അനുദിനം കുതിച്ചുകയറുകയാണ് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലകള്‍. വാണംപോലെ വിലകയറുന്നു എന്നതാണ് പഴയശൈലി. ജനതാല്‍പര്യങ്ങളെ ലാഭതാല്‍പര്യങ്ങള്‍ക്കു മുമ്പില്‍ അടിയറ വയ്ക്കുന്ന ആഗോളവല്‍ക്കരണകാലത്ത് വാണത്തിനുപോലും വിലകള്‍ കയറുംപോലെ മുകളിലേക്കു പോകാനാകില്ല. സാമ്രാജ്യത്വ ജനങ്ങളുടെ പരിമിതമായ വരുമാനവും പരിധിയില്ലാതെ കുതിക്കുന്ന വിലകളും തമ്മിലുള്ള മത്സരത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുന്നത് ജനങ്ങളാണ്. തോല്‍ക്കാതിരിക്കാന്‍ ജനങ്ങളെ സഹായിക്കേണ്ട കടമയുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല നില്‍ക്കുന്നത്. വിലക്കയറ്റത്തിന്റെ ദുര്‍ഭൂതങ്ങളെ തുറന്ന് വിട്ട് ജനങ്ങളെ പിഴിയുന്ന സാമ്പത്തിക ശക്തികളുടെ കാര്യസ്ഥപണിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിധേയപൂര്‍വം ഏറ്റെടുത്തിരിക്കുന്നത്.
വില വര്‍ധനവില്‍ ജനങ്ങള്‍ വലഞ്ഞുപോയ വിഷു കഴിഞ്ഞു. ഇനി ഓണവും ബക്രീദും ക്രിസ്തുമസും എല്ലാം വരും. ഓരോ ഉത്സവങ്ങളും പെരും കൊള്ളയ്ക്കുള്ള അവസരമായാണ് ലാഭക്കൊതിയന്മാര്‍ കാണുന്നത്. ഇടയ്ക്കുള്ള മാസങ്ങളില്‍ വിലക്കയറ്റത്തിന് ഇളവുണ്ടാകുമെന്ന് ആരും വ്യാമോഹിക്കുന്നില്ല. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവും മണ്ണെണ്ണ ക്വാട്ട വെട്ടിച്ചുരുക്കിയതും ചരക്കുകൂലി വര്‍ധനയും എല്ലാം നയിക്കുന്നത് വിലവര്‍ധനവിലേക്കുതന്നെ. ഇതിനിടയിലൂടെ കരിചന്തയും പൂഴ്ത്തിവെയ്പ്പും വ്യാപകമാകും. അവര്‍ക്കെതിരായി പലപ്പോഴും ഒരു പ്രസ്താവന ചെയ്ത് ഒരൊറ്റ കരിഞ്ചന്തക്കാരന്റെയോ പൂഴ്ത്തിവെപ്പുകാരന്റെയോ മേല്‍ കൈവെയ്ക്കാന്‍ ഗവണ്‍മെന്റിന് ധൈര്യമില്ല. ഒരേ താല്‍പര്യങ്ങള്‍ പങ്കിടുന്ന കൂട്ടുകച്ചവടക്കാരെ പോലെയാണ് ജനദ്രോഹശക്തികളും ഭരണക്കാരും പ്രവര്‍ത്തിക്കുന്നത്.
