവാണ്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശമൂലധന നിക്ഷേപത്തിന് അനുവാദം നല്‍കുന്ന പ്രഖ്യാപനത്തോടെ പ്രതീക്ഷയറ്റ വിഭാഗമായി കാര്‍ഷിക ജനസാമാന്യം മാറി. ഒമ്പതു ശതമാനം ജിഡിപി വളര്‍ച്ചയില്‍ ഭരണകൂടം ഊറ്റംകൊള്ളുമ്പോള്‍ ഗ്രാമീണ കൃഷിക്കാരന്‍ ഉല്‍പ്പാദനച്ചെലവിനായി കൊള്ളപ്പലിശക്കാരന്റെ മുമ്പില്‍ കൈനീട്ടുകയാണ്. ഭരണകൂടം സൃഷ്ടിച്ച വന്‍ദുരന്തമാണ് കാര്‍ഷിക ആത്മഹത്യകള്‍. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിയില്ലെന്നാണ് പെരുകുന്ന ആത്മഹത്യകള്‍ തെളിയിക്കുന്നത്. ഭൂമിയില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന പാവപ്പെട്ട കൃഷിക്കാരന്റെ ദൈന്യതയുടെ സ്വാഭാവിക പരിണാമമാണ് ഈ ആത്മഹത്യകള്‍. കേന്ദ്രത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ക്കാണ് ഈ ദുഃസ്ഥിതിയുടെ പൂര്‍ണ ഉത്തരവാദിത്തം. 2001-2006ലെ യുഡിഎഫ് ഭരണത്തില്‍ പെരുകുന്ന കാര്‍ഷിക ആത്മഹത്യകള്‍ നിത്യസംഭവങ്ങളായിരുന്നു. 2006ലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ ആ ദുഃസ്ഥിതിക്ക് വിരാമമിട്ടു. കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയും ആത്മഹത്യചെയ്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തറവില വര്‍ധിപ്പിച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ആ സര്‍ക്കാര്‍ നടത്തിയത്. രാജ്യത്തിനു മാതൃകയായ കാര്‍ഷിക കടാശ്വാസ കമീഷനെ നിയമിച്ച് പതിനായിരക്കണക്കിന് കൃഷിക്കാരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു.

ഉമ്മന്‍ചാണ്ടി നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷക ആത്മഹത്യകള്‍ കേരളത്തിന്റ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വീണ്ടും പഴയ ആത്മഹത്യക്കാലം തിരിച്ചെത്തിയിട്ടും സര്‍ക്കാരിന് അനക്കമില്ല. പതിനായിരക്കണക്കിന് കൃഷിക്കാര്‍ക്ക് പണം തിരിച്ചടവിനായുള്ള ബാങ്ക് നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ജപ്തിനോട്ടീസുകള്‍ പ്രവഹിക്കുന്നു. ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. വയനാട്ടില്‍ മരിച്ച കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുപോലും കഴിഞ്ഞിട്ടില്ല. സംഭരണം സര്‍ക്കാരിന്റെ അജന്‍ഡയല്ല. നെല്‍ക്കൃഷിക്കാര്‍ക്ക് നെല്ല് എവിടെ കൊടുക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നാളികേര കര്‍ഷകര്‍ ദുരിതത്തിലാണ്. വന്‍കിട ടയര്‍കമ്പനികള്‍ ആഫ്രിക്കയിലും മറ്റും ഭൂമി സമ്പാദിച്ച് വന്‍തോതില്‍ റബര്‍കൃഷി തുടങ്ങുന്നു. റബര്‍ കര്‍ഷകരുടെ ഭാവിയില്‍ ആശങ്കയുടെ കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആയിരക്കണക്കിന് കൈവശ കൃഷിക്കാര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. റവന്യൂ ഭൂമി പ്രോജക്ടിനുവേണ്ടി നീക്കിവച്ചതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ ഭൂമി, മിച്ചഭൂമി തുടങ്ങിയ വിവിധയിനം ഭൂമിയാണ് കൃഷിക്കാരുടെ കൈവശമുള്ളത്. ഭൂപരിഷ്കരണനിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് മിച്ചഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കാന്‍ തയ്യാറാകാത്ത സ്ഥിതി തുടരുന്നു. കോടതി തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ കാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ അധികാരികള്‍ മനഃപൂര്‍വം അനാസ്ഥ കാട്ടുന്നു. വൈദ്യുതിചാര്‍ജ് വര്‍ധനയും മണ്ണെണ്ണക്വാട്ട വെട്ടിക്കുറച്ചതും ജലസേചനത്തിന്റെ അഭാവവും കേരളത്തിലെ കാര്‍ഷികദുരിതം ഇരട്ടിപ്പിച്ചു. സംസ്ഥാനത്തെ ഒരു ജലസേചന പദ്ധതിയും നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല- അക്കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുമില്ല. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കേന്ദ്ര- കേരള സര്‍ക്കാരുകളുടെ നയസമീപനങ്ങള്‍ തിരുത്തിക്കേണ്ടതുണ്ട്.

