ഓര്‍മക്കുറിപ്പുകളുടെ സുനാമിയാണ് പുതിയ കാലത്ത് എഴുത്തുരീതികളില്‍ സജീവമായിരിക്കുന്നത്. ഓരോ വ്യക്തിയും ഓരോ പുസ്തകമാകുന്നു. സെല്ലുലോയിഡിലെന്നപോലെ കഥ ജീവിതമാകുന്നു! ജീവിതം കഥയാകുന്നു! ആടുജീവിതം തന്ന ഓര്‍മപ്പെടുത്തല്‍ പൊക്കുടനിലൂടെയും സുരയ്യഭാനുവിലൂടെയും വളര്‍ന്ന് ദേശകാലങ്ങള്ക്കപ്പുറമെത്തി നില്ക്കുന്നു. "കേട്ടെഴുത്ത് രീതി" ഇന്ന് നമ്മുടെ പുസ്തകശാലയെ അനുഭവശാലയാക്കിത്തീര്ക്കുന്നു. എന്‍ പ്രഭാകരന്റെ തിയൂര്‍ രേഖയിലെ വാര്ദ്ധാഗോപാലനെപ്പോലെ ഓരോ വ്യക്തിയും ചരിത്രനിര്‍മിതിയുടെ രസക്കൂട്ടാവുന്നു.
ഞാന്‍ നുജൂദ് വയസ്സ് 10, വിവാഹമോചിത".... സുന്ദരിയായ കൊച്ചുപെണ്‍കുട്ടിയുടെ മുഖചിത്രത്തോടെ വന്ന ഈ പരിഭാഷാപുസ്തകം ഏത് വായനക്കാരനെയും ആകര്‍ഷിക്കുന്നതാണ്. നുജൂദ്അലി എന്ന പത്തുവയസ്സുകാരിയുടെ ആത്മധൈര്യത്തിന്റെയും ചങ്കുറപ്പിന്റെയും പുസ്തകമാണിത്. ഡെല്ഫിന് മിനോയി പരിഭാഷപ്പെടുത്തി എഴുതിയ നുജൂദിന്റെ ജീവിതം മലയാളിക്ക് പരിചയപ്പെടുത്തിയത് രമാമേനോന് ആണ്. നുജൂദ്, പത്തുവയസ്സുകാരി പെണ്‍കുട്ടിയാണ്. അവളുടെ ജീവിതം വിവാഹമോചനവും സ്വാതന്ത്ര്യപ്രഖ്യാപനവും പടച്ചോന്റെ തിരക്കഥ പോലെ ഈ പുസ്തകത്തില്‍ കാണാം.
ബെന്യാമിന്റെ ആടുജീവിതം അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടതിനുശേഷം മലയാളി ഒരുപാട് പുതിയ ജീവിതം പരിചയപ്പെട്ടു. എന്നാല്‍ അവയില്‍നിന്ന് വ്യത്യസ്തമായി ഉടലില്‍ തീപ്പിടിക്കുന്ന അനുഭവവുമായാണ് നുജൂദിന്റെ കഥയെത്തിയത്. വിവാഹമോചനം തേടി കോടതിയിലെത്തുന്ന നുജൂദ് എന്ന പത്തുവയസ്സുകാരിയുടെ ഓര്‍മകളിലൂടെയാണ് നമ്മള് സഞ്ചരിക്കേണ്ടി വരിക. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കന്‍ പ്രദേശമായ യമനെന്ന ചെറുരാജ്യത്താണ് ലോകം കണ്ട ധീരയായ പത്തുവയസുകാരി നുജൂദ് ജനിച്ചത്. സാംസ്കാരികവും ചരിത്രപരവുമായി ഒട്ടേറെ പ്രത്യേകതകളുള്ള ആ രാജ്യത്തിന്റെ സമകാലിക ചിത്രമാണ് നുജൂദിന്റെ ജീവിതത്തിലൂടെ വെളിവാകുന്നത്. ബാല്യം വിട്ടുമാറാത്ത പത്തുവയസുകാരി നുജൂദ്, ലോകത്തില്‍ത്തന്നെ ഏറ്റവും ചെറിയ പ്രായത്തില്‍ വിവാഹമോചിതയാവാന്‍ ഭാഗ്യമുണ്ടായ/ഭാഗ്യക്കേടുണ്ടായതിന്റെ പിന്നിലെ കാതലായ പ്രശ്നമാണ് വായനക്കാരനെ നുജൂദ് പറഞ്ഞു കേള്‍പ്പിക്കുന്നത്. ഒരു കുട്ടിക്കഥ എന്നതിലുപരി സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയുടെ സമൂലമായ വികാസം ഇതില്‍ വെളിപ്പെടുന്നു. കുത്തഴിഞ്ഞ ഭരണവ്യവസ്ഥയും ജീവിതരീതികളും നിയമങ്ങളുടെ അപര്യാപ്തതയുമാണ് യമനെന്ന രാജ്യത്തിന്റെ മുഖചിത്രം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ ഒരു കുടുംബവൃത്തത്തിലാണ് നുജൂദ് ജീവിച്ചത്. അവള്‍ക്കേറെ പ്രിയപ്പെട്ട സഹോദരന് ഫാരിസ് 14-ാം വയസ്സില്‍ ജോലി തേടി നാടുവിട്ടതോടെ അവളുടെ പിതാവ് നിശബ്ദനായി.
മരുഭൂമിയിലെ ജീവിതം ഫാരിസിനെ എങ്ങനെ തളര്ത്തിക്കാണുമെന്ന് അവള് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മൂത്ത സഹോദരിമാരുടെ പോലെത്തന്നെ ഇഷ്ടാനിഷ്ടങ്ങളെ ബലി കഴിപ്പിച്ചിട്ടായിരുന്നു നുജൂദിനും പുതിയ ജീവിതം തുടങ്ങാനായത്. വിവാഹമെന്തെന്നു പോലുമറിയാത്ത പ്രായത്തില്‍ ഭാര്യയാവാന്‍ വിധിക്കപ്പെട്ട ആ കുട്ടി വിശപ്പകറ്റാനുള്ള ധാന്യപ്പുരയായി മാത്രമാണ് ഭര്ത്തൃഗൃഹത്തെക്കണ്ടത്. അങ്ങനെ കാണാനുള്ള ബുദ്ധിവളര്ച്ചയേ ആ ചെറിയ കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. ഗോത്രപാരമ്പര്യമനുസരിച്ചുള്ള ഒരു കരാറായിരുന്നു നുജൂദിന്റെ വിവാഹം. പ്രായപൂര്‍ത്തിയാവാതെ ഭര്തൃസ്പര്ശമുണ്ടാവില്ലെന്ന ഉറപ്പും ആ കരാറിലുണ്ടായിരുന്നു. ജീവനില്ലാത്ത ഉടമ്പടികളില്‍ ജീവനുള്ള ഒരു കുട്ടി എരിഞ്ഞമരുന്നതായിരുന്നു അവളുടെ കഥ. കണ്ണുകള്‍ മാത്രം പുറത്ത് കാണുംവിധം പര്‍ദയുടെ കറുപ്പിനുള്ളില്‍ വിങ്ങിയ അവളുടെ ജീവന് പുറത്തിറങ്ങി നടക്കാനും എല്ലാ ബന്ധനത്തില്‍നിന്നും ഇറങ്ങിയോടാനും കൊതിച്ചു. ഇത് ഇന്നത്തെ യമന്‍ ജനതയുടെ ആത്മാഭിലാഷം തന്നെയാണ് വെളിപ്പെടുത്തുന്നത്. തന്നെ ഇഷ്ടമല്ലാത്ത അമ്മായിയമ്മ. അടുക്കളപ്പണിയുടെ ഭാരം ചുമക്കേണ്ടിവന്ന കുഞ്ഞുമനസ്സ്. രാത്രിയില്‍ ശരീരം മാത്രം തേടിവരുന്ന ഭര്‍ത്താവെന്ന രൂപം. ഇതാണ് അവള്‍ക്ക് ഭര്‍തൃഗൃഹം നല്കിയ സമ്മാനങ്ങള്‍. തന്റെ ശരീരത്തിലേക്ക് അഴുക്ക് നിറയ്ക്കുന്ന ആ രൂപത്തെ അവള് നിലവിളിയോടെയാണ് നേരിട്ടത്. "
