Thursday, March 8, 2012

അമിതമായ അമേരിക്കന്‍ പ്രേമം അന്ധമായ ചൈനാ വിരോധം

പ്രതിരോധ ബജറ്റില്‍ ചൈന വര്‍ധന വരുത്തിയത് ഏഷ്യാ പസഫിക് മേഖലയില്‍ അയല്‍രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയതായി ഒരു പ്രമുഖ വലതുപക്ഷ മാധ്യമം കണ്ടെത്തിയിരിക്കുന്നു. ചൈന സൈനികച്ചെലവ് കുത്തനെ കൂട്ടുന്നത് ഇന്ത്യക്ക് ആശങ്ക വളര്‍ത്തുന്നതാണെന്നാണ് മറ്റൊരു പത്രത്തിന്റെ വിലയിരുത്തല്‍ . ആശങ്കയുടെ അടിസ്ഥാനമെന്താണെന്ന് രണ്ടു പത്രവും പറയുന്നില്ല. ലോകത്തിനുമുന്നില്‍ നിസ്സംശയമായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. ചൈന ഇതേവരെ ഒരു രാജ്യത്തെയും ആക്രമിച്ച് കീഴടക്കിയിട്ടില്ല. അരനൂറ്റാണ്ടുമുമ്പ് ഇന്ത്യയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടായിരുന്നു. ചൈനയില്‍നിന്ന് തിബത്തിനെ വേര്‍പ്പെടുത്തണമെന്നു വാദിച്ചുപോന്ന ദലൈലാമയെ ഇന്ത്യ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതും നേരാണ്.

അക്കാലത്ത് ഇന്ത്യാ ചൈനാ അതിര്‍ത്തിത്തര്‍ക്കത്തില്‍നിന്ന് മുതലെടുക്കാന്‍ ചില മാര്‍ക്സിസ്റ്റ്വിരുദ്ധ ശക്തികള്‍ ശ്രമിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരുന്നു. വീണ്ടും 1964 അവസാനം സിപിഐ എം നേതാക്കളെ ചൈനാ ചാരന്മാരെന്നു മുദ്രകുത്തി ജയിലിലടച്ചു. നാം നമ്മുടേതെന്നും അവര്‍ അവരുടെതെന്നും അവകാശപ്പെടുന്ന മക്മോഹന്‍ രേഖയെച്ചൊല്ലിയുള്ള തര്‍ക്കം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇ എം എസ് നിര്‍ദേശിച്ചത്. ചൈന കൈവശപ്പെടുത്തി എന്നു പറയുന്ന ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലെ 12,000 ചതുരശ്ര മൈല്‍ സ്ഥലം യുദ്ധംചെയ്ത് ചൈനയില്‍നിന്ന് വീണ്ടെടുക്കണമെന്ന് വാദിച്ചവരും ഉണ്ട്. എന്നാല്‍ , ബിജെപി ഇന്ത്യയില്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭത്തില്‍പ്പോലും സമാധാനപരമായ കൂടിയാലോചനയിലൂടെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. യുപിഎ സര്‍ക്കാരും അതേ നിലപാട് തുടരുകയാണ്. അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനുള്ള കൂടിയാലോചനയും ചര്‍ച്ചയും വിവിധ തലങ്ങളില്‍ തുടര്‍ന്നുവരികയാണ്. കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ല. പിന്നെന്തിന് ചൈന സ്വന്തം രാജ്യരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍ ഇന്ത്യ ആശങ്കപ്പെടണം?

2010-11ല്‍ രാജ്യരക്ഷയ്ക്കായി ചൈന നീക്കിവച്ച തുക 10,640 കോടി ഡോളറാണ് (5,26,785 കോടി രൂപ). എന്നാല്‍ , അമേരിക്കയുടെ പ്രതിരോധ ബജറ്റ് 73,930 കോടി ഡോളറും. ചൈനയുടെ പ്രതിരോധച്ചെലവിന്റെ ഏഴിരട്ടിയാണ് അമേരിക്ക ചെലവഴിക്കുന്നത്. അമേരിക്കയ്ക്കെതിരെ ആരും യുദ്ധഭീഷണി മുഴക്കിയിട്ടില്ല. അമേരിക്കയാകട്ടെ ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും യുദ്ധംചെയ്ത് കീഴടക്കുകയാണുണ്ടായത്. ഏറ്റവും ഒടുവില്‍ നാറ്റോസേനയെ ഉപയോഗിച്ച് ലിബിയയുടെ പ്രസിഡന്റായിരുന്ന കേണല്‍ ഗദ്ദാഫിയെ വധിച്ചു. നാളിതുവരെ നടത്തിയ സൈനിക ആക്രമണങ്ങള്‍ പരിശോധിച്ചാല്‍ അമേരിക്ക ഒരക്രമി രാഷ്ട്രമാണെന്നു തിരിച്ചറിയാന്‍ കഴിയും. അമേരിക്കയുടെ പ്രതിരോധ ബജറ്റ് ഇത്ര വലിയ തുകയായിട്ടും ആര്‍ക്കെങ്കിലും ആശങ്കയുള്ളതായി വലതുപക്ഷ മാധ്യമങ്ങള്‍ കാണുന്നില്ല. ചൈനയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.33 ശതമാനമായിരുന്ന പ്രതിരോധ ബജറ്റ് 2011ല്‍ 1.28 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ , അമേരിക്കയും ബ്രിട്ടനും പ്രതിരോധ ബജറ്റില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടു ശതമാനം ചെലവഴിക്കുന്നു. ഏത് പരിശോധനാമാര്‍ഗം സ്വീകരിച്ചാലും അമേരിക്കയുടെ പ്രതിരോധ ബജറ്റ് വളരെ കൂടുതലാണെന്നു കാണാം. ആയുധനിര്‍മാണവും ആയുധം വിറ്റഴിക്കലുമാണ് അമേരിക്കയുടെ മുഖ്യ വ്യവസായമെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. എന്നിട്ടും അമേരിക്ക എത്ര വലിയ തുക പ്രതിരോധത്തിനായി ചെലവഴിച്ചാലും ഏതെങ്കിലും രാജ്യത്തിന് ആശങ്കയുള്ളതായി കാണാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. ഇവിടെയാണ് ഇത്തരം പത്രങ്ങളുടെ നിഷ്പക്ഷതയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത്.

