Monday, April 23, 2012

അന്റോണിയോ നെഗ്രി എന്തുകൊണ്ട് മാര്‍ക്സിസ്റ്റല്ല?

നവലിബറലിസത്തിലെ മാര്‍ക്സിയന്‍ പ്രയോഗത്തിന്റെ ദാര്‍ശനികനായി അന്റോണിയോ നെഗ്രിയെന്ന ഇറ്റാലിയന്‍ എഴുത്തുകാരനെ വാഴ്ത്തിക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍ എം പിയേഴ്സണ്‍ ഒരു ലേഖന പരമ്പര എഴുതുകയുണ്ടായി. മാര്‍ക്സിസത്തെ യുക്തിസഹമായി നിരാകരിക്കുന്ന യാതൊരു തത്വചിന്തയും നാളിതുവരെ ഉദയം ചെയ്തിട്ടില്ല. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയെ താത്വികമായും പ്രായോഗികമായും ചോദ്യം ചെയ്യുകയും ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയെ മുന്നോട്ടുവെക്കുകയും ചെയ്തതാണ് മാര്‍ക്സിസത്തെ ഇന്നും പ്രസക്തമാക്കുന്നത്. മാര്‍ക്സ് പ്രവചിച്ച മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി 2008 മുതല്‍ വീണ്ടുമെത്തിയത്, മാര്‍ക്സിസത്തെ കൂടുതല്‍ സാധൂകരിക്കുകയും, സോവിയറ്റ് തിരോധാനത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ പുതിയൊരു കരുത്ത് മാര്‍ക്സിസത്തിന് നല്‍കുകയും ചെയ്യുന്നു. അതിന്റെ ആവേശത്തിലും, പ്രത്യയശാസ്ത്രത്തെളിമയിലും ലോകമാസകലം മാര്‍ക്സിനെ കൂടുതല്‍ അറിയാനും പ്രയോഗിക്കാനും ശ്രമിക്കുമ്പോഴാണ് എന്‍ എം പിയേഴ്സണെപോലുള്ള അരാജകവാദികളുടെ, വികലവാദങ്ങള്‍ മാര്‍ക്സിസത്തിന്റെ ലേബലില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പിയേഴ്സണ്‍ ഉള്‍പ്പെടെ, സിപിഐ എമ്മില്‍നിന്നും പുറത്താക്കപ്പെട്ട അരഡസനോളം പേര്‍, ""സവിശേഷ ബുദ്ധിജീവികളെ""ന്ന താരപരിവേഷത്തോടെ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് പദാവലികളും പാഠങ്ങളും സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്തു പ്രയോഗിക്കാനുള്ള വിരുതില്‍ ഇവരുടെ മാര്‍ക്സിസമൊതുങ്ങുന്നു.

ശത്രുവര്‍ഗത്തിന് നേരിട്ട് ചെയ്യാന്‍ സാധിക്കാത്തത് മാര്‍ക്സിസ്റ്റ് പക്ഷത്താണ് തങ്ങളെന്ന നാട്യത്തില്‍ ചെയ്തുകൊടുക്കുകയാണ് അവരുടെ ""വിപ്ലവ"" പ്രവര്‍ത്തനത്തിന്റെ കാതല്‍. അതുകൊണ്ടുതന്നെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് തങ്ങളും മാര്‍ക്സിസത്തിന് ഇടം നല്‍കുന്നതായി മേനി നടിക്കാനാകുന്നുണ്ട്. ശരിയായ മാര്‍ക്സിസത്തിന്റെ പ്രചാരത്തെ മറച്ചുവെക്കാനുമാകും. അന്റോണിയോ ഗ്രാംഷിയെന്ന് സാധാരണ കേട്ടിട്ടുള്ളവര്‍ ധാരാളമുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളെ ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കുശേഷമുള്ള