Wednesday, April 4, 2012

ലാറ്റിനമേരിക്ക നല്‍കുന്ന പാഠങ്ങള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ലാറ്റിനമേരിക്കന്‍ അനുഭവങ്ങള്‍ സവിശേഷ ഇടം നേടുന്നു. മുതലാളിത്ത പ്രതിസന്ധി പരിഹാരം കണ്ടെത്താനാകാതെ രൂക്ഷമായിരിക്കൊണ്ടിരിക്കുകയും ലോകമെങ്ങും സാധാരണക്കാര്‍ ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിന്റെ പുനര്‍വായനക്ക് പ്രസക്തിയേറിയിരിക്കുന്നു. അത്തരം മനങ്ങള്‍ തന്നെയാണ് മനുഷ്യവര്‍ഗത്തിന്റെ രക്ഷാമാര്‍ഗം ശാസ്ത്രീയ സോഷ്യലിസം തന്നെയെന്ന തിരിച്ചറിവിലേക്ക് സാമൂഹ്യശാസ്ത്ര കുതുകികളെയും ചിന്തകരെയും എത്തിച്ചിരിക്കുന്നത്.
മുതലാളിത്തത്തെ ഒരു ഭൂതം അക്രമിക്കുന്നുവെന്നും 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ് ആ പുതിയ ഭൂതമെന്നും വിഖ്യാത സാമൂഹ്യ ചിന്തകന്‍ മൈഖേല്‍ എ ലെബോവിറ്റസ്1 പറഞ്ഞത് വെറുതെയല്ല. 19-ാം നൂറ്റാണ്ടില്‍ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്യുകയും 20-ാം നൂറ്റാണ്ടില്‍ പ്രായോഗികതലത്തില്‍ അപാകതകളും പോരായ്മകളും ബോധ്യപ്പെടുകയും ചെയ്ത സോഷ്യലിസത്തിന്റെ, സത്ത നിലനിര്‍ത്തിക്കൊണ്ടുള്ള പുന:സൃഷ്ടിയായിരിക്കും 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമെന്ന് ആഗോള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചലനങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുന്ന മാര്‍ത്ത ഹാര്‍നെക്കര്‍2 വിശദീകരിക്കുന്നു. ഇവിടെയാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള പാഠങ്ങളുടെ പ്രസക്തി സമ്പൂര്‍ണ മനുഷ്യന്‍ കഴിവുകളും ശേഷികളും തനിക്കും സമൂഹത്തിനുമായി പൂര്‍ണമായി വികസിപ്പിച്ച് പരിലസിക്കുന്ന മനുഷ്യനെയാണ് ഭരണകൂടത്തിന്റെ കൊഴിഞ്ഞു വീഴലിനു ശേഷമുള്ള സമൂഹത്തില്‍ മാര്‍ക്സ് സ്വപ്നം കണ്ടത്. തികഞ്ഞ കാല്‍പ്പനികമെന്ന് വിശേഷിപ്പിക്കാവുന്ന ഉദാത്തമായ സങ്കല്‍പമാണ് മാര്‍ക്സിന്റെ ഈ "സമ്പന്ന മനുഷ്യന്‍". മനുഷ്യശേഷിയുടെ വികാസമാണ് യഥാര്‍ഥ സമ്പത്ത് എന്ന് പുഷ്കലമായ വ്യക്തിത്വത്തെക്കുറിച്ചുള്ള പരികല്‍പ്പനകളില്‍ മാര്‍ക്സ് വാചാലനാകുന്നു.3 കമ്യൂണിസ്റ്റ് ആചാര്യന്റെ ഈ ദര്‍ശനം അര്‍ഥശങ്കക്കിടയില്ലാത്തവിധം വെനിസ്വലയുടെ "ബൊളിവാറിയന്‍ ഭരണഘട" എടുത്തു പറയുന്നുണ്ട്. "സര്‍വതോമുഖമായ മനുഷ്യവികാസവും (ആര്‍ട്ടിക്കിള്‍ 299) സ്വന്തം കഴിവുകള്‍ സ്വതന്ത്രമായി വികസിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശവും (ആര്‍ട്ടിക്കിള്‍ 20), ജനാധിപത്യ സമൂഹത്തില്‍ സര്‍ഗശേഷി വളര്‍ത്തിയെടുക്കാനും വ്യക്തിത്വം പ്രകടിപ്പിക്കാനുമുള്ള അവകാശവും (ആര്‍ട്ടിക്കിള്‍ 102) മാര്‍ക്സ് സ്വപ്നം കണ്ട സമ്പൂര്‍ണ മനുഷ്യനിലേയ്ക്കുള്ള പ്രയാണങ്ങള്‍ തന്നെയാണ് ദ്യോതിപ്പിക്കുന്നത്. കഴിവുകളും പ്രാഗത്ഭ്യവും എങ്ങനെ പരിപോഷിപ്പിക്കാമെന്നാണ് വെനിസ്വലയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 62 വിവരിക്കുന്നത്. പദ്ധതികളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും പരിപാലനത്തിലുമുള്ള സക്രിയ ജനപങ്കാളിത്തം വ്യക്തിത്വത്തിലും സംഘടിത തലത്തിലും പദ്ധതികളുടെ പൂര്‍ണ വിജയത്തിന് അനിവാര്യമാണെന്ന് പ്രസ്തുത ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. മനുഷ്യ പരിണാമത്തിന് മാര്‍ക്സ് വിഭാവനം ചെയ്ത പ്രകിയയുടെ പ്രായോഗിക മുഖമാണിവിടെ അനാവൃതമാകുന്നത്-സാമൂഹ്യ പരിവര്‍ത്തനവും ആത്മപരിവര്‍ത്തനവും.

നായകര്‍ ജനങ്ങള്‍ വെനിസ്വല മാത്രമല്ല, ബഹുഭൂരിപക്ഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ പരിവര്‍ത്തനങ്ങളിലേക്കുള്ള പ്രയാണത്തില്‍ വ്യാപൃതരാണ് എന്നതാണ് 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ പ്രത്യാശാഭരിതമായ കണ്ടെത്തല്‍. ബെര്‍ലിന്‍ മതില്‍ തകരുകയും സോവിയറ്റ് മാതൃക അപ്രത്യക്ഷമാകുകയും ചെയ്ത 1989-ല്‍ തന്നെ, ലാറ്റിനമേരിക്ക പുതിയ നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ഞാണൊലി മുഴക്കിയെന്നത് ചരിത്രത്തിലെ മറ്റൊരു വിസ്മയം. ബെര്‍ലിന്‍ മതിലിനൊപ്പം 20-ാം നൂറ്റാണ്ടിലെ സോഷ്യലിസവും തകര്‍ന്നടിഞ്ഞു. ""കമ്യൂണിസത്തിന്റെ ശവപ്പറമ്പില്‍"" നവ ഉദാരവത്കരണത്തിന്റെ കുളമ്പടിയുമായി കുതിച്ചു വന്ന മുതലാളിത്തത്തിന് തുടക്കത്തില്‍ തന്നെ അടിയേറ്റത് വെനിസ്വലയിലെ കാരക്കാസ് പട്ടണത്തിലായിരുന്നു. മുതലാളിത്തം നവഉദാരവത്കരണ നയങ്ങള്‍ പരീക്ഷിച്ച ഭൂമിക കൂടിയായിരുന്നു ലാറ്റിനമേരിക്ക. ബസ് ചാര്‍ജ് ഇരട്ടിയാക്കി അന്താരാഷ്ട്ര നാണയനിധിയുടെയും ലോക ധനകാര്യ സ്ഥാപനങ്ങളുടെയും നല്ല കുട്ടിയാകാന്‍ ശ്രമിച്ചു വെനിസ്വലന്‍ പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡെസ് പെരസ്. പാശ്ചാത്യ പിന്തുണയോടെ തുടരുകയായിരുന്ന സ്വേച്ഛാധിപത്യ ഭരണത്തില്‍ ദുസ്സഹജീവിതം നയിച്ചിരുന്ന ഗ്രാമീണര്‍ ബസ്ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി കലാപം നടത്തി. കാരക്കാസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യത്തെ ഇതര പട്ടണങ്ങളിലേക്കും പടര്‍ന്നു. ""മലകളിറങ്ങി പാവങ്ങള്‍ വന്ന നാള്‍"". രാജ്യമെങ്ങും കൊള്ളയും കൊള്ളിവയ്പ്പുമായിരുന്നു. വീഥികളില്‍ ചോരപ്പുഴയൊഴുകി. 10,000 പേരെങ്കിലും കൊല്ലപ്പെട്ടു. പിന്നെ ഒരു ദശകം ജനകീയ കലാപങ്ങളുടേതായിരുന്നു. തുടര്‍ന്ന് 1998ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ്, നേരത്തേ സൈനികനായിരുന്ന ഹ്യൂഗോ റാഫേല്‍ ഷാവേസ് ഫ്രയാസ് വിജയം നേടി ക്യൂബക്കു ശേഷം ലാറ്റിനമേരിക്കയില്‍ പുത്തന്‍ ജനകീയ ഭരണത്തിന്റെ കൊടിയുയര്‍ത്തിയത്.

1982ല്‍ സൈനിക അട്ടിമറി ശ്രമത്തിന് തടവിലായി പുറത്തിറങ്ങിയപ്പോള്‍ തന്നെ ഷാവേസ്, തന്റെ സ്വപ്നത്തിലെ വെനിസ്വലയില്‍ ജനങ്ങള്‍ ""കേവലം പങ്കാളികളല്ല, അധികാരത്തിലെ നായകര്‍" തന്നെയായിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കാരക്കാസിലെ കലാപത്തിനു സമാന്തരമായി ലാറ്റിനമേരിക്കയിലെ ഇതര പ്രദേശങ്ങളിലും പോരാട്ടങ്ങളും മുന്നേറ്റങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി. കമ്യൂണിസത്തിന്റെ "അവസാന തുരുത്ത്" ആയി അനുകൂലികളും എതിരാളികളും മുദ്രചാര്‍ത്തിയ ക്യൂബ, സമഗ്ര പരിവര്‍ത്തനങ്ങള്‍ക്കു മുതിര്‍ന്നത്, സോവിയറ്റ് പതനത്തിനുശേഷമുള്ള ഇക്കാലത്താണ്. ഊര്‍ജസ്വലതയുടെ പുതിയ മുഖങ്ങള്‍ ക്യൂബയില്‍ തുറക്കപ്പെട്ടു. ഹരിതവത്കരണത്തിലൂടെ കാര്‍ഷിക മേഖലയില്‍ ക്യൂബ കുതിച്ചു ചാട്ടത്തിനു തുനിഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. ബൊളീവിയയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇവോ മൊറാലിസ് 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മുന്നണി പോരാളിയായി സ്വയം പ്രഖ്യാപിച്ചു. പ്രാദേശിക