Saturday, April 21, 2012

അഭിമാനകരമായ നേട്ടം

അയ്യായിരം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള അഗ്നി-5 ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി തൊടുത്തുവിട്ട് ഇന്ത്യയുടെ പ്രതിരോധശേഷി വന്‍തോതില്‍ വര്‍ധിപ്പിച്ചത് അഭിമാനകരമായ നേട്ടമാണ്. ഈ മഹത്തായ വിജയത്തിനു പിന്നില്‍ അഹോരാത്രം വിശ്രമരഹിതമായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച വിദഗ്ധരായ ശാസ്ത്രജ്ഞരെ ഞങ്ങള്‍ നിറഞ്ഞഹൃദയത്തോടെ അനുമോദിക്കുന്നു. അഗ്നി-5ന്റെ പരീക്ഷണവിജയത്തോടെ മിസൈല്‍രംഗത്ത്, റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സ്ഥാനം നേടിയിരിക്കുന്നു. 50 ടണ്‍ ഭാരമുള്ള ഈ മിസൈലിന് 1.1 ടണ്‍ ഭാരമുള്ള ആണവപോര്‍മുന വഹിക്കാന്‍ കഴിയും.

അണുശക്തി പ്രതിരോധത്തിനു മാത്രമേ ഉപയോഗിക്കൂ, മറ്റുള്ളവരെ ആക്രമിക്കാന്‍ ഉപയോഗിക്കുകയില്ല എന്ന് പ്രഖ്യാപിച്ച രാഷ്ട്രമാണ് ഇന്ത്യ. ആദ്യം മിസൈല്‍ ആക്രമണം നടത്തുകയില്ലെന്നും ആക്രമണത്തിന് തിരിച്ചടിനല്‍കാന്‍ മാത്രമേ ശക്തി ഉപയോഗിക്കുകയുള്ളൂ എന്നും ഇന്ത്യ ഇതിനകം വ്യക്തമാക്കിയതാണ്. അത് ശരിയായ നിലപാടാണുതാനും. ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. തൊള്ളായിരത്തിഅറുപതുകളില്‍ നിര്‍ഭാഗ്യകരമായ അതിര്‍ത്തിത്തര്‍ക്കമുണ്ടായി. സംഘര്‍ഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. തര്‍ക്കം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘദൃഷ്ടിയുള്ള എല്ലാവരും പറഞ്ഞത്. ചര്‍ച്ച പലവട്ടം നടന്നുകഴിഞ്ഞു. ഇരുരാഷ്ട്രങ്ങളും തമ്മില്‍ സാംസ്കാരിക ബന്ധവും വ്യാപാര ബന്ധവും മറ്റും സ്ഥാപിക്കപ്പെട്ടു. സൗഹൃദചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ചൈന ഇന്ത്യയുടെ ശത്രുരാജ്യമായി കരുതേണ്ടതില്ല.

ഇതാണ് യഥാര്‍ഥ വസ്തുതയെങ്കിലും "ചൈനയും കടന്നു പറക്കാന്‍ അഗ്നിച്ചിറകേറി ഇന്ത്യ" എന്നാണ് ഒരു പത്രം വാര്‍ത്തയ്ക്ക് തലക്കെട്ടു നല്‍കിയത്. വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ ഇങ്ങനെ കാണുന്നു.

""വിക്ഷേപണം സംബന്ധിച്ച് ചൈന കരുതലോടെയാണ് പ്രതികരിച്ചത്. ഇരുരാജ്യങ്ങളും എതിരാളികളല്ല. പങ്കാളികളാണെന്ന് ചൈനീസ് സര്‍ക്കാര്‍ വക്താവ് ലിയുവീമിന്‍ പറഞ്ഞു. സര്‍ക്കാര്‍ ഔദ്യോഗികമായി തുറന്നുപറയുന്നില്ലെങ്കിലും ചൈനയും പ്രഹരപരിധിക്കുള്ളിലായതോടെ ഇന്ത്യക്കെതിരായി ആക്രമണം നടത്താനുള്ള സാധ്യത തടയുന്ന ശക്തമായ ആയുധമായി മാറി അഗ്നി- 5"".

എഴുതാപ്പുറം വായിക്കുന്ന ഈ കഴിവ് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അഗ്നി-5 മിസൈല്‍ അയല്‍രാജ്യമായ ചൈനക്കെതിരെ പ്രയോഗിക്കാനാണെന്ന ധ്വനി യാദൃച്ഛികമായി ഉള്‍പ്പെട്ടുപോയതല്ല. ഇന്ത്യയെ ചൈനക്കെതിരെ ആക്രമണത്തിന് ഉപയോഗപ്പെടുത്തണമെന്ന് അമേരിക്കന്‍ സാമ്രാജ്യത്വം ആഗ്രഹിക്കുന്നു. അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. ചൈന ഇതേവരെ ഒരു രാജ്യവും ആക്രമിച്ചു കീഴ്പ്പെടുത്തിയ ചരിത്രമില്ല. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം അതല്ല. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ എന്നീ രാഷ്ട്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണം സമീപകാലത്തുണ്ടായതാണ്. യഥാര്‍ഥ അക്രമിരാഷ്ട്രമാണ് യുഎസ്എ. പാകിസ്ഥാനെപ്പോലും ആക്രമിക്കാന്‍ കോപ്പുകൂട്ടുന്ന അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. 1947ല്‍ സ്വാതന്ത്ര്യം നേടിയ നാള്‍മുതല്‍ പാകിസ്ഥാന്‍ നാറ്റോ, സിയാറ്റോ, സെന്‍റോ എന്നീ സാമ്രാജ്യത്വ സഖ്യങ്ങളില്‍ അംഗത്വമുള്ള രാഷ്ട്രമാണ്. എന്നിട്ടും പാകിസ്ഥാന്റെ അതിര്‍ത്തി അതിക്രമിച്ച് കടന്ന് ആക്രമണം അഴിച്ചുവിടാന്‍ മടിയില്ലാത്ത രാജ്യമാണ് യുഎഎസ്എ.

എന്നിട്ടും അഗ്നി-5 മിസൈല്‍ പരീക്ഷണാര്‍ഥം തൊടുത്തുവിട്ടപ്പോള്‍ അത് ചൈനയ്ക്കെതിരെ പ്രയോഗിക്കാനുള്ളതാണെന്ന് വ്യാഖ്യാനിക്കുന്നതിനുപിന്നിലെ ചേതോവികാരം വിചിത്രമാണ്. കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഒരുതരം ഭ്രാന്തിന്റെ രൂപം പ്രാപിച്ച മട്ടുണ്ട് ഇത് കണ്ടാല്‍. അതിമഹത്തായ ഒരു പരീക്ഷണത്തിന്റെ വിജയത്തില്‍ കരിതേയ്ക്കാന്‍ നടത്തിയ മാധ്യമശ്രമം അപലപനീയമാണെന്ന് സൂചിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ക്ഷീരമുള്ളോരകിടിന്‍ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം.

*
ദേശാഭിമാനി മുഖപ്രസംഗം ൨൧ ഏപ്രില്‍ ൨൦൧൨

1 comment:

വര്‍ക്കേഴ്സ് ഫോറം said...