മാര്‍ക്സിസത്തിന്റെ വികാസമായാണ് കാണുന്നത്. പൗരസമൂഹത്തില്‍ സമ്മിതി നിര്‍മിച്ചുകൊണ്ട്, എങ്ങനെ അധീശ പ്രത്യയശാസ്ത്രം സമൂഹത്തില്‍ നായകത്വം നേടുന്നുവെന്നും നിലനില്‍ക്കുന്നുവെന്നും ഗ്രാംഷി സിദ്ധാന്തിക്കുന്നു. അത് മാര്‍ക്സിസത്തിന്റെ വികാസമാണ്. അതേപോലെ ലൂയി അള്‍ത്തൂസറും ഫ്രഡറിക് ജയിംസണും ടെറി ഈഗിള്‍ട്ടണും തുടങ്ങിയവരും, മാര്‍ക്സിസത്തെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും വികസിപ്പിക്കുകയും ചെയ്തവരാണ്. ഇവരൊക്കെ മാര്‍ക്സിന്റെയും എംഗല്‍സിെന്‍റയും ലെനിെന്‍റയും കാലത്തിനുശേഷം, മുതലാളിത്തവും സാമ്രാജ്യത്വവും കാട്ടുന്ന അതിജീവനശേഷിയുടെ പശ്ചാത്തലത്തില്‍, മുന്നേറേണ്ട വഴികളെയാണ് വരച്ചു കാട്ടുന്നതെങ്കില്‍, മാര്‍ക്സിസത്തെ അടിമുടി നിഷേധിക്കുകയാണ് പിയേഴ്സണ്‍ വാഴ്ത്തുന്ന അന്റോണിയോ നെഗ്രിയും മറ്റും ചെയ്യുന്നത്. അത് മുതലാളിത്ത നിരാസമല്ല. സാമ്രാജ്യത്വത്തിന് പിന്നണി പാടല്‍ മാത്രമാണ്. പിയേഴ്സണ്‍ സ്തുതിക്കുന്ന നെഗ്രിയുടെ ചിന്തകളെ ഇങ്ങനെ സംഗ്രഹിക്കാം. ""മാര്‍ക്സ് ബിയോണ്ട് മാര്‍ക്സിസം"" ""എംപയര്‍"" എന്നീ ഗ്രന്ഥങ്ങളിലായി നെഗ്രി തെന്‍റ ചിന്തകള്‍ അവതരിപ്പിക്കുന്നു.

""മൂലധനത്തിനും അധികാരത്തിനും എന്നും സര്‍വശക്തരായി നിലനില്‍ക്കാനാവില്ല. ഒരു ദിവസം മൂലധനവും കേന്ദ്രാധികാരവും വിപ്ലവശക്തികളുടെ ജനാധിപത്യ വെല്ലുവിളികള്‍ക്ക് കീഴടങ്ങണം. തൊഴിലാളികളും, കലാപകാരികളും ദരിദ്രരുമടങ്ങുന്ന ജനസഞ്ചയമാണ് വിപ്ലവ നവശക്തി"" നെഗ്രിയുടെ ""എംപയറി""ലൂടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഇടതുപക്ഷത്തിന്റെ അശുഭാപ്തിവിശ്വാസങ്ങളെ പൊളിച്ചുമാറ്റുന്നതായി പിയേഴ്സണ്‍ അഭിമാനം കൊള്ളുന്നു. താഴെത്തട്ടില്‍നിന്ന് ഉന്തുപണിക്കാരനും ചെരുപ്പുകുത്തിയും പാട്ടപെറുക്കികളും ചുമട്ടുതൊഴിലാളികളും അടങ്ങുന്ന സമൂഹത്തിന്റെ കീഴ്ത്തട്ടിളകി വിപ്ലവത്തിന്റെ ഊര്‍ജ്ജപ്രവാഹം അതിന്റെ ഇരമ്പലിലും പ്രചണ്ഡതയിലും സമകാലിക ലോകത്തെ പൊളിച്ചടുക്കി പുതുലോകനിര്‍മ്മാണം നടത്തുമെന്നാണ് മിഷേല്‍ ഹാര്‍ട്ടിനോടൊപ്പം ചേര്‍ന്ന് നെഗ്രി എഴുതിയ ""എംപയറി""ന്റെ വിപ്ലവദര്‍ശനം. പഴയ ദേശരാഷ്ട്രങ്ങള്‍ നരകക്കൂട്ടുകളാണെന്നു അത് പൊളിച്ചില്ലാതാക്കാന്‍ ആഗോളവല്‍ക്കരണത്തിന് കഴിഞ്ഞതായും നെഗ്രി സിദ്ധാന്തിക്കുന്നു. ""പുതിയ ആഗോള പരമാധികാര രൂപ""ത്തെയാണ് എംപയര്‍ പ്രതിനിധീകരിക്കുന്നതത്രേ. ദേശരാഷ്ട്രങ്ങള്‍ ഇനി ഉണ്ടാവില്ലെന്നും നെഗ്രി വിശദീകരിക്കുന്നു.

