Sunday, April 29, 2012

ഇന്ത്യന്‍ സിനിമയ്ക്ക് 100

കയറ്റിറക്കങ്ങളോടെ കുതിച്ചും കിതച്ചും സാന്നിധ്യമറിയിച്ച ഇന്ത്യന്‍ സിനിമ ശതാബ്ദി നിറവില്‍. ദാദാസാഹിബ് ഫാല്‍ക്കേ 1912ല്‍ നിര്‍മിച്ച മറാത്തി നിശ്ശബ്ദ സിനിമയായ രാജാഹരിശ്ചന്ദ്രയാണ് ചരിത്രത്തിന്റെ നിധിപേടകത്തില്‍നിന്ന് ഓര്‍മയായി ഇരമ്പുന്നത്. ഒരുവര്‍ഷത്തിനുശേഷം 1913 മെയ് മൂന്നിന് ബോംബെ കോര്‍നേഷന്‍ തിയറ്ററില്‍ അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ വിസ്മയവരമ്പിലൂടെ ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയതും. വഴിയോരവും നിരത്തുമെല്ലാം വീര്‍പ്പുമുട്ടി സ്തംഭിച്ച 40 നിമിഷങ്ങള്‍. പ്രശസ്തരായ നാരായണന്‍ ഗോയലും ഗിര്‍ഗോണും മറ്റും ആള്‍ക്കൂട്ടത്തിനിടയില്‍. രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനും സത്യസന്ധനുമായ രാജാവ് ഹരിശ്ചന്ദ്രനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടായിരുന്നു സിനിമ. വിശ്വാമിത്രന് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിക്കുകയായിരുന്നു ഹരിശ്ചന്ദ്രന്‍. അദ്ദേഹത്തിന്റെ ഉദാത്തമായ ധാര്‍മികതയോട് അടുപ്പംതോന്നിയ ദൈവം സന്തുഷ്ടി പ്രകടിപ്പിക്കുകയും പഴയ പ്രതാപങ്ങള്‍ തിരിച്ചുനല്‍കി അനുഗ്രഹിക്കുകയുമാണ് കഥയില്‍. ഒട്ടേറെ കൗതുകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം.

സാങ്കേതികവിദ്യ പരിചയപ്പെടാനും പിന്നണി പ്രവര്‍ത്തകരെയും നടന്മാരെയും കൊണ്ടുവരാനായി ഫാല്‍ക്കേ ഇംഗ്ലണ്ടിലേക്ക് യാത്രചെയ്തതുമുതല്‍ തുടങ്ങുന്നു അത്. രാജാരവിവര്‍മയുടെ ചിത്രമെഴുത്തിന്റെ സ്വാധീനവുമുണ്ടായി. ഫാല്‍ക്കേയും രഞ്ചോദ്ഭായ് ഉദയറാമും ചേര്‍ന്നാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. സാമൂഹ്യമായ അസ്പൃശ്യതയുടെ ഫലമായി സിനിമയില്‍ സ്ത്രീകളെ അഭിനയിപ്പിക്കാനായില്ല. എല്ലാ അഭിനേതാക്കളും പുരുഷന്മാരായിരുന്നു. ഹരിശ്ചന്ദ്രനായി ദത്താത്രേയ ദാമോദര്‍ ദബ്കെയാണ് വേഷമിട്ടത്. വിശ്വാമിത്രനായി ജി വി സാനെ. താരാമതിയായി എത്തിയതാകട്ടെ പി ജി സാനെയും. ഫാല്‍ക്കെയുടെ ഭാര്യ സരസ്വതി തനിച്ചാണ് 500 പിന്നണി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയ്യാറാക്കിയതും വസ്ത്രങ്ങളും വേഷവിതാനങ്ങളും അലക്കിയതും. റിലീസിങ്ങിനുശേഷം പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിലും അവരുണ്ടായി. സിനിമ വന്‍ വിജയമായതിനാല്‍ ഫാല്‍ക്കേ കൂടുതല്‍ പ്രിന്റുകള്‍ അടിച്ച് രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. അപ്രതീക്ഷിതമായ മുന്നേറ്റം ഫാല്‍ക്കേയെ സിനിമാ നിര്‍മാണമേഖലയില്‍ത്തന്നെ ഉറപ്പിച്ചുനിര്‍ത്തുകയായിരുന്നു. 19 വര്‍ഷത്തെ കരിയറിനിടയ്ക്ക് 95 സിനിമയും 26 ഹ്രസ്വചിത്രവും നിര്‍മിച്ചു. ഹരിശ്ചന്ദ്രന്‍ പ്രദര്‍ശിപ്പിച്ച വര്‍ഷംതന്നെ മോഹിനി മസ്മാസുര്‍, പിന്നാലെ സത്യവാന്‍ സാവിത്രി (1914), ലങ്കാദഹന്‍ (1917), ശ്രീകൃഷ്ണജന്മ (1918), കാളീയമര്‍ദന്‍ (1919) തുടങ്ങിയവ. അഞ്ച് ബോംബെ വ്യാപാരികളുമൊത്ത് ഫാല്‍ക്കേ ഹിന്ദുസ്ഥാന്‍ ഫിലിംസ് എന്ന കമ്പനി രൂപീകരിച്ചത് മറ്റൊരു കാര്യം. എന്നാല്‍, 1920 അതില്‍നിന്ന് വിട്ടു. സിനിമയില്‍നിന്നുതന്നെയുള്ള വഴുതലിന്റെ തുടക്കമായിരുന്നു അത്. ആ ഇടവേളയില്‍ രംഗഭൂമി എന്ന നാടകം രചിച്ചു. അത് ഏറെ പ്രശംസനേടുകയുണ്ടായി. എന്നാല്‍, ശബ്ദസിനിമ ഫാല്‍ക്കേയുടെ സംരംഭങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നതായും പറയപ്പെടുന്നു. സിനിമയെ ജനങ്ങള്‍ സംശയത്തോടെ നോക്കിനിന്ന 1912ല്‍ ഫാല്‍ക്കേ രാജാഹരിശ്ചന്ദ്ര ചിത്രീകരിച്ചപ്പോള്‍ നടന്മാര്‍ക്കും വിദഗ്ധര്‍ക്കും ഫലിതം കലര്‍ന്ന ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഊരുവിലക്കുപോലുള്ള പെരുമാറ്റം മറികടക്കാനായിരുന്നു അത്. ആരെങ്കിലും ചോദിച്ചാല്‍ തങ്ങള്‍ ഹരിശ്ചന്ദ്ര എന്നയാളിന്റെ ഫാക്ടറിയില്‍ പണിയെടുക്കുകയാണെന്നു പറഞ്ഞാല്‍ മതിയെന്നായിരുന്നു ഫാല്‍ക്കേയുടെ കണ്ടെത്തല്‍. പലതരത്തിലുള്ള സാഹസികതകളിലൂടെ വിലക്കുകള്‍ കടന്നുവയ്ക്കുകയായിരുന്നു. ഈ ചരിത്രം വിശദമാക്കുന്ന ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. 2009ല്‍ പരേഷ് മൊകാഷി സംവിധാനംചെയ്ത "ഹരിശ്ചന്ദ്രാചി ഫാക്ടറി". ഫാല്‍ക്കേ സഹിച്ച ബുദ്ധിമുട്ടുകളാണ് അത് അന്വേഷിച്ചത്. പുണെ അന്താരാഷ്ട്ര മേളയില്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്കാരം നേടുകയും ചെയ്തു ആ ചിത്രം. ഫാല്‍ക്കേയാണ് ഇന്ത്യന്‍ സിനിമയുടെ പിതാവെന്ന് സംശയരഹിതമായി അടിവരയിടുകയായിരുന്നു ഹരിശ്ചന്ദ്രാചി ഫാക്ടറി. ലോകത്തുതന്നെ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുപ്രകാരം 2961.

