Tuesday, April 3, 2012

അഴിമതിയുടെ മഹാ"ഭാരതം"

രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിവാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. കരസേനാമേധാവി വി കെ സിങ്ങിന്റെ വെളിപ്പെടുത്തലാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്. നിലവാരമില്ലാത്ത വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ 14 കോടി രൂപ കോഴ നല്‍കാമെന്ന് പട്ടാളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരില്‍ പറഞ്ഞെന്നാണ് വി കെ സിങ് വ്യക്തമാക്കിയത്. ഇക്കാര്യം അന്നുതന്നെ പ്രതിരോധമന്ത്രി എ കെ ആന്റണിയോട് നേരിട്ട് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആന്റണി ഇക്കാര്യത്തില്‍ എന്തുകൊണ്ട് നിശബ്ദത പാലിച്ചെന്ന ചോദ്യം ഗൗരവമായി ഉയര്‍ന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അതിശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തശേഷമാണ് മുഖംരക്ഷിക്കാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

യഥാര്‍ഥത്തില്‍ പ്രതിരോധവകുപ്പിലെ അഴിമതിമലയുടെ മുകളറ്റംമാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഏറ്റവും അധികം ബജറ്റ് വിഹിതം കൈകാര്യം ചെയ്യുന്ന പ്രതിരോധവകുപ്പാണ് അഴിമതിയുടെ പ്രധാനകേന്ദ്രം. കോണ്‍ഗ്രസ് നേതൃത്വം നേരിട്ടാണ് ഇതില്‍ ഇടപെടുന്നതെന്ന വാര്‍ത്തകള്‍ പല മാധ്യമങ്ങളിലും വന്നിരുന്നു. ഇപ്പോള്‍ കരസേനാമേധാവിതന്നെ ആരോപണം ഉന്നയിച്ചിരിക്കുന്നു. സിബിഐ അന്വേഷണപ്രഖ്യാപനം കൊണ്ടുമാത്രം മറച്ചുവയ്ക്കാനാകില്ല പ്രതിരോധവകുപ്പിലെ കാര്യങ്ങള്‍. ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നു. അതില്‍ പരാമര്‍ശിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ ഇപ്പോഴും അതേസ്ഥാനത്ത് തുടരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് അഴിമതി ഭീമാകാരംപൂണ്ടിരിക്കുന്നു. 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ കുംഭകോണം നടന്നെന്നാണ് സിഎജി റിപ്പോര്‍ട്ട്. അതിനുശേഷമുള്ള എല്ലാ സിഎജി റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. 1.76 ലക്ഷം കോടി രൂപയാണ് സ്പെക്ട്രം ഇടപാടില്‍ രാജ്യത്തിന് നഷ്ടം. മാനദണ്ഡം ലംഘിച്ചാണ് ലൈസന്‍സ് അനുവദിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തി. അതേത്തുടര്‍ന്ന് 122 ലൈസന്‍സ് കോടതി റദ്ദാക്കി. ടെലികോംമന്ത്രി രാജയ്ക്കും ദയാനിധി മാരനും അധികാരം നഷ്ടപ്പെട്ടു. രാജ ഇപ്പോഴും തിഹാറില്‍തന്നെ. രാജയ്ക്കൊപ്പം ജയിലില്‍ അടയ്ക്കപ്പെട്ട കനിമൊഴിയും കോര്‍പറേറ്റ് മേധാവികളും ജാമ്യം നേടി പുറത്തുവന്നു. രാജ ജാമ്യാപേക്ഷപോലും നല്‍കിയിട്ടില്ല. പുറത്തേക്കാള്‍ സുരക്ഷിതം ജയിലകംതന്നെയാണെന്ന് രാജ കരുതുന്നു. രാജയില്‍ തുടങ്ങി രാജയില്‍ അവസാനിക്കുന്നതല്ല ഈ അഴിമതി. കോണ്‍ഗ്രസിന്റെ പല പ്രധാന നേതാക്കളും ഇതില്‍ പങ്കാളികളാണെന്ന ആരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