മാര്‍ക്സിന്റെ കാലത്തിന് മുമ്പുതന്നെ നിലനിന്ന സാങ്കല്‍പിക സോഷ്യലിസ്റ്റുകളുടെ ചിന്തകളില്‍ ഇതിലും ഭാവനാസമ്പന്നമായ എത്രയോ സ്വപ്നങ്ങളുണ്ടായിരുന്നു. ""പുതിയ സമുദായം"" എന്ന പേരില്‍ റോബര്‍ട്ട് ഓവന്‍ എഴുതിയ ഗ്രന്ഥം തന്നെ ഉദാഹരണം. ദരിദ്രര്‍ വിപ്ലവ ശക്തിയാകുമെന്ന് സിദ്ധാന്തിച്ചാല്‍, വികസിത മുതലാളിത്ത രാജ്യങ്ങളിലല്ല, തീര്‍ത്തും അവികസിതമായ പട്ടിണി രാജ്യങ്ങളിലാണ് ആദ്യം വിപ്ലവം നടക്കുക. തൊഴിലാളികള്‍ ദരിദ്രരല്ല. പട്ടിണിക്കൂലിയെങ്കിലും ലഭിക്കുന്നവരാണ്. അവര്‍ക്ക് വിപ്ലവത്തില്‍ ഒരു പങ്കുമില്ലതാനും. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് ഊര്‍ജ്ജ പ്രവാഹം ഉണ്ടാകുമെന്ന് ആഗ്രഹിക്കുന്നതുകൊള്ളാം. ഉറങ്ങുന്ന അഗ്നിപര്‍വതമെന്നൊക്കെ ജനസമൂഹത്തെ പുകഴ്ത്താന്‍ എളുപ്പമാണ്. അതിനുള്ള ഭൗതികശക്തി എവിടെനിന്ന് ഉദയം ചെയ്യുമെന്ന് പറയാന്‍ ഒരു സാമൂഹ്യശാസ്ത്രജ്ഞന് ബാധ്യതയുണ്ട്. പാട്ട പെറുക്കുന്നവരുടെയും, ചെരുപ്പു കുത്തുന്നവരുടെയും, സംഘടിത ബോധം എങ്ങനെ ഉണരും. അതിനവരെ സംഘടിപ്പിക്കേണ്ടതില്ലേ. ട്രേഡ് യൂണിയന്‍ വേണ്ടേ. മാര്‍ക്സിന് മുമ്പു തന്നെ ട്രേഡ് യൂണിയനുകള്‍ ലോകത്തുണ്ടായി. ചാര്‍ട്ടിസ്റ്റ് പ്രസ്ഥാനം പോലെ അടിത്തട്ടില്‍നിന്നുയര്‍ന്നു വന്ന പ്രസ്ഥാനങ്ങള്‍. അവയ്ക്ക് താല്‍ക്കാലിക നേട്ടങ്ങള്‍ മാത്രമേ നേടാനായുള്ളൂ. രാഷ്ട്രീയമായ നേതൃത്വവും പ്രായോഗികമായ വിപ്ലവ ചിന്തയും പോരാട്ടത്തിനുള്ള സംഘടനയും തത്വചിന്തയും സമന്വയിച്ചപ്പോഴാണ് അതിന് വിമോചക സ്വഭാവം കൈവന്നത്. ആരാണോ ചൂഷണം ചെയ്യുന്നത്, അവരെ കരുത്തോടെ നേരിടാനുള്ള കരളുറപ്പും, ശേഷിയും വിപ്ലവശക്തി ആര്‍ജ്ജിക്കണം.

ആധുനികലോകത്ത്, പഴയ മുതലാളിയുടെ സ്ഥാനത്ത്, കോര്‍പ്പറേറ്റുകള്‍ കടന്നുവന്നിരിക്കുന്നു. രാഷ്ട്രങ്ങളേക്കാള്‍ വലിയ സമ്പദ്വ്യവസ്ഥകളായി അവ മാറുന്നു. ജനങ്ങളുടെ ഇടയില്‍ ചൂഷക ഭരണകൂടം നടത്തുന്ന മര്‍ദ്ദനം പ്രത്യക്ഷമല്ല. ജനാധിപത്യത്തിന്റെ നാട്യങ്ങള്‍ പ്രതിരോധങ്ങളേയും ചെറുത്തുനില്‍പുകളേയും നിര്‍വീര്യമാക്കുന്നു. ഭരണകൂടത്തിന് സമ്മതി ഉല്‍പാദിപ്പിച്ചു കൊടുക്കാന്‍ മാധ്യമങ്ങളും സാംസ്കാരിക വ്യവസായവും മതങ്ങളും എല്ലാം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ഭരണകൂടത്തില്‍ പട്ടാളം, പോലീസ്, കോടതി എന്നിവ മാത്രമല്ല, അതിനേക്കാളെല്ലാം മുകളില്‍, പൊതുസമ്മതി നിര്‍മ്മിച്ച് പൗരസമൂഹത്തില്‍ ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്ന പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലൂയി അള്‍ത്തൂസര്‍ ചൂണ്ടിക്കാട്ടുന്നു. മുതലാളിത്ത വ്യവസ്ഥയുടെ അതിജീവനശേഷി കിടക്കുന്നതവിടെയാണ്. അതിനോടെല്ലാം ഏറ്റുമുട്ടി വിപ്ലവ വിജയം നേടാന്‍ ചെരുപ്പുകുത്തുന്നവരും പാട്ടപെറുക്കുന്നവരും പൊടുന്നനവെ ഉണര്‍ന്നുയര്‍ന്നു വരുമെന്ന് പറയുന്നവര്‍ക്ക് സവിശേഷ യുക്തിയുണ്ടെന്ന് പോലും സങ്കല്‍പിക്കാനാവില്ല. നെഗ്രി സിദ്ധാന്തിക്കുന്നതുപോലെ ദേശ രാഷ്ട്രങ്ങള്‍ നരകക്കട്ടകളാണെന്നും അത് പൊളിച്ചടുക്കണമെന്നും പറയുമ്പോള്‍ പുത്തന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അത് ഒത്തുപോകുന്നതാണ്. സാമ്രാജ്യത്വത്തെ സഹായിക്കുന്ന ഈ നയം എങ്ങനെയാണ് ആഗോളവല്‍ക്കരണത്തിന് ബദലാകുന്നത്.

