Friday, April 27, 2012

താങ്ങിനിര്‍ത്തിയവര്‍ക്കും മമതയെ സഹിക്കാന്‍ കഴിയാതായി

പശ്ചിമ ബംഗാളിലെ 34 വര്‍ഷക്കാലത്തെ ഇടതുപക്ഷ മുന്നണിയുടെ തുടര്‍ച്ചയായ ഭരണം തകര്‍ക്കുന്നതിനുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയെ ""പരിബൊര്‍ത്ത""ന്റെ (പരിവര്‍ത്തനം-മാറ്റം) പ്രതീകവും അവതാരവുമായി ഉയര്‍ത്തിപ്പിടിച്ചുനടന്നിരുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും, മമതയുടെ പതിനൊന്നുമാസക്കാലത്തെ ഭരണത്തിനുള്ളില്‍ത്തന്നെ, തങ്ങള്‍ക്കുപറ്റിയ തെറ്റ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങള്‍ ആഗ്രഹിച്ചിരുന്ന "പരിബൊര്‍ത്തന്‍"" ഇതല്ല എന്ന് പ്രസിദ്ധ എഴുത്തുകാരിയായ മഹാ ശ്വേതാദേവിയും സുപ്രസിദ്ധ അക്കാദമീഷ്യനായ തരുണ്‍സന്യാലും സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്നും എസ്യുസിഐ എംഎല്‍എയും അവരുടെ ബുദ്ധിരാക്ഷസനുമായ പ്രൊഫസര്‍ തരുണ്‍ നസ്കറും മറ്റും തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, മമതയെക്കുറിച്ചുള്ള വ്യാമോഹത്തില്‍നിന്ന് ബുദ്ധിജീവികളും മാധ്യമങ്ങളും മോചിപ്പിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം 550ല്‍പരം ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കന്മാരും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായപ്പോഴും നൂറുകണക്കിന് പാര്‍ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍നിന്ന് ആട്ടിയോടിപ്പിക്കപ്പെട്ടപ്പോഴും നിരവധി വനിതകള്‍ ബലാത്സംഗത്തിനരയായപ്പോഴും നിശ്ശബ്ദത പാലിക്കുകയും ""ഇരകള്‍"" മാര്‍ക്സിസ്റ്റുകാരാണെന്നുപറഞ്ഞ് സന്തോഷിക്കുകയും ചെയ്ത വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും പക്ഷേ യാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ ഏപ്രില്‍ 12ന് തൃണമൂല്‍ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും പിറ്റേന്ന് മമതയുടെ പൊലീസ് അറസ്റ്റ്ചെയ്ത് ലോക്കപ്പിലിടുകയും ചെയ്തപ്പോള്‍, തങ്ങള്‍ ആഗ്രഹിച്ച പരിവര്‍ത്തനമല്ല മമതാബാനര്‍ജി കൊണ്ടുവരുന്നതെന്ന് തുറന്നുപറയാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍) എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പ്രസിദ്ധ മോളിക്കുലര്‍ ബയോളജി ശാസ്ത്ര പണ്ഡിതനുമായ പാര്‍ഥോ സരോതി റായ്യെ രണ്ടാഴ്ച മുമ്പാണ് പൊലീസ് അറസ്റ്റ്ചെയ്ത് ജയിലിട്ടത്.

കൊല്‍ക്കത്താ നഗരത്തിലെ കിഴക്കന്‍ പ്രദേശത്തെ നോനാഡംഗയിലെ ചേരിനിവാസികളെ ഒഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയ പ്രൊഫസര്‍ റായ്യെ മറ്റ് 68 പേരോടൊപ്പമാണ് പൊലീസ് അറസ്റ്റ്ചെയ്തത്. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. (ഏപ്രില്‍ 26ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമത്രേ). മോളിക്കുലര്‍ ബയോളജി ശാസ്ത്രജ്ഞനായ റായ്ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് (മാവോയിസ്റ്റുകളുമായുള്ള ബന്ധത്തെ കുറ്റമായി കാണുന്നത് മമതയാണെന്നത് വിരോധാഭാസംതന്നെ) അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് ജയിലിലിട്ടത്. പിന്നീട് യാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ മമതാബാനര്‍ജിയെ പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ വരച്ച് ഫേസ്ബുക്കിലിട്ടതിന്റെ പേരില്‍ ഗുണ്ടകളെ വിട്ട് തല്ലിച്ചതയ്ക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത മമതാ ഭരണത്തിനെതിരായി പശ്ചിമബംഗാളിലെ ബുദ്ധിജീവികളും കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റും രംഗത്തുവന്നിരിക്കുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