എസ് ബാന്‍ഡ് അഴിമതിയില്‍ മാധവന്‍നായര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലയില്‍നിന്ന് ഒഴിവാക്കി മുഖംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ആന്‍ഡ്രിക്സ് കരാര്‍ ഏതെങ്കിലും ശാസ്ത്രജ്ഞരെ കുരിശേറ്റിയാല്‍ അവസാനിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എല്ലാ ഇടപാടുമെന്ന് മാധവന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റിലയന്‍സിന് വഴിവിട്ട് ആനുകൂല്യം നല്‍കിയതിലൂടെയാണ് കൃഷ്ണ- ഗോദാവരി തട അഴിമതി പുറത്തുവന്നത്. അസാധാരണ വ്യവസ്ഥകളുള്ള കരാറിലാണ് പെട്രോളിയം മന്ത്രാലയം ഒപ്പുവച്ചത്. മൂലധനമുടക്കുമായി ബന്ധപ്പെടുത്തിയാണ് റിലയന്‍സിനുള്ള വിഹിതം നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ആദ്യം നിശ്ചയിച്ചതിനേക്കാള്‍ മൂലധനവലിപ്പം തുടര്‍ച്ചയായി ഉയര്‍ത്തുന്നതിന് റിലയന്‍സ് ശ്രമിച്ചു. മന്ത്രാലയം ഇതിന് അംഗീകാരം നല്‍കി. ആദ്യം നിശ്ചയിച്ചത് കൂടാതെ കൂടുതല്‍ സ്ഥലം ഉപയോഗിക്കാനും അനുമതി നല്‍കി. വിലനിര്‍ണയത്തിലും വന്‍ ക്രമക്കേട് നടന്നു. സിഎജി ഇത് കണ്ടെത്തിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കല്‍ക്കരി ഖനികളുടെ ലേലത്തില്‍ ഖജനാവിന് 10.6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായത് അഴിമതി പരമ്പരയിലെ മറ്റൊരു പ്രധാന ഇനം.

ഉന്നതതലങ്ങളില്‍ ശക്തിപ്പെട്ട അഴിമതിയുടെ അടിവേരുകള്‍ നവ ഉദാരവല്‍ക്കരണനയങ്ങളിലാണ്. 1991 ജൂലൈയില്‍ പ്രഖ്യാപിച്ച പുതിയ സാമ്പത്തികനയം രണ്ടുപതിറ്റാണ്ട് പിന്നിട്ടു. ഇതിലൂടെ എല്ലാതലത്തിലും അഴിമതി വ്യാപകമായി. പൊതുമേഖലയിലെ പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥത ഈ നയം അട്ടിമറിച്ചു. ആകാശവും ഭൂമിയും പാതാളവും മൂലധനത്തിന്റെ കഴുത്തറുപ്പന്‍ താല്‍പ്പര്യങ്ങള്‍ക്ക് അടിയറവച്ചു. സ്പെക്ട്രം പ്രകൃതിവിഭവമാണ്. കല്‍ക്കരിയും ബോക്സൈറ്റും ഇരുമ്പും ഉള്‍പ്പെടെയുള്ള അമൂല്യമായ പ്രകൃതിവിഭവങ്ങളാണ് വിപണിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുത്തത്. സ്പെക്ട്രം ഉപയോഗിച്ചാലും തീരാത്ത പ്രകൃതിവിഭവമാണ്. അതിന്റെ ഉപയോഗം പാരിസ്ഥിതികപ്രശ്നവും സൃഷ്ടിക്കില്ല. എന്നാല്‍, മറ്റുള്ളവ അങ്ങനെയല്ല. അഴിമതിയുടെ പുതിയ വാതിലുകള്‍ തുറന്നിടുന്ന കരാറുകള്‍ ഇന്ത്യയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന പാരിസ്ഥികപ്രശ്നങ്ങള്‍ സൃഷ്ടിക്കും.

അഴിമതി സ്ഥാപനവല്‍ക്കരിക്കുന്നതിന് പുതിയ കൂട്ടായ്മ ശക്തിപ്പെട്ടു. ചങ്ങാത്തമുതലാളിത്തത്തിന്റെ നേര്‍ചിത്രം വ്യക്തമായത് റാഡിയ ടേപ്പിലൂടെയാണ്. രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ബൂര്‍ഷ്വാസിയും ഉള്‍പ്പെടുന്ന അച്ചുതണ്ടാണ് പല രാജ്യത്തും ഭരണം കൈയാളുന്നത്. ബൂര്‍ഷ്വാസിയുടെ നടത്തിപ്പുകമ്മിറ്റിയാണ് ഭരണകൂടം എന്ന മാനിഫെസ്റ്റോയിലെ വാചകങ്ങള്‍ വീണ്ടും പ്രസക്തമാകുന്നു. യഥാര്‍ഥത്തില്‍ കോര്‍പറേറ്റുകളാണ് രാജ്യം ഭരിക്കുന്നതെന്ന പ്രതീതിയുളവാക്കുന്നതാണ് പല അഴിമതിക്കഥകളും. ഇന്ത്യയിലെ ചങ്ങാത്തമുതലാളിത്തത്തിന്റെ പ്രത്യേകത മാധ്യമങ്ങളും അതില്‍ കണ്ണിചേരുന്നുവെന്നതാണ്. മന്ത്രിസഭയിലെ വകുപ്പുവിഭജനം സാധാരണഗതിയില്‍ പ്രധാനമന്ത്രിയുടെ അവകാശമാണ്. എന്നാല്‍, പ്രയോഗത്തില്‍ രാഷ്ട്രീയനേതൃത്വമാണ് തീരുമാനിക്കുന്നത്. കൂട്ടുകക്ഷി മന്ത്രിസഭയാകുമ്പോള്‍ അതിന്റെ അവകാശം ഘടകകക്ഷികള്‍ക്കാവും. ഉദാരവല്‍കൃത ഇന്ത്യയില്‍ അതിനുള്ള അവകാശവും കോര്‍പറേറ്റുകള്‍ കൈയടക്കി. അതിന്റെ ഇടനിലക്കാരായി ഒരു സംഘം മാധ്യമങ്ങള്‍ അധഃപതിച്ചു.

