ഡോക്ടറാക്കാന്‍ കൊതിച്ച് മകനെ തൃശൂര്‍ കേരളവര്‍മയില്‍ രണ്ടാംഗ്രൂപ്പിന് ചേര്‍ത്ത അച്ഛന്‍. പക്ഷേ, മകന്‍ അവിടെ നിന്നില്ല. നാടകത്തിന്റെ അനാട്ടമിയിലേക്കാണ് അവന്‍ പോയത്. ഇറങ്ങാന്‍ പറഞ്ഞു ഇറങ്ങി. അവിടെയാണ് യാത്ര തുടങ്ങിയത്. 1983ല്‍ തൃശൂരില്‍നിന്ന് ആരംഭിച്ച ഷാജി കാര്യട്ടിന്റെ യാത്ര തുടങ്ങിയേടത്തേക്ക് എത്താന്‍ പോകുകയാണ്. എണ്‍പതുകളില്‍ നാടകം ആളിക്കത്തിയ കാലത്തിന്റെ നൊസ്റ്റാള്‍ജിയ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മനുഷ്യന്‍ അക്കാലത്തെ തിരിച്ചുപിടിക്കാനാകുമോ എന്ന ശ്രമത്തിലാണ്. മാറിയ കാലത്തിന്റെയും മനുഷ്യരുടെയും യാഥാര്‍ഥ്യത്തെ തിരിച്ചറിയാഞ്ഞിട്ടല്ല ഈ സ്വപ്നം. നാട്ടുകാര്‍ നാടകത്തെ തേടി വരുന്ന കാലം കൈവിട്ടെങ്കില്‍ നാടകം അവരെ തേടിച്ചെല്ലുന്ന കാലം, ഓരോ നാട്ടിലും അവിടുത്തെ രംഗതലം കണ്ടെത്തുന്ന നാടകം. അത്തരമൊരു സ്വപ്നത്തിന്റെ പുറകിലാണ് ഇയാള്‍. ഷേക്സ്പിയര്‍ നാടകങ്ങളുടെ കളിത്തട്ടായ ഫുട്സ്ബാനിലെ കുത്തിമറിച്ചിലുകള്‍ക്കിടയില്‍നിന്നാണ് ഷാജി മടങ്ങാന്‍ കൊതിക്കുന്നത്. അപ്പോള്‍ ഷാജിക്ക് പറയാനുണ്ട്. 15 വര്‍ഷം ഫ്രാന്‍സിലെ നാടകാനുഭവത്തിന്റെ വെളിച്ചത്തില്‍, കേരളത്തിന്റെ എണ്‍പതുകളുടെ ഗൃഹാതുരതയുടെ ഭൂമികയില്‍നിന്ന് ഒരുപാട്.....എല്ലാം നാടകത്തെപ്പററിത്തന്നെ.
ഫുട്സബാന്‍ തിയറ്ററിന്റെ "ഇന്ത്യന്‍ ടെംപസ്റ്റ്" പ്രൊജക്ടുമായി കേരളത്തിലെത്തിയ തൃശൂര്‍ മണലൂര്‍ സ്വദേശി ഷാജി കാര്യാട്ടിന്റെ നാടകവര്‍ത്തമാനങ്ങള്‍
?എന്തുകൊണ്ട് വീണ്ടും കേരളത്തിലേക്ക്
കേരളത്തില്‍ ഒരിടമുണ്ട് ഇപ്പോഴും. എണ്‍പതുകളുടെ കേരളത്തില്‍നിന്നാണ് ഞാന്‍ തുടങ്ങുന്നത്. അവിടെ നമുക്ക് നമ്മുടെ ഇടമുണ്ടായിരുന്നു. അന്നത്തെ കാഴ്ചകള്‍ മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.
? എങ്ങനെയായിരുന്നു തുടക്കം
193ല്‍ കേരളവര്‍മ കോളേജിലെ പ്രീഡിഗ്രികാലം. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ ക്യാമ്പസ്സ് തിയറ്റര്‍ "കളിയരങ്ങ്"ലൂടെത്തന്നെയാണ് തുടക്കം. ഇന്ന് തൃശൂരില്‍നിന്നുയര്‍ന്ന മിക്ക തിയറ്റര്‍ ആര്‍ടിസ്റ്റുകളുടെയുംപോലെ റൂട്ട്, ജോസ് ചിറമ്മല്‍. ആദ്യത്തെ കോഴിക്കോട് സര്‍വകലാശാല സാംസ്കാരിക ജാഥ, ശാസ്ത്രസാഹിത്യപരിഷത് കലാജാഥകള്‍. തീപിടിച്ച കാലം തന്നെയായിരുന്നു. തലക്കും അരങ്ങിനും.
?റൂട്ടില്‍ നിന്ന് കൂടുതകര്‍ത്തത്
88ല്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം റൂട്ടിലേക്കെത്തുന്നതോടെ പലരെയുംപോലെ തുറന്ന ഒരിടം സാധ്യമല്ല എന്ന തോന്നല്‍ ഉണ്ടായി. ഒരു പക്ഷേ, കേരളത്തിലെ സജീവമായിനിന്ന സമാന്തരനാടകപ്രവര്‍ത്തനത്തിലേക്ക് കടന്നു വന്ന സാംസ്കാരിക അധിനിവേശത്തിന്റെ ആദ്യ പടിയാകാംഅത്.
