സംസ്ഥാനത്തെ റേഷന്‍ ഡിപ്പോകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം നിലച്ചിരിക്കുന്നു. ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ മണ്ണെണ്ണ വിതരണം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് ഈ ജനദ്രോഹ നടപടി ഉണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് അനുവദിച്ച മണ്ണെണ്ണ ക്വാട്ട അടിക്കടി വെട്ടിക്കുറയ്ക്കുന്നു. അത് തെറ്റാണെന്ന് തന്റേടത്തോടെ പറയാനും അര്‍ഹതപ്പെട്ട വിഹിതത്തിനുവേണ്ടി ശബ്ദമുയര്‍ത്താനും ഇവിടെ ഒരു സര്‍ക്കാരില്ല. സര്‍ക്കാരെന്ന പേരില്‍ അധികാര കസേരയില്‍ ചടഞ്ഞു കൂടിയിരിക്കുന്നവര്‍ക്ക് 'അഞ്ചാം മന്ത്രി' എന്നും മറ്റും പേരുള്ള രാഷ്ട്രീയ തമാശകളിലാണ് താല്‍പര്യം. ജാതിമത ശക്തികളുടെ നെറ്റി ചുളിയാതിരിക്കാന്‍ മന്ത്രിപ്പശുക്കളെ (അതോ മച്ചിപ്പശുക്കളോ) തൊഴുത്തു മാറ്റി കെട്ടാന്‍ അവര്‍ക്ക് സമയവും സാമര്‍ഥ്യവുമുണ്ട്. പാവപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട മണ്ണെണ്ണ കണക്ക് പറഞ്ഞ് നേടിയെടുക്കാന്‍ അവര്‍ക്ക് സമയവുമില്ല സാമര്‍ഥ്യവുമില്ല.
കഴിഞ്ഞ മാസം കേരളത്തിന് കേന്ദ്രം അനുവദിച്ചത് 15,960 കിലോ ലിറ്റര്‍ മണ്ണെണ്ണയായിരുന്നു. ഈ മാസം 10,016 കിലോ ലിറ്ററാണ് അവര്‍ ഔദാര്യപൂര്‍വ്വം അനുവദിച്ചത്. 5944 കിലോ ലിറ്റര്‍ വെട്ടിക്കുറച്ചപ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്താണെന്ന് കേന്ദ്രത്തിലെ ഭരണപ്രഭുക്കള്‍ ചിന്തിച്ചില്ല. ഇവിടെ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിഗും പ്രഖ്യാപിതമായും അപ്രഖ്യാപിതമായും നടക്കുന്ന കാര്യം അവര്‍ കണക്കിലെടുത്തതേയില്ല. പവര്‍കട്ടു വേളയില്‍ ഇരുട്ടില്‍ കഴിയുന്ന കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങള്‍ക്കും മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. അപ്പോള്‍ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കുകയാണ് ഇന്ത്യയെ ഒന്നായി കാണുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ വിഹിതം വെട്ടിക്കുറയ്ക്കുകയാണ് അവര്‍ ചെയ്തത്. ഈ തീരുമാനം 70 ലക്ഷത്തില്‍പ്പരം മണ്ണെണ്ണ ഉപയോക്താക്കളെ ഇരുട്ടിലാക്കുകയാണ്. പൊതൂ കമ്പോളത്തില്‍ നിന്ന് മൂന്നും നാലും ഇരട്ടിവില നല്‍കി മണ്ണെണ്ണ വാങ്ങാന്‍ അവര്‍ക്ക് കെല്‍പ്പില്ല. ആ മനുഷ്യര്‍ക്കു നേരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇരുട്ടടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
മണ്ണെണ്ണയുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമാകാന്‍ ഈ നടപടി വഴി തെളിക്കും. മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ ലഭ്യതയെയും ഇത് പ്രതികൂലമായി ബാധിക്കും. 32,000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിച്ചാലേ കേരളത്തിന്റെ ആവശ്യങ്ങള്‍ കഷ്ടിച്ച് നിറവേറ്റാന്‍ കഴിയൂ. അതാണ് കേന്ദ്ര സര്‍ക്കാര്‍ മര്യാദകെട്ട രീതിയില്‍ വെട്ടിക്കുറച്ച് ഇപ്പോള്‍ 10,016ല്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇത്തരത്തില്‍ കേരളത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഇത്തരം നടപടികളില്‍ ഡല്‍ഹി ഭരണക്കാര്‍ പുലര്‍ത്തുന്ന മാനദണ്ഡമെന്താണെന്ന് ചോദിക്കേണ്ട. വിലനിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിനോട് ജനതാല്‍പര്യങ്ങളെക്കുറിച്ചോ മാനദണ്ഡങ്ങളെക്കുറിച്ചോ ചോദിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.
