ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധൈഷണിക ശോഭയായ ഇ എം എസിന്റെ ജീവിതത്തിലെ ഒളിമങ്ങാത്ത മുഹൂര്‍ത്തങ്ങള്‍, പുതിയൊരു സുപ്രഭാതത്തിനായി കഴുമരത്തിലേക്ക് പുഞ്ചിരിതൂകി നടന്നുകയറിയ കയ്യൂരിലെ ധീരവിപ്ലവകാരികളുടെ ഓര്‍മകളുടെ ആവേശം പകരുന്ന ശില്‍പ്പം, സര്‍ സി പിയെ വിറപ്പിച്ചോടിച്ച് അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെറിഞ്ഞ വയലാറിലെ ധീരവിപ്ലവകാരികളുടെ ഉജ്വല ചെറുത്തുനില്‍പ്പിന്റെ ദൃശ്യാവിഷ്കാരം, നമ്മളെങ്ങനെ നമ്മളായെന്ന്, കേരളവും ഇന്ത്യയും എങ്ങനെ നമ്മുടെ സ്വതന്ത്രമാതൃഭൂമിയായെന്ന് പറഞ്ഞുതരുന്ന, പഠിപ്പിക്കുന്ന ചരിത്രത്തിലെ ഉജ്വലമായ കാഴ്ചകള്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനം നിലവറകളില്‍ അടയ്ക്കപ്പെട്ട, കുഴിച്ചുമൂടിയ സാധാരണജനതയുടെ ജീവിതസമരാനുഭവങ്ങളാണ് തുറന്നുവച്ചിരിക്കുന്നത്.
കേരളത്തിന്റെ, ഇന്ത്യയുടെ, കോഴിക്കോടിന്റെ, ഇന്നലെകളിലെ അറിയപ്പെടാത്ത ഏടുകളാണ് കോഴിക്കോട് ടൗണ്‍ഹാളിനടുത്തുള്ള ഇ എം എസ് നഗറില്‍ ഒരുക്കിയിട്ടുള്ളത്. പോരാട്ടങ്ങളുടെ കാവ്യകഥനമോ ചിത്രാവിഷ്കാരമോ മാത്രമല്ല ഈ പ്രദര്‍ശനം. പുഴുസമാനായി ജീവിക്കേണ്ടിവന്ന പാവപ്പെട്ട മനുഷ്യന് ഉണ്ണാനും ഉടുക്കാനും പൊതുവഴിയിലൂടെ നടക്കാനും മനുഷ്യരായി ജീവിക്കാനും സാധിച്ചതിന്റെ തിളങ്ങുന്ന അനുഭവങ്ങള്‍ ഈ പ്രദര്‍ശനത്തിലുണ്ട്. പ്രക്ഷോഭത്തിലൂടെ സാമൂഹ്യ ഇടപെടലിലൂടെ നട്ടെല്ലുയര്‍ത്തി നിവര്‍ന്നുനിന്ന് ഒരുദേശം അതിന്റെ ചരിത്രം തിരുത്തിയതിന്റെ കഥയും ഇവിടെ വായിച്ചെടുക്കാനാകുന്നു. ചരിത്രത്തിന്റെ അന്ത്യകൂദാശ നിര്‍വഹിച്ചെന്ന് പെരുമ്പറ മുഴക്കുന്ന കാലത്ത് ജനകീയചരിത്രം ഉണര്‍ന്നെണീറ്റ് ജനതയോടും നാടിനോടും സംസാരിക്കുക... നിറംപിടിപ്പിച്ച നുണകളാല്‍ ഭൂതകാലത്തിന്റെ പുസ്തകമാകെ തങ്ങളുടേതാക്കി മാറ്റിയെഴുതി കൊമ്പുകുലുക്കുന്ന പ്രമാണിമാരെയും സമ്പന്നവര്‍ഗത്തെയും വിചാരണ ചെയ്യാന്‍ ആശയപരമായി ആയുധവും കരുത്തും പകരുന്ന കാഴ്ചകള്‍... ചരിത്രം നിങ്ങളെ കുറ്റക്കാരനെന്നു വിധിക്കുമെന്ന് അധികാരിവര്‍ഗത്തോടും സമുദായമേധാവികളോടും വിളിച്ചുപറയാന്‍ ആര്‍ജവം നല്‍കുന്നു സോഷ്യലിസമാണ് ഭാവി എന്ന പ്രദര്‍ശനം. സമതയെന്ന ആശയം ലോകത്ത് വിടര്‍ന്നതിന്റെ, വളര്‍ന്നതിന്റെ സൂചനകള്‍, അടയാളങ്ങളിലൂടെയാണ് തുടക്കം. ലോകത്താകെ മാറ്റത്തിന് തീകൊളുത്തിയ വിപ്ലവപ്രതിഭ കാള്‍ മാര്‍ക്സിന്റെ കൈപ്പട, 1925ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന ആദ്യ പാര്‍ടി കോണ്‍ഗ്രസിലെ ബാഡ്ജും സ്ലിപ്പും, 1920 ഒക്ടോബര്‍ 17ന് താഷ്കന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരിച്ച് എം എന്‍ റോയിയും അബനീമുഖര്‍ജിയും അടങ്ങുന്ന ഏഴുപേര്‍ ഒപ്പിട്ട രേഖ, പെണ്‍ഹിറ്റ്ലര്‍ ജനിക്കുന്നു എന്നു തുടങ്ങുന്ന എ കെ ജിയുടെ പ്രശസ്തവും ആവേശഭരിതവുമായ അടിയന്തരാവസ്ഥക്കാലത്തെ പാര്‍ലമെന്റ് പ്രസംഗം...
