Wednesday, April 11, 2012

ജനങ്ങളെ തോല്‍പ്പിക്കുന്ന പദ്ധതികള്‍

ജലസേചനം കുടിവെള്ള വിതരണം ശൗചാലയ നിര്‍മാണം എന്നിവയ്ക്കായി ലോക ബാങ്കില്‍ നിന്നും 7280 കോടി രൂപ സഹായധനം ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമീണ വകുപ്പ് മന്ത്രി ജയറാം രമേശ് ധനമന്ത്രിക്ക് കത്ത് നല്‍കി. നീരാഞ്ചല്‍ എന്ന പേരില്‍ 2500 കോടിരൂപയ്ക്ക് ഒരു വാട്ടര്‍ഷെഡ് പദ്ധതിയും 5000 കോടിരൂപയ്ക്ക് കുടിവെള്ളവും ശൗചാലയവും ഒരുക്കാനുള്ള പദ്ധതിയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ജനസംഖ്യയില്‍ 49.8 ശതമാനം പേര്‍ തുറന്ന സ്ഥലങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന നാട്ടില്‍ ശുചിത്വമുള്ള ശൗചാലയങ്ങളും ആവശ്യത്തിന് ജലവും ലഭ്യമാക്കുക എന്നത് ഭരണക്കാരുടെ ഉത്തരവാദിത്വമാണ്. ലോകജനസംഖ്യയില്‍ 17 ശതമാനംപേര്‍ ഇന്ത്യയിലാണ്. ഇവരില്‍ വെറും 4 ശതമാനംപേര്‍ക്കാണ് കുടിവെള്ളം ലഭിക്കുന്നത്. താമസസ്ഥലത്തു നിന്നും ചുരുങ്ങിയത് 500 മീറ്റര്‍ സഞ്ചരിച്ചാണ് 3.8 കോടി സ്ത്രീകള്‍ കുടിവെള്ളം ചുമന്നുകൊണ്ട് വരുന്നത്. ജലസേചനത്തിന്റെ ദൗര്‍ലഭ്യംകൊണ്ട് കൃഷിനശിച്ച് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 16,000 മാണ്. വെള്ളത്തില്‍ നിന്നുമുണ്ടാകുന്ന പകര്‍ച്ചവ്യാധികൊണ്ട് ഏഴ് ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരിക്കുന്നു. 47 ശതമാനം വീടുകളുടേയും പരിസരത്ത് കുടിവെള്ളമില്ല.