വിലവര്‍ധനവിന്റെ പിറകില്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളുണ്ട്. കമ്പോളശക്തികള്‍ കടിഞ്ഞാണ്‍ പിടിക്കുന്ന താല്‍പര്യങ്ങളാണത്. അതിനാല്‍ വിലവര്‍ധനവിനെതിരായ സമരം ആ സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ക്കും അതിന്റെ സൃഷ്ടാക്കളായ കമ്പോള മൗലിക വാദികള്‍ക്കും എതിരായ സമരമാണ്. ഈ വ്യക്തമായ ധാരണയോടെയാണ് ഏപ്രില്‍ 26 ന് വിലവര്‍ധനവിനെതിരായ പ്രതിഷേധദിനം ആചരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അവശ്യ സാധനങ്ങളുടേയും പച്ചക്കറിയുടേയും വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. സവാളയ്ക്ക് കിലോയ്ക്ക് 60 രൂപയും ചുവന്ന മുളകിന് 20 രൂപയില്‍ നിന്ന് 35 രൂപയായും ക്യാരറ്റിന് 30 രൂപയില്‍ നിന്നും 40 രൂപയായും തക്കാളിക്ക് 20 രൂപയില്‍ നിന്ന് 32 രൂപയായും കോഴിയിറച്ചിക്ക് 65 ല്‍ നിന്ന് 98 രൂപയായും ബ്രോയ്‌ലര്‍ കോഴിക്ക് 160 ആയും വഴുതിനങ്ങയ്ക്ക് 20 ല്‍ നിന്ന് 30 രൂപയായും പാവയ്ക്കക്ക് 40 ല്‍ നിന്ന് 60 രൂപയായും ബസ്മതിപോലുള്ള അരിക്ക് 80 ല്‍ നിന്ന് 85-90 ആയും സാധാരണ ഇനം അരിക്ക് 32-34 ല്‍ നിന്ന് 34-36 ആയും പോത്തിറച്ചിക്ക് 270 ആയും പഞ്ചസാരയ്ക്ക് 60 രൂപയായും വില ഉയര്‍ന്നു. ഇതിനു പുറമേയാണ് പെട്രോള്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയിലുണ്ടായിരിക്കുന്ന വില വര്‍ധനവ്. ഓയില്‍ ആന്‍ഡ് ഗ്യാസ് റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനമനുസരിക്കുകയാണെങ്കില്‍ പെട്രോളിന് ലിറ്ററിന് 96 രൂപയും മണ്ണെണ്ണയ്ക്ക് 99.96 രൂപയും നല്‍കേണ്ടി വരും.
പൊള്ളുന്ന വിലകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുവിതരണ സംവിധാനത്തിന് ഒരു പരിധിയോളം കഴിയും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റുകള്‍ ഭരിച്ചപ്പോഴെല്ലാം കേരളം ഇത് തെളിയിച്ചിട്ടുണ്ട്. സാര്‍വത്രികമായ റേഷന്‍സമ്പ്രദായവും പഞ്ചായത്തുകള്‍ തോറുമുള്ള മാവേലി സ്റ്റോറുകളും ഉത്സവകാലങ്ങളിലെ സമഗ്രനടപടികളും എല്‍ ഡി എഫ് ഭരണത്തില്‍ എത്രയും ഫലപ്രദമാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. യു ഡി എഫ് വരുമ്പോള്‍ എല്ലാം തലതിരിഞ്ഞുപോകുന്നതും തകിടം മറിയുന്നതും ജനങ്ങളുടെ അനുഭവമാണ്. ഇതേ പശ്ചാത്തലത്തിലാണ് പൊതുവിതരണ സമ്പ്രദായം ശക്തമാക്കണമെന്നും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയണമെന്നും ഏപ്രില്‍ 26 ന്റെ പ്രക്ഷോഭണത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ആവശ്യപ്പെടുന്നത്.
32000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിച്ചാലേ റേഷന്‍ ഡിപ്പോകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം നേരാംവണ്ണം നടത്താന്‍ കഴിയൂ. എന്നാല്‍ അത് വെട്ടിച്ചുരുക്കി 10016 കിലോലിറ്ററാക്കി കേരളത്തെ ദ്രോഹിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും കൊണ്ട് വലയുന്ന കേരളീയര്‍ക്കുള്ള ഇരുട്ടടിയാണ് ഈ വെട്ടിച്ചുരുക്കല്‍. കേരളീയ കുടുംബങ്ങളെ പോലെതന്നെ മത്സ്യബന്ധന യാനങ്ങളില്‍ മണ്ണെണ്ണ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികളേയും ഈ തീരുമാനം പ്രതികൂലമായും ബാധിക്കും. പാചകവാതക ക്വാട്ടയില്‍ ഏതോ വര്‍ധനവരുത്തിയെന്ന ന്യായത്തില്‍ മണ്ണെണ്ണ ക്വാട്ട വെട്ടിച്ചുരുക്കിയതിനെ ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി കെ വി തോമസ് ചെയ്തത്. വൈദ്യുതി പ്രതിസന്ധി മൂലം ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രത്തില്‍ വാദിക്കേണ്ട മന്ത്രി തോമസിനെ പോലുള്ളവര്‍ ഇത്തരം വിചിത്രവാദങ്ങള്‍ നിരത്തുന്നത് ആരെ സഹായിക്കാനാണ്? ഏപ്രില്‍ 26 ന്റെ ദിനാചരണത്തില്‍ ഇത്തരം നെറികേടുകളേയും ജനങ്ങള്‍ ചോദ്യം ചെയ്യും.