ഇന്നലെകളിലെ തിളച്ചുമറിയുന്ന മുഹൂര്‍ത്തങ്ങളുടെ സമരസര്‍ഗാവിഷ്കാരം ആവിഷ്കരിച്ചിട്ടുണ്ട്. പേരാട്ടങ്ങളുടെ, ജനകീയമുന്നേറ്റങ്ങളുടെ, സാംസ്കാരികവികാസത്തിന്റെ തുടിപ്പുകള്‍ വായിച്ചറിയാനും കാണാനും കേള്‍ക്കാനും അനുഭവിക്കാനുമുള്ള അവസരമാണ് പാര്‍ടികോണ്‍ഗ്രസിന്റെ ഭാഗമായി ലഭ്യമാകുന്നത്. ഭൂഖണ്ഡാന്തരങ്ങള്‍ക്ക് അകലെ തൊഴിലെടുക്കുന്നവന്റെ വിജയം വിളംബരം ചെയ്ത് ഒക്ടോബര്‍വിപ്ലവം വിജയിച്ചതറിഞ്ഞ കോഴിക്കോട്ടെ തൊഴിലാളിപ്രവര്‍ത്തകരും നാട്ടുകാരും 1917 നവംബറില്‍കോഴിക്കോട് ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. തുണിയുടുക്കാനും വഴിനടക്കാനും കീഴാളര്‍ നടത്തിയ പ്രതിഷേധമുണ്ട് ഇതില്‍. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വേലുത്തമ്പിദളവയുടെ ധീരമായ പ്രതികരണമായ കുണ്ടറവിളംബരത്തിന്റെ രേഖയുണ്ട്. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ സൗഭാഗ്യമായി കരുതുന്ന ദേശബന്ധുവും പ്രഭാതവും മാതൃഭൂമിയും ഉള്‍പ്പെടെ പഴയ പത്രമാസികകളുമുണ്ട്.
1950ലെ വിശ്വകേരളത്തിന്റെ റഷ്യന്‍വിപ്ലവപതിപ്പും 16-ാം വയസ്സില്‍ ഇ എം എസ് എഴുതിയ ലേഖനമുള്ള ഉണ്ണിനമ്പൂതിരിയുമാണ് ഇതില്‍ പ്രധാനം. 300 വര്‍ഷം പഴക്കമുള്ളതാണ് താളിയോലഗ്രന്ഥം. ചരിത്രസന്ദര്‍ഭങ്ങളുടെ കുറിപ്പുകള്‍ക്ക് അനുബന്ധമായി ചിത്രങ്ങള്‍ ചേര്‍ത്തിരിക്കുന്നു. കൂടാതെ ചരിത്രത്തിലെ ജ്വലിക്കുന്ന സന്ദര്‍ഭങ്ങളുടെ ശില്‍പ്പചിത്രങ്ങളും. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയ ലോകവിപ്ലവകാരികളുടെ ശില്‍പ്പങ്ങളുമുണ്ട്. ജീവരക്തത്താല്‍ തടവറയില്‍ അരിവാള്‍ ചുറ്റിക വരച്ച ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് ധീരന്‍ മണ്ടോടികണ്ണന്റെ പോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരം ആവേശഭരിതമായ കാഴ്ചയാണ്. അമേരിക്കന്‍ മോഡല്‍ അറബിക്കടലിലാഴ്ത്തിയ "കേരളത്തിന്റെ പാരീസ് കമ്യൂണ്‍" പുന്നപ്ര-വയലാര്‍ സമരം, ദേശീയപതാക ചോരയില്‍ കുതിര്‍ന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ സ്വാതന്ത്ര്യസമരപ്രക്ഷോഭം, പുതിയ പ്രഭാതത്തിനായി പുഞ്ചിരിയോടെ തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികള്‍, അനശ്വരമായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം, തെലുങ്കാനയിലെ ധീരോദാത്തമായ ചെറുത്തുനില്‍പ്പ്, സായ്പിന്റെ അധികാരഭീകരതയുടെ എക്കാലത്തെയും പ്രതീകമായ മരണവണ്ടിയായ വാഗണ്‍ ട്രാജഡി... ഇങ്ങനെ ചരിത്രത്തിനപ്പുറത്തുനിന്നു തലയുയര്‍ത്തി നിന്ന് അഭിവാദ്യം ചെയ്യുന്ന, പോരാട്ടവീറിന് തീപിടിപ്പിക്കുന്ന മഹത്തായ സംഭവങ്ങളും ത്രിമാനചിത്രമായി മുന്നിലെത്തുന്നു.
ബാലഗംഗാധരതിലകന്‍, സ്വാമി വിവേകാനന്ദന്‍... എന്നിവരുടെ ജീവസ്സുണര്‍ത്തുന്ന ശില്‍പ്പങ്ങളുമുണ്ട്. മുഖ്യധാരാ ചരിത്രപണ്ഡിതന്മാര്‍ കുഴിച്ചുമൂടിയ ജനകീയചരിത്രത്തിന്റെ കലവറയാണ് ഇവിടെ ഉയിര്‍ത്തെഴുന്നേറ്റ് സ്വന്തം ചരിത്രം പറയുന്നത്. മീറത്ത്, കാണ്‍പുര്‍, പെഷവാര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ഗൂഢാലോചനാകേസുകളുടെ വിശദാംശങ്ങളുണ്ട്. സാന്താള്‍ കലാപവും ചാന്നാര്‍ലഹളയും കാവുമ്പായിയിലെയും കര്‍ഷകമുന്നേറ്റങ്ങളുമുണ്ട്. 1948ലെ കല്‍ക്കത്താതീസീസിന്റെ കോപ്പിയും വായിക്കാന്‍ ഒരുക്കിയിരിക്കുന്ന അനര്‍ഘചരിത്രമായുണ്ട്. 1937ല്‍ കോഴിക്കോട്ട് കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരിച്ചതു മുതല്‍ മുതലാളിത്ത -ആഗോളവല്‍ക്കരണലോകത്തെ പിടിച്ചുലയ്ക്കുന്ന വാള്‍സ്ട്രീറ്റിലെ പ്രക്ഷോഭം ഉള്‍പ്പെടെ ഒരുകാലത്തെ സ്ഫോടനാത്മകമായ സമരസര്‍ഗാത്മക മുന്നേറ്റങ്ങളാകെ അറിയാനും വായിക്കാനും സഹായകമാണ് ഈ പ്രദര്‍ശനം. "സോഷ്യലിസമാണ് ഭാവി" എന്ന പേരില്‍ ഏപ്രില്‍ എട്ടുവരെയാണ് പ്രദര്‍ശനം.
*
പി വി ജീജോ ദേശാഭിമാനി വാരാന്തപ്പതിപ്പ് 02 ഏപ്രില്‍ 2012
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ധൈഷണിക ശോഭയായ ഇ എം എസിന്റെ ജീവിതത്തിലെ ഒളിമങ്ങാത്ത മുഹൂര്‍ത്തങ്ങള്‍, പുതിയൊരു സുപ്രഭാതത്തിനായി കഴുമരത്തിലേക്ക് പുഞ്ചിരിതൂകി നടന്നുകയറിയ കയ്യൂരിലെ ധീരവിപ്ലവകാരികളുടെ ഓര്‍മകളുടെ ആവേശം പകരുന്ന ശില്‍പ്പം, സര്‍ സി പിയെ വിറപ്പിച്ചോടിച്ച് അമേരിക്കന്‍ മോഡല്‍ അറബിക്കടലിലെറിഞ്ഞ വയലാറിലെ ധീരവിപ്ലവകാരികളുടെ ഉജ്വല ചെറുത്തുനില്‍പ്പിന്റെ ദൃശ്യാവിഷ്കാരം, നമ്മളെങ്ങനെ നമ്മളായെന്ന്, കേരളവും ഇന്ത്യയും എങ്ങനെ നമ്മുടെ സ്വതന്ത്രമാതൃഭൂമിയായെന്ന് പറഞ്ഞുതരുന്ന, പഠിപ്പിക്കുന്ന ചരിത്രത്തിലെ ഉജ്വലമായ കാഴ്ചകള്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനം നിലവറകളില്‍ അടയ്ക്കപ്പെട്ട, കുഴിച്ചുമൂടിയ സാധാരണജനതയുടെ ജീവിതസമരാനുഭവങ്ങളാണ് തുറന്നുവച്ചിരിക്കുന്നത്.
Post a Comment