Thursday, April 12, 2012

സുനാമി ഓര്‍മ്മപ്പെടുത്തലും മുന്‍കരുതലുകളും

2012 ഏപ്രില്‍ 11-ാം തീയതി, വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറേ കടല്‍ത്തീരത്ത് റിക്ടര്‍ സ്കെയിലില്‍ 8.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. ഉച്ചതിരിഞ്ഞ് 2 മണിക്ക് ഉണ്ടായ ഈ ഭുചലനം അപ്പോള്‍ത്തന്നെ ബംഗാള്‍ഉള്‍ക്കടലിലും അറബിക്കടലിലും വിക്ഷേപിച്ചിട്ടുള്ള സുനാമി മുന്നറിയിപ്പു ഉപകരണങ്ങള്‍ പിടിച്ചെടുത്ത് എല്ലാ തീരദേശസംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

2004 ല്‍ ഉണ്ടായ സുനാമിയുടെ ഭീകരമായ ഓര്‍മ്മകള്‍ നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. രണ്ടുലക്ഷത്തി മുപ്പതിനായിരം പേരുടെ ജീവനാണ് ഈ വന്‍ദുരന്തത്തില്‍ പൊലിഞ്ഞുപോയത്. അന്ന് 9.1 ആയിരുന്നു റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ തീവ്രത.

ഇന്നലെ കേരളത്തില്‍ ഉണ്ടായ ഭൂചലനങ്ങള്‍ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറേ കടല്‍ത്തീരത്ത് ഉത്ഭവിച്ച ഭൂചലനത്തിന്റെ ഫലമായി അനുഭവപ്പെട്ടതാണ്. കടലിലാണ് ഭൂചലനം ഉണ്ടായത് എന്നതുകൊണ്ട് സുനാമി മുന്നറിയിപ്പും സംസ്ഥാനത്തെ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയുണ്ടായി. 2004 ലെ സുനാമിക്കുശേഷം 2007 ലാണ് കേന്ദ്രസര്‍ക്കാര്‍ സുസജ്ജമായ ഒരു സുനാമി മുന്നറിയിപ്പ് സംവിധാനം ഹൈദരാബാദിലുള്ള ദേശീയ സമുദ്രാന്വേഷണ സേവനകേന്ദ്രത്തില്‍ തുടങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ നാലും അറബിക്കടലില്‍ രണ്ടും സുനാമി മുന്നറിയിപ്പ് ഉപകരണങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ബോട്ടം പ്രെഷര്‍ റിക്കോര്‍ഡര്‍ എന്ന ഈ ഉപകരണങ്ങള്‍ക്കു പുറമെ മുപ്പത് ടൈഡ് ഗേജുകളും കടലില്‍ വിക്ഷേപിച്ചിട്ടുണ്ട്.

ഭൂചലനം മൂലം കടലില്‍ എന്ത് വ്യതിയാനം ഉണ്ടായാലും ഈ ഉപകരണങ്ങള്‍ അപ്പോള്‍ത്തന്നെ വിവരം പിടിച്ചെടുത്ത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍ വഴി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ അറിയിക്കുകയും അവിടെ നിന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍, മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയെ വിവരമറിയിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ കിട്ടുന്ന വിവരത്തെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഏപ്രില്‍ 11-ാം തീയതി (ഈ ലേഖനമെഴുതുന്ന സമയംവരെ) ആറ് തവണയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് 1.30 ഓടെ 8.5 തീവ്രതയും, 2 മണിയോടെ 7 തീവ്രതയും 2.30 യോടെ 6.8 തീവ്രതയിലും ഉള്ള ഭൂചലനങ്ങള്‍ ഉണ്ടായി. മൂന്നേമുക്കാല്‍ മണിയോടെ 8.2 തീവ്രതയും 4 മണിയോടെ 6.8 തീവ്രതയും രേഖപ്പെടുത്തി. ഏറ്റവും അവസാനം 4.30 മണിയോടെ, 6.6 തീവ്രതയുള്ള ഭൂചലനമാണ് സംഭവിച്ചത്.