?തുടര്‍ച്ച എന്തായിരുന്നു
നേരെ തിരുവനന്തപുരം. ഡി രഘുത്തമന്‍ നാടസംഘമുണ്ടാക്കാനും ഞാന്‍ നാടകം കളിക്കാനും കൊതിച്ചു. അതിനു മുമ്പ് അദ്ദേഹത്തോടൊപ്പം "നോക്ക്" എന്ന പേരില്‍ ഇന്ത്യമുഴുവന്‍ ഒരു നാടകയാത്ര നടത്തിയിരുന്നു. എസ് അജയനും ചേര്‍ന്ന് അഭിനയക്ക് തുടക്കം കുറിച്ചു. വിരല്‍പ്പാടുകള്‍, പൈങ്കിളിക്കഥ, അമ്മ പറഞ്ഞ കഥ, ദിസ് ഈസ് ഇന്ത്യ ഒട്ടേറെ നാടകങ്ങള്‍.
?ഫുട്സ്ബാനിലേക്ക് എപ്പോള്‍
1994ലാണ് ഫുട്സ്ബാന്‍ കേരളത്തിലെത്തുന്നത്. അതോടെ അവരോടൊപ്പം ചേര്‍ന്നു. പിന്നെ ഇതുവരെ 15 വര്‍ഷങ്ങള്‍. മുഴുവന്‍ സമയം നാടകം.
? കത്തുന്ന 80ലെ കേരളനാടകവേദിയില്‍നിന്ന് ഫ്രാന്‍സിലെ പ്രശസ്തമായസംഘത്തിലേക്ക് ഒരു താരതമ്യം സാധ്യമാകുമോ
ഫ്രാന്‍സില്‍ തിയറ്റര്‍ ഒരു പ്രൊഫഷനാണ്. കൃത്യമായി ശമ്പളം പറ്റുന്ന തൊഴില്‍. എന്നാല്‍, ഒരു നാടകപ്രവര്‍ത്തകനെന്ന നിലയില്‍ അത് നല്‍കിയ അനുഭവജ്ഞാനം വലുതാണ്. ക്ലാസ്സിക്കുകളുടെ സമകാലീന ആവിഷ്കാരമാണ്ഫുട്സ്ബാന്‍ നടത്തുന്നത്. ഒപ്പം യാത്രകള്‍. ലോകം മുഴുവന്‍ നടന്ന് നാടകം കളിക്കുന്ന അനുഭവം ജീവിതത്തെയും കാഴ്ചപ്പാടുകളെയും നവീകരിച്ചു. കേരളത്തില്‍ നാടകം അന്വേഷിച്ചുനടന്ന ഒരാള്‍ക്ക് പക്ഷേ ഏറെക്കാലം അത്തരമൊരു സുരക്ഷിത വലയത്തിനകത്ത് നില്‍ക്കാനാകില്ല. 2003ല്‍ ഫുട്സ്ബാന്‍ വിട്ടു താല്‍ക്കാലികമായി. വേറെയെന്തൊക്കെയോ കാണാനുണ്ടെന്ന തോന്നല്‍...
? തുടര്‍ന്നുള്ള നാടകക്കാലം
തുടര്‍ന്ന് സ്വന്തമായി ഒരു സംഘം "കളരി" എന്ന പേരില്‍ ആരംഭിച്ചു. പേരിന് ഒരുപാട് അര്‍ഥമുണ്ടായിരുന്നു. ഇടുങ്ങിയ സ്പെയിസില്‍പോലും വലിയ ദൃശ്യഭാഷ സൃഷ്ടിക്കാന്‍ കളരിക്ക് കഴിയും. ഏകാപാത്രനാടകങ്ങളാണ് നടത്തിയത്. കുളൂരിന്റെ ചില സ്കെച്ചുകളുടെ ഫ്രെഞ്ച് വ്യാഖ്യാനം. ദൈവത്തിന്റെ വേട്ടക്കാരന്‍ എന്ന ആഫ്രിക്കന്‍ കഥയുടെ നാടകരൂപം. അവിടെ നാടകം കളിക്കാനായി ആളെകിട്ടില്ല. തൊഴില്‍തന്നെയാണ് നാടകം. പണം പ്രശ്നമാണ്. ഇതിനിടെ മറ്റു പലസംഘങ്ങളിലേക്ക് കൂടുമാറി. സമകാലീന ഫ്രഞ്ച് നാടകവേദിയിലെ യുവാക്കളുമായി പ്രവര്‍ത്തിക്കാന്‍ ലഭിച്ചത് വലിയ അവസരമായി അത്. എല്‍സിഡ്, ഫെഡറിക് രണ്ടാമന്‍ എന്നീ നാടകങ്ങള്‍,ഫാബ്രിക് എപ്യൂറ്റട്ടപ്പി എന്ന സംഘം. തിരിച്ച് ഇപ്പോള്‍ ഫുട്സ്ബാനില്‍, ഇന്ത്യന്‍ ടെംപസ്റ്റുമായി സഹകരിക്കുന്നു.