ദുരന്തമേഖലകളിലെ ചെറുകിട കൃഷിക്കാരുടെ എല്ലാ തരത്തിലുമുള്ള കടങ്ങളും എഴുതിത്തള്ളേണ്ടതുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭാധിഷ്ഠിതമായ തറവില നിശ്ചയിക്കണം. കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പാക്കണം. കാര്‍ഷിക കടാശ്വാസ കമീഷന്‍ ശുപാര്‍ശ ചെയ്ത കടങ്ങള്‍ എഴുതിത്തള്ളാന്‍ തുക അനുവദിക്കണം. ആയിരക്കണക്കിന് കൈവശക്കൃഷിക്കാര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. മിച്ചഭൂമിയായി പ്രഖ്യാപിച്ച ആയിരക്കണക്കിന് ഏക്കര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് കര്‍ഷകര്‍ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. ഈ ഒരു സമരം കൊണ്ട് സര്‍ക്കാര്‍ നയം മാറ്റുമെന്നോ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നോ കരുതാനാകില്ല. വളരുന്ന കര്‍ഷകരോഷത്തിന്റെ തുടക്കമെന്ന നിലയില്‍ ഈ സമരത്തെ കാണേണ്ടതുണ്ട്. ഈ സമരം കൂടുതല്‍ കരുത്തോടെ രാജ്യമൊട്ടാകെ വളര്‍ന്നുവരേണ്ടതുണ്ട്. നിശ്ചയിക്കപ്പെട്ടവരാണ് സമരത്തില്‍ പങ്കെടുത്തതെങ്കിലും സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ സമരത്തിന് പിന്തുണയറിയിക്കാന്‍ ഒഴുകിയെത്തി. ആവേശകരമായ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് വിവിധ ജനസമൂഹങ്ങളില്‍നിന്ന് കര്‍ഷക സമരത്തിനു ലഭിച്ചത്. എന്നാല്‍, നിയമത്തിന്റെ ആയുധം വീശി സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമരത്തെ സര്‍ക്കാര്‍ അനുവാദമില്ലാത്ത നിയമവിരുദ്ധ കൂടിച്ചേരലായി ചിത്രീകരിച്ച് കേസുകളെടുത്തു. പൊലീസിനെ വിട്ട് സമരവളന്റിയര്‍മാരെ ഭീഷണിപ്പെടുത്തി. അങ്ങനെയുള്ള അടിച്ചമര്‍ത്തല്‍ ശ്രമങ്ങളാകെ തൃണവല്‍ഗണിച്ചാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം സമരം വമ്പിച്ച വിജയമായത്. ഈ കര്‍ഷകവികാരം സര്‍ക്കാരുകള്‍ കണ്ടില്ലെങ്കില്‍, കൂടുതല്‍ രൂക്ഷമായ പ്രക്ഷോഭത്തിനാകും ഇനിയുള്ള നാളുകളില്‍ ഈ നാട് വേദിയാകുക എന്നുകൂടിയാണ് പഞ്ചദിനസമരത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടത്.

*
ഇ പി ജയരാജന്‍ ദേശാഭിമാനി 28 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള കര്‍ഷകസംഘം നേതൃത്വംനല്‍കിയ പഞ്ചദിന സത്യഗ്രഹം, കേരളത്തിലെ കര്‍ഷകപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ സ്ഥാനംപിടിക്കുകയാണ്. അഞ്ചുദിവസം കേരളത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ സഹനസമരത്തിലാണ് ഏര്‍പ്പെട്ടത്. കൃഷിയെയും കൃഷിക്കാരെയും പാര്‍ശ്വവല്‍ക്കരിച്ച് വന്‍കിടകളെ ഊട്ടിവളര്‍ത്തുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരായ താക്കീതായി ഈ സമരം മാറി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഈ സമരത്തിലൂടെ കര്‍ഷക കേരളം ആവശ്യപ്പെട്ടത്, കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തന്നെ തകര്‍ച്ചയാണെന്ന യാഥാര്‍ഥ്യമാണ് സമര വളന്റിയര്‍മാര്‍ വിളിച്ചോതിയത്.