Monday, April 16, 2012

കാഴ്ചയുടെ തിരിച്ചറിവുകള്‍

ചില സംഗതികള്‍ മറ്റൊരാളെ പറഞ്ഞനുഭവിപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ വല്ലാതെ നിസ്സഹായരാകുന്ന ഇങ്ങനെയുള്ള ഒരുപാട് നിമിഷങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഒരിക്കലും കടലു കാണാത്ത ഒരാള്‍ക്ക് എങ്ങനെ കടലിനെ വിവരിച്ചുകൊടുക്കും? അതിന്റെ ആഴം, പരപ്പ്, നിറം, മാറിമാറിവരുന്ന ഭാവങ്ങള്‍, തൊട്ടുനില്‍ക്കുന്ന ആകാശം, പഞ്ചാരമണലില്‍ പതിഞ്ഞതും പതിയാത്തതുമായ കാലടികള്‍, അന്തരീക്ഷത്തിലെ ഈര്‍പ്പം, ഇരമ്പം.... ഇതെല്ലാം വിവരിച്ചുകൊടുക്കുക അസാധ്യമാണ്. നമുക്ക് ചുറ്റും ഒരുപാട് സംഭവങ്ങള്‍ ഇങ്ങനെയുണ്ട്. നമ്മള്‍ കാണാതെ പോകുന്ന കാഴ്ചകള്‍...

പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചാണ്. കണ്ട സിനിമകള്‍ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ എന്നും പരാജയപ്പെട്ട ഒരാളാണ് ഞാന്‍. ഒരു സിനിമ തന്നെ വീണ്ടും കാണുമ്പോള്‍ പുതിയ മറ്റൊരു സിനിമയായും തോന്നാറുണ്ട്. വിസ്മയക്കാഴ്ചകളുടെ വല്ലാത്തൊരു ലോകമാണത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് എഴുതി വിജയിക്കാനും കഴിയില്ല. സിനിമ കാണാനുള്ളതാണ്. ഒരു സിനിമയെക്കുറിച്ച്എത്ര എഴുതിയാലും ആ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല. ഇത് വായിക്കുന്നവരോടും എനിക്ക് പറയാനുള്ളത് സിനിമ കാണുക എന്നുതന്നെയാണ്. ഒരു സിനിമ പത്തുപേര്‍ക്ക് പത്തു തരത്തില്‍ കാണാം. നമ്മള്‍ മരിക്കുന്നതിന് മുമ്പ് കണ്ടു തീര്‍ക്കേണ്ട ഒരുപാട് കാഴ്ചകള്‍ ലോകത്തുണ്ട്. അതുപോലെ നിര്‍ബന്ധമായും കാണേണ്ട ചില സിനിമകളും. എനിക്കിഷ്ടപ്പെട്ട, മറ്റുള്ളവര്‍ കാണണം എന്ന് ഞാനാഗ്രഹിക്കുന്ന കുറച്ചു സിനിമകളെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.

ഞാന്‍ സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന വ്യക്തിയല്ല, സിനിമ കാണുന്ന വ്യക്തി മാത്രമാണ്. അതിനാല്‍ ഇതിനെ ഒരു പഠനമായി കാണരുത്. കാഴ്ചക്കിടയില്‍ മനസില്‍ തട്ടിയ ചില സിനിമകളെ സ്വയം ഓര്‍മിക്കാനും മറ്റുള്ളവരെ ഓര്‍മിപ്പിക്കാനുമുള്ള എളിയ ശ്രമം. അത്രമാത്രം.