സമരങ്ങളിലൂടെയും ചെറുത്തു നില്‍പ്പുകളിലൂടെയും "മൂവ്മെന്റ് ടുവഡ്സ് സോഷ്യലിസം" എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുയര്‍ന്ന മൊറാലിസ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സോഷ്യലിസ്റ്റ് അജണ്ടയിലെ മുഖ്യയിനമാക്കി. ഇക്വഡോറില്‍ റാഫേല്‍ കൊറിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് സാഹോദര്യത്തെ ദൃഢപ്പെടുത്താന്‍ സഹായകമായി. അതിനിടെ റിക്കാര്‍ഡോ ലാഗോസ് ചിലിയിലും ലുല ഡസില്‍വ ബ്രസീലിലും നെസ്റ്റര്‍ കിര്‍ക്നര്‍ അര്‍ജന്റീനയിലും ടബാറെ വാര്‍ക്വിസ് ഉറുഗ്വെയിലും ഡാനിയല്‍ ഒര്‍ട്ടേഗ നിക്കാരാഗ്വയിലും അല്‍വാറോ കൊളോം ഗ്വാട്ടിമലയിലും ഫെര്‍ണാണ്ടോ ലുഗോ പരാഗ്വയിലും മൗറിക്കോ ഫ്യൂന്‍സ് എല്‍സാല്‍വഡോറിലും അധികാരത്തിലേറിയത് മുതലാളിത്ത ലോകത്തിന്റെ ഉറക്കം കെടുത്തി. സ്വതന്ത്രവിപണി എന്ന അമേരിക്കന്‍ തന്ത്രത്തിനു മറുപടിയായി ക്യൂബയും വെനിസ്വലയും 2004-ല്‍ രൂപീകരിച്ച "അല്‍ബ" (ബൊളിവാറിയന്‍ അലയന്‍സ് ഫോര്‍ ദ പീപ്പിള്‍ ഓഫ് ഔര്‍ അമേരിക്ക) കൈമാറ്റവും പങ്കുവയ്ക്കലുമെന്ന സോഷ്യലിസ്റ്റ് സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുകയും ചെയ്തു. ബൊളിവിയ, ഇക്വഡോര്‍, നിക്കാരാഗ്വ, പരാഗ്വ, കരീബിയയിലെ ചെറുരാജ്യങ്ങളായ ആന്റിഗ്വ, ബര്‍ബുഡ, ഡൊമിനിക്ക, സെന്റ് വിന്‍സെന്റ്, ഗ്രെനഡ എന്നിവയും അല്‍ബയിലെ അംഗങ്ങളാണ്. സ്പാനിഷ് ഭാഷയിലെ അല്‍ബക്ക് ഉദയം എന്നാണര്‍ഥം. ഹോണ്ടുറാസും കൊളംബിയയും മാത്രമാണ് ഇപ്പോള്‍ അമേരിക്കന്‍ ഭ്രമണപഥത്തിലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ഹോണ്ടുറാസ് സൈനിക അട്ടിമറിയിലൂടെ അമേരിക്ക വരുതിയിലാക്കുകയായിരുന്നു. മെക്സിക്കോയില്‍ കലാപം രൂക്ഷമായിരിക്കുന്നു. പ്രാദേശിക സംസ്കൃതി സോവിയറ്റ് മാതൃക യാന്ത്രികമായി പ്രാവര്‍ത്തികമാക്കിയതിലൂടെയും മാര്‍ക്സിസം വളരുന്ന ശാസ്ത്രമാണെന്ന വാസ്തവം ഉള്‍ക്കൊള്ളാതിരുന്നതിലൂടെയും സോഷ്യലിസ്റ്റ് ലോകത്ത് സംഭവിച്ച തെറ്റുകളും കോട്ടങ്ങളും പരിഹരിച്ചുകൊണ്ട് രൂപം നല്‍കിയ ലാറ്റിനമേരിക്കന്‍ സോഷ്യലിസം, പാഠങ്ങള്‍ പഠിക്കാന്‍ മനസ്സും താല്‍പ്പര്യവുമില്ലാത്ത ഇടതുപക്ഷക്കാര്‍ക്കും ദുരൂഹത സൃഷ്ടിക്കും.