ലൂമിയര്‍ ചിത്രം 1895ലാണ് ലണ്ടനില്‍ പ്രദര്‍ശിപ്പിക്കുന്നത്. അടുത്തവര്‍ഷം ജൂലൈയില്‍തന്നെ അത് കാണാന്‍ ബോംബെ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായി. ഈ ആവേശം വിതച്ച നവോന്മേഷത്തിലാണ് ഹിരാലാല്‍സെന്‍ ആദ്യ ഹ്രസ്വചിത്രം പുറത്തിറക്കിയത്. 1898ലെ "ദി ഫ്ളവേഴ്സ് ഓഫ് പേര്‍ഷ്യ". പ്രദര്‍ശനത്തിനുള്ള ജനകീയവേദിയെന്ന നിലയില്‍ കൊല്‍ക്കത്ത വ്യവസായിജാംഷെഡ്ജി ഫ്രാംജി മദന്‍ കുറെ ചെറിയ തിയറ്ററുകള്‍ തുറക്കുകയുണ്ടായി. രഘുപതി വെങ്കയ്യ നായിഡുവിനെപ്പോലുള്ളവര്‍ ആദ്യകാല ഹ്രസ്വചിത്രങ്ങള്‍ക്ക് വലിയ പ്രോത്സാഹനവും നല്‍കിയിരുന്നു. ഇതെല്ലാം ചേര്‍ന്നൊരു പുതിയ സംസ്കാരം പതുക്കെ വേരുറപ്പിച്ചു. സമര്‍പ്പിത മനസ്കരായ കലാകാരന്മാരും സിനിമയെ ലാഭേച്ഛയില്ലാതെ പ്രണയിച്ച വാണിജ്യപ്രമുഖരും ഇതിലേക്ക് വലിയ സംഭാവന നല്‍കി.

ദാദാസാഹിബ് ഫാല്‍ക്കേ

നിര്‍മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നെല്ലാമുള്ള നിലയില്‍ ലോകപ്രശസ്തനായിരുന്നു ദുന്‍ദിരാജ് ഗോവിന്ദ് ഫാല്‍ക്കേ. 1870 ഏപ്രില്‍ 30നായിരുന്നു ജനം. അച്ഛന്‍ അറിയപ്പെട്ട സംസ്കൃതപണ്ഡിതനായിരുന്നു. ഫോട്ടോഗ്രാഫറായും പ്രസ് നടത്തിപ്പുകാരനായുമായിരുന്നു ജീവിത തുടക്കം. പലപ്പോഴും പ്രതിസന്ധികള്‍ വിടാതെ പിന്തുടര്‍ന്നു. ഗോധ്രയില്‍ ഫോട്ടോഗ്രാഫറായിരിക്കെ വലിയൊരു ദുരന്തം വേട്ടയാടി. ഭാര്യയെയും മകനെയും പ്ലേഗ് കവര്‍ന്നെടുക്കുകയായിരുന്നു. ക്യാമറയുമെടുത്തുള്ള അലച്ചലിന് മനസ്സ് അനുവദിച്ചില്ല. ആയിടയ്ക്ക് ജര്‍മന്‍ മാന്ത്രികന്‍ കാള്‍ ഹെര്‍ട്സിനെ കാണാനിടയായി. ലൂമിയര്‍ സഹോദരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന നാല്‍പ്പതംഗ സംഘത്തിലൊരാളായിരുന്നു ഹെര്‍ട്സ്. കുറച്ചുകാലം ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായും ബന്ധപ്പെട്ടു ഫാല്‍ക്കേ. അതുപേക്ഷിച്ചാണ് പ്രിന്റിങ് രംഗത്തെത്തിയത്. നൂതന സാങ്കേതികവിദ്യ പരിചയപ്പെടാന്‍ ജര്‍മനി സന്ദര്‍ശിച്ചു. തിരിച്ചുവന്നശേഷവും കുറച്ചുകാലം പ്രസ് നടത്തിയെങ്കിലും പാര്‍ട്ണര്‍മാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വിട്ടുപോയി. ജര്‍മന്‍ സഞ്ചാരത്തിനിടെ, നിശ്ശബ്ദസിനിമയായ "ദി ലൈഫ് ഓഫ് ക്രൈസ്റ്റ്" കാണാനിടയായത് സ്വന്തം തട്ടകം ഉറപ്പിക്കുന്നതിന് നാന്ദിയായി. ഇന്ത്യന്‍ ദൈവങ്ങളെയും പുരാണങ്ങളെയും രംഗത്തെത്തിക്കുന്നത് ആ പ്രചോദനത്തില്‍നിന്നാണ്. ഫാല്‍ക്കേയുടെ രാജാഹരിശ്ചന്ദ്രയ്ക്കുമുമ്പ് രാമചന്ദ്രഗോപാല്‍ ഒരു നാടകം ഫിലിമില്‍ ചിത്രീകരിച്ചിരുന്നു- പൗഡലിക്. 1911ലായിരുന്നു അത്. പൗഡലിക് ബോംബെ കോറനേഷന്‍ തിയറ്ററിലായിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നത്. ഫാല്‍ക്കേയോടുള്ള ബഹുമാനാര്‍ഥം 1969ല്‍ കേന്ദ്ര സര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം ഏര്‍പ്പെടുത്തി. 10 ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അത് രാജ്യത്തെ പരമോന്നത ചലച്ചിത്ര അവാര്‍ഡാണ്. ആദ്യവര്‍ഷം തെരഞ്ഞെടുക്കപ്പെട്ടത് നടി ദേവികാറാണിയെ. നിര്‍മാണം, സംവിധാനം, സംഗീതം, സിനിമാട്ടോഗ്രഫി, ഗാനാലാപനം എന്നീ മേഖലകള്‍ക്കെല്ലാം അത് മാറിമാറി നല്‍കുന്നു. മലയാളത്തിലേക്ക് ഫാല്‍ക്കേ എത്തിച്ചതിന്റെ ഖ്യാതി അടൂര്‍ ഗോപാലകൃഷ്ണനാണ്.
 