വിപ്ലവ പാര്‍ടിയുടെ സംഘടനാ സംവിധാനം സംബന്ധിച്ച നെഗ്രിയുടെ വാദങ്ങള്‍ നോക്കുമ്പോഴാണ് അരാജകവാദപരമായ ആ നിലപാടുകള്‍ ശത്രുവര്‍ഗത്തിന് എത്രമേല്‍ ഹിതകരമാകുമെന്ന് വ്യക്തമാകുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാര്‍ടി. അതിന് കേന്ദ്രീകൃത നേതൃത്വമുണ്ടാകണം. പാര്‍ടി തൊഴിലാളിവര്‍ഗത്തിന്റെ ഹൈക്കമാന്‍ഡായി മാറണം. അത് പൂര്‍ണമായി ജനാധിപത്യപരവും കേന്ദ്രീകൃതവും ആയിരിക്കണം. കേന്ദ്രീകൃത നേതൃത്വത്തെ തിരസ്കരിക്കുകയാണ് നെഗ്രി. ജനസഞ്ചയത്തിന്റെ (multitude) മുന്നേറ്റങ്ങള്‍ സ്വാഭാവികമായി ഉണ്ടാകുമെന്ന ആഗ്രഹ പ്രകടനത്തിലാണ് നെഗ്രിയുടെ തത്വചിന്ത വട്ടം കറങ്ങുന്നത്. വികേന്ദ്രീകരിക്കപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ചില പ്രക്ഷോഭങ്ങള്‍ അവിടെയും ഇവിടെയും നടന്നത് ചൂണ്ടിക്കാട്ടി അതിനെ വാഴ്ത്തുന്ന ലേഖകന്‍, അത് നെഗ്രിയുടെ ചിന്തകളുടെ ഭാഗമായി വര്‍ഗീകരിക്കുന്നു. സാമ്രാജ്യത്വത്തിന് തലവേദനയുണ്ടാക്കുന്ന ഏത് പ്രക്ഷോഭമാണ് ഇത്തരം വികേന്ദ്രീകൃതവും ഒറ്റപ്പെട്ടതുമായ ചില സമരങ്ങളില്‍ ഫലശ്രുതിയുണ്ടാക്കിയതെന്ന് ചിന്തിച്ചാല്‍ കൊള്ളാം.