വ്യത്യസ്ത വിപ്ലവ സാഹചര്യങ്ങളും ഭേദഗതിവരുത്തിയ പ്രത്യയ ശാസ്ത്രവും വ്യത്യസ്ത അടവുകളും തന്ത്രങ്ങളും പ്രത്യയശാസ്ത്ര "മൗലികവാദി"കള്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നവയായിരുന്നില്ല. ലാറ്റിനമേരിക്കയിലെ പുതിയ ഇടതുപക്ഷ - വിപ്ലവ ഭരണകൂടങ്ങളില്‍ ഒന്നുപോലും സായുധ വിപ്ലവത്തിലൂടെയല്ല അധികാരത്തിലേറിയത് എന്നതു തന്നെ പ്രഥമ സമസ്യ. ബാലറ്റ് പെട്ടിയിലൂടെയാണ് ഷാവേസ് ഉള്‍പ്പെടെയുള്ള വിപ്ലവകാരികള്‍ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ ഭരണവും സമ്പദ് വ്യവസ്ഥയും പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ലെന്ന് അവര്‍ സമ്മതിക്കുന്നു. അതിലേക്കുള്ള വിപ്ലവായുധം-പാര്‍ടി-പഴയ ചട്ടകൂടില്‍ ഒതുങ്ങുന്ന ഒന്നല്ല. മുകളില്‍ നിന്ന് അടിയിലേയ്ക്കുള്ള ബ്യൂറോക്രാറ്റിക് ആസൂത്രണ-നിര്‍വഹണ സമ്പ്രദായം ലാറ്റിനമേരിക്കന്‍ മോഡല്‍ ഉപേക്ഷിച്ചിരിക്കുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസത്തോടൊപ്പം തദ്ദേശീയവും പ്രാദേശികവുമായ വിപ്ലവ പാരമ്പര്യം ജനകീയ മുന്നേറ്റത്തിന് ആവേശം പകരുകയും ചെയ്യുന്നു. കോളനിവാഴ്ചക്കും ഫ്യൂഡല്‍ പാരമ്പര്യത്തിനുമെതിരെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ നടന്ന പോരാട്ടങ്ങളും നവോത്ഥാന ചിന്തകളും അവയ്ക്ക് നേതൃത്വം നല്‍കിയ വിപ്ലവകാരികളും ചിന്തകരും തൊഴിലാളി വര്‍ഗത്തിന്റെ ദീപ്ത പ്രചോദനങ്ങളാകുന്നു. ലാറ്റിനമേരിക്കന്‍ പോരാട്ടത്തെ ജ്വലിപ്പിച്ച സൈമണ്‍ ബൊളിവറും ബൊളിവറുടെ ഗുരുവും മാര്‍ഗദര്‍ശിയുമായ സൈമണ്‍ റൊഡ്രിഗസും 1850കളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ നയിച്ച എസെക്കിയേല്‍ സമോറയുമാണ് ബൊളിവാറിയന്‍ വിപ്ലവത്തിന്റെ ശുക്രനക്ഷത്രങ്ങളെന്ന് ഷാവേസ് പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍.

ചെഗുവേരയുടെ വിപ്ലവ കാമനകളും കൂട്ടിവായിക്കുക. റഷ്യയില്‍ വിപ്ലവജ്വാലകള്‍ കത്തിപ്പടരുന്നതു മനസ്സിലാക്കിയ കാള്‍ മാര്‍ക്സ് ആ രാജ്യത്തിന്റെ ചരിത്രവും സാംസ്കാരികവുമായ പശ്ചാത്തലവും അവിടത്തെ ജനകീയ മുന്നേറ്റങ്ങളുടെ ജയാപചയങ്ങളും പഠിക്കാന്‍ തയ്യാറായതും ഓര്‍ക്കേണ്ടിയിരിക്കുന്നു. മാര്‍ക്സിനുശേഷം നിലച്ച ഈ ചരിത്ര-സാംസ്ക്കാരിക ധാരാ പഠനത്തിനു ലാറ്റിനമേരിക്കന്‍ വിപ്ലവകാരികള്‍ പ്രാമുഖ്യം നല്‍കിയത് ഇന്ത്യയുള്‍പ്പെടെ ഇടതുപക്ഷത്തിന് ഇനിയും ശക്തമായ വേരോട്ടം ലഭിച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് മാര്‍ഗ ദര്‍ശകമാണ്. മാര്‍ക്സിസവും ദേശീയ പാരമ്പര്യവും തമ്മിലുള്ള സമഞ്ജസ സമ്മേളനം വിപ്ലവത്തിലേക്കുള്ള പാത സുഗമമാക്കുമെന്ന് തിയഡോര്‍ ഷാനിന്‍4 പറയുകയുണ്ടായി. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ വീഥി തെളിയിച്ചയാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇസ്ത്വാന്‍ മെസാറോസ് ചൂണ്ടിക്കാട്ടിയ സോഷ്യലിസത്തിന്റെ പ്രാഥമിക ത്രികോണം (ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യ ഉടമസ്ഥത, തൊഴിലാളികള്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഉല്‍പാദനം, സാമൂഹ്യാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഉല്‍പാദനം) അതുകൊണ്ടു തന്നെ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ അംഗീകരിച്ചിരിക്കുന്നു.