റാമോജി ഫിലിം സിറ്റി


ഹിന്ദി, തമിഴ്, തെലുങ്ക്, ആസാമീസ്, മലയാള, കന്നഡ ഭാഷകളില്‍ ലോകനിലവാരത്തിലുള്ള സൃഷ്ടികള്‍ക്കും നൂറുവര്‍ഷം സാക്ഷിയാണ്. ഇന്ത്യന്‍ സിനിമാ ഭൂപടത്തിലെ തിളങ്ങുന്ന വിസ്മയമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഹയത്നഗറിലെ ഈ വിസ്മയ സ്ഥാപനം ലോകത്തിന്റെ ഏറ്റവും വലിയ സ്റ്റുഡിയോയാണ്. 2000 ഏക്കറില്‍ വിടര്‍ന്നുനില്‍ക്കുന്ന അത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയിട്ടുമുണ്ട്. പ്രധാന ടൂറിസം-വിനോദകേന്ദ്രവുമാണ്. വര്‍ഷത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവിടേക്ക് ഒഴുകുന്നത്. ഹണിമൂണ്‍ പാക്കേജുകള്‍ മറ്റൊരു പ്രത്യേകത. മലയാളത്തിലെ "ഉദയനാണ് താരം" എന്ന സിനിമയില്‍ ഫിലിം സിറ്റി ഒരു കഥാപാത്രംപോലെയായിരുന്നെന്നു പറയാം.

