Thursday, March 8, 2012

പോരാട്ടത്തിന്‍ പൊന്‍ശോഭയിലിന്നും അമരാവതി

"ഉരിയരിപോലും കിട്ടാനില്ല പൊന്നുകൊടുത്താലും, ഉദയാസ്തമയം പീടികമുന്നില്‍ നിന്ന് നരച്ചാലും, പട്ടിണിയേക്കാള്‍ വലുതല്ല പട്ടാളത്തിന്‍ വെടിയുണ്ട..."

ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും പകര്‍ച്ചവ്യാധിയും കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യാനന്തര കാലത്ത് നാടെങ്ങും ഉയര്‍ന്ന മുദ്രാവാക്യം. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനായി തിരുവിതാംകൂറിലെ പട്ടംതാണുപിള്ള സര്‍ക്കാര്‍ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നിയമപരമായി പ്രോത്സാഹിപ്പിച്ചു. ദുരിതയാതനകളില്‍ കഴിഞ്ഞിരുന്ന നാടിന്റെ നാനാമേഖലയിലുള്ളവര്‍ പട്ടിണിയില്ലാത്ത ജീവിതം സ്വപ്നംകണ്ട് മലനാട്ടിലെത്തി. പ്രതിസന്ധികളോടും പ്രതികൂല കാലാവസ്ഥയോടും യുദ്ധം ചെയ്ത കര്‍ഷകജനത പുതുമണ്ണില്‍ നൂറുമേനി വിളയിച്ചു തുടങ്ങി.

അപ്പോഴാണ് ഇടിത്തീപോലെ കുടിയിറക്ക് വന്നത്. 1961ല്‍ ഇടുക്കി പദ്ധതിയുടെ പേരില്‍ പട്ടംതാണുപിള്ള സര്‍ക്കാര്‍ അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ കൃഷി ഭൂമിയില്‍ നിന്നും 1700 കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കി. ഇതറിഞ്ഞയുടന്‍ പാവപ്പെട്ടവരുടെ പടത്തലവന്‍ എ കെ ജി ഓടിയെത്തി. ഇറക്കിവിട്ടവരെ മണ്ണിലുറപ്പിച്ചു നിര്‍ത്താന്‍ കടുത്തരോഗം വകവയ്ക്കാതെ അയ്യപ്പന്‍കോവില്‍ , അമരാവതി എന്നിവിടങ്ങളില്‍ നിരാഹാരം കിടന്നു. അതോടെ മലയോര മണ്ണില്‍ സംഘടിത പ്രസ്ഥാനം ശക്തിപ്പെട്ടു. കുടിയിറക്കപ്പെട്ടവര്‍ക്കെല്ലാം എ കെ ജി രക്ഷകനായി. വടക്കേ ഇന്ത്യയില്‍ വച്ചാണ് കുടിയിറക്ക് സംബന്ധിച്ച വിവരം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും കര്‍ഷക സംഘം പ്രസിഡന്റുമായ എകെജി അറിയുന്നത്. അപ്പോള്‍തന്നെ ഇടുക്കിയിലേക്ക്. ഇഎംഎസുമൊത്ത് അമരാവതിയിലെത്തിയ എ കെ ജി ഉടന്‍ നിരാഹാര സമരം തുടങ്ങി. സമരത്തില്‍ പങ്കാളിയായ പടിഞ്ഞാറേക്കരയില്‍ കുര്യാക്കോസ് ആ നാളുകള്‍ ഓര്‍ക്കുന്നു:
"തങ്ങള്‍ രാവിലെമുതല്‍ മഴനനഞ്ഞ് കാത്തിരിക്കുകയാണെന്നും ഇനിയും എത്രനേരംവരെയും നില്‍ക്കാന്‍ തയ്യാറാണെന്നും ജനക്കൂട്ടം നേതാക്കളെ കണ്ടയുടനെ വിളിച്ചുപറഞ്ഞു. രണ്ട് ഷെഡ്മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളു. അപ്പോള്‍തന്നെ എകെജി നിരാഹാരം ആരംഭിച്ചു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നാനാതുറകളിലുള്ളവര്‍ എത്തിക്കൊണ്ടിരുന്നു. പള്ളിയില്‍ പോകാന്‍ വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈബിളും കൊന്തയുമായി എ കെ ജിയുടെ സമീപംനിന്ന് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. എ കെ ജിയുടെ സഹനസമരം വളരെ തീക്ഷ്ണമായിരുന്നുവെന്നും ദൈവദൂതനപ്പോലെ എത്തിയില്ലായിരുന്നെങ്കില്‍ അവിടെ ശവപ്പറമ്പാവുമായിരുന്നു"- തേക്കടി ഓര്‍ത്തഡോക്സ് സഭാ പള്ളിയില്‍ 50 വര്‍ഷമായി ശുശ്രൂഷകനായി ജോലിചെയ്യുകയാണ് ഈ എഴുപത്താറുകാരന്‍ .

ആരോഗ്യം മോശമായതോടെ എകെജിയെ അറസ്റ്റുചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം സമരവും പ്രകടനങ്ങളും. സമരം കനത്താല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും ഭയന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒടുവില്‍ ഇടപെട്ടു. സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പട്ടംതാണുപിള്ളയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഇ എം എസുമായി ആഭ്യന്തര മന്ത്രി പി ടി ചാക്കോ നടത്തിയ ചര്‍ച്ചയിലാണ് മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് സമരം അവസാനിപ്പിച്ചത്. യാഥാര്‍ഥ്യങ്ങളും നിലപാടും ബോധ്യപ്പെട്ടപ്പോള്‍ വിമോചന സമരത്തിലൂടെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അട്ടിമറിച്ച ഫാ. വടക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ അമരാവതി സമരത്തിന് പിന്തുണയായി ഓടിയെത്തി. ഇതും പില്‍ക്കാല സമരചരിത്രത്തിലെ തിളങ്ങുന്ന ഏടായി.

*
കെ ടി രാജീവ് ദേശാഭിമാനി 08 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും പകര്‍ച്ചവ്യാധിയും കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യാനന്തര കാലത്ത് നാടെങ്ങും ഉയര്‍ന്ന മുദ്രാവാക്യം. ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനായി തിരുവിതാംകൂറിലെ പട്ടംതാണുപിള്ള സര്‍ക്കാര്‍ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നിയമപരമായി പ്രോത്സാഹിപ്പിച്ചു. ദുരിതയാതനകളില്‍ കഴിഞ്ഞിരുന്ന നാടിന്റെ നാനാമേഖലയിലുള്ളവര്‍ പട്ടിണിയില്ലാത്ത ജീവിതം സ്വപ്നംകണ്ട് മലനാട്ടിലെത്തി. പ്രതിസന്ധികളോടും പ്രതികൂല കാലാവസ്ഥയോടും യുദ്ധം ചെയ്ത കര്‍ഷകജനത പുതുമണ്ണില്‍ നൂറുമേനി വിളയിച്ചു തുടങ്ങി.