ഇതാണ് ഇന്ത്യയുടെ ഇന്നത്തെ യഥാര്‍ഥ അവസ്ഥ. സ്വാതന്ത്ര്യം നേടി 62 വര്‍ഷം പിന്നിട്ടിട്ടും ജനസംഖ്യയില്‍ നാലുശതമാനത്തിന് മാത്രം കുടിവെള്ളം നല്‍കാനേ ഇപ്പോഴും കഴിയുന്നുള്ളു എന്നുള്ളത് അക്ഷന്തവ്യമായ ക്രിമിനല്‍ കുറ്റമാണ്. പദ്ധതികളോ, ഫണ്ടോ ഇല്ലാത്തതല്ല ഇവിടുത്തെ പ്രശ്‌നം, സമ്പൂര്‍ണ ശൗച്യാലയ പ്രചരണം (ടി എം സി) എന്‍ ആര്‍ ഡി ഡബ്ല്യൂ പി, എ ഐ വൈ, അജിവിക, പി ഡബ്ല്യൂ എസ് എസ് ജലസുരക്ഷ, സ്വഛത ദൂത്, എം ജി എന്‍ ആര്‍ ഇ ജി എ യുടെ കീഴിലെ പദ്ധതികള്‍ തുടങ്ങി വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ക്കായി കോടികളാണ് വകമാറ്റുന്നത്. സമ്പൂര്‍ണ ശൗചാലയ പ്രചരണത്തിനായി 22022.61 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന പദ്ധതികളിലായി നീക്കിവെച്ചത്. ഇതില്‍ 5859.89 കോടി രൂപ ചിലവഴിച്ചതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2011-12 വര്‍ഷത്തില്‍ 776.18 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 293.48 കോടി രൂപയാണ് ചിലവാക്കിയതായി കണക്ക് ലഭിച്ചിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ അനുവദിക്കുന്ന തുക വേണ്ടപോലെ വിനിയോഗിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനമില്ലായ്മ ഇത്തരം പദ്ധതികളെ ലക്ഷ്യം കാണാതെ നോക്കുകുത്തികളാക്കിമാറുന്നു. ഭരണ പരാജയമാണിത് കാണിക്കുന്നത്. ഉദാരവല്‍ക്കരണ നയം മുറുകെ പിടിച്ച് കോര്‍പ്പറേറ്റ് മേഖലകള്‍ക്ക് വാരിക്കോരി ആനുകൂല്യം നല്‍കുന്ന സര്‍ക്കാരിന് പാവപ്പെട്ട ജനവിഭാഗങ്ങളെ ബാധിക്കുന്ന കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ വിഷയമല്ല എന്നതാണ് സത്യം.
ഓരോ പദ്ധതിക്കുമായി നീക്കിവെയ്ക്കുന്ന തുകകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതിന് ഒരു സ്വതന്ത്ര അന്വേഷണം നടത്താത്തത് ഇവയൊക്കെതന്നെ തിരിമറി നടത്തുന്നവര്‍ ഭരണക്കാരുടെ സ്വന്തക്കാരോ ഇഷ്ടക്കാരോ എന്നതുകൊണ്ടാണ്. ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ബ്യൂറോക്രസിക്ക് ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുംപോലെ പറ്റിയ കൂട്ടുകെട്ടാണ് ഭരണനേതൃത്വവുമായുള്ളത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട് കൊണ്ടുവന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അവസ്ഥ തന്നെ പരിശോധിക്കുക. പദ്ധതിവിഹിതം ഇക്കഴിഞ്ഞ ബജറ്റില്‍ വെട്ടിക്കുറച്ചു. പദ്ധതി നിര്‍വഹണത്തിലെ പാളിച്ചകള്‍ കണ്ടുപിടിക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയതോടെ കോടിക്കണക്കിന് രൂപയുടെ അട്ടിമറിയാണ് പുറത്തുവന്നത്. എന്നാല്‍ അതിനുത്തരവാദികളായവരെ ശിക്ഷിക്കാന്‍ ഭരണക്കാര്‍ക്ക് മനസ്സില്ല.

പരാജയപ്പെടുന്ന ഓരോ പദ്ധതിയും ജനങ്ങളെയാണ് പരാജയപ്പെടുത്തുന്നത്. നീക്കിവെയ്ക്കുന്ന തുകകള്‍ ലക്ഷ്യ സ്ഥാനം കാണുന്നുണ്ടോ എന്നൊരു പരിശോധന നടത്തുകയാണ് ഇവിടെ വേണ്ടത്. ഈ പഴുതുകള്‍ അടച്ചിട്ടുപോരെ ലോകബാങ്കില്‍ നിന്ന് കടമെടുക്കാന്‍. ഇനി അതിന്റെ പലിശയും പിഴപലിശയും ഇവിടുത്തെ പട്ടിണിപ്പാവങ്ങളില്‍ നിന്നു തന്നെയല്ലേ ഊറ്റി എടുക്കേണ്ടത്.

*
ജനയുഗം മുഖപ്രസംഗം 10 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജലസേചനം കുടിവെള്ള വിതരണം ശൗചാലയ നിര്‍മാണം എന്നിവയ്ക്കായി ലോക ബാങ്കില്‍ നിന്നും 7280 കോടി രൂപ സഹായധനം ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമീണ വകുപ്പ് മന്ത്രി ജയറാം രമേശ് ധനമന്ത്രിക്ക് കത്ത് നല്‍കി. നീരാഞ്ചല്‍ എന്ന പേരില്‍ 2500 കോടിരൂപയ്ക്ക് ഒരു വാട്ടര്‍ഷെഡ് പദ്ധതിയും 5000 കോടിരൂപയ്ക്ക് കുടിവെള്ളവും ശൗചാലയവും ഒരുക്കാനുള്ള പദ്ധതിയുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.