വിദ്യാഭ്യാസവും വികസനവും തമ്മിലുളള പാരസ്പര്യം നന്നായി ബോധ്യപ്പെട്ട ജനസമൂഹമാണ് കേരളത്തിലുളളത്. വിദ്യാഭ്യാസ വ്യാപനരംഗത്ത് കേരളം നേടിയ നേട്ടങ്ങളുടെ പരിണിതഫലമായാണ് സാമൂഹ്യവികസനരംഗത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നും ഏറെ മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞത്. എന്നാല്‍ , സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുവാന്‍ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. വിദ്യാഭ്യാസവ്യാപനം സാധ്യമായെങ്കിലും ആനുപാതികമായ ഗുണമേന്മ നേടിയെടുക്കാനായിട്ടില്ല. വിദ്യാഭ്യാസ മികവ് ചെറുന്യൂനപക്ഷത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് സാമൂഹ്യനീതിയുടെ നിഷേധമാണ്. അതിനാല്‍ മികവിന്റെ ജനാധിപത്യവല്‍ക്കരണമാണ് ആവശ്യം. സാമൂഹ്യനീതിയിലധിഷ്ഠിതമായ പദ്ധതികള്‍ നടപ്പിലാക്കിയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തിയും പഠന ഗുണനിലവാരം മെച്ചപ്പെടുത്തിയും മാത്രമേ അത് സാധ്യമാകൂ. ഈ രംഗത്ത് ജനാധിപത്യമൂല്യങ്ങള്‍ നേടിയെടുക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതിന് കടകവിരുദ്ധമായ പരിപാടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സര്‍വകലാശാലകള്‍ പിടിച്ചെടുക്കുന്നു
കേരളത്തിലെ സര്‍വകലാശാലകളുടെ ഭരണം ഓരോന്നായി യുഡിഎഫ് സര്‍ക്കാര്‍ പിടിച്ചെടുത്തു കഴിഞ്ഞു. കേരള സര്‍വകലാശാലയില്‍ ഭൂരിപക്ഷമുണ്ടാക്കുവാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണുണ്ടായതെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ പിരിച്ചുവിടാന്‍ സര്‍വകലാശാല നിയമത്തിലെ നാളിതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത വകുപ്പ് ദുരുപയോഗംചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ഭരണം സ്തംഭപ്പിക്കുവാനുള്ള നടപടികളിലേക്ക് നീങ്ങി. ഗ്രേഡിങ് സംബന്ധിച്ച ദുഷ്പ്രചാരണങ്ങള്‍ക്ക് തങ്ങള്‍ക്ക് സ്വാധീനമുള്ള മാധ്യമങ്ങളിലൂടെ ശ്രമം നടത്തി. ഒടുവില്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് പിരിച്ചുവിട്ട് പുതിയ സിന്‍ഡിക്കറ്റിനെ നാമനിര്‍ദേശംചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മേലും ഈ ജനാധിപത്യ ധ്വംസനം നടന്നു. എന്തിനു വേണ്ടിയാണ് സര്‍ക്കാര്‍ നിലവിലുള്ള സിന്‍ഡിക്കറ്റുകളുടെ മേല്‍ ഈ കടന്നാക്രമണം നടത്തിയത് എന്ന ചോദ്യമുയരുന്നു. ഏതാനും രാഷ്ട്രീയ അനുചരന്മാരെ തിരുകിക്കയറ്റുക മാത്രമായിരുന്നില്ല യുഡിഎഫിന്റെ ലക്ഷ്യം. യുഡിഎഫ് അധികാരത്തിലേറിയയുടനെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എയ്ഡഡ് കോളേജുകളില്‍ അണ്‍എയ്ഡഡ് കോഴ്സുകള്‍ നിയന്ത്രണമില്ലാതെ അനുവദിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എയ്ഡഡ് കോളേജുകളില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുക്കുന്നു, എന്‍ജിനിയറിങ് കോളേജുകള്‍ക്കും ലോ കോളേജുകള്‍ക്കും പരിശോധന കൂടാതെ എന്‍ഒസി കൊടുക്കുവാന്‍ തയ്യാറാകുന്നു. ഓഫ് ക്യാമ്പസ് സെന്ററുകള്‍ ഇഷ്ടംപോലെ തുടങ്ങുവാന്‍ അനുമതി കൊടുക്കുന്നു. ഇത്തരം കച്ചവട നടപടികള്‍ക്കും സ്വജനപക്ഷപാതത്തിനും അഴിമതിയ്ക്കും കൂട്ടുനില്‍ക്കുന്നവരായ രാഷ്ട്രീയ ഭൃത്യന്മാരെ നിറച്ച് സര്‍വകലാശാലയുടെ സ്വാധീനം തങ്ങള്‍ക്കനുകൂലമാക്കുക എന്നതാണ് ഈ പിരിച്ചെടുക്കലിന്റെ ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍
യുഡിഎഫ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചിരിക്കുകയാണ്. പ്രശസ്ത നയതന്ത്രജ്ഞന്‍ ടി പി ശ്രീനിവാസനാണ് കൗണ്‍സിലിന്റെ പുതിയ വൈസ് ചെയര്‍മാന്‍ . ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ ടി പി ശ്രീനിവാസന്റെ സേവനങ്ങളെ വിലകുറച്ച് കാണുന്നില്ല. എന്നാല്‍ , ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപാധ്യക്ഷനായി നിയമിക്കപ്പെടുന്നയാള്‍ സര്‍വകലാശാലാതലത്തില്‍ പ്രവര്‍ത്തിച്ച് പ്രാവീണ്യമുള്ള വൈസ്ചാന്‍സിലര്‍ പദവിയിലുള്ളയാളായിരിക്കണമെന്ന വ്യവസ്ഥയെ യുഡിഎഫ് സര്‍ക്കാര്‍ തിരസ്കരിച്ചു. കൗണ്‍സില്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ കാര്യത്തിലാകട്ടെ, അവര്‍ ആരുംതന്നെ ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ ആണെന്ന് പറയാനാകില്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ വികാസത്തിനും ഉതകുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ക്ക് രൂപം നല്‍കുവാനും യോജ്യമായ തീരുമാനങ്ങളെടുക്കുന്നതില്‍ സര്‍ക്കാരിന് വേണ്ട ഉപദേശം നല്‍കുവാനും ഉത്തരവാദപ്പെട്ട സമിതി എന്ന നിലയിലാണ് മുന്‍ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് രൂപം നല്‍കിയത്. ഇതിന്എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയത് ശ്രദ്ധേയനായ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ വൈസ്ചാന്‍സിലിറുമായ ഡോ. കെ എന്‍ പണിക്കരെയാണ്. ദേശീയതലത്തില്‍ പ്രശംസ നേടിയ ഈ കൗണ്‍സില്‍ രാജ്യത്തിനാകെ മാതൃകയായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആഭ്യന്തരമായി ലഭ്യമായിട്ടുള്ള ഭൗതികസൗകര്യങ്ങളും മാനവശേഷിയും വൈദഗ്ധ്യവും പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടുതല്‍പേര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ആവശ്യം. മാറിയ കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായി സാമൂഹ്യനീതിയിലധിഷ്ഠിതവും ജനാധിപത്യമൂല്യങ്ങള്‍ പരിരക്ഷിക്കുന്നതുമായ ഏതൊരു വികസന ശ്രമത്തെയും സര്‍വാത്മനാ സ്വാഗതംചെയ്യുവാന്‍ തയ്യാറാണ്. എന്നാല്‍ , വരേണ്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും പൊതുവിദ്യാലയങ്ങളെ പ്രാന്തവല്‍ക്കരിക്കുന്നതും കച്ചവടശക്തികളുടെ താല്‍പ്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതുമായ ഏത് നടപടിയെയും പ്രതിരോധിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
12-ാം പദ്ധതിരേഖ
കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങളുടെ ചുവടു പിടിച്ചു കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഉന്നത വിദ്യാഭ്യാസമേഖലയെ വിദേശ-സ്വദേശ കമ്പോളശക്തികള്‍ക്ക് അടിയറ വയ്ക്കാനുള്ളശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണെന്നതിന് തെളിവാണ് 12-ാം പദ്ധതി സംബന്ധിച്ച കരട് രേഖ. തങ്ങളുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍ - ബോര്‍ഡ് ഭരണത്തിന് തുല്യമാക്കി മാറ്റി സര്‍വകലാശാല ഭരണസംവിധാനത്തെയാകെ രാഷ്ട്രീയവല്‍കരിക്കുന്നതിനുള്ള ശ്രമം ഈ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യപടിയാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ മേല്‍ അവശ്യം ഉണ്ടാകേണ്ട സാമൂഹ്യനിയന്ത്രണം ഇന്ന് ഒരു പരിധിവരെയെങ്കിലും സാധ്യമാകുന്നത് സര്‍വകലാശാലകളില്‍ കൂടിയാണ്. എന്നാല്‍ , സര്‍വകലാശാലകളെ അശക്തമാക്കുന്നതിനും സര്‍ക്കാര്‍ വകുപ്പിന് തുല്യമായി തരംതാഴ്ത്തുന്നതിനും ശ്രമിക്കുന്നതിലൂടെ നിലവിലുള്ള സാമൂഹ്യനിയന്ത്രണത്തിന്റെ ശക്തി കുറയ്ക്കുവാനും അതുവഴി അനിയന്ത്രിതമായ സ്വകാര്യ ഇടപെടലുകള്‍ക്ക് വഴി തുറക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉള്ള ഒരുപദ്ധതിയും സമീപനവും 12-ാം പദ്ധതിയുടെ കരട് രേഖയില്‍ വ്യക്തമാക്കുന്നില്ല. ഉന്നതവിദ്യാഭ്യാസമേഖലയിലെ ഫെഡറല്‍ സ്വഭാവം നഷ്ടപ്പെടുന്നതിനും വന്‍കിട വിദേശ- തദ്ദേശീയ വാണിജ്യശക്തികള്‍ക്ക് സ്വാധീനമുറപ്പിക്കുവാനുമാണ് ഈ നയങ്ങള്‍ പ്രയോജനപ്പെടുക. രാജ്യത്ത് നിലവിലുള്ള പൊതുവിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുവാനും പൊതുസ്ഥാപനങ്ങളില്‍പോലും സ്വകാര്യ ഇടപെടല്‍ ശക്തമാക്കുവാനുമാണ് ശ്രമം നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെ അത്യന്തം സൂക്ഷ്മതയോടെയുള്ള ഇടപെടല്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതിനായുള്ള ശ്രമം നടത്താന്‍ ഈ മേഖലയെ സ്നേഹിക്കുന്ന അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്ന ബൃഹത്തായ സാമൂഹ്യശൃംഖലയ്ക്ക് കഴിയേണ്ടതാണ്.
*
ഡോ. വി രാജേന്ദ്രന്‍നായര്‍ (എകെപിസിടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Subscribe to:
Post Comments (Atom)
1 comment:
വിദ്യാഭ്യാസവും വികസനവും തമ്മിലുളള പാരസ്പര്യം നന്നായി ബോധ്യപ്പെട്ട ജനസമൂഹമാണ് കേരളത്തിലുളളത്. വിദ്യാഭ്യാസ വ്യാപനരംഗത്ത് കേരളം നേടിയ നേട്ടങ്ങളുടെ പരിണിതഫലമായാണ് സാമൂഹ്യവികസനരംഗത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നും ഏറെ മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞത്. എന്നാല്‍ , സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുവാന്‍ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. വിദ്യാഭ്യാസവ്യാപനം സാധ്യമായെങ്കിലും ആനുപാതികമായ ഗുണമേന്മ നേടിയെടുക്കാനായിട്ടില്ല. വിദ്യാഭ്യാസ മികവ് ചെറുന്യൂനപക്ഷത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നത് സാമൂഹ്യനീതിയുടെ നിഷേധമാണ്. അതിനാല്‍ മികവിന്റെ ജനാധിപത്യവല്‍ക്കരണമാണ് ആവശ്യം. സാമൂഹ്യനീതിയിലധിഷ്ഠിതമായ പദ്ധതികള്‍ നടപ്പിലാക്കിയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തിയും പഠന ഗുണനിലവാരം മെച്ചപ്പെടുത്തിയും മാത്രമേ അത് സാധ്യമാകൂ. ഈ രംഗത്ത് ജനാധിപത്യമൂല്യങ്ങള്‍ നേടിയെടുക്കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതിന് കടകവിരുദ്ധമായ പരിപാടികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Post a Comment