നെഗ്രി മുന്നോട്ടുവെക്കുന്ന സോഷ്യല്‍ ഫാക്ടറി, സോഷ്യല്‍ വര്‍ക്കര്‍, സെല്‍ഫ് വാലറൈസേഷന്‍, സോഷ്യല്‍ കാപ്പിറ്റല്‍ എന്നീ പരികല്‍പനകളും അസംബദ്ധജടിലങ്ങളാണ്. തൊഴിലാളിയെ സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള ഒരു പുതിയ ഇടം നിര്‍മ്മിച്ച്, സോഷ്യല്‍ ഫാക്ടറിയില്‍ പ്രവര്‍ത്തിപ്പിച്ച്, പുതിയ മൂല്യബോധം നല്‍കി മൂലധനവിരുദ്ധ ആശയമുള്ളവനാക്കി മാറ്റുമെന്നാണ് ഇതിന്റെ സാരം. മൂലധനവിരുദ്ധസമരത്തില്‍ ലയിച്ചു ചേര്‍ന്നാല്‍ അയാള്‍ മുതലാളിത്തത്തിലേക്ക് തിരിച്ചുപോകില്ലായെന്നും ""നെഗ്രിയിസം"" പറയുന്നു. മൂലധനം എന്നത്, ഉല്‍പാദനത്തില്‍ പ്രയോഗിക്കുന്ന ധനമാണ്. അദ്ധ്വാനശക്തി കൂടി ചേര്‍ന്നാലേ അതിന് ജീവനുള്ളൂ. ജീവിക്കാന്‍ മാര്‍ഗമില്ലാത്ത തൊഴിലാളിക്ക് മൂലധനത്തോട് സഹകരിച്ചേ പറ്റൂ. അതാണ് മുതലാളിത്ത വ്യവസ്ഥയെ സൃഷ്ടിക്കുന്നത്. ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ മാത്രമാണ് ഐക്യം. മിച്ചമൂല്യം കവര്‍ന്നെടുത്ത്, തൊഴിലാളിയെ മുതലാളിചൂഷണം ചെയ്യുന്നു. ഇതിനെതിരായ പോരാട്ടമാണ് വര്‍ഗസമരം. അത് സ്വാഭാവികമാണ്. ട്രേഡ് യൂണിയന്‍ അതിന്റെ ആദ്യരൂപവുമാണ്. മൂലധനവിരുദ്ധ സമരം, വ്യവസ്ഥയെ മാറ്റിമറിക്കുന്ന സമരമായി മാറ്റണമെന്നാണ് മാര്‍ക്സിസം സിദ്ധാന്തിക്കുന്നത്. സാമ്പത്തികാടിത്തറ മാറ്റാതെ പുതിയ മൂല്യബോധമുണ്ടാകില്ല. പുതിയ തൊഴിലാളിയുണ്ടാവില്ല.

റോബര്‍ട്ട് ഓവന്‍ സൃഷ്ടിച്ച ""ന്യൂ ഹാര്‍മണി"" എന്ന തുരുത്തുകള്‍ നിര്‍മിക്കുന്നതുപോലെ സെല്‍ഫ് വാലറൈസേഷന്‍ വഴി പുതിയ തൊഴിലാളിയെ സൃഷ്ടിക്കാമെന്ന ധാരണ ചരിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അനുഭവത്തിലൂടെ തള്ളിക്കളഞ്ഞതാണ്. ബോധം അസ്തിത്വത്തെയല്ല; അസ്തിത്വമാണ് ബോധത്തെ നിര്‍ണയിക്കുന്നത്. മൂലധനത്തിനെതിരായ ആഗോള സമരത്തിലൂടെ രൂപപ്പെടുന്ന വര്‍ഗബോധത്തിലാണ് പുതിയ തൊഴിലാളിയെ നിര്‍മിക്കേണ്ടത്. അവെന്‍റ രാഷ്ട്രീയ പാഠശാല ആഗോളവല്‍ക്കരണ വിരുദ്ധ പോരാട്ടങ്ങളും ദേശീയ പണിമുടക്കുകളുമാണ്. ആ സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളി മുതലാളിത്ത വ്യവസ്ഥയില്‍നിന്ന് വേറിട്ട് നിന്നല്ല, അതിന്റെ ഭാഗമായി ജീവിച്ചുകൊണ്ടാണ് പുതിയ വ്യവസ്ഥയ്ക്കെതിരെ പൊരുതുന്നത്. ഈ സമരത്തിലൂടെ ലഭിക്കുന്ന വിപ്ലവബോധം മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ ബോധം മാത്രമാണ്. സോഷ്യലിസ്റ്റ് സമുദായം നിര്‍മിക്കുന്ന ഘട്ടത്തിലേ അതിന്റെ മൂല്യബോധം സൃഷ്ടിക്കപ്പെടുകയുള്ളൂ. ഇവിടെ സെല്‍ഫ് വാലറൈസേഷന്‍ വഴി പുതിയ ബോധമുള്ള തൊഴിലാളി സൃഷ്ടിക്കപ്പെടുമെന്ന് പറഞ്ഞാല്‍ മാര്‍ക്സിസത്തിന് മാത്രമല്ല, ഭൗതികവാദത്തിന്റെ പ്രാഥമിക ധാരണയ്ക്കുപോലും അത് വിരുദ്ധമാകും. ഭൗതികവാദത്തെ നിരാകരിക്കുന്ന നെഗ്രിക്ക് എങ്ങനെയാണ് മാര്‍ക്സിസത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാനാവുക.