ഏതു മനുഷ്യന്റേയും ജീവിതത്തിലെ പ്രധാന കാലഘട്ടമാണ് വിദ്യാഭ്യാസകാലം. ഓര്‍മിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ ഈ കാലത്ത് നമുക്ക് കിട്ടുന്നു. ഓരോ മനുഷ്യനും രൂപപ്പെട്ടു വരുന്നത് പഠനകാലത്താണ്. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ശീലങ്ങള്‍ പലതും മരണംവരെ ഒപ്പമുണ്ടാകും. എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലവും ഏറെ രസകരമായിരുന്നു. ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലായിരുന്നു പഠനം. പല കാരണങ്ങള്‍കൊണ്ടും പത്താം ക്ലാസ് വരെ മാത്രമേ എനിക്ക് പഠിക്കാന്‍ കഴിഞ്ഞുള്ളു. പത്താം ക്ലാസില്‍ വിജയിക്കാനും കഴിഞ്ഞില്ല. അത്രയും പ്രതിസന്ധികളായിരുന്നു ചുറ്റും. തിരുവനന്തപുരത്ത് ബാലരാമപുരത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ബാപ്പ ഞങ്ങളോട് പിണങ്ങിക്കഴിയുകയായിരുന്നു. പിന്നീട്, ഞാനും ഉമ്മയും എന്റെ രണ്ടു സഹോദരിമാരും ബാലരാമപുരത്തുനിന്നും ബീമാപള്ളിയില്‍ കുഞ്ഞുമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. ബീമാപള്ളിയിലെ "സിഡി വേള്‍ഡ്" എന്ന കടയില്‍ ഞാന്‍ ജോലിക്കു നില്‍ക്കാനും തുടങ്ങി. പലതരം സിനിമകളുടെ സിഡികള്‍ കടയിലുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ദൂരദര്‍ശനില്‍ വന്നിരുന്ന ഹിന്ദി സിനിമകളൊക്കെ ഉമ്മയുടെ മടിയിലിരുന്ന് ഞാന്‍ കാണാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമകളോട് വലിയ ഇഷ്ടമായിരുന്നു.

സിഡി കടയില്‍വച്ചാണ് "സിനിമാ പാരഡിസോ" എന്ന ചിത്രം കാണാനിടയായത്. അതിന് കാരണക്കാരന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ക്രിബുന ബിശ്വാസ് എന്ന സാറും. ക്രിസ്തുവും ബുദ്ധനും നബിയും ചേരുന്ന സാറിന്റെ പേരിനോടു തന്നെ വലിയ ബഹുമാനം തോന്നിയിരുന്നു. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് സിനിമാപാരഡീസോ കണ്ടത്. അതുവരെ എല്ലാ കുട്ടികളെയും പോലെ ജാക്കിച്ചാന്‍, ബ്രൂസ്ലി തുടങ്ങിയവരുടെയൊക്കെ ആക്ഷന്‍ പടങ്ങള്‍ മാത്രമായിരുന്നു കണ്ടിരുന്നത്. സിനിമാ പാരഡിസോ കണ്ടപ്പോള്‍ എന്തോ പ്രത്യേകത തോന്നി. സബ്ടൈറ്റിലുകളൊന്നും ശരിക്കും മനസിലായില്ലെങ്കിലും ദൃശ്യങ്ങള്‍ മനസ്സില്‍ മായാതെ നിന്നു. പലതവണ കണ്ടപ്പോഴാണ് സിനിമ ശരിക്കും മനസ്സിലായത്. ഇത്തരം സിനിമകളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുകൊണ്ടുപോയത് സിനിമാ പാരഡിസോ ആണ്. 1989ല്‍ പുറത്തിറങ്ങിയ ഈ ഇറ്റാലിയന്‍ പടം സംവിധാനം ചെയ്തത് ഗ്രസ്പി ടൊര്‍നാറ്റോറാണ്. അതിനുശേഷം അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കണ്ടു. സബ്ടൈറ്റിലുകളില്‍ മനസിലാകാത്ത വാക്കുകള്‍ ആവര്‍ത്തിച്ചുകണ്ട് കംപ്യൂട്ടറില്‍ കരുതിവെച്ച ഡിക്ഷ്ണറിയിയില്‍ നോക്കി മനസിലാക്കുകയാണ് പതിവ്.