ജനാധിപത്യത്തില്‍ നാലാം എസ്റ്റേറ്റായി പരിഗണിക്കുന്ന മാധ്യമങ്ങള്‍ ചങ്ങാത്തക്കൂട്ടത്തില്‍ കണ്ണികളാകുന്നതില്‍മാത്രം ഒതുങ്ങുന്നില്ല. അവര്‍ കോര്‍പറേറ്റുകളാല്‍ നയിക്കുന്നവയാണ്. എല്ലാ സ്വഭാവത്തിലുള്ള മാധ്യമങ്ങളും ഇന്ന് കോര്‍പറേറ്റുകള്‍ കൈയടക്കിയിരിക്കുന്നു. സര്‍ക്കാര്‍ അതിന് സഹായിക്കുന്ന നിയമങ്ങളും നിര്‍മിക്കുന്നു. ഇന്ത്യയില്‍ 27 ചാനലുകളുടെ ഉടമസ്ഥതയുള്ള ഇന്‍ഫോടെല്‍ എന്ന കണ്‍സോര്‍ഷ്യം അടുത്തിടെയാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. ഇവര്‍ക്കുമാത്രമാണ് നാലാംതലമുറ സ്പെക്ട്രത്തിന്റെ ദേശീയ അവകാശം. മറ്റു രാജ്യങ്ങളില്‍ കാണാത്ത മറ്റൊരു പ്രവണതകൂടി ഇന്ത്യന്‍ മാധ്യമരംഗത്തുണ്ട്. അത് ചാനലും കേബിളും ഒരേകമ്പനി കൈകാര്യം ചെയ്യുന്നുവെന്നതാണ്. നാലു കമ്പനികളാണ് ഇന്ത്യയില്‍ ഇതെല്ലാം നിയന്ത്രിക്കുന്നത്. ഇതോടെ കുത്തകകളുടെ ചങ്ങാത്തക്കൂട്ടത്തില്‍നിന്ന് അവരുടെ ഉപകരണങ്ങളായി നേരിട്ട് മാധ്യമം മാറുകയാണ്. ഇത് അഴിമതിയെ മൂടിവയ്ക്കാനുള്ള സാധ്യത ശക്തിപ്പെടുത്തുന്നു. അഴിമതിയുടെ വേരുകള്‍ എല്ലായിടത്തേക്കും വ്യാപിക്കുന്നതിന്റെ തെളിവുകള്‍ ജുഡീഷ്യറിയിലും കാണുന്നു. ചരിത്രത്തിലാദ്യമായി ഒരു ന്യായാധിപനെ രാജ്യസഭ ഇംപീച്ച് ചെയ്തു. ലോക്സഭയുടെ പരിഗണനയ്ക്ക് എത്തുംമുമ്പേ സൗമിത്രാസെന്‍ രാജിവച്ചതിനാല്‍ ഇംപീച്ച്മെന്റ് പൂര്‍ത്തിയായില്ല. ഉന്നതനീതിപീഠത്തിലെ പ്രധാന ന്യായാധിപന്മാര്‍ക്കെതിരെപ്പോലും ഗുരുതരമായ അഴിമതി ആരോപണം ഉയരുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യം. എങ്കിലും കോടതി നടത്തിയ ചില ഇടപെടലുകളാണ് അഴിമതിക്കെതിരെ നീങ്ങുന്നതിന് ചുരുക്കം ചില കേസുകളിലെങ്കിലും സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നടത്തിയ നാണംകെട്ട നീക്കങ്ങള്‍ അഴിമതി പാര്‍ലമെന്റിലേക്ക് വ്യാപിച്ചതിന്റെ തെളിവാണ്. വിശ്വാസവോട്ടെടുപ്പില്‍ എംപിമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചതിന്റെ നേര്‍ചിത്രം തെളിവുകളോടെ ലോക്സഭയില്‍ അംഗങ്ങള്‍ അവതരിപ്പിച്ചു.

