Monday, April 16, 2012

തലതാഴ്ത്തലല്ല, വേണ്ടത് പോരാട്ടം

ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രഥമപൗരനായിരുന്ന ഡോ. എ പി ജെ അബ്ദുള്‍കലാം അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടത്, ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനം തോന്നുന്ന മനസ്സുകളെ മുറിവേല്‍പ്പിച്ച അനുഭവമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും വന്‍ശക്തിയായി വളര്‍ന്നുകൊണ്ടേയിരിക്കുന്ന രാഷ്ട്രമെന്നുമൊക്കെ പലരും ഇന്ത്യയെക്കുറിച്ച് പറയാറുണ്ടെങ്കിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമുന്നില്‍ അടിമസമാനമായ സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നാണ് ആ സംഭവം തെളിയിച്ചത്. അന്ന് ഇന്ത്യ പ്രതിഷേധിച്ചുവെങ്കിലും ആ ശബ്ദം അമേരിക്കയുടെ അഹന്തപിടിച്ച കാതുകളില്‍ എത്തിയില്ല. ഇന്ത്യക്കാരോട് പൊതുവെ പുച്ഛം; ഇന്ത്യയില്‍നിന്ന് എത്തുന്നയാള്‍ ഇസ്ലാം മതക്കാരനെങ്കില്‍ ശത്രുതയും അവഹേളനവും എന്നതാണ് അമേരിക്കയുടെ പുതിയ രീതി. അതുല്യ നടന്‍ കമലഹാസന്‍ തടഞ്ഞുവയ്ക്കപ്പെട്ടത്, പേരിന്റെ അവസാനഭാഗത്ത്, "ഹസ്സനാ"ണെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ്.

ഇപ്പോഴിതാ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മറ്റൊരു ചലച്ചിത്രതാരം തുടര്‍ച്ചയായി രണ്ടാംതവണയും അപമാനിക്കപ്പെട്ടിരിക്കുന്നു. ബോളിവുഡ് താരം ഷാരൂഖ്ഖാനെയാണ് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചത്. യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്യാന്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയടക്കമുള്ളവരുടെ സംഘത്തിലാണ് ഷാരൂഖ് എത്തിയത്. മറ്റെല്ലാവരെയും പുറത്തേക്ക് വിട്ടു. ഷാരൂഖിനെമാത്രം തടച്ചുവച്ചു- കാരണം പേരിന്റെ അവസാനത്തില്‍ "ഖാന്‍" ഉണ്ടെന്നതുമാത്രം. 2009ല്‍ ഇതേഅനുഭവം താരത്തിനുണ്ടായിരുന്നു. അത് പ്രമേയമാക്കി, ഒരു ചലച്ചിത്രംതന്നെ നിര്‍മിക്കപ്പെടുകയും ആ ചിത്രം അമേരിക്കയിലുള്‍പ്പെടെ വന്‍ വിജയം നേടുകയും ചെയ്തു. എന്നിട്ടും അമേരിക്കക്കാരുടെ "ഖാന്‍വിരോധം" അവസാനിക്കുന്നില്ല. ലോകത്തെ ഏറ്റവും മികച്ച അന്വേഷണ, നിരീക്ഷണ സംവിധാനങ്ങള്‍ അമേരിക്കയുടെ കൈയിലുണ്ട്. എല്ലാമുണ്ടായിട്ടും, വിമാനത്താവളത്തില്‍ വരുന്നവര്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ അവര്‍ തുണിയഴിപ്പിക്കുന്നു. എണ്‍പതുകാരനായ അബ്ദുള്‍കലാമിന്റെ ജാക്കറ്റും ഷൂസും അഴിപ്പിച്ചവര്‍ക്ക് ഷാരൂഖ്ഖാനെ തടഞ്ഞുവച്ചത് വലിയ കാര്യമായി തോന്നിയേക്കില്ല. പക്ഷേ, ആത്മാഭിമാനമുള്ള ഒരിന്ത്യക്കാരനും ഈ അപമാനം പൊറുക്കാനാകില്ല.

സംഭവത്തില്‍ ഇന്ത്യയുടെ അതൃപ്തി അമേരിക്കന്‍ അധികൃതരെ അറിയിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിദേശമന്ത്രി എസ് എം കൃഷ്ണ വ്യക്തമാക്കിയത്. ഇന്ത്യയില്‍നിന്നുള്ളവരെ തടഞ്ഞുവയ്ക്കുകയും അതിനുശേഷം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും കൃഷ്ണ വിശദീകരിക്കുന്നു. അതൃപ്തിയേ ഉള്ളൂ; പ്രതിഷേധമില്ല. ഒരു പതിവുകാര്യമായേ കാണുന്നുള്ളൂ; രോഷം വരുന്നില്ല. യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയ്ക്ക് വിധേയപ്പെടുത്തിയതിന്റെ അനുരണനമാണ് വിദേശമന്ത്രിയുടെ ഈ മൃദുസ്വരം.

യുപിഎ സര്‍ക്കാര്‍ അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതുമൂലം, സ്വതന്ത്ര വിദേശനയത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടിവന്നിരിക്കുന്നു. അമേരിക്കയുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യന്‍വിപണി തുറന്നുകൊടുക്കുക, സുരക്ഷാകാര്യങ്ങളിലും സൈനികമായും കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അമേരിക്കന്‍ താല്‍പ്പര്യത്തിന് വഴങ്ങുക എന്നീ രണ്ട് അജന്‍ഡകളുടെ നിര്‍വഹണമാണ് യുപിഎ സര്‍ക്കാരിന്റെ മുഖ്യകടമ. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ തന്ത്രത്തിനെ അനുകൂലിച്ചും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ തുടര്‍ച്ചയായി ഇറാനെതിരെ വോട്ടുചെയ്തും ഇറാന്‍- പാകിസ്ഥാന്‍- ഇന്ത്യ പൈപ്പുലൈന്‍ പദ്ധതി തള്ളിയും അമേരിക്കന്‍ ആജ്ഞ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തില്‍നിന്ന് വേര്‍പിരിയുന്നതിലൂടെയേ ഇന്ത്യയുടെ വിദേശനയത്തിന് സ്വാതന്ത്ര്യം ലഭിക്കൂ. അമേരിക്കന്‍ വിധേയത്വത്തിലൂന്നിയ വിദേശനയം നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതുമാണ്. ഒരു ചലച്ചിത്രതാരം വിമാനത്താവളത്തില്‍ രണ്ടുമണിക്കൂര്‍ തടഞ്ഞുവയ്ക്കപ്പെട്ടു എന്നതിന്റെ കേവലമായ അര്‍ഥത്തിനപ്പുറമുള്ളതാണ് പ്രശ്നം.

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു: ""ചില്ലറവ്യാപാരത്തിലെ വിദേശ പ്രത്യക്ഷനിക്ഷേപത്തിനും കൃഷിക്കാരെയും ചെറുകിട ഉല്‍പ്പാദകരെയും പ്രതികൂലമായി ബാധിക്കുന്ന സ്വതന്ത്രവ്യാപാര കരാറുകള്‍ക്കും എല്ലാംതന്നെ വഴിതുറന്നത് ഇന്ത്യ- അമേരിക്ക തന്ത്രപ്രധാന സഖ്യത്തോടെയാണ്. ഊര്‍ജവില വര്‍ധിപ്പിക്കുകയും പരിസ്ഥിതി വിപത്തുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വിലപിടിപ്പുള്ള ആണവ റിയാക്ടറുകള്‍ ഇറക്കുമതിചെയ്യുന്നത് ആണവകരാര്‍പ്രകാരമുള്ള ബാധ്യതമൂലമാണ്. അമേരിക്കന്‍ അനുകൂല വിദേശനയം കാരണമാണ് വാതക പൈപ്പുലൈനിലൂടെ കുറഞ്ഞ വിലയ്ക്ക് ഊര്‍ജം ലഭിക്കുന്നതും കൈവെടിഞ്ഞത്. അടിസ്ഥാനസേവനങ്ങളില്‍നിന്നും വികസനത്തില്‍നിന്നും ദുര്‍ലഭമായ വിഭവങ്ങള്‍ വകമാറ്റി അമേരിക്കയില്‍നിന്ന് വിലപിടിപ്പുള്ള ആയുധങ്ങള്‍ ഇറക്കുമതിചെയ്യുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുന്നതും ഈ തന്ത്രപരമായ സഖ്യംമൂലമാണ്.""

സെപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയെ ഗ്രസിച്ച ഭയമാണ് ആ രാജ്യത്തെ കൊടിയ വംശീയ വിരോധത്തിലേക്ക് എത്തിച്ചതെന്നു പറഞ്ഞ് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ട്. സെപ്തംബര്‍ പതിനൊന്നിനെ പിന്നീടുള്ള എല്ലാ കടന്നാക്രമണങ്ങള്‍ക്കും മറയാക്കുകയാണ് സാമ്രാജ്യത്വം എന്നതാണ് വാസ്തവം. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ലിബിയയിലെയുമെല്ലാം നരമേധവും നശീകരണവും സെപ്തംബര്‍ പതിനൊന്നുമൂലമല്ല, എണ്ണപ്രണയംമൂലമാണ്. തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് "ഭീകരവിരോധ"ത്തെ അമേരിക്ക സമര്‍ഥമായി ഉപയോഗിക്കുമ്പോള്‍, അതിന്റെ പരിചാരകരായി ഇന്ത്യക്ക് അധഃപതിക്കേണ്ടിവരുന്നു. യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് ഇതിന് കാരണം. ഇന്ത്യക്കാരന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍കൂടിയുള്ളതാണ്, നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടമെന്ന തിരിച്ചറിവാണ് ഷാരൂഖ്ഖാന്റെ ദുരനുഭവം ആവര്‍ത്തിച്ചുറപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 16 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രഥമപൗരനായിരുന്ന ഡോ. എ പി ജെ അബ്ദുള്‍കലാം അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടത്, ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനം തോന്നുന്ന മനസ്സുകളെ മുറിവേല്‍പ്പിച്ച അനുഭവമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നും വന്‍ശക്തിയായി വളര്‍ന്നുകൊണ്ടേയിരിക്കുന്ന രാഷ്ട്രമെന്നുമൊക്കെ പലരും ഇന്ത്യയെക്കുറിച്ച് പറയാറുണ്ടെങ്കിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമുന്നില്‍ അടിമസമാനമായ സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നാണ് ആ സംഭവം തെളിയിച്ചത്. അന്ന് ഇന്ത്യ പ്രതിഷേധിച്ചുവെങ്കിലും ആ ശബ്ദം അമേരിക്കയുടെ അഹന്തപിടിച്ച കാതുകളില്‍ എത്തിയില്ല. ഇന്ത്യക്കാരോട് പൊതുവെ പുച്ഛം; ഇന്ത്യയില്‍നിന്ന് എത്തുന്നയാള്‍ ഇസ്ലാം മതക്കാരനെങ്കില്‍ ശത്രുതയും അവഹേളനവും എന്നതാണ് അമേരിക്കയുടെ പുതിയ രീതി. അതുല്യ നടന്‍ കമലഹാസന്‍ തടഞ്ഞുവയ്ക്കപ്പെട്ടത്, പേരിന്റെ അവസാനഭാഗത്ത്, "ഹസ്സനാ"ണെന്ന് തെറ്റിദ്ധരിച്ചതുമൂലമാണ്.