സാല്‍വറ്റോര്‍ എന്ന മധ്യവയസ്കനായ സിനിമാ സംവിധായകന്റെ ഓര്‍മകളിലൂടെയാണ് സിനിമാ പാരഡിസോ വികസിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ അച്ഛന് തുല്യമായി കണ്ടിരുന്ന ഫിലിം ഓപറേറ്റര്‍ ആല്‍ഫഡോയുടെ മരണ വാര്‍ത്ത അറിയുന്ന സാല്‍വറ്റോറിന്റെ ചിന്തകളില്‍ നിറയുന്ന സംഭവബഹുലമായ കഴിഞ്ഞകാലം. കഥയിങ്ങനെ; രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിസിലിയന്‍ പട്ടണത്തില്‍ "സിനിമാ പാരഡിസോ" എന്ന സിനിമാ തിയേറ്ററില്‍ ഓപ്പറേറ്ററായിരുന്നു ആല്‍ഫ്രഡോ. തിയേറ്ററിനു തൊട്ടടുത്തുള്ള വീട്ടിലെ ആറു വയസുകാരനായ ടോട്ടോ തിയേറ്ററിലെ നിത്യസന്ദര്‍ശകനാണ്. ടോട്ടോയോട് ഇഷ്ടം തോന്നിയ ആല്‍ഫ്രഡോ പതുക്കെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിദ്യകള്‍ ഓരോന്നായി ടോട്ടോയെ പഠിപ്പിക്കുന്നു. കൗതുകക്കണ്ണുകളോടെ എല്ലാ സിനിമകളും കാണുന്ന ടോട്ടോ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ സാങ്കേതിക വശങ്ങള്‍ പെട്ടെന്ന് പഠിക്കുന്നു. ടോട്ടോ കൗമാരത്തിലെത്തിയ കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി തിയേറ്ററിന് തീപ്പിടിക്കുന്നു. ഈ അപകടത്തില്‍ ആല്‍ഫ്രഡോയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നു. അതിനുശേഷം നാട്ടുകാരുടെ തീരുമാനപ്രകാരം ടോട്ടോ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഇതിനിടെ, നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ടോട്ടോ പ്രണയത്തിലാകുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയം പരാജയപ്പെടുന്നു. ഹൃദയവേദനയോടെ ടോട്ടോ പട്ടാളത്തില്‍ ചേരുന്നു. എന്നാല്‍ കളിച്ചുനടന്ന നാടും കൈവിട്ട പ്രണയവും സിനിമാ പാരഡിസോയും ടോട്ടോയെ തിരിച്ചുവിളിക്കുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ടോട്ടോ പഴയ കാമുകിയെ കാണാന്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഒടുവില്‍ നാടുവിടുന്ന ടോട്ടോയെന്ന സാല്‍വറ്റോര്‍ ചലച്ചിത്ര സംവിധായകനാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ആല്‍ഫ്രഡോയുടെ മരണവാര്‍ത്തയറിഞ്ഞ് സിസിലിയന്‍ പട്ടണത്തിലേക്ക് തിരിച്ചെത്തുന്ന സാല്‍വറ്റോര്‍ യാദൃച്ഛികമായി പഴയ കാമുകിയുടെ മുഖസാദൃശ്യമുള്ള യുവതിയെ കണ്ടുമുട്ടുന്നു. അന്വേഷണത്തിനൊടുവില്‍ തന്റെ കാമുകിയുടെ മകളെയാണ് താന്‍ കണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അയാളുടെ മനസില്‍ വീണ്ടും പ്രണയം നുരയുന്നു. ഇതിനിടയില്‍ സിനിമാപാരഡിസോ തിയറ്റര്‍ ഇടിച്ചുപൊളിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സിനിമാ പാരഡിസോയിലെ ടോട്ടോയെ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. ടോട്ടോ സിനിമാ പാരഡീസോ എന്ന തിയേറ്ററില്‍ നിന്നാണ് സിനിമകള്‍ കണ്ടു വളര്‍ന്നതെങ്കില്‍ സിനിമാ പാരഡിസോ എന്ന സിനിമയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ന് ഈ കുറിപ്പ് ഞാനെഴുതാനും കാരണം ഈ സിനിമ തന്നെ. ലോകസിനിമ കണ്ടു തുടങ്ങുന്ന സുഹൃത്തുക്കള്‍ തീര്‍ച്ചയായും സിനിമാ പാരഡിസോ കാണണമെന്നാണ് എന്റെ അഭിപ്രായം. ജീവിത യാഥാര്‍ഥ്യങ്ങളെ സത്യസന്ധമായി പകര്‍ത്താന്‍ ഈ സിനിമയുടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെറിയ കാര്യങ്ങളെപോലും വളരെ ഗൗരവത്തോടെയാണ് സംവിധായകന്‍ കാണുന്നത്. ഈ സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിരവധി സിനിമകള്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്. ഏതൊക്കെ സിനിമകളാണ് അവയെന്ന് സിനിമാ പാരഡിസോ കണ്ട് ബോധ്യപ്പെടുക. ടൊര്‍നാറ്റോറുടെ സ്റ്റാര്‍മേക്കര്‍, മെലീന, ലെജന്റ് ഓഫ് 1900, പ്യുയര്‍ ഫോര്‍മാലിറ്റി തുടങ്ങിയ പടങ്ങളും എനിക്ക് പ്രിയപ്പെട്ടവയാണ്.