തുടര്‍ചലനങ്ങള്‍ അനുഭവപ്പെടുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും സംശയമാണ്. കടല്‍ത്തീരത്തുനിന്ന് അകന്ന പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെടുമ്പോള്‍ ഏറ്റവും പ്രധാനം കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി, തുറസ്സായ സ്ഥലത്തു നില്‍ക്കുക എന്നതാണ്. ഭൂമി കുലുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോവണിപ്പടികളോ ലിഫ്റ്റോ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഭൂചലനം ഉണ്ടാകുമ്പോള്‍ ഏറ്റവും ആദ്യം തകരുന്നത് കോണിപ്പടികളാണ് എന്നത് ഓര്‍ക്കുക. ബാല്‍ക്കണികള്‍ പെട്ടെന്ന് തകര്‍ന്നു പോകുമെന്നതുകൊണ്ട് അവിടെ നിന്ന് മാറിനില്‍ക്കണം. കെട്ടിടത്തിനകത്തെ ജനലുകള്‍, വാതിലുകള്‍ തുടങ്ങിയ തുറന്ന സ്ഥലങ്ങള്‍ക്കരികെ നില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. പുറത്ത് കടക്കാന്‍ സമയം കിട്ടിയില്ലെങ്കില്‍ ചുവരുകളില്‍ നിന്ന് മാറി, ബലമുള്ള മേശയുടേയോ ഡസ്കിന്റെയോ അടിയില്‍ ഇരിക്കുന്നത് കുറേക്കൂടി സുരക്ഷിതമാണ്. ഒരു കാരണവശാലും ഭൂചലനസമയത്ത് ടെലിഫോണോ മറ്റ് വൈദ്യുതി ഉപകരണങ്ങളോ ഉപയോഗിക്കരുത്. ആ സമയത്ത് ഗ്യാസ് അടുപ്പ് കത്തിക്കുന്നതും ഒഴിവാക്കുക. ഗ്യാസ് ലീക്ക് ചെയ്ത് തീപിടുത്തം ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.

കടലിലാണ് ഭൂകമ്പം ഉണ്ടായതെങ്കില്‍ സുനാമിയ്ക്കുള്ള സാധ്യത ഉണ്ടെന്ന് ഓര്‍ക്കണം. മണിക്കൂറില്‍ 750 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ തിരമാലകള്‍ക്ക് ഏകദേശം 2 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നുവരാനാകും. അതുകൊണ്ട് തീരത്തുനിന്ന് 2 കിലോമീറ്റര്‍ ഉള്ളിലേക്ക് പോകാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക. വളരെ അതിശയകരമായി തോന്നിയത് ഇത്തവണ സുനാമി ജാഗ്രത മുന്നറിയിപ്പ് കൊടുത്തിട്ടും കടല്‍ത്തീരത്ത് ഒട്ടേറെപ്പേര്‍ സുനാമി കാണാനായിത്തന്നെ വന്നെത്തി എന്നാണ്. വളരെ അപകടമാണ് അങ്ങനെ ചെയ്യുന്നത്.

പൊതുവേ, റിക്ടര്‍സ്കെയിലില്‍ 8 ന് മുകളില്‍ തീവ്രതരേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ മാത്രമേ സുനാമി ഉണ്ടാക്കാന്‍ സാധ്യതയുള്ളൂ. കരയില്‍ 5 ന് താഴെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ പേടിക്കേണ്ട കാര്യമില്ല.

തിരമാലകള്‍ പെട്ടെന്ന് പിന്‍വലിയുകയോ, കടല്‍ജലം ക്രമാതീതമായി ഉയരുകയോ ചെയ്യുന്നത് സുനാമിയുടെ മുന്നറിയിപ്പ് സൂചനകള്‍ ആകാം. ഈ സൂചനകള്‍ കണ്ടു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് തീരദേശത്ത് നിന്ന് മാറിപ്പോകുക. അതിനു സൌകര്യം ഇല്ലാത്തവര്‍ ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍ കയറി നില്‍ക്കുക. ഉയര്‍ന്ന പ്രദേശമാണ് സുനാമിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഏറ്റവും അനുയോജ്യം എന്നത് മറക്കരുത്. വെള്ളം കയറി വരികയാണെങ്കില്‍ വാതിലുകളും ജനലുകളും തുറന്നിടുന്നത് തിരമാലകളുടെ ശക്തികുറയ്ക്കാന്‍ സഹായിക്കും.

കടല്‍പ്പരപ്പില്‍ നിന്ന് 25 അടിയില്‍ താഴെ മാത്രം ഉയരമുള്ള പ്രദേശങ്ങള്‍ അപകടസാധ്യതയുള്ളവയാണ്. നമ്മുടെ സംസ്ഥാനത്തെ പല തീരദേശപഞ്ചായത്തുകളും സമുദ്രനിരപ്പില്‍ നിന്ന് 4 മീറ്റര്‍ മാത്രം ഉയരത്തിലാണ് എന്നത് ഓര്‍ക്കണം. സുനാമി മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞാല്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങരുത്. റേഡിയോ, ടി വി തുടങ്ങിയ വാര്‍ത്താമാധ്യമങ്ങളില്‍ കൂടിയുള്ള അറിയിപ്പുകള്‍ ശ്രദ്ധിച്ചുകൊണ്ടേ ഇരിക്കണം. അതത് ജില്ലാ കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍നമ്പരുകള്‍ കുറിച്ചെടുത്ത് നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കണം. ഈ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയും വേണം. 2004 ല്‍ ഉണ്ടായ സുനാമിയില്‍ കടല്‍ ഉള്‍വലിയുന്നത് കാണാന്‍ മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളാണ് തിരമാലകള്‍ക്കിടയില്‍ പെട്ടത് എന്നത് പലരും ഓര്‍ക്കുന്നുണ്ടാകും.

