Saturday, April 21, 2012

സ. ടി കെ: ജ്വലിക്കുന്ന സ്മരണ

സഖാവ് ടി കെ രാമകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറുവര്‍ഷം തികയുന്നു. ടി കെ എന്ന ചുരുക്കപ്പേരില്‍ ജനങ്ങളുടെയാകെ ആദരംനേടിയ സഖാവ്, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം പ്രവര്‍ത്തിച്ചു. കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പോരാട്ടങ്ങള്‍ നയിച്ച ടി കെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തി, ട്രേഡ് യൂണിയനിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. സാംസ്കാരികമേഖലയിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. എഴുത്തുകാരന്‍ എന്ന നിലയിലും ടി കെ ആദരവുനേടി. പാര്‍ലമെന്ററിരംഗത്ത് ജനകീയ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടപെട്ടു. സ്നേഹസമ്പന്നനായ രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി ജീവിതകാലത്ത് ആരംഭിച്ച പൊതുപ്രവര്‍ത്തനം ജീവിതാവസാനംവരെ തുടര്‍ന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ തളരാത്ത ടി കെയുടെ മനഃസ്ഥൈര്യം പ്രക്ഷോഭരംഗങ്ങളില്‍ സഖാക്കള്‍ക്ക് ആവേശമായി. രോഗബാധയാല്‍ അവശനായ അവസാനാളുകളിലും പ്രയാസങ്ങള്‍ കണക്കിലെടുക്കാതെ അദ്ദേഹം സംഘടനാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്തില്‍ മടുക്കയില്‍ ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ടി കെ എത്തിയത് അത്തരമൊരു ഘട്ടത്തിലാണ്.

ലാളിത്യമായിരുന്നു ടി കെയുടെ മുഖമുദ്ര. എത്ര ഗൗരവമായ പ്രശ്നം ചര്‍ച്ചചെയ്യുമ്പോഴും നര്‍മം കൂട്ടിക്കലര്‍ത്തുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. പൊതുയോഗങ്ങളില്‍ സംസാരിക്കുമ്പോള്‍ പ്രയോഗിക്കുന്ന തമാശകളും പൊടിക്കൈകളും കേരളീയര്‍ക്കാകെ പരിചിതമാണ്. എല്ലാവരോടും സൗഹാര്‍ദപരമായി ഇടപഴകുന്ന ശീലമുള്ള അദ്ദേഹം വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ സ്നേഹം പങ്കിട്ടു. ആരോടും പരുഷമായി പെരുമാറിയില്ല. ജനങ്ങളുടെപ്രശ്നം ഏറ്റടുക്കുന്നതിലും പരിഹാരത്തിനായി ശ്രമിക്കുന്നതിലും ടി കെയ്ക്ക് ഇടവേളകളുണ്ടായിരുന്നില്ല. ടി കെ ഏതു സ്ഥാനം വഹിക്കുന്നു എന്നത് അത്തരം മുന്‍കൈകള്‍ക്ക് തടസ്സമാകാറില്ല. മന്ത്രിയായിരിക്കുമ്പോള്‍ മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്ന നിവേദകന്റെ ഭാവത്തില്‍ ടി കെയെ പലപ്പോഴും കാണാം. ഇതരവകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വന്നാലും ഒരു വിഷമവും പ്രകടിപ്പിക്കാതെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കാണാന്‍ വരുന്നവരുടെ കൂട്ടുകാരനായും രക്ഷിതാവായും ഒക്കെ മാറുമായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ടി കെയ്ക്ക് നാട്ടുകാരുടെ സ്നേഹവും ആദരവും നേടാനായത് മനുഷ്യരുടെ പ്രയാസങ്ങളോടൊപ്പം ചേരാനുള്ള പച്ചയായ മനുഷ്യന്റെ മനസ്സുള്ളതുകൊണ്ടാണ്.

മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. സഹകരണവകുപ്പ് കൈകാര്യംചെയ്യുമ്പോള്‍ എല്ലാവരെയും സഹകരിപ്പിക്കുന്ന നയമാണ് സ്വീകരിച്ചത്. രാഷ്ട്രീയത്തിനതീതമായി സഹകാരികള്‍ ടി കെയെ അംഗീകരിച്ചു. ഫിഷറീസ് രംഗത്ത് നല്ല നിലയ്ക്കു പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് വളര്‍ത്തിയെടുക്കുന്നതിലും ആ മേഖലയില്‍ പ്രൈമറി സംഘങ്ങള്‍ രൂപീകരിക്കുന്നതിലും ടി കെ വഹിച്ച പങ്ക് വലുതാണ്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന ഘട്ടത്തില്‍ പൊലീസുകാരുടെ സംഘടനാ പ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് ശ്രദ്ധിച്ചു. സാംസ്കാരികരംഗത്തെ ഉന്നതരുമായി ബന്ധം പുലര്‍ത്താനും അവരുമായി ആശയവിനിമയം നടത്താനും തയ്യാറാകുന്ന സാംസ്കാരികമന്ത്രിയായിരുന്നു ടി കെ. പല സാംസ്കാരിക സ്ഥാപനങ്ങളും വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.