ലോകത്തുള്ള എല്ലാ മനുഷ്യരും എക്കാലവും ഭയപ്പെടുന്ന സംഭവമാണ് യുദ്ധം. പല രാജ്യങ്ങളും ഇപ്പോഴും യുദ്ധത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു പല സ്ഥലങ്ങളേയുംപോലെ ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കാത്തവരാണ് മലയാളികള്‍. അതിന്റേതായ ചില പ്രശ്നങ്ങള്‍ നമുക്കില്ലേ എന്നെനിക്ക് തോന്നാറുണ്ട്. ഏത് രാജ്യത്ത് യുദ്ധം നടന്നാലും നമ്മെ ബാധിക്കില്ലെന്ന ഭാവവും സുരക്ഷിതത്വ ബോധവുമാണ് നമുക്ക്. എന്നാല്‍ അയര്‍ലണ്ടിലെ ജ്വാനിറ്റ വില്‍സന്‍ എന്ന സംവിധായികയുടെ 2010ല്‍ ഇറങ്ങിയ As if I am not there എന്ന ചിത്രം കണ്ടാല്‍ ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ഓടിപ്പോന്ന അനുഭവമുണ്ടാകും നമുക്ക്. ദിവസങ്ങളോളം ഈ സിനിമ നമ്മെ വേട്ടയാടും. എല്ലാ യുദ്ധത്തിലും ഏറ്റവും കൂടുതല്‍ ദുരന്തമനുഭവിക്കുന്നതും അനന്തര ഫലമനുഭവിക്കുന്നതും സ്ത്രീകളാണെന്ന വാദത്തെ ഉറപ്പിക്കുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് കുറേ ദിവസം ഞാന്‍ വല്ലാതെ അസ്വസ്ഥനായിട്ടുണ്ട്.

1990കളിലെ ബോസ്നിയന്‍ യുദ്ധസമയത്തുണ്ടായ ഭയാനകമായ ചില സംഭവങ്ങളുടെ നേര്‍ചിത്രമാണ് As if I am not there. സെരാജ്വോയിലെ ടീച്ചറായ സമീരക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദൂരെ ഗ്രാമത്തില്‍ ജോലി ലഭിക്കുന്നു. അവിടുത്തെ മുന്‍ അധ്യാപികയുടെ തിരോധാനം ഇന്നും ദുരൂഹമാണ്. സമീരയെ ആ നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിയത്. പഴയ അധ്യാപികയുടെ തിരോധാനമാണ് ഈ സംശയത്തിനു പിന്നില്‍. തൊട്ടടുത്ത പ്രദേശത്ത് സിവില്‍വാര്‍ നടക്കുന്നുണ്ടെങ്കിലും, അന്നാട്ടുകാരിയല്ലാത്തതിനാല്‍ സമീര അതിനെക്കുറിച്ചൊന്നും ചിന്തിച്ച് അസ്വസ്ഥപ്പെട്ടില്ല. പെട്ടെന്ന് ഒരു ദിവസം സെര്‍ബിയന്‍ സേന ആ ഗ്രാമം പിടിച്ചടക്കുകയും ഗ്രാമീണരെ മുഴുവന്‍ ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തു. സ്ത്രീകളേയും കുട്ടികളേയും ഒരു വിഭാഗമായും പുരുഷന്മാരെ മറ്റൊരു വിഭാഗമായും തരം തിരിച്ചു. പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും ബന്ദിയാക്കുകയും ചെയ്തു. പ്രായമുള്ള സ്ത്രീകളെ പട്ടാളക്യാമ്പിലെ ജോലി ചെയ്യിക്കുന്നതിനും പെണ്‍കുട്ടികളേയും യുവതികളേയും തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കുന്നതിനും ഉപയോഗിച്ചു. ഇവരെയെല്ലാം മുറികളില്‍ പൂട്ടിയിട്ടു. സമീര, താന്‍ അന്യനാട്ടുകാരിയാണെന്ന് കേണപേക്ഷിച്ചെങ്കിലും അവളെയും അവര്‍ പീഡിപ്പിച്ചു. തന്റെ ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും സമീര പട്ടാളമേധാവിയെ വശീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ സംഭവ വികാസങ്ങള്‍ സിനിമ കാണിച്ചുതരുന്നു. സ്ത്രീകളോടും കുട്ടികളോടും തങ്ങളുടെ മുന്നില്‍ മൂത്രമൊഴിക്കാന്‍ പട്ടാളക്കാര്‍ ആജ്ഞാപിക്കുന്ന ഒരു രംഗം മതി ഈ സിനിമയുടെ ഭീകരത മനസിലാക്കാന്‍. നിരവധി യുദ്ധസിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനുഷ്യത്വരഹിതമായ നേരനുഭവങ്ങള്‍ പകര്‍ത്തിയവ കുറവാണെന്നു തോന്നുന്നു. സ്ത്രീകളെ വെറും ലൈംഗിക ഉപകരണമായി കാണുന്ന പുരുഷ മേധാവിത്വം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരിക്കല്‍പോലും സ്വന്തം ഭാര്യയേയും മക്കളേയും ഓര്‍ക്കാന്‍ ഒരു പട്ടാളക്കാരനും തയാറാകുന്നില്ല. സമീരയായി അഭിനയിച്ച നടാഷ എന്ന നടിയുടെ അമ്പരപ്പിക്കുന്ന അഭിനയമാണ് ചിത്രത്തില്‍. ഒരു യുദ്ധരംഗം പോലും കാണിക്കാതെ, എന്നാല്‍ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒട്ടും ചോര്‍ന്നുപോകാതെയാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. 2010ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ അംഗീകാരമാണ് പടത്തിന് കിട്ടിയത്. മാരത്തോണ്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സിനിമ എക്കാലവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്നും ചര്‍ച്ച ചെയ്തുപോരുന്നുമുണ്ട്.