വിശ്വാസവോട്ടെടുപ്പിനുമുമ്പ് മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള വന്‍കിട കുത്തകകള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും വിവാദമായി. ശക്തമായ ലോക്പാലിന് ഭരണകക്ഷിക്ക് താല്‍പ്പര്യമില്ല. അഴിമതിയുടെ ഗുണഭോക്താക്കള്‍ക്ക് അങ്ങനെ തോന്നുന്നത് തെറ്റല്ല. യഥാര്‍ഥത്തില്‍ പാര്‍ലമെന്റിനെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. ഭരണഘടനാഭേദഗതി കൊണ്ടുവരാനുള്ള സമവായത്തിന് ശ്രമിക്കാതെ ഏകപക്ഷീയ നടപടി സ്വീകരിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവരാനും ശ്രമിച്ചു. ലോക്പാലിനുകീഴില്‍ സ്വതന്ത്ര അന്വേഷണസംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറായില്ല. പ്രതിപക്ഷഭേദഗതികളോട് നിഷേധാത്മകനിലപാടാണ് എടുത്തത്. മറ്റു പ്രതിപക്ഷകക്ഷികളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇടതുപക്ഷ ഭേദഗതികള്‍. സംസ്ഥാനങ്ങളില്‍ ആറുമാസത്തിനുള്ളില്‍ ലോകായുക്ത രൂപീകരിക്കുന്നതിന് വ്യവസ്ഥചെയ്യുകയും എന്നാല്‍, ഇതുസംബന്ധിച്ച മറ്റ് വകുപ്പുകള്‍ അവയുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശകമാക്കണമെന്നുമായിരുന്നു ഇടതുപക്ഷസമീപനം. രാജ്യസഭയില്‍ അരങ്ങേറിയ അസംബന്ധനാടകങ്ങളുടെ അവസാനം കോണ്‍ഗ്രസ് ആഗ്രഹിച്ചതുപോലെ ബില്‍ അവതരണം മാറ്റിവച്ചു. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ ലോക്പാല്‍ സഹായിക്കില്ലെങ്കിലും അത് നിയന്ത്രിക്കുന്നതിന് സഹായകമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അഴിമതിക്കെതിരെ എക്കാലത്തും ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. 2ജി സ്പെക്ട്രത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകാന്‍ പോകുന്ന നഷ്ടവും നടക്കാന്‍ പോകുന്ന വന്‍ അഴിമതിയും ആദ്യം പുറത്തുകൊണ്ടുവന്നത് സിപിഐ എമ്മാണ്. അതുപോലെ കെജി ബേസിന്റെ കാര്യത്തിലും ഇടതുപക്ഷം തുടക്കത്തിലേ ഇടപെട്ടു. സന്നദ്ധസംഘടനകളില്‍നിന്ന് വ്യത്യസ്തമായി അഴിമതിക്കെതിരായ സമരത്തെ ഉദാരവല്‍ക്കരണവിരുദ്ധ സമരത്തിന്റെ ഭാഗമായി കാണുന്നതിനാണ് ശ്രമിച്ചത്. അടിസ്ഥാനപ്രശ്നം തുറന്നുകാട്ടാന്‍ ഇടതുപക്ഷം പരമാവധി ശ്രമിച്ചു. ഭരണസംവിധാനത്തിന്റെ എല്ലാതലങ്ങളെയും പിടിച്ചുലച്ച അഴിമതിക്കെതിരെ കൂടുതല്‍ ഐക്യത്തോടെയും പ്രഹരശേഷിയോടെയുമുള്ള സമരങ്ങളാണ് കാലം ആവശ്യപ്പെടുന്നത്.

*
പി രാജീവ് ദേശാഭിമാനി 03 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അഴിമതിവാര്‍ത്തകളാണ് ദിവസവും പുറത്തുവരുന്നത്. കരസേനാമേധാവി വി കെ സിങ്ങിന്റെ വെളിപ്പെടുത്തലാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്. നിലവാരമില്ലാത്ത വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ 14 കോടി രൂപ കോഴ നല്‍കാമെന്ന് പട്ടാളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരില്‍ പറഞ്ഞെന്നാണ് വി കെ സിങ് വ്യക്തമാക്കിയത്. ഇക്കാര്യം അന്നുതന്നെ പ്രതിരോധമന്ത്രി എ കെ ആന്റണിയോട് നേരിട്ട് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആന്റണി ഇക്കാര്യത്തില്‍ എന്തുകൊണ്ട് നിശബ്ദത പാലിച്ചെന്ന ചോദ്യം ഗൗരവമായി ഉയര്‍ന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അതിശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തശേഷമാണ് മുഖംരക്ഷിക്കാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.