അനില്‍കുമാര്‍ എ വി

സിനിമ പാരഡൈസ്

നഷ്ടപ്രതാപം വിളിച്ചോതുന്ന നിലംപൊത്താറായ ഓലപ്പുര. കോളാമ്പിയിലൂടെ മുഴങ്ങുന്ന വികലശബ്ദം. പുരാതന കാലത്തെങ്ങോ ചുമന്നനിറമുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുമാറ് കറ പിടിച്ച കര്‍ട്ടന്‍ കടന്നുചെന്നാല്‍ തടിക്കസേരകളുടെ ശവപ്പറമ്പ്, മൂട്ടകള്‍ ആധിപത്യം സ്ഥാപിച്ച കസേരകളിലിരുന്നാല്‍ തേക്കിന്‍ തൂണുകള്‍ക്കിടയിലൂടെ കാണുന്ന വലിച്ചുക്കെട്ടിയ വെള്ളസ്ക്രീന്‍. പിന്നില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ പ്രൊജക്ടര്‍പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ കാര്‍ബണ്‍ദണ്ഡ് കത്തുന്ന വെളിച്ചവും ചതുര ഓട്ടകളിലൂടെ പുറത്തുചാടും. കസേരയില്‍ ഇരുന്നുതന്നെ നിലത്തെ പൂഴിമണ്ണിലേക്ക് നീട്ടിത്തുപ്പാം. കരിക്കട്ടക്കൊണ്ട് പച്ചതെറി എഴുതിവച്ചിരിക്കുന്ന മൂത്രപ്പുരയിലെ മാലിന്യനദിയില്‍നിന്നുള്ള ഗന്ധം നിറഞ്ഞ പശ്ചാത്തലം. നട്ടുച്ചയ്ക്ക് ഓലപ്പുരക്കിടയിലൂടെ വെളിച്ചത്തിന്റെ സ്തൂപങ്ങള്‍ മുഖത്തുതട്ടിചിതറും. പുറത്ത് വെളുത്തു സുന്ദരിമാരുടെ പെയിന്റടിപ്പിച്ച് സെന്‍സര്‍ചെയ്ത് അര്‍ദ്ധനഗ്നമാക്കിയ മേനി നിറയുന്ന ന്യൂണ്‍ഷോ പോസ്റ്ററില്‍ "എ" എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ടാകും. കേരളത്തിന്റെ ഏതുഗ്രാമത്തിലും ഇടിഞ്ഞുവീഴാതെയും കത്തിതീരാതെയും അവശേഷിക്കുന്ന സിനിമാകൊട്ടകകളുടെ ചിത്രം ഏതാണ്ടിങ്ങനെയാകും. തിരുവനന്തപുരത്തിന് 22 കിലോമീറ്റര്‍ വടക്ക് തീരഗ്രാമമായ കഠിനംകുളത്ത് ഈ കഥമാറുന്നു. കേരളത്തിന്റെ നഗരങ്ങളില്‍നിന്നും തിയറ്റര്‍ ഉടമകള്‍ വണ്ടി പിടിച്ച് ഇവിടെ എത്തുന്നു. സിനിമകാണാന്‍ മാത്രമല്ല. തിയറ്റര്‍ എങ്ങനെ നിര്‍മിച്ചു പരിപാലിക്കണമെന്ന് പഠിക്കാന്‍. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ തിയറ്ററാണ് കഠിനംകുളം വി-ട്രാക്സ്. (ഒന്നാമന്‍ കോട്ടയം നഗരത്തിലെ ആനന്ദ്).

കാണുവിന്‍! ആനന്ദിപ്പിന്‍!!

ഒറ്റ തിയറ്റര്‍ സമുച്ചയങ്ങളില്‍ കേരളത്തില്‍ ഏറ്റവും മികച്ചത് കഠിനംകുളമെന്ന ചെറുഗ്രാമത്തിലാണെന്ന് സിനിമാലോകം മടിയോടെയാണെങ്കിലും അംഗീകരിച്ചുകഴിഞ്ഞു. ഉപഗ്രഹസംവിധാനത്തിലൂടെ തിയറ്ററുകളില്‍ സിനിമ എത്തിക്കുന്ന സാങ്കേതിക വിദ്യയായ ക്യൂബിന്റെ ഹൈഡഫിനിഷന്‍ സംവിധാനം കേരളത്തില്‍ ആദ്യമായി പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചത് ഇവിടെയാണ്. എസി ഉണ്ടെന്ന് കാട്ടി തിയറ്ററില്‍ ഫാനിട്ടു തണുപ്പിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സ്ഥിരംശീലം ഒഴിവാക്കാന്‍ സിനിമാഹാളില്‍ ഫാനുകള്‍ വേണ്ടെന്നുവച്ചു. പകരം ആളുകളുടെ എണ്ണമനുസരിച്ച് സ്വയം സജ്ജീകരിക്കുന്ന എസി സംവിധാനം. മുന്‍ വരിമുതല്‍ അവസാനംവരെ കുഷന്‍ സീറ്റ്. പൂര്‍ണമായും എല്‍ഇഡി ലൈറ്റുകള്‍. ജര്‍മന്‍ അപ്ലിഫയര്‍, ബോക്സുകള്‍ സ്പെയിനില്‍നിന്ന് അങ്ങനെ ഏറ്റവും മികച്ച സാങ്കേതികവിദ്യ തേടി കണ്ടെത്തി ഇവിടെ ലഭ്യമാക്കുന്നു. മൂട്ട അടക്കമുള്ള ചെറുപ്രാണികളെ നിയന്ത്രിക്കാന്‍ പ്രമുഖ ശുചീകരണക്കമ്പനിക്ക് വാര്‍ഷിക കരാര്‍. എല്ലാ പ്രദര്‍ശനത്തിനുമുമ്പും ലേസര്‍ഷോക്ക് തുടക്കം മുറിച്ചതും ഇവിടെ നിന്ന്. ടിക്കറ്റ് എടുക്കുമ്പോള്‍തന്നെ സീറ്റ്നമ്പര്‍ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്. ലഘുഭക്ഷണത്തിനും പാനീയങ്ങള്‍ക്കും പുറത്ത് കടകളിലുള്ള അതേ വില. കഠിനംകുളം കായലിനെ ആശ്രയിച്ച് ജീവിക്കുന്ന പാരമ്പര്യ കയര്‍ത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പാര്‍ക്കുന്ന ഗ്രാമത്തിലെ തിയറ്ററില്‍ ഇന്നോളം പ്രദര്‍ശിപ്പിച്ചത് റിലീസ് ചിത്രങ്ങള്‍. റിലീസ് സിനിമ കിട്ടിയില്ലെങ്കില്‍ തിയറ്റര്‍ അടച്ചിടും. അഞ്ചുലക്ഷത്തോളം തിയറ്റര്‍ വിഹിതംനേടി ഇപ്പോള്‍ "മായാമോഹിനി" വി ട്രാക്സില്‍ നിറഞ്ഞോടുന്നു.