2005ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ ചിത്രമായ "മാരത്തോണ്‍" പറയുന്നതും അമ്മയും മകനും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥയാണ്. ഒരു യഥാര്‍ഥ കഥയുടെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. ചോവോണ്‍ എന്ന യുവാവിന് കുട്ടിക്കാലത്ത് തന്നെ "ഓട്ടിസം" ബാധിച്ചിരുന്നു. ദരിദ്ര കുടുംബമാണ് അവന്റേത്. അമ്മയും രണ്ടു മക്കളും അടങ്ങുന്നതാണ് അവരുടെ കുടുംബം. സീബ്രകളുമായി കളിക്കാന്‍ ഏറെ ഇഷ്ടമുള്ള ചോവോണിന് ഓട്ടത്തിനോട് വലിയ ഇഷ്ടമാണ്. അവനെ ഓടിക്കുക എന്നത് അമ്മയുടെ വലിയ സ്വപ്നമാണ്. അവനെ വിധിക്കു വിട്ടുകൊടുക്കാതെ മറ്റുള്ള കുട്ടികളെപ്പോലെ വളര്‍ത്താന്‍ ആ അമ്മ ആഗ്രഹിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും മകനെ പരിശീലിപ്പിക്കാന്‍ ഒരു പ്രായമായ കായികാധ്യാപകനെ അവര്‍ കണ്ടെത്തി. അലസനായ കായികാധ്യാപകന്‍ ചോവോണിനെ വേണ്ടതരത്തില്‍ പരിശീലിപ്പിച്ചില്ല. എന്നാല്‍ ചോവോണിന് ആത്മവിശ്വാസം വര്‍ധിച്ചു. ഒരു ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മകനെ മൂന്നുമണിക്കൂര്‍ നീണ്ട മാരത്തോണില്‍ പങ്കെടുപ്പിക്കാന്‍ അമ്മ സ്വപ്നം കാണുന്നു. അതിനുള്ള പരിശീലകനെയും കണ്ടെത്തുന്നു. ചോവോണും അമ്മയും പരിശീലകനും തമ്മില്‍ പിന്നീടുണ്ടാവുന്ന സംവാദമാണ് സിനിമയുടെ വിഷയം. രോഗിയായ മകനെ ഒരമ്മ എങ്ങനെ സ്നേഹിക്കണമെന്ന് ഈ ചിത്രം കാണിക്കുന്നു. മനുഷ്യത്വത്തിന്റെ ആഴവും പരപ്പും ആവോളമുണ്ട് ഈ ചിത്രത്തില്‍. കല മനുഷ്യനെ എങ്ങനെ പാപമുക്തനാക്കുന്നു എന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നു. ഒറ്റക്കിരിക്കുമ്പോള്‍ പലപ്പോഴും മാരത്തോണിലെ അമ്മയും മകനും തമ്മിലുള്ള ഒരുപാട് സന്ദര്‍ഭങ്ങള്‍ എന്റെ മനസ്സിലെത്താറുണ്ട്. നല്ല സിനിമകള്‍ നമുക്ക് കാണിച്ച് എന്നും അത്ഭുതപ്പെടുത്തിയ രാജ്യമാണ് ചൈന.