"കിതച്ച് കൊണ്ട് ഞാന്‍ മറ്റൊരു മുറിയിലേക്കോടി. ഏതോ ശൂന്യതയിലാണ് എന്റെ നിലവിളി ചെന്നുപതിച്ചത്. അവിടേയ്ക്കും അയാളെന്നെ പിന്തുടര്ന്നു. ഒരു കുപ്പിച്ചില്ല് എന്റെ കാലില്‍ കയറി. അതെടുത്ത് കളയാനായി ഒരു നിമിഷം നിന്നപ്പോഴേയ്ക്കും ആ കൈകള്‍ എന്നെ കടന്നുപിടിച്ചു"". പകല്പ്പണിയുടെ ക്ഷീണത്തില്‍ തളര്‍ന്നുറങ്ങുന്ന അവിടുത്തെ സ്ത്രീജന്മങ്ങള് നുജൂദിന്റെ നിലവിളി കേട്ടില്ല. കേട്ടിട്ടു കാര്യമുണ്ടെന്ന് അവള് കരുതിയില്ല. ""സുഖകരമായ ദാമ്പത്യം ഉറപ്പുവരുത്താന്‍ ഒമ്പതുവയസായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക"" എന്ന യമനിലെ പഴഞ്ചൊല്ലിന് പുതിയൊരു അവകാശി മാത്രമായിരുന്നു നുജൂദ്. "പുലര്‍കാലത്ത് താന്‍ കിടന്ന വിരിയില്‍ ഇത്തിരി രക്തം; അമ്മായിയമ്മ വന്ന് ചാക്കുകെട്ടെന്നോണം എടുത്ത് എന്നെ കുളിമുറിയില്‍ കൊണ്ടുപോയി "മുബാറക്" എന്ന് പറഞ്ഞ് വെള്ളമൊഴിക്കുന്നു. വേണ്ടവിധത്തില്‍ എനിക്കാലോചിക്കാനാവുന്നില്ല. ശരീരം തണുത്തു വിറയ്ക്കുന്ന ഞാന്‍ വളരെ ചെറുതാണെന്ന് തോന്നുന്നു. എന്റെ ഉമ്മ എത്ര അകലെയാണ്. അബ്ബാ എന്നെ ഇങ്ങനെ കല്യാണം കഴിപ്പിച്ചയച്ചത് എന്തിനുവേണ്ടിയാണ്. ഇങ്ങനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എന്തേ എന്നെ കാലേക്കൂട്ടി അറിയിച്ചില്ല"". നുജൂദിന്റെ ചോദ്യം അച്ഛനോടു മാത്രമുള്ളതല്ല. നിലവിലെ സാമൂഹ്യവ്യവസ്ഥയോടും പിതൃസമൂഹത്തോടടക്കമുള്ളതാണ്. രാവിലെ റൊട്ടി വാങ്ങാന്‍ പുറത്തുപോയ നുജൂദ് സാഹസികതയുടെ വേഷം സ്വയം അണിഞ്ഞ് രണ്ടാനമ്മ നല്കിയ കാരുണ്യവും ധൈര്യവും കൈമുതലാക്കി ടൗണിലേക്ക് ബസ് കയറുന്നു. ജഡ്ജിയെ കാണാനായിരുന്നു അവള് പോയത്. പല മുഖങ്ങളും അവളെ തുറിച്ചു നോക്കുമ്പോഴും അത് വകവയ്ക്കാതെയുള്ള ഒരു കുഞ്ഞുകുട്ടിയുടെ ഒറ്റയാന് പോരാട്ടം വായനക്കാരില്‍ ഞെട്ടലുണ്ടാക്കുന്നു.