ഈ നടപടി കടുത്ത ജനദ്രോഹമാണെന്ന് ഇന്നലെ ചുമതലയേറ്റ വകുപ്പു മന്ത്രിയുടെ പാര്‍ട്ടി ചെയര്‍മാന്‍ പരസ്യമായി പറഞ്ഞിരിക്കുന്നു. ഇതുവരെ വകുപ്പ് കയ്യാളിയ മന്ത്രിയെ ഉത്തരവിറക്കിയതിന്റെ പേരില്‍ ചെയര്‍മാന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. പുതിയ മന്ത്രിയെ ചെയര്‍മാന്‍ വലയ്ക്കരുതെന്നായിരുന്നു അപ്പോള്‍ പഴയ മന്ത്രിയുടെ പ്രതികരണം. ഇതില്‍ പുതിയ മന്ത്രിയും പഴയ മന്ത്രിയും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യം? കേരളത്തിന്റെ കാര്യങ്ങള്‍ കേന്ദ്രത്തില്‍ യഥോചിതം അവതരിപ്പിക്കാന്‍ ഒരു ഭരണ സംവിധാനം ഇവിടെയുണ്ടോ എന്നതാണ് ചോദ്യം. ആഴ്ച തോറും 'ഹൈക്കമാന്‍ഡിനെയും മാഡത്തിനെയും പി എമ്മിനെയും' മുഖം കാണിക്കാന്‍ പോകുന്ന മുഖ്യമന്ത്രിക്ക് ഇതിലൊന്നും ഇടപെടാന്‍ നേരമില്ല. ഫോര്‍മുലയും പുനസ്സംഘടനയും വകുപ്പുമാറ്റവുമെല്ലാം പൊടിപൊടിക്കുമ്പോള്‍ അതില്‍ ജനങ്ങളെ ബാധിക്കുന്നതെന്തെങ്കിലും ഉണ്ടായിരുന്നോ? 'അതിവേഗം ബഹുദൂരം' എന്ന് പറഞ്ഞാല്‍ അതിനര്‍ഥം ഇങ്ങനെയെല്ലാമാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്. ഈ ജനവഞ്ചനയ്ക്കു മുമ്പില്‍ തലകുനിച്ചിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല.
മണ്ണെണ്ണ വിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് എത്രയുംവേഗം പിന്‍വലിക്കണം. പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും പരിഗണിച്ച് കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കുകയാണ് വേണ്ടത്. അതിന് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. യു ഡി എഫ് രാഷ്ട്രീയത്തിലെ ചതുരംഗക്കളിയെക്കാള്‍ പ്രാധാന്യം അതിനാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം ഭരണം നയിക്കുന്നവര്‍ക്കുണ്ടാകണം. അത് താനേ ഉണ്ടാകുമെന്ന് കരുതുകവയ്യ. വെട്ടിക്കുറച്ച മണ്ണെണ്ണ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തി ജനകീയ പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ബഹുജനപ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിന്റെ ഗൗരവം കണക്കിലെടുക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്.
*
ജനയുഗം മുഖപ്രസംഗം 14 ഏപ്രില്‍ 2012
Subscribe to:
Post Comments (Atom)
1 comment:

Post a Comment