2006ല്‍ പുറത്തിറങ്ങിയ വാങ്ഷോയുടെ ആത്മകഥാംശമുള്ള could be beautiful എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള Little Red Flowers എന്ന സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. കുട്ടിത്തത്തിന്റെ നിഷ്കളങ്കത ഈ സിനിമയെ ഉജ്വലമാക്കുന്നു. ബോഡിങ് നഴ്സറി സ്കൂളില്‍ പഠിക്കുന്ന ഫാങ് എന്ന നാലുവയസ്സുകാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഫാങ് ഒരു കുഞ്ഞു വിപ്ലവകാരിയാണ്. മിന്നിത്തിളങ്ങുന്ന കണ്ണുകളും അസാമാന്യ ധൈര്യവുമുള്ള കുഞ്ഞു ബുദ്ധിമാന്‍. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കുവേണ്ടി അവന്റെ മാതാപിതാക്കള്‍ക്ക് ബീജിങ്ങിനു പുറത്തുപോകേണ്ടി വന്നു. അതുകൊണ്ട് ഫാങ്ങിനെ നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ നഴ്സറി സ്കൂളില്‍ നിര്‍ത്തി പഠിപ്പിക്കുന്നു. കളികളും ആഘോഷവുംകൊണ്ട് സ്കൂള്‍ മനോഹരമായിരുന്നു. സ്കൂള്‍ അധികൃതര്‍ക്ക് കുട്ടികളെ സമൂഹത്തിലെ നല്ല വ്യക്തികളാക്കി മാറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഫാങ്ങിന് അവിടുത്തെ അന്തരീക്ഷം മടുപ്പുളവാക്കി. യാന്ത്രികതയുടെ സ്കൂള്‍ അന്തരീക്ഷത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ അവന്‍ ആഗ്രഹിച്ചു. നല്ല പെരുമാറ്റത്തിന് എല്ലാ ദിവസവും ഒരു കുഞ്ഞു പൂവ് കുഞ്ഞുങ്ങള്‍ക്ക് അധ്യാപകര്‍ നല്‍കിയിരുന്നു. ഫാങ്ങിന് ഒരു പൂവ് പോലും ഒരിക്കലും നേടാന്‍ കഴിഞ്ഞില്ല. പതിയെ പതിയെ ഉള്ളിലെ ധൈര്യം പുറത്തെടുത്ത് പോരാടുന്ന ഫാങ്ങിന്റെ പ്രതിരോധത്തിന്റെ കഥയാണ് മനോഹരമായി ഈ സിനിമയിലൂടെ യുവാന്‍സാങ് എന്ന സംവിധായകന്‍ പറയുന്നത്.

സമൂഹത്തിലും വീട്ടിലും ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ എണ്ണം ഏറെയുള്ള കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഈ സിനിമ ഏറെ പ്രസക്തമായ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിനോട് പറയുന്നു. തീര്‍ച്ചയായും മാതാപിതാക്കള്‍ ഈ സിനിമ കണ്ടിരിക്കണം. ഓഫ്സൈഡ് നമുക്ക് മലയാള സിനിമകള്‍പോലെതന്നെ പ്രിയപ്പെട്ടവയാണ് ഇറാന്‍ സിനിമകളും. മതത്തിന്റെ ചട്ടക്കൂടുകള്‍ കൊണ്ട് സ്വാതന്ത്ര്യം മൂടപ്പെട്ട രാജ്യമാണ് ഇറാന്‍. ഓരോ മണ്‍തരിയിലും ഒരുപാട് ചരിത്രമുറങ്ങിക്കിടക്കുന്ന നാട്. ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഇറാനിലെ കലാകാരന്മാര്‍ ജീവിക്കുന്നത്. അവിടെ സര്‍ക്കാറിന് അനുകൂലമല്ലാതെ കലാപ്രവര്‍ത്തനം നടത്താന്‍ അനുവാദമില്ല. ഭരണകൂടത്തിനെതിരെ ക്യാമറ ആയുധമാക്കിയ ചില ചലച്ചിത്ര സംവിധായകര്‍ ഇറാനിലുണ്ട്. മക്ബല്‍ ബഫ്, അബ്ബാസ് കിരസ്തോമി, ജാഫര്‍ പനാഹി തുടങ്ങി ചിലര്‍.