ജഡ്ജി, ഷാദ എന്ന വക്കീലിന്റെ സംരക്ഷണത്തിലേക്ക് നുജൂദിനെ പാര്‍പ്പിക്കുന്നു. ഷാദയുടെ ശ്രമഫലമായി അവളെ പീഡിപ്പിച്ച ഭര്‍ത്താവും പ്രേരകനായ അബ്ബയും ജയിലിലാകുന്നു. അവള് വിവാഹമോചനം നേടിയെടുക്കുന്നു. തുറന്ന ലോകത്തിന്റെ വാല്‍ക്കഷ്ണമായ യമനില്‍നിന്നുള്ള ഈ വാര്‍ത്ത ആത്മവീര്യത്തിന്റെ താരമായി നുജൂദിനെ മാറ്റി. അമേരിക്കയിലെ സ്ത്രീ പ്രസിദ്ധീകരണമായ "ഗ്ലാമര്‍" അവളെ "വുമണ്‍ ഓഫ് ദി ഇയര്‍" ആയി തെരഞ്ഞെടുക്കുന്നു. യമനിലെ നിലവിലുള്ള വ്യവസ്ഥ തന്നെ മാറാന്‍ നുജൂദ് കാരണമായി. വിവാഹപ്രായം, പെണ്‍കുട്ടികളുടെ സ്ഥിതി എല്ലാറ്റിലും മാറ്റം വന്നു. വിവാഹപ്രായം 15 വയസില്‍ നിന്ന് 17 വയസാക്കി ഉയര്‍ത്തി. ബഹുഭാര്യാത്വത്തിന് നിയന്ത്രണം വന്നു. നുജൂദ് ഒരു പാഠമാണ്. പെണ്‍കുട്ടികള്‍ പ്രവൃത്തിക്കേണ്ടതെവിടെയാണെന്ന ചോദ്യത്തിന് നുജൂദ് ഉത്തരമാകുന്നു. കാലത്തിന്റെ ഓട്ടത്തിനിടെ ലോകത്തില്‍ ഇങ്ങനെയും സംഭവങ്ങളുണ്ടാകുന്നു എന്ന് രേഖപ്പെടുത്തിയ ഈ പുസ്തകം പരിഭാഷപ്പെടുത്തിയ രമാമേനോന്, മലയാളിക്ക് മുന്നിലെത്തിച്ചത് ജീവിതത്തിന്റെ പുസ്തകം തന്നെയാണ്.
"ജീവിതം, ജീവിച്ച് തീര്‍ത്തവരേ,
ജീവിച്ച് തീര്‍ക്കുന്നവരേ,
നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍
ഒരേ താളത്തില്‍ ശബ്ദിക്കുന്നതെപ്പോഴാണ്.
അസാധ്യമെന്ന് മാത്രം പറയരുത്
നുജൂദ്... നീ, ധീരയാണ്
നിന്റെ കണ്ണുകളില്‍
ലോകം വിശാലമായി പ്രതിഫലിക്കുന്നു".
*
സോന ഭാസ്കരന്
Subscribe to:
Post Comments (Atom)
1 comment:
ഓര്‍മക്കുറിപ്പുകളുടെ സുനാമിയാണ് പുതിയ കാലത്ത് എഴുത്തുരീതികളില്‍ സജീവമായിരിക്കുന്നത്. ഓരോ വ്യക്തിയും ഓരോ പുസ്തകമാകുന്നു. സെല്ലുലോയിഡിലെന്നപോലെ കഥ ജീവിതമാകുന്നു! ജീവിതം കഥയാകുന്നു! ആടുജീവിതം തന്ന ഓര്‍മപ്പെടുത്തല്‍ പൊക്കുടനിലൂടെയും സുരയ്യഭാനുവിലൂടെയും വളര്‍ന്ന് ദേശകാലങ്ങള്ക്കപ്പുറമെത്തി നില്ക്കുന്നു. "കേട്ടെഴുത്ത് രീതി" ഇന്ന് നമ്മുടെ പുസ്തകശാലയെ അനുഭവശാലയാക്കിത്തീര്ക്കുന്നു. എന്‍ പ്രഭാകരന്റെ തിയൂര്‍ രേഖയിലെ വാര്ദ്ധാഗോപാലനെപ്പോലെ ഓരോ വ്യക്തിയും ചരിത്രനിര്‍മിതിയുടെ രസക്കൂട്ടാവുന്നു.
Post a Comment