സോഷ്യലിസ്റ്റ് കമ്മിറ്റികള്‍ എന്ന കമ്യൂണിറ്റി കൗണ്‍സിലുകളിലൂടെയാണ് സാമൂഹ്യഘടന സര്‍ക്കാറുകള്‍ ശക്തിപ്പെടുത്തുന്നത്. ""എല്ലാ അധികാരവും കമ്യൂണിറ്റി കൗണ്‍സിലുകള്‍ക്ക്"" എന്ന് ഷാവേസ് പ്രഖ്യാപിക്കുന്നുണ്ട്. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി അവരെ ഭരണവ്യവസ്ഥയുടെ ആധാര ശിലകളാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഫലമായി വെനിസ്വലയില്‍ "സോഷ്യലിസ്റ്റ് കമ്യൂണുകള്‍" രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് മാര്‍ത്ത ഹാര്‍നെക്കര്‍ ചൂണ്ടിക്കാട്ടുന്നു. ബഹുസ്വരത മനുഷ്യകേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് തൊളിലാളികളെ മാത്രം ഉള്‍ക്കൊള്ളുന്ന സങ്കുചിതത്വമുണ്ടാകരുതെന്ന് ഷാവേസിന്റെ ഏറ്റവുമടുത്ത ഉപദേശ സംഘാംഗം കുടിയായ ഹാര്‍നെക്കര്‍ പറയുന്നു. ബഹുസ്വരതയായിരിക്കണം സോഷ്യലിസ്റ്റ് സമൂഹത്തിന്റെ മുഖമുദ്ര. തൊഴിലാളികള്‍ക്കൊപ്പം, സ്ത്രീകള്‍, ഗോത്രവര്‍ഗക്കാര്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, അംഗവൈകല്യമുള്ളവര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി എല്ലാവിഭാഗം ജനങ്ങളുടേയും ആരോഗ്യകരമായ കൂട്ടായ്മയായിരിക്കണം സമൂഹം. വിമോചന ദൈവശാസ്ത്രം, ദേശീയപ്രസ്ഥാനങ്ങള്‍, പ്രാദേശികതകള്‍, പരിസ്ഥിതിവിജ്ഞാനീയം തുടങ്ങി എല്ലാ ചിന്താധാരകള്‍ക്കും സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പു വരുത്തുന്ന, ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥക്കു പകരം ഭൗതികവും ആത്മീയവുമായ, ദാരിദ്ര്യത്തില്‍ നിന്നു വിമുക്തമായ മാനവികതയുടെയും സാഹോദര്യത്തിന്റെയും ശിലകളില്‍ നിലനില്‍ക്കുന്ന, അധ്വാനിക്കുന്നവരുടെ സമൂഹത്തിനായി പോരാടുന്നവരെയാണ് ഇടതുപക്ഷക്കാരായി ഹാര്‍നെക്കര്‍ കാണുന്നത്.