2005ല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സിനിമയെടുത്തതിന് മക്ബല്‍ ബഫിന് പാരീസിലേക്ക് നാടുവിടേണ്ടിവന്നു. അബ്ബാസ് കിരസ്തോമി പാരീസില്‍നിന്നാണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. ജാഫര്‍ പനാഹിയെ 2010ല്‍ അറസ്റ്റു ചെയ്തു. ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. അദ്ദേഹം അടുത്ത ഇരുപതു വര്‍ഷത്തേക്കു സിനിമ ചെയ്യാന്‍ പാടില്ലെന്നാണ് കോടതിവിധി. എന്നാല്‍ ഒരു കലാകാരനേയും ഒരു വ്യവസ്ഥിതിക്കും കെട്ടിയിടാന്‍ കഴിയില്ല. അവരെന്നും വിപ്ലവകാരികളായിരിക്കും. വീട്ടുതടങ്കലിലെ പരിമിതിക്കുള്ളില്‍നിന്ന് ജാഫര്‍ പനാഹി എടുത്ത ഡോക്യൂമെന്ററി `This is not a film" കഴിഞ്ഞവര്‍ഷം തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ കൈയടിയോടെയാണ് ഏറ്റുവാങ്ങിയത്. സാംസ്കാരിക രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വനിതാ ചലച്ചിത്ര സംവിധായകര്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ വരിഞ്ഞുമുറുക്കിയ ഇറാനില്‍ ഒരു ഡസനോളം വരുന്ന ശക്തരായ സ്ത്രീ സംവിധായകരുണ്ട്. ഇതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.

2006ല്‍ പുറത്തിറങ്ങിയ ജാഫര്‍ പനാഹിയുടെ "ഓഫ്‌സൈഡ്" ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാനത്തെ ഫീച്ചര്‍ ഫിലിം. ഇറാനിലെ അസമത്വത്തിനെതിരെ ഈ സിനിമ ശക്തമായി സംസാരിക്കുന്നു. ഇറാനും ബഹറൈനും തമ്മില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാമത്സരം കാണാന്‍ ഒരു യുവതി പുരുഷവേഷത്തില്‍ പോകുന്നതാണ് ചിത്രത്തിന്റെ കഥ. ഫുട്ബോള്‍ ആരാധകരായ ഒരുകൂട്ടം ആരാധകര്‍ക്കൊപ്പമാണ് ബസ്സില്‍ അവളുടെ യാത്ര. എന്നാല്‍ യാത്രക്കിടെ ചിലര്‍ അവള്‍ സ്ത്രീയാണെന്ന് തിരിച്ചറിയുന്നു. ആരും പുറത്തുപറയുന്നില്ല. എന്നാല്‍ സ്റ്റേഡിയത്തില്‍ വച്ച് അവളെ പിടികൂടുകയും ഇത്തരത്തില്‍ പിടിക്കപ്പെട്ട മറ്റു യുവതികളുടെ ഒപ്പം അവളെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് കൂട്ടുന്നു. സൈന്യം അവര്‍ക്ക് കാവല്‍ നില്‍ക്കുന്നു. കൂട്ടത്തിലുണ്ടായ ഒരു പെണ്‍കുട്ടിക്ക് മൂത്രശങ്ക അനുഭവപ്പെടുന്നു. എന്നാല്‍ അവിടെ സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര ഇല്ലായിരുന്നു. അതിനാല്‍ ഒരു ഫുട്ബോള്‍ താരത്തിന്റെ പോസ്റ്ററിന്റെ മറ പിടിച്ച് ഒരു പട്ടാളക്കാരന്‍ അവളെ പുരുഷന്മാരുടെ മൂത്രപ്പുരയിലേക്ക് കൊണ്ടുപോകുന്നു. അവിടുത്തെ ആള്‍ക്കൂട്ടത്തിനിടയില്‍പെട്ട അവള്‍ രക്ഷപ്പെടുന്നു. എന്നാല്‍, അല്‍പം വൈകിയാണെങ്കിലും അവള്‍ പഴയ സ്ഥലത്ത്, മറ്റുള്ള സ്ത്രീകളുടെ അടുത്ത് വന്നുചേരുന്നു. എന്തുകൊണ്ട് നീ രക്ഷപ്പെട്ടില്ല എന്ന് മറ്റു സ്ത്രീകള്‍ ചോദിക്കുമ്പോള്‍, കാവല്‍നിന്ന പട്ടാളമേധാവിക്ക് പ്രശ്നം വരാതിരിക്കാനാണ് താന്‍ തിരിച്ചുവന്നത് എന്നാണവള്‍ മറുപടി പറയുന്നത്.