സിപിഐ(എം) കാഡര്‍മാരേയും അനുഭാവികളെയും ആക്രമിച്ച് വധിക്കുന്നതിന് നേതൃത്വം നല്‍കുന്ന തൃണമൂല്‍ ഭരണം സ്കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് മാര്‍ക്സിസവുമായി ബന്ധമുള്ള പാഠഭാഗങ്ങളെല്ലാം മാറ്റി. സര്‍ക്കാരിന്റെ ധനസഹായംപറ്റുന്ന 3000 ത്തോളം വായനശാലകളില്‍ ഏറെ പ്രചാരമുള്ള ബംഗാളി പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി (വായനക്കാരില്‍ സ്വതന്ത്ര ചിന്ത വളര്‍ത്തുന്നതിനുവേണ്ടിയാണത്രേ മമതാബാനര്‍ജി അങ്ങനെ ചെയ്തത്.) വായനശാലകളില്‍ ചെന്ന് നാട്ടിന്‍പുറത്തുകാര്‍ എന്തു വായിക്കണമെന്ന് ഇനിത്തൊട്ട് മമതാബാനര്‍ജി തീരുമാനിച്ചുകൊള്ളും. അവിടെ ഏതെല്ലാം പുസ്തകങ്ങള്‍ വേണം, ഏതെല്ലാം പത്രങ്ങള്‍ വരുത്തണം, വായനശാല എത്ര സമയം തുറന്നുവയ്ക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും ജനാധിപത്യപരമായി അഭിപ്രായം പറയാനോ തീരുമാനമെടുക്കാനോ ഉള്ള അവകാശം വായനശാലാ കമ്മിറ്റികള്‍ക്കോ അംഗങ്ങള്‍ക്കോ ഇല്ല എന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ഭരണഘടന ഇന്ത്യന്‍ പൗരന് അനുവദിച്ചു നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അടക്കമുള്ള മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒന്നൊന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന മമതാ ബാനര്‍ജിയുടെ ജനാധിപത്യ ധ്വംസനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ തീട്ടൂരമാണ്, സിപിഐ(എം) കാഡര്‍മാരെയും പ്രവര്‍ത്തകരേയും ബഹിഷ്കരിക്കണമെന്നത്. സിപിഐ(എം)കാരോടൊപ്പമിരുന്ന് ചായകുടിക്കരുത്, അവരുടെ നേര്‍ക്കുനേര്‍ നോക്കരുത്, അവരുടെ വീടുകളില്‍നിന്ന് വിവാഹബന്ധം ഉണ്ടാകരുത് എന്നെല്ലാം സ്വന്തം അനുയായികളോട് കല്‍പിക്കുന്ന തൃണമൂല്‍ നേതൃത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ ""ഫത്വ"" ബംഗാള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ കുടുംബത്തില്‍ത്തന്നെ വിവിധ രാഷ്ട്രീയ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഉണ്ടാകാമെന്നിരിക്കെ, കുടുംബ കലഹത്തിനുപോലും, തൃണമൂലിന്റെ ഈ കല്‍പന വഴിവെയ്ക്കും. ഏതാനും ആഴ്ചമുമ്പ് ഒരു വീട്ടമ്മ തൃണമൂല്‍ ഗുണ്ടകളുടെ കൂട്ട ബലാല്‍സംഗത്തിനിരയായപ്പോള്‍ അത് കള്ളക്കഥയാണെന്നും തന്നെയും തന്റെ പാര്‍ടിയേയും അപകീര്‍ത്തിപ്പെടുത്താനായി ആ വീട്ടമ്മ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ച മമതാബാനര്‍ജി, ആ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിനെ തടയുകയാണുണ്ടായത്. എന്നിട്ടും വകുപ്പു മേലുദ്യോഗസ്ഥന്മാരുടെ നിസ്സഹകരണത്തെ മറികടന്നുകൊണ്ട് കൊല്‍ക്കത്ത ക്രൈംബ്രാഞ്ചിലെ ദമയന്തി സെന്‍ എന്ന പൊലീസ് ഓഫീസര്‍ ഒറ്റയ്ക്ക് നിന്നു പയറ്റി, ബലാല്‍സംഗക്കേസിലെ പ്രതികളെ പിടികൂടി. എന്നാല്‍ പിറ്റേന്ന് ആ പൊലീസ് ഓഫീസര്‍ക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി ""ആദരിക്കു""കയാണ് മമതാബാനര്‍ജിചെയ്തത്. അത്തരം ജനാധിപത്യ വിരുദ്ധ -ഏകാധിപത്യ നടപടികള്‍ മകുടംചാര്‍ത്തുന്നതായിരുന്നു പ്രൊഫസര്‍ മഹാപത്രയേയും അദ്ദേഹത്തിന്റെ സുഹൃത്തായ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയേയും അറസ്റ്റ്ചെയ്ത നടപടി.

ഭരണാധികാരികളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ സര്‍വസാധാരണമാണ്. അതിലടങ്ങിയ വിമര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് തെറ്റ് തിരുത്താനാണ് വിവേകമതികളായ ഭരണാധികാരികള്‍ ശ്രദ്ധിക്കാറുള്ളത്. നെഹ്റുവും വി കെ കൃഷ്ണമേനോനും ഒരതിര്‍ത്തിവരെ ഇന്ദിരാഗാന്ധിയും (അടിയന്തിരാവസ്ഥയ്ക്കുമുമ്പ്) മറ്റും കാര്‍ട്ടൂണ്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ടിരുന്നു. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റുകളെല്ലാം നെഹ്റുവിന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. സുപ്രസിദ്ധ കാര്‍ട്ടൂണ്‍ വാരികയായിരുന്ന ""ശങ്കേഴ്സ് വീക്ലി"" നെഹ്റുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. എന്നാല്‍ അതൊന്നും മമതയ്ക്ക് ബാധകമല്ല. സത്യജിത്റെയുടെ സുപ്രസിദ്ധമായ സിനിമയിലെ (സോനാര്‍കെല്ല-സുവര്‍ണകോട്ട) സംഭാഷണം ഉദ്ധരിച്ച് മമതയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെതിരെ മമത വാളോങ്ങിയിരിക്കുന്നു. ""താന്‍ തെറ്റൊന്നും ചെയ്യില്ലെന്നും തനിക്കുനേരെ തെറ്റുചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നുമാണ് അവരുടെ പ്രഖ്യാപനം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസ്റ്റ് രീതിയിലുള്ള ഈ കടന്നാക്രമണത്തിനെതിരായി ബുദ്ധിജീവികള്‍ അണിനിരന്നിരിക്കുന്നു. നോംചോംസ്കിയും അമര്‍ത്യാസെന്നും മഹാശ്വേതാദേവിയും തരുണ്‍സന്യാലും ബിനായക്സെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവുംഅടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബുദ്ധിജീവികള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ബംഗാളിലെയും രാജ്യത്താകെയും ഉള്ള പ്രമുഖ പത്രങ്ങളെല്ലാം മുഖപ്രസംഗങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും തൃണമൂല്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചിരിക്കുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ കഥയിലെ സുന്ദരി ഊതിയപ്പോള്‍ കരിങ്കല്‍കോട്ട ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട് ""ടൈംസ് ഓഫ് ഇന്ത്യ"" മമതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമബംഗാളില്‍ മറ്റൊരു സര്‍ക്കാരും ബുദ്ധിജീവികളെ ഇത്രമാത്രം വെറുപ്പിച്ചിട്ടില്ല; അകറ്റിയിട്ടില്ല, മമതയെ അധികാരത്തിലെത്തിക്കാന്‍ അഹോരാത്രം പാടുപെട്ട മറ്റ് ബൂര്‍ഷ്വാ പത്രങ്ങളും സമാനമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യഥാര്‍ത്ഥതില്‍, ഒരതിര്‍ത്തിവരെ ഇടതുപക്ഷത്തുനിന്നകന്ന ഇടത്തരക്കാരും ബുദ്ധിജീവികളുമാണ് (ദുഷ്പ്രചാരണത്തില്‍ വീണുപോയ കൃഷിക്കാരും) 34 വര്‍ഷത്തെ ഇടതുപക്ഷ ഐക്യ മുന്നണി ഭരണത്തെ മാറ്റി, മമതാബാനര്‍ജിയുടെ തൃണമൂലിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ മമതയുടെ പതിനൊന്നു മാസക്കാലത്തെ ഭരണം കൊണ്ടുതന്നെ ബുദ്ധിജീവികള്‍ പാഠം പഠിച്ചുവെന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ വിലപിക്കുന്നത്. മമതയേക്കാള്‍ ഭേദം ഇടതുപക്ഷം തന്നെയാണെന്ന് അവര്‍ ചിന്തിച്ചേക്കുമോ എന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഭയപ്പെടുന്നു.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമ ബംഗാളിലെ 34 വര്‍ഷക്കാലത്തെ ഇടതുപക്ഷ മുന്നണിയുടെ തുടര്‍ച്ചയായ ഭരണം തകര്‍ക്കുന്നതിനുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയെ ""പരിബൊര്‍ത്ത""ന്റെ (പരിവര്‍ത്തനം-മാറ്റം) പ്രതീകവും അവതാരവുമായി ഉയര്‍ത്തിപ്പിടിച്ചുനടന്നിരുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും, മമതയുടെ പതിനൊന്നുമാസക്കാലത്തെ ഭരണത്തിനുള്ളില്‍ത്തന്നെ, തങ്ങള്‍ക്കുപറ്റിയ തെറ്റ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങള്‍ ആഗ്രഹിച്ചിരുന്ന "പരിബൊര്‍ത്തന്‍"" ഇതല്ല എന്ന് പ്രസിദ്ധ എഴുത്തുകാരിയായ മഹാ ശ്വേതാദേവിയും സുപ്രസിദ്ധ അക്കാദമീഷ്യനായ തരുണ്‍സന്യാലും സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്നും എസ്യുസിഐ എംഎല്‍എയും അവരുടെ ബുദ്ധിരാക്ഷസനുമായ പ്രൊഫസര്‍ തരുണ്‍ നസ്കറും മറ്റും തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, മമതയെക്കുറിച്ചുള്ള വ്യാമോഹത്തില്‍നിന്ന് ബുദ്ധിജീവികളും മാധ്യമങ്ങളും മോചിപ്പിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം.