പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന പേക്കൂത്തുകള്‍ വാച്ചാത്തിഗ്രാമം ഒരിക്കലും മറക്കില്ല. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഈ ആദിവാസി ഗ്രാമത്തില്‍ നടമാടിയ ഭീകരതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗ്രാമവാസികള്‍ ഇപ്പോഴും നടുങ്ങും. എന്നാല്‍ ഇരകള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് സിപിഐ എം നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് വാച്ചാത്തിയുടെ മാനം കാത്തത്. ഈ ഗ്രാമത്തിനെന്നല്ല, തമിഴ്നാട്ടിലെ ആദിവാസികള്‍ക്കാകെ തന്റേടത്തോടെ നില്‍ക്കാന്‍ ഉശിരേകിയതും അവരിന്ന് നെഞ്ചോടു ചേര്‍ക്കുന്ന ചെങ്കൊടി. പുരുഷന്മാരെ മുഴുവന്‍ ആട്ടിപ്പായിച്ച് വാച്ചാത്തിയിലെ സ്ത്രീകളുടെ മാനം കവര്‍ന്ന, കുടിലുകള്‍ ചുട്ടെരിച്ച ഭീകരതക്കെതിരെ 19 വര്‍ഷമായി സിപിഐ എം നടത്തിയ ഇടപെടല്‍ പാഴായില്ല. നീതിലഭ്യമാക്കിയ പോരാട്ടത്തിന് സമാനതകളില്ല.
2011 സെപ്തംബര്‍ 29ന് വിചാരണക്കോടതി വിധി വന്നപ്പോള്‍ വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരായ എല്ലാ പ്രതികള്‍ക്കും ശിക്ഷ. വിചാരണക്കിടെ മരിച്ചവര്‍ക്കെതിരെയും കോടതി പരാമര്‍ശം. ഒന്നാം പ്രതി ഡിഎഫ്ഒ ഹരികൃഷ്ണന് ജീവപര്യന്തം തടവ്, പ്രതികളില്‍ 17 പേര്‍ സ്ത്രീകളെ അപമാനിച്ചവര്‍ . ഇതില്‍ 12 പേര്‍ക്ക് 10 വര്‍ഷം വീതം തടവ്. അഞ്ച് പേര്‍ക്ക് 7 വര്‍ഷം വീതം തടവും 2000 രൂപ വീതം പിഴയും ബാക്കിയുള്ളവര്‍ക്ക് 2 വര്‍ഷം വീതം തടവും 1000 രൂപ വീതം പിഴയും.
ചിത്തേരി മലയുടെ താഴ്വരയില്‍ മലൈയാളി വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ പാര്‍ക്കുന്ന വാച്ചാത്തിയിലേക്ക് ധര്‍മപുരിയിലെ ഹരൂരില്‍ നിന്നും 12 കിലോമീറ്റര്‍ . 1992 ജൂണ്‍ 20ന് വൈകിട്ടായിരുന്നു വാച്ചാത്തിയെ പിച്ചിച്ചീന്തിയെറിഞ്ഞത്. വനം-പൊലീസ്-റവന്യു വകുപ്പുകളിലെ 269 നരാധമന്‍മാര്‍ നിബിഡവനത്തിന്റെ നിശ്ശബ്ദത ഭഞ്ജിച്ച് ആയുധങ്ങളുമായി കോളനിയില്‍ . കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിച്ചു. 154 വീടുകളും ചുട്ടെരിച്ചു. 18 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. വൃദ്ധര്‍ക്കും ക്രൂരമര്‍ദനം. വളര്‍ത്തുമൃഗങ്ങളെ ചുട്ടുതിന്നു. നിരപരാധികളോടുള്ള പീഡനം രണ്ടുദിവസംകൂടി തുടര്‍ന്നു. കലിതീരാതെ 133 പേരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. രക്ഷപ്പെട്ടവര്‍ ദിവസങ്ങളോളം കാട്ടില്‍ . പിന്നീട് രഹസ്യമായി പുറത്തെത്തി സിപിഐ എം നേതാക്കളെ കണ്ടു. എം അണ്ണാമലൈ എംഎല്‍എ, ആദിവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ഷണ്‍മുഖം, എസ് ആര്‍ ഗണേശന്‍ , ബാഷാജാന്‍ , കൃഷ്ണമൂര്‍ത്തി, ചിത്തേരി പൊന്നുസ്വാമി, വിശ്വനാഥന്‍ എന്നിവര്‍ ഗ്രാമത്തിലെത്തി. മനുഷ്യാവകാശലംഘനം അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. സേലം സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ളവരോട് സംസാരിച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതക്ക് പരാതി നല്‍കി. കാട്ടുകള്ളന്‍ വീരപ്പനെ സഹായിക്കുന്നവരെയും ചന്ദനമരം കടത്തിയവരെയുമാണ് അറസ്റ്റ്ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായം.
അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയും എംപിയുമായിരുന്ന എ നല്ലശിവം വാച്ചാത്തി സന്ദര്‍ശിച്ചതോടെ സ്ഥിതി മാറി. രണ്ടു പതിറ്റാണ്ടോളം നീണ്ട സമരത്തിന് അതോടെ തുടക്കം. തെളിവു നിരത്തി നല്ലശിവം സര്‍ക്കാരിനെ വെല്ലുവിളിച്ചു. മദ്രാസ് ഹൈക്കോടതിയെയും അദ്ദേഹം സമീപിച്ചു. വനം മന്ത്രിയായിരുന്ന കെ എ ചെങ്കോട്ടയ്യന്‍ നിയമസഭയില്‍ പറഞ്ഞു: "നല്ലശിവം പറഞ്ഞത് ശരിയല്ല; വയസനായ നല്ലശിവന് മലകയറി വാച്ചാത്തിയില്‍ എത്താന്‍ കഴിയില്ല". പക്ഷേ നല്ലശിവംപാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചതോടെ സംഭവം ദേശീയശ്രദ്ധയില്‍ . തുടര്‍ന്ന് ജനാധിപത്യമഹിളാ അസോസിയേഷന്‍ , ഡിവൈഎഫ്ഐ നേതാക്കളും വാച്ചാത്തി സന്ദര്‍ശിച്ചു. ആദിവാസികള്‍ക്കായുള്ള നിയമയുദ്ധത്തില്‍ കക്ഷിചേര്‍ന്നു. തടവില്‍ നിന്ന് മോചിതരായവര്‍ക്ക് പാത്രങ്ങള്‍ , അരി, പരിപ്പ്, ഭക്ഷണസാധനങ്ങള്‍ , തുണികള്‍ എന്നിവയെല്ലാം സിഐടിയു നല്‍കി. കേസ് നടത്താനുള്ള പണം ഹോസൂരിലെ അശോക് ലൈലാന്‍ഡ് തൊഴിലാളികള്‍ നല്‍കി.
പിന്നീടങ്ങോട്ട് നിയമപോരാട്ടം. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പി ഷണ്‍മുഖം നിരാഹാര സമരം നടത്തി. ഒപ്പം പല തലങ്ങളിലുമുള്ള പ്രക്ഷോഭവും. സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനും ഇരകളെ പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. പ്രമാണിമാരായ പ്രതികള്‍ ജഡ്ജിമാരെപ്പോലും പരസ്യമായി ഭീഷണിപ്പെടുത്തി. തിരിച്ചറിയല്‍ പരേഡിനെത്തിയ ഇരകളെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. എന്നാല്‍ ഗ്രാമവാസികളുടെയും അവര്‍ക്ക് ധൈര്യംപകര്‍ന്ന സിപിഐ എമ്മിന്റെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ എല്ലാം നിഷ്ഫലം. കേസിനൊടുവില്‍ ഇരകള്‍ക്ക് മൂന്നുകോടിയുടെ നഷ്ടപരിഹാരവും ലഭിച്ചു. വാച്ചാത്തി ഉള്‍പ്പെട്ട ഹരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 1992മുതല്‍ സിപിഐ എം അനിഷേധ്യശക്തി. തമിഴ്നാട് ട്രൈബല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ദില്ലിബാബുവാണ് ഹരൂരിലെ എംഎല്‍എ.
*
ഇ എന്‍ അജയകുമാര്‍ ദേശാഭിമാനി 08 മാര്‍ച്ച് 2012
Subscribe to:
Post Comments (Atom)
1 comment:
പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന പേക്കൂത്തുകള്‍ വാച്ചാത്തിഗ്രാമം ഒരിക്കലും മറക്കില്ല. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഈ ആദിവാസി ഗ്രാമത്തില്‍ നടമാടിയ ഭീകരതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗ്രാമവാസികള്‍ ഇപ്പോഴും നടുങ്ങും. എന്നാല്‍ ഇരകള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് സിപിഐ എം നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് വാച്ചാത്തിയുടെ മാനം കാത്തത്. ഈ ഗ്രാമത്തിനെന്നല്ല, തമിഴ്നാട്ടിലെ ആദിവാസികള്‍ക്കാകെ തന്റേടത്തോടെ നില്‍ക്കാന്‍ ഉശിരേകിയതും അവരിന്ന് നെഞ്ചോടു ചേര്‍ക്കുന്ന ചെങ്കൊടി. പുരുഷന്മാരെ മുഴുവന്‍ ആട്ടിപ്പായിച്ച് വാച്ചാത്തിയിലെ സ്ത്രീകളുടെ മാനം കവര്‍ന്ന, കുടിലുകള്‍ ചുട്ടെരിച്ച ഭീകരതക്കെതിരെ 19 വര്‍ഷമായി സിപിഐ എം നടത്തിയ ഇടപെടല്‍ പാഴായില്ല. നീതിലഭ്യമാക്കിയ പോരാട്ടത്തിന് സമാനതകളില്ല.
Post a Comment