ജൂലിയസ് സീസര്‍ എന്ന ഷേക്സ്പിയറുടെ നാടകത്തില്‍ ഒരു രംഗമുണ്ട്. സീസറെ വധിച്ചശേഷം മാര്‍ക് ആന്റണിയുടെ പ്രസംഗമാണ് രംഗം. മാര്‍ക്ക് ആന്റണി പറഞ്ഞു: എനിക്ക് സീസറിനോടുള്ള സ്നേഹക്കുറവുകൊണ്ടല്ല ഞാന്‍ സീസറെ വധിച്ചത്. ബ്രൂട്ടസിനെ കൂടുതല്‍ സ്നേഹിച്ചതുകൊണ്ടാണ്. അതുപോലെ ഇത്തരം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയും- ഞങ്ങള്‍ക്ക് ചൈനയോട് അല്‍പ്പംപോലും സ്നേഹക്കുറവില്ല. എന്നാല്‍ , അമേരിക്കയോട് സ്നേഹക്കൂടുതലുണ്ടെന്നുമാത്രം. അമേരിക്ക ചൈനയെ വളഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നു. ചൈനയ്ക്കെതിരെയുള്ള നീക്കത്തില്‍ ഇന്ത്യയെ ഉള്‍പ്പെടെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു. നാറ്റോ സേനയെയും അതിനായി ഉപയോഗപ്പെടുത്തുന്നു. സ്വയം പ്രതിരോധിക്കാനും ആക്രമണത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുമാണ് ചൈന പ്രതിരോധച്ചെലവ് വര്‍ധിപ്പിക്കുന്നതെന്ന് ഇതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിയെ എതിര്‍ക്കുന്നതിനു പകരം സമാധാനം കാംക്ഷിക്കുന്ന രാഷ്ട്രങ്ങളെച്ചൊല്ലി ആശങ്കപ്പെടുന്നത് അമിതമായ അമേരിക്കന്‍ സാമ്രാജ്യവിധേയത്വംകൊണ്ടുമാത്രമാണെന്നു തിരിച്ചറിയാന്‍ വായനക്കാര്‍ക്ക് കഴിയണം.

*
ദേശാഭിമാനി മുഖപ്രസംഗം 08 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പ്രതിരോധ ബജറ്റില്‍ ചൈന വര്‍ധന വരുത്തിയത് ഏഷ്യാ പസഫിക് മേഖലയില്‍ അയല്‍രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയതായി ഒരു പ്രമുഖ വലതുപക്ഷ മാധ്യമം കണ്ടെത്തിയിരിക്കുന്നു. ചൈന സൈനികച്ചെലവ് കുത്തനെ കൂട്ടുന്നത് ഇന്ത്യക്ക് ആശങ്ക വളര്‍ത്തുന്നതാണെന്നാണ് മറ്റൊരു പത്രത്തിന്റെ വിലയിരുത്തല്‍ . ആശങ്കയുടെ അടിസ്ഥാനമെന്താണെന്ന് രണ്ടു പത്രവും പറയുന്നില്ല. ലോകത്തിനുമുന്നില്‍ നിസ്സംശയമായ ചില യാഥാര്‍ഥ്യങ്ങളുണ്ട്. ചൈന ഇതേവരെ ഒരു രാജ്യത്തെയും ആക്രമിച്ച് കീഴടക്കിയിട്ടില്ല. അരനൂറ്റാണ്ടുമുമ്പ് ഇന്ത്യയുമായി അതിര്‍ത്തിത്തര്‍ക്കമുണ്ടായിരുന്നു. ചൈനയില്‍നിന്ന് തിബത്തിനെ വേര്‍പ്പെടുത്തണമെന്നു വാദിച്ചുപോന്ന ദലൈലാമയെ ഇന്ത്യ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതും നേരാണ്.