വിലവര്‍ധനവിനെതിരായ പോരാട്ടം ഒരു ദിവസംകൊണ്ട് അവസാനിക്കുന്നതല്ല. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന് പറഞ്ഞ് വെള്ളപൂശാന്‍ ശ്രമിക്കുന്ന നയങ്ങള്‍ തിരുത്തുംവരെ നടക്കേണ്ട പോരാട്ടമാണത്. ആ സമരത്തിന്റെ സത്യവും യുക്തിയും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് 26 ന്റെ പ്രതിഷേധ ദിനാചരണം. സാമാന്യ മനുഷ്യരുടെ മനസില്‍ കത്തിക്കാളുന്ന രോഷത്തിന്റെ തീക്കാറ്റുകളാണ് അന്നുയരേണ്ടത്. കപട വാഗ്ദാനങ്ങളുടെ മായാപ്രപഞ്ചം തീര്‍ത്ത് ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരിക്കും അത്. മറ്റൊരു ലോകം സാധ്യമാണെന്ന മുദ്രാവാക്യം മുഴക്കുന്ന ലോകത്തെമ്പാടുമുള്ള പ്രക്ഷോഭകാരികളോട് ഏപ്രില്‍ 26 ന് കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ആ ലോകം സോഷ്യലിസത്തിന്റേതായിരിക്കുമെന്ന വ്യക്തമായ ലക്ഷ്യബോധവും ഈ പ്രക്ഷോഭത്തിനുണ്ട്. സുവ്യക്തമായ ഈ കാഴ്ചപ്പാടോടുകൂടി പ്രതിഷേധദിനത്തില്‍ അണിചേരാന്‍ ഇടതുപക്ഷ പുരോഗമന ശക്തികളോടും മുഴുവന്‍ ജനാധിപത്യ വാദികളോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
*
ജനയുഗം മുഖപ്രസംഗം 18 ഏപ്രില്‍ 2012
Subscribe to:
Post Comments (Atom)
1 comment:
അനുദിനം കുതിച്ചുകയറുകയാണ് എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലകള്‍. വാണംപോലെ വിലകയറുന്നു എന്നതാണ് പഴയശൈലി. ജനതാല്‍പര്യങ്ങളെ ലാഭതാല്‍പര്യങ്ങള്‍ക്കു മുമ്പില്‍ അടിയറ വയ്ക്കുന്ന ആഗോളവല്‍ക്കരണകാലത്ത് വാണത്തിനുപോലും വിലകള്‍ കയറുംപോലെ മുകളിലേക്കു പോകാനാകില്ല. സാമ്രാജ്യത്വ ജനങ്ങളുടെ പരിമിതമായ വരുമാനവും പരിധിയില്ലാതെ കുതിക്കുന്ന വിലകളും തമ്മിലുള്ള മത്സരത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുന്നത് ജനങ്ങളാണ്. തോല്‍ക്കാതിരിക്കാന്‍ ജനങ്ങളെ സഹായിക്കേണ്ട കടമയുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല നില്‍ക്കുന്നത്. വിലക്കയറ്റത്തിന്റെ ദുര്‍ഭൂതങ്ങളെ തുറന്ന് വിട്ട് ജനങ്ങളെ പിഴിയുന്ന സാമ്പത്തിക ശക്തികളുടെ കാര്യസ്ഥപണിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിധേയപൂര്‍വം ഏറ്റെടുത്തിരിക്കുന്നത്.
Post a Comment