ഫുട്ബോളിനപ്പുറം ജാഫര്‍ പനാഹി ഈ സിനിമയിലൂടെ പറയുന്നത് ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഇറാനിലെ സ്ത്രീകളുടെ യഥാര്‍ഥ മുഖമാണ്, പട്ടാളമേധാവിയും ഒരു പെണ്‍കുട്ടിയും തമ്മില്‍ നടക്കുന്ന സംവാദം. ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയേയും പുരുഷ മേധാവിത്വത്തേയും കാണിച്ചുതരുന്നു. ആഞ്ഞുകൊത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ പെണ്‍കുട്ടി പട്ടാളക്കാരന് നേരെ തൊടുത്തു വിടുന്നു. പലതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. യഥാര്‍ഥ ജീവിതാവസ്ഥകളിലൂടെ ശക്തമായ രാഷ്ട്രീയം ജാഫര്‍ പനാഹി ഈ സിനിമയിലൂടെ പങ്കുവയ്ക്കുന്നു. ഈ കുറിപ്പ് അവസാനിപ്പിക്കുംമുമ്പ് ചിലതുകൂടി ഓര്‍മിപ്പിക്കട്ടെ, സിനിമ കണ്ടുതന്നെ അനുഭവിക്കണം. ഒരു സിനിമ മതിയാകും ചിലപ്പോള്‍ കുറേക്കാലമായി നമ്മളന്വേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകാന്‍. ഭൂഖണ്ഡങ്ങള്‍ കടന്ന് യാത്ര ചെയ്യാന്‍ സിനിമകള്‍ തരുന്ന അവസരം പാഴാക്കരുത്. ഭൂമിയിലെവിടെയും മനുഷ്യന്റെ കഥ ഒന്നാണെന്ന് തിരിച്ചറിയാന്‍ നല്ല സിനിമകള്‍ കണ്ടാല്‍ മതി. ആയിരം പീരങ്കികളേക്കാള്‍ ശക്തിയുള്ള ദൃശ്യഭാഷ കാണാതെ പോകുന്നത്, ഈ ലോകത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ പെട്ടതാകും.

*
തന്‍സീര്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചില സംഗതികള്‍ മറ്റൊരാളെ പറഞ്ഞനുഭവിപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ വല്ലാതെ നിസ്സഹായരാകുന്ന ഇങ്ങനെയുള്ള ഒരുപാട് നിമിഷങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഒരിക്കലും കടലു കാണാത്ത ഒരാള്‍ക്ക് എങ്ങനെ കടലിനെ വിവരിച്ചുകൊടുക്കും? അതിന്റെ ആഴം, പരപ്പ്, നിറം, മാറിമാറിവരുന്ന ഭാവങ്ങള്‍, തൊട്ടുനില്‍ക്കുന്ന ആകാശം, പഞ്ചാരമണലില്‍ പതിഞ്ഞതും പതിയാത്തതുമായ കാലടികള്‍, അന്തരീക്ഷത്തിലെ ഈര്‍പ്പം, ഇരമ്പം.... ഇതെല്ലാം വിവരിച്ചുകൊടുക്കുക അസാധ്യമാണ്. നമുക്ക് ചുറ്റും ഒരുപാട് സംഭവങ്ങള്‍ ഇങ്ങനെയുണ്ട്. നമ്മള്‍ കാണാതെ പോകുന്ന കാഴ്ചകള്‍...