തൊഴിലാളി യൂണിയന്‍ ഇല്ലാതെയും, കമ്യൂണിസ്റ്റ് പാര്‍ടി ഇല്ലാതെയും തൊഴിലാളികള്‍ക്ക് മുതലാളിത്തത്തോട് പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന് നെഗ്രിയെ മുന്‍നിര്‍ത്തി പിയേഴ്സണ്‍ വാദിക്കുന്നു. വര്‍ഗസമരത്തിന് പുതിയ ഭാഷ്യം ചമയ്ക്കുക കൂടി ചെയ്യുന്നു. ""ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുദ്ധ""മാണ് വര്‍ഗസമരമെന്ന് പറഞ്ഞുവെയ്ക്കുന്നു. ആലങ്കാരികമായി മാത്രം അത് ശരിയാണ്. ഉല്‍പാദനവ്യവസ്ഥയിലെ വര്‍ഗങ്ങള്‍ തമ്മിലാണ് പോരാട്ടം. അല്‍പം സമ്പത്ത് ഉള്ളവനാണെങ്കിലും ഉല്‍പാദനവ്യവസ്ഥയില്‍ തുടരുന്ന കാലത്തോളം അയാള്‍ തൊഴിലാളിവര്‍ഗത്തിന്റെ ഭാഗമാണ്. തൊഴിലാളിവര്‍ഗത്തിന് സംഘടനകളില്ലാതെ, അതിന്റെ രാഷ്ട്രീയ കേന്ദ്രമായ കമ്യൂണിസ്റ്റ് പാര്‍ടിയില്ലാതെ സോഷ്യലിസം വരുമെന്ന് സിദ്ധാന്തിക്കുന്നയാളെ മാര്‍ക്സിസ്റ്റാണെന്ന് വിശേഷിപ്പിക്കാന്‍ അപാരമായ തൊലിക്കട്ടി വേണം.

ഇടയ്ക്കിടെ പാര്‍ടിയേയും കേരളത്തിലെ അതിന്റെ നേതൃത്വത്തേയും ഇകഴ്ത്തുന്ന പ്രയോഗങ്ങള്‍ പുട്ടിന് പീരയിടുന്നതുപോലെ ലേഖനത്തിലുടനീളം വാരിയിടുന്ന പിയേഴ്സണ്‍, മാര്‍ക്സിസ്റ്റ് പാര്‍ടിയെ ""നന്നാക്കാന്‍"" ചാനലുകള്‍ നടത്തിവരുന്ന ചര്‍ച്ചയിലെ സ്ഥിരം നിരീക്ഷകനും, മാര്‍ക്സിസത്തിന്റെ കേരളത്തിലെ തലതൊട്ടപ്പനായി ചാനലുകള്‍ അവതരിപ്പിക്കുന്ന ആളുമാണ്. അത്തരമൊരാള്‍ മാര്‍ക്സിസ്റ്റേയല്ല എന്ന് വ്യക്തമാക്കാന്‍ മാതൃഭൂമിയിലെ ഈ ലേഖനം ധാരാളം മതി.

ദേശരാഷ്ട്രങ്ങള്‍ ദുര്‍ബലമായിയെന്ന നെഗ്രിയുടെ കാഴ്ചപ്പാടിലും അബദ്ധങ്ങള്‍ ഉണ്ട്. ദേശരാഷ്ട്രങ്ങളെ തകര്‍ക്കുകയും ആഗോള വിപണിയധികാരവും, അതുവഴി രാഷ്ട്രീയാധികാരവും തന്നെയാണ് സാമ്രാജ്യത്വം ലക്ഷ്യമിടുന്നത്. എന്നാല്‍ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന പ്രവണതകള്‍, ബഹുധ്രുവതയിലേക്കാണ്. ലാറ്റിനമേരിക്കന്‍ കൂട്ടായ്മ വഴി രാഷ്ട്രങ്ങള്‍ ഒറ്റയ്ക്കും ഭൂഖണ്ഡമാകെ ഒരുമിച്ചും സാമ്രാജ്യത്വരാഷ്ട്രീയത്തെ ചെറുക്കുന്നുണ്ട്. ""ബ്രിക്സ്" പോലുള്ള കൂട്ടായ്മകളുടെ പ്രഭാവങ്ങള്‍ വേറെ. രാഷ്ട്രാതിര്‍ത്തികളെ ഇല്ലാതാക്കുകയെന്ന സാമ്രാജ്യത്വലക്ഷ്യം നടപ്പിലായിട്ടില്ല. അതിനെ ചെറുക്കാനുള്ള സാധ്യതകളിലും ആഗോളവല്‍ക്കരണ വിരുദ്ധപ്പോരാട്ടത്തിന്റെ ഘടകങ്ങള്‍ കാണാം. ദേശീയതകള്‍ നരകക്കട്ടകളാണെന്നും, അത് പ്രവാസികളെ സൃഷ്ടിക്കുന്നുവെന്നും നെഗ്രി സിദ്ധാന്തിക്കുമ്പോള്‍ സാമ്രാജ്യത്വത്തിന്, ദേശരാഷ്ട്രങ്ങളെ തകര്‍ക്കാന്‍ അധികം ആയാസം വേണ്ട. അത്രത്തോളം നെഗ്രിയുടെ ചിന്തകള്‍ സാമ്രാജ്യത്വസേവയാണെന്ന് കാണാം.

സിപിഐ എമ്മില്‍നിന്ന് ശെല്‍വരാജ് കാലുമാറിയത് ഏതോ വലിയ സംഭവമായിയെന്ന് പിയേഴ്സണ്‍ പറയുന്നു. ശെല്‍വരാജിന് ലഭിച്ച പ്രലോഭനങ്ങള്‍ എന്തൊക്കെയെന്ന് ലോകര്‍ക്കറിയാം. അതിനും മുമ്പേ പാര്‍ടിയെ വിട്ടുപോയ പിയേഴ്സണും കൂട്ടരും, സാമ്രാജ്യത്വത്തിന്റെ ഏജന്‍റായി മാറുന്ന കാഴ്ചയാണിവിടെ. അതിന്റെ കമ്മട്ടത്തിലടിച്ച കള്ളനാണയങ്ങള്‍ മാര്‍ക്സിസമാക്കി കേരളത്തില്‍ വിപണനം ചെയ്യാമെന്ന് പിയേഴ്സണ്‍ വിചാരിക്കേണ്ടതില്ല.

""അറബ് വസന്തം"" പോലെ, പെട്ടെന്ന് ഉയര്‍ന്നുവന്ന ചില പോരാട്ടങ്ങളെ ചൂണ്ടിക്കാട്ടി, ജനസഞ്ചയം ഉണരുമെന്നാണ് നെഗ്രിയുടെ വാദങ്ങളെ പിന്‍പറ്റി പിയേഴ്സണ്‍ അനുമാനിക്കുന്നത്. അറബ് വസന്തത്തിന്റെ ബാക്കി പത്രമെന്താണെന്ന് ചിന്തിക്കേണ്ടതല്ലേ. വര്‍ഗവ്യവസ്ഥയെ കടപുഴക്കുന്ന യാതൊന്നും അവിടെയുണ്ടായില്ല. ചില ഭരണാധികാരികള്‍ മാറി. മൂലധനം വെല്ലുവിളിക്കപ്പെട്ടില്ല. വര്‍ഗവ്യവസ്ഥയും അതിന്റെ നടത്തിപ്പുകാരായ ഭരണകൂടവും, യഥാര്‍ത്ഥ അധികാരകേന്ദ്രമായി ഇന്നു നിലനില്‍ക്കുന്ന കോര്‍പ്പറേറ്റുകളും കടപുഴക്കപ്പെടുന്ന ഏതു സമരവും വിജയം വരിക്കണമെങ്കില്‍, കൃത്യതയും സൂക്ഷ്മതയും രാഷ്ട്രീയബോധവും ഒത്തിണങ്ങിയ സംഘടനാശക്തിയോടെ ജനങ്ങളെ നയിക്കാന്‍ കഴിയുന്ന വിപ്ലവ സേനയുണ്ടാകണം. ശത്രുക്കളാരെന്ന് ജനസഞ്ചയത്തിന് ചൂണ്ടിക്കാട്ടാനും അവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനും കഴിയണം. ആഗോളവല്‍ക്കരണ കാലത്ത് പോരാട്ടം ആഗോളതലത്തില്‍ വികസിക്കണം. ദേശീയ രാഷ്ട്രങ്ങള്‍ തന്നെ ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്ന രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗം ആ ഭരണകൂടങ്ങളെ പിന്തുണയ്ക്കണം. ലാറ്റിനമേരിക്കയില്‍ അതു കാണാം. ഇന്ത്യയില്‍ ഭരണകൂടം ആഗോള സാമ്രാജ്യത്വത്തിന് അനുരോധമാണ്. തൊഴിലാളിവര്‍ഗത്തിന് ഇവിടെയുള്ള പങ്ക്, ഇന്ത്യന്‍ ദേശ രാഷ്ട്രത്തെ സംരക്ഷിച്ചുകൊണ്ട് പോരാടുകയാണ്. ദേശീയ പണിമുടക്കില്‍ ഐഎന്‍ടിയുസിയും ബിഎംഎസ്സും കൂട്ടുചേര്‍ന്നത് അതിനാലാണ്. അത്തരമൊരു പണിമുടക്കിനെയും അതിലെ ജനശക്തിയേയും തിരിച്ചറിയാത്ത പിയേഴ്സണ്‍ ഉള്‍പ്പെടെയുള്ളവര്‍, മാര്‍ക്സിസ്റ്റ് രാഷ്ട്രീയം പോയിട്ട്, പ്രാഥമിക ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍പോലും സ്വീകരിക്കപ്പെടാവുന്നവരല്ല.