കഥയിലെ നായകന്‍

ഗ്രാമങ്ങളിലെ സിനിമാകൊട്ടകകള്‍ കൂട്ടത്തോടെ പൂട്ടുമ്പോള്‍ ഒരുസീരിയലുകാരന്റെ ചങ്കൂറ്റമാണ് കഠിനംകുളത്ത് വിജയിക്കുന്നത്. സ്റ്റുഡിയോ ഉടമയും സീരിയല്‍ സംവിധായകനുമായ ബൈജു ദേവരാജാണ് വി ട്രാക്സിനുപിന്നിലെ ശബ്ദവും വെളിച്ചവും. "മൂന്ന് കോടി രൂപയോളം മുടക്കിയാണ് തിയറ്റര്‍ നവീകരിച്ചത്. ഭാവിയിലേക്കുള്ള നിക്ഷേപമാണിത്. കുടുംബത്തോടൊപ്പം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ നല്ല തിയറ്ററുകള്‍ ഇല്ലാത്തതിനാല്‍ വീട്ടിലിരിക്കുകയാണ്. കഠിനംകുളം പഞ്ചായത്തില്‍ സിനിമ കാണുന്ന ശീലമുള്ളത് രണ്ടായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രം. മായാമോഹിനി ഇതിനോടകം പതിനേഴായിരത്തോളംപേര്‍ കണ്ടുകഴിഞ്ഞു. ഇതേ സിനിമ ഓടുന്ന ഏറ്റവും അടുത്തുള്ള തിയറ്ററിലും കളക്ഷന്‍ കുറവല്ല. നല്ല തിയറ്റര്‍ വന്നപ്പോള്‍ സിനിമ കാണുന്നവരുടെ പുതിയ മേഖല തുറക്കുകയാണ്. ഇവിടത്തെ സംവിധാനങ്ങള്‍ കണ്ട് സ്വയം നാണക്കേട് തോന്നിയവര്‍ സ്വന്തംതിയറ്റര്‍ നവീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്" -ബൈജു ദേവരാജിന്റെ വാക്കുകളില്‍ സന്തോഷം. കുഗ്രാമത്തിലെ തിയറ്റര്‍ സിനിമ റിലീസിനായി ചോദിക്കുമ്പോള്‍ ഏറെ പ്രതിസന്ധി നേരിടേണ്ടി വന്നു. അസോസിയേഷനുകളുടെയും തിയറ്റര്‍ ലോബികളുടെയും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. മലയാളചിത്രങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ തമിഴ്ചിത്രത്തിന്റെ തെക്കന്‍ കേരളത്തിലെ വിതരണം ഏറ്റെടുത്തുകൊണ്ടാണ് ബൈജുരാജ് തിയറ്ററിലേക്ക് റിലീസ്ചിത്രം എത്തിച്ചത്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് റിലീസിങ് കേന്ദ്രങ്ങളടക്കം ഒമ്പതു സിനിമാകൊട്ടകകളോട് മത്സരിച്ചുവേണം പടം നേടാന്‍. സിനിമ ലഭിക്കാതിരിക്കാന്‍ ബോധപൂര്‍വമായ നീക്കമുണ്ടായപ്പോള്‍ നാലുതവണ തിയറ്റര്‍ അടച്ചിട്ടു. അപ്പോഴെല്ലാം ശമ്പളം വേണ്ടെന്നുവയ്ക്കാന്‍പ്പോലും സന്നദ്ധരായി ഒരു ഡസനിലേറെ വരുന്ന ജീവനക്കാര്‍ ഉടമയ്ക്ക് ഒപ്പം നിന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മലയാളചിത്രങ്ങള്‍ നന്നായി ഓടിയാല്‍ ബാക്കി അന്യഭാഷ ചിത്രങ്ങള്‍ കൂടിയാകുമ്പോള്‍ നഷ്ടമില്ലാതെ പോകാനാകുമെന്ന് ബൈജു ദേവരാജ് കണക്ക് കൂട്ടുന്നു. വി ട്രാക്സിന് അധികം അകലെ അല്ലാതെ പൂട്ടിക്കിടന്ന കാര്‍ത്തിക എന്ന സിനിമകൊട്ടകയും നവീകരിച്ച് പ്രദര്‍ശനംതുടങ്ങി കഴിഞ്ഞു. ഇതും റിലീസ് കേന്ദ്രമാക്കി ഒരുക്കാനാണ് നീക്കം. ആ നേട്ടവും അകലെയാകില്ല. ശേഷം സ്ക്രീനില്‍.