? വീണ്ടും കേരളത്തിലേക്ക്-എന്താണ് കേരളതിയറ്ററില്‍ താങ്കള്‍ക്കുള്ള ഇടം
കേരളനാടകവേദി മുന്നോട്ടു പോയിരിക്കുന്നു. പക്ഷേ, എവിടെയോ ചില അകലം സംഭവിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ നാടകത്തിനുവേണ്ടി ജീവിച്ചിരുന്ന കാലത്തുനിന്ന് നാടകം അക്കാദമിക് വ്യാപാരമായി മാറി കേരളത്തിലും. അത് വ്യവസ്ഥയുടെക്കൂടി ഭാഗമാണ്. അതിനെതില്‍നിന്നിരുന്ന കൂട്ടായ്മകളെല്ലാം ഇല്ലാതാകുന്നു. ഒരു പക്ഷേ, കേരളത്തിലെ മാത്രം പ്രശ്നമല്ല ഇത്. എങ്കിലും ഇനിയും എനിക്കുള്ള ഇടം ഇവിടെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പാട് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.കഴിയുമെന്ന വിശ്വാസവും. നാടകശാലകളുടെ വട്ടത്തില്‍ കുടുങ്ങാതെ രംഗതലത്തിന്റെ വിഭിന്നസാധ്യതകള്‍ അന്വേഷിക്കാന്‍ സാധ്യതയുള്ള മണ്ണാണ് കേരളത്തില്‍.
ഗ്രാമീണനാടകങ്ങളെക്കുറിച്ച്. അതാണ് പറഞ്ഞത്. എണ്‍പതുകളില്‍ കൊച്ചുകൊച്ചു സംഘങ്ങള്‍ ഗ്രാമങ്ങളിലേക്ക് കയറിച്ചെന്നിരുന്നു. നാടകം കാണാന്‍ ആളുകള്‍ വന്നിരുന്നു. ഇന്നതില്ല. നാടകം വീട്ടുമുറ്റത്തേക്ക് എത്തിക്കല്‍ തന്നെയാണ് എന്റെ ലക്ഷ്യം. അത് ആകര്‍ഷകവുമാകണം. മത്സരനാടകങ്ങളോട് നിങ്ങളുടെ സമീപനം എന്തുമാകട്ടെ, നാട്ടിന്‍ പുറത്ത് കുറെ നാടകങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിരുന്നു മത്സരങ്ങള്‍.കാലത്തിന്റെയും തലമുറയുടെയും പ്രശ്നങ്ങളുണ്ട്്. ജോസ് ചിറമ്മലിനുണ്ടായിരുന്ന സാമൂഹികബന്ധം ഇന്ന് തൃശൂരിലെ പുതിയ നാടകക്കാര്‍ക്കില്ല. ഇതിന് പല കാരണവുമുണ്ട് രാഷ്ട്രീയഅപചയവും പുതിയ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനവും ലോകത്തെമ്പാടും ഇത്തരം സാഹചര്യം ഉണ്ടാക്കി. ഫ്രഞ്ച് നാടകവേദിയുടെയും ശക്തമായ കാലം എഴുപതുകളായിരുന്നു. അത്തരമൊരവസ്ഥ അനിവാര്യമാണ്. അതു കാലം ആവശ്യപ്പെടുന്നുമുണ്ട്. പഴയ രീതിയില്‍ അതിനി തുടരനാകില്ല. എന്നാല്‍, അതിന്റെ പുതുഭാഷയും കണ്ടെത്തണം. നാടകം ജനങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്.
*
കെ ഗിരീഷ് ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012
Sunday, April 22, 2012
Subscribe to:
Post Comments (Atom)
1 comment:
എണ്‍പതുകളില്‍ നാടകം ആളിക്കത്തിയ കാലത്തിന്റെ നൊസ്റ്റാള്‍ജിയ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മനുഷ്യന്‍ അക്കാലത്തെ തിരിച്ചുപിടിക്കാനാകുമോ എന്ന ശ്രമത്തിലാണ്. മാറിയ കാലത്തിന്റെയും മനുഷ്യരുടെയും യാഥാര്‍ഥ്യത്തെ തിരിച്ചറിയാഞ്ഞിട്ടല്ല ഈ സ്വപ്നം. നാട്ടുകാര്‍ നാടകത്തെ തേടി വരുന്ന കാലം കൈവിട്ടെങ്കില്‍ നാടകം അവരെ തേടിച്ചെല്ലുന്ന കാലം, ഓരോ നാട്ടിലും അവിടുത്തെ രംഗതലം കണ്ടെത്തുന്ന നാടകം. അത്തരമൊരു സ്വപ്നത്തിന്റെ പുറകിലാണ് ഇയാള്‍.
Post a Comment