മുകളില്‍നിന്ന് കല്‍പ്പനകള്‍ താഴോട്ടിറക്കുന്ന ഭരണകൂടമായിരിക്കില്ല ഇടതുപക്ഷത്തിന്റേത്. ഭരണ നേതൃത്വത്തിന്റെ മുതലാളിത്ത മനോഭാവവും സമ്പത്തിന്റെ കൂട്ടിവയ്ക്കലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യവും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ചൂഷണവും ആ സമൂഹത്തില്‍ അന്യമായിരിക്കും. സോവിയറ്റ് സോഷ്യലിസത്തിന്റെ പതനത്തിന് മുമ്പുതന്നെ ബഹുസ്വരതയെ അംഗീകരിക്കാനും സോഷ്യലിസത്തെ ശരിയായ പാതയില്‍ ഉറപ്പിച്ചു നിര്‍ത്താനുമുള്ള ശ്രമങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതിക്കൊണ്ട് ബ്രസീലിലെ വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോ ഫ്രെയര്‍ തുടങ്ങിയ ഇടപെടലുകള്‍ ഉദാഹരണം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ സ്ത്രീപക്ഷവാദങ്ങള്‍ ഉയര്‍ന്നതും ഇക്കാലത്താണ്. നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സാന്‍ഡിനിസ്റ്റ ഭരണകൂടത്തില്‍ സജീവ ഇടതുപക്ഷവീക്ഷണമുള്ള ക്രൈസ്തവ പുരോഹിതര്‍ മന്ത്രിമാരായിരുന്നു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ഇതര വിഭാഗങ്ങളെക്കൂടി വിപ്ലവപാതയില്‍ അണിനിരത്തണമെന്ന് സാല്‍വഡോര്‍ ഗറില്ലാനേതാവ് ജോര്‍ജ് ഷാഫിക്ക് ആവശ്യപ്പെട്ടത് ബെര്‍ലിന്‍ മതില്‍ തകരുന്നതിന് ഒരു ദശകം മുമ്പാണ്. വിപ്ലവത്തിന്റെ അടിസ്ഥാന ചാലകശക്തി തദ്ദേശീയ ജനതയാണെന്നത് തിരിച്ചറിഞ്ഞ് അവരെ ആദ്യമായി രാഷ്ട്രീയ ധാരയിലേക്കു കൊണ്ടുവന്നത് ഗ്വാട്ടിമലയിലെ ഗറില്ലാ ആര്‍മിയാണ്. വംശീയവും സാംസ്കാരികവും ലിംഗപരവും ഭാഷാപരവുമായ വ്യത്യസ്തതകളെ സമഞ്ജസിപ്പിച്ച് വിപ്ലവത്തിന്റെ വിശാലാടിത്തറ സൃഷ്ടിക്കാനുള്ള ശ്രമം, പക്ഷേ, മുന്നോട്ടു കൊണ്ടു പോകുന്നതിനുമുമ്പ് യൂറോപ്പില്‍ സോഷ്യലിസ്റ്റ് സൂര്യന് ഗ്രഹണം സംഭവിക്കുകയാണുണ്ടായത്. ജനാധിപത്യത്തിന്റെ വികാസം ഉദയം പിന്നെ വന്‍കര മാറി ലാറ്റിനമേരിക്കയിലായെന്നു മാത്രം. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തെ സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്നു വേര്‍തിരിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ നേതൃത്വമായിരുന്നു ലാറ്റിനമേരിക്കയിലേത് എന്നതു തന്നെയാണ് പുതിയ പിറവിക്ക് കാരണമായത്.