ഗിരീഷ് ബാലകൃഷ്ണന്‍

*
ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കയറ്റിറക്കങ്ങളോടെ കുതിച്ചും കിതച്ചും സാന്നിധ്യമറിയിച്ച ഇന്ത്യന്‍ സിനിമ ശതാബ്ദി നിറവില്‍. ദാദാസാഹിബ് ഫാല്‍ക്കേ 1912ല്‍ നിര്‍മിച്ച മറാത്തി നിശ്ശബ്ദ സിനിമയായ രാജാഹരിശ്ചന്ദ്രയാണ് ചരിത്രത്തിന്റെ നിധിപേടകത്തില്‍നിന്ന് ഓര്‍മയായി ഇരമ്പുന്നത്. ഒരുവര്‍ഷത്തിനുശേഷം 1913 മെയ് മൂന്നിന് ബോംബെ കോര്‍നേഷന്‍ തിയറ്ററില്‍ അത് പ്രദര്‍ശിപ്പിച്ചപ്പോള്‍ വിസ്മയവരമ്പിലൂടെ ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയതും. വഴിയോരവും നിരത്തുമെല്ലാം വീര്‍പ്പുമുട്ടി സ്തംഭിച്ച 40 നിമിഷങ്ങള്‍. പ്രശസ്തരായ നാരായണന്‍ ഗോയലും ഗിര്‍ഗോണും മറ്റും ആള്‍ക്കൂട്ടത്തിനിടയില്‍. രാമായണത്തിലും മഹാഭാരതത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനും സത്യസന്ധനുമായ രാജാവ് ഹരിശ്ചന്ദ്രനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടായിരുന്നു സിനിമ. വിശ്വാമിത്രന് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിക്കുകയായിരുന്നു ഹരിശ്ചന്ദ്രന്‍. അദ്ദേഹത്തിന്റെ ഉദാത്തമായ ധാര്‍മികതയോട് അടുപ്പംതോന്നിയ ദൈവം സന്തുഷ്ടി പ്രകടിപ്പിക്കുകയും പഴയ പ്രതാപങ്ങള്‍ തിരിച്ചുനല്‍കി അനുഗ്രഹിക്കുകയുമാണ് കഥയില്‍. ഒട്ടേറെ കൗതുകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം.