അനുഭവവും അറിവും സമന്വയിപ്പിച്ച ഇടപെടലുകളിലൂടെ കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന കമ്യൂണിസ്റ്റിനെയാണ് ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. മാരകമായ അസുഖത്തിന്റെ പിടിയിലായിരുന്നെങ്കിലും ഇത്രയുംപെട്ടെന്ന് വിടവാങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാത്തിനെയും തോല്‍പ്പിക്കാനുള്ള ഉറച്ച ഇച്ഛാശക്തികൊണ്ട് അസുഖത്തെയും നേരിടുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ മരണം പലപ്പോഴും ഇച്ഛാശക്തിയെയും മറികടന്നെത്തും. അത് ആധുനിക വൈദ്യശാസ്ത്രത്തെയും പരാജയപ്പെടുത്തും.
അദ്ദേഹത്തിന്റെ അവസാനത്തെ പൊതുയോഗത്തില്‍ ഞാനും ഒന്നിച്ചുണ്ടായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ എനിക്ക് ചുമതലയുണ്ടായിരുന്ന ഇരുമ്പനത്തായിരുന്നു യോഗം. വിഎസ് ആയിരുന്നു ഉദ്ഘാടകന്‍. അദ്ദേഹം പ്രസംഗിച്ചുനില്‍ക്കുമ്പോഴാണ് സി കെയുടെ വാഹനം എത്തുന്നത്. ജനം തിങ്ങിനിറഞ്ഞ യോഗമായിരുന്നു. പ്രസംഗത്തിനിടയില്‍ സ്റ്റേജിനടുത്തേക്ക് വാഹനം എത്തിക്കുക ബുദ്ധിമുട്ടായിരുന്നു. വാഹനത്തില്‍തന്നെ സ്റ്റേജിനടുത്തേക്ക് കൊണ്ടുവരുന്നതിനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം അതിനു കാത്തുനിന്നില്ല. തന്റെ സഖാക്കളുടെ തോളില്‍ താങ്ങി പതുക്കെപതുക്കെ കാലടി വച്ച് സ്റ്റേജിലേക്ക് വന്നു. നടക്കാന്‍ ഒട്ടും കഴിഞ്ഞിരുന്നില്ല. ഇരുന്നാണ് പ്രസംഗിച്ചത്. ശബ്ദത്തിനു വലിയ മാറ്റമുണ്ടായില്ല. എന്നാല്‍, ഇടക്ക് ശബ്ദം ചെറുതായി ഇടറിയിരുന്നു. എന്നാല്‍, ആശയത്തിന് ഒട്ടും പതര്‍ച്ചയുണ്ടായില്ല. നല്ല മൂര്‍ച്ചയുള്ള വാക്കുകള്‍. പ്രധാനമായും രാഷ്ട്രീയ ധാര്‍മികതയിലാണ് കേന്ദ്രീകരിച്ചത്. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് നടത്തിയ കുതിരക്കച്ചവടത്തെ ശക്തമായി അപലപിച്ചു. താന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന സമയത്തെ കാഴ്ച ഓര്‍മിപ്പിച്ചു. നോട്ടുകെട്ടുകളുമായി വന്ന എംപിമാര്‍ തങ്ങളെ വിലക്കെടുക്കുന്നതിനായി നല്‍കിയ അഡ്വാന്‍സാണിതെന്ന് സാക്ഷ്യപ്പെടുത്തിയതും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രസംഗം ഉടനീളം രാഷ്ട്രീയമായിരുന്നു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ഇടതുപക്ഷം ഒരു മനുഷ്യനെപോലെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന കാര്യം അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തന്റെ ആരോഗ്യം തെല്ലും വകവയ്ക്കാതെയാണ് അദ്ദേഹം നിര്‍ണായകമായ രാഷ്ട്രീയ സമരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. അര്‍ബുദ രോഗബാധിതനായിരുന്ന സമയത്ത് വിശ്രമത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ വെറുതെ ഇരിക്കുന്നതിനാണെങ്കില്‍ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ജീവിതം തന്നെ സമരമാക്കി മാറ്റിയ കമ്യൂണിസ്റ്റുകാരുടെ പൊതു ചിന്തയാണത്. കേരളം ഇന്ത്യക്ക് സംഭാവന ചെയ്ത മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു സി കെ ചന്ദ്രപ്പന്‍. വിവരാവകാശ നിയമം ഉള്‍പ്പെടെയുള്ള പ്രധാന നിയമനിര്‍മാണ പ്രക്രിയയില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഏതു പ്രശ്നത്തെയും സമഗ്രതയോടെ സമീപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മണ്ഡലത്തിലെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതു മാത്രമാണ് പാര്‍ലമെന്ററി പ്രവര്‍ത്തനമെന്ന് കരുതുന്ന ആധുനിക രീതികളോട് അദ്ദേഹത്തിന് പുച്ഛമായിരുന്നു.
പാര്‍ലമെന്ററി നടപടി ക്രമങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്നതു കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നല്ല അംഗീകാരവും ലഭിച്ചിരുന്നു. ഞങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചെയര്‍മാന്റെ ചേംബറിലായിരുന്നു. സാധാരണ സഭയിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. പക്ഷേ, ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് പാര്‍ലമെന്റ് സമ്മേളനം വൈകുമെന്നതുകൊണ്ടാണ് ചേംബറിലാക്കിയത്. എംപി അച്യുതനും കൂടി ഉള്ളതുകൊണ്ട് സികെയും അദ്ദേഹത്തിന്റെ ജീവിതസഖാവ് ബുലുറോയ് ചൗധരിയും വന്നിരുന്നു. പ്രധാന നേതാക്കളെല്ലാം വളരെ അടുപ്പത്തോടെയാണ് സി കെയോട് സംസാരിച്ചിരുന്നത്. ആദ്യകാല പാര്‍ലമെന്റ് അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
1971ലാണ് സി കെ തലശേരിയില്‍നിന്നും ആദ്യമായി പാര്‍ലമെന്റിലേക്ക് വരുന്നത്. അന്നത്തെ യാത്ര മിക്കവാറും ട്രെയിനിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് എംപിമാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഒന്നും തന്നെ അന്നുണ്ടായിരുന്നില്ല. എ കെ ജിയെപ്പോലുള്ളവരുടെ പ്രവര്‍ത്തനം മാതൃകയായിരുന്നു. ജ്യോതിര്‍മയി ബസുവിനെപ്പോലെ നിരവധി പ്രമുഖരെ ഇടതുപക്ഷം ഇന്ത്യന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ജ്യോതിര്‍മയി ബസു ചെയര്‍മാനായ കമ്മിറ്റിയുടെ മുമ്പാകെ ഹാജരായാല്‍ തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാന്‍ കഴിയില്ലെന്നു ഭയപ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തുവെന്ന വര്‍ത്തമാനം ഡല്‍ഹിയില്‍ ഇപ്പോഴും പലരും പങ്കുവയ്ക്കാറുണ്ട്. അവരുടെയെല്ലാം പാത പിന്തുടര്‍ന്ന് ആഴത്തില്‍ വിഷയം പഠിച്ച് ഇടപെടുന്നതിനാണ് ചന്ദ്രപ്പനും ശ്രമിച്ചത്. കഴിഞ്ഞ ലോകസഭയിലെ മികച്ച എംപിമാരില്‍ ഒരാളായി സി കെ ചന്ദ്രപ്പനെ തെരഞ്ഞെടുത്തിരുന്നു. വയലാറിന്റെ സമരവീര്യം വാക്കിലും പ്രവൃത്തിയിലും എപ്പോഴും പ്രതിഫലിച്ചിരുന്നു. വയലാര്‍ സമരസേനാനിയായിരുന്ന കുമാരപണിക്കരുടെ മകന്റെ ജീവിതത്തില്‍ അക്കാലത്തെ അനുഭവങ്ങള്‍ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തെ തേടിയെത്തിയ പൊലീസ് നടത്തിയ നരനായാട്ടുകള്‍ ബാല്യത്തില്‍തന്നെ ദൃഢമായ മനസിന്റെ ഉടമയായി പരുവപ്പെടുത്തി. പെരുമാറ്റം സൗമ്യമായിരുന്നെങ്കിലും നിലപാടുകളില്‍ എപ്പോഴും മൂര്‍ച്ചയുണ്ടായിരുന്നു.
ഡല്‍ഹിയിലെ പാര്‍ടി കേന്ദ്രത്തില്‍നിന്നാണ് അദ്ദേഹം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയെടുക്കുന്നത്. വെളിയത്തിന്റെ അനാരോഗ്യത്തെ തുടര്‍ന്നാണ് സി കെ സെക്രട്ടറിയാകുന്നത്. അധിക കാലം ആ ചുമതല വഹിക്കാന്‍ മരണം അനുവദിച്ചില്ല. കരുത്തുറ്റ ആശയങ്ങളുടെ പിന്‍ബലത്തോടെ മാത്രമേ ഏതു പോരാട്ടവും മുന്നോട്ടുകൊണ്ടുപോകുന്നതിനു കഴിയുകയുള്ളുവെന്ന് ശരിക്കും തിരിച്ചറിഞ്ഞിരുന്നു. ആഴത്തിലുള്ള വായനയിലൂടെ നിരന്തരം പുനഃക്രമീകരിക്കുന്നതിനു സ്വയം ശ്രമിച്ചിരുന്നു. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന കമ്യൂണിസ്റ്റ് ജീവിതമാണ് സി കെ പിന്തുടര്‍ന്നത്. അതിന് കരുത്തായി ജീവിതസഖി ബുലുറോയ് ചൗധരി ഉറച്ചുനിന്നു. പോണ്ടിച്ചേരിയിലെ യുവജന സമ്മേളനത്തില്‍വച്ച് കണ്ടുമുട്ടിയ സി കെക്ക് ഒപ്പം എപ്പോഴും ഊര്‍ജമായി അവര്‍ നടന്നു. പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. പാര്‍ടി വിഭജനകാലത്തെ കടുത്ത നിലപാടുകള്‍ എപ്പോഴും അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അത്തരം നിലപാടുകളോട് ശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുവാന്‍ മറ്റുള്ളവരെ പലപ്പോഴും നിര്‍ബന്ധിതമാക്കിയിരുന്നു. വിയോജിക്കുമ്പോഴും സൗമ്യഭാവം നിലനിര്‍ത്തുന്നതിന് സി കെ ചന്ദ്രപ്പന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന നേതൃനിരയില്‍ ചെറുപ്പത്തിലേ ഉയര്‍ന്നിരുന്ന സി കെയുടെ വിയോഗം ഒരു തലമുറയുടെ മറ്റൊരു കണ്ണിയെക്കൂടി അടര്‍ത്തിയെടുത്തു.
*
പി രാജീവ് ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
അനുഭവവും അറിവും സമന്വയിപ്പിച്ച ഇടപെടലുകളിലൂടെ കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന കമ്യൂണിസ്റ്റിനെയാണ് ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. മാരകമായ അസുഖത്തിന്റെ പിടിയിലായിരുന്നെങ്കിലും ഇത്രയുംപെട്ടെന്ന് വിടവാങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാത്തിനെയും തോല്‍പ്പിക്കാനുള്ള ഉറച്ച ഇച്ഛാശക്തികൊണ്ട് അസുഖത്തെയും നേരിടുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ മരണം പലപ്പോഴും ഇച്ഛാശക്തിയെയും മറികടന്നെത്തും. അത് ആധുനിക വൈദ്യശാസ്ത്രത്തെയും പരാജയപ്പെടുത്തും
Post a Comment