എറണാകുളമായിരുന്നു ടി കെയുടെ ആദ്യകാല പ്രവര്‍ത്തനകേന്ദ്രം. പാര്‍ടി സംഘടനാ തീരുമാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ ചുമതല ഏറ്റെടുത്ത ടി കെ പിന്നീട് കോട്ടയംകാരനായി. പ്രത്യേക വാത്സല്യത്തോടെയാണ് കോട്ടയത്തെ സഖാക്കളെ ടി കെ കണ്ടത്. ജില്ലയുടെ എല്ലാ ഭാഗത്തും ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ടി കെയുടെ സജീവസാന്നിധ്യം കോട്ടയത്തെ പാര്‍ടിക്ക് വലിയൊരു താങ്ങായിരുന്നു. ഗുരുതരമായ രോഗം ബാധിച്ച് എറണാകുളത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇറങ്ങേണ്ടതിനെക്കുറിച്ചായിരുന്നു ടി കെയ്ക്ക് സംസാരിക്കാനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് കിടന്നുപോയതിലുള്ള വിഷമം പ്രകടിപ്പിച്ചാണ് പ്രചാരണത്തിനിറങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക. അന്ത്യനിമിഷംവരെ പാര്‍ടിയെക്കുറിച്ചുള്ള ചിന്തമാത്രമാണ് സഖാവിനുണ്ടായിരുന്നത്.

കാര്‍ഷികമേഖലയെ തന്റെ പ്രഥമ പരിഗണനാമേഖലയായാണ് ടി കെ കണ്ടത്. കൃഷിക്കാര്‍ക്കുവേണ്ടി ടി കെ നേതൃത്വം നല്‍കിയ പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ്, എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷികരംഗത്ത് നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍. കടക്കെണിയില്‍ കുരുങ്ങിയ കര്‍ഷകരുടെ ആത്മഹത്യാ വാര്‍ത്തകള്‍ അനുദിനംവന്ന കേരളത്തില്‍ കാര്‍ഷിക കടാശ്വാസപദ്ധതിയിലൂടെയും മറ്റനേകം ആശ്വാസ നടപടികളിലൂടെയും സ്ഥിതി മാറ്റിയെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ആ നില ഇന്ന് മാറി. കേരളത്തിലും പടിഞ്ഞാറന്‍ ബംഗാളിലും ഭരണമാറ്റത്തിനുശേഷം കര്‍ഷക ആത്മഹത്യ തിരിച്ചുവന്നിരിക്കുന്നു. ഇടതുപക്ഷസര്‍ക്കാരുകള്‍ നടപ്പാക്കിയ കര്‍ഷക ക്ഷേമപദ്ധതികള്‍ പുതിയ സര്‍ക്കാരുകള്‍ അട്ടിമറിച്ചതോടെ, കാര്‍ഷിക പ്രതിസന്ധി പൂര്‍വാധികം രൂക്ഷമായിരിക്കുന്നു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കൃഷിക്കാരുടെ പ്രശ്നങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്നു. 2008ല്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ കടാശ്വാസപദ്ധതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടില്ല. കാര്‍ഷിക നിക്ഷേപങ്ങളില്‍ ബഹുഭൂരിഭാഗവും സമ്പന്ന കര്‍ഷകര്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ ലഭിക്കുന്നു. കര്‍ഷകര്‍ കടംകയറി മരിക്കുമ്പോള്‍, 2012-13 ലെ കേന്ദ്രബജറ്റില്‍ രാസവളസബ്സിഡി 6000 കോടി രൂപ വെട്ടിക്കുറയ്ക്കുകയാണുണ്ടായത്.

സബ്സിഡി പുനഃസ്ഥാപിച്ച് വിത്തും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള മറ്റു സാമഗ്രികളും ന്യായവിലയ്ക്ക് ലഭ്യമാക്കുക, സംഭരണസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക, ഉല്‍പ്പാദനച്ചെലവ് കണക്കാക്കി താങ്ങുവില പ്രഖ്യാപിക്കുക, വാണിജ്യബാങ്കുകള്‍ ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്ക് കാര്‍ഷികവായ്പ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

കര്‍ഷക ആത്മഹത്യകളുടെ നാടാക്കി കേരളത്തെ വീണ്ടും മാറ്റിയതുമാത്രമല്ല യുഡിഎഫ് സര്‍ക്കാരിന്റെ സംഭാവന. സമസ്ത രംഗങ്ങളിലും പിടിപ്പുകേടിന്റെയും അഴിമതിയുടെയും സ്ഥാപിത താല്‍പ്പര്യത്തിന്റെയും പുതിയ അധ്യായങ്ങളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എഴുതിച്ചേര്‍ക്കുന്നത്. ഭരണം ഏറെക്കുറെ സ്തംഭിച്ചിരിക്കുന്നു. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍തമ്മിലും കക്ഷികള്‍ക്കകത്തും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള കടിപിടിയാണ് നടക്കുന്നത്. സംസ്ഥാന ഖജനാവ് കൊള്ളയടിച്ച് പുതിയ സ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനിടയില്‍, സാധാരണ ജനങ്ങള്‍ക്ക് കടുത്ത പീഡനം നല്‍കാന്‍ സര്‍ക്കാര്‍ മറക്കുന്നുമില്ല. വലിയ വിഭാഗം കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നിഷേധിച്ച നടപടി അത്തരമൊരു പീഡനമാണ്. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് മാസത്തില്‍ അഞ്ചുലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നത്, പാചകവാതക കണക്ഷന്‍ ഇല്ലാത്തവര്‍ക്കുമാത്രമായാണ് വെട്ടിച്ചുരുക്കിയത്. പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചതിനു പിന്നാലെ ലോഡ്ഷെഡിങ് വന്നു. അതിനൊപ്പം മണ്ണെണ്ണ നിഷേധംകൂടിയായപ്പോള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ അടുപ്പും വിളക്കും കത്താതെയാവുകയാണ്. ജനങ്ങളുടെ ജീവിതദുരിതം വര്‍ധിപ്പിക്കുന്നതില്‍ ഏതെല്ലാം തരത്തില്‍ ഇടപെടാന്‍ കഴിയുമെന്നു പരീക്ഷിക്കുകയാണ് യുഡിഎഫ്- ഒടുവിലത്തെ ഉദാഹരണമാണ് വീട്ടാവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിനിരക്കിലെ വര്‍ധന.

ഇത്തരം ജനദ്രോഹ സമീപനങ്ങള്‍ ആവര്‍ത്തിക്കുകയും അതിന്റെ ഫലമായുണ്ടാകുന്ന ഒറ്റപ്പെടല്‍ മറികടക്കാന്‍ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സംഘടിപ്പിച്ച കൂറുമാറ്റം അതിന്റെ ഭാഗമാണ്. ജനങ്ങളുടെ പിന്തുണയല്ല; സങ്കുചിത ശക്തികളുടെ പിന്തുണയാണ് തങ്ങള്‍ക്ക് പഥ്യം എന്ന് തെളിയിച്ച് ജനദ്രോഹനയങ്ങള്‍ തുടരുന്ന യുഡിഎഫ് സര്‍ക്കാരാണ് നെയ്യാറ്റിന്‍കരയില്‍ അനവസരത്തില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. കടലില്‍ വെടിയേറ്റുമരിച്ച പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ മറന്ന് വെടിവച്ചുകൊന്ന വിദേശികള്‍ക്കുവേണ്ടി ലജ്ജാശൂന്യമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടുമ്പോള്‍ അതിന് ഒത്താശചെയ്യുന്നവരായി കേരളത്തിലെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു. യുഡിഎഫിന്റെ തനിനിറം ആ ഒറ്റ അനുഭവത്തില്‍നിന്ന് മനസ്സിലാക്കാം. ഇത്തരം ശക്തികള്‍ക്ക് ഉചിതമായ മറുപടി നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ നല്‍കുകതന്നെ ചെയ്യും. നവ ലിബറല്‍നയങ്ങളുടെ ദുരിതംപേറുന്ന ജനങ്ങളുടെ കൂട്ടായ പോരാട്ടമാണ് രാജ്യത്തുയര്‍ന്നുവരുന്നത്. ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആ പോരാട്ടത്തില്‍ സ. ടി കെയുടെ സ്മരണ നമുക്ക് കരുത്തുപകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി ൨൧ ഏപ്രില്‍ ൨൦൧൨

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സഖാവ് ടി കെ രാമകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറുവര്‍ഷം തികയുന്നു. ടി കെ എന്ന ചുരുക്കപ്പേരില്‍ ജനങ്ങളുടെയാകെ ആദരംനേടിയ സഖാവ്, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഏറെക്കാലം പ്രവര്‍ത്തിച്ചു. കര്‍ഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ കേരളത്തിന്റെ കാര്‍ഷികപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പോരാട്ടങ്ങള്‍ നയിച്ച ടി കെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.