സോഷ്യലിസത്തിനു കീഴില്‍ മാത്രമേ ജനാധിപത്യം പൂര്‍ണ വികാസം കൈവരിക്കുകയുള്ളൂവെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. 2004 ഡിസംബര്‍ അഞ്ചിന്, കാരക്കാസില്‍ മനുഷ്യവംശത്തിന്റെ സംരക്ഷണത്തിനായി ഒത്തുചേര്‍ന്ന ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ആഗോള സമ്മേളന സമാപനത്തില്‍ സദസിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ""സോഷ്യലിസ്റ്റ് ചരിത്രത്തെ അവലോകനം ചെയ്യേണ്ടതും സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തെ സംരക്ഷിക്കേണ്ടതും ആവശ്യമായിരിക്കുന്നു""വെന്ന് ഷാവേസ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുശേഷം ജനുവരി 30ന് ബ്രസീലിലെ പോര്‍ട്ടോ അലെഗ്രിയില്‍ മറ്റൊരു സമ്മേളനത്തിലാണ് മുതലാളിത്തത്തെ അതിജീവിക്കണമെന്നും അതിനായി സോഷ്യലിസം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തത്. സോഷ്യലിസം വീണ്ടും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഷാവേസ് പറഞ്ഞത്. ""സോവിയറ്റ് യൂണിയനില്‍ നമ്മള്‍ കണ്ട സോഷ്യലിസമല്ല അത്"" എന്നദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന നാലാമത് സോഷ്യല്‍ ഡെബ്റ്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ, സോഷ്യലിസമല്ലാതെ മറ്റൊരു ബദല്‍ മുതലാളിത്തത്തിന് ഇല്ലെന്ന് ഷാവേസ് പ്രസ്താവിച്ചു. ""എന്നാല്‍ നാം അറിയുന്ന സോഷ്യലിസമല്ല അത്. നമുക്കതിനെ- 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെ-കണ്ടെത്തേണ്ടിയിരിക്കുന്നു"" 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന സംജ്ഞ പൊതുജന മധ്യത്തില്‍ ആദ്യം പ്രയോഗിക്കപ്പെട്ടത് ആ പ്രസംഗത്തിലാണ്. 2000ല്‍ തന്നെ പ്രസിദ്ധ ചിലിയന്‍ സാമൂഹ്യചിന്തകന്‍ തോമസ് മൗലിന്‍ "21-ാം നൂറ്റാണ്ടിലെ സോഷ്യലിസം: അഞ്ചാം മാര്‍ഗം" എന്ന പേരില്‍ ഗ്രന്ഥം രചിച്ചിരുന്നുവെങ്കിലും. സ്നേഹം, സാഹോദര്യം, സമത്വം എന്നീ ശിലകളില്‍ പടുത്തുയര്‍ത്തിയ സോഷ്യലിസ്റ്റ് ധാര്‍മികതയെക്കുറിച്ചാണ് ഷാവേസ് പീന്നീട് ലഭിച്ച വേദികളിലെല്ലാം പ്രസംഗിച്ചത്. ""ഈ സോഷ്യലിസ്റ്റ് ദര്‍ശനങ്ങളും മൂല്യങ്ങളും ചിരന്തനമാണ്. വിശുദ്ധ ഗ്രന്ഥങ്ങളിലും സുവിശേഷങ്ങളിലും നമ്മുടെ പ്രാക്തന ജനതയുടെ രീതികളിലും ഇവയുണ്ട്"" അദ്ദേഹം പറഞ്ഞു. 20-ാം നൂറ്റാണ്ടില്‍ സംഭവിച്ച തെറ്റുകളിലേക്കു വഴുതിവീഴാന്‍ പുതിയ നൂറ്റാണ്ടിലെ സോഷ്യലിസത്തിന് അവസരം ഒരുക്കരുതെന്ന മുന്നറിയിപ്പും ഷാവേസ് നിരന്തരം നല്‍കുന്നുണ്ട്.

*
വി കെ ഷറഫുദ്ദീന്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപഭാവങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ലാറ്റിനമേരിക്കന്‍ അനുഭവങ്ങള്‍ സവിശേഷ ഇടം നേടുന്നു. മുതലാളിത്ത പ്രതിസന്ധി പരിഹാരം കണ്ടെത്താനാകാതെ രൂക്ഷമായിരിക്കൊണ്ടിരിക്കുകയും ലോകമെങ്ങും സാധാരണക്കാര്‍ ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മാര്‍ക്സിസത്തിന്റെ പുനര്‍വായനക്ക് പ്രസക്തിയേറിയിരിക്കുന്നു. അത്തരം മനങ്ങള്‍ തന്നെയാണ് മനുഷ്യവര്‍ഗത്തിന്റെ രക്ഷാമാര്‍ഗം ശാസ്ത്രീയ സോഷ്യലിസം തന്നെയെന്ന തിരിച്ചറിവിലേക്ക് സാമൂഹ്യശാസ്ത്ര കുതുകികളെയും ചിന്തകരെയും എത്തിച്ചിരിക്കുന്നത്.