
ചുമരില്‍ തൂക്കിയിട്ടുള്ള പെയിന്റിംഗുകളിലെയും തനിക്ക് മുമ്പിലുള്ള ടെലിവിഷന്‍ സ്ക്രീനിലെയും അര്‍ദ്ധ നഗ്നതകള്‍, സ്റീഫന്‍ ലൂയിസ്(ജയസൂര്യ) തന്നെ പരിചരിക്കാനെത്തുന്ന വേലക്കാരിയുടെയും ഹോം നഴ്സിന്റെയും അനാവൃത ശരീരഭാഗങ്ങളില്‍ ആരോപിച്ച് സ്വയം നിര്‍വൃതിയടയുകയാണ്. അസംതൃപ്തരായ കേരളീയ പുരുഷന്മാരും ഇതു തന്നെയാണ് മിക്കപ്പോഴും ചെയ്തു വരുന്നത്. അതായത്, ലൈംഗികാസംതൃപ്തനായ കേരളീയ പുരുഷത്വത്തെ തന്നെയാണ് കഴുത്തിനു താഴോട്ട് ശരീരമനക്കാന്‍ കഴിയാത്ത വിധത്തില്‍ രോഗാതുരനായ സ്റീഫന്‍ ലൂയീസിലൂടെ പ്രത്യക്ഷപ്പെടുത്തുന്നത്. അനങ്ങേണ്ടതൊന്നും അനക്കാന്‍ കഴിയാത്തവന്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നത്. ലിംഗത്തിന്റെ ഉദ്ധാരണമില്ലായ്മയെ സംബന്ധിച്ച് മറ്റേതോ ഒരു സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. ഇയാളുടെ ഉദ്ധാരണമില്ലായ്മ അഥവാ കഴുത്തിനു താഴോട്ടുള്ള നിശ്ചലാവസ്ഥ, കേരളീയ പുരുഷന്റെ അസംതൃപ്ത ലൈംഗിക കാമന എന്ന രോഗാതുരത തന്നെയാണെന്നര്‍ത്ഥം. ഇത്തരമൊരു അധ്യാരോപത്തിന്റെ കുസൃതിയില്‍ അവസാനിപ്പിക്കുന്നതുകൊണ്ട്, കേരളീയ പുരുഷന്റെ അസംതൃപ്ത ലൈംഗിക കാമനയുടെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ മൂടിവെക്കപ്പെടുകയും ചെയ്യുന്നു.
ഇരുനൂറു കോടിയുടെ സ്വത്ത് കൈവശമുള്ള സ്റീഫന്‍, മധുരയിലും ഗോവയിലും മുംബൈയിലും മറ്റുമുള്ള താമസം അവസാനിപ്പിച്ച് സ്വന്തം സ്ഥലമായ കൊച്ചിയില്‍ തിരിച്ചെത്തുന്നതോടു കൂടിയാണ് കഥ ആരംഭിക്കുന്നത്. സാധാരണ ഏതു സിനിമയിലുമുള്ളതു പോലെ, ഈ സ്വത്ത് കൈവശപ്പെടുത്താന്‍ വേണ്ടി അയാളെ കൊലപ്പെടുത്താനായി അയാളുടെ ചില ബന്ധുക്കള്‍ (ടിനി ടോമും ഉണ്ണി മേനോനും അഭിനയിക്കുന്നു) നടത്തുന്ന കുതന്ത്രനീക്കങ്ങളുടെ സസ്പെന്‍സ് ട്രാക്ക്, നേരത്തെ സൂചിപ്പിച്ച തളരലും കാമനയുടെ അസംതൃപ്തിയും തുറിച്ചു നോട്ടവും എന്ന ട്രാക്കിനൊപ്പം സമാന്തരമായി സജീവമാകുന്നുമുണ്ട്. ഈ സമാന്തര ട്രാക്കുകള്‍ കൂട്ടിമുട്ടുന്നിടത്താണ്, സിനിമയുടെ സസ്പെന്‍സ് അഴിയുന്നതോടൊപ്പം, അതിന്റെ പ്രത്യയശാസ്ത്രവും വെളിപ്പെടുന്നത്. കൊച്ചിയിലെ വീടിന്റെ മുറ്റത്തെത്തുമ്പോള്‍ തന്നെ അവിടെ നിയമിക്കപ്പെട്ടിരുന്ന വേലക്കാരി അറുപതു വയസ്സുകാരിയാണെന്നതിനാല്‍ പിരിച്ചു വിടപ്പെടുന്നു. വയസ്സു ചോദിച്ചപ്പോള്‍ തന്നെ മുതലാളിയുടെ ആവശ്യവും രോഗവും മനസ്സിലായി എന്ന തരത്തിലുള്ള ഒരു പരിഹാസത്തോടെയാണ് ആ വൃദ്ധ സ്ത്രീ പിരിഞ്ഞു പോകുന്നത്.
പിന്നീട് നടക്കുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യൂവില്‍; സാധാരണ സിനിമകളില്‍ ക്യാമറ സ്ത്രീശരീരത്തിന്റെ ആവൃതവും അനാവൃതവുമായ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നതു പോലെ, സ്റീഫന്റെ കണ്ണ് ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ വ്യാപരിക്കുന്നു. കഴുത്തും കാല്‍പാദവും നോക്കിയാണ് അവരിലൊരുവളെ തെരഞ്ഞടുക്കുന്നത്. കറുത്ത ബ്രേസിയര്‍ പുറത്ത് കാണുന്നവള്‍ എന്നാണവളെ സ്റീഫന്‍ വിശേഷിപ്പിക്കുന്നത്. അവള്‍ക്ക് കന്യക എന്നാണ് തിരക്കഥാകൃത്ത് പേരിട്ടിരിക്കുന്നത്. അവള്‍ ലൈംഗിക ചപലയാണ് എന്ന് ആരോപിക്കുന്നതിനു വേണ്ടിയാണ് ഈ വിരുദ്ധോക്തി-നാമധേയം എന്ന് വ്യക്തം. സ്റീഫന്റെ സഹായിയായ കമരുവിനെപ്പറ്റി അവള്‍ പിന്നീടൊരു സന്ദര്‍ഭത്തില്‍ പരാതി പറയുന്നുണ്ട്. അയാളെന്നെ ഒന്ന് ട്രൈ ചെയ്തു. നിനക്ക് വഴങ്ങിക്കൊടുത്തു കൂടായിരുന്നോ എന്ന് സ്റീഫന്‍ ആരായുമ്പോള്‍, എനിക്കൊരു മൂഡില്ലായിരുന്നു എന്നാണവളുടെ മറുപടി. മലയാള സിനിമ വിലക്കപ്പെട്ട കനികള്‍ രുചിച്ചു തുടങ്ങുന്നു എന്നാണ് ഇത്തരം കൊച്ചു വര്‍ത്തമാനങ്ങളെ ചില ലേഖകര്‍ വിശേഷിപ്പിക്കുന്നത്. വേലക്കാരികളും ഹോം നഴ്സുമാരും നഴ്സുമാരും ലൈംഗികബന്ധത്തിനായി എല്ലായ്പോഴും പ്രാപ്യരാണെന്നുള്ള സാമൂഹിക അബോധത്തെ പുന:സ്ഥാപിക്കുക മാത്രമാണ് സത്യത്തില്‍ ഈ വ്യാജ ആധുനികതയിലൂടെ തിരക്കഥാകൃത്ത്/സംവിധായകന്‍ ചെയ്യുന്നത്. സിനിമയിലെ പ്രതിനായികയായ അന്ന/അഞ്ജലി(മേഘ്നാ രാജ്) അലെക്സി(ടിനി ടോം)ന്റെ വെപ്പാട്ടി കൂടിയാണല്ലോ.
കമരു പരസ്യമായി വളി വിടുന്നതും ഐശ്വര്യാറായിയുടെ വളിയെക്കുറിച്ച് വിശദീകരിക്കുന്നതും ഇതു പോലെ, വിലക്കപ്പെട്ട കാര്യങ്ങള്‍ സധൈര്യം മലയാള സിനിമ ഏറ്റെടുക്കുന്നതിന്റെ ഉദാഹരണമായിട്ടാണ് വിശദീകരിക്കപ്പെടുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ 1967ല്‍ പ്രസിദ്ധീകരിച്ച ഒരു ഭഗവത്ഗീതയും കുറെ മുലകളും എന്ന കഥാസമാഹാരത്തിലുള്ള ഭര്‍ര്‍റ്!!! എന്ന കഥ തന്നെ ഈ വിഷയത്തിനു വേണ്ടി എഴുതിയതാണ്. ഒരു ഭര്‍ര്‍റ്!!! സംഭവത്തെപ്പറ്റിയാകുന്നു നമ്മള്‍ പറയാന്‍ പോകുന്നത്. ലേശം പ്രേമവുമുണ്ട്. എന്താണ് പ്രേമം? എന്ന വിസ്മയകരമായ തുടക്കത്തോടെ ആരംഭിക്കുന്ന കഥയില്‍ കഥാനായകന്‍ പരിചയപ്പെടുന്ന ദേവകന്യകയെപ്പോലെയും മാലാഖയെപ്പോലെയും ഹൂറിയെപ്പോലെയും തോന്നിപ്പിക്കുന്ന ഒരുവളുടെ കഥയാണുള്ളത്. അവളോടുള്ള അനുരാഗം കൊണ്ട് എന്തെങ്കിലും ഒന്ന് മിണ്ടാന്‍ പോലും കഥാനായകനാകുന്നില്ല. അങ്ങിനെ മിഴിച്ചു നോക്കിയിരിക്കും. ഭാവനയില്‍ നമ്മളൊരു സിംഹാസനം സജ്ജീകരിച്ചിട്ട് അവളെ അതില്‍ ഇരുത്തുന്നു എന്നാണ് ബഷീര്‍ വിവരിക്കുന്നത്. അങ്ങിനെയിരിക്കെ: ഞാനും പ്രപഞ്ചവും അനങ്ങാതിരിക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരൂഹവുമില്ല. അല്ലെങ്കില്‍ എന്ത് സംഭവിക്കാന്‍! ഒരിളംകാറ്റ് അവളുടെ അളകങ്ങളെ മെല്ലെമെല്ലെ അനക്കുന്നുണ്ട്. അവളുടെ മുടി അഴിച്ചുതന്നെ ഇട്ടിരിക്കയാണ്. അതു കുറെ ഒരു മാറിടത്തെ മറച്ചുകൊണ്ട് എങ്ങോട്ടോ ഒഴുകിപ്പോകുന്നു. കറുത്ത ഒരു നുണുങ്ങു നദി പോലെ. ഹൂറിയുടെ വലതു വശത്ത് നെറ്റിക്കു മുകളില്‍ വിടര്‍ന്ന ഒരു റോസാപ്പൂവ് പ്രശോഭിക്കുന്നു. ആ പൂവ് എങ്ങിനെയാണ് അവിടെ നില്‍ക്കുന്നത്? ഞാനും പ്രപഞ്ചവും അനങ്ങാതെ ആ പൂവിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്തുള്ള ഒരു വെള്ളിടി മാതിരി-- പുത്തന്‍ തുണി പെട്ടെന്നു വലിച്ചു കീറിയാലുണ്ടാകുന്നതു പോലെ --- സ്വര്‍ഗീയ സുന്ദരിയില്‍ നിന്ന്, 'ഭര്‍ര്‍റ്!!!' എന്നൊരു ശബ്ദം; ഒരു നാറ്റം. 'ഹയ്യോ!' ഞാന്‍ മൂക്കു പൊത്തിക്കൊണ്ടു ചാടി എണീറ്റു. രാജ്യത്തില്ലാത്ത ചിരിയൊക്കെ അങ്ങു വന്നു. ചിരിച്ചു കരഞ്ഞുകൊണ്ടു ഞാന്‍ ഓടി. ബഷീര്‍ തുടരുകയാണ്. അതു പോലെ ചിരിയും കരച്ചിലും ഒന്നിച്ച് വരുന്ന പരുവത്തില്‍ അല്‍പസ്വല്‍പം മലയാള സാഹിത്യം വായിച്ചിട്ടുള്ള ഏതു മണ്ടനും എത്തുകയാണ് ബ്യൂട്ടിഫുള്ളിന്റെ ആധുനികതയും അതിസാഹസബുദ്ധിയും കാണുമ്പോള്‍!
നന്ദിയും കടപ്പാടും എഴുതിക്കാണിക്കുന്നില്ലെങ്കിലും, സിനിമയെ സംബന്ധിച്ച് പുറത്തു വന്നിട്ടുള്ള ഏതെങ്കിലും കൂലിയെഴുത്തുകളിലൂടെയെങ്കിലും ഇക്കാര്യം തുറന്നു പറയാനുള്ള മാന്യത അനൂപ് മേനോനും വി കെ പ്രകാശും കാണിക്കേണ്ടതായിരുന്നു. നാലര പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ബഷീര്‍ അപ്രകാരം എഴുതിയെന്ന് വെളിപ്പെടുന്നത്, ഇക്കൂട്ടരുടെ ആധുനികത എന്ന പുകമറ പൊളിച്ചുകാണിക്കുകയും ചെയ്യും. ബഷീര്‍ രൂപീകരിച്ചെടുക്കാത്ത ഒരാധുനികതയും ഒരു സാഹസികതയും ഈ നവീനഭട•ാര്‍ക്ക് ആലോചിക്കാന്‍ പോലുമാവില്ലെന്നു ചുരുക്കം.

ഇരുനൂറു കോടി സ്വത്തുള്ള, കഴുത്തിന് താഴോട്ട് ചലനശേഷിയില്ലാത്ത, സ്റീഫന്‍ ലൂയിസ് ജീവിതത്തോട് പ്രസാദാത്മകമായ നിലപാടുള്ള ആള്‍ എന്ന നിലക്കാണ് വിശേഷിപ്പിക്കപ്പെടുന്നത്. സത്യത്തില്‍, കാമാതുരതയുള്ള ഒരാള്‍ എന്നല്ലാതെ ഇയാളില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രസാദാത്മകതയോ ജീവിതാഭിവാഞ്ഛയോ കാണാനാകുന്നില്ല. മാത്രമല്ല, ഇയാളുടെ കാമാതുരത തന്നെ അസംതൃപ്തമായതിനാല്‍ ഇയാള്‍ സത്യത്തില്‍ അങ്ങേയറ്റം നിരാശനാണെന്നതാണ് യാഥാര്‍ത്ഥ്യം. വീല്‍ചെയറുണ്ടെങ്കിലും വീട്ടുവേലക്കാരനോട് തന്നെ ചുമക്കാന്‍ പറയുകയും, വീട്ടുവേലക്കാരികളും ഹോം നഴ്സുമാരും നഴ്സുമാരും എളുപ്പത്തില്‍ വഴങ്ങുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന ബ്യട്ടിഫുള്‍ മുഖ്യധാരാ സിനിമയിലെ നവവസന്തമെന്ന പേരില്‍ അതീവം പിന്തിരിപ്പന്‍ ആശയങ്ങളെ പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്.
*
ജി പി രാമചന്ദ്രന്‍
1 comment:
കേരളത്തിലെ പുരുഷജീവിതത്തെ അമ്പരപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ലൈംഗിക നിരാസക്തിയുടെ അന്യാപദേശകഥകള്‍ ആഖ്യാനം ചെയ്യാനായി, ഒരു വശം ചലനമറ്റവരോ, കഴുത്തിനു കീഴെ തളര്‍ന്നവരോ ആയ രോഗികളെ മുഖ്യ കഥാപാത്രമാക്കി സാമൂഹിക ആള്‍മാറാട്ടം നടത്തുകയാണ് മലയാള സിനിമ ചെയ്യുന്നത്. ബ്ളെസ്സി സംവിധാനം ചെയ്ത പ്രണയത്തില്‍; മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ് എന്ന കഥാപാത്രത്തിലൂടെ തനിക്ക് നിയന്ത്രണവിധേയമല്ലാത്ത തരത്തില്‍ തന്റെ അധീനതയിലുള്ള ഗ്രേസിന്റെ സ്ത്രീശരീരത്തെ ആദ്യകാമുകനും മുന്‍ഭര്‍ത്താവുമായ അച്യുതമേനോനോട് അടുപ്പം കാണിക്കുന്നുവെന്ന് തോന്നുമ്പോള്‍, ദയാവധത്തിന് വിധേയമാക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. സമാനമായ ഒരൊളിച്ചോട്ടം തന്നെയാണ്, മള്‍ട്ടിപ്ളെക്സ് സ്പെഷ്യലിസ്റായി സ്വയം അവരോധിതനായ, തിരക്കഥയും പാട്ടുമെഴുതി പ്രധാന വേഷത്തിലഭിനയിക്കുന്ന പതിവുള്ള അനൂപ്മേനോന്റെ മുഖ്യ കാര്‍മികത്വത്തില്‍, വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന സിനിമയും.
Post a Comment