മാര്‍ക്സിസത്തെ വളച്ചൊടിക്കാന്‍ ഇതിനുമുമ്പും ധാരാളം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ക്സിന്റെ കാലത്തുതന്നെ അതിനോട് പൊരുതിയിട്ടുണ്ട്. ഇന്‍റര്‍നാഷണലുകള്‍ ആശയപ്പോരാട്ടവേദികളായിരുന്നു. സോവിയറ്റ് യൂണിയെന്‍റ തകര്‍ച്ചയോടെ, ഉത്തരാധുനികതയുടെ പേരില്‍, നവ മാര്‍ക്സിസത്തിന്റെ പല അവതാരങ്ങളും ഉടലെടുത്തു. അത്തരം പ്രവണതകളിലെ പദാവലികളേയും, സാഹിത്യങ്ങളേയും, കടംകൊണ്ട്, അതാണ് മാര്‍ക്സിസമെന്ന പേരില്‍, അവതരിപ്പിക്കപ്പെടുമ്പോള്‍ ചിലര്‍ക്കെങ്കിലും അന്ധാളിപ്പുണ്ടാകും. പിയേഴ്സണെ പോലുള്ളവരെ ശരിക്കും അറിയുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാനുമിടയില്ല. അന്തോണിയോ ഗ്രാംഷിയും അന്റോണിയോ നെഗ്രിയും തമ്മില്‍ പേരില്‍ മാത്രമുള്ള സാമ്യം തെറ്റിദ്ധാരണക്കിടയാക്കാം. ഗ്രാംഷി ആധുനിക മാര്‍ക്സിസത്തിന്റെ പതാകയേന്തുന്നുവെങ്കില്‍, നെഗ്രി പിന്‍തുടരുന്നത് മുതലാളിത്തത്തെ തന്നെയാണ്. അത് നിയോലിബറലിസത്തിനെതിരുമല്ല. ബദലുമല്ല.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നവലിബറലിസത്തിലെ മാര്‍ക്സിയന്‍ പ്രയോഗത്തിന്റെ ദാര്‍ശനികനായി അന്റോണിയോ നെഗ്രിയെന്ന ഇറ്റാലിയന്‍ എഴുത്തുകാരനെ വാഴ്ത്തിക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍ എം പിയേഴ്സണ്‍ ഒരു ലേഖന പരമ്പര എഴുതുകയുണ്ടായി. മാര്‍ക്സിസത്തെ യുക്തിസഹമായി നിരാകരിക്കുന്ന യാതൊരു തത്വചിന്തയും നാളിതുവരെ ഉദയം ചെയ്തിട്ടില്ല. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയെ താത്വികമായും പ്രായോഗികമായും ചോദ്യം ചെയ്യുകയും ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയെ മുന്നോട്ടുവെക്കുകയും ചെയ്തതാണ് മാര്‍ക്സിസത്തെ ഇന്നും പ്രസക്തമാക്കുന്നത്. മാര്‍ക്സ് പ്രവചിച്ച മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി 2008 മുതല്‍ വീണ്ടുമെത്തിയത്, മാര്‍ക്സിസത്തെ കൂടുതല്‍ സാധൂകരിക്കുകയും, സോവിയറ്റ് തിരോധാനത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോള്‍ പുതിയൊരു കരുത്ത് മാര്‍ക്സിസത്തിന് നല്‍കുകയും ചെയ്യുന്നു. അതിന്റെ ആവേശത്തിലും, പ്രത്യയശാസ്ത്രത്തെളിമയിലും ലോകമാസകലം മാര്‍ക്സിനെ കൂടുതല്‍ അറിയാനും പ്രയോഗിക്കാനും ശ്രമിക്കുമ്പോഴാണ് എന്‍ എം പിയേഴ്സണെപോലുള്ള അരാജകവാദികളുടെ, വികലവാദങ്ങള്‍ മാര്‍ക്സിസത്തിന്റെ ലേബലില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പിയേഴ്സണ്‍ ഉള്‍പ്പെടെ, സിപിഐ എമ്മില്‍നിന്നും പുറത്താക്കപ്പെട്ട അരഡസനോളം പേര്‍, ""സവിശേഷ ബുദ്ധിജീവികളെ""ന്ന താരപരിവേഷത്തോടെ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് പദാവലികളും പാഠങ്ങളും സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്തു പ്രയോഗിക്കാനുള്ള വിരുതില്‍ ഇവരുടെ മാര്‍ക്സിസമൊതുങ്ങുന്നു.