ഇന്നലെ ഉണ്ടായ ഭൂചലനത്തില്‍ ആദ്യം സുനാമി അലര്‍ട്ട് അഥവാ "ജാഗ്രതാനിര്‍ദ്ദേശം'' തീരദേശ സംസ്ഥാനങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. കൂട്ടത്തില്‍ വൈകിട്ട് 5.30 യോടെ സുനാമിത്തിരമാലകള്‍ തിരുവനന്തപുരത്ത് എത്തിയേക്കാം എന്ന സൂചനയും ഉണ്ടായിരുന്നു. ഉടനടി തീരദേശവാസികളുടെ സുരക്ഷയ്ക്കായുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ എടുക്കുകയുണ്ടായി. എന്നാല്‍, വൈകിട്ട് 4 മണിയോടെ ഇത്, സുനാമി വാച്ച് അഥവാ 'ശ്രദ്ധ' എന്ന സൂചനയിലേക്ക് മാറുകയുണ്ടായി.

സുനാമി അലര്‍ട്ട് കൊടുക്കുന്നത് 0.5 മീറ്ററില്‍ പ്പരം ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുള്ളപ്പോഴും സുനാമി 'വാച്ച്' എന്നത് 0.5 മീറ്ററില്‍ താഴെ ഉയരമുള്ള ചെറിയ തിരമാലകള്‍ക്ക് സാധ്യതയുള്ളപ്പോഴും ആണ് എന്നത് ദുരന്തത്തിന്റെ ഗൌരവം കുറഞ്ഞു എന്നതിന്റെ സൂചനയായിരുന്നു.

അപകടസൂചന കിട്ടിയാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കണ്‍ട്രോള്‍ റൂമുകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലും ബന്ധപ്പെടാവുന്നതാണ്. ഭൂചലനം ഉണ്ടാകുമ്പോള്‍ കംപ്യൂട്ടര്‍ ഉള്ളവര്‍ക്ക് www.imd.gov.in എന്ന വെബ് മേല്‍വിലാസത്തിലും, സുനാമി ഉണ്ടാകുമ്പോള്‍ www.incois.gov.in എന്ന വെബ് മേല്‍വിലാസത്തിലും കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

വരാനിരുന്ന വലിയ അപകടം തല്‍ക്കാലം ഒഴിഞ്ഞുപോയി എന്ന് ഇപ്പോള്‍ ആശ്വസിക്കാം. പക്ഷെ, നമ്മള്‍ തയ്യാറായി ഇരിക്കേണ്ടതുണ്ട്. ഇത്തരം ദുരന്തസന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണം എന്ന സന്ദേശങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി, കുഞ്ഞുങ്ങളിലൂടെ മുതിര്‍ന്നവരിലേക്ക് എത്തിക്കേണ്ട വലിയ ഉത്തരവാദിത്തം നമ്മുടെ മുന്‍പിലുണ്ടെന്ന് ഓര്‍മിക്കേണ്ടതുണ്ട്.

*
ഡോ. കെ ജി താര (സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം)

ജനയുഗം 12 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നലെ കേരളത്തില്‍ ഉണ്ടായ ഭൂചലനങ്ങള്‍ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറേ കടല്‍ത്തീരത്ത് ഉത്ഭവിച്ച ഭൂചലനത്തിന്റെ ഫലമായി അനുഭവപ്പെട്ടതാണ്. കടലിലാണ് ഭൂചലനം ഉണ്ടായത് എന്നതുകൊണ്ട് സുനാമി മുന്നറിയിപ്പും സംസ്ഥാനത്തെ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയുണ്ടായി. 2004 ലെ സുനാമിക്കുശേഷം 2007 ലാണ് കേന്ദ്രസര്‍ക്കാര്‍ സുസജ്ജമായ ഒരു സുനാമി മുന്നറിയിപ്പ് സംവിധാനം ഹൈദരാബാദിലുള്ള ദേശീയ സമുദ്രാന്വേഷണ സേവനകേന്ദ്രത്തില്‍ തുടങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ നാലും അറബിക്കടലില്‍ രണ്ടും സുനാമി മുന്നറിയിപ്പ് ഉപകരണങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ബോട്ടം പ്രെഷര്‍ റിക്കോര്‍ഡര്‍ എന്ന ഈ ഉപകരണങ്ങള്‍ക്കു പുറമെ മുപ്പത് ടൈഡ് ഗേജുകളും കടലില്‍ വിക്ഷേപിച്ചിട്ടുണ്ട്.